/indian-express-malayalam/media/media_files/uploads/2017/10/jayakrishnan-huvan-rulfo-.jpg)
ഏറെ വർഷങ്ങൾക്കുശേഷം, ഫയറിങ് സ്ക്വാഡിനെ നേരിടുമ്പോൾ, മഞ്ഞുകട്ട കാണാൻ അച്ഛൻ തന്നെ കൂട്ടിക്കൊണ്ടുപോയ ആ വിദൂരമായ സായാഹ്നത്തെ കേണൽ ഒറീലിയാനോ ബുവേൻദിയ ഓർത്തു...
ലോകത്തിലെ ഏറ്റവും പ്രശസ്തമായ കഥപറയൽത്തുടക്കമാണിത്. ഏകാന്തതയുടെ നൂറു വർഷങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള പുസ്തകത്തെപ്പറ്റി മാർക്കേസ് എഴുതിയിട്ടുണ്ട് - മറ്റൊരു പകരം വെക്കാനില്ലാത്ത പുസ്തകം - പെദ്രോ പരാമോ. പക്ഷേ മേൽ കാണിച്ച കഥാരംഭം പെദ്രോ പരാമോയിലെ ഒരു വാചകത്തിന്‍റെ സ്വാധീനത്തിൽപ്പെട്ടെഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല:
വർഷങ്ങൾക്കുശേഷം ഫാദർ റെന്തെറീയ പരുക്കൻകിടക്ക തന്നെ ഉറങ്ങാനനുവദിക്കാതിരിക്കുകയും വീടിനു പുറത്തേക്കോടിക്കുകയും ചെയ്ത ആ രാത്രിയെ ഓർത്തു...
മാർക്കേസിന്റെ സായാഹ്നം പോലെ റൂൾഫോയുടെ ആ രാത്രിയും നോവലിനെ മൊത്തം സ്വാധീനിക്കുന്നതാണ്. അല്ലെങ്കിലും പെദ്രോ പരാമോ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആരെയാണ് സ്വാധീനിക്കാത്തത്? ജീവിക്കുന്ന നമ്മൾ മരിച്ചവർക്കിടയിൽ മരിച്ചുകൊണ്ടിരിക്കുന്നു: മരിച്ചവർ നമുക്കിടയിൽ ജീവിച്ചുകൊണ്ടുമിരിക്കുന്നു.
കുറച്ചു കാലം മുമ്പ് ഒരു കുടിയേറ്റ പ്രദേശത്ത് ജോലി ചെയ്യുമ്പോഴാണ് റൂൾഫോയുടെ ഒരു കഥാപാത്രത്തെ ഞാൻ കണ്ടുമുട്ടിയത്. വേരു നഷ്ടപ്പെട്ട് ഒറ്റപ്പെട്ടവരുടെ കൂട്ടങ്ങളായതിനാലാവാം അവർക്കിടയിൽ ഭ്രാന്തു പിടിപെട്ടവർ വളരെയുണ്ടായിരുന്നു. ആ സ്ത്രീയും അങ്ങനെ തന്നെ - ഏതെങ്കിലും പീടികക്കോലായയിലിരുന്ന് എപ്പോഴും 'കുഴിമാടം, കുഴിമാടം' എന്നു പിറുപിറുക്കുന്ന അവർ കുഴിമാടത്തിൽപ്രാന്തി എന്നറിയപ്പെട്ടു. പെദ്രോ പരാമോ പരിഭാഷ ചെയ്യുകയായിരുന്ന ഞാൻ അവരെ കാണുമ്പോഴൊക്കെ സുസാന സാൻഹുവാനെക്കുറിച്ചോർത്തു. സുന്ദരിയായ, മനോനില തെറ്റിയ, എല്ലാവരെയും വെറുക്കുകയും നശിപ്പിക്കുകയും ചെയ്ത പെദ്രോ പരാമോ ഭ്രാന്തമായി സ്നേഹിച്ച സുസാന സാൻഹുവാൻ. ശവമാടത്തിൽ നനവുതട്ടുമ്പോൾ മഴയെപ്പറ്റി, നിധി തേടി തലയോടും അസ്ഥികൂടവുമുള്ള കിണറ്റിലേക്ക് തന്നെ കയർകെട്ടി താഴ്ത്തിയ അച്ഛനെപ്പറ്റി, അമ്മയുടെ ഏകാന്തമായ മരണത്തെപ്പറ്റി സംസാരിക്കുന്ന സുസാന സാൻഹുവാൻ. പക്ഷേ അവളൊരിക്കലും ശവക്കുഴിയെപ്പറ്റി ഒന്നും പറഞ്ഞില്ല; കുഴിമാടത്തിൽ പ്രാന്തിയെ സുസാനയോട് താരതമ്യപ്പെടുത്താൻ എനിക്കന്ന് ധൈര്യം വന്നതുമില്ല.
