scorecardresearch

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ: ഭാഗം രണ്ട് – അധ്യായം ഒന്ന്

” ചുഴലിക്കാറ്റുകൾ ഭൂതങ്ങളാണ്, ഇരുട്ടിൽ തിളങ്ങുന്ന അദ്ധ്യക്ഷന്റെ പൂച്ചക്കണ്ണുകളിലേക്കു നോക്കാതെ സഞ്ജയൻ പറയാൻ തുടങ്ങി “ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ രണ്ടാം ഭാഗത്തിലെ ഒന്നാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

ചുഴലിക്കാറ്റുകളുടെ ഒന്നാം രാത്രി

എന്നിട്ട് സഞ്ജയനെ അവർ അറസ്റ്റു ചെയ്തു.. രാജ്യദ്രോഹം, വധശ്രമം, കൊലപാതകം, സ്ത്രീപീഡനം എല്ലാ കുറ്റങ്ങളും അയാളുടെ മേൽ ചുമത്തപ്പെട്ടിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകളായിരുന്നു മുഴുവനും. അങ്ങനെ, അയാൾ വിചാരണത്തടവുകാരനായി ജയിലിൽ കിടന്നു.

jayakrishnan , novel, iemalayalam

ഒന്നാമത്തെ ദിവസം അയാളെ ചോദ്യം ചെയ്തത് നഗരസഭാധ്യക്ഷനായിരുന്നു. അയാൾ ഒന്നുകൂടി തടിച്ചു വലുതായിരുന്നു. അയാളുടെ വീർത്ത പെൺവയറ്റിൽ ഒരു കുട്ടിയുണ്ടെന്ന് സഞ്ജയനു തോന്നി. – അയാൾക്ക് ഒരേസമയം മൂന്നു പെണ്ണുങ്ങളെയും രണ്ട് ആണുങ്ങളെയും നാല് പെണ്ണാടുകളെയും ഭോഗിക്കാനാകും, സഞ്ജയനോർത്തു.

കുറ്റപത്രവുമായിട്ടാണ് അദ്ധ്യക്ഷൻ വന്നത്. അതൊരു ചൊവ്വാഴ്ച രാത്രിയായി രുന്നു. ദുർമന്ത്രങ്ങളുടെയും കൂടോത്രത്തിന്റെയും രാത്രി. തടവറയ്ക്കു പുറത്ത് കരിമ്പനകൾ കാറ്റിലിളകി അപശബ്ദം പുറപ്പെടുവിച്ചു. ഒരു മൂങ്ങ മുന്നറിയിപ്പു നൽകുന്നതു പോലെ ഒച്ചയുണ്ടാക്കി. സഞ്ജയന് മേലാകെ മൂന്നു വിധത്തിലുള്ള ചൊറിച്ചിലും ഹൃദയവേദനയും രണ്ടുതരം ഉദ്ധാരണശേഷിക്കുറവും അനുഭവപ്പെട്ടു

അദ്ധ്യക്ഷൻ കുറ്റപത്രം വായിച്ചു:

നഗരസഭാ ഉദ്യോഗസ്ഥനായ ഒന്നാംപ്രതി സഞ്ജയനും രണ്ടാംപ്രതി ടിയാന്റെ മരിച്ചു പോയ അച്ഛനും മൂന്നാംപ്രതി ടിയാന്റെ മരിച്ചുപോയ അമ്മയും ചേർന്ന് വർഷങ്ങൾക്കു മുമ്പേ ഭരണസമിതിക്കെതിരെ ഗൂഢാലോചന തുടങ്ങിയിരുന്നു. കൈക്കൂലി വാങ്ങുന്നതിന് സഹപ്രവർത്തകരും ജനപ്രതിനിധികളും തടസ്സം നിന്നതാണ് ഒന്നാംപ്രതിയെ പ്രകോപിപ്പിച്ചത്. മകന്റെ അവിഹിത വരുമാനം കുറഞ്ഞത് രണ്ടാംപ്രതിക്കും മൂന്നാംപ്രതിക്കും വിരോധത്തിനു കാരണമായി

അങ്ങനെ ഒന്നാംപ്രതി സഞ്ജയനും രണ്ടാംപ്രതി ടിയാന്റെ മരിച്ചുപോയ അച്ഛനും മൂന്നാംപ്രതി ടിയാന്റെ മരിച്ചുപോയ അമ്മയും ചേർന്ന് ഗൂഢാലോചന നടത്തി.

