/indian-express-malayalam/media/media_files/uploads/2023/03/jayakrishnan-novel-part-8.jpg)
ചിത്രീകരണം : ജയകൃഷ്ണന്‍
കഥകൾ, ചിത്രങ്ങൾ- കാറ്റാടികളുടെ രാജാവിന്റേത്
/indian-express-malayalam/media/media_files/uploads/2023/03/8_2-copy.jpg)
നദി വിൽക്കാൻ നഗരസഭാസമിതി തീരുമാനിച്ചപ്പോൾ സന്തോഷിച്ച വേറൊരാളുണ്ടായിരുന്നു. അയാൾ എവിടെ നിന്നാണ് വന്നതെന്ന് ആർക്കുമറി യില്ല. എല്ലാവരുടെയും ഓർമകളുടെ തുടക്കത്തിൽ അയാളുണ്ട്, വാൽനക്ഷത്ര ത്തിന്റെ ചിത്രമുള്ള കുപ്പായവും കൈയില്കാറ്റാടികളുമായി. കൊച്ചുകുട്ടികൾക്കു പോലും ആരും പറഞ്ഞുകൊടുക്കാതെതന്നെ അയാളുടെ പേരറിയാമായി രുന്നു- കാറ്റാടിക്കാരൻ.
/indian-express-malayalam/media/media_files/uploads/2023/03/8_3-copy.jpg)
നദി വിൽക്കാൻ തീരുമാനിച്ച നഗരസഭായോഗം സഞ്ജയനിപ്പോഴും ഓർമയുണ്ട്. മുകളിലെ മുറിയിൽ നിന്ന് ഉച്ചത്തിലുള്ള ബഹളവും കരച്ചിലും കേട്ട് അയാൾ പേടിച്ചു. അല്ലെങ്കിലും പേടിക്കാൻ അയാൾക്ക് വലിയ കാരണമൊന്നും വേണ്ട. അയാളുടെ സഹപ്രവർത്തകരായ എഞ്ചിനീയർക്കും തടിയൻ ഗുമസ്തനും ബേക്കറിക്കാരന്റെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയതു കാരണം പിടിക്കപ്പെട്ട, പുളിച്ച മൈദമാവിന്റെ മണമുള്ള സൂപ്രണ്ടിനും ഭാവഭേദമൊന്നുമില്ലായിരുന്നു. സഞ്ജയൻ മുകളിലേക്ക് ഓടിച്ചെന്നു. അവിടെ പുകയുടെ ഒരു മരം ഉയരത്തിലേക്ക് വളർന്നുകൊണ്ടിരുന്നു. അതിനകത്തുനിന്നാണ് ബഹളവും നിലവിളിയും കേട്ടത്. സഞ്ജയൻ ചെവിയോർത്തു. നഗരസഭാധ്യക്ഷന്റെയും പുഴക്കരയിലെ കൗൺസിലറുടെയും ശബ്ദം അയാൾ തിരിച്ചറിഞ്ഞു. അവർ അശ്ലീലം കലർന്ന പാട്ടുകൾ പാടുകയായിരുന്നു. പെണ്ണിന്റെ ശബ്ദത്തി ലായിരുന്നു അദ്ധ്യക്ഷൻ പാടിയത്. പെട്ടെന്ന് പുകമരത്തിനകത്തുനിന്ന് അയാൾ സഞ്ജയന്റെ മുമ്പിൽ ചാടിവീണു.
/indian-express-malayalam/media/media_files/uploads/2023/03/8_4-copy.jpg)
തീരുമാനപുസ്തകം, അദ്ധ്യക്ഷൻ ഉച്ചത്തിൽ പറഞ്ഞു.
സഞ്ജയൻ അന്തംവിട്ടുനിന്നു. അദ്ധ്യക്ഷന്, ഒരു പെണ്ണാടിന്റെ രൂപമായിരുന്നു. അയാളുടെ പതിമൂന്ന് വലിയ മുലകളിൽ നിന്നും പുക പുറപ്പെട്ടുകൊണ്ടിരുന്നു. എന്റെ കൈയിലില്ല, സഞ്ജയൻ പറഞ്ഞൊപ്പിച്ചു. അദ്ധ്യക്ഷൻ ഓടിവന്ന് അയാളുടെ കൈവശമുണ്ടായിരുന്ന പുസ്തകം തട്ടിപ്പറിച്ചു. നേരം കിട്ടുമ്പോൾ അയാൾ കവിതയെഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്ന പുസ്തകമായിരുന്നു അത്. ഇതുതന്നെ തീരുമാനപുസ്തകം, പുകമരത്തിനുള്ളിൽ മറയുന്നതിനിടയിൽ അദ്ധ്യക്ഷൻ വിളിച്ചുകൂവി. അയാൾക്കപ്പോൾ ഒരേസമയം എട്ട് പന്നികളെയും ഒരു ടർക്കിക്കോഴിയെയും ഭോഗിക്കാനാവുമായിരുന്നു. അദ്ധ്യക്ഷനെ തടയാൻ ശ്രമിച്ചപ്പോൾ സഞ്ജയന്റെ കാഴ്ചപോയ കണ്ണിൽ പുകകയറി. തവിട്ടുനിറവും ആട്ടിൻ കാലുകളുമുള്ള ഭൂതങ്ങൾ നൃത്തം ചെയ്യുന്നത് ഒരു നിമിഷം അയാൾ കണ്ടു.
/indian-express-malayalam/media/media_files/uploads/2023/03/8_5-copy.jpg)
പുകമരത്തിനകത്തുനിന്ന് ആഭാസകരമായ വിധത്തിൽ അയാളുടെ കവിതകൾ ആരോ ചൊല്ലി: നിന്റെ കണ്ണീര് എന്റെ കണ്ണിൽ വീണപ്പോൾ അക്കരപ്പച്ചകൾ ഇക്കരയിലേക്കു വന്നു. അദ്ധ്യക്ഷൻ ചെനപിടിച്ച പെണ്ണാടിന്റെ ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ഏതോ ഒരു മുട്ടനാട് നീട്ടിക്കരഞ്ഞു. മണൽ പരപ്പായി മാറിയ നദി വിൽക്കാനുള്ള തീരുമാനമടുത്ത് യോഗം അവസാനിച്ചു. സഞ്ജയനപ്പോൾ ഗർഭമലസിയ വേദന പോലുള്ള എന്തോ ഒന്ന് അനുഭവപ്പെട്ടു.
തീരുമാനത്തെ അനുകൂലിച്ചും എതിർത്തും പ്രകടനങ്ങൾ നടക്കുതിനിടയിൽ സഞ്ജയൻ കാറ്റാടിക്കാരനെ കണ്ടുമുട്ടി. അയാളുടെ കുപ്പായത്തിലെ വാൽ നക്ഷത്രത്തിന്റെ നീളം കൂടിയിരുന്നു. ഒരാഴ്ചമുമ്പ് കാറ്റാടിവിൽക്കാൻ അയാൾ സഞ്ജയന്റെ ഓഫീസിൽ വന്നു. -കാറ്റാടിയൊന്നിന് അഞ്ചുരൂപ. ഒന്നിച്ചുതരാനില്ലാത്തവർ അഞ്ചു തവണകളായി തന്നാൽ മതി. അയാൾ കളിയാക്കുന്നതു പോലെ പറഞ്ഞു. ആരും വാങ്ങിയില്ല. സഞ്ജയന് സഹതാപം തോന്നി. എങ്കിലും കാറ്റാടി വാങ്ങുമ്പോൾ അത് നാലു രൂപയ്ക്ക് കിട്ടുമോ എന്നയാൾ ചോദിക്കാതിരുന്നില്ല. കാറ്റാടിക്കാരൻ വിലകുറച്ചില്ല. പക്ഷേ അയാൾ വേറൊരു കാറ്റാടി സഞ്ജയന് വെറുതെ കൊടുത്തു. ഇത്തരത്തിലുള്ള ഒരെണ്ണം മാത്രമേ ലോകത്തുള്ളൂ, അയാൾ തറപ്പിച്ചു പറഞ്ഞു: ഇത് കൈയിൽ വെച്ചുതിരിച്ചാൽ പതിമൂന്നു ദിവസം കഴിയുമ്പോൾ നിങ്ങൾക്ക് ഒരത്ഭുതം കാണാനാകും. സൂപ്രണ്ടും എഞ്ചിനീയറും തടിയൻ ഗുമസ്തനും പരിഹസിച്ചു ചിരിച്ചു. *നദിയില്ലാതെ നീന്തൽ പഠിക്കുന്നവരാണ് നിങ്ങൾ, അവരെ നോക്കി കാറ്റാടിക്കാരൻ പറഞ്ഞു: നിങ്ങൾ കാണുന്നതാകട്ടെ, മറ്റുള്ളവരുടെ സ്വപ്നങ്ങളും.
സഞ്ജയൻ കാറ്റാടി തിരിക്കാനൊന്നും മെനക്കെട്ടില്ല. അയാളതൊരു സഞ്ചിയിൽ കെട്ടി സൂക്ഷിച്ചു. പതിമൂന്നു ദിവസം കഴിഞ്ഞപ്പോൾ അതിൽ നിന്ന് തത്തകളുടെ ഒരു ചുഴലിക്കാറ്റുയർന്നു. അതായിരുന്നു കാറ്റാടിക്കാരൻ പറഞ്ഞ അത്ഭുതം. ചെറിയ ചുഴലിക്കാറ്റുകൾ ഭൂതങ്ങളാണെന്ന് സഞ്ജയനറിയാം. അവയെ പേടിക്കുകയൊന്നും വേണ്ട.
/indian-express-malayalam/media/media_files/uploads/2023/03/8_6-copy.jpg)
ഇപ്പോൾ ദിക്കരയിൽ നിന്ന് മണൽ പരപ്പിലേക്കു നോക്കി അയാൾ ആംഗ്യങ്ങൾ കാണിക്കുന്നതു കണ്ട് സഞ്ജയൻ അടുത്തുചെന്നു. മണലിൽ മീന്മുള്ളുകളും കക്കത്തോടുകളും ചിതറിക്കിടന്നിരുന്നു. കാറ്റാടിക്കാരൻ ശപിക്കുകയായി രുന്നു: നദിയെ, സമുദ്രത്തെ, മഴത്തുള്ളികൾ വീണുണ്ടാകുന്ന ചെറിയ വൃത്തങ്ങളെ അയാൾ ശപിച്ചു. സഞ്ജയനെ കണ്ടപ്പോൾ അയാൾ നിർത്തി. പിന്നെ ക്ഷീണിച്ച സ്വരത്തിൽ സഞ്ജയനെ വീട്ടിലേക്കു ക്ഷണിച്ചു.
വീടെന്നതിനേക്കാൾ തുണിയും മെടഞ്ഞ ഓലയും കൊണ്ടുണ്ടാക്കിയ ഒരു കൂടാരമായിരുന്നു അത്. അകത്തു നിറയെ വെയിൽ നുറുങ്ങുകളും കാറ്റാടി കളുമായിരുന്നു. കാറ്റില്ലാതിരുന്നിട്ടും കാറ്റാടികൾ തിരിഞ്ഞുകൊണ്ടിരുന്നു. കൂടാരത്തുണിയുടെ ഒരു കീറലിലൂടെ കോളാമ്പിത്തലയന്മാരായ കുറെ ഭൂത ങ്ങൾ എത്തിനോക്കി. കാറ്റാടികളുടെ ചുഴലിക്കാറ്റിലേക്ക് അവ പച്ചത്തുള്ള ന്മാരെപ്പോലെ പറന്നുവന്നു. കൂടാരത്തിന്റെ മേലറ്റത്തുനിന്നു ഞാത്തിയിട്ട ഒരു കയറിൽ പതിനാറാം നൂറ്റാണ്ടിലെ ഭൂപടങ്ങളും ഒരു ഭയങ്കരന്റെ ചിത്രവുമുണ്ടാ യിരുന്നു. വിചിത്രമായ ഉടുപ്പും തൊപ്പിയും പിരിച്ചുവെച്ച മീശയുമുള്ള അയാളുടെ ചിത്രം സഞ്ജയൻ സാമൂഹിക പാഠപുസ്തകത്തിൽ കണ്ടിട്ടുണ്ട്. പക്ഷേ അയാളുടെ പേരുമാത്രം ഇപ്പോൾ ഓർമ വന്നില്ല
.
ഞാൻ ഒരാളല്ല, സഞ്ജയന്റെ പുറകിൽ നിന്നുകൊണ്ട് കാറ്റാടിക്കാരൻ പ്രഖ്യാപിച്ചു: പല പേരുകളിൽ അറിയപ്പെടുന്ന ഒരു കവി കൂടിയാണു ഞാൻ. എന്നെക്കൂടാതെ അനേകം ഞാൻ ഉണ്ട്. എങ്കിലും ഞാൻ നിലനിൽക്കുന്നു. ഞാനവരെയൊക്കെ നിശ്ശബ്ദരാക്കുന്നു. എന്നിട്ട് ഞാൻ സംസാരിക്കുന്നു. പിന്നെ അയാൾ ഒരു കുടയും ചൂടി മഴയത്തെന്നപോലെ നടന്നു. സംഗതി വട്ടാണെന്ന് സഞ്ജയന് വിചാരിക്കുമ്പോൾ കുട ഒരു കാറ്റാടിപോലെ തിരിയാൻ തുടങ്ങി. അയാൾ പേടിച്ചു. കാറ്റാടിക്കാരൻ കുടയിൽനിന്ന് വെളിയിലേക്കു കഴുത്തു നീട്ടി താറാവിന്റെ ശബ്ദമുണ്ടാക്കി: ക്വാക്ക്, ക്വാക്ക്, ക്വാക്ക്. അതോടെ എല്ലാ കാറ്റാടികളും നിശ്ചലമായി.
എന്തു ചെയ്യണമെന്ന് എത്തും പിടിയും കിട്ടാതെ സഞ്ജയൻ കുറെനേരം അനങ്ങാതിരുന്നു. കാറ്റാടിക്കാരൻ കുപ്പിയും ഗ്ലാസ്സുകളുമായി വന്നു. പറങ്കിമാങ്ങ വാറ്റിയുണ്ടാക്കിയ ചാരായം ഒഴിക്കുന്നതിനിടയിൽ അയാൾ തന്റെ രഹസ്യം തുറന്നു: അയാൾക്ക് അഞ്ഞൂറിലധികം വയസ്സ് പ്രായമുണ്ട്. തെളിവിനായി അയാളൊരു കടലാസ്സെടുത്ത് കാണിച്ചു. അതിൽ അയാളുടെ ഒപ്പിനുതാഴെ 30-2-1428 എന്നെഴുതിയിരുന്നു. അക്കാലത്ത് ഫെബ്രുവരിക്ക് മുപ്പതു ദിവസങ്ങളുണ്ടായിരുന്നുവെന്ന് അയാൾ വിശദീകരിച്ചു. ചാരായം അത്രക്ക് ചെലുത്തിക്കഴിഞ്ഞതിനാൽ സഞ്ജയൻ അത് വിശ്വസിച്ചു.
/indian-express-malayalam/media/media_files/uploads/2023/03/8_8-copy.jpg)
അഞ്ഞൂറ്റിയെഴുപത്തഞ്ച് വർഷം മുമ്പ് ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞ ഒരു രാജ്യത്തുനിന്ന് കാറ്റാടിക്കാരനും പതിമൂന്നു കൂട്ടുകാരും ഒരു യാത്ര പുറപ്പട്ടു. സൂര്യന്റെകൂടെ കപ്പലോടിച്ചാൽ ഭൂമിയുടെ മറുപുറത്തെത്താമെന്ന വിശ്വാസത്തിൽ ഇറങ്ങിത്തിരിച്ചതായിരുന്നു അവർ. കപ്പലിലുണ്ടായിരുന്ന കാറ്റാടികളുടെ കറക്കം അവരെ ഭൂമിയുടെ മറുവശത്തെത്തിച്ചു. കാൽപ്പാടുകൾ നിറഞ്ഞ ഒരു തീരത്ത് അവഞ കപ്പലിറങ്ങി.
പക്ഷേ അപ്പോഴേക്കും കൂട്ടുകാർ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരുന്നു. ആ പ്രദേശം സ്വന്തമാക്കാൻ അവർ കൊലയും തീവെപ്പും നടത്തി. അയാൾ അരുതെന്നു പറഞ്ഞതൊന്നും ആരും വകവെച്ചില്ല. അവർ തലവെട്ടി, കുറ്റിയിൽ കെട്ടി ദഹിപ്പിച്ചു, തലകീഴായി കുരിശിൽ തറച്ചു. മരിച്ചവരുടെ ആത്മാക്കളെ കാറ്റാടിക്കാരൻ ഓരോ കാറ്റാടിയിലും കുടിയിരുത്തി. അങ്ങനെ കാറ്റില്ലാത്തപ്പോഴും കാറ്റാടികൾ തിരിഞ്ഞു.
ഒടുവിൽ ചോരയൊഴുക്ക് നിർത്താൻ അയാൾക്കൊരു കടുംകൈ ചെയ്യേണ്ടിവന്നു: പതിമൂന്നുകൂട്ടുകാരെയും അയാൾ ജീവനോടെ കുഴിച്ചുമൂടി. അവർ പക്ഷേ കാറ്റാടിമരങ്ങളായി മുളച്ചുപൊന്തി. കാറ്റാടിക്കാരൻ കൂടാരത്തിന്റെ തുണിനീക്കിക്കാണിച്ചു. പുറത്ത് ഒറ്റവരിയിൽ പതിമൂന്നു കാറ്റാടിമരങ്ങൾ നിൽക്കുന്നുണ്ടായിരുന്നു. കാറ്റടിച്ചപ്പോൾ അവ ദയനീയമായ ശബ്ദത്തിൽ കാറ്റാടിക്കാരനെ വിളിച്ചു; കാറ്റാടിക്കാരാ, കാറ്റാടിക്കാരാ, കാറ്റാടിക്കാരാ…. -എന്റെ കൂട്ടുകാർ വാറ്റുചാരായത്തേക്കാൾ നല്ലവരായിരുന്നു മരണം പോലെ ഒറ്റപ്പെട്ട സമുദ്രസഞ്ചാരമാണ് അവരെ, ചിലപ്പോൾ എന്നെയും ക്രൂരന്മാരും കൊലയാളികളുമാക്കിയത്, അയാൾ കരഞ്ഞു: - അന്നുമുതൽ ഞാൻ കടലിനെ, പുഴയെ, മഴവെള്ളത്തിന്റെ വൃത്തങ്ങളെ എല്ലാം വെറുത്തു. ഇന്നു നിങ്ങൾ നദി വിറ്റു. നാളെ കടലും വിൽക്കും. അങ്ങനെ മരണത്തിന്റെ നനവുള്ള എല്ലാ ഓർമകളും ഇല്ലാതാകും. അയാൾ, ഗ്ലാസ്സിൽ ചാരായം നിറച്ചു. എന്നിട്ട് സ്വരം താഴ്ത്തി: -ഞാൻ പറഞ്ഞില്ലേ, എഴുപത്തിയേഴ് വർഷം മുമ്പ് മരിച്ചുപോയ പല പേരുകളുള്ള ഒരു കവികൂടിയാണ് ഞാൻ. പിന്നെ അയാൾ ഒച്ചയുയർത്തി: നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിനോട് മദ്യശാലകളെക്കുറിച്ചും മുറിവുകളെക്കുറിച്ചും അവൻ പറയുന്നു. ഒരുപക്ഷേ, എന്റെ ദൈവമേ, അവന്റെ സ്വപ്നങ്ങൾ എന്റേതുപോലെ. സഞ്ജയൻ പുറത്തേക്കു നോക്കി: മുറ്റത്തടർന്നു വീണ ഒരു പച്ചില തവളയായി മാറി ചാടിച്ചാടിപ്പോകുന്നു.
നീയും ഒരു കവിയല്ലേ? കാറ്റാടിക്കാരൻ ചോദിച്ചു.
അതെ, സഞ്ജയൻ പറഞ്ഞു: പക്ഷേ എന്റെ കവിതയ്ക്ക് ഒരു കണ്ണേയുള്ളൂ. എപ്പോഴും അത് മുടന്തുകയും ചെയ്യും.
നിന്റെ കവിതയ്ക്ക് ഒരു കൈയും ചെവിയും കൂടി നഷ്ടപ്പെടും, കാറ്റാടിക്കാരൻ പറഞ്ഞു. സഞ്ജയൻ ആടിയാടി പുറത്തുകടന്നു. കൂടാരത്തിനകത്ത് കാറ്റാടിക്കാരൻ കരഞ്ഞുകൊണ്ട് കവിത ചൊല്ലി: ** പൂക്കൾ പറിച്ചെടുക്കുന്ന കൈകളെ ഞാൻ നോക്കാറേയില്ല.
/indian-express-malayalam/media/media_files/uploads/2023/04/jk-8.jpg)
/indian-express-malayalam/media/media_files/uploads/2023/03/8_9-copy.jpg)
ഇതാണ് കാറ്റാടികളുടെ രാജാവ്. അയാളുടെ പുറകിലായി ദൂരെ ഒരു കപ്പൽ നിൽക്കുന്നതു കണ്ടോ? കാറ്റാടിരാജാവിന് ആകെ പേടിയുള്ളത് കപ്പലുകളെയാണ്. കടൽക്കൊള്ളക്കാരാണ് അയാളുടെ ശത്രുക്കൾ. അതിനു കാരണമുണ്ട്. കാറ്റാടിരാജാവിന്റെ കൊട്ടാരം നിന്നത് കടത്തീരത്തായിരുന്നു. കാറ്റുകൾ അയാളുടെ അധീനതയിലാണ്. അവ കൊട്ടാരത്തിലെ അസംഖ്യം കാറ്റാടികളെ എപ്പോഴും കറക്കിക്കൊണ്ടേയിരിക്കും. കറങ്ങുമ്പോഴൊക്കെ അവ കഥകൾ പറഞ്ഞുകൊണ്ടുമിരിക്കും.
പിന്നീടെപ്പോഴെങ്കിലും, കാറ്റുകൾ ആ കഥകളൊക്കെ നിനക്കും പറഞ്ഞുതരും.
കാറ്റാടിരാജാവിന്റെ ശത്രുവായ ഒരു മന്ത്രവാദിയുണ്ടായിരുന്നു. മന്ത്രവാദി എന്തുചെയ്തു? കളിമണ്ണുകൊണ്ട് ഒരു കപ്പലിനെയും കടൽക്കൊള്ളക്കാരെയുമുണ്ടാക്കി. മന്ത്രം ജപിച്ച് കപ്പൽ കടലിലിറക്കി. രാത്രിയായപ്പോൾ കപ്പൽ കാറ്റാടിരാജാവിന്റെ കൊട്ടാരത്തിനടുത്ത് നങ്കൂരമിട്ടു. കടൽ കൊള്ളക്കാർ ആരുമറിയാതെ രാജാവിനെ തടവിൽ പിടിച്ച് കപ്പലിൽ കയറ്റി. കപ്പൽ നടുക്കടലിലെത്തിയപ്പോൾ മന്ത്രവാദി വേറൊരു മന്ത്രം പ്രയോഗിച്ചു. കപ്പൽ പഴയപടി കളിമണ്ണായി മാറി. കളിമണ്ണ് വെള്ളത്തിലലിഞ്ഞും പോയി. വെള്ളത്തിൽ മുങ്ങിപ്പൊങ്ങുകയാണ് കാറ്റാടിരാജാവ്. പക്ഷേ കാറ്റുകൾ അയാളെ കൈവെടിഞ്ഞില്ല. അവ അയാളെ ഒരു കരയിലെത്തിച്ചു. അവിടെ അയാൾ കണ്ടതെന്താണെന്നോ? കളിമൺ കൊള്ളക്കാർ ആളുകളെ ആക്രമിക്കുന്നു, കൊല്ലുന്നു. എങ്ങും പുകയും ചോരയും നിലവിളിയും. അന്നുതൊട്ട് കാറ്റാടിരാജാവ് കപ്പലുകളെ, സമുദ്രത്തെ, നദികളെ ഒക്കെ വെറുത്തു. ദുഷ്ടത അവയിലൂടെയാണ് സഞ്ചരിച്ചെത്തുന്നതെന്ന് അയാൾ കരുതി.
കാറ്റാടി രാജാവ് ദരിദ്രനായി ജീവിക്കാനാരംഭിച്ചു. ആരുടെയും തുണയില്ലാതെ, ഒറ്റയ്ക്ക്, മരണം പോലെ. ***സങ്കടങ്ങൾക്ക് വഴങ്ങി ജീവിക്കുന്നയാൾ ഒരു ആരാച്ചാരെ മാത്രം പരിചയമുള്ളവനെപ്പോലെയാണെന്ന് അയാളറിഞ്ഞു. കാറ്റാടികൾ ഉണ്ടാക്കിവിറ്റിട്ടാണ് അയാൾ ആഹാരത്തിനുള്ള വക കണ്ടെത്തിയത്. വേനലിൽ നദി വറ്റുമ്പോൾ രാജാവിന് സന്തോഷമാകും. സന്തോഷം പങ്കിടാൻ രാജാവ് കാറ്റുകളെ വിളിച്ചുവരുത്തും.
കാറ്റുകൾ പറന്നുവരും.
മഴയും കൊണ്ടാവും അവ വരിക.
മഴപെയ്ത് നദി വീണ്ടും നിറയും.
അതുകാണുമ്പോൾ കാറ്റാടി രാജാവിന് ദേഷ്യം വരും.
രാജാവ് കാറ്റുകളെ ശപിക്കും.
കാറ്റുകൾ മടങ്ങിപ്പോകും.
ഇതിങ്ങനെ തുടർന്നു കൊണ്ടിരുന്നു. പിന്നെപ്പിന്നെ എത്ര മഴപെയ്തിട്ടും നദിയിൽ വെള്ളംനിറയാതായി. കാറ്റാടി രാജാവിന് പ്രായവുമായി. മണൽ പരപ്പായിമാറിയ നദിയിൽ അടിഞ്ഞുകൂടിയ കക്കത്തോടുകളും മീന്മുള്ളുകളും നോക്കി അയാൾ പോക്കുവെയിലിന്റെ മഞ്ഞയിലൂടെ അലഞ്ഞു.
നമ്മുടെ ജനൽ പടിയിലിരുന്നു തിരിയുന്ന കാറ്റാടി കണ്ടോ? കാറ്റാടിരാജാവ് ഉണ്ടാക്കിയതല്ല അതെന്ന് എങ്ങനെ പറയാനാകും? ഒരിക്കൽ നീയും കാറ്റാടിരാജാവിനെ കണ്ടുമുട്ടും. നീ അപകടത്തിൽപ്പെടുമ്പോൾ സഹായിക്കാൻ വേണ്ടി കാറ്റാടിയിൽ നിന്ന് ഒരു കാറ്റിനെ രാജാവ് പറഞ്ഞയയ്ക്കും. അല്ലെങ്കിൽ ഒരുപക്ഷേ അപ്പോഴേക്കും അയാളുടെ കഴിവുകളൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടാകും. മറ്റു ചിലരാവും അന്ന് നദി വറ്റുന്നതിൽ സന്തോഷിക്കുക. പക്ഷേ നമ്മൾ പാവങ്ങൾക്ക് ആശ്വസിക്കാൻ ചെറിയ കാര്യങ്ങളേയുള്ളൂ. നമ്മളെ സഹായിക്കാൻ കാറ്റുകളെ പറഞ്ഞയയ്ക്കുന്ന കാറ്റാടിരാജാവ് അവയിലൊന്നു മാത്രമായിരിക്കാം.
………………………………………..
- Who would learn to
Swim without the river….
And each to each other
Dreams of others' dreams.
-Fernando Pessoa – 35 Sonnets
*And doesn't notice the hands
picking flowers
- Fernando Pessoa - Fernando Pessoa and Co
- * * The ones who submitted to the laws of unhappiness
Have known only a hangman for many years. - Robert Desnos –Night of Loveless Nights.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.