scorecardresearch

ഒറ്റക്ക് ഒരു കരിയില-ജയകൃഷ്ണൻ എഴുതിയ കവിത

"നീണ്ടുവലിഞ്ഞു മുറിഞ്ഞ വൈകുന്നേരത്തോടൊപ്പം നീയും ഇല്ലാതായി" ജയകൃഷ്ണൻ എഴുതിയ കവിത

"നീണ്ടുവലിഞ്ഞു മുറിഞ്ഞ വൈകുന്നേരത്തോടൊപ്പം നീയും ഇല്ലാതായി" ജയകൃഷ്ണൻ എഴുതിയ കവിത

author-image
Jayakrishnan
New Update
Jayakrishnan Poem

ചിത്രീകരണം : ജയകൃഷ്ണന്‍

കരിയിലകൾ
ചുറ്റുമുള്ളിടത്തോളം
ഒറ്റക്കാണെന്നെനിക്ക് തോന്നുകയില്ല.

ഒരു കുപ്പി മദ്യത്തിനപ്പുറവുമിപ്പുറവുമിരുന്ന്
നമ്മൾ വൈകുന്നേരത്തെ
പിന്നെയും പിന്നെയും വലിച്ചു നീട്ടി.

നീണ്ടുവലിഞ്ഞു മുറിഞ്ഞ
വൈകുന്നേരത്തോടൊപ്പം
നീയും ഇല്ലാതായി.

കരിയിലകൾ ചുറ്റുമുള്ളതുകൊണ്ട്
ഒറ്റക്കാണെന്നെനിക്ക്
തോന്നിയതേയില്ല.

Advertisment

Jayakrishnan Poem

വരാത്ത രാത്രിയെക്കുറിച്ചോർക്കുന്നത്
നല്ലതാണ്.

മൂലയിൽ മറന്നുവെച്ച
തേഞ്ഞ ചൂലിനെപ്പോലുള്ള
സങ്കടത്തെക്കുറിച്ചോർക്കുന്നത് നല്ലതാണ്.

പെയ്യാത്ത മഴയിൽ കുതിർന്നുപോയ
നിന്നെക്കുറിച്ചോർക്കുന്നതും...

കരിയിലകൾ മിണ്ടാതിരിക്കുവോളം
ഒറ്റക്കാണെന്നെനിക്ക്
തോന്നുകയേയില്ല.

പക്ഷേ, വരണ്ട കാറ്റിൽ
അവ ചിറകടിക്കാൻ തുടങ്ങും,
പറക്കണമെന്നെനിക്കും തോന്നും,
എന്നാലോ വലിഞ്ഞു വലിഞ്ഞു നീളും;
മുറിഞ്ഞുമുറിഞ്ഞുപോകുന്നതു വരെ.


Poem Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: