ഓടിപ്പാഞ്ഞ്
ഓട്ടോകേറി
ട്രെയിൻകേറി
ബസുകേറി
വെളുപ്പിന്
നേർത്തയി-
രുളോളംവെട്ടുന്ന
കായൽക്കരയിൽ
അപ്പന്റെ വീട്ടിലെത്തി.
സന്തോഷമില്ല.
സങ്കടമെന്ന് മനസ്സിലായി.
കഴിഞ്ഞ രാത്രിയേക്കാൾ
മുടിഞ്ഞ
പകലുപൊട്ടി.
മിന്നല് പോലെ.
ആംബുലൻസിൽ
ബോഡി കൊണ്ടുവന്നു.
വല്യപപ്പ മരിച്ചു.
അപ്പനെ
ഞാനന്നാദ്യമായി
ഷേവ് ചെയ്യാതെ കണ്ടു.
അപ്പൻ വേറാരോ ആയപോലെ.
ഉച്ചകഴിഞ്ഞപ്പോ
ഞങ്ങള് പിള്ളാര്
പൂ പറിക്കാൻ പോയി.
എനിക്കു കിട്ടീത്
കൊറേ മൊസാണ്ടപ്പൂക്കളാണ്.
ഞാനതാദ്യം കാണുകയായിരുന്നു.
മൊസാണ്ട-
എന്നാരോ പറഞ്ഞകേട്ടാണ്
പേര് പിടികിട്ടിയത്.

ഞാനത് കൊണ്ടുവന്ന്
പെട്ടീടെ
സൈഡീക്കൂടൊക്കെ വെച്ചു.
വല്യപപ്പേടെ കാൽക്കലും വെച്ചു കൊറേ.
പെട്ടീമെടുത്ത്
ആരൊക്കെയോ
പള്ളീലോട്ട് നടന്നപ്പോ
പുറകേനടന്ന്
അപ്പന്റെ കയ്യും പിടിച്ച്
ഞാൻ കണ്ടത് മൊത്തം
മൊസാണ്ടപ്പൂക്കളായിരുന്നു.
മരിച്ചുകെടക്കണ
വല്യപപ്പേടെ മുഖം പോലെ,
അകലുന്തോറും
അടുത്തേക്കോടിച്ചെല്ലാൻ തോന്നും.
സെമിത്തേരീല്
വല്യപപ്പേനെ കുഴീലേക്കുവെച്ചപ്പോ
അപ്പനെന്റെ
തോളേപ്പിടിച്ചു കരഞ്ഞു.
എന്റെ തോളത്ത്
അപ്പന്റെ കയ്യേല്
ഞാനെന്റെ കൈവെച്ചു.
അപ്പൊ
വല്ലാണ്ട്
വലുതായ
ഒരാളുടെ
വിങ്ങലെനിക്ക്.
ഞാനപ്പനും
അപ്പൻ ഞാനുമായപോലെ.
എനിക്കും കരച്ചിലുവന്നു.
മൊസാണ്ടപ്പൂക്കൾക്കുമേൽ
മണ്ണ് വീണു.
പിന്നീട്
ഞാൻ നേരിട്ടു കണ്ടിട്ടേയില്ല
അന്നത്തെയതേ നിറത്തിൽ
മൊസാണ്ടപ്പൂവുകൾ.
ഒരിടയ്ക്കാ പേരുപോലും മറന്നിരുന്നു.
വർഷങ്ങൾക്കുശേഷം
പ്രേമത്തിന്റെ
പൂമ്പാറ്റയുമ്മകളിൽ
അവളാണെന്റെ കണ്ണുകളിൽ
മൊസാണ്ടപ്പൂവുകളെ കണ്ടെത്തിയത്.
ചോരവാർന്ന കണക്കെ
രണ്ടിതളുകൾ.

കണ്ണുകളിൽ മാത്രമല്ല
കിനാക്കളിലും
നിറയേ
അവയാണെന്ന്
കാടാണെന്ന്
ഞാനവളോട് പറഞ്ഞു.
എന്റെ
കണ്ണുകളിലേക്ക് മാത്രം നോക്കി
ഒരിക്കൽ
മൊസാണ്ടപ്പൂവുകളെ
അവൾ
ക്യാൻവാസിൽ പകർത്തി.
അന്നെന്നപോലെ
മഞ്ഞുവീണ നനവും
ചെറുവാട്ടവും ഉള്ളവ.
ഹൊ, അതെന്തൊരു ദിവസമായിരുന്നു!
എത്ര തിരഞ്ഞിട്ടാണ്
കവിതകളെഴുതുമായിരുന്ന
ഒരു ഡോക്ടറെ കണ്ടുകിട്ടിയത്.
ചെന്നുകണ്ടു.
മരണശേഷം
കണ്ണുകൾ ദാനം ചെയ്യാൻ
ഒപ്പിട്ടു.
ഒരൊറ്റ കണ്ടീഷൻ മാത്രം,
എത്ര ബുദ്ധിമുട്ടിയിട്ടായാലും
രണ്ട് മൊസാണ്ടപ്പൂവിതളുകൾ
സുരക്ഷിതമായി
അവളെയേൽപ്പിക്കണം.
അയാളത് സമ്മതിച്ചിട്ടുണ്ട്.
കണ്ടാൽ
കള്ളം പറയാനറിയുന്ന
മനുഷ്യനെന്ന് തോന്നില്ല.
അങ്ങനെ തന്നെയാണ്
അന്വേഷിച്ചപ്പോൾ അറിഞ്ഞതും.
മൺമൂടപ്പെട്ട
മഞ്ഞേറ്റ
മൊസാണ്ടപ്പൂക്കളോളം
അയാളെ
ഞാനിപ്പോൾ വിശ്വസിക്കുന്നു.
അളവിലതിലുമേറുമെന്റെ
പ്രേമത്തിനായി.
തിരികെ വീട്ടിലേക്കാണ്,
ബസിലാണ്.