scorecardresearch

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ: ഭാഗം രണ്ട്- അധ്യായം പന്ത്രണ്ട്; നോവൽ അവസാനിക്കുന്നു

” പക്ഷേ, ആരുമില്ലായിരുന്നു. തിരിച്ചു വന്നില്ല അവരാരും. കാരണം അവർ ജീവിച്ചതും മരിച്ചതും കഥകളിലല്ലായിരുന്നു ” ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ രണ്ടാം ഭാഗത്തിലെ അവസാന അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം: ജയകൃഷ്‌‌ണൻ

നിഴലിന്റെ കൂടെ നടക്കുന്ന മരണത്തിന്റെ അവസാനമില്ലാത്ത രാത്രി

jayakrishnan , novel, iemalayalam

എന്നിട്ട്, പല്ലി പതിമൂന്നുവട്ടം ചിലച്ചു . ഉറങ്ങാനാണ് പതിമൂന്നു വട്ടവും അതുപറഞ്ഞത്. പക്ഷേ സഞ്ജയൻ ഉണർന്നു.

നേർത്ത വെളിച്ചമുണ്ടായിരുന്നു. താൻ കിടന്നിരുന്ന തടവറ ഒരു പ്രതിക്കൂടായി മാറിയിരിക്കുന്നത് അയാൾ കണ്ടു. നേർത്ത വെളിച്ചമുണ്ടായിരുന്നു. വെളിച്ചത്തിൽ നഗരസഭാദ്ധ്യക്ഷൻ ജഡ്ജിയുടെ നെടുങ്കുപ്പായമണിഞ്ഞിരിക്കു ന്നത് സഞ്ജയൻ കണ്ടു. അദ്ധ്യക്ഷൻ പകുതി ആണും പകുതി പെണ്ണുമായി രുന്നു, അയാൾക്ക് ഒരേ സമയം നാല് ആണുങ്ങളെയും മൂന്നു പെണ്ണുങ്ങളെ യും രണ്ട് എരുമകളെയും ഒരു കാളക്കൂറ്റനെയും ഭോഗിക്കാനുള്ള കഴിവുണ്ടാ യിരുന്നു. പിന്നെയും നേർത്ത വെളിച്ചമുണ്ടായിരുന്നു. അദ്ധ്യക്ഷനോടു ചേർന്ന് വനിതാ കൗൺസിലർ ഇരിക്കുന്നത് സഞ്ജയൻ കണ്ടു. അവൾക്ക് ഒരേ സമയം നാല് ചൊറിത്തവളകളെയും രണ്ട് തടിയന്മാരെയും ഭോഗിക്കാനാവുമായിരു ന്നു. പിന്നെയും നേർത്ത വെളിച്ചമുണ്ടായിരുന്നു. വനിതാകൗൺസിലറോട് ചേർന്ന് വക്കീലും മെഴുകുപ്രതിമയുണ്ടാക്കുന്നവളും ഇരിക്കുന്നത് സഞ്ജയൻ കണ്ടു. അവർക്കിരുവർക്കും കൂടി ഒരേ സമയം മൂന്ന് ഉടുമ്പുകളെയും ഒരു കീരിയേയും രണ്ടു പിശാചുക്കളെയും ഭോഗിക്കാനാവുമായിരുന്നു. പിന്നെയും നേർത്ത വെളിച്ചമുണ്ടായിരുന്നു. വക്കീലിനോടും മെഴുകുപ്രതിമക്കാരിയോടും ചേർന്ന് പുളിച്ച ധാന്യമാവിന്റെ മണമുള്ള സൂപ്രണ്ട് ഇരിക്കുന്നത് സഞ്ജയൻ കണ്ടു. അയാൾക്ക് ഒരേ സമയം മൂന്ന് മദ്യപന്മാരെയും ആറ് നീർനായ്ക്കളെയും ഭോഗിക്കാനാവുമായിരുന്നു. അയാളോട് ചേർന്ന് മറ്റുള്ളവരും ഇരിക്കുന്നു ണ്ടായിരുന്നു. അവർക്കൊക്കെ എത്രപേരെ ഭോഗിക്കാനാവുമെന്ന് കണക്കാക്കുന്നതിനു മുമ്പ് നേർത്ത വെളിച്ചം മാഞ്ഞു. കണ്ണുകൾ മൂടുന്ന ഇരുട്ടിൽ സഞ്ജയന് രണ്ടുതരം സ്വപ്നസ്ഖലനവും വരിയുടച്ച വേദനയും അനുഭവപ്പെട്ടു.

jayakrishnan , novel, iemalayalam

എന്നിട്ട്, അവരെല്ലാം സഞ്ജയനെ അടച്ചിട്ട കൂടിനു ചുറ്റും വട്ടത്തിൽ ഇരുന്നു. എല്ലാവരുടെയും തലയ്ക്കു മുകളിൽ അവരുടെ അതേ രൂപമുള്ള ഭൂതങ്ങൾ തലകീഴായി തൂങ്ങിക്കിടന്നു. ഇരുട്ടു തുളച്ചുകൊണ്ട് അദ്ധ്യക്ഷന്റെ പൂച്ചക്കണ്ണു കൾ തിളങ്ങി. ആണിന്റെയും പെണ്ണിന്റെയും മാറിമാറി വരുന്ന ശബ്ദത്തിൽ അയാൾ സംസാരിച്ചു:

നിനക്കെതിരെയുള്ള കുറ്റങ്ങളൊക്കെ തെളിയിക്കപ്പെട്ടവയാണ്. അതേപ്പറ്റി കൂടുതൽ പറയേണ്ട കാര്യമില്ല. എങ്കിലും ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നീ ഒറ്റവാക്കിൽ ഉത്തരം പറയണം.

വട്ടത്തിലിരുന്നവരെല്ലാം അതെയെന്ന അർത്ഥത്തിൽ തലയാട്ടി. അവരുടെ തലയ്ക്കു മുകളിൽ അവരുടെ അതേ ആകൃതിയിൽ തൂങ്ങിക്കിടന്ന ഭൂതങ്ങൾ അല്ല എന്ന അർത്ഥത്തിലും. അപ്പോൾ സഞ്ജയന്റെ അടുത്ത് ഒരു നിഴൽ വന്നുനിന്നു.

jayakrishnan , novel, iemalayalam

നിഴൽ അന്നയുടെ ശബ്ദത്തിൽ പറഞ്ഞു: * തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും. ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒന്ന് മറ്റവന്റെ നിഴലായിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒന്ന് മറ്റവളുടെ നിഴലായിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും. രണ്ടുപേർ വയലിൽ ഇരിക്കും; ഒന്ന് മറ്റവന്റെ നിഴലായിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.

ചുറ്റും കൂടി നിന്നവർ എല്ലാവരും കേട്ടു . സഞ്ജയന്റെ അടുത്തു നിന്ന് മറ്റൊരു ശബ്ദം ഉയർന്നത് എല്ലാവരെയും പേടിപ്പിച്ചു. തലയ്ക്കു മുകളിൽ അവരുടെ അതേ രൂപത്തിൽ തലകീഴായി തൂങ്ങിക്കിടന്ന ഭൂതങ്ങൾ പേടിച്ച് മൂത്രമൊഴിച്ചു.

ആരാണിപ്പോൾ സംസാരിച്ചത്? അദ്ധ്യക്ഷൻ പെണ്ണിന്റെ സ്വരത്തിൽ ചോദിച്ചു.

ശവം ഉള്ളേടത്തു കഴുക്കൾ കൂടും, നിഴൽ പറഞ്ഞു.

jayakrishnan , novel, iemalayalam

എല്ലാവരും പിന്നെയും പേടിച്ചു. തലയ്ക്കു മുകളിൽ അവരുടെ അതേ രൂപത്തിൽ തലകീഴായി തൂങ്ങിക്കിടന്ന ഭൂതങ്ങളുടെ വായിൽ നിന്ന് പല്ലിവാലുകൾ അവരുടെ തലയിൽ വീണു. എല്ലാവരും കൂടുതൽ പേടിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ മുഖത്ത് ഇരുട്ടുപോലെ പറ്റിപ്പിടിച്ച പേടി തുടച്ചുകളഞ്ഞിട്ട് അദ്ധ്യക്ഷൻ ആവർത്തിച്ചു:

നിനക്കെതിരെയുള്ള കുറ്റങ്ങളൊക്കെ തെളിയിക്കപ്പെട്ടവയാണ്.അതേപ്പറ്റി കൂടുതൽ പറയേണ്ട കാര്യമില്ല. എങ്കിലും ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നീ ഒറ്റവാക്കിൽ ഉത്തരം പറയണം.

സഞ്ജയൻ തലയാട്ടി.

നീയും മരിച്ചു പോയ നിന്റെ അച്ഛനും മരിച്ചുപോയ നിന്റെ അമ്മയും മരിച്ചുപോയ നിന്റെ കൂട്ടുകാരും ചേർന്ന് നഗരസഭക്കെതിരെ ഗൂഢാലോചന നടത്തിയില്ലേ? അദ്ധ്യക്ഷൻ ചോദിക്കാൻ തുടങ്ങി.

അതെ, സഞ്ജയൻ പറഞ്ഞു.

പുഴയിലെ വെള്ളമൂറ്റാനുള്ള പദ്ധതിയുടെ ഫയലിൽ നീയും നിന്റെ മരിച്ചു പോയ അച്ഛനും മരിച്ചു പോയ അമ്മയും ചേർന്നല്ലേ കൂടോത്രം ചെയ്തത്?

അല്ല.

jayakrishnan , novel, iemalayalam

കൂടോത്രം കാരണമല്ലേ പുഴ വിൽക്കാനുള്ള പദ്ധതി നീണ്ടുനീണ്ടു പോയത്?

അതെ.

അതുകൊണ്ടു തന്നെയല്ലേ ഭൂതങ്ങൾക്ക് വീടുണ്ടാക്കാനും പാതയുണ്ടാക്കാ നുമുള്ള പദ്ധതികളൊക്കെ അവതാളത്തിലായത്?

അല്ല.

നഗരസഭാദ്ധ്യക്ഷനായ എന്റെയും വനിതാകൗൺസിലറുടെയും സുപ്രധാന രഹസ്യാവയവങ്ങളിൽ നീ ഉറുമ്പുകളെ വിട്ട് കടിപ്പിക്കുകയും ഞങ്ങളുടെ ഉത്പാദനക്ഷമത ഇല്ലാതാക്കുകയും ചെയ്തില്ലേ?

അതെ.

എന്റെ ഭാര്യയെ വഴിപിഴപ്പിക്കാൻ സ്വന്തം ലിംഗത്തെ പറഞ്ഞയച്ചത് നീയല്ലേ?

അല്ല.

അതുകാരണമല്ലേ അവൾ ഗർഭിണിയായത്?

അതെ.

jayakrishnan , novel, iemalayalam

ആദ്യം തോണിക്കാരനും പിന്നെ കൈനോട്ടക്കാരനും അതുകഴിഞ്ഞ് മരമില്ലിലെ പണിക്കാരനുമായ മരിച്ചുപോയ ഇക്ബാലും എന്റെ ഭാര്യയും തമ്മിലുള്ള അവിഹിതത്തിന് നീയല്ലേ കൂട്ടുനിന്നത്?

അല്ല.

എന്നെ മരണപുസ്തകം ഉപയോഗിച്ച് കൊല്ലാൻ നീയും നിന്റെ കൂട്ടുകാരായ മരിച്ചുപോയ ഇക്ബാലും മരിച്ചുപോയ പുസ്തകക്കച്ചവടക്കാരനും കൂടി ശ്രമിച്ചില്ലേ?

അതെ.

അപ്പോൾ നീ ശരിക്കും ഒരു കുറ്റവാളിയാണല്ലേ?

അല്ല.

ഇവൻ കുറ്റം സമ്മതിച്ചുകഴിഞ്ഞു. സഞ്ജയൻ അവസാനം പറഞ്ഞത് അവഗണിച്ചിട്ട് അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു. കസേരയിൽ നിന്നെഴുന്നേറ്റപ്പോൾ അയാളിരുന്നിടത്ത് മീൻമുള്ളുകൾ കിടന്നിരുന്നു.

jayakrishnan , novel, iemalayalam

എല്ലാവരും എഴുന്നേറ്റ് തൂക്കുമരം തയ്യാറാക്കാൻ തുടങ്ങി. അവർ ഇരുന്നിടത്തും മീൻമുള്ളുകളുണ്ടായിരുന്നു. തലയ്ക്കു മുകളിൽ തലകീഴായി തൂങ്ങിക്കിടന്ന, അവരുടെ അതേരൂപമുള്ള ഭൂതങ്ങൾ മീൻമുള്ളുകൾ തിന്നു തീർത്തിട്ട് മാരകമായ കലാപരിപാടികളിൽ മുഴുകി.

നിഴൽ ഇപ്പോൾ അന്നയായി മാറിക്കഴിഞ്ഞിരുന്നു. അവൾ പ്രാർത്ഥിക്കുന്നതു പോലെ ഉരുവിട്ടു:

** ഈ വീട്ടിൽ ആരും മൃതരായിട്ടില്ല.
ഒരു കൈയും ഇല്ലാത്ത കൈയെ തേടുന്നില്ല.
തീ, അതിനെ ഊതിക്കത്തിച്ചവനെ
വീണ്ടും കാണാൻ നൊമ്പരപ്പെടുന്നില്ല.
ഈ വീട്ടിലാരും മരിച്ചിട്ടില്ല,
പക്ഷേ,
മൃതരാണെല്ലാവരും.

പ്രാർത്ഥന വാതിൽ തുറക്കുമെന്ന് സഞ്ജയൻ കേട്ടിട്ടുണ്ട്; പക്ഷേ അന്നയുടെ പ്രാർത്ഥനയുണ്ടാക്കിയത് ഒരു കുഴിയാണ്; അയാൾ കുഴിയിലേക്കു വീണു. വീഴ്ചയ്ക്കിടയിൽ കഴുത്തിൽ എന്തോ മുറുകുന്നതുപോലെ തോന്നിയതും ശ്വാസം കിട്ടാതെയായതും കണ്ണുകൾ തുറിച്ചു വന്നതുമൊന്നും അയാൾ കാര്യമാക്കിയില്ല.

jayakrishnan , novel, iemalayalam

താണുതാണുപോകുമ്പോൾ അയാൾ ഒരു കഥ പറഞ്ഞു; ആരും കേൾക്കാനില്ലാത്ത, ഒരിക്കലും അവസാനിക്കാത്ത കഥ:

മനുഷ്യർക്കു മുൻപെ ഉണ്ടാകുന്നതാണ് അവരുടെ നിഴലുകൾ. മനുഷ്യരും നിഴലുകളും ഒന്നിച്ചു ജീവിക്കുന്നു. കുറെ കഴിഞ്ഞ് നിഴൽ അവരെ വിട്ടുപോകുന്നു. അതോടെ മനുഷ്യർ ഇല്ലാതാകുന്നു. അതിനെ മരണമെന്നു വിളിക്കുന്നു.

മനുഷ്യരേ ഇല്ലാതാകുന്നുള്ളൂ; അവരുടെ നിഴലുകളല്ല.

ഒരിടത്തൊരു മനുഷ്യനുണ്ടായിരുന്നു. അയാളീ രഹസ്യം മനസ്സിലാക്കി: നിഴലിന്റെ രഹസ്യം, മരണത്തിന്റെ രഹസ്യം. ഒരിക്കലും മരിക്കാനാഗ്രഹമില്ല അയാൾക്ക്. നിഴൽ വിട്ടുപോയാലല്ലേ താൻ മരിക്കുകയുള്ളൂ. നിഴൽ ഒരിക്കലും തന്നെ വിട്ടുപോകരുത്; അതിനു വേണ്ടി അയാളൊരു വഴി കണ്ടെത്തി.

jayakrishnan , novel, iemalayalam

ഉറങ്ങുമ്പോൾ തനിക്കടിയിൽ നിഴലും ഉറങ്ങുന്നുണ്ടെന്ന് അയാൾക്കറിയാം. അയാൾ വിളക്കു കത്തിച്ചുവെച്ചു. എന്നിട്ട് ഉറക്കമിളച്ചു.

അതാടെ നിഴലിനും ഉറങ്ങാൻ പറ്റാതായി. ഒരു രാത്രി അയാൾ ഉറങ്ങിയില്ല, നിഴലും ഉറങ്ങിയില്ല. രണ്ടാം രാത്രിയും അയാൾ ഉറങ്ങിയില്ല, നിഴലും ഉറങ്ങിയില്ല. മൂന്നാം രാത്രി, നാലാം രാത്രി…. അങ്ങനെ പതിമൂന്നു രാത്രികൾ. ചുവർ പറ്റിനിന്ന് ഉറക്കം തൂങ്ങിത്തൂങ്ങി ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ നിഴൽ ബോധംകെട്ടുവീണു.

സമയം പാഴാക്കാതെ അയാൾ നിഴലിനെപ്പിടിച്ച് ഒരു പാത്രത്തിലടച്ചു. എന്നിട്ട് പാത്രം അരയോടുചേർത്ത് മുറുക്കികെട്ടി. ഇനി നിഴലിനൊരിക്കലും അയാളെ വിട്ടുപോകാനാവില്ല.

നിഴലില്ലാതെ, അരയിൽ പാത്രവും തൂക്കി നടക്കുന്ന അയാളെ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. പക്ഷേ കുറെക്കഴിഞ്ഞ് പാത്രത്തിൽ നിന്ന് മനുഷ്യശബ്ദത്തിൽ ആരോ ഒച്ചവെയ്ക്കുന്നതും കരയുന്നതും കേട്ട് അവരൊക്കെ പേടിച്ചു. നിഴൽ ഉണർന്നതായിരുന്നു, പെട്ടുപോയെന്നറിഞ്ഞ് അത് നിലവിളിച്ചതായിരുന്നു.

നിഴലില്ലാതെ, അരയിൽ മനുഷ്യശബ്ദത്തിൽ ഒച്ചയുണ്ടാക്കുന്ന പാത്രവുമായി നടക്കുന്ന അയാളൊരു ഭൂതമാണെന്ന് എല്ലാവരും കരുതി. ഇടവിടാതുള്ള നിലവിളി കേട്ട് താമസിയാതെ അയാളുടെ ഭാര്യയ്ക്ക് ഭ്രാന്തിളകി, പിന്നെ മക്കൾക്കും അയൽക്കാർക്കും. അവരൊക്കെ അവിടം വിട്ട് ഓടിപ്പോയി.

jayakrishnan , novel, iemalayalam

അങ്ങനെ അയാൾ ഒറ്റയ്ക്കായി, നൂറ്റാണ്ടുകൾ കടന്നു പോയി, നിഴലിന്റെ ശബ്ദം നേർത്തുനേർത്തില്ലാതായി.

നിഴൽ മരിച്ചുപോയതാണെന്ന് അയാൾ വിചാരിച്ചു. നിഴൽ മരിച്ചാൽപ്പിന്നെ താനൊരിക്കലും മരിക്കില്ല, അയാൾ പാത്രം തുറന്നു.

