ഒരുപാടു വര്‍ഷം മുമ്പ്, മൊഹീന്ദര്‍ അമര്‍നാഥ് എന്ന കളിക്കാരനെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഒഴിവാക്കിയ സമയത്ത്, അക്കാലത്തെ പ്രശസ്ത വാരികയായിരുന്ന ഇലസ്‌ട്രേറ്റഡ് വീക്ക്‌ലി ഒരു കവര്‍ സ്റ്റോറി ചെയ്തു. പത്രാധിപരായിരുന്ന പ്രതീഷ് നന്ദിയായിരുന്നു ലേഖനം എഴുതിയത്. മുപ്പത്തഞ്ച് കഴിഞ്ഞ ഒരു മനുഷ്യന്‍ നിങ്ങളുടെ മുന്നിലിരുന്ന് കണ്ണീരോടുകൂടി സംസാരിക്കുമ്പോള്‍ എങ്ങനെയാണ് അയാളെ ആശ്വസിപ്പിക്കുക എന്ന് അദ്ദേഹം ആമുഖമായി ചോദിച്ചു. ആ ലേഖനത്തിന്‍റെ വെളിച്ചത്തിലാണോ എന്തോ, മൊഹീന്ദര്‍ തിരിച്ചു ടീമിലെത്തി. ഇക്കാലത്ത് ക്രിക്കറ്റില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. ‘മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു’ എന്ന എന്‍റെ കഥയിലെ ഒരന്ധന്‍ പറയുന്നത് പോലെ ഗാവസ്‌ക്കര്‍ പോയതോടെ ഞാന്‍ കളി കാര്യമായി ശ്രദ്ധിക്കാതായി.
വളരെക്കാലം കഴിഞ്ഞ്, വർഷങ്ങൾക്ക് മുമ്പ് സുഹൃത്തും വിവര്‍ത്തകനുമായ പി.എന്‍ വേണുഗോപാല്‍ ‘സമകാലിക മലയാളം’ വാരികയ്ക്ക് വേണ്ടി ജോസ് പുന്നാമ്പറമ്പില്‍ എന്ന പ്രവാസി എഴുത്തുകാരനെ ഇന്റര്‍വ്യു ചെയ്തപ്പോള്‍ ഞാനും കൂടെ പോയിരുന്നു. ചോദ്യങ്ങളുടെ ഒരു ഘട്ടത്തില്‍ വച്ച്, ഉത്തരം പറയാന്‍ ശ്രമിക്കുന്നതിനിടെ ജോസ് പെട്ടെന്ന് ഏതോ ആലോചനകളിലേയ്ക്ക് പോയി, ഒരു നിയന്ത്രണവുമില്ലാതെ കരയാന്‍ തുടങ്ങി. ഞാന്‍ മൊഹീന്ദറിനെ ഓര്‍ത്തു. അയാളേക്കാള്‍ ഇരട്ടിയിലേറെ പ്രായമുള്ള ഒരു മനുഷ്യനാണ് സങ്കടം കൊണ്ടു വീര്‍പ്പുമുട്ടി ഞങ്ങളുടെ മുന്നില്‍ ഇരിക്കുന്നത്.

എന്തുപറയണമെന്നറിയാതെ, ഒരുപാടുനേരം ഞങ്ങള്‍ നിശ്ശബ്ദരായി തുടർന്നു. ഒരു പത്തുവര്‍ഷമെങ്കിലും മുമ്പാണത്. അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ പോന്ന അടുപ്പമോ അനുഭവമോ എനിക്കുണ്ടായിരുന്നല്ല. ഇപ്പോള്‍ അടുപ്പമുണ്ട്; പക്ഷേ അനുഭവം, ഉറപ്പില്ല.
പിന്നീട്, അത്തരം കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ പോന്ന അടുപ്പമായപ്പോള്‍ എന്തായിരുന്നു ആ വ്യസനത്തിന്‍റെ കാരണം എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്. അതു വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ് എന്ന് ജോസേട്ടൻ പറഞ്ഞു. മനസ്സ് ഏതെല്ലാമോ ഓര്‍മ്മകള്‍ കൊണ്ട് പൊടുന്നനെ നിറഞ്ഞു കവിയും; അവ നിറഞ്ഞുതൂവുന്നതാണ് ഈ കരച്ചില്‍. അതു ദു:ഖം തന്നെയാവണമെന്നില്ല. എട്ടു ദശകങ്ങളിലധികം നീണ്ടു കിടക്കുന്ന ഓര്‍മ്മകളുണ്ട്. നിരവധി പ്രദേശങ്ങള്‍, രാജ്യങ്ങള്‍, ഭൂഖണ്ഡങ്ങള്‍, അനേകം മനുഷ്യര്‍, വിചാരങ്ങള്‍. ഓര്‍മ്മകളുടെ ഈ വീഞ്ഞുപാത്രം നിറഞ്ഞു തുളുമ്പിയില്ലെങ്കിലാണ് വിസ്മയം.
ജോസ് പുന്നാമ്പറമ്പിലിനെ മിക്കവാറും വായനക്കാര്‍ക്കു പരിചയമുണ്ടാവണമെന്നില്ല. അങ്ങനെയാണല്ലോ നമ്മുടെ സമ്പ്രദായം. അതിന് മുമ്പ് ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് പറയണം.
യൂറോപ്പില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യത്തെ മലയാള മാസികയുടെ പേര് ‘നാടന്‍ കത്ത് ‘ എന്നായിരുന്നു. 1968ല്‍ ജര്‍മ്മനിയിലെ കൊളോണില്‍ നിന്നുമാണ് അത് വരുന്നത്. അറുപതുകളില്‍ ജര്‍മ്മനിയില്‍ എത്തിച്ചേര്‍ന്ന മലയാളികളുടെ സ്വപ്‌നമായിരുന്നു ആ പത്രിക. വാര്‍ത്താവിനിമയ സാദ്ധ്യതകള്‍ കുറവായ ഒരു കാലത്ത് കേരളത്തിലെ കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍ നിന്നും തൊഴില്‍ തേടി വന്ന അനേകം യുവതീയുവാക്കളുടെ ഗൃഹാതുരത്വവും വേദനകളും സ്‌നേഹവും വിട്ടു പോന്ന നാടിനെയും ബന്ധുമിത്രാദികളെയും കുറിച്ചുള്ള ഓര്‍മ്മകളുമെല്ലാം ‘നാടന്‍ കത്തി’ലൂടെയാണ് പ്രകാശിപ്പിക്കപ്പെട്ടത്.
