scorecardresearch

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ ഭാഗം രണ്ട് അധ്യായം അഞ്ച്

” ഒടുവിൽ അവർ അണഞ്ഞുപോയ ഒരു വിളക്കു കണ്ടെത്തി. അതിനകത്ത് പുസ്തകം ഒളിപ്പിച്ചു വെച്ചു. വെളിച്ചമില്ലാത്ത വിളക്ക് ഇരുട്ടിന്റെ ഗുഹയാണ് ” ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ രണ്ടാം ഭാഗത്തിലെ അഞ്ചാം അധ്യായം

jayakrishnan , novel, iemalayalam

വെളിച്ചമില്ലാത്ത മിന്നാമിനുങ്ങുകളുടെ അഞ്ചാം രാത്രി

jayakrishnan , novel, iemalayalam

എന്നിട്ട്, സഞ്ജയൻ ഒരു ശബ്ദം കേട്ട് ഞെട്ടിയുണർന്നു. ഉറക്കമില്ലായിരുന്നു അയാൾക്ക്. എന്നിട്ടും എന്തുകൊണ്ടോ ഇടക്കിടെ അയാൾ ഉണർന്നുകൊണ്ടിരുന്നു.

വീണ്ടും അയാളാ ശബ്ദം കേട്ടു. അയാളെ അടച്ചിട്ടിരുന്ന കൂടിനു പുറത്ത് ആരുമില്ലായിരുന്നു. കന്മതിലിനകത്തെ കൂടുകളും അവയിലെ തടവുകാരും നിഴലുകളായി മാറിക്കഴിഞ്ഞിരുന്നു. അയാൾക്കു മനസ്സിലായി – അതു ശബ്ദമല്ല; മരിച്ച ഒരുവന്റെ മരിച്ച ശബ്ദത്തിന്റെ മാറ്റൊലിയിരുന്നു.

അടുത്ത തവണ മാറ്റൊലിയുടെ കൂടെ ഒരാൾ കൂടി തടവറയ്ക്കകത്തേക്കു വന്നു; ഭൂതങ്ങൾക്ക് പാർക്കാനുള്ള വീടുപണിയുന്ന എഞ്ചിനീയറായിരുന്നു അത്.

jayakrishnan , novel, iemalayalam

എഞ്ചിനീയറുടെ കഷണ്ടിത്തലയ്ക്കു മുകളിൽ കരിയില പോലെ ഒരു ഭൂതം നിൽക്കുന്നത് സഞ്ജയൻ കണ്ടു. ഭൂതം എഞ്ചിനീയറുടെ തലയിലേക്ക് മൂത്രമൊഴിച്ചു. അയാളതറിഞ്ഞില്ല; സഞ്ജയനു പക്ഷേ ചിരി പൊട്ടി.

നിനക്കിവിടെ സുഖമാണല്ലേ? സഞ്ജയൻ ചിരിക്കുന്നതു കണ്ട് എഞ്ചിനീയർ പല്ലിളിച്ചുകൊണ്ട് ചോദിച്ചു. സഞ്ജയൻ അതേയെന്നു പറഞ്ഞു. എന്നിട്ട് അയാൾ കൂട്ടിച്ചേർത്തു: *ഞാൻ രണ്ട് ആണികൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ശവപ്പെട്ടിയിലടിക്കാൻ വേണ്ടിയുള്ളവ. അല്ലെങ്കിൽ കുഴിമാടം തുറന്ന് തലയോട്ടികൾ പല്ലിളിക്കാൻ തുടങ്ങും.

ശവപ്പെട്ടിയെന്നും തലയോട്ടിയെന്നുമൊക്കെ കേട്ടപ്പോൾ എഞ്ചിനീയർ അങ്കലാപ്പിലായി. സ്വരം ആകാവുന്നത്ര മയപ്പെടുത്തി അയാൾ പറഞ്ഞു: എനിക്ക് നിന്നെ ബുദ്ധിമുട്ടിക്കണമെന്നില്ല; പക്ഷേ നഗരസഭാദ്ധ്യക്ഷൻ നിന്നെ ഒരു കുറ്റപത്രം വായിച്ചു കേൾപ്പിക്കണമെന്നു പറഞ്ഞു. പ്രസവം കഴിഞ്ഞു കിടക്കുന്ന അദ്ദേഹത്തെ അനുസരണക്കേടു കാണിച്ച് വിഷമിപ്പിക്കരുതല്ലോ.

കിട്ടിയ തക്കത്തിന് അദ്ധ്യക്ഷൻറെ കുട്ടിയുടെ അച്ഛനാരാണെന്ന് സഞ്ജയൻ സ്വരംതാഴ്ത്തിച്ചോദിച്ചു.

എഞ്ചിനീയറുടെ ഭാവം മാറി; അതറിഞ്ഞിട്ട് നിനക്കെന്തു വേണം? അയാൾ ചീറി. തലയ്ക്കു മുകളിൽ നിന്ന ഭൂതം വീണ്ടും മൂത്രമൊഴിച്ചു.

jayakrishnan , novel, iemalayalam

ഒന്നും വേണ്ട, സഞ്ജയൻ പറഞ്ഞു: കുഴിമാടത്തിനകത്ത് പക്ഷേ, തലയോട്ടികൾ ഇപ്പോഴും പല്ലിളിക്കുന്നു.

എഞ്ചിനീയറുടെ അങ്കലാപ്പ് കൂടി. അപ്പോഴാണ് അയാൾ തലക്കു മുകളിൽ വട്ടം കറങ്ങുന്ന കരിയില അയാൾ കണ്ടത്. അയാളുടെ പരിഭ്രമം വർദ്ധിച്ചു. ആ സമയത്ത് ഒരു പേക്കാന്തവളയെ പോയിട്ട് വാൽമാക്രിയെ ഭോഗിക്കാനുള്ള ശേഷി പോലും അയാൾക്കില്ലായിരുന്നു. പിന്നെ ഇടംവലം നോക്കിയിട്ട് അദ്ധ്യക്ഷന്റെ കുട്ടി സ്വയംഭോഗം കൊണ്ടുണ്ടായതാണെന്നും അതിന്റെ അച്ഛനും അമ്മയും അയാൾ തന്നെയാണെന്നും എഞ്ചിനീയർ ഒച്ചയടക്കിപ്പറഞ്ഞു.

എങ്കിൽപ്പിന്നെ കുറ്റപത്രം വായിച്ചോളാൻ സഞ്ജയൻ പറഞ്ഞു. എഞ്ചിനീയർ വേഗം വായന തുടങ്ങി:

പാവപ്പെട്ടവർക്ക് താമസിക്കാനായി വീടുണ്ടാക്കാനുള്ള ഒരു പദ്ധതി നഗരസഭ തയ്യാറാക്കിയിരുന്നു. ഒന്നാംപ്രതിയായ സഞ്ജയൻ കൂടോത്രം പ്രയോഗിച്ച് പ്രസ്തുത പദ്ധതി തകർക്കാനും നഗരസഭാദ്ധ്യക്ഷനെയും കരാറുകാരനേയും എഞ്ചിനീയറായ എന്നെയും വധിക്കാനും ഗൂഢാലോചന നടത്തുകയും ശ്രമിക്കുകയും ചെയ്തു.

ഇതിനു വേണ്ടി ഒന്നാം പ്രതിയായ സഞ്ജയൻ ഒരു ഭൂതത്തെ കൂട്ടുപിടിച്ചു.

jayakrishnan , novel, iemalayalam

കൂടോത്രം ചെയ്ത ഒരു തൊട്ടി വെള്ളം ഭൂതം ഒന്നാംപ്രതിയുടെ കൈയിൽ കൊടുത്തയച്ചു. അത് ദേഹത്തൊഴിച്ചാൽ കരാറുകാരനും ഞാനും ചാകുമെന്നായിരുന്നു ഒന്നാംപ്രതിയുടെ വിചാരം. എന്നാൽ ആ ചെളിവെള്ളം വീണ് പാവങ്ങൾക്കു വേണ്ടി ഞങ്ങൾ നിർമ്മിക്കാനിരുന്ന വീടിന്റെ രേഖാചിത്രം മുഴുവനായും കുതിർന്നു നശിച്ചു.

വീടിനുപകരം ഭൂതം ഒരു ഗുഹയുണ്ടാക്കി. എന്നിട്ട് ഞങ്ങളെ അതിൽ അടച്ചിട്ടു. കാവലിന് ഒരു പേക്കാന്തവളയെയും വെച്ചു.

നിങ്ങൾ തവളഭാഷ പഠിക്കണം, അത് ഞങ്ങളോടു പറഞ്ഞു.

എന്തിന്? ഞങ്ങൾ ചോദിച്ചു.

എന്നാലേ ഇവിടെ നിന്നു രക്ഷപ്പെടാനാകൂ.

വേറെ വഴിയില്ലാതെ ഞങ്ങൾ തവളഭാഷ പഠിക്കാൻ തുടങ്ങി. അതൊരു ചതിയായിരുന്നു. കാരണം, തവളഭാഷ നിറയെ മഴയാണ്. ഞങ്ങളാ ഭാഷ സംസാരിച്ചുതുടങ്ങിയപാടെ മഴ പെയ്തു. നഗരസഭാദ്ധ്യക്ഷനും ഞങ്ങളും കൂടി കഷ്ടപ്പെട്ടു വറ്റിച്ച പുഴ അതോടെ നിറഞ്ഞൊഴുകി. ഗുഹയ്ക്കകത്ത് വെള്ളം കയറി. കുത്തൊഴുക്കിൽ ഗുഹയുടെ വാതിൽ തുറന്നു. ഞങ്ങൾ പുറത്തേക്കൊഴുകി. ഒടുവിൽ രാത്രിയായപ്പോൾ ഒരു കരയ്ക്കടിഞ്ഞു.

jayakrishnan , novel, iemalayalam

തുടർന്ന് ഞങ്ങളെ ഗുഹയിലടച്ച ഭൂതത്തിന്റെ വായിൽ നിന്നു പറന്നു വന്ന മിന്നുകയും കെടുകയും ചെയ്യുന്ന ഒരു കൂട്ടം വൃത്തികെട്ട പ്രാണികളുടെ സഹായത്തോടെ ഒന്നാംപ്രതി കരപറ്റിയ ഞങ്ങളെ ആക്രമിച്ചു. ഞങ്ങളുടെ നിലവിളി കേട്ട് ബഹുമാനപ്പെട്ട നഗരസഭാദ്ധ്യക്ഷൻ അങ്ങോട്ട് ഓടിയെത്തി. ജനനന്മയ്ക്കായി ഒരു പെൺശരീരത്തിലേക്ക് പരിവർത്തനം ചെയ്തുകൊണ്ടിരുന്ന അദ്ദേഹത്തെയും ഒന്നാംപ്രതിയും കൂട്ടുപ്രതികളും വെറുതെ വിട്ടില്ല. ഒടുവിൽ ഒരു പ്രാണി അദ്ദേഹത്തിന്റെ സുപ്രധാനമായ പരിവർത്തനാവയവത്തിൽ കടിക്കുകയും അതിൻറെ ഫലമായി അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഞങ്ങളും മരിച്ച പരുവത്തിലായിത്തീർന്നു.

അതൊക്കെ പോകട്ടെയെന്നു വെക്കാം, പുഴ വീണ്ടും നിറഞ്ഞതോടെ ഞങ്ങളുടെ എല്ലാ പദ്ധതികളും വെള്ളത്തിലായി; മരിക്കുന്നതായിരുന്നു അതിലും ഭേദം.

കുറ്റപത്രം വായിച്ചിട്ട് എഞ്ചിനീയർ ചിരിച്ചു: ഇതേക്കുറിച്ച് നിനക്ക് എന്തെങ്കിലും പറയാനുണ്ടോ? സഞ്ജയൻ മിണ്ടിയല്ല. എഞ്ചിനീയറുടെ ഭാവം മാറി: ഞങ്ങളെ കൊല്ലാൻ ശ്രമിച്ചിട്ട് മിണ്ടാതിരിക്കുന്നോ? അയാൾ ഒച്ചവെച്ചു.

jayakrishnan , novel, iemalayalam

സഞ്ജയന്റെ തലയിൽ വെളിച്ചങ്ങൾ മിന്നുകയും കെടുകയും ചെയ്തു. അയാൾക്ക് രണ്ടുതരം തലചുറ്റലുകളും സ്ഖലനരോഗവും അനുഭവപ്പെട്ടു.

മാറ്റൊലി പോലുള്ള ഒരു ശബ്ദത്തിൽ, പിന്നെ അയാൾ പറയാൻ തുടങ്ങി:

ജീവിച്ചിരിക്കുന്നവരുടെയെല്ലാം പേരുകൾ എഴുതിയിട്ടുള്ള ഒരു പുസ്തകമുണ്ട് – ഇരുട്ടിന്റെ പുസ്തകം. പുസ്തകം ഇരുട്ടുകൊണ്ടാണെങ്കിലും പേരുകളെഴുതിയി ട്ടുള്ളത് വെളിച്ചം കൊണ്ടാണ്.

jayakrishnan , novel, iemalayalam

ഈ പുസ്തകം സൂക്ഷിക്കുന്നത് മരണമാണെന്ന് പറയേണ്ടല്ലോ. അസ്ഥികൂടം പോലെയോ കഴുകനെപ്പോലെയോ അല്ല മരണം, അതിന് ഒരു ചൂലിന്റെ രൂപമാണ്. ഒരുവന്റെ ജീവിതം അവസാനിക്കാറാകുമ്പോൾ ആ ചൂലുവന്ന് പുസ്തകത്തിലെഴുതിയിട്ടുള്ള അവന്റെ പേര് തൂത്തുമാറ്റും. വെളിച്ചം കൊണ്ടെഴുതിയ പേര് അണഞ്ഞുപോകും; അതാടെ അവൻറെ കഥയും കഴിയും. പക്ഷേ പേരിലെ വെളിച്ചം ഇല്ലാതാവുകയില്ല, അതാണ് മിന്നാമിനുങ്ങായി മാറുന്നത്. മരിച്ച മനുഷ്യന്റെ കഥകളാണ് തെളിയുകയും കെടുകയും ചെയ്യുന്ന അക്ഷരങ്ങൾകൊണ്ട് അവ എഴുതിവെക്കുന്നത്.

ആ കഥകളൊന്നും പക്ഷേ ആർക്കും ഓർമ്മയുണ്ടാകില്ല.

ഒരു രാത്രിയിൽ ചൂലുപോലുള്ള മരണം കിടന്നുറങ്ങുകയായിരുന്നു. വെളുക്കാറാകുമ്പോൾ ഒരു ദുഷ്ടന്റെ പേര് പുസ്തകത്തിൽ നിന്ന് മായ്ചു കളയാനുണ്ട്; അതുവരെ കിടന്നുറങ്ങിക്കളയാം – അതായിരുന്നു മരണത്തിന്റെ വിചാരം.

jayakrishnan , novel, iemalayalam

ദുഷ്ടന്നറിയാമായിരുന്നു, പിറ്റേന്ന് നേരം വെളുത്താലുടനെ മരണം തന്റെ പേര് പുസ്തകത്തിൽനിന്ന് മായ്ച്ചുകളയുമെന്നും അങ്ങനെ താൻ മരിച്ചു പോകുമെന്നും. ഭൂതങ്ങൾക്ക് വീടുണ്ടാക്കിക്കൊടുക്കുന്നവനായിരുന്നു അവൻ. ഭൂതങ്ങളുടെ സഹായത്തോടെ അവൻ മരണത്തിന്റെ വീട്ടിലെത്തി. എന്നിട്ട് കിടന്നുറങ്ങുന്ന മരണം അറിയാതെ പുസ്തകം മോഷ്ടിച്ചു.

ഉറക്കമുണർന്നാലുടനെ മരണം പുസ്തകവുമന്വേഷിച്ചുവരും – ദുഷ്ടന് അതറിയാം. മരണം തന്നെ കണ്ടെത്തുന്നതിനു മുമ്പ് പുസ്തകം എവിടെയെങ്കിലും ഒളിപ്പിക്കണം. അതിനു വേണ്ടി ദുഷ്ടനും ഭൂതങ്ങളും പരക്കം പാഞ്ഞു. കുറെ ദൂരം ചെന്നപ്പോൾ മരത്തിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന ഒരു കടവാതിലിനെ അവർ കണ്ടു.

നിനക്കു വേണോ ഈ പുസ്തകം? ദുഷ്ടൻ ചോദിച്ചു.

വെളിച്ചം കൊണ്ടെഴുതിയ പുസ്തകം തനിക്കു വേണ്ടന്നും കടവാതിൽ ഭാഷയിലെഴുതിയ വെളിച്ചമില്ലാത്ത പുസ്തകം മതിയെന്നും കടവാതിൽ പറഞ്ഞു. ദുഷ്ടനും ഭൂതങ്ങളും മറ്റൊരു ഒളിത്താവളം തേടി പിന്നെയും നടന്നു. ഒടുവിൽ അവർ അണഞ്ഞുപോയ ഒരു വിളക്കു കണ്ടെത്തി. അതിനകത്ത് പുസ്തകം ഒളിപ്പിച്ചു വെച്ചു. വെളിച്ചമില്ലാത്ത വിളക്ക് ഇരുട്ടിന്റെ ഗുഹയാണ്. **മഴയെയും ഒരു മൂങ്ങയെയും അവർ ഗുഹയ്ക്ക് കാവൽ നിർത്തി.

jayakrishnan , novel, iemalayalam

കുറച്ചുകഴിഞ്ഞപ്പോൾ മരണം ഉറക്കമുണർന്നു. പുസ്തകം കാണാനില്ലെന്നറി ഞ്ഞപ്പോൾ ഭ്രാന്തുപിടിച്ച് അത് പുറത്തേക്കോടി. ഒരു ചൂല് തന്നത്താൻ അടിച്ചുവാരിക്കൊണ്ട് പാഞ്ഞുപോകുന്നതു കണ്ട ആളുകൾക്കും ഭ്രാന്തുപിടിച്ചു.