രണ്ടാംപ്രതിയും മൂന്നാംപ്രതിയും ദുർമന്ത്രവാദികളായിരുന്നു. അനേകം ഭൂതങ്ങളുണ്ടായിരുന്നു അവരുടെ അധീനതയിൽ. നിറയെ ചിത്രങ്ങളുള്ള മന്ത്രവാദപുസ്തകം തുറന്ന് രണ്ടാംപ്രതിയായ അച്ഛൻ മന്ത്രങ്ങൾ ചൊല്ലേണ്ട താമസം, എന്തിനും തയ്യാറായി ഭൂതങ്ങൾ വന്ന് വരിനിൽക്കും.

അങ്ങനെ സഞ്ജയന്റെ അഴിമതിക്ക് പ്രധാന തടസ്സമായ നഗരസഭാധ്യക്ഷനെ ഇല്ലാതാക്കാൻ അവരൊരു പദ്ധതിയുണ്ടാക്കി.

jayakrishnan , novel, iemalayalam

ദുർമന്ത്രവാദിയച്ഛൻ ഭൂതങ്ങളുടെ സഹായത്തോടെ ചുഴലിക്കാറ്റും പേമാരിയുമുണ്ടാക്കി. ഓഫീസ് സമയം കഴിഞ്ഞിട്ടും മഴയെയും കാറ്റിനെയും കാരണമാക്കി സഞ്ജയൻ ഓഫീസിൽത്തന്നെയിരുന്നു. നഗരസഭാധ്യക്ഷനും അവിടെയുണ്ടായിരുന്നു. അദ്ധ്യക്ഷൻ സഞ്ജയനോട് പുഴയിലെ മണൽ സംബന്ധിച്ച ഫയൽ കൊണ്ടുവരാനാവശ്യപ്പെട്ടു. ഇതുതന്നെ തക്കം, സഞ്ജയൻ വിചാരിച്ചു. അയാൾ വേഗം ഒരു കടലാസ്സിൽ അച്ഛന്റെ ചിത്രം വരച്ച് അദ്ധ്യക്ഷനെ കാണിച്ചു. ദുർമന്ത്രവാദിയുടെ ചിത്രം കണ്ടതോടെ അദ്ധ്യക്ഷൻ അയാളുടെ അധീനതയിലായി. ഉടനെ ദുർമന്ത്രവാദിനിയമ്മ കൊടുത്തയച്ച മീൻതലയും കള്ളും സഞ്ജയൻ അദ്ധ്യക്ഷനുകൊടുത്തു. കൂടോത്രത്തിൽപ്പെട്ട അദ്ധ്യക്ഷന് അതൊക്കെ കഴിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. അതോടെ അയാളുടെ ബോധം പോയി.

അദ്ധ്യക്ഷന്റെ ഭാഗ്യത്തിന് മഴയോടൊപ്പം മഞ്ഞയിലകളും പെയ്യുന്നുണ്ടായി രുന്നു. കുറെ ഇലകൾ അയാളുടെ വായിലും തുടർന്ന് വയറ്റിലും ചെന്നുപെട്ടു. അതോടെ മീൻതലയിലും കള്ളിലുമുണ്ടായിരുന്ന ഭൂതങ്ങൾക്ക് നിൽക്കക്കള്ളിയി ല്ലാതായി. അവ ഛർദ്ദിയോടൊപ്പം പുറത്തുചാടി. അങ്ങനെ അദ്ധ്യക്ഷൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു.

ഒന്നാംപ്രതി സഞ്ജയനും രണ്ടാംപ്രതി ടിയാന്റെ മരിച്ചുപോയ അച്ഛനും മൂന്നാംപ്രതി ടിയാന്റെ മരിച്ചുപോയ അമ്മയും ചേർന്നു നടത്തിയ ഈ വധശ്രമത്തിന് നഗരസഭാദ്ധ്യക്ഷനായ ഞാൻ തന്നെയാണു സാക്ഷി.

കുറ്റപത്രം വായിച്ചിട്ട് അദ്ധ്യക്ഷൻ പൂച്ചക്കണ്ണുകൾ കൊണ്ട് സഞ്ജയനെ തറപ്പിച്ചു നോക്കി. അയാളുടെ രണ്ടു വശത്തും ആട്ടിൻതലയുള്ള രണ്ടു ഭൂതങ്ങൾ നിൽക്കുന്നത് സഞ്ജയൻ കണ്ടു.

മേൽപ്പറഞ്ഞ കാര്യങ്ങളെപ്പറ്റി നിനക്കെന്തു പറയാനുണ്ട്? അദ്ധ്യക്ഷൻ പെണ്ണിന്റെ സ്വരത്തിൽ ചോദിച്ചു.

സഞ്ജയൻ മിണ്ടിയില്ല.

നീ പ്രേതങ്ങളുമായി വിലപേശിയിട്ടുണ്ടോ? അദ്ധ്യക്ഷൻ ചോദിച്ചു.

ഇല്ല, സഞ്ജയൻ പറഞ്ഞു.

നീ പ്രേതങ്ങളെ ഭോഗിച്ചിട്ടുണ്ടോ?

ജീവിച്ചിരിക്കുന്നവരുമായിട്ടുപോലും സംഗതി നടന്നിട്ടില്ല. പിന്നെയല്ലേ- സഞ്ജയൻ മിണ്ടിയില്ല.

jayakrishnan , novel, iemalayalam

ഞാൻ ചെയ്തിട്ടുണ്ട്. അദ്ധ്യക്ഷൻ പറഞ്ഞു. പതിമ്മൂന്നു പെൺഭൂതങ്ങൾ തുണിയില്ലാതെ അയാളുടെ തലയ്ക്കു മുകളിൽ നിൽക്കുന്നത് സഞ്ജയൻ കണ്ടു. അദ്ധ്യക്ഷൻ പറഞ്ഞു തുടങ്ങി:

ചെറുപ്പകാലത്ത് അദ്ധ്യക്ഷന് ഒരേസമയം പതിമ്മൂന്നുപേരെ ഭോഗിക്കാനാവുമായിരുന്നു. ഒരു രാത്രി പതിമ്മൂന്നാമത്തവൾ മരിച്ചുപോയ ഒരുത്തിയെപ്പറ്റി അയാളോടു പറഞ്ഞു. അവളായിരുന്നത്രേ ഏറ്റവും സുന്ദരി. മരിച്ചവളുടെ കൂടെ കിടക്കണമെന്ന് അയാൾ തീർച്ചയാക്കി. വേണ്ട കാര്യങ്ങൾ ഏർപ്പാടാക്കിത്തരാമെന്ന് ഒരു മന്ത്രവാദി പറഞ്ഞു; പക്ഷേ അയാൾക്ക് അദ്ധ്യക്ഷന്റെ സ്വത്തിന്റെ പകുതി കൊടുക്കണം. അദ്ധ്യക്ഷൻ സമ്മതിച്ചു. മന്ത്രവാദി അയാളെ ആ പെണ്ണ് തൂങ്ങിമരിച്ച മരത്തിന്റെയടുത്തേക്കു കൊണ്ടുപോയി. അയാൾ മന്ത്രങ്ങൾ ഉരുക്കഴിച്ചു. പാതിരാവായി. ഒരു മങ്ങിയ വെളിച്ചം മരത്തിൽ നിന്ന് താഴേക്കിറങ്ങിവന്നു – തൂങ്ങിമരിച്ചവൾ. സ്വത്തിന്റെ പകുതി തന്നാൽ ശരീരം തരാമെന്ന് അവൾ അയാളോടു പറഞ്ഞു. അദ്ധ്യക്ഷൻ വിലപേശി. ഒടുവിൽ നാൽപ്പത്തിഒൻപതു ശതമാനത്തിന് അവൾ സമ്മതിച്ചു.

മന്ത്രവാദി പറഞ്ഞതനുസരിച്ച് പതിമ്മൂന്നു ദിവസം മീൻമുള്ളുകൾ മാത്രം കഴിച്ച് അയാൾ വ്രതമെടുത്തു. പതിനാലാം ദിവസം സ്വത്തെല്ലാം ഭാര്യയുടെ പേരിൽ എഴുതി വെച്ചിട്ട് അയാൾ പ്രേതത്തെ കാണാൻ പോയി.

പ്രേതം അയാളുടെ കൂടെ കിടന്നു. പക്ഷേ പുകയുടെ അടിയിലും മുകളിലും കിടക്കുന്നതു പോലെയാണ് അദ്ധ്യക്ഷനു തോന്നിയത്. പ്രേതങ്ങളുടെ ശരീരം പുകകൊണ്ടുണ്ടാക്കിയതാണ്; *പരലോകത്തേക്കു പോകാനാഗ്രഹിച്ചിട്ടും പോകാതെ നിൽക്കുന്ന ഒന്ന്. അതിൽനിന്ന് സുഖം കിട്ടുകയില്ലെന്ന് അയാൾക്ക് ബോദ്ധ്യമായി.

jayakrishnan , novel, iemalayalam

സംഗതി കഴിഞ്ഞപ്പോൾ മന്ത്രവാദിയും പ്രേതവും അയാളോട് പണം ആവശ്യപ്പെട്ടു. തന്റെ പേരിൽ സ്വത്തൊന്നുമില്ലെന്ന് അയാൾ കൈമലർത്തി.

മന്ത്രവാദിയും പ്രേതവും പകരം വീട്ടാനുറച്ചു. മന്ത്രവാദി കൂടോത്രം ചെയ്തു. അതോടെ അദ്ധ്യക്ഷന്റെ ഭാര്യ അയാളെ വിട്ട് വേറൊരുത്തന്റെ കൂടെ ഒളിച്ചോടി. സ്വത്തു മുഴുവൻ അവൾ കൊണ്ടുപോയി. പെൺപ്രേതം അദ്ധ്യക്ഷന്റെയുള്ളിൽ കയറിക്കൂടി. ഇടയ്ക്കിടെ അയാളെ പെണ്ണാക്കി മാറ്റുന്നത് അവളാണ്. അവളുടെ കണ്ണുകളാണ് അയാളുടെ കണ്ണുകളുടെ സ്ഥാനത്ത് പൂച്ചക്കണ്ണുകൾ പോലെ തിളങ്ങുന്നത്.

പക്ഷേ, എങ്ങനെയും കുറെ പണമുണ്ടാക്കിക്കൊടുത്തില്ലെങ്കിൽ മന്ത്രവാദിയും പ്രേതവും ഇനിയും പ്രതികാരം കടുപ്പിക്കും, അതോടെ അദ്ധ്യക്ഷന്റെ ജീവിതം മുഴുവനായും തുലയും.

രക്ഷപ്പെടാൻ വേണ്ടി പണമുണ്ടാക്കാനുള്ള പദ്ധതികളിലാണ് സഞ്ജയനും മരിച്ചപോയ മറ്റു പ്രതികളും തുരങ്കം വെയ്ക്കുന്നതെന്ന് അദ്ധ്യക്ഷൻ പറഞ്ഞുനിർത്തി. അയാളുടെ തലയ്ക്കു മുകളിൽ ഉടുതുണിയില്ലാതെ നിന്ന പെൺഭൂതങ്ങൾ സഞ്ജയനെ വളഞ്ഞു.

jayakrishnan , novel, iemalayalam

ചുഴലിക്കാറ്റുകൾ ഭൂതങ്ങളാണ്, ഇരുട്ടിൽ തിളങ്ങുന്ന അദ്ധ്യക്ഷന്റെ പൂച്ചക്കണ്ണുകളിലേക്കു നോക്കാതെ സഞ്ജയൻ പറയാൻ തുടങ്ങി:

ചുഴലിക്കാറ്റുകൾ ഭൂതങ്ങളാണ്, പക്ഷേ അവയേക്കാൾ ഭയങ്കരനായ ഒരാളുണ്ട്; ഒരേ സമയം ആണായും പെണ്ണായും മാറാനുള്ള കഴിവുണ്ടായിരുന്നു അയാൾക്ക്. കൂരിരുട്ടിലും അയാൾക്ക് കണ്ണുകാണുമായിരുന്നു. അയാളുടെ അധീനതയിലാണ് ചുഴലിക്കാറ്റുകൾ. അവയെക്കൊണ്ട് അയാൾ എല്ലാ കൊള്ളരുതായ്മകളും ചെയ്യിക്കും. അങ്ങനെ വലിയവനായ അയാൾ കൂടുതൽ വലിയവനായിത്തീർന്നു. **ദിവസവും അയാളുടെ ജീവിതവും മരണവും അയാൾ മാറ്റിപ്പണിതു. എങ്കിലേ അയാളെപ്പറ്റിയുള്ള പ്രവചനങ്ങൾ സത്യമാവുകയുള്ളൂ.

ഒരുദിവസം ഭൂമിയെ മഞ്ഞനിറത്തിൽ ചുട്ടുപൊള്ളിക്കുന്ന സൂര്യനെ ഭയങ്കരൻ കണ്ടു. അയാൾക്കൊരു ബുദ്ധി തോന്നി. നദിവറ്റിച്ച് മണലൂറ്റി വിൽക്കാനുള്ള ആലോചനയിലായിരുന്നു അയാൾ. സൂര്യൻ വിചാരിച്ചാൽ അത് എളുപ്പത്തിൽ നടക്കും. അതിനുവേണ്ടി അയാൾ ചുഴലിക്കാറ്റുകളെ പറഞ്ഞയച്ചു.

jayakrishnan , novel, iemalayalam

ചുഴലിക്കാറ്റുകൾ തമ്മിൽപ്പിണഞ്ഞ് ഒരു വലയുണ്ടാക്കി. എന്നിട്ട് കടലിനടിയിൽ കിടന്നുറങ്ങുകയായിരുന്ന സൂര്യനെ വലയിൽ കുരുക്കി ഭയങ്കരനു മുന്നിൽ കൊണ്ടുവെച്ചു.

നദി വറ്റിക്കാൻ അയാൾ സൂര്യനോടു പറഞ്ഞു. സൂര്യൻ വഴങ്ങിയില്ല. അയാൾ ഭീഷണിപ്പെടുത്തി; തല്ലിച്ചതച്ചു; അയാൾ സൂര്യനെ ക്രൂരമായി ഭോഗിച്ചു. തന്നെ ധിക്കരിച്ചവരെയൊക്കെ താൻ പലവിധത്തിൽ ഇല്ലാതാക്കിയ കഥകൾ പറഞ്ഞു.

ആ കഥകൾ ഒരിക്കലും ഞാൻ പറയുകയില്ല.

കഥകൾ നമ്മളെ മറ്റൊരിടത്തെത്തിക്കും. അവിടെ നമുക്കുണ്ടാവുന്ന കഷ്ടതകൾ അനുഭവത്തിനുമപ്പുറമുള്ളതാണ്. ***ചിറകറ്റ പക്ഷികൾ നമ്മുടെ തോളിൽ നിശ്ശബ്ദരായി വന്നിരിക്കും. വാക്കുകൾ മുള്ളുകൾ മാത്രം നിറഞ്ഞ ഒരു വഴിത്താരയാണ് പലപ്പോഴും. അതിലൂടെ ഒറ്റയ്ക്കു നടക്കുന്ന ആരും പേടിച്ചുപോകും. അതാണ് ശരിയായ പീഢാനുഭവം.

സൂര്യൻ കാരണമാണോ എന്നറിയില്ല. ഏതായാലും നദി വറ്റി. ഭയങ്കരനും ചുഴലിക്കാറ്റുകളും കൂടി അതിനെ ഒരു മണൽപ്പരപ്പുപോലുമല്ലാതാക്കി.

jayakrishnan , novel, iemalayalam

ചുഴലിക്കാറ്റുകളെല്ലാം ഏതോ ഭയങ്കരനെ അനുസരിക്കുന്ന വെറും അടിമകളായിരിക്കാം. പക്ഷേ കഥയിലേക്കു കടന്നു വരുമ്പോൾ അവ വാക്കുകളെ വട്ടം കറക്കാൻ തുടങ്ങും. ചിലപ്പോൾ ഏതോ പാവത്തിന്റെ ജീവിതമായിരിക്കാം അർത്ഥം തെറ്റിച്ച വാക്കുകളിലൂടെ അവ കശക്കിയെറിയുന്നത്. അവയെ ഒരിക്കലും വിശ്വസിക്കരുത്.

നീയെന്നെ കളിയാക്കുകയാണല്ലേ? സഞ്ജയൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ നഗരസഭാദ്ധ്യക്ഷൻ മുരണ്ടു. പിന്നെ കുറ്റപത്രം സഞ്ജയന്റെ മുഖത്തേക്കു ചുരുട്ടിയെറിഞ്ഞിട്ട് അയാൾ പുറത്തേക്കുപോയി.

തണുത്ത ഇരുട്ടിൽ, വാക്കുകളുടെ തണുത്ത ചോരയിൽ സഞ്ജയൻ തനിച്ചായി.

………………………………………..

പ്രചോദനം:

  • In the other world that let you go

yet held you back.

  • George Seferis – Collected Poems

** I have to change my life and death

daily to fulfill all the prophecies

prophesied for me.

So they’re not lies.

  • Yehuda Amichai – Poems of Jerusalem
  • * * All the wingless birds

Sang on my shoulders.

  • Vicente Huidobro – Arctic Poems

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal part 2 chapter 1