പാത്രത്തിൽ നിന്നുയർന്നത് ഇരുട്ടായിരുന്നു. കരി പോലെ മുഖത്തും ദേഹത്തും പുരളുന്ന ഇരുട്ട്. ഇരുട്ടിൽ അതുവരെയുള്ള, നൂറ്റാണ്ടുകളായുള്ള തന്റെ ജീവിതം മുഴുവൻ ഒരു ചലച്ചിത്രം പോലെ അയാൾ കണ്ടുതീർത്തു. ജീവിതത്തിനൊടുവിലും ഇപ്പോഴത്തെ പോലെ ഇരുട്ടായിരുന്നു. ഇരുട്ടിൽ, ആരും കാണാത്ത ഒരു നിഴലായി അയാൾ മാറി, ഒരിക്കലും തീരാത്ത കഥപോലെയുള്ള നിഴൽ.

അപ്പോൾ ജീവിതമാണോ മരണമാണോ എന്റെ നിഴൽ? അവസാനിക്കാത്ത കഥയിൽ ഒറ്റയ്ക്കു നിന്നുകൊണ്ട് സഞ്ജയൻ ചോദിച്ചു.

ചോദ്യത്തിനുത്തരമായി അനേകം കഥകൾ ഒന്നിനോടു ചേർന്ന് മറ്റൊന്നായി അയാൾക്കു മുന്നിൽ നിന്നു. അയാൾ ഒരിക്കലും കേട്ടിട്ടില്ലാത്ത കഥകൾ, കഥകളിൽ അയാൾക്കൊരിക്കലും വരയ്ക്കാനാവാത്ത ചിത്രങ്ങൾ.

jayakrishnan , novel, iemalayalam

കഥയുടെ കുഴികളിലൂടെ താഴ്ന്നുതാഴ്ന്ന് അയാൾ ചെന്നെത്തിയത് തന്റെ വീട്ടിലായിരുന്നു. എല്ലാ വീടുകളും ഓരോ കുഴിക്കടിയിലാണെന്ന് അയാൾക്കു മനസ്സിലായി.

അവിടെ എല്ലാവരുമുണ്ടായിരിക്കുമെന്നായിരുന്നു അയാൾ വിചാരിച്ചത്: അച്ഛൻ, അമ്മ, ഇക്ബാൽ, പുസ്തകക്കച്ചവടക്കാരൻ, മേഘ, അവളുടെ മകനും അച്ഛനും, കാറ്റാടിക്കാരൻ, ജോസഫ്, അന്ന, പിന്നെ മരിച്ചുപോയവരൊ ക്കെയും.

പക്ഷേ, ആരുമില്ലായിരുന്നു. തിരിച്ചു വന്നില്ല അവരാരും. കാരണം അവർ ജീവിച്ചതും മരിച്ചതും കഥകളിലല്ലായിരുന്നു; അതുപോലെ തന്നെ സഞ്ജയനും, അയാൾ കഥയല്ല, അയാളുടെ ജീവിതവും മരണവും കഥയേയല്ല.

jayakrishnan , novel, iemalayalam

അതുകൊണ്ട് ഇരുട്ടിന്റെ കൂടെ എന്നും മറയുന്ന നിഴലിനോടൊപ്പം അയാളും ഇല്ലാതാകും; കഥകളും കഥകൾ വരയ്ക്കുന്ന ചിത്രങ്ങളുമില്ലാതെ, തിരിച്ചുവരവില്ലാ തെ.

……………………………………………

  • പുതിയ നിയമം ലൂക്കോസ് 17-34,35,36,37
  • * Nobody’s died yet in this house.

No hand seeks an absent hand.

The fire doesn’t yet yearn for

the one who took care to light it .

-Jorge Teillier – In Order to Talk with the Dead

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal part 2 chapter 12