കഥകള്‍, ചിത്രങ്ങൾ – ഉറുമ്പുകളെപ്പോലെ വരിവെയ്ക്കുന്ന ഇലകളുടേത്.

ദൂരെയൊരിടത്ത് പുകകൊണ്ടുണ്ടാക്കിയ ഒരു നാടുണ്ട്. പറയേണ്ടതില്ലല്ലോ, ഭൂതങ്ങളാണ് അവിടുത്തെ താമസക്കാർ, അവിടെയെത്തുന്നവർ വലിയ പണക്കാരായി മാറും. പക്ഷേ ആര്‍ക്കും അവിടെ ചെന്നെത്താനാവില്ല.
രണ്ടു ചങ്ങാതിമാര്‍ പുകയുടെ നാടിനെപ്പറ്റി കേട്ടു. ദരിദ്രന്മാരായിരുന്നു രണ്ടുപേരും. എങ്ങനെയും അവിടെയെത്തണം, ധനികരാവണം- ഇതായിരുന്നു അവരുടെ ലക്ഷ്യം. അതിനുവേണ്ടി അവരിരുവരും ഒരുമ്പെട്ടിറങ്ങി. ആദ്യം അവര്‍പച്ചിലകള്‍ കൊണ്ട് തൊപ്പിയുണ്ടാക്കി തലയില്‍വച്ചു. തൊപ്പിക്കകത്ത് ധാരാളം ഈയാമ്പാറ്റകളെ നിറച്ചു; ഒരുമാതിരി മന്ത്രങ്ങളെയും ഭൂതങ്ങളെയും അവ നേരിട്ടുകൊള്ളും. പിന്നെ, ഉറുമ്പുകളുണ്ടാക്കിയ വഴിച്ചാലിലൂടെ അവര്‍ യാത്ര തിരിച്ചു. വഴിക്കുവെച്ച്, ഉറുമ്പുകളെപ്പോലെ നിരനിരയായി നടന്നുവന്ന പച്ചിലക ള്‍ പതിമ്മൂന്നു ഭാഷയിൽ അവരോട് പോകരുതെന്നു പറഞ്ഞു. എന്നിട്ട് പുകയുടെ നാട്ടിലെത്തിച്ചേർന്നവർക്കുണ്ടായ ദുരിതങ്ങളുടെ കഥകൾ വിവരിച്ചു..

പിന്നീടൊരിക്കൽ ആ കഥകൾ ഞാൻ നിനക്കും പറഞ്ഞുതരേണ്ടി വരും.
അവര്‍പക്ഷേ അതൊന്നും കേൾക്കാതെ മുന്നോട്ടു തന്നെ നടന്നു. പെട്ടെന്ന് വഴി ഒരു നദിയായി മാറി. നിലകിട്ടാതെ അവര്‍ മുങ്ങിത്താണു. ഒടുവില്‍എങ്ങനെയോ ഒരു മരപ്പലകയില്‍ കയറിപ്പറ്റി. സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്- മരപ്പലകയല്ല, അതൊരു മുതലയായിരുന്നു. അവര്‍പേടിച്ചുവിറച്ചു. ഭാഗ്യത്തിന് മുതല ഉറങ്ങുകയായിരുന്നു. അപ്പോള്‍ അവര്‍ ഒരു ചിലന്തിയെ കണ്ടു. ഒരു ഭൂതമായിരുന്നു അത്. അവര്‍ക്കതു മനസ്സിലായില്ല. ചിലന്തി അതിന്റെ വലനൂലുകളിലൊന്ന് കരയിലേക്കു നീട്ടിയെറിഞ്ഞു. അതില്‍തൂങ്ങിപ്പിടിച്ചുനടന്ന് അവര്‍ പുഴയോരത്തിറങ്ങി. രാത്രി അടുത്തെത്തുകയാ യിരുന്നു. *മറഞ്ഞുപോകുന്ന അവരുടെ നിഴലുകളിൽ നിശ്ശബ്ദത ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. ഉറുമ്പുകള്‍പോലെ നിരനിരയായി വരുന്ന ഇലകളെ അവര്‍ വീണ്ടും കണ്ടു. അവയും പോകരുതെന്നു പറഞ്ഞു. അതും അവര്‍ വകവെച്ചില്ല. പിന്നെയും ഒരുപാട് കഷ്ടതകള്‍ സഹിച്ച് ഒടുവില്‍ അവര്‍പുകയുടെ നാട്ടിൽ ചെന്നെത്തി.

കരയ്ക്കിറങ്ങിയതും ദുരന്തങ്ങള്‍ തുടങ്ങി. ആദ്യം കണ്ടത് ഒറ്റക്കണ്ണുള്ള ഒരു സ്വർണ്ണ പ്രതിമയായിരുന്നു.അതെടുക്കേണ്ട താമസം ഒന്നാമൻ മരിച്ചുവീണു. അയാളുടെ ആത്മാവ് പുകപോലെ മൂക്കിലൂടെ പുറത്തേക്കുപോയി. രണ്ടാമന്‍കരഞ്ഞുകൊണ്ട് മൃതദേഹവുമെടുത്ത് ആത്മാവിനു പുറകെയോടി. അപ്പോൾ ഒരു ഭൂതം അയാളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അതിന് ഒരു കണ്ണേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗം നിഴല്‍മാത്രമായിരുന്നു. നിഴലില്‍ നിറയെ ഒച്ചുകള്‍ പറ്റിപ്പിടിച്ചുനിന്നു. – ഞാൻ നിന്നെ സഹായിക്കാം, ഭൂതം പറഞ്ഞു. എന്നിട്ട് അത് ആത്മാവിനെ പിടികൂടി അടച്ചുവെക്കാൻ ഒരു സ്വർണച്ചെപ്പെടുത്തു കൊടുത്തു. പിന്നെ ഭൂതം രണ്ടാമന്റെ ഇലത്തൊപ്പി തട്ടിയെടുത്ത് ഈയാമ്പാറ്റകളെ സ്വാദോടെ ചവച്ചരച്ചുതിന്നു. ഈയാമ്പാറ്റകള്‍ക്ക് ഭൂതങ്ങളെ നേരിടാനുള്ള കഴിവില്ല, രണ്ടാമന്‍ ഖേദത്തോടെ മനസ്സിൽ പറഞ്ഞു: ഞാന്‍ വരിവയ്ക്കുന്ന ഉറുമ്പുകളെ കൂട്ടിനു വിളിക്കേണ്ടിയിരുന്നു.
ഏതായാലും വളരെ പ്രയാസപ്പെട്ട് അയാൾ കൂട്ടുകാരന്റെ ആത്മാവിനെ പിടിച്ച് ചെപ്പിലടച്ചു. അതുകണ്ട് ഭൂതം ആർത്തുചിരിച്ചു. ചിരി കറുത്ത മീനുകളായിമാറി പുകയുന്ന ആകാശത്തിലൂടെ നീന്തി.

വല്ലവിധത്തിലും അയാള്‍ ചങ്ങാതിയുടെ ജഡവും ആത്മാവുംകൊണ്ട് വീട്ടിലെത്തി. വീട്ടിൽ ഒന്നാമന്റെ അച്ഛന്‍മാത്രമേയുള്ളൂ. മഞ്ഞത്തൊലിയും കടന്നലിന്റെ ശബ്ദവുമുള്ള ആര്‍ത്തിക്കാരൻ കിഴവനായിരുന്നു അയാൾ. അപ്പോഴേക്കും രണ്ടാമൻ ആകെ പരവശനായിരുന്നു. ഒന്നുറങ്ങിയിട്ട് കൂട്ടുകാരന് ജീവൻ കൊടുക്കാമെന്നു കരുതി അയാൾ ആത്മാവിനെ അടച്ചുവെച്ച സ്വർണച്ചെപ്പ് ഭദ്രമായി ഒരിടത്തു വെച്ചിട്ട് കിടന്നുറങ്ങി.
സ്വർണ്ണച്ചെപ്പു കണ്ടിട്ട് ആർത്തിക്കാരൻ കിഴവനു സഹിച്ചില്ല. അയാളതു തുറന്നു. ഉള്ളിലുണ്ടായിരുന്ന ആത്മാവ് മൂക്കിലൂടെ കിഴവന്റെ ശരീരത്തിൽകയറി. ഭൂതം രണ്ടാമനെ പറ്റിച്ചതായിരുന്നു. ഒന്നാമന്റെ ആത്മാവായിരുന്നില്ല അത്. കള്ളുകുടിച്ചു മരിച്ച ഒരു ദുഷ്ടന്റേതായിരുന്നു. രണ്ടാത്മാക്കളെയും ഒരേസമയം താങ്ങാനാവാതെ കിഴവന്റെ ശരീരം രണ്ടായി പിളർന്നു.
ഞാന്‍ ഇനിയും കള്ളുകുടിക്കും, സകലതും ധൂർത്തടിച്ച് നശിപ്പിച്ച കുടിയന്റെ ആത്മാവ് ഇരിപ്പുറപ്പിച്ച പാതി ശരീരം പറഞ്ഞു.
കുടിച്ചാൽ നിന്നെ ഞാൻ പാമ്പാക്കി മാറ്റും, അറുപിശുക്കനായ കിഴവന്റെ ആത്മാവുള്ള മറുപാതി പറഞ്ഞു.
നീ സമ്പാദിച്ചതു മുഴുവന്‍ ഞാന്‍ വില്‍ക്കും.
നിന്നെ ഞാന്‍ കൊല്ലും.
കുടിയൻ പാട്ടുപാടാനും കിഴവന്‍ശപിക്കാനും തുടങ്ങി. ഒച്ചയും ബഹളവും കേട്ട് രണ്ടാമന്‍ ഞെട്ടിയുണര്‍ന്നു. കിഴവൻ രണ്ടു കഷ്ണങ്ങളായി മാറിയിരിക്കുന്നതും രണ്ടു കഷ്ണങ്ങളും തമ്മിൽ തല്ലുകൂടുന്നതും കണ്ട് അയാൾ ജീവനും കൊണ്ടോടി.
ഉറുമ്പുകളെപ്പോലെ വരിവരിയായി പോകുന്ന പച്ചിലകളെ നീയെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കാണുകയാണെങ്കില്‍ അവയുടെ പുറകെ പോവുക, വേറെങ്ങും നോക്കാതെ.

തടിയന്‍ ഗുമസ്തന്റെ അച്ഛന്‍ ഒരു ഭൂതമാണെന്ന് സഞ്ജയന് തീര്‍ച്ചയായിരുന്നു. ഓഫീസില്‍ മകനെ കാണാന്‍ ചിലപ്പോഴൊക്കെ അയാള്‍ പതുങ്ങിപ്പതുങ്ങി വരും. അയാളെ കാണുമ്പോള്‍ തടിയന്‍ വിറയ്ക്കാന്‍ തുടങ്ങും. കൈക്കൂലിയായി കിട്ടുന്ന കാശൊക്കെ അയാള്‍ അപ്പോള്‍ത്തന്നെ എടുത്തു കൊടുക്കുകയും ചെയ്യും.
അങ്ങനെ കിഴവൻ പതുങ്ങിപ്പതുങ്ങി പുറത്തേക്കുപോയ ഒരവസരത്തില്‍നഗരസഭാധ്യക്ഷനും വനിതാ കൗൺസിലറും കൂടി അയാളെ അടുത്ത മുറിയിലേക്ക് വിളിച്ചു. മുറിയില്‍ നിന്ന് അപശബ്ദങ്ങള്‍ കേട്ടപ്പോൾ സഞ്ജയന്‍ വാതില്‍ അൽപ്പം തുറന്നുനോക്കി. വാല്‍മുറിഞ്ഞ രണ്ട് നീലഭൂതങ്ങള്‍പുറത്തേക്കു പറന്നു. മുറിയില്‍, മന്ത്രങ്ങള്‍ചൊല്ലിക്കൊണ്ട് കിഴവനും വനിതാ കൗൺസിലറുംകൂടി ഉടുതുണിയില്ലാതെ കുട്ടിക്കരണം മറിയുന്നതും അതുനോക്കി അധ്യക്ഷൻ നെഞ്ചത്തടിച്ചു കരയുന്നതും കണ്ട് അയാള്‍പേടിച്ചുപോയി. പേടിക്കാൻ അല്ലെങ്കിലും അയാൾക്ക് വലിയ കാരണങ്ങ ളൊന്നും വേണ്ട.

മറ്റൊരിക്കല്‍ പാവപ്പെട്ട ഒരാള്‍ക്ക് വീട് അനുവദിക്കാന്‍ കൈക്കൂലി ചോദിച്ചതിനെച്ചൊല്ലി ആളുകള്‍ വഴക്കിനു വന്നപ്പോൾ തടിയന്‍ നിലവിളിച്ചു:
കൈക്കൂലി വാങ്ങിയില്ലെങ്കില്‍ അച്ഛന്‍ എന്നെ ഓന്താക്കി മാറ്റും.
എന്നിട്ട് ആരും കാണാതെ അയാള്‍ സഞ്ജയനെ നോക്കി കണ്ണിറുക്കുകയും മഞ്ഞപ്പല്ലുകള്‍കാട്ടി ചിരിക്കുകയും ചെയ്തു. അയാളാണോ കിഴവനാണോ ഭൂതമെന്ന് സഞ്ജയന് സംശയം തോന്നി.
ഇക്ബാലിന് പക്ഷേ സംശയമൊന്നുമില്ലായിരുന്നു. വയസ്സന്‍തന്നെയാണ് ഭൂതം., അയാള്‍ തറപ്പിച്ചു പറഞ്ഞു. എന്നിട്ട് ഒരില പറിച്ച് ഭൂതക്കണ്ണാടിയിലൂടെ നോക്കി. കണ്ടില്ലേ, ഇക്ബാല്‍ പറഞ്ഞു: ഭൂതം സഞ്ചാരത്തിനിറങ്ങുകയാണ്. പെണ്ണിന്റെ മുഖമുള്ള ഒരു പക്ഷിയുടെ പുറത്താണ് ഭൂതം സഞ്ചരിക്കുക. സഞ്ജയന്‍ ഭൂതക്കണ്ണാടിയിലൂടെ നോക്കി. ഇലയുടെ പച്ചനിറമുള്ള ഞരമ്പുകളുടെ നിഗൂഢതയിലൂടെ ചിറകുള്ള ഒരു ചെറിയ പെൺകുട്ടി തത്തയുടെ സ്വരത്തിൽ കരഞ്ഞുകൊണ്ട് നടന്നുപോകുന്നതു മാത്രം അയാള്‍കണ്ടു. കരയുന്നതിനിടയിലും അവൾ മഴയുടെ കഥ പറയുന്നുണ്ടായിരുന്നു.
പിന്നിടൊരിക്കൽ അയാളാ കഥ തീർച്ചയായും ഓർക്കും.
ഇലപ്പച്ചയില്‍ മഴ പെയ്തുകൊണ്ടിരുന്നു; മണ്ണില്‍നിന്ന് ആകാശത്തേക്കു പെയ്യുന്ന പൊടിനിറമുള്ള മഴ. സങ്കടത്തോടൊപ്പം വരിയുടച്ച പോലുള്ള മൂന്നുതരം വേദനകളും സഞ്ജയനെ ബാധിച്ചു.
നമുക്കിപ്പോള്‍ത്തന്നെ ഭൂതത്തെ കണ്ടുപിടിക്കണം. ഇക്ബാൽ തിരക്കുകൂട്ടി. എങ്ങനെ? സഞ്ജയന്‍ചോദിച്ചു. ഇക്ബാൽ തത്തയെ വിളിച്ചു. ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ഒരു പെൺകുട്ടിയുടെ സ്വരത്തില്‍ കരഞ്ഞുകൊണ്ട് തത്ത മൂന്നുചീട്ടുകൾ കൊത്തിയെടുത്തുവന്നു. ചന്ദ്രനു താഴെ പതിമൂന്നാമത്തെ വീട്ടിൽ ഭൂതമുണ്ട്, ചീട്ടുകൾ നോക്കിയിട്ട് ഇക്ബാൽ പറഞ്ഞു. നിലാവില്ലാത്ത ഇരുണ്ട രാത്രിയായിരുന്നു അത്. ചന്ദ്രനെ കണ്ടുപിടിക്ക്, സഞ്ജയന്‍പറഞ്ഞു. ഇക്ബാൽ ഭൂതക്കണ്ണാടിയിലൂടെ സഞ്ജയന്റെ കൈനോക്കി. കൈരേഖകളുടെ ഇരുണ്ട ഇടനാഴികളിലോ ചുഴികളിലോ ഒന്നും ചന്ദ്രനെ കണ്ടില്ല. അപ്പോള്‍തത്ത മറ്റൊരു ചീട്ട് കൊത്തിക്കൊണ്ടുവന്നു. അച്ഛന്‍ ചിത്രം നോക്കി കഥ പറഞ്ഞുതരാറുള്ള പുസ്തകത്തിലെ ചിത്രങ്ങളിലൊന്നാണ് അതിലുള്ളതെന്ന് സഞ്ജയന് മനസ്സിലായി.

ചിത്രത്തിലെ ചന്ദ്രന്റെ ദിശയിലേക്കു നടക്കുമ്പോള്‍ തത്ത പതിമൂന്നു ഭാഷയിൽ പോകരുതെന്നു പറഞ്ഞു. അവര്‍ക്കത് മനസ്സിലായില്ല. ഇക്ബാല്‍ ചിതല്‍ പിടിച്ച തുഴ കൈയിലെടുത്തിരുന്നു. ഇരുണ്ട വഴികളിലൂടെ അവര്‍നടന്നുപോയി. നീലച്ചിറകുള്ള രാത്രിശലഭങ്ങൾ ഒന്നിനുപുറകേ ഒന്നായി അവരെ ചുറ്റിപ്പറന്നിട്ട് ദൂരെ മങ്ങിക്കത്തിയ ഒരു വിളക്കിനുള്ളില്‍ മറഞ്ഞു.
അവര്‍ ഒന്നാമത്തെ വീട്ടിലെത്തി.
ഒന്നാമത്തെ വീട് സഞ്ജയന്റേതായിരുന്നു.
അവര്‍ രണ്ടാമത്തെ വീട്ടിലെത്തി.
രണ്ടാമത്തെ വീട് മേഘയുടേതായിരുന്നു.
മൂന്നാമത്തേത് വാതിലടച്ചുപോന്ന ഇക്ബാലിന്റെ വീടായിരുന്നു.
നാലാമത്തേത് കാറ്റാടിക്കാരന്റെ കൂടാരമായിരുന്നു.
വീടുകളെല്ലാം എങ്ങനെ അടുത്തെത്തിയെന്ന് സഞ്ജയന്‍ അത്ഭുതപ്പെടുമ്പോള്‍അവര്‍ പതിമൂന്നാമത്തെ വീട്ടിലെത്തിയിരുന്നു. അടിത്തറയില്ലാതിരുന്നിട്ടും വീട് വീഴാതെ നിന്നത് ദുര്‍മന്ത്രവാദം കൊണ്ടാണെന്ന് സഞ്ജയന് മനസ്സിലായി. മുന്‍വാതിൽ തുറന്നുകിടന്നു. സൂര്യന്‍ എത്തിനോക്കുകപോലും ചെയ്തിട്ടില്ലാത്ത അനേകം മുറികള്‍ അതിലുണ്ടായിരുന്നു. അവയിലൂടെ കടന്നുപോകുമ്പോൾ അവരുടെ മുഖത്ത് ഇരുട്ടു പുരണ്ടു. നടുത്തളത്തില്‍ നിന്ന് ശബ്ദങ്ങള്‍ഉയരുന്നുണ്ടായിരുന്നു. അവിടെ ചിലന്തിവല നിറഞ്ഞ ഉത്തരത്തില്‍ കെട്ടിയ ഒരു കയറില്‍ തടിയന്‍ഗുമസ്തൻ തലകീഴായി തൂങ്ങിക്കിടന്നു. പെണ്ണിന്റെ മുഖമുള്ള ഒരു പക്ഷിയുടെ മരപ്രതിമയില്‍കയറിയിരുന്ന് അയാളുടെ അച്ഛന്‍ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ അയാള്‍ തീക്കനലും മുളകുപൊടിയും മകന്റെ മുഖത്തേക്കെറിയും. തടിയന്‍ അപ്പോഴൊക്കെ കാളയെപ്പോലെ അമറും. മുറിഞ്ഞവാലും വാലിന്റെ അറ്റത്ത് തലയുമുള്ള ഭൂതങ്ങള്‍ മന്ത്രവാദം കാണാന്‍ വന്നുകൊണ്ടിരുന്നു. മുഖം നിറയെ ചിരിയുമായി ഒരു ചിലന്തി അവയെ സ്വീകരിച്ച് ഇരിപ്പിടങ്ങളില്‍ കൊണ്ടിരുത്തി. അവയില്‍ ചിലതെങ്കിലും വേഷം മാറിയ കൗൺസിലര്‍മാരാണെ് സഞ്ജയന് തീര്‍ച്ചയായിരുന്നു.

**മങ്ങിക്കത്തിയ ഒരു വിളക്ക് ഭൂതങ്ങൾ നിറഞ്ഞ ആ നരകത്തെ കൂടുതൽ ഇരുണ്ടതാക്കി.
മണ്ണുകൊണ്ടുണ്ടാക്കിയ പക്ഷി പെട്ടെന്ന് ചുഴലിക്കാറ്റായി മാറി അച്ഛന്‍ഭൂതത്തെയും കൊണ്ട് തട്ടിന്‍പുറത്തെ വിടവിലൂടെ മുകളിലേക്കു പൊങ്ങി. തടിയന്‍ ഗുമസ്തൻ കയറിന്റെ അറ്റത്ത് അപസ്മാര രോഗിയെപ്പോലെ ഞെരിപിരികൊണ്ടു. വാലില്ലാഭൂതങ്ങള്‍ കോഴികളുടെ ശബ്ദമുണ്ടാക്കി. അപ്പോള്‍ തട്ടിന്‍പുറത്തുനിന്ന് അച്ഛന്‍ ഭൂതത്തിന്റെ രണ്ടുചാൺ വലിപ്പമുള്ള ഒരു മരപ്രതിമ നിലത്തേക്കു വീണു. ഇക്ബാൽ ഉടനെ അതിനെ തുഴകൊണ്ട് ആഞ്ഞടിച്ചു. പ്രതിമയില്‍ നിന്ന് പുകയുയര്‍ന്നു. പുകയടങ്ങിയപ്പോള്‍കിഴവന്റെ ശവം നിലത്തുകിടക്കുന്നത് അവര്‍ കണ്ടു. തുടര്‍ന്ന് കെട്ടിടം കുലുങ്ങി. കയ്പുനിറഞ്ഞ മണവും ചാരനിറവുമുള്ള ഇരുട്ട് എങ്ങും പടര്‍ന്നു. അപ്പോൾ തടിയന്‍, സഞ്ജയന്റെ ഇടതുചെവിയില്‍പറഞ്ഞു:
നന്നായി, അല്ലായിരുന്നെങ്കിൽ കിഴവന്‍ എന്നെ തേളാക്കി മാറ്റിയേനെ.
അതോടെ സഞ്ജയന് ഇടതുചെവി കേള്‍ക്കാതായി.
ശവത്തില്‍ വെയ്ക്കാന്‍ റീത്തുകളുമായി നഗരസഭാധ്യക്ഷനും കൗൺസിലര്‍മാരും വന്നു. റീത്തുകളില്‍ ചിലന്തികള്‍ തൂങ്ങിയാടി. ബഹളത്തിനിടയിൽ ഇക്ബാലും സഞ്ജയനും പതുക്കെ പുറത്തുകടന്നു. മൂന്ന് കടവാതിലുകളെയും ഒരു മൂരിയെയും ഒരേ സമയം ഭോഗിക്കാൻ കഴിവുള്ള അധ്യക്ഷന്റെ പൂച്ചക്കണ്ണുകള്‍ ഇരുട്ടിലും തങ്ങളെ പിന്തുടരുന്നതറിഞ്ഞ് അവര്‍മറ്റൊരു വഴിയിലേക്കു തിരിഞ്ഞു. *** ഇന്നലെകളുടെ വഴിയായിരുന്നു അത്. അവരുടെ പഴയകാലം അതിലൂടെ അലഞ്ഞുനടന്നു. അവിടെ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിലൂടെ ഉറുമ്പുകള്‍വരിവരിയായി നീങ്ങിക്കൊണ്ടിരുന്നു. അടുത്തുചെന്നു നോക്കിയ പ്പോൾ അവ ഉറുമ്പുകളല്ല, ഇലകളാണെന്ന് അവര്‍ക്ക് മനസ്സിലായി. ഉറക്കം വരാൻ തുടങ്ങിയിരുന്നു. നടന്നകലുന്ന പച്ചിലകള്‍ക്കരികെ കരിയിലകളുടെ ശ്മശാനത്തില്‍കിടന്ന് അവരുറങ്ങി. ഉറക്കത്തിൽ, ചിറകുകളുള്ള ഒരു പെൺകുട്ടി അടിയിൽ വേരുകളുള്ള, വേരുകളിൽ വെളുത്ത പൂക്കൾ നിറഞ്ഞ തോണി തുഴഞ്ഞുപോകുന്നത് ഇരുവരും സ്വപ്നം കണ്ടു.
………………………………………………….
- Silence in which one sees
In each departing human shadow - Eugenio Montale – Selected Poems
- * The lamp illuminates this Sodom
Of figures resembling
The figures of phantoms.
Vitezlav Nezval – The Absolute Gravedigger - * * Something of our
Yesterday we still
See roaming through these
Old streets. - Antonio Machado – Border of a Dream