scorecardresearch
Latest News

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ: ഭാഗം രണ്ട്- അധ്യായം പതിനൊന്ന്

“അഴികൾക്കിടയിൽ പതുങ്ങിനിന്ന തവിട്ടുപുള്ളികളുള്ള പല്ലിയും അയാളോടൊപ്പം ചിരിച്ചു. “ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ രണ്ടാം ഭാഗത്തിലെ പതിനൊന്നാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം: ജയകൃഷ്‌‌ണൻ

ഭൂമിക്കടിയിലെ നദിയുടെ പതിനൊന്നാം രാത്രി

jayakrishnan , novel, iemalayalam

എന്നിട്ട്, തടവറയിൽ പുളിച്ച മൈദമാവിന്റെ ദുർഗന്ധം നിറഞ്ഞു. സൂപ്രണ്ട് വന്നിട്ടുണ്ടെന്ന് സഞ്ജയനു മനസ്സിലായി. നാളെയാണ് നിന്റെ വിധി പറയുന്നത് – സൂപ്രണ്ട് മുഖവുരയില്ലാതെ പറഞ്ഞു. ചുണ്ടിന്റെ രണ്ടറ്റത്തുമെത്താത്ത അയാളുടെ മീശയ്ക്കുള്ളിൽ മരയോന്തിന്റെ ആകൃതിയുള്ള ഒരു ഭൂതം ഒളിഞ്ഞിരിക്കുന്നത് സഞ്ജയൻ കണ്ടു. പെൻഷൻ പറ്റാറായിരുന്നെങ്കിലും അഞ്ച് പിടക്കോഴികളെയും ഒരു തടിയനെയും ഒരേ സമയം ഭോഗിക്കാൻ അയാൾക്കാവുമായിരുന്നു.

നാളെ നിനക്ക് ശിക്ഷ വിധിക്കും, നിന്നെ തൂക്കിക്കൊല്ലുകയും ചെയ്യും, സൂപ്രണ്ട് പറഞ്ഞു. പെൻഷനായിക്കഴിഞ്ഞാൽ പഴയ കാലത്തെ പരാക്രമങ്ങൾ ഓർക്കുന്നതിനായി, കൈക്കൂലിയായി കിട്ടിയ പണം കൊടുത്ത് വാങ്ങിയ മലമുകളിലെ എസ്റ്റേറ്റിൽ അയാളൊരു പടുതാക്കുളം പണികഴിപ്പിച്ചിരുന്നു. അതിൽ കഴുത്തറ്റം മുങ്ങിക്കിടന്ന് അയാൾ പുളിച്ച മൈദമാവിന്റെ മണമുള്ള ഓർമ്മകളിൽ മുഴുകും. വെള്ളത്തിനടിയിൽ തുഴഞ്ഞുനിന്ന അയാളോളം നീളമുള്ള ലിംഗം കണ്ട്, അതൊരു പാമ്പാണെന്നു കരുതി മീനുകൾ അതിൽനിന്ന് അകന്നുനീന്തും.

jayakrishnan , novel, iemalayalam

അയാൾ മുന്നിലിരുന്നപ്പോൾ ആ പുളിച്ച മണം തന്റെ ശരീരത്തിലേക്കും കയറുന്നതു പോലെ സഞ്ജയനു തോന്നി. ആകാശത്തിലൂടെ സൂര്യനും ചന്ദ്രനും അനേകം തവണ കടന്നു പോകും, അയാളും താനും കടന്നു പോകും, ആ ദുഷിച്ച ഗന്ധം മാത്രം എന്നും അവിടെത്തന്നെയുണ്ടാകും.

അപ്പോൾ തടവറയുടെ അഴികൾക്കിടയിൽ നിന്ന് തവിട്ടു പുള്ളികളുള്ള ഒരു പല്ലി ചിലച്ചു. സൂപ്രണ്ട് പേടിച്ചു.

അതെന്താണ് പറഞ്ഞത്? അയാൾ ചോദിച്ചു.

നിങ്ങൾ ചെയ്ത തെറ്റുകളെല്ലാം ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കണമെന്ന്.

ഞാൻ ശരികൾ മാത്രമേ ചെയ്തിട്ടുള്ളൂ., സൂപ്രണ്ട് മുറുമുറുത്തു: പക്ഷേ ഞാൻ പ്രാർത്ഥിക്കാറുണ്ട്.

സൂപ്രണ്ടിന്റെ കാലുകൾക്കിടയിൽ ഒരു അനക്കം കണ്ടു. അയാളോളം നീളമുള്ള മറ്റവൻ പ്രാർത്ഥിക്കാനെഴുന്നേറ്റതാണെന്ന് സഞ്ജയനു മനസ്സിലായി.

jayakrishnan , novel, iemalayalam

ചെയ്ത ശരികൾ ഞാനേറ്റു പറയാം, സൂപ്രണ്ടിന്റെ ചുണ്ടിന്റെ രണ്ടറ്റവുമെത്താത്ത മീശയ്ക്കിടയിൽ ഒളിച്ചിരുന്ന മരയോന്ത് അയാളുടെ സ്വരത്തിൽ പറഞ്ഞു, തല രണ്ടുമൂന്നു തവണ ഇളക്കി, സൂപ്രണ്ടിന്റെ നിറം ശരീരത്തിലേക്കു പകർത്തിയിട്ട് അത് പറയാൻ തുടങ്ങി:

നഗരസഭയിലേക്ക് സ്ഥലംമാറ്റം കിട്ടി സൂപ്രണ്ട് വന്നിട്ട് കുറച്ചു കാലമേ ആയിരുന്നുള്ളൂ. മുമ്പ് അയാൾ ജോലി ചെയ്തിരുന്നത് ലോകത്തിന്റെ അങ്ങേ അറ്റത്തുള്ള ഒരു ഉണക്കമൂലയിലായിരുന്നു. കൈക്കൂലി പോയിട്ട് പച്ചവെള്ളം പോലും അവിടെ ആരും അയാൾക്ക് കൊടുത്തില്ല. ഗതിയില്ലാതെ ജീവിതത്തിൽ ആദ്യമായി സൂപ്രണ്ട് ഒരാൾക്ക് കൈക്കൂലി കൊടുത്തു. മേലുദ്യോഗസ്ഥൻ അയാൾ കൊടുത്ത കാശ് വാങ്ങിയിട്ട് നഗരസഭയിലേക്ക് സ്ഥലംമാറ്റിത്തരാമെന്ന് ഉറപ്പുനൽകി. പക്ഷേ, അയാൾ സ്ഥലംമാറ്റ ഉത്തരവിനു പകരം എല്ലാ ദിവസവും സൂപ്രണ്ടിന് ഓരോ പ്രണയകവിതയാണ് കൊടുത്തത്. ചൂടിന്റെയും മഴയുടെയും തണുപ്പിന്റെയും പൊടിയുടെയും കാലങ്ങൾ മാറിമാറി വന്നു. സ്ഥലംമാറ്റ ഉത്തരവു മാത്രം വന്നില്ല. മേലുദ്യോഗസ്ഥന്റെ പരട്ടക്കവിതകൾ വായിച്ചു വശംകെട്ട് സൂപ്രണ്ടും അയാളോളം പോന്ന അവയവവും തളർവാതം ബാധിച്ച് കിടപ്പിലായി. ഒടുവിൽ അയാൾ നഗരസഭാദ്ധ്യക്ഷനെ പോയി കണ്ടു. തന്റെ പദ്ധതികൾക്ക് കൂട്ടുനിൽക്കാൻ പറ്റിയയാളാണ് ഇയാളെന്ന് അദ്ധ്യക്ഷന് ബോദ്ധ്യമായി. അദ്ധ്യക്ഷന്റെ സഹായത്തോടെ കൂടോത്രം ചെയ്ത് അയാൾ അതുവരെ സൂപ്രണ്ടായിരുന്ന സാധുമനുഷ്യനെ നഗരസഭാ കാര്യാലയത്തിൽ നിന്നോടിച്ചു. എന്നിട്ട് കസേരയിൽ കയറിയിരുന്നു.

jayakrishnan , novel, iemalayalam

പതിമ്മൂന്നാം ദിവസമാണ് അപ്പക്കച്ചവടക്കാരനും മകളും ബേക്കറി തുടങ്ങാനുള്ള അനുമതിക്കായി അയാളുടെ അടുത്തുവന്നത്. അപ്പക്കച്ചവടക്കാരൻ മുമ്പ് ശവക്കുഴിവെട്ടുകാരനായിരുന്നു. കുറെ കഴിഞ്ഞപ്പോൾ കുഴിവെട്ടി മൂടിയ ശവങ്ങൾ ഭൂതങ്ങളോടൊപ്പം വന്ന് അയാളുടെ സ്വപ്നങ്ങളിൽ തൂങ്ങിക്കിടക്കാൻ തുടങ്ങി. അയാൾക്ക് ഭ്രാന്തു പിടിച്ചു. *തൂങ്ങിമരിച്ച ഒരുവൻ പൂക്കൾകൊണ്ട് കുരിശടയാളംവെച്ച മരത്തിൽ അങ്ങോട്ടുമിങ്ങോട്ടുമാടുന്നു, അയാൾ പുലമ്പി. ഒടുവിൽ ശവക്കുഴി വെട്ടുന്നതു നിർത്തിയിട്ട് അയാൾ അപ്പക്കച്ചവടം തുടങ്ങി. അപ്പവും ശരീരവും തമ്മിൽ വ്യത്യാസമില്ലെന്ന് അയാൾ ആശ്വസിച്ചു. പക്ഷേ അപ്പം വിൽക്കണമെങ്കിൽ നഗരസഭയുടെ അനുമതി വേണമായിരുന്നു. അങ്ങനെ അയാളും കാലുകൾ തളർന്നുപോയ മകളും സൂപ്രണ്ടിനെ കാണാൻ വന്നു.

സൂപ്രണ്ട് കൈക്കൂലി ആവശ്യപ്പെട്ടു. അയാൾ വന്നതോടെ കൈക്കൂലി വരവിൽ ഗണ്യമായ ഇടിവുണ്ടായ തടിയൻ ഗുമസ്തൻ അടുത്ത സീറ്റിലിരുന്ന് പല്ലുകടിച്ചു. പല്ലുകടിച്ചപ്പോൾ മഞ്ഞപ്പുകയും രണ്ടു ഭൂതങ്ങളും ഉണ്ടായി.

jayakrishnan , novel, iemalayalam

അപ്പക്കച്ചവടക്കാരൻറെ കൈയിൽ എല്ലാംകൂടി ആയിരം രൂപയേ ഉണ്ടായിരുന്നുള്ളു. അയാളതു കൊടുത്തു. സൂപ്രണ്ട് പണമെണ്ണുന്നതിലും അയാളുടെ അവയവം കാലുകൾ തളർന്ന പെൺകുട്ടിയുടെ ശരീരശാസ്ത്രത്തിലും ശ്രദ്ധിച്ചു.

പതിനായിരം രൂപ തന്നിലെങ്കിൽ അപ്പക്കൂടിനുള്ള അനുമതി നൽകാനാവില്ലെന്ന് സൂപ്രണ്ട് തീർത്തുപറഞ്ഞു. അപ്പക്കാരനും മകളും കരഞ്ഞുകൊണ്ടിറങ്ങി പ്പോയി. പക്ഷേ അന്നുരാത്രി അവയവം അയാൾക്ക് സ്വൈര്യം കൊടുത്തില്ല. ഒടുവിൽ തലയിൽ മുണ്ടിട്ട് അയാൾ അപ്പക്കാരന്റെ വീടും തേടിയിറങ്ങി.

പുളിച്ച മൈദമാവിൻറെ മണം അയാളേക്കാൾ ആദ്യം കിട്ടിയത് അയാളുടെ ലിംഗത്തിനായിരുന്നു. തെക്കുനോക്കിയന്ത്രത്തിന്റെ സൂചി പോലെ അത് ബേക്കറിക്കാരൻറെ വീട്ടിലേക്ക് വിരൽ ചൂണ്ടിവിറച്ചു. സൂപ്രണ്ട് ജനലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കി. കാലുകൾ തളർന്ന പെൺകുട്ടിയുടെ മുറിയായിരുന്നു അത്. ഉറക്കം അവളുടെ വസ്ത്രങ്ങളെ സ്ഥാനം തെറ്റിച്ചിരുന്നു. അതുകണ്ടയുടനെ അവയവം ജനൽപ്പാളി തകർത്ത് അകത്തു കടന്നു. പാതിയുറക്കത്തിൽ, പാമ്പ് ഇഴഞ്ഞു വരുന്നതാണെന്നു കരുതി പെൺകുട്ടി പേടിച്ച് നിലവിളിച്ചു: ** സ്വപ്നത്തിൽ നിന്നു വഴുതി അതെന്റെ മുറിയിൽ കടന്നു, ജനലിലൂടെ, രാക്കാറ്റിൻറെ കൂടെ…. ഓടി വരണേ!

അയൽക്കാർ ഓടിക്കൂടി. അപ്പക്കച്ചവടക്കാരൻ ഓഫീസിൽ വെച്ചു മറന്ന കാശ് തിരികെക്കൊടുക്കാൻ വന്നതാണെന്നു പറഞ്ഞു നോക്കിയെങ്കിലും ജനൽ തകർത്ത് കുടുങ്ങിക്കിടന്ന അവയവം അയാളെ ഒറ്റിക്കൊടുത്തു. ആളുകൾ അയാളെ തല്ലി പതം വരുത്തി. സഞ്ജയനും ഇക്ബാലും തല്ലുന്നവരെ പരമാവധി പ്രോത്സാഹിപ്പിച്ചു. ആൾക്കൂട്ടത്തിനു പിന്നിലാണ് നിന്നിരുന്നതെങ്കിലും സൂപ്രണ്ട് അവരെ കണ്ടു. ഒടുവിൽ അയാളുടെ രക്ഷയ്ക്ക് നഗരസഭാദ്ധ്യക്ഷനും വനിതാ കൗൺസിലറും വന്നെത്തി. അവരുടെ സഹായത്തോടെ കൂടോത്രം ചെയ്ത് പുകയായി മാറി സൂപ്രണ്ട് ഒരുവിധത്തിൽ അവിടെനിന്ന് കടന്നുകളഞ്ഞു.

അന്നുരാത്രി മദ്യം കുടിച്ച് പാമ്പായി സൂപ്രണ്ട് കിടന്നപ്പോൾ അയാളുടെ കാലുകൾക്കിടയിലെ പാമ്പ് വീണ്ടും പത്തിവിടർത്തി. മുറിക്കുള്ളിൽ കുടുങ്ങിയതു കാരണം അതിന് കാര്യമായി തല്ലു കിട്ടിയിരുന്നില്ല. സൂപ്രണ്ടിന്റെ സഹായമില്ലാതെ തന്നെ അത് സ്വയംഭോഗം ചെയ്യാൻ തുടങ്ങി. സ്വയമൂർച്ഛയിൽ അതിന്റെ ചുവന്ന വായിൽ നിന്ന് മഞ്ഞപ്പുകയും തീവണ്ടിയുടെ കൂക്കിവിളി പോലുള്ള ഒരു ശബ്ദവും പുറപ്പെട്ടു.

jayakrishnan , novel, iemalayalam

പുകയും ശബ്ദവും ചേർന്ന് ചുവരിൽ ആ പെൺകുട്ടിയുടെ തുണിയില്ലാത്ത ചിത്രം വരച്ചു. പിന്നെ അതു നോക്കിയായി അവയവത്തിൻറെ പരാക്രമം. സൂപ്രണ്ടിന് സഹികെട്ടു . ആ നാശം പിടിച്ച ശരീരഭാഗം കൊണ്ട് കഴുത്തിൽ കുടുക്കിട്ട് തൂങ്ങിച്ചത്താലോ എന്നുപോലും അയാൾ വിചാരിച്ചു. ഒടുവിൽ കൈക്കൂലി തരാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി അപ്പക്കച്ചവടക്കാരനെയും മകളെയും നഗരസഭാദ്ധ്യക്ഷന്റെ സഹായത്തോടെ അയാൾ ജയിലിൽ പിടിച്ചിട്ടു. തടവറയിൽക്കിടന്ന് അവർ മരിക്കുന്നതുവരെ അവയവം അതിന്റെ മുറവിളി തുടർന്നു. പിന്നെ വിരഹദുഃഖം സഹിക്കാനാവാതെ അത് ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയി. ***വൃത്തികെട്ട ഒരുദാഹം കാരണം ഞാൻ നിന്റെ പേര് വിളിച്ചു പറയുന്നു, അവയവം കരഞ്ഞു. ഗർഭജലവും തുടർന്ന് ഭൂഗർഭജലവും അതിൽ നിന്നു പ്രവഹിച്ചു. അതൊരു നദിയായി ഒഴുകാൻ തുടങ്ങി. ഭൂമിക്കടിയിലെ ചളി നിറഞ്ഞ നദി അങ്ങനെയുണ്ടായി.

