scorecardresearch
Latest News

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ: ഭാഗം രണ്ട് -അധ്യായം മൂന്ന്

“കഥയവസാനിച്ചപ്പോൾ സഞ്ജയന്റെ വായിൽ നിന്ന് തോടിൽ നിറയെ എഴുത്തുകളുള്ള ഒരു മുട്ട പുറത്തുചാടി “ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ രണ്ടാം ഭാഗത്തിലെ മൂന്നാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

കണ്ണാടിയിലെ പ്രതിബിംബങ്ങളുടെ മൂന്നാം രാത്രി

എന്നിട്ട് മൂന്നാം ദിവസം പൊലീസുകാർ വന്ന് മറ്റേ തടവുകാരന് പുതിയ വസ്ത്രങ്ങളും രുചിയുള്ള ഭക്ഷണവും മദ്യവും കൊടുത്തിട്ട് പുറത്തേക്ക് കൊണ്ടുപോയി. വിശന്നിരിക്കുകയായിരുന്ന സഞ്ജയനു നേരെ നാക്കു നീട്ടിക്കാണിച്ചിട്ടാണ് അയാൾ പുറത്തിറങ്ങിയത്. അയാൾ ശരിക്കും ചാരൻ തന്നെയാണെന്ന് സഞ്ജയന് തീർച്ചപ്പെട്ടു. അയാൾക്കപ്പോൾ നാലുതരം കുടൽപ്പുണ്ണും രണ്ടുവിധത്തിലുള്ള വയറിളക്കവും ഉണ്ടായി.

ചുട്ടുപൊള്ളുന്നതായിരുന്നു അന്നത്തെ രാത്രി. സഞ്ജയന്റെ ശരീരത്തിൽനിന്ന് വിയർപ്പുചാലുകൾ ഒഴുകി. നിലം തൊട്ടയുടനെ വിയർപ്പ് തേരട്ടകളായി മാറുന്നതുകണ്ട് അയാൾ പേടിച്ചു – പേടിക്കാൻ അല്ലെങ്കിലും അയാൾക്ക് വലിയ കാരണമൊന്നും വേണ്ട. അപ്പോൾ വനിതാകൗൺസിലർ വന്ന് സഞ്ജയന്റെ മുന്നിലിരുന്നു. അവൾക്ക് ഒരേ സമയം ഒരു മൂരിക്കുട്ടനെയും രണ്ട് ഉടുമ്പുകളെയും ഭോഗിക്കാനാകുമായിരുന്നു.

വന്നപാടെ അവളൊരു ലഡ്ഡുവെടുത്ത് സഞ്ജയനു നേരെ നീട്ടി.

നഗരസഭാദ്ധ്യക്ഷൻ പ്രസവിച്ചു, കൗൺസിലർ ചിരിച്ചുകൊണ്ടു പറഞ്ഞു.

കുട്ടി ആണോ പെണ്ണോ? സഞ്ജയൻ ചോദിച്ചു.

jayakrishnan , novel, iemalayalam

അതറിഞ്ഞിട്ട് നിനക്കെന്തു വേണം?

ആരാണ് കുട്ടിയുടെ അച്ഛൻ?

അതറിഞ്ഞിട്ട് നിനക്കെന്തു വേണം? കൗൺസിലർ ഈർഷ്യയോടെ പറഞ്ഞു: ഞാൻ വന്നത് നിന്റെ വിഡ്ഢിച്ചോദ്യങ്ങൾക്കു മറുപടി പറയാനല്ല, നിനക്കെതിരെ യുള്ള കുറ്റപത്രം വായിക്കാനാണ്.

എന്നിട്ട് പഴക്കംചെന്ന ഒരു കടലാസ്സെടുത്ത് അവൾ വായിക്കാൻ തുടങ്ങി:

നഗരസഭാദ്യോഗസ്ഥനായ ഒന്നാംപ്രതി സഞ്ജയനും രണ്ടാംപ്രതി മരിച്ചുപോയ മേഘയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. മേഘയുടെ മരിച്ചുപോയ കുട്ടിയാണ് ഈ കേസിലെ മൂന്നാംപ്രതി. നഗരസഭയുടെ പദ്ധതികൾ തടസ്സ പ്പെടുത്തുന്നതിന് മൂന്നു പ്രതികളും ഗൂഢാലോചന നടത്തി.

നഗരത്തിൽ എല്ലായിടത്തും വെള്ളത്തിന് ക്ഷാമമായിരുന്നു. അതിനൊരു പരിഹാരം കാണാൻ നഗരസഭ ഒരു പദ്ധതി തയ്യാറാക്കി. ഭൂമിക്കടിയിൽ ആർക്കും ഉപയോഗമില്ലാതെ കിടക്കുന്ന വെള്ളം പുറത്തുകൊണ്ടുവന്ന് വിതരണം ചെയ്യാനുള്ള പദ്ധതിയായിരുന്നു അത്. അത് നടപ്പാക്കാനുള്ള സർക്കാർ ഉത്തരവ് വാങ്ങാൻ ഞാനും അദ്ധ്യക്ഷനും പോയ തക്കത്തിന് ഒന്നാംപ്രതി സഞ്ജയൻ, രണ്ടാം പ്രതി മരിച്ചുപോയ മേഘയും മൂന്നാംപ്രതി മരിച്ചുപോയ മേഘയുടെ മരിച്ചുപോയ കുട്ടിയും താമസിക്കുന്ന വീട്ടിലെത്തി.

jayakrishnan , novel, iemalayalam

മേഘയുടെ കുട്ടി ഒരു കൂടോത്രക്കാരനായിരുന്നു. രണ്ടു മുഖങ്ങളുണ്ടായിരുന്നു അവന്. ആർക്കും കാണാൻ പറ്റാത്ത രണ്ടാമത്തെ മുഖം കൊണ്ട് മന്ത്രംചൊല്ലി അവൻ മഴയുണ്ടാക്കി. അങ്ങനെ സർക്കാരുത്തരവും കൊണ്ട് ജാഥയായി വന്ന ഞങ്ങളുടെ മേൽ കനത്ത മഴപെയ്തു. നനഞ്ഞൊലിച്ചിട്ടും ഞങ്ങൾ ജാഥ തുടർന്നു.

കുട്ടിയായ ദുർമന്ത്രവാദി അപ്പോൾ എന്തുചെയ്തു? ആർക്കും കാണാനാവാത്ത രണ്ടാമത്തെ മുഖംകൊണ്ട് അവൻ മന്ത്രംചൊല്ലുന്നത് തുടർന്നു. മന്ത്രത്തിൽ നിന്ന് ഇത്തവണയുണ്ടായത് ഒരുകൂട്ടം ഉറുമ്പുകളായിരുന്നു. ഭൂതങ്ങളായിരുന്നു അവ. ഉറുമ്പുഭൂതങ്ങൾ പാഞ്ഞുവന്ന് ഞങ്ങളെ ഊടുപാട് കടിക്കാൻ തുടങ്ങി. നിലത്തു കിടന്ന് ഉരുണ്ടുപിരണ്ടിട്ടും ചെളിയിൽ കുളിച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോൾ ഞങ്ങൾ അടുത്തുകണ്ട ഒരു വീട്ടിലേക്കോടിക്കയറി.

രണ്ടാംപ്രതി മേഘയുടെ വീടായിരുന്നു അത്.

കോലായയിലിരിക്കുകയായിരുന്ന, ഈ കേസിലെ മാപ്പുസാക്ഷിയും മരിച്ചു പോയ മേഘയുടെ മരിച്ചുപോയ അച്ഛനുമായിരുന്ന ആൾ തുരുമ്പുപിടിച്ച ഒരു സംഗീതോപകരണത്തിൽ വൃത്തികെട്ട ഒരു പാട്ടിന്റെ വരികൾ മീട്ടി. പാട്ടിൽനിന്ന് മുഖത്തു നിറയെ ചെതുമ്പലുകളും കാതിൽ ഒറ്റക്കമ്മലുമുള്ള ഒരു കൂട്ടം ഭൂതങ്ങൾ ഇറങ്ങിവന്ന് വീട്ടിനകത്തേക്ക് പറന്നു.

jayakrishnan , novel, iemalayalam

ഭൂതങ്ങൾ തുറന്നിട്ട വാതിലിലൂടെ ഞാനും അദ്ധ്യക്ഷനും ഉള്ളിലേക്കു നോക്കി. മൂന്നാംപ്രതിയായ കുട്ടി മന്ത്രംചൊല്ലാൻ പോയ തക്കത്തിന് ഒന്നാംപ്രതി സഞ്ജയനും രണ്ടാംപ്രതി മേഘയും ശാരീരികബന്ധത്തിലേർപ്പെടുകയാ യിരുന്നു. അതുനോക്കിനിന്നപ്പോൾ, ആ സമയം ആണായിരുന്ന നഗരസഭാദ്ധ്യക്ഷനും മുഴുവൻ സമയവും പെണ്ണായിരുന്ന എനിക്കും സ്വാഭാവികമായും ചില ആഗ്രഹങ്ങൾ തോന്നി. പക്ഷേ ഉടനെതന്നെ കുറെ ഉറുമ്പുകൾ ഞങ്ങളെ ആക്രമിക്കുകയും ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വേണ്ടാത്തിടങ്ങളിൽ കടിക്കുകയും ചെയ്തു.

സംഭോഗസാമഗ്രികളിൽ ഉറുമ്പുകടിച്ചാലുണ്ടാകുന്ന പൊല്ലാപ്പ് പറയേണ്ടതില്ലല്ലോ. കടിയേറ്റ് പുളഞ്ഞ് ഞങ്ങൾ അകത്തേക്കോടി. അവിടെ ഇരുട്ടു നിറഞ്ഞ ഒരു മുറിയിൽ ഒരു സ്ത്രീയും പുരുഷനും നഗ്നരായി കിടക്കുന്നുണ്ടായിരുന്നു. ഭൂതങ്ങളായിരുന്നു അവർ. പക്ഷേ ഞങ്ങൾക്കപ്പോൾ അത് മനസ്സിലായില്ല.

ഞങ്ങളുടെ നിൽക്കപ്പൊറുതിയില്ലായ്മ കണ്ടപ്പോൾ സ്ത്രീ ഒരു ചെറിയ കുപ്പിയെടുത്തു നീട്ടി. അതിനകത്തെ മരുന്നുപുരട്ടിയിട്ട് ഭോഗത്തിലേർപ്പെട്ടാൽ എല്ലാവിധ ചൊറിച്ചിലും മാറുമെന്നും ഇരട്ടി സുഖം കിട്ടുമെന്നും അവർ പറഞ്ഞു.

തിടുക്കപ്പെട്ട് പറഞ്ഞതുപോലെയൊക്കെ ഞങ്ങൾ ചെയ്തു. പക്ഷേ അതോടെ ഞങ്ങളുടെ വേണ്ടാത്തയിടങ്ങൾ തമ്മിൽ ഒട്ടിപ്പിടിച്ചു. വേർപെടുത്താനാവാത്ത ആ കത്രികപ്പൂട്ടിൽ ഉറുമ്പുകൾ കടിയോടു കടികടിച്ചു. ചൊറിച്ചിലും നീറ്റലും പറിച്ചുമാറ്റാനാവാത്ത ആസക്തിയും കാരണം ഒടുവിൽ ഞങ്ങൾക്ക് ബോധം നഷ്ടപ്പെട്ടു.

jayakrishnan , novel, iemalayalam

ബോധം വന്നപ്പോൾ വഴിയരികിലെ മാലിന്യക്കൂമ്പാരത്തിൽ കിടക്കുകയായി രുന്നു ഞങ്ങൾ. കഷ്ടപ്പെട്ട് സമ്പാദിച്ച സർക്കാരുത്തരവു മാത്രമല്ല, ഞങ്ങളുടെ പ്രധാനപ്പെട്ട അവയവങ്ങളും കാണാനില്ലായിരുന്നു. ഒന്നാംപ്രതി സഞ്ജയനും രണ്ടാംപ്രതി മരിച്ചുപോയ മേഘയും മൂന്നാംപ്രതി മരിച്ചുപോയ മേഘയുടെ മരിച്ചു പോയ കുട്ടിയും ഉറുമ്പുകളും ചേർന്ന് അവയൊക്കെ നശിപ്പിച്ചതാണെ ന്ന് ഞങ്ങൾക്കു തീർച്ചയാണ്.

ജനങ്ങൾക്ക് ഉപകാരപ്രദമായ, സുപ്രധാനമായ സർക്കാരുത്തരവ് നശിപ്പിച്ചതിനും ഞങ്ങളുടെ സുപ്രധാനാവയവങ്ങൾ ഉറുമ്പു ഭൂതങ്ങളെക്കൊണ്ട് കടിപ്പിച്ചു നശിപ്പിച്ചതിനും ഒന്നാംപ്രതി സഞ്ജയനും കൂട്ടുപ്രതികളായ മേഘയ്ക്കും അവളുടെ കുട്ടിക്കും പരമാവധി ശിക്ഷ നൽകേണ്ടതാണ്.

കുറ്റപത്രം വായിച്ചിട്ട് വനിതാ കൗൺസിലർ ചോദിച്ചു: ഇതേപ്പറ്റി നിനക്കെന്തു പറയാനുണ്ട്?

കുറ്റപത്രത്തിന്റെ ആദ്യഭാഗം മാത്രമേ സഞ്ജയൻ കേട്ടുള്ളൂ. ബാക്കി സമയം മുഴുവൻ അയാൾ വനിതാ കൺസിലറുടെ തലയിലൂടെ തലങ്ങും വിലങ്ങും ഇഴഞ്ഞു നടന്ന പൂച്ചക്കണ്ണുകളുള്ള പാമ്പിനെ നോക്കിയിരിക്കുകയായിരുന്നു – ഒരു ഭൂതമായിരുന്നു അത്.

jayakrishnan , novel, iemalayalam

പിന്നെ അയാൾ പറഞ്ഞുതുടങ്ങി:

വെള്ളത്തിൽ കാണുന്ന നമ്മുടെ നിഴലുകളില്ലേ? നമ്മൾ അകലേക്കു പോകുമ്പോൾ അവയ്ക്കെന്തു സംഭവിക്കുമെന്നറിയാമോ? കല്ലുകൾ പോലെ അവ ജലത്തിലാഴ്ന്നുപോകും. കുളത്തിന്റെയും നദിയുടെയും കടലിന്റെയുമടിയിൽ അത്തരം നിഴലുകളാണ് നിറയെ. കുളവും നദിയും കടലും വറ്റുമ്പോൾ അവ ഭൂമിയ്ക്കടിയിലേക്കാഴ്ന്നു പോകും; എന്നിട്ട് അവിടെക്കിടന്ന് കഥകൾ പറയും.

ആ കഥകൾ ഒരിക്കലും ഞാൻ ആരോടും പറയുകയില്ല. പക്ഷേ അവയിലെല്ലാം ഇങ്ങനെ ഒരു വാചകമുണ്ടായിരുന്നു: *ഭൂമിക്കടിയിൽ ആരുമില്ല; കാരണം ഒരു നദിയും മറ്റൊരു നദിയ്ക്കുള്ളിൽ വിശ്രമിക്കുന്നില്ല.

ഒരിടത്തൊരു നദിക്കരയിൽ ഒരു സ്ത്രീയുണ്ടായിരുന്നു. കള്ളത്തരങ്ങൾ കാണിക്കലായിരുന്നു അവളുടെ പണി. അങ്ങനെ അവളുടെ കൃത്രിമങ്ങൾ കാരണം നദി വറ്റിവരണ്ടു.

ഒരു ദിവസം അവൾ വറ്റിയ നദിയിലേക്കു നോക്കി. പൊള്ളുന്ന മണൽപ്പരപ്പിലതാ ഒരു കറുത്ത മുട്ട കിടന്ന് തിളങ്ങുന്നു. പാഞ്ഞുചെന്ന് അവൾ മുട്ട റാഞ്ചിയെടുത്തു. അപ്പോഴാണ് അവളതു കണ്ടത്: മുട്ടത്തോടു നിറയെ അക്ഷരങ്ങൾ:

jayakrishnan , novel, iemalayalam
  • * ഞാൻ ജനിച്ചപ്പോൾ
    നിഴലുകളിൽ ജീവിക്കുന്ന
    കെട്ടുപിണഞ്ഞ
    പിശാചുക്കളിലൊരാൾ പറഞ്ഞു:
    ജീവിതത്തിൽ
    ഒരു പൊരുത്തക്കേടാവാൻ
    തയ്യാറെടുക്കൂ.

രാത്രിയായപ്പോൾ വീട് ദുർമന്ത്രങ്ങൾ കൊണ്ടു നിറഞ്ഞു. നോക്കിയപ്പോൾ മുട്ടയിൽ നിന്നായിരുന്നു മന്ത്രങ്ങളുയർന്നത്. പേടിച്ചുപോയ സ്ത്രീ വേഗം മുട്ട നിലത്തിട്ട് പൊട്ടിച്ചു. അതിൽ നിന്ന് അവളെപ്പോലെ തന്നെയുള്ള മറ്റൊരുവൾ പുറത്തുചാടി.

നദിക്കടിയിൽ അനേകം പ്രതിബിംബങ്ങളുണ്ടെന്നു പറഞ്ഞില്ലേ? ആ സ്ത്രീയുടെ പ്രതിബിംബമായിരുന്നു അത്. അവളുടെയടുത്തെത്താൻ അതൊരു മുട്ടയ്ക്കു ള്ളിൽ കയറിക്കൂടിയെന്നേയുള്ളൂ.

സ്ത്രീയേക്കാൾ കുഴപ്പക്കാരിയായിരുന്നു അവളുടെ നിഴൽ. അതിന് ഒരേ സമയം ഇരുപത്തിയൊന്ന് നീർനായകളേയും ഇറുക്കുന്ന അഞ്ച് ഞണ്ടുക ളെയും ഭോഗിക്കാനാകുമായിരുന്നു.

jayakrishnan , novel, iemalayalam

സ്ത്രീക്ക് നിഴലിനെ നന്നേ ഇഷ്ടപ്പെട്ടു. തനിക്കറിയാത്ത എത്രയെത്ര കള്ളത്തരങ്ങളാണ് അവൾക്കറിയാവുന്നത്! എത്രയെത്ര കള്ളക്കഥകളാണ് അവൾ പറയുന്നത്!

ആ കഥകളൊന്നും ഞാൻ പറയുകയില്ല. പക്ഷേ അവയിലെല്ലാം ഇങ്ങനെ ഒരു വാചകമുണ്ടായിരുന്നു: ***കൂട്ടിലടയ്ക്കപ്പെട്ട കാടുകൾ തന്നെയാണ് കൂട്ടിലടയ്ക്ക പ്പെട്ട പക്ഷികൾ.

നിഴൽ സ്ത്രീയെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു – വറ്റിയ നദിക്കടിയിൽ, ഒരുപാടൊരുപാടടിയിൽ വലിയ ഒരു കണ്ണാടിയുണ്ട്; വെള്ളത്തിന്റെ പ്രതിബിംബമാണ് ആ കണ്ണാടി. ആ നിഴലിനെ വെള്ളമാണെന്ന് പറഞ്ഞ് വിറ്റാൽ സ്ത്രീയ്ക്ക് വലിയ പണക്കാരിയാകാനാവും.

അങ്ങനെ സ്ത്രീ നിഴലിന്റെ കൂടെ നദിക്കടിയിലേക്ക് യാത്ര തിരിച്ചു. വഴിക്കു വെച്ച് ഇടയ്ക്കിടെ ആണായും പെണ്ണായും മാറുന്ന,പൂച്ചക്കണ്ണുകളുള്ള ഒരു ഭൂതം അവരുടെ ഒപ്പം കൂടി .

jayakrishnan , novel, iemalayalam

സ്ത്രീയും അവളുടെ നിഴലും ഭൂതവും കൂടി ഭൂമിക്കടിയിലെ നിഴലുകളെ മുഴുവൻ വിറ്റോ എന്ന് എനിക്കറിയില്ല; ഒന്നു മാത്രം – ആ മുട്ടത്തോടിലെഴു തിയത് എന്നെ സംബന്ധിച്ചിടത്തോളം സത്യമാണ്: ജീവിതത്തിലെ ഒരു പൊരുത്തക്കേട് മാത്രമാണ് ഞാൻ; ഞാൻ മാത്രമല്ല അധികാരമില്ലാത്ത എല്ലാ മനുഷ്യരും അങ്ങനെയാണ്. അവർക്ക് ഒരിക്കലും സ്വന്തം മരണത്തിനപ്പുറ ത്തേക്കു നീളുന്ന നിഴലുകളുണ്ടാവില്ല.

കഥയവസാനിച്ചപ്പോൾ സഞ്ജയന്റെ വായിൽ നിന്ന് തോടിൽ നിറയെ എഴുത്തുകളുള്ള ഒരു മുട്ട പുറത്തുചാടി. പൊട്ടാതെ അത് ഉരുണ്ടുചെന്ന് വനിതാ കൗൺസിലറുടെ കാലുകൾക്കിടയിൽ ചെന്നുനിന്നു.

ആദ്യം ഒന്നു പേടിച്ചെങ്കിലും കൗൺസിലർ കലിതുള്ളി :
സ്വന്തം കള്ളത്തരങ്ങൾ മറയ്ക്കാൻ നീ കള്ളക്കഥകൾ ഉണ്ടാക്കുകയാണല്ലേ എന്നിട്ട് അവളാ മുട്ടയെടുത്ത് സഞ്ജയന്റെ മുഖത്ത് എറിഞ്ഞുടച്ചു. അതിൽ നിന്ന് മഞ്ഞ നിറവും ചീമുട്ടയുടെ ഗന്ധവുമുള്ള ഒരു കൂട്ടം ഭൂതങ്ങൾ പാഞ്ഞുവന്ന് സഞ്ജയനെ വളഞ്ഞിട്ടു തല്ലി.

കണ്ണുകാണാത്ത രാത്രിയിൽ അതൊരു പൊരുത്തക്കേടായി അയാൾക്ക് തോന്നിയില്ല.

……………………………………….

  • Nobody lies in this earth

because no river is at rest

in any other river.

  • Joao Cabral de Melo Neto – Selected Poetry

** When I was born, one of those twisted

angels who live in the shadows said:

” Carlos, get ready to be a misfit in life.”

  • Carlos Drummend de Andrade – Multitudinous Heart
  • * * The four caged canaries

sounded like four forests.

  • Patrizia Cavalli – My Poems Won’t Change the World .

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal part 2 chapter 3