scorecardresearch
Latest News

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ: ഭാഗം രണ്ട്- അധ്യായം ഏഴ്

“ചാരായം കുടിക്കുമ്പോൾ അയാൾക്ക് മനുഷ്യരൂപം തിരികെ കിട്ടുമായിരുന്നു. ഏറെനേരം കുടിക്കാതിരുന്നാൽ വീണ്ടും പുകയായി മാറും”ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ രണ്ടാം ഭാഗത്തിലെ എട്ടാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം: ജയകൃഷ്‌‌ണൻ

കാറ്റാടികളുടെ രാജാവിന്റെ ഏഴാം രാത്രി.

priya as , childrens stories, iemalayalam

എന്നിട്ട്, സഞ്ജയൻ ഞെട്ടിയുണർന്നു. തൊട്ടപ്പുറം ചുവരും ചാരി ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ ഒരു ഭൂതമായിരിക്കണം അത്. അയാൾ പിന്നെയും ഞെട്ടി.

കാറ്റാടികൾ വിൽക്കുന്ന ഒരു പട്ടിയെ ഞാൻ കൊന്നു; അയാൾ മുരണ്ടു.

പട്ടി എന്നാണ് കാറ്റാടി വിൽക്കാൻ തുടങ്ങിയതെന്ന് സഞ്ജയന് മനസ്സിലായില്ല.

പോടാ പന്നീ

സഞ്ജയൻ അരിശപ്പെട്ടു.

പെട്ടെന്ന് അയാളൊരു പന്നിയായി മാറി. തേറ്റ താഴ്ത്തി തന്റെ നേരെ പാഞ്ഞുവരുന്ന പന്നിയിൽ നിന്നു രക്ഷപ്പെടാൻ മുറിക്കു ചുറ്റും ഓടുന്നതിനിടയിൽ അങ്ങനെ വിളിക്കേണ്ടായിരുന്നെന്ന് സഞ്ജയൻ വിചാരിച്ചു.

പന്നി ഓട്ടം നിർത്തി. സഞ്ജയൻ പക്ഷേ നിർത്തിയില്ല; തുടങ്ങിയതൊന്നും അയാൾക്ക് പെട്ടെന്ന് നിർത്താനാവില്ല.

മുറിയിൽ വട്ടംചുറ്റുന്ന സഞ്ജയന്റെ കാലുകൾക്കിടയിലേക്ക് പന്നി ഇടംകാൽ നീട്ടി. അയാൾ മൂക്കുംകുത്തി നിലത്തു വീണു.

നീ പന്നിഭാഷ പഠിക്കണം; ഊരയ്ക്ക് കൈ കൊടുത്ത് ഒരു വിധത്തിൽ നിവർന്നിരുന്ന സഞ്ജയനോട് പന്നി പറഞ്ഞു.

priya as , childrens stories, iemalayalam

രണ്ടുവിധം എല്ലുകടച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെട്ടതുകൊണ്ട് സഞ്ജയൻ ഒന്നും മിണ്ടിയില്ല.

പന്നിഭാഷ പഠിക്കാൻ എളുപ്പമാണ്, പന്നി തുടർന്നു: അതിൽ ഒരേയൊരു വാക്കേയുള്ളൂ – തീട്ടം.

എങ്കിൽ, എനിക്കാ ഭാഷ അറിയാം, സഞ്ജയൻ പറഞ്ഞു.

തുടർന്ന്, കഴിക്കുന്ന ഭക്ഷണവും ഭാഷയും തമ്മിലുള്ള ബന്ധത്തെപ്പറ്റി രണ്ടു മണിക്കൂറും പതിമൂന്നു മിനിട്ടും നീണ്ടു നിന്ന തത്വചിന്തയിൽ പന്നി മുഴുകി.

എല്ലാ മനുഷ്യർക്കും ആ ഭാഷ അറിയാം, സഞ്ജയൻ വീണ്ടും പറഞ്ഞു.