പതിമൂന്നു ദിവസം കഴിഞ്ഞപ്പോൾ സൂപ്രണ്ട് മൂത്രക്കുഴലിനെ മണ്ണിനടിയിൽനിന്ന് വലിച്ചു പുറത്തിട്ടു. പിന്നെ ഒരു പടുതാക്കുളമുണ്ടാക്കി തണുക്കാൻ വേണ്ടി അതിനെ മീനുകളോടൊപ്പം അതിൽ ഇട്ടു വെച്ചു. പക്ഷേ അതിനു ശേഷം അയാളെയും അവയവത്തിനെയും പുളിച്ച മൈദമാവ് മണക്കാൻ തുടങ്ങി.

മരയോന്ത് കഥനിർത്തിയപ്പോൾ സൂപ്രണ്ട് പറഞ്ഞു:

കൈക്കൂലി വാങ്ങിയതും അപ്പക്കാരനെയും മകളെയും കൊന്നതുമൊക്കെ നീയാണെന്ന് ഞാൻ കോടതിയിൽ തെളിയിച്ചു കഴിഞ്ഞു. എന്റെ അവയവം തന്നെയാണ് പ്രധാന സാക്ഷി. നാളെ അതിനുംകൂടിയുളള ശിക്ഷ നിനക്കു കിട്ടും. പിന്നെ പെൻഷൻ പറ്റുന്ന ദിവസം എന്നെ പുകഴ്ത്തി സംസാരിക്കാൻ ഞാൻ പതിമൂന്നു ഭൂതങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്; അതോടെ എന്നെപ്പറ്റിയുള്ള കഥകളൊക്കെ എല്ലാവരും മറക്കും.

മൂത്രക്കുഴൽ ജനലിനുള്ളിൽക്കുടുങ്ങി ആപ്പൂരിയ കുരങ്ങനെപ്പോലെ നിന്ന സൂപ്രണ്ടിനെ സഞ്ജയനോർമ്മ വന്നു. അയാളെ തല്ലാൻ ആളുകളെ ഇളക്കിവിട്ടതിന്റെ പേരിൽ അയാൾ തനിക്കുണ്ടാക്കിയ ദ്രോഹങ്ങളെക്കുറിച്ചോർത്തു: **** ഓഫീസാവശ്യത്തിനുള്ള കടലാസിൽ ഞാൻ നിന്റെ പേരെഴുതി. പക്ഷേ റബ്ബർ വന്ന് അതെല്ലാം മായ്ച്ചു കളഞ്ഞു. അയാൾക്ക് രണ്ടു തരം ലൈംഗികശേഷിക്കുറവും വൃത്തികെട്ട ഒരുമാതിരി ഗൃഹാതുരത്വവും അനുഭവപ്പെട്ടു.

jayakrishnan , novel, iemalayalam

എന്നിട്ട്, സഞ്ജയൻ പറയാൻ തുടങ്ങി:

ഭൂമിക്കടിയിലെ ചെളിനിറഞ്ഞ പുഴയുടെ കരയിൽ ഒരു പെൺകുട്ടി താമസിക്കുന്നുണ്ട്. കാലുകളില്ലെങ്കിലും അവൾക്ക് ചിറകുകളുണ്ട്. പക്ഷേ അവൾ പറക്കാറില്ല, എങ്ങും പോകാറുമില്ല. ഭൂതങ്ങളെ പാട്ടുപാടി ഓടിക്കുന്ന ഒരാളായിരുന്നു അവളുടെ അച്ഛൻ. അവൾ അടുത്തില്ലെങ്കിൽ അച്ഛൻ ഭൂതങ്ങളെ പിടിച്ചുതിന്നും; അങ്ങനെ അയാളും ഒരു ഭൂതമായി മാറും; അതുകൊണ്ട് പെൺകുട്ടി എങ്ങും പോകാറില്ല.

കുറെ കഴിഞ്ഞപ്പോൾ ഭൂതങ്ങളെ ഓടിച്ച് അവർക്കു മടുത്തു. ഇനി മുതൽ അപ്പമുണ്ടാക്കി വിറ്റ് ജീവിക്കാമെന്ന് അവർ തീരുമാനിച്ചു. ആദ്യം അവർ പുളിപ്പിക്കാത്ത മാവുകൊണ്ട് അപ്പമുണ്ടാക്കി. അത് ആളുകൾ വാങ്ങുന്നില്ലെന്നു കണ്ട് പുളിച്ചമാവുകൊണ്ട് അപ്പമുണ്ടാക്കാൻ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു കുഴപ്പംപറ്റി. അവരുടെ അടുപ്പിന്റെ പുകക്കുഴൽ കേടായി. പുക പുറത്തുപോകാതെ വീട്ടിനുള്ളിൽ ചുറ്റിക്കറങ്ങി. പുകയിലൂടെയാണ് ഭൂതങ്ങൾ വരിക. പക്ഷേ അവർക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല.

jayakrishnan , novel, iemalayalam

അപ്പോഴാണ് ഒരാൾ അങ്ങോട്ടു വന്നത്. അപ്പക്കള്ളനായിരുന്നു അത്. അവരുണ്ടാക്കുന്ന അപ്പം മുഴുവൻ കട്ടുതിന്നണം, അതാണ് അയാളുടെ ഉദ്ദേശ്യം.

അയാൾ സഹായിക്കാമെന്നേറ്റു. അയാളുടെ മൂത്രക്കുഴലിന് ആവശ്യത്തിലേറെ നീളമുണ്ടെന്നും അതിന്റെ പകുതി മുറിച്ച് പുകക്കുഴലാക്കാമെന്നും അയാൾ പറഞ്ഞു. *മൂത്രക്കുഴലിനു പകരം ഒരു മരത്തിൻറെ വേരായിരുന്നെങ്കിൽ ചുരുങ്ങിയത് വെള്ളം വലിച്ചെടുക്കാനെങ്കിലും പറ്റുമായിരുന്നേനെ എന്നയാൾ ഖേദിച്ചു: ഇപ്പോൾ ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. അങ്കലാപ്പ് തോന്നിയെങ്കിലും പെൺകുട്ടിക്കും അച്ഛനും വേറെ വഴിയില്ലായിരുന്നു. പെൺകുട്ടി വളർത്തുന്ന ഒറ്റച്ചിറകുള്ള പച്ചത്തത്ത പതിമ്മൂന്നു ഭാഷയിൽ അരുതെന്നു പറഞ്ഞെങ്കിലും ഒറ്റ ഭാഷയും അവൾക്കോ അച്ഛനോ മനസ്സിലായില്ല.

അപ്പോൾ അയാളൊരു വ്യവസ്ഥ വെച്ചു. അടുപ്പിലെ പുക മുകളിലേക്കു പറത്തുന്നതിനു പകരം പുഴയിലേക്കു വിടണം. പെൺകുട്ടിയും അച്ഛനും അതും സമ്മതിച്ചുകൊടുത്തു.

അങ്ങനെ അടുപ്പിലെ പുതിയ പുകക്കുഴൽ അവർ പുഴയിലേക്ക് ചെരിച്ചുവെച്ചു. പക്ഷേ പുകയ്ക്കു പകരം അതിൽനിന്നു പുറപ്പെട്ടത് തീവണ്ടിയുടെ കൂക്കിവിളി പോലുള്ള ഒരു ശബ്ദമായിരുന്നു. ശബ്ദം കേട്ട് പുഴയിലെ മീനും ആമയും ചത്തുപൊന്തി. അതു തിന്ന ആളുകൾക്ക് പതിമ്മൂന്നു ദിവസം നീളുന്ന ഭ്രാന്ത് പിടിപെട്ടു.

jayakrishnan , novel, iemalayalam

പുഴയിൽ വിഷം കലക്കിയതിന് അച്ഛനെയും മകളെയും പച്ചത്തത്തയെയും ആളുകൾ പിടികൂടി ജയിലലടച്ചു. അപ്പക്കള്ളനാകട്ടെ അവരുണ്ടാക്കിയ അപ്പവും ബാക്കി വന്ന പുളിച്ചമാവുമെല്ലാം മോഷ്ടിച്ചുകൊണ്ടു പോയി.

തടവറയിൽക്കിടന്ന് തത്ത അവരോട് അഴികൾക്കുള്ളിൽ കിടന്നു മരിച്ച അനേകം തത്തകളുടെ കഥ പറഞ്ഞു. തത്തകൾക്കെല്ലാം മനുഷ്യരുടെ മുഖമായിരുന്നു.

ആ തത്തയുടെ ജീവൻ എന്നേ പോയിക്കഴിഞ്ഞു; അതു പറഞ്ഞ കഥകളുടെ ജീവനും.