ഏറെത്തിരഞ്ഞിട്ടും മരണത്തിന് പുസ്തകം കണ്ടെത്താനായില്ല. ആശകെട്ട് അത് ആകാശത്തേക്കു നോക്കി. ഇരുട്ടിൽ മിന്നുന്ന നക്ഷത്രങ്ങളെ കണ്ടപ്പോൾ അതിന് മിന്നാമിനുങ്ങുകളെ ഓർമ വന്നു.

മരിച്ചവരുടെ പേരുകളാണല്ലോ മിന്നാമിനുങ്ങുകൾ. അവയ്ക്ക് വെളിച്ചംകൊണ്ടെഴുതിയ പുസ്തകം എവിടെയാണൊളിപ്പിച്ചിരിക്കുന്ന തെന്നറിയാമായിരുന്നു. അവർ പുസ്തകം കണ്ടെത്തി. ഭൂതങ്ങൾക്ക് വീടുണ്ടാക്കിക്കൊടുക്കുന്ന ദുഷ്ടന്റെ പേര് മരണം പുസ്തകത്തിൽനിന്ന് തുടച്ചുമാറ്റി.

സഞ്ജയൻ പറഞ്ഞ കഥ കേട്ട് എഞ്ചിനീയർ കരയാൻ തുടങ്ങി. അയാളുടെ കരച്ചിൽകണ്ട് പൊടിപടലം പോലെ തങ്ങി നിന്ന ഭൂതവും കരഞ്ഞു. കൂട്ടക്കരച്ചിൽ കേട്ട് സഞ്ജയനും കരച്ചിൽ വന്നു.

ഞാൻ പറഞ്ഞു കഴിഞ്ഞില്ല , സഞ്ജയൻ വിതുമ്പിക്കൊണ്ടു പറഞ്ഞു.

jayakrishnan , novel, iemalayalam

അപ്പോൾ ഭൂതങ്ങൾക്ക് വീടുണ്ടാക്കുന്നവൻ മരിച്ചില്ലേ? ഏങ്ങലടക്കിക്കൊണ്ട്, ആഴ്ചയിൽ രണ്ടാം തവണയും മാസമുറയുണ്ടായ ഒരുവളുടെ മുഖഭാവത്തോടെ എഞ്ചിനീയർ ചോദിച്ചു.

ഭൂതങ്ങൾക്കു വീടുണ്ടാക്കുന്ന ദുഷ്ടന്റെ പേര് പുസ്തകത്തിൽ നിന്ന് മരണം വെറുതെ അടിച്ചുവാരിക്കളയുകയല്ല ചെയ്തത്, സഞ്ജയൻ കഥ തുടർന്നു: ആദ്യം ആ പേരിന്റെ മുകളിൽ ചാണകം ചേർത്ത കുറെ വെള്ളമൊഴിച്ചു. മന്ത്രിച്ചൂതിയ വെള്ളമായിരുന്നു അത്. എന്നിട്ട് ദുഷ്ടന്റെ പേര് നന്നായി കഴുകി മാറ്റി, അതു കാരണം അയാളുടെ പേര് മിന്നാമിനുങ്ങായി മാറിയില്ല.

എഞ്ചിനീയറുടെ തലയ്ക്കു മുകളിൽ നിന്ന ഭൂതം മഴപെയ്യുന്നതു പോലെ മൂത്രമൊഴിച്ചു. നനഞ്ഞൊട്ടിയ കുപ്പായമഴിച്ച് സഞ്ജയന്റെ മുഖത്തെറിഞ്ഞിട്ട് എഞ്ചിനീയർ കരഞ്ഞുകൊണ്ട് പുറത്തു കടന്നു.

ഭൂതമൂത്രത്തിന് ചാണകത്തിന്റെ ഗന്ധമായിരുന്നു. മരണത്തിന് ചാണകത്തിന്റെ ഗന്ധമാണ്, കറുത്ത മേഘങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഓടിയകലുന്ന ചന്ദ്രനെ നോക്കിക്കൊണ്ട് സഞ്ജയൻ വിചാരിച്ചു: മറ്റൊലിയാണ് അതിന്റെ ശബ്ദം.

…………………………………….

  • I also keep two screws, which the gravediggers put in your coffin with a hard and merciless hand.
  • Teresa Wilms Montt – In the Stillness of Marble

** This afternoon it is raining.

And I recall the cruel caverns

of my ingratitude.

So this afternoon, as never before, I am

with this owl, with this heart.

  • Cesar Vallejo – The Complete Poetry.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal part 2 chapter 5