പണ്ട് തവളകളുടെ ശബ്ദം പരുപരുത്തതായിരുന്നില്ല. തവളകൾ കഥപറച്ചിലുകാരായിരുന്നു; മിനുത്ത, ഭംഗിയുള്ള ശബ്ദത്തിൽ അവർ കഥപറഞ്ഞു. മദ്യലഹരിയിൽ ഉയരത്തിൽ നിന്നു വീണതുകൊണ്ടാണ് അവയുടെ ശബ്ദം പരുക്കനായത്. ‘കൂർമ്പൻകല്ലുകളേ, എന്നെ കീറി മുറിക്കരുതേ, കറുമ്പൻകാക്കകളേ, എന്നെ റാഞ്ചിക്കൊണ്ടു പോകരുതേ,’ വീഴ്ചയിൽ തവള പ്രാർത്ഥിച്ചിട്ടുണ്ടാവണം.jayakrishnan,graphic story,iemalayalam
അങ്ങനെയിരിക്കെയാണ് ആ തവളയെ ഞാൻ പരിചയപ്പെട്ടത്. അതിന്‍റെ ശരീരത്തിൽ നിറയെ കറുത്ത അടയാളങ്ങളുണ്ടായിരുന്നു. അവ ഒരു പ്രാചീനഭാഷയിലെ അക്ഷരങ്ങളാണെന്നു തോന്നി. വീട്ടിലേക്കുള്ള വൈദ്യുതക്കമ്പിയിലൂടെയാണ് അത് എന്‍റെയടുത്തുവന്നത്. ആ കമ്പിയിലൂടെ നടക്കാൻ അതെന്നെ പ്രലോഭിപ്പിച്ചു. ഞാൻ കമ്പിയിലൂടെ വീടിനും വഴിക്കുമിടയിലുള്ള ചെറിയ ആകാശത്തിനു മുകളിൽ നടന്നു. എന്‍റെ ഭാരം കൊണ്ട് കമ്പി താണു. ഞാനുടനെ വൈദ്യുതി ആപ്പീസിലേക്ക് വിളിച്ചു. പരാതി പുസ്തകത്തിൽ തൊണ്ണൂറ്റിയൊൻപതാമത്തേതായി ഞാൻ പറഞ്ഞത് ചേർത്തുവെന്ന് അവർ അറിയിച്ചു.jayakrishnan,graphic story,iemalayalam
തൊണ്ണൂറ്റൊൻപത് – ഞാനതിനെപ്പറ്റി ആലോചിച്ചു. തൊണ്ണൂറ്റെട്ട് പരാതികൾ പരിഹരിച്ചിട്ടേ അവർ എത്തുകയുള്ളൂ. ഇനിയും ഒരുപാട് സമയം പിടിക്കും. അതിനിടയിലെങ്ങാൻ കമ്പി പൊട്ടിവീണാൽ എന്തു ചെയ്യും? തവളയെപ്പോലെ അതിലൂടെ എന്‍റെ വീട്ടിലേക്കു വരുന്ന അനേകം പേരുണ്ട്-ഉറുമ്പുകൾ, ഓന്തുകൾ, ഗുളികൻ, യക്ഷി…അവരെല്ലാം ഷോക്കടിച്ചു മരിക്കും. ഞാൻ വീണ്ടും കറന്റാഫീസിലേക്കു വിളിച്ചു. ആരും ഫോണെടുത്തില്ല.jayakrishnan,graphic story,iemalayalam
രാത്രി തവള വീണ്ടും എന്റെയടുത്തുവന്നു. വിളക്കിനു ചുറ്റും പറന്നുനടന്ന പ്രാണികളെ അവൻ പിടിച്ചുതിന്നു. അവനെക്കണ്ടുപേടിച്ച്പ ല്ലികൾ എന്‍റെ പുസ്തകങ്ങൾക്കിടയിലൊതുങ്ങി. പ്രാണികളെ തിന്നുന്നതിനിടയിൽ തവള കഥകൾ പറഞ്ഞു.

