മഴ വരക്കുന്ന വൃത്തങ്ങളുടെ ആറാം രാത്രി

വാൽ മുറിഞ്ഞൊരു നായുടെ ദുഃഖമാണേറ്റവും വലിയ ദുഃഖം…
എന്നിട്ട്, സഞ്ജയൻ മൂളിപ്പാട്ടു പാടാൻ തുടങ്ങി. സമയം നീങ്ങുന്നില്ലായിരുന്നു. പുറത്തെ കന്മതിലിന്റെയും തടവുകാരുടെയും നിഴലുകൾ അനക്കമില്ലാതെ നിന്നു.
അയാൾ തന്റെ നിഴലിനെ ശ്രദ്ധിച്ചു. അതിന് ഏറെക്കുറെ വാലില്ലാത്ത ഒരു നായയുടെ രൂപമാണെന്ന് അയാൾ കണ്ടു. അത്യാവശ്യം സന്തോഷത്തോടെ അയാൾ പിന്നെയും പാടി:
വാൽ മുറിഞ്ഞൊരു നായുടെ ദുഃഖമാണേറ്റവും വലിയ ദുഃഖം…
വാൽ മുറിഞ്ഞൊരു പല്ലിതൻ ദുഃഖമാണേറ്റവും വലിയ ദുഃഖം.
ഇരുട്ടറയുടെ മുകളിൽ നിന്ന് ഒരു ചെറിയ ശബ്ദം അയാളെ കളിയാക്കുന്നതു പോലെ ഏറ്റുപാടി. സഞ്ജയൻ നോക്കാൻ പോയില്ല. പലപ്പോഴും തന്റെ വിചാരങ്ങളെ ചിലയ്ക്കൽ കൊണ്ട് അലങ്കോലപ്പെടുത്താറുള്ള അതേ പല്ലിയാണതെന്ന് അയാൾക്ക് തീർച്ചയായിരുന്നു.
അപ്പോൾ അയാളുടെ മുന്നിൽ ഒരു പല്ലിവാൽ വന്നുവീണു. അതിനു പക്ഷേ, അസാധാരണമായ വലിപ്പമുണ്ടായിരുന്നു. സഞ്ജയൻ സൂക്ഷിച്ചു നോക്കി: അത് പല്ലിവാലായിരുന്നില്ല.
അതൊരു ലിംഗമായിരുന്നു.

പെട്ടെന്ന് സഞ്ജയന് വെളിപാടുണ്ടായി. അയാൾ കാലുകൾക്കിടയിൽ തപ്പി. അവിടെ അതിഘോരവും അറ്റമില്ലാത്തതുമായ ഒരു ശൂന്യത അനുഭവപ്പെട്ടു.
അയാളുടെ അവയവം തന്നെയായിരുന്നു അത്.
മഴ പെയ്യാൻ തുടങ്ങിയിരുന്നു. മഴ പെയ്യുമ്പോൾ, തളം കെട്ടി നിൽക്കുന്ന വെള്ളത്തിൽ മഴത്തുള്ളികൾ വൃത്തം വരയ്ക്കുമ്പോൾ ഇത്രയും ഭീകരമായൊരു വേർപാട് എങ്ങനെ താങ്ങാനാണ്? ഇരുട്ടിൽ * മഴ പെയ്തുകൊണ്ടിരുന്നു; എന്റെ എല്ലാ ചിത്രങ്ങളിലും മഴ പെയ്തുകൊണ്ടിരുന്നു – അയാൾ വിലപിച്ചു.
മൂത്രക്കുഴൽ അയാളുടെ അടുത്തു വന്നിരുന്നു. അയാൾക്കറിയാത്ത ഏതോ ഭാഷയിൽ മൂളിപ്പാട്ടു പാടിക്കൊണ്ട് അത് തറയിൽ ഒരു തത്തയെ വരച്ചു. തത്ത പറന്നുപോയി.
പ്രസ്തുത അവയവം തന്റെ ഭാഗമായിരുന്നപ്പോൾ അതുകൊണ്ട് ചിത്രം വരയ്ക്കാൻ തോന്നിയില്ലല്ലോ എന്ന് സഞ്ജയൻ ഖേദിച്ചു. രാത്രി, തടവറയുടെ ചുവരിൽ അതുകൊണ്ട് താനൊരു വാതിൽ വരയ്ക്കുമായിരുന്നു, ഇരുട്ടും നിഴലുകളും കാവൽക്കാരെ ഉറക്കത്തിലേക്കു വലിച്ചുകൊണ്ടു പോകുമ്പോൾ ആരും കാണാതെ ഇവിടെ നിന്ന് രക്ഷപ്പെടുമായിരുന്നു.
നീയറിയാതെ ഞാൻ പതിമൂന്നു യാത്രകൾ നടത്തിയിട്ടുണ്ട്; മൂളിപ്പാട്ടു നിർത്തിയിട്ട് മൂത്രക്കുഴൽ വീമ്പടിച്ചു.
എന്തെല്ലാം സഹിക്കണം, ദൈവമേ, സഞ്ജയൻ ഉമിനീരിറക്കി.

കൂടാതെ, ഒരു യാത്രാവിവരണവും യാത്രകളെ അടിസ്ഥാനമാക്കി മൂന്നു നോവലുകളും രണ്ടു കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.- ലിംഗം തുടർന്നു.
സഞ്ജയൻ തകർന്നുപോയി. ഇത്രയും കാലം എന്തെല്ലാം എഴുതിക്കൂട്ടിയിട്ടുണ്ട്, അയാൾ. ഇതുവരെ ഒരു വരിപോലും പ്രസിദ്ധീകരിച്ചിട്ടില്ല; അയാളുടെ വയറ്റിൽനിന്ന് പ്രസവവേദന പോലെ എന്തോ ഒന്ന് ഉരുണ്ടിറങ്ങി.
പെട്ടെന്ന് മുകളിൽ നിന്ന് രാകുന്നപോലുള്ള ഒരൊച്ച കേട്ടു. .
എന്താണത്? ലിംഗം പേടിച്ചു.
എലികൾ – സഞ്ജയൻ പറഞ്ഞു.
അവ നമ്മളെ തിന്നുമോ?
ചിലപ്പോൾ, മൂത്രക്കുഴൽ പേടിച്ചുവിറയ്ക്കുന്നതിൽ സന്തോഷിച്ചുകൊണ്ട് സഞ്ജയൻ മറുപടി നൽകി.
മൂത്രക്കുഴൽ വേഗം ഒരു പൂച്ചയെ വരച്ചു. പൂച്ച മുകൾത്തട്ടിലേക്കു ചാടിക്കയറി. ഒരു കരച്ചിലും പരക്കം പാച്ചിലും കേട്ടു .
പിന്നെ ഒച്ചകൾ നിലച്ചു.
രാത്രിയിലാണ് നീയറിയാതെ ഞാൻ യാത്രകൾ നടത്തിയത് – ലിംഗം പറഞ്ഞുനിർത്തിയിടത്തേക്ക് തിരിച്ചുവന്നു: ഇന്നുപക്ഷേ മഴയും തണുപ്പും വന്നപ്പോൾ കുറച്ചു നേരത്തെ ഇറങ്ങിയതാണ്.
കടവാതിലിനെപ്പോലെ തലകീഴായി തൂങ്ങിക്കിടക്കുന്ന ആ അവയവത്തോട് സഞ്ജയന് അസൂയ തോന്നി.

നീ കുറ്റപത്രം വായിക്കാൻ വന്നതാണോ? വിഷയംമാറ്റാൻ വേണ്ടി അയാൾ ചോദിച്ചു.
വേണമെങ്കിൽ അങ്ങനെ പറയാം, മൂത്രക്കുഴൽ അതിന്റെ മുഖവും മൂക്കും വായും കണ്ണുമെല്ലാമായ ഭാഗംകൊണ്ട് ചിരിച്ചുകാണിച്ചു. എന്നിട്ട് പറയാൻ തുടങ്ങി.
ഒരിക്കൽ നീയും കൈനോട്ടക്കാരൻ മുരുകനെന്നു പേരു മാറ്റിയ കടത്തുകാരൻ ഇക്ബാലും കൂടി പുഴവക്കത്തു കിടന്ന തോണിനോക്കാൻ പോയ രാത്രിയിലായിരുന്നു ആദ്യമായി ഞാൻ നിന്റെ കാലുകൾക്കിടയിൽ നിന്ന് പുറത്തിറങ്ങിയത്. ഇക്ബാലിന്റെ വീട്ടിൽ അയാളുടെ തത്തമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനതിന്റെ ചിറകിനടിയിൽ കയറിയിരുന്നു. തത്ത എന്നെയും കൊണ്ട് പറന്നു. താഴെ, ഉറക്കത്തിൽ, നഗരസഭാദ്ധ്യക്ഷനും അനുയായികളും ഞാൻ പറക്കുന്നത് സ്വപ്നം കണ്ടു. അവർ ചിരിച്ചുകൊണ്ട് മുകളിലേക്കുനോക്കി കൈവീശി.
മഴ കനത്തപ്പോൾ വേഗം പറക്കാൻ വേണ്ടി തത്ത ചിറകുകൾ ആഞ്ഞുവീശി. ഞാൻ തെറിച്ച് പുഴയിൽ വീണു.
ഏറെ ദൂരം ഞാനൊഴുകിപ്പോയി. ഒടുവിൽ നേരം വെളുത്തപ്പോൾ പുഴയിൽ തുണികഴുകുകയായിരുന്ന ഒരു സ്ത്രീയുടെ അടുക്കൽ ചെന്നുപെട്ടു. അവളറിയാതെ ഞാനവളുടെ വസ്ത്രങ്ങൾക്കുള്ളിൽ കയറിപ്പറ്റി.

വീണ്ടും രാത്രിയായി. മഴയും തണുപ്പും കൂടിക്കൂടി വന്നു. ഞാനവളോടു ചേർന്നു കിടന്നു. അവൾക്കു ചൂടുപിടിച്ചു. ഞാൻ കൂടുതൽ ചേർന്നുകിടക്കുന്നു. അവളെന്നെ അകത്തേക്ക് വലിച്ചിടുന്നു. ചൂടിലൂടെയും ചുവപ്പിലൂടെയും ഞാൻ യാത്ര ചെയ്യുന്നു. വഴുവഴുക്കുന്ന പുഴയിലൂടെ നീന്തുന്നതു പോലെ… അവൾ അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. ഞാൻ എന്നിൽ നിന്ന് പുറത്തേക്കൊഴുകുന്നു.
പിറ്റേദിവസമാണ് അവളെന്നെ കണ്ടത്. സംഗതി കുഴപ്പമാണെന്നു കണ്ട് അവളെന്നെ ഒരു അലമാരയ്ക്കകത്തിട്ടടച്ചു. പക്ഷേ രാത്രിയാവുമ്പോൾ അവളെന്നെ വീണ്ടും ചേർത്തു കിടത്തുമായിരുന്നു.
ഇതേപ്പറ്റി കൂടുതലറിയണമെങ്കിൽ എന്റെ അനുഭൂതികളുടെ വഴിവിട്ട നടത്തം എന്ന നോവൽ വായിച്ചാൽ മതി.
അതൊരു കമ്പിപ്പുസ്തകമല്ലേ? സഞ്ജയൻ ചോദിച്ചു.
ദ്യേഷ്യം കൊണ്ട് മൂത്രക്കുഴൽ ചുവന്നു വീർത്തു. അതിപ്പോൾ പൊട്ടിത്തെറിക്കുമെന്നും അതിൽ നിന്ന് തന്റെ വിത്തുകൾ ചിതറിപ്പാഴാകുമെന്നും സഞ്ജയന് തോന്നി.
കുറച്ചുനേരം മിണ്ടാതിരുന്നിട്ട് ലിംഗം കഥ തുടർന്നു:

കുറച്ചുനാൾ ഞാനിങ്ങനെ സഞ്ചാരസാഹിത്യമെഴുതിയപ്പോൾ അവൾ ഗർഭിണിയായി. അവളുടെ ഭർത്താവ് വിവരമറിഞ്ഞു. മറ്റാരുമായിരുന്നില്ല, നഗരസഭാധ്യക്ഷനായിരുന്നു അയാൾ. അതിനകം പെണ്ണായി മാറിക്കഴിഞ്ഞ താനല്ല ഗർഭത്തിനുത്തരവാദിയെന്ന് അയാൾ തീർത്തുപറഞ്ഞു. ആളെ കാണിച്ചുതരാൻ വേണ്ടി അയാളവളെ പീഡിപ്പിച്ചതിന് കണക്കില്ല. ഒടുവിൽ അലമാരയിൽ ഒളിച്ചിരുന്ന എന്നെ അവൾ ഒറ്റിക്കൊടുത്തു. ദുർമന്ത്രങ്ങൾ ശരീരത്തിൽ എഴുതിപ്പിടിപ്പിച്ചിട്ട് അദ്ധ്യക്ഷൻ എന്നെ മുറ്റത്തെ ചെളിവെള്ളത്തിലേക്കു വലിച്ചെറിഞ്ഞു.
മഴപെയ്യുന്നുണ്ടായിരുന്നു. മഴത്തുള്ളികൾ ഇറവെള്ളത്തിലുണ്ടാക്കിയ വൃത്തങ്ങൾ എന്നെ തള്ളിനീക്കി പുഴയിലെത്തിച്ചു. പുഴയിലൂടെ ഒഴുകി ഞാൻ ഇക്ബാലിന്റെ തോണിക്കടുത്തെത്തി. നീയതിൽക്കിടന്ന് ഉറങ്ങുന്നുണ്ടായി രുന്നു. ഞാൻ പതുക്കെ നിന്റെ കാലുകൾക്കിടയിൽ പഴയപടി പറ്റിച്ചേർന്നു.
ലിംഗം കഥ നിർത്തി കോട്ടുവായിട്ടു. വെളുത്ത ഒരു പുക അതിന്റെ മുഖത്തുനിന്നുയർന്നു, പിന്നെ തുടർന്നു:
നഗരസഭാദ്ധ്യക്ഷന്റെ ഭാര്യയുടെ അവിഹിതഗർഭക്കേസിലെ ഒന്നാംപ്രതി എന്റെ ഉടമസ്ഥനായ നീയും രണ്ടാംപ്രതി നിന്നെ പുഴയിലേക്കു കൂട്ടിക്കൊണ്ടുപോയി, എനിക്ക് പുറത്തു കടക്കാൻ അവസരം നൽകിയ മരിച്ചുപോയ, കൈനോട്ടക്കാരൻ മുരുകനെന്നു പേരു മാറ്റിയ ഇക്ബാലും മൂന്നാംപ്രതി എന്നെയും കൊണ്ടു പറന്ന, ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ആ തത്തയുമാണ്. ഇനി നിനക്കെന്തെങ്കിലും പറയാനുണ്ടോ?

സഞ്ജയൻ മഴത്തുള്ളികളുണ്ടാക്കുന്ന വട്ടങ്ങളിലേക്കു നോക്കി. ഒരു വൃത്തം, അതിലേക്ക് ആഴ്ന്നുപോകുന്ന ഒരു സഞ്ചാരി. **സ്വസ്ഥമായിക്കിടക്കാൻ ഒരു ശവക്കല്ലറ ആഗ്രഹിക്കുന്നതു പോലെ അവൻ അവളുടെ ഉരുകുന്ന ശരീരത്തെ ആഗ്രഹിക്കുന്നു.
അയാൾ പറയാൻ തുടങ്ങി:

പുഴ വറ്റിയപ്പോൾ, കടവ് കടക്കാൻ ആരുമില്ലാതായപ്പോൾ കടത്തുകാരൻ പേരുമാറ്റി കൈനോട്ടക്കാരനായിത്തീർന്നു. നഗരത്തിലെ ഓവുചാലിനടുത്തിരുന്നായിരുന്നു അയാൾ കൈ നോക്കി പഴയതും പുതിയതും വരാതിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചു പറഞ്ഞത്.
ഭാവിയറിയാൻ ആരും വരാതിരുന്ന ഒരു ദിവസം അയാൾ ഭൂതക്കണ്ണാടിയിലൂടെ സ്വന്തം കൈ നോക്കി. അഴുക്കുചാൽ പോലെ ചെളിനിറഞ്ഞ കൈരേഖകളിലൂടെ ഒരു തോണി ഒഴുകിനീങ്ങുന്നതു കണ്ട് അയാൾ അന്തംവിട്ടു. വേഗം അയാൾ വീട്ടിലെത്തി. അവിടെ ഒരു തത്ത അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതിനെ തോളിൽ വെച്ച് അയാൾ പുഴക്കടവിൽക്കിടന്ന് ചിതലരിക്കുന്ന തോണിക്കടുത്തേക്കു ചെന്നു. തോണിക്കകത്ത് പഴകിപ്പൊടിഞ്ഞ ഒരു പുസ്തകമുണ്ടായിരുന്നു.
മരണത്തിന്റെ പുസ്തകമായിരുന്നു അത്.
പതിമൂന്നു ഭാഷകളിൽ തത്ത അയാളോട് പുസ്തകം തുറക്കരുതെന്നു പറഞ്ഞു. പതിമൂന്നു ഭാഷയും അയാൾക്ക് മനസ്സിലായില്ല.

പുസ്തകം തുറന്നപ്പോൾ അയാൾ കണ്ടു: അതിനകത്ത് കറുത്തു സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രം.
ചിത്രത്തിലെ സ്ത്രീ കണ്ണുതുറന്നു. പെട്ടെന്ന് രാത്രിയായി. അയാൾ അവളെയുംകൊണ്ട് വീട്ടിലേക്കുപോയി. അവളെ വീട്ടിൽ കയറ്റരുതെന്ന് പതിമൂന്നു ഭാഷകളിൽ തത്ത ചിലച്ചു. പതിമ്മൂന്നു ഭാഷയും അയാൾക്ക് മനസ്സിലായില്ല.
അങ്ങനെ അവരൊരുമിച്ച് താമസം തുടങ്ങി. ഒരുപാട് കഴിവുകളുണ്ടായിരുന്നു അവൾക്ക്. പാത്രത്തിൽ വെറും വെള്ളമാത്രമൊഴിച്ച് തിളപ്പിച്ച് അവൾ ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കുമായിരുന്നു. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും കഴിക്കരുതെന്ന് തത്ത വിളിച്ചു പറഞ്ഞു. അയാൾക്കത് മനസ്സിലായില്ല.
അങ്ങനെ തത്ത അവളുടെ ശത്രുവായി. പതിമൂന്ന് ഭാഷകളിൽ അത് വിളിച്ചു പറയുന്നതെല്ലാം അശ്ശീലമാണെന്ന് അവളയാളോടു പറഞ്ഞു. അയാളും തത്തയുടെ ശത്രുവായി. ഒരു ദിവസം അയാളുടെ അനുവാദത്തോടെ അവളതിനെ പാത്രത്തിലിട്ട് വെള്ളമൊഴിച്ച് തിളപ്പിച്ചു.