വിദൂരമായ ഒരു സ്ഥലത്തു ചെന്നു ചേരുമ്പോള്‍ മാത്രമേ സ്വന്തം ഭൂപ്രദേശത്തേയും ഭാഷയേയും ഒരു പക്ഷെ, ഭക്ഷണത്തെപ്പോലും മനുഷ്യര്‍ അത്ര തീവ്രമായി ഓര്‍ക്കുകയുള്ളൂ.
അതുകൊണ്ടാവണം നമ്മുടെ പ്രവാസികളില്‍ ഭൂരിപക്ഷവും മലയാള സാഹിത്യം വായിക്കാന്‍ ശ്രമിക്കുന്നത്, സാഹിത്യം എഴുതാന്‍ തുനിയുന്നത്. എക്കാലവും പരദേശത്തിന്‍റെ ഒരു ജീന്‍ രക്തത്തില്‍ സൂക്ഷിച്ചു പോന്ന മലയാളി അന്യദേശങ്ങളില്‍ ചെല്ലുമ്പോള്‍ എളുപ്പം കവികളായി മാറുന്നത് കണ്ടിട്ടുണ്ട്. കവിത അവരുടെ പിടിവള്ളി പോലുമാണ്.
എഴുത്തില്ലായിരുന്നുവെങ്കില്‍ ആള്‍ക്കൂട്ടത്തിന് നടുവിലെ അപാരമായ ഏകാന്തതയെ സഹിക്കാനാവാതെ ചിലരെങ്കിലും ആത്മഹത്യ ചെയ്യുമായിരുന്നു. പലര്‍ക്കും ഭ്രാന്തു പിടിക്കുമായിരുന്നു. ‘നാടന്‍ കത്ത് ‘ അത്തരം മനുഷ്യരെ ഏകോപിപ്പിച്ചു, സാന്ത്വനിപ്പിച്ചു. ഹ്രസ്വമായ അതിന്‍റെ ആയുസ്സില്‍ ഒരു പാടു മനുഷ്യര്‍ക്കു സ്‌നേഹം കൊടുക്കുകയും നാടുമായുള്ള ബന്ധം തുടര്‍ന്നു കൊണ്ടുപോകാന്‍ അവരെ സഹായിക്കുകയും ചെയ്തു.
‘നാടന്‍ കത്തി’ന്‍റെ പത്രാധിപരായിരുന്നു ജോസ് പുന്നാമ്പറമ്പില്‍. അതു കൊണ്ടു തന്നെ യൂറോപ്പില്‍ നിന്നും ഇറങ്ങുന്ന ആദ്യത്തെ മലയാള പ്രസിദ്ധീകരണത്തിന്‍റെ പത്രാധിപര്‍ എന്ന ബഹുമതി അദ്ദേഹത്തിനുള്ളതാണ്. അങ്ങനെ നോക്കുമ്പോള്‍, ഒരു കൂട്ടം മനുഷ്യര്‍ക്കു സ്വന്തം ഭാഷയും ആത്മവിശ്വാസവും നല്കിയ ഒരു പ്രസ്ഥാനത്തിന്‍റെ പേരാണ് ജോസ് പുന്നാമ്പറമ്പില്‍ എന്നും പറയാം.
പുന്നാമ്പറമ്പിലിന്‍റെ ജീവിതകഥ സംഭവബഹുലമാണ്. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള എടക്കുളം എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും 1966ല്‍ പഠനത്തിനും തൊഴിലിനുമായി ബോംബെയിലേക്കു പോയ ജോസ് ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി അവിടെ ഒരു കോളജില്‍ പഠിപ്പിക്കുന്നു. പിന്നെ തൊഴിലുപേക്ഷിച്ച് 1966 നവംബറില്‍ പത്രപ്രവര്‍ത്തനം പഠിക്കാനായി ജര്‍മ്മനിയിലെത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ ജര്‍മ്മനി ത്വരിതഗതിയിലുള്ള വികസനത്തിന് ശ്രമിക്കുകയായിരുന്നു അപ്പോള്‍. മനുഷ്യവിഭവത്തിന്‍റെ അഭാവമാണ് അക്കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളെ കാര്യമായി ബാധിച്ചിരുന്നത്. മൂന്നാം ലോക രാജ്യങ്ങളിലെ യുവാക്കള്‍ പതുക്കെപ്പതുക്കെ അവിടങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങി.

ലോകത്തില്‍ത്തന്നെ ആദ്യമെന്ന് പറയാവുന്ന സ്ത്രീകളുടെ വിപുലമായൊരു കുടിയേറ്റത്തിനും അക്കാലത്ത് ജര്‍മ്മനി സാക്ഷ്യം വഹിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ വരവായിരുന്നു അത്. ജര്‍മ്മനിയിലെ ആശുപത്രികളിലേക്ക് ജോലി ചെയ്യാനെത്തിയിരുന്ന ആയിരക്കണക്കിന് മലയാളിപ്പെൺകുട്ടികളുടെ അതിജീവനത്തിന്‍റെ ചരിത്രം സക്കറിയയുടെ തിരക്കഥയില്‍ ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ‘വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങള്‍’ Translated Lives എന്ന ഡോക്യുമെന്ററിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുന്നതും ജോസ് പുന്നാമ്പറമ്പിലിന്‍റെ സഹായത്തോട് കൂടെയാണ്. ആ സമയത്ത് യൂറോപ്പ് കാണുന്നതിനായി പോയിരുന്നതുകൊണ്ട് ചിത്രീകരണത്തിന്‍റെ ചില യാത്രകളില്‍ ഞാനും പങ്കാളിയായിരുന്നു.
കേരളത്തിലെ കുഗ്രാമങ്ങളില്‍ നിന്നും വരുന്ന പെൺകുട്ടികള്‍ എത്രയോ സാഹസികമായാണ് ജീവിതം കരുപ്പിടിപ്പിച്ചത്! യൂറോപ്പില്‍ മഞ്ഞുപൊഴിയുന്നതു കാണുമ്പോള്‍ അത് അപ്പൂപ്പന്‍ താടി പോലെന്തോ പറന്നു കളിക്കുന്നതാണെന്ന് വിചാരിക്കാന്‍ പോന്നത്രയും പരിമിതമായിരുന്നു അവരുടെ അറിവും അനുഭവവും.
മിക്കവരും കേരളത്തിലെ പട്ടണങ്ങള്‍ പോലും കണ്ടിട്ടുണ്ടായിരുന്നില്ല. പലരും ജര്‍മ്മനിയി ലെ വിദൂരനഗരങ്ങളില്‍ ഒറ്റയ്ക്ക് ജോലി ചെയ്തു. ഫോണൊന്നും ഇല്ലാത്ത കാലമാണ്. സ്വന്തം ഭാഷ ആരോടും സംസാരിക്കാനാവുകയില്ല. മറ്റുഭാഷകളൊന്നും അറിയുകയുമില്ല. ആലോചിച്ചാല്‍, മരണത്തേക്കാള്‍ കഠിനമാണ് ഏകാന്തതയുടെ മലകയറ്റം. നാടിനേയോ വീടിനേയോ കുറിച്ച് ഒരു വിവരവുമില്ല. ഒന്നോ രണ്ടോ മാസമെടുത്താവും നാട്ടില്‍ നിന്നും ഒരു കത്തു വരുന്നത്. ഒരു പെൺകുട്ടിക്ക് ഇടവകയിലെ വികാരി അയച്ച ഒരു കത്തിന്‍റെ മാതൃക ഡോക്യുമെന്ററിയില്‍ വിവരിക്കുന്നുണ്ട്. മൂന്നോ നാലോ പേജ് വരുന്ന കത്തില്‍ ജീവിതത്തെയും അതിന്‍റെ നിരര്‍ത്ഥകതയേയും കുറിച്ച് ഉപന്യസിച്ചിരിക്കുന്നു. അനിവാര്യമായ മരണത്തെക്കുറിച്ചു പറയുന്നതിനൊടുവില്‍ ഇങ്ങനെയുണ്ടാവും, അതുകൊണ്ട് കുഞ്ഞേ, നിന്‍റെ അമ്മച്ചി മരിച്ചുപോയി. എല്ലാ ചടങ്ങുകളും കഴിഞ്ഞു. ദുഃഖിക്കരുത്, മുന്നോട്ടു പോവുക. (അവര്‍ മുന്നോട്ട് പോവുക തന്നെ ചെയ്തു. വേറെ വഴിയില്ലായിരുന്നു. ജോലിയിലുള്ള സമര്‍പ്പണം കൊണ്ടാവണം, തവിട്ട് നിറമുള്ള മാലാഖമാര്‍ എന്ന് ജര്‍മ്മന്‍കാര്‍ അവരെ വിളിച്ചു.)
പത്രാധിപര്‍ എതിനപ്പുറവും ജോസ് പുന്നാമ്പറമ്പിലിന് നിരവധി മേല്‍വിലാസങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നും വരുന്ന എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ആദ്യം സമീപിക്കുന്നത് അദ്ദേഹത്തെയാണ്. ജര്‍മ്മനിയില്‍ ഇന്ത്യന്‍ സാഹിത്യത്തിന്‍റെ ഒരു ‘കോണ്ടാക്റ്റ് പോയിന്റ് ‘ ജോസാണെന്ന് പറയണം. നമ്മുടെ ഭാഷയില്‍ നിന്നും നിരവധി രചനകള്‍ അദ്ദേഹം ജര്‍മ്മന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നു. (അതിന്‍റെ പ്രയോജനത്തെക്കുറിച്ച് എനിക്ക് സംശയങ്ങളുണ്ട്. ജര്‍മ്മന്‍ ഭാഷയറിയുന്ന മലയാളികള്‍ വാങ്ങുമായിരിക്കും: വായിക്കുമോ എന്തോ?) 2006ലെ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയില്‍ ഇന്ത്യക്ക് അതിഥിസ്ഥാനം കൈവപ്പോള്‍ ഇന്ത്യന്‍ സാഹിത്യത്തിലെ കഥകളും കവിതകളും ചേര്‍ത്ത് ഇറക്കിയ രണ്ട് സമാഹാരങ്ങള്‍ക്കും പിന്നിൽ പ്രവര്‍ത്തിച്ചത് അദ്ദേഹമായിരുന്നു. ജര്‍മ്മനിയില്‍ മലയാളത്തെ, ഇന്ത്യയിലെ പ്രാദേശിക സാഹിത്യത്തെ പരിചയപ്പെടുത്തണം എന്ന തീവ്രമായ അഭിലാഷമാണ് അദ്ദേഹത്തിനുള്ളത്. നഗരകേന്ദ്രീകൃതമായ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യമല്ല, മറിച്ച് ഭാഷാസാഹിത്യമായിരിക്കും ഇന്ത്യന്‍ ജീവിതത്തെ യഥാര്‍ത്ഥത്തില്‍ രേഖപ്പെടുത്തുക എന്ന് ജോസ് മനസ്സിലാക്കിയിരിക്കുന്നു. ‘തര്‍ജ്ജമയ്ക്ക് ഒരു ഫൗണ്ടേഷന്‍ ‘ എന്ന ആശയം അദ്ദേഹം ഉയര്‍ത്തുന്നത് അതിന് വേണ്ടിയാണ്.
മലയാളത്തിന് ജര്‍മ്മന്‍ സര്‍വ്വകലാശാലയില്‍ ഒരു ചെയര്‍ വേണമെന്ന് വിചാരിച്ച് പ്രവര്‍ത്തിക്കുന്നതും അക്കാരണം കൊണ്ട് തന്നെ (അത് നിലവില്‍ വന്നു കഴിഞ്ഞു). 1998ല്‍ മലയാള സാഹിത്യത്തിലെ മുന്‍നിരക്കാരെക്കുറിച്ച് എഴുതാനായി നോബല്‍ കമ്മിറ്റി ജോസ് പുന്നാമ്പറമ്പിലിനെയാണ് സമീപിച്ചത്.

ജര്‍മ്മനിയെക്കുറിച്ച് ജോസ് നാട്ടിലും എഴുതി. മനോരമയില്‍, മാതൃഭുമിയില്‍, ഹിന്ദുവിലും സ്‌റ്റേറ്റ്‌സ്മാനിലും ഇന്ത്യാ ടുഡേയിലും, ടൈംസ് ഓഫ് ഇന്ത്യയിലും, ഇന്ത്യന്‍ എക്‌സ്പ്രസ്സിലുമെല്ലാം. അവിടെയൊന്നും പാശ്ചാത്യജീവിതത്തന്‍റെ മേന്മയെക്കുറിച്ചെഴുതി നാട്ടുകാര്‍ക്ക് മുന്നില്‍ ‘കാച്ചില്‍ കൃഷ്ണപ്പിള്ള’യാവുന്ന അല്പത്വം അദ്ദേഹത്തിനില്ലായിരുന്നു. പകരം പാശ്ചാത്യവികസനത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളാണ് അദ്ദേഹം എഴുതിയത്.
‘സമൃദ്ധിയുടെ ഉച്ചിയിലിരുന്ന് ഉപഭോഗജ്വരത്തിന്‍റെ ബന്ധനങ്ങളില്ലാത്ത, മനുഷ്യസ്‌നേഹത്തില്‍ നിന്നുറവ പൊട്ടിപ്പരക്കുന്ന ഊഷ്മളത നിറഞ്ഞ സ്വര്‍ഗമാണ് തന്‍റെ സ്വപ്‌നമെന്ന് ‘ജോസ് എഴുതുന്നുണ്ട്. ഇത് ബെര്‍ലിന്‍ മതിലിന്‍റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ കമ്പനികളുടെ അധിനിവേശത്തിനുമൊക്കെ എത്രയോ മുമ്പുതന്നെ ജോസിന്‍റെ സ്വപ്‌നമായിരുന്നു എന്നത് ഇന്നാലോചിക്കുമ്പോള്‍ അത്ഭുതമാണ്. പെട്രാ കെല്ലിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ ജോസ് ‘മരത്തെ ആലിംഗനം ചെയ്യുക’ എന്നൊരു പുസ്തകം തന്നെ രൂപകല്പന ചെയ്തു പ്രസിദ്ധീകരിച്ചു: രജനി കോത്താരിയേയും ക്ലോദ് ആല്‍വാരിസിനേയും സുന്ദര്‍ലാല്‍ ബഹുഗുണയേയും വന്ദനാ ശിവയേയും പോലുള്ള പരിസ്ഥിതി ബുദ്ധിജീവികളുടെ രചനകള്‍ അതില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.
ജര്‍മ്മനിയില്‍ ജോസ് പുന്നാമ്പറമ്പില്‍ വികസന സഹായരംഗത്തെ വിദഗ്ദരെ ഇംഗ്ലീഷ് ഭാഷ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിന്‍റെ മേധാവിയായിരുന്നു. പില്‍ക്കാലത്ത് സാഹിത്യ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ആ പദവിയില്‍ നിന്നും അദ്ദേഹം നേരത്തേ പിരിഞ്ഞത്. നമ്മുടെ വലിയ എഴുത്തുകാര്‍ക്കും വിദേശകാര്യ ഉദ്യോഗസ്ഥന്മാര്‍ക്കുമൊക്കെ അദ്ദേഹത്തെ അറിയാം. ഇങ്ങനെയൊക്കെയാണെങ്കിലും, നമ്മുടെ ഉദ്യോഗസ്ഥന്മാരോ എഴുത്തുകാരോ ആരെങ്കിലും അദ്ദേഹത്തെക്കുറിച്ചു പറയുന്നത് കേട്ടിട്ടില്ല. മികച്ച പ്രവാസി വ്യവസായികള്‍ക്കൊക്കെ കൊടുക്കുന്നതുപോലെ ഏതെങ്കിലും അംഗീകാരം നല്കി ആദരിക്കാന്‍ ആര്‍ക്കും തോന്നിയിട്ടേയില്ല. ഈ വ്യവസായികള്‍ ചെയ്യുന്നതു പോലെത്തന്നെയല്ലേ സാംസ്‌ക്കാരികപ്രവര്‍ത്തകരും ചെയ്യുന്നത്?
മലയാള ഭാഷയുടെ ഒരുറവ യൂറോപ്പില്‍, പ്രവാസികള്‍ക്കിടയിലെങ്കിലും വറ്റാതെ നിര്‍ത്താന്‍ സഹായിക്കുന്നത് ചെറിയ കാര്യമാണോ? ഇത്തരം അംഗീകാരങ്ങള്‍ ആഗ്രഹിക്കാവുന്ന പ്രായം അദ്ദേഹം പിന്നിട്ടിരിക്കുന്നു. അല്ലെങ്കിലും അതിനുവേണ്ടി അദ്ദേഹം ഒരിക്കലും ശ്രമിക്കുകയുമില്ല. ‘പ്രാഞ്ചിയേട്ട’ന്‍ മനോഭാവത്തിന്‍റെ ജീന്‍ ജോസ് പുന്നാമ്പറമ്പിലില്‍ ഇല്ല.

ആകസ്മികമായിട്ടാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഫ്രാങ്കഫര്‍ട്ട് ബുക് ഫെയറില്‍ 2006ല്‍ പ്രസിദ്ധീകരിച്ച മലയാളത്തില്‍ നിന്നുള്ള സമാഹാരത്തിന് ‘മൂന്ന് അന്ധന്മാര്‍’ എന്ന എന്‍റെ കഥയുടെ പേരായിരുന്നു ശീര്‍ഷകം. എന്‍റെ കഥയുടെ ഉയരക്കൂടുതല്‍ കൊണ്ടല്ല, ആനയും കേരളവുമായി ബന്ധിപ്പിക്കുന്നതിനെ സൂചിപ്പിക്കാനായിട്ടോ മറ്റോ ആണ് ആ പേര് കൊടുത്തത്. (അതത്ര ശരിയായിരുന്നില്ല എന്നാണ് എന്‍റെ വിശ്വാസം). എന്‍റെ കഥ കറന്റ് ബുക്‌സിലെ എഡിറ്റര്‍ കെ.ജെ. ജോണി നിര്‍ദ്ദേശിച്ചതായിരുന്നു. ഞാനക്കാര്യം അറിഞ്ഞിരുന്നില്ല. ഒരു ദിവസം ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയിലാണ് സംഭവം അറിയുന്നത്. സ്വാഭാവികമായും സന്തോഷം തോന്നി. പില്‍ക്കാലത്ത് നോബല്‍ സമ്മാനമൊക്കെ കിട്ടാനുള്ളതല്ലേ, ഒരു ജര്‍മ്മന്‍ പരിഭാഷയും കിടക്കട്ടെ എന്ന് വിചാരിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ ആ പുസ്തകവും മുന്‍കൂട്ടി അനുവാദം ചോദിക്കാതിരുന്നതിലുള്ള ക്ഷമാപണവുമൊക്കെയായി ജോസ് പുന്നാമ്പറമ്പിലിന്‍റെ കത്ത് എനിക്കു കിട്ടി. അടുത്ത തവണ വരുമ്പോള്‍ കാണണം എന്നും പറഞ്ഞിരുന്നു.
വിലാസം നോക്കുമ്പോള്‍ തൊട്ടയല്‍പ്പക്കത്താണ് അദ്ദേഹത്തിന്‍റെ തൃശ്ശൂരിലെ വീട്. പോയി പരിചയപ്പെട്ടു. എല്ലാ വര്‍ഷവും അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ പോകും, സംസാരിക്കും. പിന്നെപ്പിന്നെ അവിടെ നിത്യസന്ദര്‍ശകരിലൊരാളായി. അതൊരു ഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു. ഓര്‍ത്തുനോക്കുമ്പോള്‍ ജോസേട്ടാനാണ് പ്രായത്തില്‍ എന്‍റെ ഏറ്റവും മുതിര്‍ന്ന സ്‌നേഹിതന്‍. ജീവിതത്തെ അതിന്‍റെ എല്ലാ വൈരുദ്ധ്യങ്ങളോടും കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു വലിയ മനുഷ്യനാണ് അദ്ദേഹം എന്നെനിക്ക് തോന്നിയിട്ടുണ്ട്. ലോകത്തിലെ രാഷ്ട്രീയത്തെയും സംസ്‌ക്കാരത്തെയും കലയേയും മനുഷ്യത്വത്തോടെ മാത്രം കാണാന്‍ ശ്രമിക്കുന്ന, ഏറ്റവും പുതിയ ചില ഹ്യൂമനിസ്റ്റ് നിലപാടുകളുടെ പ്രതിനിധിയാണ് അദ്ദേഹം. ജര്‍മ്മനിയിലേക്ക് വന്ന ഒട്ടനേകം അഭയാര്‍ത്ഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് തന്‍റെ രണ്ടു മക്കളും എന്നതില്‍ അഭിമാനിക്കുന്നയാളാണ്.
പ്രവാസികളില്‍ പലരിലും കണ്ടുവരുന്ന വിവിധതരം മത-ദേശീയതാ മൗലികവാദങ്ങളും അദ്ദേഹത്തിന് അന്യമാണ്.

ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ പലരും ഇപ്പോള്‍ അവിടെ തങ്ങളുടേതായ ലോകങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു. അവരുടെ കുട്ടികള്‍ ജര്‍മ്മന്‍ സാഹചര്യങ്ങളില്‍ വളര്‍ന്നു. കാള്‍ മാര്‍ക്‌സിന്‍റെ ജന്മദേശമായ ട്രിയറിലേക്കു പോകുന്ന വഴി കോബ്ലൻസിൽ വച്ച് ജോസഫ് വിംഗ്‌ളര്‍ എന്ന ഗ്രീന്‍ പാര്‍ട്ടിക്കാരനായ പാര്‍ലമെന്റ് അംഗത്തെ കണ്ടു. (ഏറ്റവും അടുത്തു നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചില്ല.) അദ്ദേഹത്തിന്‍റെ അമ്മ മലയാളിയും അച്ഛന്‍ ജര്‍മ്മന്‍കാരനുമാണ്. വിംഗ്ലര്‍ക്കു മലയാളം അറിയില്ലെന്ന് തോന്നി. പലര്‍ക്കും മലയാളം കേട്ടാല്‍ മനസ്സിലാവും. ഇടയ്‌ക്കെല്ലാം അവര്‍ നാട്ടില്‍ വന്ന് പോകുന്നുണ്ട്. അവര്‍ ഇന്ത്യക്കാരാണോ? അഥവാ, പൂര്‍ണമായും ജര്‍മ്മന്‍കാരാണോ? ഈ അസ്തിത്വപ്രശ്‌നം എപ്പോഴും അവരെ കുഴയ്ക്കുന്നതായി തോന്നുന്നു. അവരുടെ കുട്ടികള്‍ക്ക് പക്ഷേ, ഇന്ത്യ ഭൂപടത്തിലെ അനേകം രാജ്യങ്ങളിലൊന്ന് മാത്രമായിരിക്കാം. കുടിയേറ്റക്കാരുടെ അനന്തര തലമുറയുടെ അസ്തിത്വപരമായ പ്രതിസന്ധികളെക്കുറിച്ച് ഇത്രയേറെ ആലോചിച്ചിട്ടുള്ള ഒരാളും ജോസ് പുന്നാമ്പറമ്പില്‍ തന്നെയായിരിക്കും. ഈ മലയാളി ഡയസ്‌പോറയെയാണ് ജോസ് പുന്നാമ്പറമ്പില്‍ തന്‍റെ എളിയ മാസികാ പരിശ്രമങ്ങള്‍ കൊണ്ട് അഭിമുഖീകരിക്കുന്നത്. ഒട്ടും പ്രയോജനപ്രദമല്ല ഈ കര്‍മ്മം, വ്യക്തിപരമായി നോക്കുമ്പോള്‍.
കൊളോണില്‍ നിന്നും അടുത്തുള്ള ഉങ്കല്‍ എന്ന ഗ്രാമത്തിലാണ് ജോസഫ് പുന്നാമ്പറമ്പില്‍ താമസിക്കുന്നത്. അത്രയും മനോഹരമായൊരു പ്രദേശമാണത്. അതീവശാന്തമായി ഒഴുകുന്ന റൈന്‍ നദി. അതിലൂടെ ഇടയ്ക്കിടെ കടന്നുപോവുന്ന കപ്പലുകള്‍. നദിക്കക്കരെ കാണാവുന്ന മാന്ത്രികരുടേതെന്ന് തോന്നിക്കുന്ന കൊട്ടാരങ്ങള്‍. അനേകം നിറങ്ങളില്‍ പൂത്തുനിൽക്കുന്ന മരങ്ങള്‍. ശീതകാലം വരുന്നതേയുള്ളൂ. ഉങ്കലിലെ ഗ്രാമവാസികളുമായി ജോസിന് ദശകങ്ങളായുള്ള സൗഹൃദമുണ്ട്. അവരില്‍ കുറേ പേരെങ്കിലും ഇന്ത്യയില്‍ അദ്ദേഹത്തിന്‍റെ മകളുടെ വിവാഹത്തിനു പങ്കുകൊള്ളാന്‍ വന്നിരുന്നു. ഒരിക്കല്‍ തീവണ്ടിയില്‍ വച്ച് കണ്ടപ്പോള്‍, അയല്‍പ്പക്കത്തെ, മാനസികമായി ഭിന്നശേഷിയുള്ള ഒരു യുവാവ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അദ്ദേഹത്തെ തിരിച്ചറിയുന്നത് ഞാന്‍ കണ്ടു: പുന്നാംപറമ്പില്‍, സുഖമല്ലേ എന്നാണ് അയാള്‍ ജര്‍മ്മന്‍ ഭാഷയില്‍ (അതോ അയാളുടെ ഭാഷയിലോ) ചോദിച്ചത് എന്ന് ഞാന്‍ ചോദിച്ചു മനസ്സിലാക്കി.