ഒടുവിൽ തടവിൽക്കിടന്നു മരിക്കുമെന്നായപ്പോൾ അച്ഛൻ ഒരു വാതിലായി മാറി. പെൺകുട്ടി വാതിൽ തുറന്ന് പുറത്തു കടന്നു. വാതിലടഞ്ഞു. തുറക്കാനാവാത്ത വിധം അടഞ്ഞുകിടന്ന വാതിൽകണ്ട് ആളുകൾ അത് വെട്ടിപ്പൊളിച്ചു. അച്ഛൻറെ ജീവൻ അതോടെ പോയി. പക്ഷേ പെൺകുട്ടിയെ അവർക്കു കിട്ടിയില്ല.

jayakrishnan , novel, iemalayalam

ചിറകുകൾ വീശി അവൾ പറന്നു, ആദ്യമായി. ഒറ്റച്ചിറകുള്ള പച്ചത്തത്ത അവൾക്കു വഴികാട്ടി. ഒടുവിൽ പുളിച്ച മൈദമാവിന്റെ മണമുള്ള ഒരു വീട് അവർ കണ്ടെത്തി. അപ്പക്കള്ളന്റെ വീടായിരുന്നു അത്. അച്ഛൻ അവൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. അപ്പക്കള്ളനെ കണ്ടെത്തിയാൽ അയാളുടെ മുഖത്ത് മൂന്നു പ്രാവശ്യം തുപ്പണം, അതോടെ അയാളുടെ ജീവൻ പോകും.

പക്ഷേ രണ്ടു തവണ തുപ്പിയപ്പോഴേക്കും അപ്പക്കള്ളന്റെ അവയവം അവളെ കണ്ടു. അയാളുടെ കാലുകൾക്കിടയിൽ നിന്ന് അത് നീണ്ടുവന്നു. പകുതിമുറിച്ചുകളഞ്ഞിരുന്നെങ്കിലും ഇപ്പോളതിന് പണ്ടെത്തേക്കാൾ വലിപ്പം വെച്ചിരുന്നു. മൂന്നാമതു തുപ്പുന്നതിനു മുമ്പ് ഒരു കുന്തം പോലെ അത് പെൺകുട്ടിയെ പിളർത്തി. ചോര വാർന്ന് അവൾ പിടഞ്ഞു മരിച്ചു.

jayakrishnan , novel, iemalayalam

കഥ നിർത്തിയിട്ട് സഞ്ജയൻ സൂപ്രണ്ടിനെ നോക്കി. അയാൾ വിയർത്തിരുന്നു . പുളിച്ച മാവിന്റെ കെട്ട ഗന്ധം മുമ്പെത്തേതിനേക്കാൾ കൂടിയിരുന്നു.

അവൾക്ക് രണ്ടു പ്രാവശ്യം തുപ്പാനേ കഴിഞ്ഞുള്ളൂ. സഞ്ജയൻ പറഞ്ഞു: ഇതാ മൂന്നാമത്തേത്.

എന്നിട്ടയാൾ സൂപ്രണ്ടിന്റെ മുഖത്ത് ആഞ്ഞുതുപ്പി. അയാൾ തന്നെ ആക്രമിക്കുമെന്ന് വിചാരിച്ചെങ്കിലും മൂന്നാം പ്രാവശ്യം തുപ്പൽ മുഖത്തു വീണാൽ ജീവൻ പോകുമെന്നു ഭയന്ന് അയാൾ മരണപ്പാച്ചിൽ പായുന്നതു കണ്ട് സഞ്ജയൻ ചിരിച്ചു.

അഴികൾക്കിടയിൽ പതുങ്ങിനിന്ന തവിട്ടുപുള്ളികളുള്ള പല്ലിയും അയാളോടൊപ്പം ചിരിച്ചു.

…………………………………………

  • A hanged man is

swaying from the tree

that’s marked with a

lilac cross.

  • Alejandra Pizarnik – Extracting the Stone of Madness

** He managed to slip

from my dream and enter

my room, through the

window, in complicity

with the midnight wind.

  • Alejandra Pizarnik – Extracting the Stone of Madness
  • * * I scream your name

in a strange thirst .

  • Florbela Espanca – Our Book.
  • * * * I write your name

on the paper for official

buisiness, but the eraser

comes and deletes it.

-Joao Cabral de Melo Neto – Education by Stone.

  • * * * * My prick is not even a root of the tree .
  • Tchicaya U Tam’si – The Penguin Book of Modern African Poetry

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal part 2 chapter 11