മഞ്ഞവിത്തുകളുടെ പെട്ടിയോട്ടോറിക്ഷ

1.
നോക്കിനോക്കിയിരിക്കെ
കൊഴിഞ്ഞുവീണ പ്ലാവില
മഞ്ഞയിൽ നിന്ന്
പെൺകുട്ടിയായി മാറുന്നു.

ചോരവാർന്ന നിഴലിന്‍റെയുടലും
ഒരു സങ്കടപ്പാട്ടും
അവൾക്കൊപ്പം
ഇരുട്ടുനനഞ്ഞ്, വിശന്നൊലിച്ച്
കയറിവരുന്നു.

പലകയിട്ട്
ഇലവെച്ച്
ഞാൻ വിളമ്പട്ടെ,
ചിരട്ടയിൽ ചുട്ട മണ്ണപ്പം പോലെ
എന്‍റെ തണുത്താറിയ ശരീരം.

ദുഃഖവെള്ളിയിൽ
മുടന്തുന്ന ഒരു കുരിശായി
നിന്‍റെ വയറ്റിൽ മുളയ്ക്കാൻ…jayakrishnan, poem

2.
പാതിരാവിലെത്തിപ്പെട്ടേടത്തു നിന്ന്
നാടു പിടിക്കാൻ
പെട്ടിയോട്ടോറിക്ഷയുടെ പിന്നിൽ
മലർന്നു കിടന്നപ്പോഴാണ്
വിത്തുകളെപ്പറ്റിയോർത്തത് –
മഞ്ഞനിറമുള്ള പ്ലാവിലപ്പെൺകുട്ടിയെപ്പറ്റി
അവളുടെ മുഖമുള്ള നിന്നെപ്പറ്റി…

വഴിയിലെവിടെയോ
ദുഃഖവെള്ളിയുടെ മുഖമുള്ള
ഒരു കുരിശുയർന്നുനിന്നു.jayakrishnan, poem

അപ്പുറത്ത്
കൈയെത്താത്തിടത്ത്
ഒരിക്കലുമൊരിക്കലും തൊടാനാവത്തിടത്ത്
നീയും കിടപ്പുണ്ടെന്നു തോന്നി;
നമ്മളിരുവരും
ഒരിക്കലുമുണ്ടായിരുന്നില്ലെന്നും തോന്നി.

കണ്ണിലും മാനത്തും നിറയെ നക്ഷത്രങ്ങൾ,
മിന്നാമിനുങ്ങുകൾ…
ഒരിക്കലുമില്ലാതിരുന്ന ഒരുവൻ
ഒരിക്കലുമില്ലാതിരുന്ന ഒരുവളിൽ വിതച്ച
രാത്രിയിൽ മാത്രം മുളയ്ക്കുന്ന
പകൽനിറമുള്ള വിത്തുകൾ.

Read More: ജയകൃഷ്ണന്റെ മറ്റ് രചനകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook