scorecardresearch
Latest News

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ: ഭാഗം രണ്ട് -അധ്യായം നാല്

“പുസ്തകങ്ങളുമായുള്ള യുദ്ധത്തിൽ എന്നും മനുഷ്യനേ ജയിച്ചിട്ടുള്ളൂ. അയാളാ പുസ്തകത്തെയും തിന്നു കാണും, പുഴ ആർക്കെങ്കിലും വിറ്റുകാണും” ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ രണ്ടാം ഭാഗത്തിലെ നാലാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

മരണ പുസ്തകത്തിന്റെ നാലാം രാത്രി

jayakrishnan , novel, iemalayalam

എന്നിട്ട്, സഞ്ജയൻ പുറത്തേക്ക് നോക്കി. അയാൾ ഒരു ഇരുമ്പു കൂടിനകത്തായിരുന്നു. ദൂരെ അത്തരം രണ്ടു മൂന്നു കൂടുകൾ കൂടി കണ്ടു. ഒരു കൂറ്റൻ മതിൽക്കെട്ടിനകത്തായിരുന്നു കൂടുകൾ. മതിൽക്കെട്ടിനകത്തെ വിശാലമായ തരിശുനിലത്തിലൂടെ അനേകം തടവുകാർ ആകാശത്തേക്കു നോക്കി മിണ്ടാതെ നിന്നു.

സഞ്ജയന്റെ ഇരുമ്പുകൂടിന്റെ വാതിൽ തുറന്ന് പെട്ടെന്ന് ഒരാൾ അകത്തു വന്നു. അതിലും വേഗത്തിൽ വാതിൽ അകത്തുനിന്ന് പൂട്ടുകയും ചെയ്തു.

പൊലീസുകാരന്റെ വേഷമായിരുന്നെങ്കിലും കള്ളന്റെ ഇരിപ്പും നടപ്പുമായിരുന്നു അയാൾക്ക്. തടിച്ച ശരീരത്തിൽ മെലിഞ്ഞൊട്ടിയ രോമരഹിതമായ മുഖം പൊയ്മുഖം പോലെ തോന്നി.

jayakrishnan , novel, iemalayalam

അയാൾ ഇടങ്കണ്ണിട്ട് സഞ്ജയനെ നോക്കി. എന്നിട്ട് കസേരയിൽ ഇരിക്കുന്നതു പോലെ വായുവിൽ ഇരുന്നു. ഇല്ലാക്കസേരയിൽ നിലയുറപ്പിക്കാൻ പാടുപെടുന്ന അയാളെക്കണ്ട് സഞ്ജയന് ചിരി പൊട്ടി. അയാളുടനെ ചാടിയെഴുന്നേറ്റ് സഞ്ജയന്റെ മുഖത്ത് ആഞ്ഞടിച്ചു.

നിന്റെ ചിരി കാണാനല്ല ഞാൻ വന്നത്, പൊലീസുകാരൻ പൂച്ചയുടെ സ്വരത്തിൽ പറഞ്ഞു: ഇതു വായിക്കാനാണ്.

പൊണ്ണത്തടി കാരണം ശ്വാസം മുട്ടുന്നുണ്ടായിരുന്നെങ്കിലും അയാൾക്ക് ഒരേസമയം നാല് പെണ്ണുങ്ങളെയും ഒരാമയെയും വേണമെങ്കിൽ രണ്ട് പെരുമ്പാമ്പുകളെയും ഭോഗിക്കാനാവുമെന്ന് സഞ്ജയൻ തീർച്ചപ്പെടുത്തി.

യൂണിഫോമിന്റെ അനേകം കീശകളിൽ പരതിയിട്ടും അയാൾക്ക് വായിക്കേണ്ട കടലാസ് കിട്ടിയില്ല. അയാൾ വിഷണ്ണനായി പുറത്തു നിൽക്കുന്ന തടവുകാരെ നോക്കി നിന്നു.

അവരാരാണെന്ന് അവർക്കറിയില്ല -പൊലീസുകാരൻ പറഞ്ഞു.

സഞ്ജയൻ കോട്ടുവായിട്ടു. *തനിച്ചായപ്പോൾ ഈ തടവറയിൽ ഞാനെന്നെ തിരഞ്ഞു; ചുരുട്ടിയെറിഞ്ഞ ഒരെഴുത്തു തിരയുന്നതു പോലെ – അയാളോർത്തു.

jayakrishnan , novel, iemalayalam

പക്ഷേ, നീയാരാണെന്ന് നിന്റെ പുറത്ത് ചാപ്പ കുത്തിയിട്ടുണ്ട്; പെട്ടെന്ന് പൊലീസുകാരൻ ഒച്ചവെച്ചു: കുനിഞ്ഞു നിൽക്ക്.

സഞ്ജയനെ അയാൾ ബലമായി പിടിച്ച് കുനിച്ചു നിർത്തി. എന്നിട്ട് അവന്റെ നഗ്നമായ പുറത്തു നോക്കി വായിക്കാൻ തുടങ്ങി. രണ്ടു തരം അർശോരോഗങ്ങളും മൂന്നു വിധത്തിലുള്ള വൃഷ്ണവീക്കവും സഹിച്ചു കൊണ്ട് സഞ്ജയൻ കേട്ടു:

പുസ്തകവായനക്കാരനായ ഒന്നാംപ്രതി സഞ്ജയനും ടിയാന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ മരിച്ചു പോയ പുസ്തകക്കച്ചവടക്കാരനും ചേർന്ന് നഗരസഭാധ്യക്ഷനെ വധിക്കാൻ ഗൂഢാലോചന നടത്തി. അതിനു വേണ്ടി അവരൊരാളെ ചുമതലപ്പെടുത്തി –

മനുഷ്യനെയല്ല,

മൃഗത്തെയല്ല,

പാമ്പിനെയല്ല,

ഒരു പുസ്തകത്തെ.

jayakrishnan , novel, iemalayalam

കുറ്റകൃത്യങ്ങളുടെ ചരിത്രത്തത്തിൽത്തന്നെ ഇന്നേവരെ കേട്ടിട്ടില്ലാത്ത സംഭവമാണിത്. യാതൊരു തെളിവും അവശേഷിക്കാതിരിക്കാനാണ് ദുഷ്ടബുദ്ധികളായ ഒന്നാംപ്രതി സഞ്ജയനും രണ്ടാംപ്രതി മരിച്ചുപോയ പുസ്തകക്കച്ചവടക്കാരനും ഇങ്ങനെ ചെയ്തത്. അതിനുവേണ്ടി രണ്ടുപ്രതികളും ചേർന്ന് കറുത്ത ചിത്രങ്ങളുള്ള ഒരു പുസ്തകം സംഘടിപ്പിച്ചു. കൂടോത്രം ചെയ്തിട്ട് പ്രസ്തുത പുസ്തകത്തെ പുഴക്കരയിൽക്കിടന്ന് ചിതലുപിടിക്കുന്ന ഒരു തോണിക്കകത്ത് ഒളിപ്പിച്ചു വെച്ചു.

നഗരത്തിലെ പാവങ്ങളെ സഹായിക്കാനാവശ്യമായ പണം കണ്ടെത്തുന്നതിനുവേണ്ടി പുഴ വിൽക്കാനുള്ള പദ്ധതി തയ്യാറാക്കാൻ അദ്ധ്യക്ഷൻ ദിവസേന വനിതാകൗൺസിലറെ കാണാൻ പോകുന്ന കാര്യം ഒന്നാംപ്രതിക്കറിയാമായിരുന്നു. പുഴക്കരെ വെച്ചായിരുന്നു ദിവസേന അദ്ധ്യക്ഷനും കൗൺസിലറും ഇപ്രകാരം രഹസ്യചർച്ച നടത്തിയിരുന്നത്.

jayakrishnan , novel, iemalayalam

അന്നും പതിവുപോലെ പാവങ്ങളെ സഹായിക്കാനുള്ള വികാരവും മറ്റു വികാരങ്ങളും നിറഞ്ഞുകവിഞ്ഞവനായി നടന്നു വരികയായിരുന്നു അദ്ധ്യക്ഷൻ. ചിതലുപിടിച്ച തോണിയിൽ പതിയിരിക്കുകയായിരുന്ന കറുത്ത ചിത്രങ്ങളുള്ള പുസ്തകം, ദൂരെ നിന്ന് അയാളെ കണ്ടപാടെ വനിതാ കൗൺസിലറുടെ രൂപത്തിൽ ഉടുതുണിയില്ലാതെ നിന്നു. രഹസ്യചർച്ച ഇവിടെവെച്ചു തന്നെ നടത്താമെന്നു കരുതി അദ്ധ്യക്ഷൻ തുണിയഴിച്ചുവെച്ച് കൗൺസിലറുടെ നേർക്കു ചെന്നു. പുസ്തകം ഉടനെ ഒരു മന്ത്രം ചൊല്ലിയിട്ട് പുഴയിൽ ചാടി. ഒന്നിച്ചു കുളിച്ചുകൊണ്ട് രഹസ്യ ചർച്ച നടത്താമെന്നു കരുതി അദ്ധ്യക്ഷനും കൂടെ ചാടി. അയാൾ നീന്തിത്തളർന്നപ്പോൾ പുസ്തകം വനിതാകൗൺസിലറുടെ രൂപം ഉപേക്ഷിച്ച് അയാളെ കടന്നാക്രമിച്ചു. വികാരാധിക്യത്താൽ ഉദ്ധാരണം സംഭവിച്ചിരുന്ന അദ്ധ്യക്ഷൻ പുസ്തകത്തെയും അതിലെ ദുർമന്ത്രങ്ങളെയും ഇരട്ടിശക്തിയോടെ നേരിട്ടു. ഒച്ചയും വിളിയും കേട്ട് ആളുകൾ കൂടി. അദ്ധ്യക്ഷൻ നൂൽബന്ധമില്ലാതെ ഒരു പുസ്തകവുമായി അടികൂടുന്നതുകണ്ട് എല്ലാവരും അന്തം വിട്ടു. പത്രക്കാർ വന്നു. പക്ഷേ അവരെടുത്ത ഫോട്ടോയിലൊന്നും പുസ്തകത്തെ കാണാനില്ലായിരുന്നു. അദ്ധ്യക്ഷൻ തുണിയില്ലാതെ മേലോട്ടും താഴോട്ടും ചാടുന്ന ചിത്രങ്ങൾ മാത്രമാണു കിട്ടിയത്. ആകെ നാണംകെട്ടെങ്കിലും ഒരുപാടുനേരം നീണ്ടുനിന്ന സംഘട്ടനത്തിനൊടുവിൽ പരിക്കുകളോടെ അദ്ധ്യക്ഷൻ രക്ഷപ്പെട്ടു.

അദ്ധ്യക്ഷനെ വധിക്കാൻ ശ്രമിച്ച ഒന്നാംപ്രതി സഞ്ജയന്റെയും രണ്ടാംപ്രതി മരിച്ചുപോയ പുസ്തകക്കച്ചവടക്കാരന്റെയും പേരുകളെഴുതിയ പ്രസ്തുത പുസ്തകം തെളിവിനായി ഇതോടൊപ്പം ഹാജരാക്കുന്നു.

കുറ്റപത്രം വായിച്ചിട്ട് പൊലീസുകാരൻ ചുണ്ടു നക്കിയിട്ടു ചോദിച്ചു: ഇതിനെപ്പറ്റി നിനക്കെന്തു പറയാനുണ്ട്?

jayakrishnan , novel, iemalayalam

സഞ്ജയൻ കൂടിനു പുറത്തുള്ള ഇരുട്ടു നോക്കിയിരുന്നു.

ഞാൻ ഇരുട്ടിനെ നോക്കിയിരിക്കുന്ന പോലെ ഇരുട്ട് എന്നെയും നോക്കിയിരിക്കുന്നുണ്ടാകും, അയാൾ വിചാരിച്ചു: ഇരുട്ടിനെ നോക്കിയിരിക്കുമ്പോൾ എനിക്ക് ഒറ്റപ്പെട്ടതു പോലെ തോന്നും; എന്നെ നോക്കിയിരിക്കുമ്പോൾ ഇരുട്ടിനും.

എന്നിട്ട് അയാൾ പറയാൻ തുടങ്ങി:

**നമ്മുടെയൊക്കെ അയൽപക്കത്ത് മരിച്ചുപോയ ഒരാളുടെ എല്ലാവരും മറന്ന ഒരു പുസ്തകമുണ്ടാകും; ഭൂതങ്ങളായിരിക്കും അതു നിറയെ.

jayakrishnan , novel, iemalayalam

നല്ല തണുപ്പുള്ള രാത്രിയിൽ ഒരാൾ ഒറ്റക്കു നടക്കുകയായിരുന്നു. വിശക്കുന്നുണ്ടായിരുന്നു അയാൾക്ക്. നടക്കുന്തോറും വിശപ്പും തണുപ്പും കൂടിക്കൂടി വന്നു. വീടുകളുടെ മതിലുകളിന്മേൽ ഉടലില്ലാത്ത തലകൾ അയാളെ പരിഹസിച്ചുകൊണ്ട് പന്തുകൾ പോലെ മേലോട്ടും കീഴോട്ടും ചാടി, ഭൂതങ്ങളായിരുന്നു അവ.

അപ്പോഴാണ് ദൂരെ അയാളൊരു വെളിച്ചം കണ്ടത്. ഒരു വാൽനക്ഷത്രം കത്തിയെരിയുന്നതു പോലെ അയാൾക്കു തോന്നി. നഷ്ടപ്പെട്ടു പോയ സ്നേഹമാണ് വാൽനക്ഷത്രങ്ങളാകുന്നതെന്ന് അയാൾക്കറിയാം; അയാൾ തന്റെ നഷ്ടപ്പെട്ടുപോയ സ്നേഹത്തെക്കുറിച്ചോർത്തു. ഒന്നും ഓർമ്മ വന്നില്ല – നരച്ച കുറെ തലകളല്ലാതെ.

കുറച്ചു കൂടി അടുത്തെത്തിയപ്പോൾ അയാൾ കണ്ടു – വെളിച്ചത്തിൽ ഒരു പക്ഷി കിടന്ന് ചിറകടിക്കുന്നു.

അതുപക്ഷേ പക്ഷിയായിരുന്നില്ല, ഒരു പുസ്തകമായിരുന്നു. വിശപ്പു സഹിക്കാനാകാതെ എന്തും വരട്ടെയെന്നു കരുതി അയാളാ പുസ്തകം മുഴുവൻ തിന്നു തീർത്തു. എന്നിട്ട് ഒരു പീടികത്തിണ്ണയിൽ കിടന്നുറങ്ങി.

jayakrishnan , novel, iemalayalam

വയറ്റിലെത്തിയ പുസ്തകത്തിലെ കഥകളും ചിത്രങ്ങളും അയാളുടെ തൊണ്ടയിലൂടെ, മൂക്കിലൂടെ, വായിലൂടെ പുറത്തു കടന്നു; എന്നിട്ട് അവയെല്ലാം അയാളുടെ മുഖത്ത് പറ്റിപ്പിടിച്ചു.

പിറ്റേന്ന് അയാളെഴുന്നേറ്റ് നഗരത്തിലേക്കു ചെന്നു. ഒരാൾ കട തുറക്കുകയായിരുന്നു. രഹസ്യപുസ്തകം ഒളിപ്പിക്കാൻ വന്ന ഒരു പുസ്തകവ്യാപാരിയായിരുന്നു അത്. മുഖത്തു നിറയെ അക്ഷരങ്ങളും ചിത്രങ്ങളുമായി വരുന്ന അയാളെക്കണ്ട് ഭൂതമാണെന്നു കരുതി പുസ്തകക്കച്ചവടക്കാരൻ ജീവനും കൊണ്ടോടി.

അയാൾ നേരെ കടയ്ക്കകത്തു കയറി പുസ്തകങ്ങളെല്ലാം ഒരു ഭാണ്ഡത്തിൽ ക്കെട്ടി. നാലു മഞ്ഞപ്പക്ഷികൾ അയാളെ ചുറ്റിപ്പറന്നു കൊണ്ട് പതിമൂന്നു ഭാഷകളിൽ പുസ്തകം മോഷ്ടിക്കരുതെന്നു പറഞ്ഞു. പതിമൂന്നു ഭാഷയും അയാൾക്ക് മനസ്സിലായില്ല.

പുസ്തകങ്ങളുമായി അയാൾ വീട്ടിലേക്കു പോയി. എതിരെ വരുന്നവരെല്ലാം പേടിച്ചോടുന്നതുകണ്ട് അയാളും പേടിച്ചു. വീട്ടിലെത്തി കണ്ണാടിയിൽ നോക്കിയപ്പോഴാണ് അയാൾക്ക് കാര്യം പിടികിട്ടിയത്. അയാളുടനെ മുഖം കഴുകി വൃത്തിയാക്കി. എന്നിട്ട് പുസ്തകങ്ങൾ കരിഞ്ചന്തയിൽ കൊണ്ടുപോയി വിറ്റു.

jayakrishnan , novel, iemalayalam

പിറ്റേന്ന് അയാൾ മറ്റൊരു പുസ്തകം തിന്നു. അതിലെ കഥകളും ചിത്രങ്ങളും മുഖത്തു പറ്റിപ്പിടിച്ചയുടനെ അയാൾ പുറത്തിറങ്ങി. ഇത്തവണ അയാൾ പോയത് ഒരു സ്വർണ്ണക്കടയിലേക്കാണ്. അവിടെയുള്ളവരും അയാളെ കണ്ട് പേടിച്ചോടി . സ്വർണ്ണം മുഴുവൻ അയാൾ കള്ളക്കടത്തുകാർക്ക് വിറ്റു.

അങ്ങനെ ഓരോ ദിവസവും അയാൾ ഓരോ പുസ്തകം വീതം വയറ്റിലാക്കി; ഓരോ ദിവസവും ഓരോ കട കൊള്ളയടിച്ചു; അങ്ങനെ അയാൾ പണക്കാരനായിത്തീർന്നു.

എന്നാൽ ഒരു ദിവസം അയാൾ കുടുങ്ങി, അന്നയാൾ തിന്നത് ഭൂതങ്ങളുടെ പുസ്തകമായിരുന്നു. ഭൂതങ്ങൾ പണിപറ്റിച്ചു. കവർച്ചകഴിഞ്ഞ് തിരിച്ചു വന്ന് മുഖം കഴുകിയപ്പോൾ അക്ഷരങ്ങളും ചിത്രങ്ങളും മാഞ്ഞുപോയില്ല. മാത്രമല്ല അയാളുടെ മുഖം ചാരം പോലെ പൊടിയാനും തുടങ്ങി.

ഭൂതമാണെന്നു കരുതി എല്ലാവരും അയാളെ പേടിച്ചു. ഒരു ദിവസം ഭാര്യയും മക്കളും അയാൾ സമ്പാദിച്ചതെല്ലാമെടുത്ത് എങ്ങോട്ടോ പോയി. ഇരുട്ടിലും തണുപ്പിലും വീണ്ടും അയാൾ തനിച്ചായി.

തിന്നുതീർത്ത പുസ്തകങ്ങളിലെ കഥകളെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും അയാളോർത്തു. ഇനിയാ കഥകളൊന്നും ആർക്കും പറഞ്ഞു കൊടുക്കാനാവി ല്ലല്ലോ എന്നോർത്തപ്പോൾ അയാൾക്കു വിശന്നു. കുറച്ചു ദൂരെ ഒരു പുഴയൊഴു കുന്നുണ്ട്. പുഴ മോഷ്ടിച്ച് ആർക്കെങ്കിലും വിൽക്കണം, അതിനു വേണ്ടി അയാൾ പുറത്തിറങ്ങി. പുഴക്കരയിൽക്കിടന്നിരുന്ന ചിതൽപിടിച്ച തോണിക്കരികിലെത്തിയപ്പോൾ ഒരു പുസ്തകം അയാളുടെ നേർക്ക് ചാടി വീണു.

jayakrishnan , novel, iemalayalam

അതായിരുന്നു അവസാനത്തെ പുസ്തകം – മരണത്തിന്റെ പുസ്തകം. അയാളതിനെ തിരിച്ചും ആക്രമിച്ചു. ആക്രോശങ്ങളും നിലവിളികളും ഉയർന്നു.

പുസ്തകങ്ങളുമായുള്ള യുദ്ധത്തിൽ എന്നും മനുഷ്യനേ ജയിച്ചിട്ടുള്ളൂ. അയാളാ പുസ്തകത്തെയും തിന്നു കാണും, പുഴ ആർക്കെങ്കിലും വിറ്റുകാണും.

സഞ്ജയൻ പറഞ്ഞത് കേട്ട് പൊലീസുകാരൻ മുഖം കോട്ടിച്ചിരിച്ചു. പെട്ടെന്ന് മുകളറയിൽ നിന്ന് ഒരു തടിച്ച പുസ്തകമെടുത്ത് സഞ്ജയനു നേരെ വലിച്ചെറിഞ്ഞിട്ട് അയാൾ പറഞ്ഞു:

നീയൊരു മനുഷ്യനാണെങ്കിൽ ഈ പുസ്തകത്തെ തോൽപ്പിക്ക്.

പുസ്തകം സഞ്ജയനുമേലാണ് വീണത്. തടിയൻപുസ്തകത്തിന് തടിയൻ പൊലീസുകാരനേക്കാൾ ഭാരമുണ്ടായിരുന്നു; അറിവിന്റെ ഭാരം താങ്ങാനാവാതെ അതിനടിയിൽക്കിടന്ന് സഞ്ജയൻ ഞരങ്ങി.

…………………………………….

  • When I find myself alone, so alone,

that I look for myself in my room ,

the way one looks for some misplaced thing,

a crumpled letter in some corner.

  • Xavier Villaurrutia – Nostalgia for Death

** On the roof of the neighbouring house rots

a ball of rags left by a dead child .

  • Jorge Teillier – In Order to Talk with the Dead

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal part 2 chapter 4