ആദ്യമായി വെറും വെള്ളത്തിൽനിന്നല്ലാതെ അവളുണ്ടാക്കിയ ഭക്ഷണം അയാൾ കഴിച്ചു. അന്നു രാത്രി അയാളുടെ മൂത്രക്കുഴൽ അപ്രത്യക്ഷമായി. അത് നൽകിയ സുഖാനുഭവങ്ങളിൽ ഹരം പിടിച്ചിരുന്ന അയാൾ പ്രസ്തുത അവയവത്തെ വീടു മുഴുവൻ തിരഞ്ഞു. അവളുടെ തുണികൾക്കുള്ളിലും പുഴക്കരയിലും ചിതലരിച്ച തോണിയിലും തിരഞ്ഞു . എവിടെയും അത് കണ്ടു കിട്ടിയില്ല.
അയാളുടെ പരാക്രമം അവൾ കാണുന്നുണ്ടായിരുന്നു. വെറുതെ തിരഞ്ഞാലൊന്നും മൂത്രക്കുഴൽ കിട്ടില്ലെന്നും അതിരിക്കുന്ന സ്ഥലമറിയണമെങ്കിൽ നദിയിൽ മഴത്തുള്ളികളുണ്ടാക്കുന്ന വൃത്തങ്ങളുടെ ഭാഷ മനസ്സിലാക്കണമെന്നും അവൾ പറഞ്ഞു. അയാൾക്ക് തന്റെ സുഖത്തിന്റെ താക്കോൽ കണ്ടുകിട്ടിയേ തീരൂ. അങ്ങനെ അവർ പുഴക്കടവിലേക്കു പോയി.
വളരെക്കാലത്തിനുശേഷം നിറഞ്ഞ പുഴയിൽ അയാൾ തോണിയിറക്കി. അവളാണ് തുഴഞ്ഞത്. തുഴയ്ക്കു പകരം ഒരു കറുത്ത തൂവലാണ് അവളുപയോഗിക്കുന്നതെന്ന് അയാൾ ശ്രദ്ധിച്ചില്ല.
തോണി പുഴനടുവിലെത്തി. ജലത്തിന്റെ ഭാഷ നിങ്ങൾക്കിപ്പോൾ മനസ്സിലാകും, അവൾ പറഞ്ഞു. ചിതലരിച്ച തോണിയിലെ തുളകളിലൂടെ പുഴ തോണിയിലേക്കിരച്ചു കയറി. മഴവൃത്തങ്ങൾക്കു നടുവിൽ ഒരു ചുഴി പോലെ കറങ്ങിക്കൊണ്ട് തോണി അയാളെയുംകൊണ്ട് പുഴക്കടിയിലേക്ക് മറഞ്ഞു.

അവളപ്പോഴേക്കും ഒരു കറുത്തപക്ഷിയായി തുഴയാനുപയോഗിച്ച തൂവലും കൊണ്ട് ആകാശത്തേക്കു പറന്നുമറഞ്ഞു.
അവർ കൊന്നുതിന്ന തത്തയുടെ തൂവലുകൾ ഒരു മരപ്പൊത്തിൽ ചെന്നുപറ്റി. മഴക്കാലം തീരുന്നതുവരെ തൂവലുകൾ കഥകൾ പറഞ്ഞുകൊണ്ടിരുന്നു.
ആ കഥകൾ പറയാനൊന്നും എനിക്കറിയില്ല. പക്ഷേ അവ കേട്ടവർക്ക് മനസ്സിലാകും; സ്വന്തം സുഖാവയവം നഷ്ടപ്പെട്ടവന്റെ ഏകാന്തതയാണ് മഴത്തുള്ളികൾ വൃത്താകൃതിയിൽ പുഴയിൽ എഴുതുന്നതെന്ന്.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ മൂത്രക്കുഴൽ പ്രാകിക്കൊണ്ട് സഞ്ജയന്റെ കാലുകൾക്കിടയിലേക്ക് തിരിച്ചു കയറി . പിന്നെ മറ്റൊരു കഥയിലെ വേതാളത്തെപ്പോലെ പഴയപടി തലകീഴായി തൂങ്ങിക്കിടന്നു.
……………………………………..
- This evening it’s raining, and my picture of yours raining.
- Vicente Aleixandre – A Longing for the Light
- *He who covets your melting ripeness , who begs for your body as for his grave.
- Jaime Sabines – Love Poems