ഇത്രയും കഥകൾ എവിടെനിന്നാണ് കിട്ടിയതെന്ന് ഞാനവനോടു ചോദിച്ചു. ഈ കഥകളൊന്നും ഒന്നുമല്ലെന്നും തവളഭാഷയിലുള്ളതാണ് ശരിക്കുമുള്ള കഥകളെന്നും അവനെന്നോടു പറഞ്ഞു. എഴുത്തുകാരനാകാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. തവള ഭാഷ പഠിപ്പിക്കാമോ എന്ന് ഞാനവനോടു ചോദിച്ചു. അവൻ സമ്മതിച്ചു.jayakrishnan,graphic story,iemalayalam
തവള ഭാഷ പഠിക്കുക എളുപ്പമായിരുന്നു. ‘പേ ക്രോം’ എന്നീ രണ്ടക്ഷരങ്ങളേ അതിലുണ്ടായിരുന്നുള്ളൂ. അവയുടെ വിവിധ സ്ഥായിയിലുള്ള ആവർത്തനങ്ങളിലാണ് കഥകൾ കുടികൊണ്ടത്. ഞാനെന്റെ കാത് തുറന്നുവെച്ചു. ആദ്യത്തെ കഥതന്നെ എന്നെ അമ്പരപ്പിച്ചു.jayakrishnan,graphic story,iemalayalam
ഒരിടത്തൊരു മനുഷ്യനുണ്ടായിരുന്നു. കഥ പറഞ്ഞാണ് അയാൾ കഴിഞ്ഞിരുന്നത്. കഥകളും കള്ളങ്ങളും ഒന്നുതന്നെയാണെന്ന് ഒരു ദിവസം അയാൾക്ക് തോന്നി. അന്നു മുതൽ കഥയ്ക്കു പകരം അയാൾ നുണ പറയാൻ തുടങ്ങി. അയാളുടെ നുണകൾ ആളുകൾ വിശ്വസിച്ചു. അവരയാളെ നാടിന്‍റെ അധികാരിയാക്കി. അയാളുടെ അനുയായികളും മോശക്കാരായിരുന്നില്ല. അധികാരത്തിന്‍റെ കറുത്ത വഴികളിലൂടെ അവരും നുണ പറഞ്ഞുനടന്നു. ഒടുവിൽ നുണയന്മാരല്ലാത്തവർ നുണയന്മാരാകുന്ന അവസ്ഥ വന്നു.jayakrishnan,graphic story,iemalayalam
അങ്ങനെയിരിക്കെ നുണപറച്ചിലുകാരൻ ഒറ്റയ്ക്കിരുന്ന് കള്ളുകുടിക്കുകയായിരുന്നു. അപ്പോഴാണ് പിന്നിൽനിന്ന് ആരോ അയാളെ തട്ടിവിളിച്ചത്. ഒരടി മാത്രം ഉയരമുള്ള കറുത്ത ഒരുവനായിരുന്നു അത്. അവനെക്കണ്ട് നുണപറച്ചിലുകാരൻ പൊട്ടിച്ചിരിച്ചു. “നിന്നെപ്പറ്റി ഒരു കഥയുണ്ടാക്കിയാൽ നല്ല രസമായിരിക്കും,” അയാൾ പിന്നെയും ചിരിച്ചു.jayakrishnan,graphic story,iemalayalam
”അതുപക്ഷേ അവസാനത്തെ നുണയായിരിക്കും,” കറുത്ത കുള്ളൻ പറഞ്ഞു. “കാരണം, ഞാനാണ് മരണം.” നുണപറച്ചിലുകാരൻ പേടിച്ചു. മരണം ഒരിക്കലും തന്നെ തേടിവരില്ലെന്നാണ് അയാൾ കരുതിയിരുന്നത്. നുണകൾ അനശ്വരമാണ്; അതു പറയുന്നയാളും അങ്ങനെതന്നെ. പക്ഷേ, ഇപ്പോൾ വഴുവഴുക്കുന്ന അനേകം കൈകൾ തന്നെ വലിച്ചുയർത്തുന്നത് അയാളറിഞ്ഞു.jayakrishnan,graphic story,iemalayalam

മരണത്തിനടുത്തു നിന്ന നിഴലുകളെ അപ്പോഴാണ് അയാൾ കണ്ടത്-അയാളുടെ നുണകൾ കാരണം കൊല്ലപ്പെട്ടവരായിരുന്നു അവർ. “കള്ളു വേണോ?” അയാളവരോട് കെഞ്ചുന്നതുപോലെ ചോദിച്ചു. മറുപടി പറയാൻ മിനക്കെടാതെ അവരയാളെ ഉയരത്തിൽ വലിച്ചുകെട്ടിയ ഒരു നൂൽക്കമ്പിയിൽ നിർത്തി. അതിലൂടെ നടന്നു വേണം അയാൾക്ക് പരലോകത്തിലെത്താൻ. ഒരടി, രണ്ടടി, മൂന്നടി…. കമ്പിപൊട്ടി അയാൾ താഴേക്കു വീണു.jayakrishnan,graphic story,iemalayalam
കൂർമ്പൻ കല്ലുകളേ, എന്നെ കീറിമുറിക്കരുതേ, കറുമ്പൻകാക്കകളേ, എന്നെ റാഞ്ചിക്കൊണ്ടു പോകരുതേ…ആ കഥ കേട്ടപ്പോൾ എനിക്കും നൂൽക്കമ്പിയിലൂടെ നടക്കണമെന്നു തോന്നി. പിന്നിൽനിന്ന് തവള പോകരുതെന്നു പറയുന്നുണ്ടായിരുന്നു. ഞാൻ കേട്ടില്ല. പൊട്ടാറായ വൈദ്യുതക്കമ്പിയിലൂടെ ഞാൻ നടന്നു.jayakrishnan,graphic story,iemalayalam
തൊണ്ണൂറ്റിയെട്ടു പരാതികൾ തീർത്തിട്ടുവന്ന വൈദ്യുതിജീവനക്കാർ ഒരു തവള കഥ പറഞ്ഞു കൊണ്ട് ചത്തു കിടക്കുന്നത് കാണും, ചിലപ്പോൾ.jayakrishnan,graphic story,iemalayalam
*വീണതുകൊണ്ടാണ് തവളയുടെ ദേഹത്ത് പോറലുകളും അടയാളങ്ങളുമുണ്ടായതെന്ന് ഒരു ലാറ്റിനമേരിക്കൻ നാടോടിക്കഥ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook