കുറുമ്പത്തിക്കുഞ്ഞുമകളെ
പേടിപ്പിക്കാനാണ്
മൂങ്ങയുടെ മുഖംമൂടിയണിഞ്ഞത്.
അവൾ പക്ഷേ, മൂങ്ങക്കണ്ണുകളിൽ
ഉമ്മവെച്ച് ചിരിച്ചു.
തെറ്റി ഉച്ചരിച്ച വാക്കുപോലുള്ള
രാത്രിയിൽ
ഞാനവൾക്ക് മൂങ്ങയുടെ
കഥ പറഞ്ഞുകൊടുത്തു.
കഥയിൽ, നക്ഷത്രങ്ങളുടെ
വിറയ്ക്കുന്ന പാട്ടവിളക്കുകൾ
ഊതിക്കെടുത്തിയുണ്ടാക്കിയ
ഇരുട്ടിലൂടെ
മൂങ്ങ പറന്നകന്നപ്പോൾ
‘ബാക്കി കഥ നാളെ’യെന്നു പറഞ്ഞ്
ഞാനുറങ്ങി, അവളും.

2
ആളിറങ്ങിപ്പോയ
ഉടലുപോലുള്ള ഉറക്കത്തിൽ
മേലാകെ പുള്ളിത്തൂവലുകൾ മുളച്ച്
ഞാനൊരു മൂങ്ങയായി മാറി.
ഇനി മൂങ്ങയെപ്പറ്റി
എന്തു കഥ പറയും?
രാത്രി തീരുമല്ലോ,
ഉമ്മറത്ത് കാൽനീട്ടിയിരുന്ന്
മുറത്തിലെ കല്ലുപെറുക്കുന്ന
മഞ്ഞവെയിൽ പിന്നെയും വരുമല്ലോ,
കുഞ്ഞുമകൾ ഉണർന്നെണീറ്റ്
ബാക്കി കഥ പറയാൻ പറയുമല്ലോ.

ഞാനപ്പോൾ സ്വന്തം മുഖംമൂടിയണിഞ്ഞ്
മൂങ്ങയെപ്പറ്റി
ഒരു കള്ളക്കഥ പറഞ്ഞുകൊടുക്കും;
മൂങ്ങയെപ്പറ്റി
കള്ളങ്ങൾ മാത്രം പറയും.