scorecardresearch
Latest News

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ: ഭാഗം രണ്ട്- അധ്യായം എട്ട്

” കിഴവൻ ഒരു ആണിയെടുത്ത് മന്ത്രിച്ച് അയാളുടെ തലയിൽ അടിച്ചു കയറ്റി. മനസ്സിലേക്ക് അനേകം ഭൂതങ്ങൾ കയറിവരുന്നത് സഞ്ജയനറിഞ്ഞു” ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ രണ്ടാം ഭാഗത്തിലെ ഒമ്പതാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

ഉറുമ്പുകളെപ്പോലെ വരി വെയ്ക്കുന്ന ഇലകളുടെ എട്ടാം രാത്രി

jayakrishnan , novel, iemalayalam

എന്നിട്ട്, ആ രണ്ടുപേർ പതുങ്ങിപ്പതുങ്ങി സഞ്ജയനെ അടച്ചിട്ടിരിക്കുന്ന കൂടിന്റെ അടുത്തെത്തി. ഒരാൾ തടിച്ചവനായിരുന്നു മറ്റെയാൾ മെലിഞ്ഞവനും. കറുത്ത തുണികൊണ്ട് തലയും മുഖത്തിന്റെ പകുതിയും അവർ മൂടിയിരുന്നു. അവരാരാണന്ന് സഞ്ജയന് മനസ്സിലായില്ല.

സഞ്ചിയിൽ നിന്ന് അവർ ചുറ്റികയും ഉളിയും ഈർച്ചവാളും മറ്റും പുറത്തെടുത്തു. തന്റെ തടവറയ്ക്കു മുന്നിൽ കുറെ മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് അപ്പോഴാണ് സഞ്ജയൻ കണ്ടത്.

അവർ മരപ്പണി തുടങ്ങി. മഴപെയ്തു. പക്ഷേ മഴ അവരെ നനയ്ക്കുന്നില്ലെന്നു തോന്നി. സത്യത്തിൽ അതു മഴയായിരുന്നില്ല. മഴത്തുള്ളികൾക്കു പകരം ഇലകളാണ് പെയ്തുകൊണ്ടിരുന്നത്. നിലത്തുവീണ ഇലകൾ ഒറ്റവരിയായി ഉറുമ്പുകളെപ്പോലെ പുറത്തേക്കു നടന്നു. പേടികൊണ്ട് സഞ്ജയന് തലചുറ്റി. പേടിക്കാൻ അല്ലെങ്കിലും അയാൾക്ക് വലിയ കാരണമൊന്നും വേണ്ട.

jayakrishnan , novel, iemalayalam

ബോധം വന്നപ്പോൾ രണ്ടു മരപ്പണിക്കാരും അയാളെ നോക്കിക്കൊണ്ട് പുറത്തു നിൽക്കുന്നുണ്ടായിരുന്നു. തടിയൻ ഗുമസ്തനും അയാളുടെ അച്ഛനുമായിരുന്നു അത്.

സഞ്ജയന്റെ തടവറക്കൂടിന്റെ നാലുചുറ്റുമുള്ള അഴികൾ ബലപ്പെടുത്തിയിരുന്നു. നിന്നെ തൂക്കിക്കൊല്ലാൻ പോകുകയാണ്, തടിയൻ ഗുമസ്തൻ മഞ്ഞപ്പല്ലുകൾ കാട്ടി ചിരിച്ചു: ഒരുതരത്തിലും നീയിവിടുന്ന് രക്ഷപ്പെടാതിരിക്കാനാണ് ഞങ്ങൾ പുതിയ അഴികൾ പിടിപ്പിച്ചത്.

ഞാനൊരു വിചാരണത്തടവുകാരനല്ലേ? സഞ്ജയൻ ദയനീയമായി ചോദിച്ചു: കുറ്റം തെളിയാതെ എങ്ങനെയാണ് എന്നെ തൂക്കിക്കൊല്ലുക? അയാൾക്ക് രണ്ടു തരം വട്ടച്ചൊറിയും കൂമ്പുചീയലും അനുഭവപ്പെടുന്നുണ്ടായിരുന്നു.

നിന്നെ മാത്രമല്ല, ഈ മതിലിനകത്ത് അടച്ചിട്ടിരിക്കുന്ന എല്ലാവരെയും തൂക്കിക്കൊല്ലും. ഗുമസ്തന്റെ അച്ഛൻ കടന്നലിന്റെ ശബ്ദത്തിൽ പറഞ്ഞു.

jayakrishnan , novel, iemalayalam

മതിലനകത്ത് ഒരു കഴുമരത്തോട്ടം സങ്കൽപ്പിച്ച് സഞ്ജയൻ പേടിക്കുന്നതിനിട യിൽ കിഴവനും ഗുമസ്തനും അഴിക്കൂടിനപ്പുറവുമിപ്പുറവും നിന്ന് ഈർച്ചവാളിന്റെ പല്ലുകൾ സഞ്ജയന്റെ കഴുത്തിൽ ചേർത്തുവെച്ചു. എന്നിട്ട് അവർ പറയാൻ തുടങ്ങി:

പുഴ വറ്റിയപ്പോൾ രണ്ടുകരയിലുള്ള മരങ്ങളും ഉണങ്ങി. ഉണങ്ങിയ മരങ്ങൾ നഗരസഭാദ്ധ്യക്ഷന്റെ മരമില്ലിൽകൊണ്ടുപോയി ഈർന്നു മുറിക്കാനുള്ള കരാർ കിട്ടിയത് തടിയൻ ഗുമസ്തന്റെ അച്ഛനായിരുന്നു. മരങ്ങൾ വേഗം ഉണങ്ങുന്നതിന് അയാൾ കൂടോത്രം ചെയ്തതിനുള്ള പ്രതിഫലമായിരുന്നു അത്.

മില്ലിൽ മരമിറക്കുമ്പോൾ അദ്ധ്യക്ഷനും അവിടെയുണ്ടായിരുന്നു. പോത്തിന്റെ ആകൃതിയുള്ള ഒരു ചെറിയ മരക്കഷ്ണം എങ്ങനെയോ തെറിച്ച് അയാളുടെ തുറന്നുപിടിച്ച വായിൽച്ചെന്നു വീണു. വായിലെത്തുന്ന എല്ലാം വെട്ടിവിഴുങ്ങാ റുള്ള അദ്ധ്യക്ഷൻ അതും അകത്താക്കി. പെണ്ണിന്റെ രൂപമായിരുന്നു അയാൾ ക്കപ്പോൾ.

അദ്ധ്യക്ഷന്റെ നാടകനടിയും നഴ്സുമായ ഭാര്യ നിർബന്ധിച്ച് അയാളെ സ്കാൻ ചെയ്യിപ്പിച്ചു. അദ്ധ്യക്ഷൻ ഗർഭിണിയായിരുന്നു.

jayakrishnan , novel, iemalayalam

ഗർഭകാലം കഠിനമായിരുന്നു. എന്നും രാവിലെ അയാൾ ഒച്ചുകളെയും കരിയിലകളെയും ഛർദ്ദിച്ചു. കൂടാതെ അയാളുടെ അവിഹിതഗർഭത്തിന് പകരം വീട്ടാൻ വേണ്ടി ഭാര്യ ദിവസവും പുതിയ കാമുകന്മാരെ വീട്ടിൽ വിളിച്ചുവരുത്താൻ തുടങ്ങി. ആദ്യം തോണിക്കാരനും പുഴ വറ്റിയപ്പോൾ കൈനോട്ടക്കാരനും പിന്നെ അതിലും രക്ഷയില്ലാതെ മരമില്ലിലെ പണിക്കാരനുമായിത്തീർന്ന, ഇക്ബാലെന്നു പേരുള്ള ഒരു അന്യദേശക്കാരന്റെ കൂടെയാണ് മിക്ക ദിവസങ്ങളിലും അവൾ കിടന്നത്. അവനെക്കൂടാതെ ഒരേ സമയം മൂന്നു കഴുതപ്പുലികളെയും ഒരു പന്നിക്കൂറ്റനെയും കൂടി ഭോഗിക്കാ നുള്ള കഴിവുണ്ടായിരുന്നു അവൾക്ക്. വേഴ്ചകഴിഞ്ഞ്, ഗർഭാലസ്യത്തിൽ ഭോഗശേഷി നഷ്ടപ്പെട്ട അദ്ധ്യക്ഷന്റെയടുത്തു ചെന്ന് അവൾ പാടുമായിരുന്നു:

  • നിന്റെ വായ പോലെ,
    കരിയിലകൾക്കിടയിൽ
    വിടർന്നു നിൽക്കുന്ന
    എന്റെ തുളയും ചിരിക്കാറുണ്ട്
  • ചാണകം നാറുന്ന,
    സംസാരശേഷി നഷ്ടപ്പെട്ട
    നിന്റെ വായപോലെ.
jayakrishnan , novel, iemalayalam

അഞ്ചു വർഷം കഴിഞ്ഞ് അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അദ്ധ്യക്ഷൻ ഒരു പോത്തിൻകുട്ടിയെ പ്രസവിച്ചു. പ്രസവം കഴിഞ്ഞപ്പോൾ അയാൾ പഴയപടി ആണായി മാറി.

അദ്ധ്യക്ഷൻ പ്രസവിച്ച പോത്തിൻകുട്ടിക്ക് പതിമ്മൂന്നു ഭാഷകളിൽ സംസാരിക്കാനും അദ്ധ്യക്ഷനെ എതിർക്കുന്നവരെ ഇലകളാക്കി മാറ്റി തിന്നുതീർക്കാനുമുള്ള കഴിവുണ്ടായിരുന്നു. അതിനെ വിശുദ്ധ മൃഗമായി കരുതി എല്ലാവരും ആരാധിക്കാൻ തുടങ്ങി. നഗരസഭ അടിയന്തരയോഗംചേർന്ന് തടിയൻ ഗുമസ്തന്റെ അച്ഛനെ പോത്തുദൈവത്തിൻറെ പുരോഹിതനാക്കി. ഗുമസ്തനെയാകട്ടെ, സ്ഥാനക്കയറ്റം നൽകി പോത്തുവിചാരിപ്പുകാരൻ എന്ന പുതിയ തസ്തികയിലും നിയമിച്ചു.

അങ്ങനെയിരിക്കെ മഴപെയ്തു. മണ്ണിൽ നനവു പടർന്നപ്പോൾ പോത്തിൻകുട്ടി തിന്നുതീർത്തവരൊക്കെ പച്ചിലകളുടെ ആകൃതിയിൽ ഉയിർത്തെഴുന്നേറ്റു. ഉറുമ്പുകളെപ്പോലെ വരിവെയ്ക്കുന്ന പച്ചിലകളെ കണ്ട് പോത്ത് വിരണ്ടോടി. മതിൽ ചാടി അത് ഇവിടെയെത്തി. പോത്തുദൈവത്തെ അന്വേഷിച്ചെത്തിയ അദ്ധ്യക്ഷനും പോത്തുവിചാരിപ്പുകാരനും പുരോഹിതനും കണ്ടത് സഞ്ജയന്റെയും ആദ്യം തോണിക്കാരനും പിന്നീട് കൈനോട്ടക്കാരനും അതുകഴിഞ്ഞ് മരമില്ലിലെ പണിക്കാരനുമായിത്തീർന്ന ഇക്ബാലിന്റെയും നേതൃത്വത്തിൽ തടവുകാർ പോത്തിൽകുട്ടിയെ കൊന്നുതിന്നുന്നതാണ്.

