scorecardresearch
Latest News

വെല്യച്ചാച്ചൻ

“അന്ന്, തേങ്ങതിരിച്ചു തെങ്ങേക്കേറി.” ജസ്റ്റിൻ പി. ജയിംസ് എഴുതിയ കവിത

വെല്യച്ചാച്ചൻ
ചിത്രീകരണം : വിഷ്ണു റാം

1.

മരിച്ച് തലക്കുംമോളിലാണ്
വെല്യച്ചാച്ചൻ.

2.

ചാച്ചന്റെ
ചെമ്പില്
പതിര് പൊന്തുമ്പോ
വെല്യച്ചാച്ചൻ
താഴോട്ടിറങ്ങും.

പാതിരാക്ക്
പതിരെണ്ണി
പൂതത്തേക്കേറ്റും.

അരിമണിമണിപോലെ
കിലുങ്ങും
പതിര് പതിര്.

3.

പപ്പാതിക്കേറ്റ
പുല്ലുചെത്താൻ
ചാച്ചൻ
വെല്യവീട്ടീചെല്ലുമ്പോ
വെല്യച്ചാച്ചൻ
മോളീന്ന്
തെങ്ങേലോട്ടിറങ്ങും.

തേങ്ങ പറിച്ച്
പതിച്ചെറിയും
നമ്മടെ പങ്കിലേക്ക്.

ഒരുവട്ടം
ചാച്ചനെടുത്ത
പങ്ക്
വെല്യവീട്ടീക്കാരണോര്
വെച്ചുമാറിച്ചു.

അന്ന്,
തേങ്ങതിരിച്ചു
തെങ്ങേക്കേറി.

justin p james, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

4.

ചാച്ചനെ
വെല്യഇഷ്ടാണ്
വെല്യച്ചാച്ചന്.
അതോണ്ടെനിക്ക്
വെല്യഇഷ്ടാണ് വെല്യച്ചാച്ചനെ.

വെല്യവീട്ടീക്കാര്ടെ
കശുമാന്തോട്ടത്തില്
മാങ്ങപറിക്കാൻ
മാവേലൊളിച്ചുകേറിയാ
വെശപ്പ്
കെടുന്നേനൊപ്പം
ഞാൻ മാങ്ങപറിച്ച്
ആയത്തിൽ മോളിലോട്ടെറിയും.

ഒന്നുപോലും
കൈവിട്ട്
താഴെക്കളഞ്ഞിട്ടില്ല
ചാച്ചന്റേമെന്റേം
പൊന്നാര വെല്യച്ചാച്ചൻ.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Justin p james poem vellyachachan