കറുത്ത തൂവാലയിൽ വരച്ച വീടിന്റെ ഒമ്പതാം രാത്രി

എന്നിട്ട്, ഒറ്റനോട്ടത്തിൽത്തന്നെ സഞ്ജയന് മുന്നിലിരിക്കുന്നയാളെ മനസ്സിലായി. കഥകളിൽ കേട്ടിട്ടുള്ളതുപോലെ പോത്തിന്റെ രൂപമൊന്നുമായിരുന്നില്ല അവന്. പക്ഷേ നീട്ടിവളർത്തിയ മുടിക്കുള്ളിൽ രണ്ടു കൊമ്പുകൾ മറഞ്ഞിരിക്കുന്നത് സഞ്ജയൻ കണ്ടു, വിലപിടിച്ച വസ്ത്രങ്ങൾക്കുള്ളിൽ ഒരു വാലും. ഒരേ സമയം മൂന്ന് ഇടത്തരം സ്ത്രീകളെയും ഒരു ചീങ്കണ്ണിയെയും ഭോഗിക്കാനുള്ള കഴിവുണ്ടായിരുന്നു അവന്.
സത്യം മാത്രമേ എന്നോടു പറയാവൂ, നഗരസഭാദ്ധ്യക്ഷന്റെ മകൻ സൗഹൃദഭാവത്തിൽ പറഞ്ഞു തുടങ്ങി.
സത്യത്തിന് കൊമ്പുണ്ട്, സഞ്ജയൻ പറഞ്ഞു: പിന്നെ ഒരു വാലും.
അദ്ധ്യക്ഷന്റെ മകന് ആശയക്കുഴപ്പമായി. ആശയക്കുഴപ്പം മാറ്റാൻ തലചൊറിഞ്ഞപ്പോൾ കൊമ്പുകളല്ല, രണ്ടു ഭൂതങ്ങളാണ് അവിടെയുള്ളതെന്ന് സഞ്ജയൻ കണ്ടു.

പെട്ടെന്ന്, ഇന്നേവരെ തോന്നിയ പേടികളെല്ലാം സഞ്ജയനെ ഒരുമിച്ചു പിടികൂടി. അയാൾ നിലത്തുവീണ് കരഞ്ഞു: പുഴയിലെ ജലമൂറ്റുന്നതിന് ഞാൻ എതിരു നിന്നിട്ടില്ല, നിന്നിട്ടുണ്ടെങ്കിൽ ഇനിയൊരിക്കലും നിൽക്കുകില്ല; നഗരസഭാദ്ധ്യ ക്ഷനെ അപായപ്പെടുത്താൽ ഞാൻ ശ്രമിച്ചിട്ടില്ല, ശ്രമിച്ചിട്ടുണ്ടെങ്കിൽ ഇനി ശ്രമിക്കുകയില്ല; അദ്ധ്യക്ഷന്റെയും വനിതാ കൗൺസിലറുടെയും പ്രധാനപ്പെട്ട വേണ്ടാത്തിടങ്ങളിൽ കടിക്കാൻ ഞാൻ ഉറുമ്പുകളെ കയറ്റിവിട്ടിട്ടില്ല, വിട്ടിട്ടുണ്ടെ ങ്കിൽ ഇനി വിടുകയില്ല; പുഴവിൽക്കുന്നതിനെതിരെ ഞാൻ ഗൂഢാലോചന നടത്തിയിട്ടില്ല, ഉണ്ടെങ്കിൽ ഇനി നടത്തുകയില്ല; നഗരസഭാദ്ധ്യക്ഷന്റെ ഭാര്യയ്ക്ക് നിരുത്തരവാദഗർഭമുണ്ടാക്കാൻ ഞാൻ മൂത്രക്കുഴലിനെ പറഞ്ഞയച്ചിട്ടില്ല, ഉണ്ടെങ്കിൽ ഇനി പറഞ്ഞയയ്ക്കുകയില്ല; ഭൂതങ്ങൾക്ക് സഞ്ചരിക്കാനുള്ള വേഗ പാതയിൽ ഞാൻ കുഴികളുണ്ടാക്കിയിട്ടില്ല, ഉണ്ടെങ്കിൽ ഇനി ഉണ്ടാക്കുക യില്ല; നഗരസഭാദ്ധ്യക്ഷന്റെ ഭാര്യയും ഇക്ബാലുമായുള്ള അവിഹിതത്തിന് ഞാൻ കൂട്ടുനിന്നിട്ടില്ല, ഉണ്ടെങ്കിൽ ഇനി കൂട്ടുനിൽക്കുകയില്ല; അദ്ധ്യക്ഷൻ പ്രസവിച്ച കുട്ടിയെ ഞാൻ കൊന്നുതിന്നിട്ടില്ല, അതുകൊണ്ടാണല്ലോ നീയിപ്പോൾ ഇവിടെ നിൽക്കുന്നത്, അഥവാ കൊന്നു തിന്നിട്ടുണ്ടെങ്കിൽ ഇനിയങ്ങനെയുണ്ടാവില്ല…

കുട്ടിയുടെ കാലുപിടിക്കാൻ സഞ്ജയൻ കൈനീട്ടി, കാലുകളുണ്ടായിരുന്നില്ല, അവന്റെ അരയ്ക്കു താഴേക്ക് നിഴൽ മാത്രമായിരുന്നു; നിഴലിൽ ഒച്ചുകൾ പറ്റിപ്പിടിച്ചു നിന്നു.
- നടന്നുപോന്ന വഴികളൊക്കെ രണ്ടായും പിന്നെ മൂന്നായും പിരിഞ്ഞുവെന്നും അവിടെയൊക്കെ എപ്പോഴും അവൻ തന്നെ പിന്തുടർന്നിരുന്നുവെന്നും സഞ്ജയന് തോന്നി.
അദ്ധ്യക്ഷന്റെ മകൻ, മുടിക്ക് കുത്തിപ്പിടിച്ച് സഞ്ജയനെ എഴുന്നേൽപ്പിച്ചു.
നീ ചെയ്ത ഏറ്റവും വലിയ കുറ്റം അതൊന്നുമല്ല, അവൻ പറഞ്ഞു: കറുത്ത തൂവാലയിൽ വരച്ച വീട്ടിൽ എന്നെ നീ പൂട്ടിയിട്ടു; ഏറെക്കാലം.
ഏതു കറുത്ത തൂവാല? ഞാനാരെയും പൂട്ടിയിട്ടില്ല, സഞ്ജയൻ ബഹളംവെച്ചു.
അദ്ധ്യക്ഷന്റെ മകൻ കുപ്പായക്കീശയിൽ നിന്ന് ഒരു കറുത്തതൂവാല പുറത്തെടുത്തു. അതിന്റെ നടുക്ക് ചോക്കുകൊണ്ടു വരച്ച ഒരു വീട് വെളുത്തുനിന്നു.
സഞ്ജയൻ വീടിനടുത്തേക്കു ചെന്നു. നാലുതരം ദുഃസ്വപ്നപ്പനിയും ആമവാതവും അയാളെ ബാധിച്ചിരുന്നു. എന്നിട്ട് ചിത്രത്തിലെ വീടിന്റെ തുറന്നിട്ട ജനാലയിലൂടെ അയാൾ എത്തിനോക്കി. പണ്ടൊരിക്കൽ കണ്ട ഒരു കാഴ്ച അയാൾ വീണ്ടും കണ്ടു:

ഇരുണ്ട ഒറ്റമുറിക്കുള്ളിൽ ഒരു അമ്മയും കുട്ടിയുമുണ്ടായിരുന്നു. * * സമയം കരിപോലെ ചുവരും പറ്റി നിന്നു.
മൂലയിലെ അടുപ്പിൽ തീയൂതിക്കൊണ്ടിരിക്കുകയായിരുന്നു അമ്മ. കുട്ടി കാറ്റാടി കറക്കി കളിച്ചുകൊണ്ടിരുന്നു.
ഊതിയിട്ടും ഊതിയിട്ടും തീ കത്തിയില്ല. അടുപ്പിൽ ഭൂതങ്ങളുണ്ടായിരുന്നു. ഒടുവിൽ ദേഷ്യം കയറി അമ്മ കുറെ വെള്ളമെടുത്ത് അടുപ്പിലെഴിച്ചു. തീ ആളിക്കത്തി. അടുപ്പിലെ കലത്തിൽ നിന്ന് മുടി കരിഞ്ഞ മണമുയർന്നു.
നിനക്ക് കഴിക്കാൻ ഇവിടെയൊന്നുമില്ല, കുട്ടിയെ നോക്കി സങ്കടത്തോടെ പറഞ്ഞിട്ട് അമ്മ വാതിൽ തുറന്ന് പുറത്തിറങ്ങി. അടുത്തുകൂടിപ്പോയിട്ടും അവൾ സഞ്ജയനെ കണ്ടില്ല. പുറത്തെ വെളിച്ചം അവളുടെ കാഴ്ച കെടുത്തിയെന്നു തോന്നി.
അമ്മ പോയയുടനെ കുട്ടി നിലംകുഴിക്കാൻ തുടങ്ങി. കുഴിയിൽ നിന്ന് ഏറെ പണിപ്പെട്ട് അവൻ പോത്തിന്റെ ആകൃതിയുള്ള ഒരു മരക്കഷ്ണം അവൻ പുറത്തെടുത്തു. പോത്തിൻറെ കാലുകൾ നിഴലുകൊണ്ടുണ്ടാക്കിയിരുന്നു. നിഴലിൽ മഞ്ഞനിറമുള്ള ഒച്ചുകൾ പറ്റിപ്പിടിച്ചു നിന്നു.
മരക്കഷ്ണം അവനോട് കിടന്നുറങ്ങാനും സ്വപ്നം കാണാനും പറഞ്ഞു. നിലത്ത് പായവിരിച്ച് കുട്ടി കിടന്നുറങ്ങി; അവൻ സ്വപ്നം കണ്ടു – അവന്റെ സ്വപ്നം അവനെ നോക്കി നിൽക്കുന്ന സഞ്ജയനും കാണാൻ കഴിയുമായിരുന്നു.
സ്വപ്നത്തിൽ, പനിപിടിച്ചു കിടന്ന അവനെ തോളിലിട്ട് അമ്മ വേഗം നടക്കുകയായിരുന്നു. മന്ത്രം പോലെയോ പാട്ടു പോലെയോ എന്തോ ഒന്ന് അവൾ ഉരുവിടുന്നുണ്ടായിരുന്നു. സ്വപ്നത്തിൽനിന്ന് കുറച്ചു ദൂരെ നിൽക്കുകയായിരുന്നതുകൊണ്ട് സഞ്ജയന് പാട്ടിലെ വരികൾ ശരിക്കും കേൾക്കാൻ കഴിഞ്ഞില്ല.

ഏറെ ദൂരം നടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചു കഴിഞ്ഞിരുന്നു. അവൾ കരഞ്ഞില്ല. ഒരു വെളുത്ത തുണികൊണ്ട് അവനെ പുതപ്പിച്ചിട്ട് അവൾ തിരിച്ചു നടന്നു.
രാത്രിയായിരുന്നു. രണ്ടു ഭൂതങ്ങൾ വഴിയിൽ പ്രത്യക്ഷപ്പെട്ടു. തലയ്ക്കു പിന്നിൽ മഞ്ഞവെളിച്ചം ഉണ്ടായിരുന്നതുകൊണ്ട് അവർ ദൈവങ്ങളാണെന്ന് അവൾ കരുതി.
എന്റെ മകനെ ജീവിപ്പിക്കാമോ? അപ്പോൾ മാത്രം അവൾക്ക് കരച്ചിൽ പൊട്ടി.
ഭൂതങ്ങൾ സമ്മതിച്ചു. ഒരു ഭൂതം വലിയൊരു പുസ്തകം പുറത്തെടുത്തു. മരണത്തിന്റെ പുസ്തകമായിരുന്നു അത്. പുസ്തകത്തിൽ കയറിക്കിടക്കാൻ ഭൂതം അവളോടു പറഞ്ഞു. അവളങ്ങനെ ചെയ്തു. ഉടനെ മറ്റേ ഭൂതം പുസ്തകത്തിനു തീകൊളുത്തി. പുസ്തകത്തോടൊപ്പം അവളും കത്തിത്തീർന്നാലുടനെ മകൻ ജീവിച്ചെണീക്കുമെന്ന് അവരവളെ വിശ്വസിപ്പിച്ചിരുന്നു. അവൾക്കത് സമ്മതവുമായിരുന്നു.
അങ്ങനെ കുട്ടിയുടെ സ്വപ്നത്തിൽ മരണപുസ്തകത്തോടൊപ്പം അതിൽക്കിടന്ന അമ്മയും കത്താൻ തുടങ്ങി.സ്വപ്നത്തിൽ നിന്നുയർന്ന തീനാളങ്ങൾ കറുത്ത തൂവാലയിൽ വരച്ച വീടിൻറെ മേൽക്കൂരയിലേക്കും ആളിപ്പടർന്നു.
വീട് കത്തിയെരിഞ്ഞു. ഉറങ്ങുകയായിരുന്ന കുട്ടി അതറിഞ്ഞില്ല. പക്ഷേ സഞ്ജയൻ ബഹളമുണ്ടാക്കി. കുട്ടിയുടെ അമ്മ ഓടി വന്നു. ഇരുവരും ചേർന്ന് ഒരു വിധത്തിൽ തീ കെടുത്തി. എന്നിട്ട് ഇങ്ങനെയൊരാക്രമണം പ്രതീക്ഷിക്കാതിരുന്ന മരക്കഷണത്തെ ഒരു കലത്തിൽ പിടിച്ചിട്ട് കറുത്ത ശീലക്കൊണ്ട് കലത്തിന്റെ വായ നന്നായി ചുറ്റിക്കെട്ടി.
നഗരസഭാദ്ധ്യക്ഷന്റെ മകൻ വീണ്ടും സഞ്ജയന്റെ മുടിക്കുകുത്തിപ്പിടിച്ച് അയാളെ അവന്റെ നേർക്കു തിരിച്ചു നിർത്തി. എന്നിട്ടു പറഞ്ഞു:
ആ കലത്തിനകത്ത് ശ്വാസം മുട്ടി പോത്തിൻറെ ആകൃതിയുള്ള മരക്കഷ്ണം ഏറെക്കാലം കിടന്നു. ഒടുവിൽ ദൂതങ്ങൾക്ക് സഞ്ചരിക്കാനുള്ള വഴിയുണ്ടാക്കാനായി അനേകം വീടുകൾ ഇടിച്ചു നിരത്തപ്പെട്ട കൂട്ടത്തിൽ കറുത്ത തൂവാലയിൽ വരച്ച ആ വീടും തകർക്കപ്പെട്ടു. കലം പൊട്ടി. മരക്കഷണം തെറിച്ച് അടുത്തുനിൽക്കുകയായിരുന്ന അദ്ധ്യക്ഷന്റെ തുറന്ന വായിലൂടെ വയറ്റിലെത്തി. അങ്ങനെ ഞാൻ ജനിച്ചു.
അന്ന് നീയാ തീ കെടുത്തിയില്ലായിരുന്നെങ്കിൽ, എന്നെ കലത്തിൽ പിടിച്ചിട്ടില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ എന്റെ അച്ഛനായിപ്പോയ ഈ കൊള്ളരുതാത്തവനേക്കാൾ വലിയവനാകുമായിരുന്നു. നീയാണെന്റ ജീവിതം തുലച്ചത്, ശരിയല്ലേ?

സഞ്ജയൻ കറുത്ത തൂവാലയിലെ വീട്ടിൽ താമസിച്ചിരുന്ന അമ്മ, കുട്ടിയെയു മെടുത്തു നടന്നപ്പോൾ പാടിയ പാട്ടോർക്കാൻ ശ്രമിച്ചു. ഓർമ്മ വന്നില്ല, പിന്നെ അയാൾ പറയാൻ തുടങ്ങി:
ഒരുതരത്തിൽ ദുഃസ്വപ്നങ്ങളും കഥകളാണ്. * * * തന്നെ കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്ന കണ്ണാടിയെ ഒരു നിഴൽ തറയിലേക്ക് വലിച്ചെറിഞ്ഞുടയ്ക്കുന്നു. അതിനാരെയോ കൊല്ലാനുണ്ടെന്നു തോന്നും. പക്ഷേ അത് അടുത്ത മുറിയിലേക്കോടുന്നു, ആരുമറിയാതടക്കിയ ഒരു ശവം കണ്ടെത്താനെന്ന പോലെ അത് തറ കുഴിക്കുന്നു.

അങ്ങനെ ആ നിഴലിനെപ്പോലെ ദുഃസ്വപ്നപ്പനി പിടിച്ച കുട്ടിയും വീടിന്റെ തറ കുഴിക്കാൻ തുടങ്ങി. കുഴിക്കുന്നതിനിടയിൽ മഞ്ഞനിറമുള്ള ഒരു പറ്റം ചീവീടുകൾ പറന്നുയർന്നു. അവ അവനോട് മരണം കാണാൻ വേണ്ടി മണ്ണു കുഴിച്ചവരുടെ കഥകൾ പറഞ്ഞു. കഥകളൊക്കെ അവനപ്പോഴേ മറന്നു. അല്ലെങ്കിലും ദുഃസ്വപ്നപ്പനി പിടിച്ചവർക്ക് കഥകളൊന്നും ഓർമ്മയുണ്ടാവില്ല.
വീട്ടിൽ അവനൊറ്റയ്ക്കായിരുന്നു. മരുന്നു വാങ്ങാൻ പോയതായിരുന്നു അവന്റെ അമ്മ. അപ്പോഴാണ് മൂലയ്ക്ക് ഒരു കറുത്ത തുണികൊണ്ട് വാ കെട്ടിവെച്ചിരുന്ന കലത്തിൽ നിന്ന് ഒരു ശബ്ദമുയർന്നത്: എന്നെ പുറത്തുവിടണേ.
ഒരു ഭൂതമായിരുന്നു കലത്തിനകത്ത്. അതറിയാതെ അവൻ മൂടിക്കെട്ടിയ തുണിയഴിച്ചു. ഭൂതം പുറത്തുചാടി. കലം മൂടിക്കെട്ടിയിരുന്ന, വീടിന്റെ ചിത്രമുള്ള കറുത്ത തൂവാല നീട്ടിയിട്ട് തൂവാലയിലെ വീടിന്റെ തറ കുഴിക്കാൻ ഭൂതം അവനോടാജ്ഞാപിച്ചു.
അങ്ങനെ ദുഃസ്വപ്നപ്പനി പിടിച്ച കുട്ടി കുഴിക്കാൻ തുടങ്ങി.

കുറെ കുഴിച്ചപ്പോൾ മൂന്നുകാലുള്ള ഒരു കസേര കിട്ടി. കസേരയിലിരിക്കാ നായി ഭൂതത്തിന്റെ ശ്രമം. മൂന്നുകാലുള്ള കസേരയിൽ എങ്ങനെയിരിക്കാനാ ണ്? കസേര മറിഞ്ഞ് ഭൂതം താഴെവീണു. കുട്ടി നേരെയിടാൻ ശ്രമിച്ചപ്പോൾ കസേര മുറിക്കു ചുറ്റും ഓടാൻ തുടങ്ങി. ഭൂതവും കുട്ടിയും എത്ര ശ്രമിച്ചിട്ടും അതിനെ പിടുത്തം കിട്ടിയില്ല. കുറെ ഓടിക്കഴിഞ്ഞപ്പോൾ, ആരെയെങ്കിലും കൊന്നാൽ മാത്രമേ താനുറച്ചുനിൽക്കൂ എന്ന് കസേര ഭൂതത്തോടു പറഞ്ഞു . ഭൂതം പിന്നെ വേറൊന്നും നോക്കിയില്ല, അത് വേഗം ആ കറുത്ത തൂവാല മുഖത്തമർത്തി കുട്ടിയെ ശ്വാസംമുട്ടിച്ചു കൊന്നു.
മരുന്നുമായി കുട്ടിയുടെ അമ്മ വന്നപ്പോൾ കറുത്ത തൂവാലയിൽ മുഖമമർത്തി മരിച്ചുകിടക്കുന്ന കുട്ടിയെയാണ് കണ്ടത്. കഥകളിൽ പറയുന്നതുപോലെ, പ്രതികാരം ചെയ്യാൻവേണ്ടി അവൾ പിശാചോ രക്തരക്ഷസ്സോ ഒന്നുമായി മാറിയില്ല, പകരം ഒരുറുമ്പായി ഭൂമിയുടെ ആർക്കും വേണ്ടാത്ത കോണിലേക്ക് തല കുനിച്ചു നടന്നു.

കസേര എതായാലും നിലത്തുറച്ചു കാണും, ഭൂതം ഇപ്പോഴും കസേരയിൽ ഇരിക്കുന്നുമുണ്ടാകും. അധികാരത്തിന്റെ കസേരകൾ അങ്ങനെയാണ്, അതുറച്ചു നിൽക്കാൻ ആരെയെങ്കിലും കൊന്നേ മതിയാകൂ. നിസ്സഹായരുടെ മരണത്തിനാണ് കൂടുതൽ ബലം . അതിൽ കാലൂന്നിയാൽ പിന്നെ അധികാരം ഇളകുകയേയില്ല. പക്ഷേ, * * * *കേട്ടുമറന്നതെല്ലാം നിങ്ങളെ പിടികൂടും, മരിച്ചവരെല്ലാം നിങ്ങളെ കൈവെയ്ക്കും, സായാഹ്നത്തിൽ നിങ്ങളും മടങ്ങിയൊതുങ്ങും.
സഞ്ജയൻ പറഞ്ഞു കഴിഞ്ഞപ്പോൾ നഗരസഭാദ്ധ്യക്ഷന്റെ മകൻ ഏറെനേരം അയാളെ നോക്കി നിന്നു. നോട്ടത്തിന്റെ അർത്ഥം സഞ്ജയന് മനസ്സിലായി – ഇളകാത്ത അധികാരത്തിനും തന്റെ മരണത്തിനുമിടയിൽ ഇനി വീടിന്റെ ചിത്രമുള്ള ഒരു കറുത്ത തൂവാലയുടെ കനമേയുള്ളൂ.
……………………………………………
- The street you cross
divides into two, into three:
now that you’ve noticed that
someone
is always following you.
- Ryszard Krynicki – Our Life Grows
- * Like soot the year will touch
the houses.
- Gennady Aygi – Time of Gratitude
- * * The mirror, where the shadow saw or didn’t see itself, shattered to the floor. It seemed as if it wanted to kill someone. But it fled to the garden. It was digging , whirling, in the same place, as if a body were buried below.
- Marosa di Giorgio – Diadem
- * * * Whatever you heard took a
hold of you,
whatever was dead laid its
hand on you too,
and threefold you moved
through the evening.
- Paul Celan – Selections