കാവൽദേവതകളുടെ പത്താം രാത്രി

എന്നിട്ട്, സഞ്ജയൻ ഭൂതക്കപ്പലിനെ സ്വപ്നം കണ്ടു. ആരുമില്ലായിരുന്നു അതിൽ. നാവികരില്ലാതെ അത് കടലിൽ നിന്ന് കടലിലേക്ക് ആടിയാടി നീങ്ങി. എപ്പോഴോ ഭൂതങ്ങളെ ആട്ടിപ്പായിച്ചുകൊണ്ട് ജോസഫിന്റെ ശബ്ദമുയർന്നു. അപ്പാ, എന്നെ കൊല്ലന്നേ -ഒരു പെൺകുട്ടി തത്തയുടെ ശബ്ദത്തിൽ നിലവിളിച്ചു. ജോസഫ് പാടാൻ തുടങ്ങി:
മൺകുടമുടയും തീ കത്തീടും
ആരാധനയിങ്കൽ
അപ്പസ്തോലർ രാത്രികാലേ
ആരാധിച്ചപ്പോൾ
ചങ്ങലപൊട്ടി ബന്ധിതരെല്ലാം
മോചിതരായല്ലോ.
സഞ്ജയനെ ആരോ വിളിച്ചു. അയാളുണർന്നു, കണ്ണു തിരുമ്മി. അടിവയറ്റിലും കാലുകൾക്കിടയിലും രണ്ടു തരം ചടപ്പുകളും ആർത്തവവിരാമം പോലുള്ള ശൂന്യതയും അയാൾക്ക് അനുഭവപ്പെട്ടു.

അന്നയായിരുന്നു അത്. മരിച്ചതിനു ശേഷവും അവൾക്ക് പ്രായം കൂടിയിരുന്നു. ചുളിഞ്ഞ മുഖവും കൈകളും, ജീവനില്ലാത്ത കണ്ണുകൾ, ഉടലിനു പിന്നിൽ ചുളിവീണ രണ്ടു ചിറകുകളൊളിപ്പിക്കാൻ അവൾ പണിപ്പെട്ടു. *ഇവിടെ ജീവിച്ചിരിക്കുന്നവരുടെ രാത്രിയിൽ അവൾ വിരൂപയാണ്. പക്ഷേ അവിടെ മരിച്ചവരുടെ ലോകത്ത് ഇപ്പോൾ പകലായിരിക്കും; അവിടെ അവൾ സുന്ദരിയായിരിക്കും, സഞ്ജയനോർത്തു.
കുറ്റപത്രം – മേഘത്തുണ്ടു പോലെയോ കടലാസ് കഷ്ണം പോലെയോ ഉള്ള ഒന്ന് സഞ്ജയനു നേരെ നീട്ടി അന്ന പറഞ്ഞു.
നീയെന്തിനാണ് ഇതുംകൊണ്ടു വന്നത്? സഞ്ജയൻ ചോദിച്ചു.
മരിച്ചുപോയ ശബ്ദത്തിൽ അന്ന പറഞ്ഞു തുടങ്ങി:

ദൂരെ നഗരത്തിന്റെ പടിഞ്ഞാറെ അതിരിലുള്ള കടലിൽ കപ്പലിറക്കാനുള്ള ഒരുക്കത്തിലായിരുന്നു നഗരസഭാദ്ധ്യക്ഷനും മറ്റുള്ളവരും. ഭൂതക്കപ്പലായിരുന്നു അത്. വറ്റിപ്പോകുമായിരുന്നു, അത് സഞ്ചരിക്കുന്ന കടലുകളൊക്കെ.
ആഘോഷങ്ങൾക്കിടയിൽ അദ്ധ്യക്ഷനും അനുയായികളും കൂടി ഭൂതങ്ങളെ കപ്പലിൽ കയറ്റാൻ തുടങ്ങി. തവളപ്പുറത്തിരുത്തി പാട്ടും നൃത്തവും വെടിക്കെട്ടുമൊക്കെയായാണ് ഭൂതങ്ങളെ ആനയിച്ചത്.
അപ്പോഴാണ് മരിച്ചുപോയ ജോസഫ് അങ്ങോട്ടു വന്നത്. ജീവനില്ലാത്ത ഒരു തത്ത പോകരുതെന്ന് പതിമൂന്നു ഭാഷകളിൽ അയാളോടു പറഞ്ഞതാണ്. മരിച്ചവനായതുകൊണ്ട് പതിമൂന്നു ഭാഷയും അയാൾക്ക് മനസ്സിലായി. പക്ഷേ, അയാൾ വകവെച്ചില്ല.
ഭൂതങ്ങളെ കണ്ടതും ഭ്രാന്തിളകി അയാൾ പാടാൻ തുടങ്ങി:
ദൈവദൂതന്മാരേവരും പിന്നെ
സ്വർഗ്ഗവാസികൾ സർവരും
സ്വർഗ്ഗവും ക്രോവേസ്രാപ്പേൻ വൃന്ദവും…
ഭൂതങ്ങൾ പേടിച്ചു. സംഗതി അവതാളത്തിലാവുമെന്നു കണ്ട് അദ്ധ്യക്ഷനും വാലാത്തന്മാരും കൂടി മരിച്ചുപോയ ജോസഫിനു മേൽ ചാടിവീണ് അയാളെ മറിച്ചിട്ടു. ഭൂതങ്ങളെ ചുമക്കുന്ന തവളകൾ മരിച്ചുപോയ അയാളുടെ മേൽ അനങ്ങാനാവാത്ത വിധം കയറി നിന്നു. തവളകൾക്ക് അങ്ങനെയൊരു കഴിവുണ്ട്, അവയ്ക്ക് മരിച്ചവരെ കൂടുതൽ മരിച്ചവരാക്കാനാകും.
അതാണ് മരിച്ചുപോയ അന്ന കണ്ടത്: മരിച്ചുപോയ ജോസഫിനു മേൽ പതിമൂന്നു തവളകളും അവയുടെ മക്കളായ നൂറ്റിയറുപത്തിയൊൻപത് വാൽമാക്രികളും കയറി നിൽക്കുന്നു. പേടിച്ചു കരഞ്ഞുകൊണ്ട് അവളങ്ങോട്ടോടിച്ചെന്നു. അദ്ധ്യക്ഷൻ ജോസഫിനെ ഭൂതങ്ങളുടെ കപ്പലിൽ തവളകളോടൊപ്പം കയറ്റി വിടുമെന്ന് അവളെ ഭീഷണിപ്പെടുത്തി. അല്ലെങ്കിൽ അവൾ സഞ്ജയനെതിരെ സാക്ഷി പറയണം, അനുസരിക്കുകയല്ലാതെ അവൾക്ക് വേറെ വഴിയില്ലായിരുന്നു.

അങ്ങനെ അവർ കുറ്റപത്രം അവളുടെ കൈയിൽ കൊടുത്തയച്ചു. ഒരു കാലില്ലാത്ത സഞ്ജയന് കാലേയില്ലാത്ത അവൾ കുറ്റപത്രം നൽകുന്നതാണു നല്ലതെന്ന് വനിതാ കൗൺസിലർ തമാശ പറഞ്ഞു.
കുറ്റപത്രവുംകൊണ്ട് ഇഴഞ്ഞിഴഞ്ഞു വന്ന അവളെ കൂർത്ത പല്ലുകളുള്ള പതിമൂന്നു മീനുകൾ ഭയങ്കരശബ്ദം പുറപ്പെട്ടുവിച്ചുകൊണ്ട് പിന്തുടർന്നു. കാലില്ലെന്ന കാര്യം മറന്ന് അവൾക്ക് ഓടേണ്ടിവന്നു.
പറഞ്ഞു കഴിഞ്ഞ് അന്ന സഞ്ജയനെ നോക്കി. മരിച്ചുപോയ അവളുടെ കണ്ണിൽ ഒരു പ്രണയത്തിന്റെ പ്രേതം ചാവാതെ ബാക്കിനിന്നിരുന്നു:
** ഞാൻ നിനക്കൊന്നും നൽകുന്നില്ല,
നിന്നിൽ നിന്നൊന്നും സ്വീകരിക്കുന്നുമില്ല.
നീയീ ലോകത്തുണ്ടെന്നെനിക്കറിയാം,
ഞാനീ ലോകത്തില്ലെന്നു നിനക്കും.
എനിക്കു നീ സാക്ഷിയും ന്യായാധിപനും ദൈവവും.
പ്രണയകവിത കേട്ട് സഞ്ജയന് കാലുകൾക്കിടയിൽ വീണ്ടും ആർത്തവശൂന്യത അനുഭവപ്പെട്ടു.

പ്രണയത്തിന്റെ പ്രേതത്തിനെ കേൾക്കുന്നതിനേക്കാൾ സഹിക്കാൻ പറ്റാത്തതായി മറ്റെന്തുണ്ട്? അതുകൊണ്ട് വിഷയം മാറ്റാൻ വേണ്ടി സഞ്ജയൻ ചോദിച്ചു: ജോസഫിന് പിന്നെ എന്തു സംഭവിച്ചു?
മരിച്ചുപോയ അന്ന സഞ്ജയനെതിരെ സാക്ഷി പറയാമെന്നേറ്റപ്പോൾ ജോസഫിനെ അവർ വിട്ടയച്ചു. അയാൾ ഒരു മരച്ചുവട്ടിൽ കുരിശിൽ തറച്ചവനെപ്പോലെ കുറെ നേരം നിന്നു. പിന്നെ പറയാൻ തുടങ്ങി:
***കാക്കകൾക്കാ രഹസ്യമറിയാം,
മരിച്ചുപോയ ചങ്ങാതിയുടെമേൽ ഒരു കാക്ക ചിറകടിക്കുന്നു.
ഒരു പെൺകുട്ടിയിൽനിന്ന്
കടം വാങ്ങിയ നാണയം മടക്കി നൽകാൻ
പഴയൊരു പാട്ടിലൂടെ ഞാൻ തിരിച്ചുവരുമെന്ന്
മറ്റൊരു കാക്ക പറയുന്നു.
കാക്കകളുടെ കാര്യം കേട്ടയുടനെ തവളകൾ ഭൂതങ്ങളെയുംകൊണ്ട് കപ്പലിൽ ചാടിക്കയറി. ഭൂതക്കപ്പൽ നീങ്ങുന്നതനുസരിച്ച് കടൽ വറ്റിക്കൊണ്ടിരുന്നു.

സഞ്ജയൻ പിന്നെയും കടലിലൂടെ ആടിയാടി നീങ്ങുന്ന ഒരു കപ്പലിനെ സ്വപ്നം കണ്ടു. അതിൽ ഭൂതങ്ങളില്ലായിരുന്നു, ആരുമില്ലായിരുന്നു.
കുറ്റപത്രം കൈയിൽ പിടിച്ച് അന്നയുടെ ചുളിവീണ ചിറകുകളിൽ നോക്കി അയാൾ പറഞ്ഞു:
കടലിനടുത്ത് ഒരു പണിശാലയുണ്ട്. അകത്ത് ഒരു കപ്പലിന്റെ പണി നടക്കുന്നു. ഒറ്റക്കാലുള്ള ഒരുവനാണ് പണിശാലയുടെ കാവൽക്കാരൻ. അകത്ത് പണിനടക്കുന്ന കപ്പലിനെപ്പറ്റി ഒന്നുമറിയാതെ അയാളെല്ലായ്പ്പോഴും പണിശാലയ്ക്കു ചുറ്റും ഞൊണ്ടിനടന്നു.
സൂര്യനും ചന്ദ്രനും അനേകം തവണ അയാളുടെ തലയ്ക്കു മുകളിലൂടെ കടന്നു പോയി. ഒരു രാത്രിയിൽ മഴപെയ്യാൻ തുടങ്ങി. ഇടിമിന്നലിന്റെ ഭൂതങ്ങൾ മഴക്കയറുകൾകൊണ്ട് ആകാശത്തെ ഭൂമിയിലേക്ക് വലിച്ചുതാഴ്ത്തി. തണുപ്പും പേടിയും വന്നു. കുറച്ചു മദ്യം കിട്ടാൻ കാവൽക്കാരന് ആശ തോന്നി.

അപ്പോഴാണ് മദ്യക്കുപ്പിയുംകൊണ്ട് ഒരാൾ അങ്ങോട്ടു വന്നത്. അയാൾക്ക് സന്തോഷമായി. പക്ഷേ കുപ്പിയ്ക്കകത്ത് മദ്യമായിരുന്നില്ല, ചിറകുകളുള്ള ഒരു പെൺകുട്ടിയായിരുന്നു ഉണ്ടായിരുന്നത്. കാവൽക്കാരൻ പേടിച്ചു. പേടിക്കേണ്ടെന്ന് മറ്റേയാൾ പറഞ്ഞു: ഇവളെ വാറ്റിയാൽ ഒന്നാന്തരം ചാരായം കിട്ടും.
അയാൾ തന്നെ അടുപ്പു കത്തിച്ചു. പിന്നെ കുപ്പി ഒരു പാത്രത്തിനകത്തിട്ട് പാത്രത്തിന്റെ വായ മൂടിക്കെട്ടി. എന്നിട്ട് പാത്രം അടുപ്പത്തുവെച്ചു.
ചൂടുകൂടുമ്പോൾ കുപ്പി പൊട്ടിത്തെറിക്കുമെന്നും അതിനകത്തെ പെൺകുട്ടി പുറത്തേക്കു പറക്കുമെന്നും കാവൽക്കാരൻ കരുതി, ഒന്നുമുണ്ടായില്ല. കുറെക്കഴിഞ്ഞ് കുപ്പിയുമായി വന്നയാൾ പാത്രം തുറന്നു. കുപ്പിയും പെൺകുട്ടിയും ഉരുകിയൊലിച്ച് മഞ്ഞനിറമുള്ള ചാരായമായി മാറിയിരുന്നു.
ചാരായത്തിൽ നിന്ന് കുമിളകളുയർന്നു. നിനക്ക് ചിറകുമുളയ്ക്കും, കുമിളകൾ പറഞ്ഞു. കുപ്പിയുമായി വന്നയാൾ പകുതി ചാരായം ഒറ്റ വലിക്ക് കുടിച്ചു തീർത്തു. അയാൾക്ക് ചിറകുമുളച്ചു. കടന്നലിന്റേതുപോലുള്ള ചിറകുകൾ. അതും വീശി കുഴഞ്ഞ സ്വരത്തിൽ ഒരു പാട്ടു പാടിക്കൊണ്ട് അയാൾ പറന്നുമറഞ്ഞു.

നിനക്കും ചിറകു മുളയ്ക്കും, പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന ചാരായത്തിലെ കുമിളകൾ കാവൽക്കാരനോടു പറഞ്ഞു.
അയാൾക്കതു കുടിക്കാൻ മനസ്സു വന്നില്ല. കുപ്പിയ്ക്കകത്തു കിടന്ന് ചൂടിലുരുകിയ പെൺകുട്ടിയെ അയാളോർത്തു. അവൾക്ക് ചിറകുകളുണ്ടായിരുന്നു. ഭംഗിയുള്ള ചിറകുകൾ. അയാൾക്കാ ചാരായം കുടിക്കാൻ തോന്നിയില്ല.
ചാരായമുള്ള പാത്രവുമായി അയാൾ അവിടെ നിന്നു. ****മദ്യവും വെള്ളവും അത് കുടിച്ച ചുണ്ടുകളെയല്ല, മറിച്ച് കുടിക്കാൻ മറന്നുപോയവയെയാണ് ഓർമ്മിക്കുക. കപ്പൽശാലയ്ക്കകത്ത് ഭൂതങ്ങളുടെ കപ്പലിന്റെ പണി പൂർത്തിയായതും കടൽവറ്റിച്ചുകൊണ്ട് അത് യാത്രയാരംഭിച്ചതും അയാളറിഞ്ഞില്ല. കപ്പലിന്റെ പണി കഴിഞ്ഞപ്പോൾ അയാളുടെ കാവൽപ്പണിയും പോയി. എന്നിട്ടും അയാൾ അവിടം വിട്ടില്ല. കപ്പൽശാലയ്ക്കു ചുറ്റും ഒറ്റക്കാൽകൊണ്ട് മുടന്തി നടക്കുമ്പോൾ പാത്രത്തിൽ ബാക്കിയായ ചാരായത്തിലെ കുമിളകൾ അയാളോടു കഥകൾ പറഞ്ഞു: കുമിള പോലെ കനമില്ലാത്ത ആ കഥകൾ ആരുടെയും മനസ്സിൽ തങ്ങിനിൽക്കുകയില്ല.
ചാരായം കുടിച്ച് ചിറകുമുളച്ചവൻ ഒരു ദിവസം അയാളെ തേടി വന്നു. അയാൾക്ക് ചിറകില്ലായിരുന്നു. എന്തുപറ്റിയെന്ന് കാവൽക്കാരൻ അന്വേഷിച്ചു.

ചിറകുമുളച്ച് പറന്നുപോകുന്നതിനിടയിൽ അയാൾ അനേകം സൂര്യനെയും ചന്ദ്രനെയും പിന്നിട്ടു. ഒടുവിൽ കണ്ണാടിക്കുള്ളിൽ മരിച്ചു കിടക്കുന്ന തന്നെപ്പോലെയുള്ള ഒരുവനെ അയാൾ കണ്ടെത്തി. മരിച്ചു കിടന്നവൻ ചാടിയെഴുന്നേറ്റ് അയാളുടെ കടന്നൽച്ചിറകുകൾ കൈക്കലാക്കി. എന്നിട്ട് അവൻ പറന്നുമറഞ്ഞു. ചിറകില്ലാതെ, പിന്നിട്ട ദൂരങ്ങൾ കാൽനടയായി നടന്നുതീർത്ത് അയാൾ തിരിച്ചെത്തി.
പാത്രത്തിൽ പകുതി മദ്യം ബാക്കിയുണ്ടെന്നും അതു കുടിച്ചാൽ വീണ്ടും ചിറകു മുളയ്ക്കുമെന്നും കാവൽക്കാരൻ പറഞ്ഞു. മറ്റേയാൾക്ക് സന്തോഷമായി. അയാൾ പാത്രത്തിന്റെ മൂടി നീക്കി. അതിൽ മദ്യത്തിനു പകരം ചിറകുള്ള ഒരു പെൺകുട്ടിയായിരുന്നു ഉണ്ടായിരുന്നത്. അവളൊരു കണ്ണാടി നീട്ടി. കണ്ണാടിയിൽ അയാൾ ചെയ്തതെല്ലാം ഒരു കുറ്റപത്രത്തിലെന്ന പോലെ തെളിഞ്ഞു.
അയാൾ കണ്ണാടിക്കകത്തേക്കു കടന്നു. അവിടെ മരിച്ചു കിടന്നു.

ചിറകുള്ള പെൺകുട്ടിയെ പിന്നീടാരും കണ്ടിട്ടില്ല. കാവൽക്കാരനോ? കുപ്പിയുമായി വന്നവൻ മരിച്ചു കിടക്കുന്ന കണ്ണാടിക്ക് അയാളിന്നും കാവൽ നിൽക്കുന്നു. പക്ഷേ കാവൽദേവതയെന്നല്ല, കാവൽഭൂതമെന്നാണ് അയാളറിയപ്പെടുന്നത് .
എല്ലാ കുറ്റപത്രങ്ങളും കണ്ണാടികളാണ്, തിരിച്ചും. പക്ഷേ കണ്ണാടിയിലെ പ്രതിബിംബം പോലെ കുറ്റപത്രത്തിലെ ആരോപണങ്ങളും പലപ്പോഴും മറ്റാരെയോ ആണ് നമുക്കു കാണിച്ചു തരിക – കാവൽദേവതമാരെ, പലപ്പോഴും കാവൽഭൂതങ്ങളെ.
പറഞ്ഞു കഴിഞ്ഞ് സഞ്ജയൻ അന്നയെ നോക്കി. അവൾക്കപ്പോൾ ചിറകില്ലായിരുന്നു. ഈയാംപാറ്റയുടെ ചിറകു പോലെ ആ ചുളിഞ്ഞ ചിറകുകൾ അവളിൽ നിന്ന് വേർപെട്ടു പോയിരുന്നു.
……………………………………………………………………………………………………
*എന്തുമാത്രം സുന്ദരിയാണ് ഇപ്പോഴും അവൾ
അവിടെ പകലും ഇവിടെ രാത്രിയും
ഒരുമിച്ചു കഴിയുന്ന ഈ നിമിഷങ്ങളിൽ.
_ കരുണാകരൻ(ഏകാന്തതയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ)
**I don’t ask you for anything
don’t accept anything from you.
It’s enough that you are
in the world
that you know
I’m in the world
that you might be
To me, that you might be
witness judge and God.
- Idea Vilariño – Love Poems.
*** Crows know the secret:
one beats its wings over the
friend who’ll be buried in front of a wall,
The last one tells me I’ll
come back to be inside a song
and I’ll return to hand over to a
girl the coin I owe her.
- Jorge Teillier– Inorder to Talk with the Dead
**** The water was dreaming some lips stopped to drink
- Rafael Alberti – Concerning the Angels.