scorecardresearch

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ: ഭാഗം രണ്ട് -അധ്യായം രണ്ട്

” നീ കൊന്ന എന്റെ അച്ഛനുമമ്മയുമാണിവർ, മറ്റൊരു ശലഭം പറയുന്നത് അയാൾ കേട്ടു”ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ രണ്ടാം ഭാഗത്തിലെ രണ്ടാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

കറുത്ത പൂമ്പാറ്റകളുടെ രണ്ടാംരാത്രി

jayakrishnan , novel, iemalayalam

അടുത്ത ദിവസം പകൽ സഞ്ജയനെ കാണാൻ ആരും വന്നില്ല. മറ്റൊരു തടവറയിൽ അരെയോ അടിച്ചു ശരിപ്പെടുത്തുന്നതിന്റെ ഒച്ചയും ബഹളവും അയാൾ കേട്ടു. – അപ്പോൾ ഒട്ടും മഴയില്ലായിരുന്നു, ഒരാൾ കരഞ്ഞുകൊണ്ട് ആവർത്തിച്ചു. മഴ പെയ്യാത്തതിന് എന്തിനാണ് ഒരുവനെ അടിക്കുന്നതെന്ന് സഞ്ജയന് മനസ്സിലായില്ല. *തടവറ, തനിക്കു മുമ്പേ അവിടെ കിടന്നയാൾ കണ്ട ദുഃസ്വപ്നമാണെന്ന് സഞ്ജയനു തോന്നി.

രാത്രിയായപ്പോൾ തടവറയുടെ വാതിൽ തുറന്നു. പൊലീസുകാർ മറ്റൊരു തടവുകാരനെ അകത്തേക്കു തള്ളിയിട്ട് വാതിലടച്ചു.

ഞാൻ കള്ളനല്ല; മൂലയിലെ ഇരുട്ടിലേക്കു പതുങ്ങിക്കൊണ്ട് പുതിയ തടവുകാരൻ പറഞ്ഞു, _ എന്നെ കള്ളനാക്കിയതാണ്.

ആര്? സഞ്ജയൻ ചോദിച്ചു.

ഒരു കൂടോത്രക്കാരി

ഏതു കൂടോത്രക്കാരി?

പൂമ്പാറ്റകളുടെ കൂടോത്രക്കാരി.

jayakrishnan , novel, iemalayalam

അടുത്ത മുറിയിൽ നിന്ന് ആരെയോ വലിച്ചിഴച്ചുകൊണ്ടു പോകുന്ന ശബ്ദം കേട്ട് പുതിയ തടവുകാരൻ മിണ്ടാതിരുന്നു. പിന്നെ വീണ്ടും ചോദിച്ചു:

നീയൊരു കള്ളനാണോ?

എനിക്കറിയില്ല, സഞ്ജയൻ കോട്ടുവായിട്ടു. അയാൾക്ക് നാലുതരം പനികളും രണ്ട് വേദനകളും സ്ഖലനശേഷമുള്ള ശൂന്യതയും അനുഭവപ്പെട്ടു.

നീ കള്ളന്മാരുടെ ഭാഷ പഠിക്കണം.

എന്തിന്?

എങ്കിലേ കളവുമുതൽ മറ്റു കള്ളന്മാർ കൊണ്ടു പോകാതെ സൂക്ഷിക്കാൻ കഴിയൂ.

സഞ്ജയൻ ഒന്നും മിണ്ടിയില്ല. മുറിയിൽ വയസ്സായ രണ്ടു പൂമ്പാറ്റകൾ പറന്നുകൊണ്ടിരുന്നു.- നീ കൊന്ന എന്റെ അച്ഛനുമമ്മയുമാണിവർ, മറ്റൊരു ശലഭം പറയുന്നത് അയാൾ കേട്ടു.

അപ്പോൾ പുതിയ തടവുകാരൻ അയാളുടെ കഥ പറയാൻ തുടങ്ങി:

jayakrishnan , novel, iemalayalam

ഒരു ദിവസം രാത്രി അയാൾ ഒറ്റയ്ക്കു വരികയായിരുന്നു. വഴിയരികിലെ വീട്ടിലെ ജനാലയിൽ കൂടി കുറെ കറുത്ത ശലഭങ്ങൾ പുറത്തേക്കു പറക്കുന്നത് അയാൾ കണ്ടു. അകത്ത് ഒരു വിളക്ക് മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു. അയാൾ അടുത്തുചെന്നു നോക്കി. മുറിയിൽ മുടി വിടർത്തിയിട്ട് ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. കൂടോത്രക്കാരിയായിരുന്നു അവൾ. ചിത്രശലഭങ്ങളെ ഒരു പുസ്തകത്തിൽ അവൾ തറച്ചുവെച്ചുകൊണ്ടിരുന്നു. ചിറകിലും ഉടലിലും സൂചി തറച്ചു കയറുമ്പോൾ ശലഭങ്ങളിൽ നിന്ന് കറുത്ത നിഴലുകൾ ജനലിലൂടെ പുറത്തേക്കു പറന്നു. അവയെയാണ് അയാൾ കണ്ടത്.

പെട്ടെന്ന് ദുർമന്ത്രവാദിനി അയാൾക്കു നേരെ തിരിഞ്ഞു. അവളുടെ മുഖത്തു നിന്ന് നിന്ന് ചിറകിൽ ചുവന്ന കണ്ണുകളുള്ള രണ്ടു ശലഭങ്ങൾ തലകീഴായി പറന്നുവന്ന് അയാളെ ആക്രമിച്ചു. പേടിച്ചോടിയ അയാൾ ഒരു പൊട്ടക്കിണറ്റിൽ വീണു.

രക്ഷിക്കണേ, അയാൾ നിലവിളിച്ചു. അപ്പോഴാണ് കിണറ്റിനകത്ത് വേറൊരാൾ കൂടി കിടക്കുന്നത് അയാൾ കണ്ടത്. അതൊരു കള്ളനായിരുന്നു. കള്ളൻ അയാളോടു മിണ്ടാതിരിക്കാൻ പറഞ്ഞു. അയാൾ കേട്ടില്ല. രക്ഷിക്കണേ, അയാൾ വീണ്ടും ഒച്ചവെച്ചു. ആളുകൾ ഓടിക്കൂടുന്ന ശബ്ദം കേട്ട് കള്ളൻ ഒരു തുണിക്കെട്ട് അയാളുടെ കൈയിൽ വെച്ചു കൊടുത്തിട്ട് കിണറിനടിയിലേക്ക് മുങ്ങാങ്കുഴിയിട്ടു.

ആളുകൾ ഭാണ്ഡക്കെട്ടോടെ അയാളെ പുറത്തെടുത്തു. അടുത്ത വീടുകളിൽ നിന്നു കളവുപോയ പണവും ആഭരണങ്ങളുമായിരുന്നു അതിൽ. കള്ളനാ ണെന്നു കരുതി ആളുകൾ അയാളെ തല്ലിച്ചതച്ച് പൊലീസിലേൽപ്പിച്ചു.. ശരിക്കുള്ള കള്ളൻ കിണറ്റിനകത്തുണ്ടെന്ന് അയാൾ പറഞ്ഞതൊന്നും ആരും കേട്ടില്ല.

jayakrishnan , novel, iemalayalam

തടവുശിക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ ഏതായാലും കള്ളനെന്നു പേരുവീണ സ്ഥിതിക്ക് മോഷണം തന്നെ തൊഴിലാക്കാൻ അയാൾ തീരുമാനിച്ചു.

ശരിക്കുള്ള കള്ളനെ അയാളുടെ വീട്ടുകാർ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി യെന്നും അയാളുടെ ഒരു കാലൊടിഞ്ഞു പോയെന്നും പിന്നീട് ഗുമസ്തപ്പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ പട്ടികയിൽ പതിമൂന്നാമനായി അവൻ സർക്കാർ ജോലിയിൽ കയറിപ്പറ്റിയെന്നും അയാൾ അന്വേഷിച്ചറിഞ്ഞു.

ഒരിക്കലും പിടിക്കപ്പെടാത്ത മോഷണങ്ങൾക്കൊടുവിൽ അയാൾ നഗരത്തിലെ ഒരു ആഡംബരഫ്ലാറ്റിൽ ചെന്നു കയറി. അതിനകത്ത് ആരുമുണ്ടായിരുന്നില്ല. ഒരു വിളക്കുമാത്രം മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു. കൊത്തുപണികൾ നിറഞ്ഞ ഒരു ആഭരണപ്പെട്ടി കള്ളത്താക്കോലിട്ട് തുറക്കുകയായിരുന്നു അയാൾ. മൂടി നീങ്ങിയയുടനെ ജീവനറ്റ ആയിരക്കണ ക്കിന് ശലഭങ്ങൾ അതിൽ നിന്നു പുറത്തേക്കു വീണു.

അച്ഛനെയും അമ്മയെയും ആങ്ങളയെയും വിറ്റുകിട്ടിയതാണത്, ചുവരിൽ മുടി വിടർത്തിയിട്ടു നിന്ന ഒരു നിഴൽ പറയുന്നത് അയാർ കേട്ടു . അതോടെ അയാളുടെ ബോധം പോയി.

ഓർമ്മ വന്നപ്പോൾ അയാൾ പൊലീസ് സ്റ്റേഷനിലായിരുന്നു. അവരയാളെ സഞ്ജയന്റെ തടവറയിലടച്ചു.

ഇനി നിന്റെ കഥ കേൾക്കട്ടെ, അയാൾ ആവശ്യപ്പെട്ടു.

jayakrishnan , novel, iemalayalam

സഞ്ജയൻ ഒന്നും പറഞ്ഞില്ല: അപ്പോൾ കനത്ത മഴയായിരുന്നു, അടുത്ത മുറിയിൽ നിന്ന് ഒരാൾ നേർത്ത സ്വരത്തിൽ പറയുന്നത് ഒരു ഘടികാരത്തിന്റെ ശബ്ദം പോലെ ആവർത്തിച്ചാവർത്തിച്ച് അയാൾ കേട്ടുകൊണ്ടിരുന്നു.

കുട്ടികളുടെ ക്രൂരത മുതിർന്നവരുടേതിനേക്കാൾ ഭയങ്കരമായിരിക്കും, പെട്ടെന്ന് ഓർമ്മവന്നിട്ടെന്ന പോലെ സഞ്ജയൻ പറഞ്ഞുതുടങ്ങി.

ആ പെൺകുട്ടി അങ്ങനെയുള്ള ഒരുവളായിരുന്നു. ക്രൂരതയായിരുന്നു അവളുടെ വിനോദം. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അവൾ പല്ലികളെപ്പിടിച്ച് പിച്ചിച്ചീന്തി, നൂൽത്തുമ്പികളെ ജീവനോടെ ഉറുമ്പുകൾക്കിട്ടുകൊടുത്തു. തവളകളെ കല്ലെറിഞ്ഞു കൊന്നു. അച്ഛനും അമ്മയും എത്ര ശകാരിച്ചിട്ടും അടിച്ചിട്ടും അവളുടെ സ്വഭാവം മാറിയില്ല.

jayakrishnan , novel, iemalayalam

വലുതായപ്പോൾ അവൾ ജന്തുശാസ്ത്രപഠനത്തിനു ചേർന്നതും ജീവികളെ കൊല്ലാനുള്ള രസമോർത്തായിരുന്നു. അങ്ങനെ, പാറ്റകളെയും തവളകളെയും കീറിമുറിച്ചും പൂമ്പാറ്റകളെയും പച്ചത്തുള്ളന്മാരെയും വണ്ടുകളെയും പുസ്തകങ്ങളിൽ മൊട്ടുസൂചികൊണ്ട് തറച്ചുവെച്ചും അവൾ സന്തോഷിച്ചു.

ഒരു ദിവസം അവളുടെ അനുജന്റെ മുറിയിൽ നിന്ന് വല്ലാത്തൊരു ശബ്ദം കേട്ട് അച്ഛനുമമ്മയും ഓടിച്ചെന്നു. മയക്കുമരുന്നു മണപ്പിച്ചു മയക്കിയിട്ട് അവളവനെ പലകയിൽ ആണിയടിച്ചു തറയ്ക്കുകയായിരുന്നു. അച്ഛനുമമ്മയ്ക്കും ഒന്നും ചെയ്യാനാവുമായിരുന്നില്ല. ചുവരിൽ പതിഞ്ഞു നിന്ന അവളുടെ നിഴൽ തനിയെ വലുതാവുന്നത് അവർ കണ്ടു. അവളൊരു കൂടോത്രക്കാരിയായിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞ് അനുജനെ കുറെ ചത്ത പൂമ്പാറ്റകളുടെ കൂടെ ഒരു കുപ്പിയിലടച്ച് അവളൊരു പൊട്ടക്കിണറ്റിൽ വലിച്ചെറിഞ്ഞു.

ശവങ്ങളുടെ കൂടെ പകുതി മരിച്ചവനായി തടവിൽ കിടക്കുമ്പോഴാണ് ഒരുവൻ ഏറ്റവും വലിയ കഥപറച്ചിലുകാരനാവുക: ജീവിച്ചിരിക്കുന്നുവെന്ന് സ്വയം വിശ്വസിപ്പിക്കാനായി അവനു കഥകൾ പറഞ്ഞേ മതിയാകൂ. പലപ്പോഴും ചോരമണക്കുന്ന കഥകളായിരിക്കും അവ. അങ്ങനെ കുപ്പിയിലടയ്ക്കപ്പെട്ട ആ മനുഷ്യനും കുറെ കഥകളുണ്ടാക്കി.

jayakrishnan , novel, iemalayalam

ഒരിക്കലും ഞാനാ കഥകൾ ആർക്കും പറഞ്ഞുകൊടുക്കില്ല.

കുറെനാൾ കഴിഞ്ഞ് ചിറകിൽ ചുവന്ന കണ്ണുകളുള്ള ഒരു ശലഭം കുപ്പി തുറന്ന് അകത്തേക്കുവന്നു. കുപ്പിക്കകത്തെ ശലഭശവങ്ങൾ തിന്നുതീർത്തിട്ട് അത് ആ മനുഷ്യനെയും കൊണ്ടു പുറത്തേക്കുപറന്നു.

ദുർമന്ത്രവാദിനിപ്പെങ്ങൾ പറഞ്ഞയച്ച ഒരു ഭൂതമായിരുന്നു ആ ശലഭം. അതയാളെ പീഡിപ്പിച്ചു, വരിയുടച്ചു, ഒരു കണ്ണും കൈയും കാലും ചെവിയും ഇല്ലാതാക്കി. എന്നിട്ട്, മണലൂറ്റി നദികളെ ഇല്ലാതാക്കുന്ന ഒരു ഭയങ്കരന് അടിമയാക്കി വിറ്റു.

jayakrishnan , novel, iemalayalam

ഒരുപക്ഷേ, എല്ലാ മനുഷ്യരുടെയും കഥ ഇതുതന്നെയായിരിക്കും ക്രൂരതയുടെ കഥ. ക്രൂരതയുടെ രാസശാലയിലെ വെറുമൊരു അവക്ഷിപ്തത്തെയാണ് പലപ്പോഴും നമ്മൾ നന്മയെന്നു വിളിക്കുന്നത്. രണ്ടു വിഭാഗം മനുഷ്യരേയുള്ളൂ. ക്രൂരത ചെയ്യുന്നവരും ക്രൂരതയ്ക്കിരയാവുന്നവരും. രണ്ടു കൂട്ടരുടെയും കഥകൾ പരസ്പരം പൂരിപ്പിച്ചുകൊണ്ടിരിക്കും. **പക്ഷികളുപേക്ഷിച്ച കൂടുകൾ പോലുള്ള ആ കഥകൾ ആർക്കും വായിക്കാനാവുകയില്ലെങ്കിലും അവയിൽ നിന്ന് ഭൂതങ്ങളുണ്ടാകും – അങ്ങനെയുണ്ടായ രണ്ടു ഭൂതങ്ങളാണ് നീയും ഞാനും, മറ്റേതടവുകാരനെ നോക്കിക്കൊണ്ട് സഞ്ജയൻ പറഞ്ഞു നിർത്തി.

മറ്റേയാളുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നു.

നീയെന്നെ വിഡ്ഡിയാക്കുകയാണ്, അയാൾ സഞ്ജയന്റെ മുഖത്തു തുപ്പി: നീ പറഞ്ഞതൊക്കെ ഞാൻ പൊലീസിന് പറഞ്ഞു കൊടുക്കും; നീയൊരു ഭൂതമാണെന്നും പറയും.

ചാരന്റെ തുപ്പൽപോലെ രാത്രി ദുർഗന്ധം നിറഞ്ഞ് കനത്തു നിന്നു.

………………………………………….

  • I lay sleeping insidemy hotel room;

it was like an alien dream

that the guest before me

must have shouldered aside

in his sleep and forgot.

  • Inger Christiansen -Alphabet .

** Do you think you can read

the ways of ex- nests?

  • Tomaz Salamun – Feast

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal part 2 chapter 2