വർഷങ്ങൾക്കുശേഷം ഇപ്പോൾ റൂൾഫോയുടെ ഒരിക്കലും ഇംഗ്ലീഷ് പരിഭാഷ വരില്ലെന്നു കരുതിയ പുസ്തകം - The Golden Cockerel and Other Writings -എന്‍റെ കൈയിലെത്തുന്നു . അതിലെ സുസാന ഫോസ്റ്റർ എന്ന കഥ ഞാൻ വായിക്കുന്നു. മരിച്ചതിനു ശേഷവും വേനൽമഴയിൽ മുളപൊട്ടുന്ന ഓർമ്മകളുമായി കല്ലറയിൽ കഴിയുന്ന ഒരു സ്ത്രീയുടെ കഥ:
അരുവിയിലെ ജലത്തിൽ തൊട്ടപ്പോൾ, ഒഴുക്കു വഹിച്ചുകൊണ്ടു പോകുന്ന കുമിളകളുണ്ടാക്കിക്കൊണ്ട്, മഴ ആർത്തുപെയ്തു... വെള്ളത്തുള്ളികൾ ചിന്നിയ ഓളങ്ങളിൽ ചില കുമിളകൾ ഉടഞ്ഞു: മറ്റു ചിലവ അപ്രത്യക്ഷമായി. പുല്ലുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ചീവീടുകളുടെ പാട്ടുപോലെ ശബ്ദമുണ്ടാക്കുന്ന പതയുമായി അരുവി നുരഞ്ഞുപൊന്തി.
തോരണങ്ങൾ നീരൊഴുക്കിൽ വീണതുപോലെ, പാതി തെളിഞ്ഞ വെള്ളത്തിൽ ചെളിയുടെ നാടകൾ ഉയർന്നു. ജമന്തിയുടെയും കുങ്കുമത്തിന്‍റെയും കാശിത്തുമ്പയുടെയും ഇലകൾ ചേർന്ന ചുവന്ന കുഴമണ്ണു കലങ്ങിയ ചെറുതോടുകൾ നദിയിൽ ചെന്നുചേർന്നു. അടിത്തട്ട് നിഴലുകൾക്കിടയിൽ മറയുന്നതുവരെ വെള്ളം ചുവപ്പും ചാരവും കറുപ്പും നിറങ്ങളായി ഇരുണ്ടിരുണ്ടുവന്നു.
ആ നിമിഷം സുസാന ഫോസ്റ്റർ അവളുടെ കണ്ണകളടച്ചു. ഭൂമിയിൽ വ്യാപിക്കുന്ന ഇളം ചൂടുള്ള വേനലിനടിയിൽ അവളുടെ ശരീരം ആഹ്ലാദമനുഭവിച്ചു. അഴുക്കു നീക്കുന്ന മഴക്കാറ്റ് അവളുടെ പേശികളിലും കൈകളിലും മാറിടത്തിലും വീശി. വെളിച്ചത്തിനു നേരെ അടഞ്ഞു പോയ അവളുടെ കണ്ണകൾ പുതിയകാലത്തെ അറിഞ്ഞുകൊണ്ട് പുഞ്ചിരിച്ചു - സുസാന ഫോസ്റ്ററുടെ കണ്ണുകൾക്കു മാത്രം കഴിയുന്നതുപോലെ.
ഇവിടം വരെ സുസാന ഫോസ്റ്റർ സുസാന സാൻ ഹുവാനെ ഓർമ്മിപ്പിക്കുന്നു. പക്ഷേ കഥയുടെ മൂന്നോ നാലോ വാചകങ്ങൾ മാത്രമുള്ള അവസാന ഭാഗത്ത് റൂൾഫോ അവിചാരിതമായത് നിങ്ങൾക്കായി കരുതി വെച്ചിരിക്കുന്നു.
"നീയപ്പോഴെങ്കിലും ഒരു പക്ഷിയുടെ കണ്ണുകൾ കണ്ടിട്ടുണ്ടോ?" ഡോക്ടർ ചോദിച്ചു.
"ഇല്ല. അങ്ങനെയുള്ള കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. നിങ്ങൾക്കറിയാമല്ലോ, സൂക്ഷ്മതയുള്ള ആളേയല്ല ഞാൻ. നിങ്ങളൊരു ശവക്കുഴിയെപ്പറ്റി ചോദിച്ചാൽ ഒരു മുഴുവൻ ശ്മശാനമായിരിക്കും ഞാൻ കാണുക."
മുഴുവൻ ശവപ്പറമ്പിനെയും കാണുന്ന ഒരുവൾ... ഹുവാൻ റൂൾഫോ മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഭ്രാന്തുള്ളവരെയും ഇല്ലാത്തവരെയും സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.