പറയുന്നതു നിർത്തിയിട്ട് തടിയനും അച്ഛനും ഈർച്ചവാളിന്റെ പല്ലുകൾ സഞ്ജയന്റെ കഴുത്തിൽ അമർത്താൻ തുടങ്ങി. സഞ്ജയൻ നിലവിളിച്ചു. നിലവിളിക്ക് പോത്തിന്റെ ശബ്ദമാണെന്ന് മനസ്സിലായപ്പോൾ അയാൾ പേടിച്ചു, അറക്കവാളാഴ്ന്നിടത്തു നിന്നും ചോരയ്ക്കു പകരം ഇലകളാണു വീഴുന്നതെന്നുകണ്ട് പിന്നെയും പേടിച്ചു, ഇലകൾ ഉറുമ്പുകളെപ്പോലെ വരിവെച്ചകലുന്നതു കണ്ട് കൂടുതൽ പേടിച്ചു.

കഴുത്തറക്കുന്നവസാനിപ്പിച്ച് തടിയനും അച്ഛനും സഞ്ജയനോടു ചോദിച്ചു:

അദ്ധ്യക്ഷന്റെ മകനെ കൊന്നു തിന്നുക മാത്രമല്ല, അതു കാരണം ഞങ്ങളുടെ ജോലിയും കൂലിയുംകൂടി നീ നഷ്ടപ്പെടുത്തി. ഇതേപ്പറ്റി എന്തു പറയാനുണ്ട് നിനക്ക്?

jayakrishnan , novel, iemalayalam

സഞ്ജയൻ പോത്തിറച്ചിയുടെ രുചിയെക്കുറിച്ചാലോചിക്കാൻ ശ്രമിച്ചു. ഓർമ്മ വന്നില്ല, പച്ചവെള്ളത്തിന്റെ ചുവയല്ലാതെ ഒന്നുമോർക്കാനാവുന്നില്ല.

പിന്നെ, അയാൾ പറഞ്ഞു:

പുഴക്കരയിലായിരുന്നു അവന്റെ വീട്. അവന്റെ അച്ഛൻ പക്ഷിപിടുത്തക്കാരനായിരുന്നു. പുഴയിൽ ഒറ്റക്കാലൂന്നിനിന്ന് ഉറക്കംതൂങ്ങുന്ന വലിയ ദേശാടനപ്പക്ഷികളെ മുങ്ങാങ്കുഴിയിട്ടു ചെന്ന് പിടിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു അയാൾ.

jayakrishnan , novel, iemalayalam

അന്നും അയാൾ പക്ഷിപിടുത്തത്തിനിറങ്ങി. പുഴക്കരയിലൂടെ ഉറുമ്പുകളെ പ്പോലെ വരി വെയ്ക്കുന്ന പച്ചിലകളെ അയാൾ കണ്ടു. പച്ചിലകൾ പതിമൂന്നു ഭാഷകളിൽ അയാളോട് പോകരുതെന്നു പറഞ്ഞു. പതിമൂന്നു ഭാഷയും അയാൾക്ക് മനസ്സിലായില്ല. പക്ഷേ, തിരിച്ചുവന്നിട്ട് നടന്നുനീങ്ങുന്ന പച്ചിലകളുടെ കഥ മകനോടു പറയണമെന്ന് അയാൾ വിചാരിച്ചു.

പക്ഷേ, ഒരിക്കലും അയാൾക്കാ കഥ പറയാൻ കഴിഞ്ഞില്ല.

അന്നയാൾ പിടിച്ചത് വളരെ വലിയ ഒരു പക്ഷിയുടെ കാലിലായിരുന്നു. അത് അച്ഛനെയും കൊണ്ട് പറന്നുയരുന്നത് കണ്ടെന്ന് തോണിക്കാർ പറഞ്ഞു. ശരിയാണെന്ന് അവനും വിചാരിച്ചു. പക്ഷേ, അന്ന് പക്ഷിപിടുത്തത്തിനു പോയപ്പോൾ തങ്ങൾ രണ്ടുപേരുടെയും തിരിച്ചറിയൽ രേഖകളൊക്കെ അച്ഛൻ കൊണ്ടുപോയതെന്തിനാണെന്നു മാത്രം അവന് മനസ്സിലായില്ല. അതെന്താ യാലും അടുത്ത കൊല്ലം ദേശാടനപ്പക്ഷികൾ വരുന്ന സമയത്ത് അച്ഛന്റെ ജഡം പുഴക്കരയിൽ കണ്ടെത്തി. ഒരു ചത്ത പക്ഷിയുടെ കാലിൽ പിടിച്ചിരിക്കുന്ന വിധത്തിലാണ് അയാൾ കിടന്നിരുന്നത്. അതുപക്ഷേ അത്ര വലിയ ഒരു പക്ഷിയൊന്നുമായിരുന്നില്ല. അയാളുടെഅരയിലെ സഞ്ചിയിൽ കുറച്ച് ഉണങ്ങിയ ഇലകളല്ലാതെ തിരിച്ചറിയൽ രേഖകളൊന്നും കാണാനുണ്ടായിരുന്നുമില്ല.

jayakrishnan , novel, iemalayalam

അച്ഛന്റെ ശവസംസ്കാരം കഴിഞ്ഞതിന്റെ പിറ്റേദിവസം, തിരിച്ചറിയൽ രേഖകളില്ലാത്തവരെ വലിയ ജയിലുകളിലടക്കാൻ പോവുകയാണെന്ന വാർത്തയറിഞ്ഞ് അവൻ നാടുവിട്ടു. കീറിത്തുടങ്ങിയ കുപ്പായങ്ങൾ കുത്തിനിറച്ച സഞ്ചിയിലേക്ക് അച്ഛന്റെ കൈയിൽ നിന്നു കിട്ടിയ കരിയിലകൾകൂടി എടുത്തു വെയ്ക്കാൻ അവൻ മറന്നില്ല.

ടിക്കറ്റെടുക്കാതെ തീവണ്ടിയുടെ വാതിൽപ്പടിയിൽ കുത്തിയിരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ അവൻ വിചിത്രമായ കാഴ്ചകൾ കണ്ടു:

ആളൊഴിഞ്ഞ ഒരു സ്റ്റേഷനിലെ മരബെഞ്ചിലിരുന്ന് ഒരു പിശാച് കൈവിരലുകൊണ്ട് കണക്കുകൂട്ടുന്നുണ്ടായിരുന്നു. ഓരോ പ്രാവശ്യവും കണക്കു തെറ്റുമ്പോൾ അതിന്റെ വായിൽ നിന്ന് തീയും പുകയും പുറപ്പെട്ടു.

ഇരുട്ടിൽ നിഴൽരൂപം പോലെ നിന്ന ഒരു മരത്തിൽ നിന്ന്, തീവണ്ടി കടന്നു പോയപ്പോൾ ഇലകൾ പക്ഷികളായി പറന്നകന്നു. ഇലകളില്ലാത്ത ശാഖകൾ കൊണ്ട് മരം ചന്ദ്രനെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു.

jayakrishnan , novel, iemalayalam

അവൻ മാത്രമേ അതെല്ലാം കണ്ടുള്ളൂ. വണ്ടിയിൽ മറ്റെല്ലാവരും ഉറക്കമായിരുന്നു.

അങ്ങനെ ഒടുവിൽ അവനൊരു പുഴക്കരയിലെത്തി. വരണ്ട് മണൽപ്പരപ്പായ, ജലപ്പക്ഷികൾ വരാത്ത പുഴ അവനൊരു സമാധാനമായിരുന്നു. അവിടെ പുഴക്കരയിൽ താമസിക്കുന്ന ഒരു ഈർച്ചക്കാരന്റെ സഹായിയായി അവൻ പണിയെടുക്കാൻ തുടങ്ങി.

ഈർച്ചക്കാരൻറെ നാടകനടിയായ ഭാര്യ അവനെ നോട്ടമിട്ടു. ഭർത്താവിന് ഉദ്ധാരണശേഷിയില്ലാത്തതിനാൽ അവളവനെ ഭോഗിക്കാൻ തുടങ്ങി. പരിപാടി കഴിഞ്ഞ് ദുർമ്മന്ത്രം പോലെ അവളിങ്ങനെ പറയുമായിരുന്നു:

** നിന്റെ തുടകൾക്കിടയിലെ
ആർത്തി പിടിച്ചുയരുന്ന രാത്രിയിലേക്ക്
എന്റെ പൊക്കിളിന്റെയും
തുളയുടെയും വായിക്കാനാവാത്ത ശവഗന്ധം.
ശരീരത്തിന്റെ അടയാളങ്ങൾ,
എന്റെ ശരീരത്തിന്റെ,
നിന്റെ ശരീരത്തിന്റെ,
അഞ്ചടി ആറിഞ്ചുള്ള ശവങ്ങളുടെ …

അങ്ങനെയിരിക്കെ ഒരു ദിവസം വണ്ടിയിൽ നിന്ന് അവൻ മരമിറക്കുമ്പോൾ പോത്തിന്റെ ആകൃതിയുള്ള ഒരു മരക്കഷണം തെറിച്ച് ആദ്യം ഈർച്ചക്കാരന്റെ വായിലും അവിടുന്ന് അയാളുടെ വയറ്റിലുമെത്തി.

jayakrishnan , novel, iemalayalam

വയറുകീറി ഉള്ളിൽ കുടുങ്ങിയ മരക്കഷണം പുറത്തെടുക്കണമെന്ന് ഭാര്യ എത്രതന്നെ നിർബന്ധിച്ചിട്ടും ഈർച്ചക്കാരൻ വഴങ്ങിയില്ല. അവളെ അയാൾക്കു വിശ്വാസമില്ലായിരുന്നു. തന്നെ അപകടപ്പെടുത്താനാണ് അവളുടെ ശ്രമമെന്ന് അയാൾ കരുതി. വെള്ളയുടുപ്പുകൾ ധരിച്ച് നാടകങ്ങളിൽ യക്ഷിയായി അഭിനയിച്ച അവളെക്കണ്ട് പലരും മോഹിച്ചു. അതിൽ ഒരു ചെറുപ്പക്കാരൻ അവളുമായി ഗതികെട്ട ഒരു പ്രണയത്തിലകപ്പെടുകയും ഒടുവിൽ അവൾ കൈവിട്ടപ്പോൾ ആത്മഹത്യ ചെയ്യുകയും ചെയ്തു.

അയാളുടെ ആത്മാവ് തന്നെ ആവേശിച്ചിട്ടുണ്ടെന്ന് ഈർച്ചക്കാരൻ സംശയിച്ചു. അല്ലെങ്കിലേ അവൾക്ക് ഒരുപാട് രഹസ്യക്കാരുണ്ടെന്നായിരുന്നു അയാളുടെ വിചാരം. പുതിയ സഹായി കൂടി വന്നപ്പോൾ സംശയം ഒന്നുകൂടി പെരുകി. ഉറക്കത്തിൽ നാടക സംഭാഷണങ്ങൾ ഉരുവിടുമ്പോൾ അവൾ തന്റെ ജാരന്മാരോട് സംസാരിക്കുകയാണെന്നു അയാൾ സംശയിച്ചു.

ഏതായാലും മരക്കഷണം വയറ്റിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ ഈർച്ചക്കാരൻ ഒരു പോത്തിൻകുട്ടിയെ പ്രസവിച്ചു. വലിയ തടിക്കഷ്ണങ്ങൾ നാവുകൊണ്ട് ഈർന്നു മുറിക്കാൻ കഴിവുള്ള ആ മൃഗം ഒരു ദൈവമാണെന് ഈർച്ചക്കാരനും മറ്റുള്ളവരും കരുതി.

jayakrishnan , novel, iemalayalam

അന്നു രാത്രി ഈർച്ചക്കാരന്റെ ഭാര്യ കാര്യം സാധിക്കാൻ വിളിച്ചപ്പോൾ അവൻ അച്ഛന്റെ കയ്യിൽ നിന്നു കിട്ടിയ ഇലകൾ ഉറുമ്പുകളെപ്പോലെ വരിവെയ്ക്കുന്നതു കണ്ടു. പതിമൂന്നു ഭാഷകളിൽ അവ അവനോട് പോകരുതെന്നു പറഞ്ഞു. പതിമൂന്നു ഭാഷയും അവന് മനസ്സിലായില്ല. ഈർച്ചക്കാരൻ തക്കംപാർത്തിരിക്കുകയായിരുന്നു. അന്നുരാത്രി ഭാര്യയെയും ജാരനെയും അയാൾ കൈയോടെ പിടിച്ചു. പോത്തിൻകുട്ടി നാവുകൊണ്ട് മരം ഈരാൻ തുടങ്ങിയതു മുതൽ അയാൾക്കൊരു സഹായിയുടെ ആവശ്യവുമില്ല. അയാളവനെ ഒരു മുറിയിലിട്ടടച്ചു. പട്ടിണികൊണ്ട് അവൻ തളർന്നപ്പോൾ അയാൾ പോത്തുമകനെ മുറിയിലേക്കയച്ചു. ദുർമന്ത്രങ്ങൾ പോലെ മുക്രയിട്ടിട്ട് പോത്ത് അവനെ കുത്തിമലർത്തി. എന്നിട്ട് അവന്റെ കാലുകൾക്കിടയിലെ മരക്കഷണം നാവുകൊണ്ട് ഈരാൻ തുടങ്ങി. പിന്നെ അവന് വേറെ വഴിയില്ലായിരുന്നു. കൈയിൽ തടഞ്ഞ ഒരു കത്തികൊണ്ട് അവനതിന്റെ കഴുത്തറുത്തു.

ദൈവത്തെ കൊന്ന അവനെ അവർ വെറുതെവിട്ടു കാണില്ലെന്നുറപ്പാണ്, എങ്കിലും ഒരു കാര്യം അവൻ തെളിയിച്ചു. ദൈവത്തേക്കാൾ ആയുസ്സുള്ളത് പലപ്പോഴും മനുഷ്യനാണ്, ചിലപ്പോൾ കുറച്ച് നിമിഷങ്ങൾ, അല്ലെങ്കിൽ കുറെ നൂറ്റാണ്ടുകൾ.

അഴികൾക്കിടയിലൂടെ കൈ നീട്ടി തടിയൻ ഉടൻതന്നെ സഞ്ജയനെ ബലമായി പിടിച്ചു. കിഴവൻ ഒരു ആണിയെടുത്ത് മന്ത്രിച്ച് അയാളുടെ തലയിൽ അടിച്ചു കയറ്റി. മനസ്സിലേക്ക് അനേകം ഭൂതങ്ങൾ കയറിവരുന്നത് സഞ്ജയനറിഞ്ഞു.

ബാധകൾ അകത്തു കടന്നപ്പോൾ പച്ചിലകൾ ഉറുമ്പുകളെപ്പോലെ വരിവെച്ചകന്നു.

………………………………………..

  • Your gums like your little pussy

that seemed to smile among the

banana leaves flowery

perfumes swine shit open like a

body ‘s mouth (unlikey our

speaking mouth)

- Ferreira Gullar - Dirty Poem
  • * Between your thighs in the

depths

of your avid night

the scents of navel and vagina

grave indecipherable

smells

like symbols

of the body

of your body

my body ..

- Ferreira Gullar - Dirty Poem 

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal part 2 chapter 8