ഉങ്കല്‍ ഒരു സമ്പൂര്‍ണഗ്രാമമാണ്. സ്‌കൂളും കളിക്കളങ്ങളും പള്ളികളും അങ്ങാടിയും എല്ലാമുണ്ട്. പ്രാദേശികമായുണ്ടാക്കിയ സാധനങ്ങള്‍ കൊണ്ടുവന്ന് വച്ചു വില്‍ക്കുന്ന, പ്രാദേശിക കലാകാരന്മാര്‍ നിര്‍മ്മിച്ച വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന ചില സംവിധാനങ്ങളുണ്ട്. ആഗോളവല്‍ക്കരണത്തിനെതിരെ, വലിയ കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള ദുര്‍ബ്ബലമായ പ്രതിരോധം. നാട്ടുകാരായ എഴുത്തുകാരുടെ കൃതികള്‍ കൂട്ടമായിരുന്നു വായിക്കാവുന്ന ചെറിയ അകത്തളങ്ങള്‍, തനതുവീഞ്ഞു വിളമ്പു വില്പനശാലകള്‍. ലോകത്തിലെ ഏറ്റവും ചെറിയൊരു മധുശാല ഇവിടെയുണ്ടായിരുന്നുവത്രേ. എന്നാലും മിക്കവാറും വിജനമാണ് തെരുവുകള്‍. ഗൂഗിളില്ലാത്ത കാലമായിരുുവെങ്കില്‍ കഷ്ടപ്പെട്ടു പോകും: ഒന്ന് വഴി ചോദിക്കാന്‍ പോലും ആരും കാണില്ല. യൂറോപ്യന്‍ ഗ്രാമങ്ങളെ പിടികൂടിയിരിക്കുന്ന ഏകാന്തത ഇവിടെയുമുണ്ട്.
നദിയുടെ കരയിലൊരിടത്ത് ഒരു വലിയ നങ്കൂരം സ്മാരകം കണക്കു സൂക്ഷിച്ചിരിക്കുന്നു. ദീര്‍ഘകാലത്തെ അലച്ചിലിനിടയില്‍ ഭൂമിയിലെവിടെയോ എത്തിപ്പിടിച്ചു നിൽക്കാനുള്ള പരിശ്രമത്തിന്‍റെ വിദൂരമായ ഒരോര്‍മ്മ അതു നൽകുന്നു. ഒരു അഭയമുദ്ര പോലെ.
അഭയാര്‍ത്ഥികളുടെ വലിയൊരു പ്രവാഹം ജര്‍മ്മനിയിലേക്കു വരാനിരിക്കുന്നതേ ഉള്ളൂ, 2012 ലാണ് ഞാനവിടെ പോകുന്നത്. ഇപ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ടു വരുന്ന വിദൂരദേശക്കാരായ മനുഷ്യര്‍ ഈ ചിഹ്നത്തെ നോക്കി ഭൂതകാലത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടാവണം.
റൈന്‍ നദിയുടെ കരയില്‍ വലിയ പള്ളികളുണ്ട്. കാത്തലിക് പള്ളിയും പ്രൊട്ടസ്റ്റന്റും. പള്ളികളില്‍ ശ്മശാനങ്ങള്‍, ശ്മശാനങ്ങളില്‍ മരങ്ങള്‍, ചെടികള്‍, പൂവുകള്‍. ഒരു വീട്ടില്‍ത്തന്നെ രണ്ട് വിഭാഗക്കാരും കാണും. അതത്ര പ്രശ്‌നമല്ല. മതം തന്നെ ഒരു പ്രശ്‌നമായി വരുന്നില്ല. പള്ളികളില്‍ പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. പുരോഹിതന്മാരില്‍ വലിയൊരു പങ്കും മലയാളികളാണ്. ചില ദേവാലയങ്ങളില്‍ പുരോഹിതര്‍ തന്നെ ഇല്ല എന്നുമുണ്ട്. വില്ലി ബ്രാന്റ് എന്ന വിഖ്യാതനായ ജര്‍മ്മന്‍ ചാന്‍സലര്‍ തന്‍റെ അവസാനകാലം താമസിച്ച വീട് ഇവിടെയായിരുന്നു. കോളന്‍ ക്യാന്‍സറായിരുന്നു അദ്ദേഹത്തിന്. കാണാനായി ഗോര്‍ബച്ചേവ് അനുവാദം ചോദിച്ചുവെങ്കിലും കിട്ടിയില്ലത്രേ. രോഗം ഒരു സ്വകാര്യ അനുഭവമാണ് അവര്‍ക്ക്.
നദിക്കരയിലൂടെ പല പ്രഭാതങ്ങളിലും നടക്കാനിറങ്ങി. നല്ല തണുപ്പായിരുന്നിട്ടും ജോസേട്ടൻ പലപ്പോഴും കൂടെ വന്നു. പ്രഭാതത്തില്‍ മഞ്ഞുമൂടുമ്പോള്‍ നദി കാണാനാവില്ല. മഞ്ഞിനിടയിലൂടെ നീങ്ങുന്ന വെളിച്ചങ്ങള്‍ കപ്പലുകളുടേതാവാം. അന്യദേശത്തെ ജീവിതം ഇളകുന്ന കപ്പലിലെ യാത്ര പോലെയാണ്. അതെവിടെയും ഉറയ്ക്കുന്നില്ല. ജന്മദേശത്തേക്കുള്ള വരവ് പ്രവാസികളെ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ജര്‍മ്മനിയിലെ വാസം മതിയാക്കി ഇന്ത്യയിലേയ്ക്ക് തിരിച്ചുപോയതിനെക്കുറിച്ച് നടത്തത്തിനിടയ്ക്ക് അദ്ദേഹം പറഞ്ഞു. സ്വൽപ്പം കാല്പനികമാണെങ്കിലും ‘തെങ്ങും, പുഴയും, നീലാകാശത്തിന്‍റെ കീറും, പക്ഷികളും മൃഗങ്ങളും കൊയ്ത്തുപാടവുമെല്ലാം’ ഗൃഹാതുരത്വത്തോടെ വിളിച്ചു. പക്ഷേ, തിരിച്ചുവന്നത് അഹമ്മദാബാദിലേക്കാണ്, കേരളത്തിലേയ്ക്കല്ല. 1978ല്‍ ഒരു വര്‍ഷക്കാലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദിലെ പബ്ലിക്കേഷന്‍സ് കോര്‍ഡിനേറ്ററായി അദ്ദേഹം പ്രവര്‍ത്തിച്ചു. മനസ്സ് പതറുന്നു. പരദേശം പ്രലോഭിപ്പിക്കുന്നു. നങ്കൂരം ഇളക്കിയെടുക്കുകയായി. തിരിച്ചുപോവുന്നു; പഴയ ജോലിയില്‍ പ്രവേശിക്കുന്നു. ഏതാണ് നിങ്ങളുടെ ദേശം? കാള്‍ യാസ്‌പേഴ്‌സിനെ ഉദ്ധരിച്ചുകൊണ്ട് ജോസ് പുന്നാമ്പറമ്പില്‍ വിശദീകരിച്ചു: നിങ്ങള്‍ക്കു മനസ്സിലാവുന്ന, നിങ്ങളെ മനസ്സിലാക്കുന്ന ഒരു സ്ഥലമായിരിക്കണം അത്. ഇത്തരം മനസ്സിലാക്കലുകള്‍ പോലും പലപ്പോഴും വിചിത്രമാണ്. ഗണിതശാസ്ത്രജ്ഞയായ നളിനി ഭട്ടിനെപ്പറ്റി പറഞ്ഞുകൊണ്ട് ജോസേട്ടൻ തുടര്‍ന്നു. അവര്‍ മുപ്പത്തഞ്ച് വര്‍ഷമായി ജര്‍മ്മനിയിലാണ്. എവിടെ വച്ചാണ് തന്‍റെ അന്ത്യം സംഭവിക്കുക എന്ന് അവര്‍ക്കറിഞ്ഞുകൂടാ. ഒരു പക്ഷേ, ആര്‍ക്കും അതറിയില്ലല്ലോ. അതിലല്ല അവര്‍ക്ക് ആശങ്ക; പകരം താന്‍ മരിക്കുമ്പോള്‍ ഹിന്ദുമതവിശ്വാസപ്രകാരം ദഹിപ്പിക്കണം എന്ന് ഉറപ്പിക്കുന്നതിലാണ്.

നീണ്ട കാലത്തെ സാഹിത്യാനുഭവങ്ങള്‍ക്കിടയില്‍ തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് കാത്തിരിപ്പുകളാണെ് ജോസേട്ടന്‍ പറഞ്ഞപ്പോള്‍ ഞാനമ്പരന്നു. കാത്തിരിപ്പുകളോ?കാത്തിരിക്കുതിനേക്കാള്‍ വിരസമായ എന്തുണ്ട്?
കാത്തിരിപ്പുകളാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്. എന്നോ വരാനിരിക്കുന്ന ഒരു കത്ത്, ഒരു വാര്‍ത്ത, ആശംസ: ഇതെല്ലാമാണ് ജീവിതം. കേണലിന് ആരെങ്കിലും -ഒരാളെങ്കിലും- എഴുതുന്നുണ്ടാവും, അല്ലേ?
എഴുപതുകളില്‍ ഇന്ത്യാ ടുഡേ തുടങ്ങിയ കാലത്ത് ഒരു ലേഖനമയച്ചു കാത്തിരുന്നതിനെ അദ്ദേഹം ഉദാഹരണമായി പറഞ്ഞു. വീട്ടില്‍ ആരോടും പറയാതെയാണ് അയച്ചുകൊടുക്കുന്നത്. ഒരു ദിവസം ടെലഗ്രാം കിട്ടുന്നത്, പ്രസിദ്ധീകരണ സദ്ധത അറിയിച്ചുകൊണ്ട്. അപ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം കുറേക്കാലം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നു. മറ്റൊരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹ റാവു ജര്‍മ്മനി സന്ദര്‍ശിച്ചപ്പോള്‍ നമ്മുടെ പുസ്തകങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കേണ്ടുന്നതിനെക്കുറിച്ച് പുന്നാമ്പറമ്പില്‍ സംസാരിച്ചു. സര്‍ക്കാര്‍ സഹായിക്കണം. റാവു എഴുത്തുകാരനും കൂടിയാണല്ലോ. പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. (ഒന്നും സംസാരിക്കാതിരിക്കാനായിട്ടാണ് നരസിംഹറാവു ഇത്രയേറെ ഭാഷകള്‍ പഠിച്ചത് എന്ന് സംശയിക്കണം). ഒന്നും സംഭവിച്ചിട്ടില്ല. ആ കാത്തിരിപ്പ് ഇന്നും തുടരുന്നുണ്ട്.
ഒന്നോര്‍ത്താല്‍, കാത്തിരിപ്പുകള്‍ തന്നെയായിരുന്നു അദ്ദേഹത്തിനു ജീവിതം. വിദേശത്തു പോയി ജീവിതം കരുപ്പിടിപ്പിക്കണം എന്ന ആശയില്‍ പത്തുകൊല്ലമാണ് അദ്ദേഹം ബോംബെയില്‍ താമസിച്ചത്. തുടക്കത്തില്‍ അവിടെ ഒരു സര്‍ക്കാര്‍ വകുപ്പില്‍ ഗുമസ്തനായി ജോലി ചെയ്യുകയായിരുന്നു. കൂടുതല്‍ പഠിക്കണം, ബിരുദാനന്തരബിരുദം സമ്പാദിക്കണം എന്നുണ്ട്. ജോലി ഉപേക്ഷിക്കാന്‍ പോന്ന സാമ്പത്തിക പരിതസ്ഥിതിയല്ല. അപ്പോഴാണ് ബോംബെയില്‍ താമസിച്ചിരുന്ന, വലിയൊരു മരുന്നു കമ്പനിയുടെ ഉടമയായ ഒരു ഗ്രീക്ക് വ്യവസായി സമുദായോദ്ധാരണ പ്രവര്‍ത്തനത്തിനായി യുവാക്കളെ ക്ഷണിച്ചുകൊണ്ട് പരസ്യം ചെയ്യുന്നത്. റാപ്തക്കോസ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. താങ്കളുടെ പ്രവര്‍ത്തനത്തില്‍ എനിക്ക് താൽപര്യമുണ്ട് എന്ന് കാണിച്ചുകൊണ്ട് ജോസ് അയാള്‍ക്കു കത്തെഴുതി, കാണാനുള്ള ഒരവസരം സംഘടിപ്പിച്ചു. കോട്ടും ടൈയും ഉടുപ്പും വാങ്ങി, പരിഷ്‌ക്കാരിയായി അദ്ദേഹത്തെ ചെന്നു കണ്ടു. ഇതായിരുന്നു ഡീല്‍: തനിക്കു പഠിക്കാനുള്ള പണം ഗ്രീക്കുകാരന്‍ കടമായി തരണം. പഠിച്ച ശേഷം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടു കടം വീട്ടിക്കൊള്ളാം. വ്യവസായി അകത്തേക്കുപോയി. ആദ്യത്തെ കാത്തിരിപ്പ് ഇതിനുള്ള മറുപടിക്കായിരുന്നിരിക്കണം. തിരിച്ചു വന്ന് ഇരുപതു രൂപായുടെ ഒരു നോട്ട് നീട്ടിയ ശേഷം അദ്ദേഹം പറഞ്ഞു: താങ്കളുടെ പഠനത്തില്‍ സഹായിക്കാന്‍ സാധിക്കില്ല. അങ്ങനെ സഹായിക്കാനാണെങ്കില്‍ അനേകംപേര്‍ ചുറ്റുപാടുമുണ്ട്. പുന്നാമ്പറമ്പില്‍ ആ പണം വാങ്ങിയില്ല.
ജീവിതം എന്ന നീണ്ട കാത്തിരിപ്പിന് ഇപ്പോള്‍ എൺപത്തിരണ്ട് വയസ്സാവുന്നു. അതില്‍ അരനൂറ്റാണ്ടു കാലത്തെ പ്രവാസം: തിരിച്ചുവരും എന്നതും ഒരു കാത്തിരിപ്പായിരിക്കണം. അക്കാരണംകൊണ്ട് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും അദ്ദേഹം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടില്ല. നാട്ടിലുള്ള വീടിന് ‘ഉങ്കല്‍ ഭവന്‍’ എന്ന് പേരിട്ട് അവരോടുള്ള കടപ്പാട് നിലനിര്‍ത്തുക മാത്രം.
ഉങ്കലിലേത് അപ്രധാനമായ ഒരു റെയില്‍വേ സ്റ്റേഷനാണെന്ന് പറയാം. അപൂര്‍വ്വം ചില വണ്ടികളേ അവിടെ നിര്‍ത്തൂ. സ്റ്റേഷനില്‍ ഒരു ജീവനക്കാരന്‍ പോലുമില്ല. യന്ത്രത്തിന്‍റെ സഹായത്തോടു കൂടെ മാത്രമേ അവിടെ ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. തീവണ്ടികളില്‍ ഡ്രൈവറുമില്ല. ദൈവത്തെപ്പോലെ ആരോ മറ്റെവിടെ നിന്നോ അവയെ നിയന്ത്രിക്കുന്നുണ്ടാവണം. ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറില്‍ പോകുന്ന ദിവസം ഏറെ വെളുപ്പിനുള്ള വണ്ടിക്കു പോകാനായി ഞങ്ങള്‍ പുറപ്പെടുന്നു. നടക്കാനുള്ള ദൂരമേ സ്‌റ്റേഷനിലേക്ക് ഉള്ളൂവെങ്കിലും ജോസേട്ടന്‍റെ മകള്‍ നിശ കാറില്‍ കൊണ്ടുപോയാക്കി. അതൊരു ഞായറാഴ്ചയായിരുന്നു ഒഴിവു ദിനങ്ങള്‍ സ്‌റ്റേഷനിലെ വിജനതയുടെ ആഴം കൂട്ടുന്നു. പ്ലാറ്റ്‌ഫോമില്‍, മഞ്ഞിലൂടെ ഞങ്ങള്‍ നടന്നു. ഒന്നും കാണുന്നില്ല. സ്‌റ്റേഷനോ പരിസരങ്ങളോ അയല്‍ക്കെട്ടിടങ്ങളോ ഒന്നും. ഏറ്റവും പുറകിലായിരുന്നു ജോസേട്ടന്‍. ‘എന്താ പപ്പാ, വയ്യേ?’ പ്രത്യേകതയുള്ള മലയാളത്തില്‍ നിശ വിളിച്ചുചോദിച്ചു.
പ്രായമാവുകയല്ലേ! പ്രായമാവുന്നതിന്‍റെ എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കുന്നതുപോലെ, ഉറക്കെച്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഞാന്‍ തിരിഞ്ഞു നോക്കി. ഇപ്പോള്‍ മഞ്ഞിലൂടെ കാണുന്ന ഒരാകൃതി മാത്രമാണ് അദ്ദേഹം.
മുമ്പ്, ഏറ്റവുമാദ്യം ജര്‍മ്മനിയില്‍ വന്നപ്പോള്‍, റൈന്‍ നദിക്കരയിലുള്ള ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ഭാഷയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച ജര്‍മ്മന്‍ അദ്ധ്യാപിക ചൊല്ലാറുള്ള നാലുവരി അദ്ദേഹം ഓര്‍മ്മിച്ചു.
Be happy,
Do good things.
And let the sparrows
Sing their songs.
എനിക്കിപ്പോള്‍, അല്പം തെറ്റിച്ചാണെങ്കിലും അതിങ്ങനെ വിവര്‍ത്തനം ചെയ്യാനാണ് കൗതുകം:
നന്നായിരിക്കൂ,
നന്മകള്‍ ചെയ്യൂ.
കുരുവികളെ അവയുടെ
‘പാട്ടിന്’ വിട്ടേയ്ക്കൂ !
ജോസ് പുന്നാമ്പറമ്പിലിന് സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുളള പുരസ്ക്കാരം പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പ് എഴുതിയത്