തത്വചിന്ത മുറിഞ്ഞത് ഇഷ്ടപ്പെടാതെ പന്നി കരണംമറിഞ്ഞ് തലകുത്തി നിന്നു. സഞ്ജയൻ പേടിച്ചു. അല്ലെങ്കിലും പേടിക്കാൻ അയാൾക്ക് വലിയ കാരണമൊന്നും വേണ്ട.

പന്നി വീണ്ടും മനുഷ്യനായി മാറി. അതൊരു ഭൂതമാണെന്ന് സഞ്ജയന് ബോദ്ധ്യപ്പെട്ടു.

അയാൾ, സഞ്ജയന്റെ അടുത്തുവന്ന് ചുരുട്ടിപ്പിടിച്ച കൈ തുറന്നു കാണിച്ചു. കൈയ്ക്കുള്ളിൽ ചോര പുരണ്ട ഒരു ചെറിയ കത്തിയുണ്ടായിരുന്നു. കത്തിയിൽ നിന്ന് ചോരത്തുള്ളികൾ ഇറ്റിറ്റു വീണു. നിലം തൊട്ടപ്പോൾ അവയിൽ നിന്ന് വെളുത്ത കൂണുകൾ മുളച്ചുപൊന്തി.

അയാൾ കൊന്നത് കാറ്റാടിക്കാരനെയാണെന്ന് സഞ്ജയന് മനസ്സിലായി. അയാൾക്ക് രണ്ടുതരം ബോധക്കേടും ആർത്തവരക്തസ്രാവവും അനുഭവപ്പെട്ടു.

priya as , childrens stories, iemalayalam

കൊലയാളി സഞ്ജയന്റെ അടുത്തു വന്നിരുന്നു. എന്നിട്ട് കൈയിൽ കാറ്റാടി പിടിച്ച ഒരു ചെറിയ മെഴുകുപ്രതിമ അയാൾക്കു കൊടുത്തു.

കാറ്റാടി വിൽക്കുന്നവൻ നിനക്കു തരാൻ തന്നയച്ചതാണിത്, കൊലയാളി പറഞ്ഞു.

നീയെന്തിനാണ് കാറ്റാടിക്കാരനെ കൊന്നത്? സഞ്ജയൻ ചോദിച്ചു.

കൊലയാളി ഒന്നും മിണ്ടിയില്ല. പക്ഷേ, പെൺകുട്ടിയുടെ മെഴുകു പ്രതിമ സംസാരിച്ചു:

നഗരസഭാദ്ധ്യക്ഷനും കൂട്ടാളികളും ചേർന്ന് നദിവിറ്റു കഴിഞ്ഞപ്പോൾ മുതൽ കാറ്റാടിക്കാരൻ കാറ്റാടി വിൽക്കുന്നത് നിർത്തി. വരണ്ട മണൽപ്പരപ്പിൽ ചിതറിക്കിടക്കുന്ന കക്കകളും വെള്ളാരംകല്ലുകളും നോക്കി അയാൾ കാലം കഴിച്ചു. *മറവിയുടെ ഈ ലോകത്തിൽ നമ്മൾ നമ്മുടെ നിഴലുകൾ മാത്രമാണെന്നും നമ്മുടെ ശരിയായ അടയാളങ്ങൾ കോടിയ മുഖവും വികൃതമായ ആംഗ്യങ്ങളുമാണെന്ന് അയാൾ എല്ലാവരോടും പറഞ്ഞു. വട്ടാണെന്നു കരുതി എല്ലാവരും അയാളെ അവഗണിച്ചു.

ഒരു ദിവസം പുഴ വാങ്ങിയ മുതലാളിയും നഗരസഭാദ്ധ്യക്ഷനും എഞ്ചിനീയറും കരാറുകാരനും അതു വഴി വന്നു. അഞ്ചു വർഷം നീണ്ട ഗർഭകാലത്തിനും പ്രസവത്തിനും ശേഷം അദ്ധ്യക്ഷൻ വീണ്ടും ആണായി മാറിയിരുന്നു. അയാൾക്കപ്പോൾ ഒരേ സമയം എട്ടു പെണ്ണുങ്ങളെയും ഒരു പിടിയാനയെയും ഭോഗിക്കാനാകുമായിരുന്നു. ഇക്കാര്യത്തിൽ പുഴ വാങ്ങിയ മുതലാളി അയാളെക്കാൾ കേമനായിരുന്നു. പക്ഷേ അയാളുടെ ഭോഗക്കണക്കുകൾ ആർക്കുമറിയില്ല.

priya as , childrens stories, iemalayalam

വറ്റിയ പുഴയിലൂടെ ഭൂതങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാനുളള ഒരു പാത പണിയാനുള്ള പദ്ധതിയുമായിട്ടാണ് അവരതുവഴി വന്നത്.

കാറ്റാടിക്കാരൻ അയാളുടെ കൂടാരം അപ്പോഴേക്കും പുഴ നടുവിലേക്ക് മാറ്റിയിരുന്നു. പുഴയ്ക്കു നടുവിൽ ഇങ്ങനെയൊരു മാരണം അദ്ധ്യക്ഷനും മറ്റും പ്രതീക്ഷിച്ചിരുന്നില്ല. അവർ കൂടാരത്തിനകത്തേക്കു കയറി.

കൂടാരത്തിനകത്ത് കാറ്റാടികളുണ്ടായിരുന്നില്ല. എങ്ങും കരിയിലകളായിരുന്നു. അവർ കയറിയ പാടെ കരിയിലകൾ വട്ടം കറങ്ങിക്കൊണ്ട് കൂട്ടമായി അവരുടെ നേർക്കു പറന്നു. മരങ്ങളുടെ ആ ഭൂതകാലത്തിൽ ശ്വാസംമുട്ടി അദ്ധ്യക്ഷനും മുതലാളിയും മറ്റുള്ളവരും പുറത്തേക്കു പാഞ്ഞു. അദ്ധ്യക്ഷൻ തന്റെ അനുയായികളായ കൊലയാളിഭൂതങ്ങളെ സഹായത്തിനു വിളിച്ചു. ഭൂതങ്ങൾ കരിയിലകളെ തിന്നുതീർത്തു. അദ്ധ്യക്ഷനും മുതലാളിയും വാലാത്തന്മാരും വീണ്ടും കൂടാരത്തിനകത്തു കയറി.

കൂടാരത്തിനകത്ത് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭീകരന്റെ ചിത്രം മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. അതിന്റെ പുറകിൽ ഒളിച്ചിരിക്കുകയായിരുന്ന കാറ്റാടിക്കാരനെ എഞ്ചിനീയറും കരാറുകാരനും കൂടി വലിച്ചുപുറത്തിട്ടു. മെലിഞ്ഞ് നേർത്ത പുകച്ചുരുൾ പോലെയായിത്തീർന്ന അയാളെ ആർക്കും മനസ്സിലായില്ല.

ആരാണു നീ? അദ്ധ്യക്ഷൻ ചോദിച്ചു

ആരായാലും ഇവൻ നമ്മുടെ നാട്ടിലെ പൗരനല്ല, കരാറുകാരൻ പറഞ്ഞു.

priya as , childrens stories, iemalayalam

മുതലാളി അദ്ധ്യക്ഷന്റെ ചെവിയിൽ എന്തോ പറഞ്ഞു. പക്ഷേ അയാൾ പറഞ്ഞതെന്താണെന്ന് ആർക്കുമറിയില്ല.

കുറച്ചു നേരം പതിനാറാം നൂറ്റാണ്ടിലെ ഭീകരന്റെ ചിത്രത്തിൽ നോക്കിനിന്നിട്ട് കാറ്റാടിക്കാരൻ പറഞ്ഞു തുടങ്ങി:

**ഞാനൊരു കാളവണ്ടിയാണ്.
കിറുകിറ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് രാവിലെതന്നെ വരണ്ടുറച്ച പുഴയിലൂടെ ഞാൻ ഉരുളാൻ തുടങ്ങും, നേരമിരുളുമ്പോൾ അതേ വഴിയിലൂടെ തിരിച്ചുപോരും.
എനിക്ക്‌ സ്വപ്നങ്ങളില്ല, ചക്രങ്ങൾ മാത്രമേയുള്ളൂ.

എന്നെക്കൊണ്ട് ഉപയോഗമില്ലാതാവുമ്പോൾ ചക്രങ്ങളൂരി മാറ്റിയിട്ട് അവരെന്നെ മണൽക്കുഴിയായി മാറിയ ഒരു കയത്തിൽ തലകീഴായി മറിച്ചിടും. അല്ലെങ്കിൽ, എന്നെയുപയോഗിച്ച് മറ്റെന്തെങ്കിലും ഉണ്ടാക്കും; എന്നെക്കൊണ്ടുണ്ടാക്കിയത് എന്താണെന്ന് ഞാനൊട്ടറിയുകയുമില്ല.

പക്ഷേ, ഞാനൊരു കാളവണ്ടിയല്ല, മറ്റെന്തോ ആണ്

പക്ഷേ, ആ മറ്റെന്തോ എന്താണെന്ന് ആർക്കും കൃത്യമായി പറഞ്ഞു തരാനാവില്ല.

കാറ്റാടിക്കാരൻ പറഞ്ഞതു കേട്ട് അദ്ധ്യക്ഷനും മറ്റുള്ളവരും പരസ്പരം നോക്കി. മുതലാളി അദ്ധ്യക്ഷന്റെ ചെവിയിൽ എന്തോ പറഞ്ഞു. അതെന്താണെന്ന് ആർക്കുമറിയില്ല.

പിന്നെ, അദ്ധ്യക്ഷൻ സംസാരിച്ചു: നമ്മുടെ വേഗപാതയിലൂടെ ഇവന് കാളവണ്ടിയോടിക്കണം; ഗൂഢാലോചന, പ്രതിവിപ്ലവം എല്ലാമുണ്ടിതിൽ.

priya as , childrens stories, iemalayalam

എന്നിട്ട്, അയാൾ കൊലയാളിഭൂതത്തോട് കാറ്റാടിക്കാരനെ കൊല്ലാൻ പറഞ്ഞു.

കൊലയാളി കത്തിയെടുത്ത് ആഞ്ഞു കുത്തി. പക്ഷേ ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ കാറ്റാടിക്കാരൻ വെറും പുകയായി മാറിയിരുന്നു. കൊലയാളിയുടെ കത്തി അയാളുടെ മേൽ ഏശിയില്ല.

*** എല്ലാ ശ്രമങ്ങളും കുറ്റകൃത്യങ്ങളാണ്, കാരണം മരിച്ച സ്വപ്നങ്ങളാണ് എല്ലാ ആംഗ്യങ്ങളും. കാറ്റാടിക്കാരൻ പറഞ്ഞു.

കൊലയാളി വീണ്ടും കത്തിവീശി, അതും വെറുതെയായി.

**** ഒരിക്കലും കാണിച്ചിട്ടില്ലാത്ത ആംഗ്യങ്ങളുടെയും ഒരിക്കലും പറഞ്ഞിട്ടില്ലാത്ത വാക്കുകളുടെയും ഒരിക്കലും കണ്ടിട്ടില്ലാത്ത സ്വപ്നങ്ങളുടെയും ഒരു കിണറാണു ഞാൻ, കാറ്റാടിക്കാരൻ പിന്നെയും പറഞ്ഞു.

കിണറെന്നു കേട്ടതും അദ്ധ്യക്ഷന് പേടിയായി. വറ്റിയ പുഴയിലെവിടെയെങ്കിലും കിണറുണ്ടോയെന്നു നോക്കി വരാൻ അയാൾ കരാറുകാരനോടും എഞ്ചിനീയറോടും പറഞ്ഞു.

priya as , childrens stories, iemalayalam

മുതലാളി അപ്പോൾ കൊലയാളിഭൂതത്തിന്റെ ചെവിയിൽ എന്തോ പറഞ്ഞു. പക്ഷേ അതെന്താണെന്ന് ആർക്കുമറിയില്ല.

കൊലയാളി വേഗം കുറെ പറങ്കിമാങ്ങ കൊണ്ടുവന്ന് ചാരായം വാറ്റി. എന്നിട്ട് ചൂടുള്ള വാറ്റ് കാറ്റാടിക്കാരന്റെ പുക പോലുള്ള ശരീരത്തിലൊഴിച്ചു. ചാരായം കുടിച്ചപ്പോൾ കാറ്റാടിക്കാരന്റെ ശരീരം ഉറച്ചുകട്ടിയായി. അതിലേക്ക് കൊലയാളി കത്തികയറ്റി. ചോരവാർന്ന് കാറ്റാടിക്കാരൻ മരിച്ചു.

മെഴുകുപ്രതിമ പറഞ്ഞു നിർത്തിയപ്പോൾ കൊലയാളി തീപ്പെട്ടിയുരച്ച് അതിന്റെ തലയിൽ വെച്ചു. ഉരുകിയൊലിച്ച മെഴുകിന് ഒരു പക്ഷിയുടെ രൂപമായിരുന്നു. സഞ്ജയന്റെ തലയ്ക്കു ചുറ്റും ചിറകടിച്ചിട്ട് പക്ഷി പുറത്തേക്കു പറന്നു.

കാറ്റാടിക്കാരനുമായി ചേർന്നു നടത്തിയ ഗൂഢാലോചനയിലെ ഒന്നാംപ്രതി നീയും രണ്ടാംപ്രതി മരിച്ചുപോയ അയാളുമാണ്, കൊലയാളി പറയുന്നത് സഞ്ജയൻ കേട്ടു: ഇതേപ്പറ്റി നിനക്കെന്തു പറയാനുണ്ട്.

priya as , childrens stories, iemalayalam

കൊലയാളിയെപ്പറ്റിയുള്ള പേടിക്കിടയിലും സഞ്ജയന് ഉറക്കം വന്നു. ഉറക്കത്തിൽ അയാൾ സംസാരിച്ചു:

പുഴ വിറ്റുകഴിഞ്ഞപ്പോൾ, കാറ്റാടിരാജാവ് കാറ്റാടി വിൽക്കുന്നത് നിർത്തി, കാറ്റുകളെ കാത്തിരിക്കുന്നതും നിർത്തി. പറങ്കിമാങ്ങയും അനുബന്ധ സാധനങ്ങളും ശേഖരിച്ച് ചാരായം വാറ്റുന്നതു മാത്രമായി അയാളുടെ ജീവിതം. *എനിക്ക് അതിമോഹങ്ങളോ ആഗ്രഹങ്ങളോ ഇല്ല, വാറ്റുകാരനാവുക എന്നത് എന്റെ ആഗ്രഹമല്ല, ഒറ്റയ്ക്കിരിക്കാനുള്ള ഒരു പോംവഴി മാത്രമാണ്, വാറ്റുകലത്തിൽ നിന്നുള്ള കുഴലിലൂടെ ചാരായം ഇറ്റിറ്റു വീഴുമ്പോൾ അയാൾ മന്ത്രം പോലെ ഉരുവിട്ടു.

ചാരായം കുടിച്ചുകുടിച്ച് ഒടുവിൽ കാറ്റാടിരാജാവ് വെറും പുകയായിത്തീർന്നു. മദ്യപിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായി അയാൾ കാറ്റുകളോടൊപ്പം അങ്ങുമിങ്ങും പറന്നുനടന്നു. കാറ്റുകൾ പല കഥകളും രാജാവിന് പറഞ്ഞു കൊടുത്തു.

കാറ്റത്ത് ആ കഥകളെല്ലാം പറന്നു പോയിട്ടുണ്ടാകും; എനിക്കൊന്നുമറിയില്ല.

priya as , childrens stories, iemalayalam

അങ്ങനെ ഒരു പറക്കലിനിടയിലാണ് വറ്റിയ പുഴയിലെ മണലിൽ പുതഞ്ഞു കിടന്ന മെഴുകുപാവയെ രാജാവ് കണ്ടത്. ഒരു പെൺകുട്ടിയുടെ പാവ. രാജാവ് പാവയെ കൈയിലെടുത്തു. പിന്നെ താൻ താണ്ടിയ കടലുകളെക്കു റിച്ചോർത്തു. താനും കൂട്ടുകാരും ചെയ്ത പാതകങ്ങളെക്കുറിച്ചോർത്തു. കാറ്റാടികളെക്കുറിച്ചോർത്തു. പിന്നെ അടുത്ത കാറ്റിന്റെ കൂടെ വറ്റിയ പുഴനടുവിലുള്ള തന്റെ കൂടാരത്തിലെത്തി.

പിന്നെ, അയാൾക്ക് ചാരായം വാറ്റിക്കൊടുക്കുന്നതായി മെഴുകു പെൺപാവയുടെ പണി.

ചാരായം കുടിക്കുമ്പോൾ അയാൾക്ക് മനുഷ്യരൂപം തിരികെ കിട്ടുമായിരുന്നു. ഏറെനേരം കുടിക്കാതിരുന്നാൽ വീണ്ടും പുകയായി മാറും; അതുകൊണ്ട് മെഴുകുപെൺകുട്ടി ചാരായം വാറ്റിക്കൊണ്ടേയിരുന്നു.

priya as , childrens stories, iemalayalam

പക്ഷേ, എത്ര വാറ്റിക്കൊടുത്താലും കാറ്റാടി രാജാവ് അവളെ ശപിക്കുകയും ശകാരിക്കുകയുമാണ് ചെയ്യുക. വാറ്റ് തിളയ്ക്കുന്ന കലത്തിനടുത്തു നിന്ന് ചൂടേറ്റ് അവൾ ഉരുകും, ഉരുകിയൊലിച്ച് അവൾക്കൊരു പട്ടിയുടെ രൂപമാകും, കാറ്റാടി രാജാവ് പട്ടിയെ കല്ലെറിയും, എന്നിട്ട് പിന്നെയും ശപിക്കും:

നിന്റെയും എന്റെയും ശരീരങ്ങൾ

കൂടിപ്പിണഞ്ഞ്, വെറുങ്ങലിച്ച്, വെളിവില്ലാതെ

തറയിൽക്കിടന്നുരുളും. പിന്നൊന്നുമവശേഷിക്കില്ല.

പട്ടിയുടെ രൂപത്തിൽ നിന്ന് അവൾ പിന്നെയും വാറ്റും, ചൂടേറ്റുരുകി അവളൊരു എട്ടുകാലിയെപ്പോലെയാകും, കാറ്റാടിരാജാവ് അവളെ ചൂലുകൊണ്ടടിക്കും, പിന്നെയും പ്രാകും:

* ഈ നശിച്ച പുക ആകാശത്തിലൂടെ അലയുന്ന എല്ലാത്തിനെയും ഇല്ലാതാക്കും, ഈ നശിച്ച മുറിയിൽ എല്ലാം ചിതറിക്കിടക്കും.

priya as , childrens stories, iemalayalam

ചിലന്തിയുടെ രൂപത്തിൽ അവൾ പിന്നെയും ചാരായം വാറ്റും, പിന്നെയും ഉരുകും.

ഇതിങ്ങനെ തുടർന്നു; അവൾക്കു മടുത്തു. അപ്പോഴാണ് കറുത്ത കണ്ണട വെച്ച ഒരുവൻ അങ്ങോട്ടു വന്നത്. ലോകത്തിലുള്ള വറ്റിയ നദികളെല്ലാം വാങ്ങുന്നവനായിരുന്നു അയാൾ. വരണ്ട പുഴകളിൽ നിന്ന് താൻ രക്ഷിച്ച പെൺകുട്ടികളുടെ കഥകൾ അയാൾ മെഴുകുപാവയെ പറഞ്ഞു കേൾപ്പിച്ചു.

ആ കഥകളെന്താണെന്ന് ആർക്കുമറിയില്ല.

ഏതായാലും പെൺപാവ അയാളുടെ കെണിയിൽ വീണു. കാറ്റാടിരാജാവിനെ ഇല്ലാതാക്കണം, എന്നിട്ട് പുഴവാങ്ങുന്നവന്റെ കൂടെ രക്ഷപ്പെടണം, അതാണ് അവളുടെ തീരുമാനം. അങ്ങനെ അന്ന് ചാരായം വാറ്റിയപ്പോൾ പറങ്കിമാങ്ങയുടെയും ശർക്കരയുടെയും തേരട്ടയുടെയും കൂടെ അവൾ പുഴവാങ്ങുന്നവൻ കൊടുത്ത ഭൂതങ്ങളെക്കൂടി പിടിച്ചിട്ടു.

priya as , childrens stories, iemalayalam

ഭൂതച്ചാരായം കുടിച്ച കാറ്റാടിരാജാവ് എന്നെന്നേക്കുമായി പുകയായി മാറിക്കാണും, കാറ്റുകൾ അയാളെ ലോകത്തിന്റെ ഏതോ മൂലയിലേക്ക് കൊണ്ടുപോയിക്കാണും, അവിടെയിരുന്ന് അയാൾ ഒറ്റയ്ക്ക് ചാരായം വാറ്റുന്നുണ്ടാകും; ആർക്കറിയാം? ഏതായാലും എനിക്കൊന്നുമറിയില്ല, ചിലപ്പോൾ അയാളുടെ കാറ്റാടികളെപ്പോലെ ഞാനും വട്ടംതിരിയാറുണ്ടെന്ന തൊഴികെ.

സഞ്ജയൻ പറഞ്ഞുനിർത്തി; കൊലയാളി ഭൂതം അയാളെ തുറിച്ചുനോക്കി. പിന്നെ ഒരു പന്നിയായി മാറി അമേധ്യഭാഷയിൽ തെറി പറഞ്ഞുകൊണ്ട് രാത്രിയിലേക്കു പാഞ്ഞു.

………………………………………

  • In this world where we forget,

We are shades of who we are

And our real signs in that

Other, our souls’ habitat,

Are wry face and gesture here.

  • Fernando Pessoa_ A Centenary Pessoa
  • * If only my life were an oxcart

That creaks down the road in the morning, very early,

and returns by the same road

To were it came from in the evening…

When I was of no more use, my wheels would be removed

and I’d end up at the bottom of a ditch,

broken and overturned.

Or I’d be made into something different

And I wouldn’t know what I’d been made into…

But I’m not an oxcart, I’m different.

But exactly how I’m different no one would ever tell me.

  • Fernando Pessoa as Alberto Caeiro – A Little Larger than the Entire Universe
  • * * All effort is a crime because every gesture is but a dead dream.
  • Pessoa – The Book of Disquiet

**** I am a well of gestures never made , of words never thought or spoken , of dreams I forgot to dream until the end .

  • Pessoa – The Book of Disquiet

* I have no ambitions or desires.

Being a poet is not my ambition.

It’s my way of being alone.

  • Fernando Pessoa – The Complete Works of Alberto Caeiro

And our bodies, clasped and tense, Like bodies without a sense,

Rolled on the floor …, and there was no more….

  • Pessoa – The Songs of Antonio Botto

* This mist of smoke will dispel what still wanders through the air.

In my poor room everything is scattered.

  • Pessoa – The Songs of Antonio Botto

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal part 2 chapter 7