കാൽപാദങ്ങൾ ഉരഞ്ഞു തേഞ്ഞ കല്പടവ്
കുളിയോർമകൾ വളർന്നു തൂർന്ന കടവോരങ്ങൾ
താളിയും സോപ്പും പെണ്മനസും കലർന്ന
പിടിതരാത്ത പരിമളങ്ങൾ

ഒച്ചകൾ അച്ചടിച്ചെടുക്കുന്ന വലിയ കല്ല്
കുളിക്കടമ്പ കടക്കും മുമ്പേ ആണാളുകൾ
പുകവലിച്ചിരിക്കുന്ന പാറപ്പരപ്പ്

അലക്കൊച്ചകൾ പടുത്തുയർത്തിയ പകൽ നേരങ്ങളിൽ
പെണ്ണാളുകൾ തൊടുത്തയക്കുന്ന ശബ്ദസന്ദേശങ്ങൾ
ഒരുവൾ വീട്ടിലേക്കു വിടുന്ന ചിറകടിയൊച്ചകൾ
കുട്ടികളെ കണ്ട് കഞ്ഞിയുടെ തിളയ‌റിഞ്ഞ്
വീട്ടുകാരനെ പാളിനോക്കി തിരികെയെത്തുന്നു
വട്ടമിട്ടു ചൂഴുന്ന ചൂളം വിളികൾക്കു
മറുകുറി നൽകുന്ന മറ്റൊരുവൾ
സ്വന്തം ദുരിതങ്ങൾക്കുമേൽ അടിച്ചടിച്ചുറയുന്നു
ഇനിയൊരു പെണ്ണാൾjohny j planthottam ,poem, iemalayalam

ബീഡിക്കുറ്റിയെറിഞ്ഞു, തോടിൻറെ വിളിക്കു വഴങ്ങി
വസ്ത്രം മാറ്റി നനച്ചിറങ്ങുന്നൊരുവൻ;
ജലത്താൽ മനസാന്തരപ്പെട്ടു
ഓടിത്തിളച്ച മനസിലെ ചൂടാറ്റി
കാഠിന്യങ്ങൾ ഉരിഞ്ഞുകളഞ്ഞു്
ഗർഭപാത്രത്തിലേക്കെന്നപോലെ
ജലഭക്തിയോടെ മുങ്ങിത്താഴുന്നു

തോട് ഒരു കടൽത്തുണ്ടാകുന്നു
പരിണാമ യുഗങ്ങൾ പുറകോട്ടു നീന്തുന്നു
ജീവൻ സൂക്ഷ്മരൂപം പ്രാപിക്കുന്നു
ആദിമ ജലതൃഷ്ണകൾ അവനെ പൊതിയുന്നു

എന്നാൽ
കുളിമറകളിലേക്കു കൂറു മാറിയവർ
മടങ്ങിയെത്താതായി
തലമുറകൾ കുളിച്ചുകയറിയ കടവ്
വഴിപാർത്തു മനം നൊന്ത്
മനോഗതങ്ങൾ ക്ഷയിച്ചു
മറവിയുടെ മൗനത്തിൽ

അക്കരെയിക്കരെ മരങ്ങൾ കൈകോർത്ത്
തോടിനെ കാത്തുവയ്ക്കുന്നു!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook