scorecardresearch

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ- അധ്യായം അഞ്ച്

“ഒന്നും കാണാതിരിക്കുന്നതാണ് നല്ലത്. എല്ലാ കാഴ്ചകളും ഇരുട്ടിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നത്.” ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ അഞ്ചാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

കഥകള്‍, ചിത്രങ്ങൾ- മിന്നാമിനുങ്ങിന്റെ അക്ഷരങ്ങളുടേത്.

jayakrishnan , novel, iemalayalam

ഭൂതങ്ങള്‍ക്ക് മിന്നാമിനുങ്ങുകളെ പേടിയാണ്. ലോകത്ത് ഏറ്റവും ബുദ്ധിയുള്ളവരാണ് മിന്നാമിനുങ്ങുകൾ. അവ വെളിച്ചത്തെ ഇരുട്ടാക്കും, ഇരുട്ടിനെ കൂടുതൽ ഇരുട്ടാക്കും. അവയ്ക്ക് ഇരുട്ടും വെളിച്ചവും കാണാനാവും. അതുകൊണ്ടാണ് ഭൂതങ്ങള്‍ക്ക് അവയെ ഇത്രയും പേടി. ഭൂതങ്ങള്‍ക്ക് ഇരുട്ടു മാത്രമേ കാണാനാവൂ, വിളക്കുകള്‍ക്കാണെങ്കിൽ വെളിച്ചം മാത്രവും. അതുകാരണം ഭൂതങ്ങള്‍ക്ക് വിളക്കുകളെ പേടിയില്ല. ഒരു വിളക്ക് ഊതിക്കെടുത്തിയെന്നിരിക്കട്ടെ. അതോടെ അത് മരിച്ചു കഴിഞ്ഞു. പിന്നെ അത് ഭൂതങ്ങളുടെ വീടായിമാറും.

അങ്ങനെ ഒരിക്കൽ വിളക്ക് കെട്ടുപോയി. അതിന്റെ ഉടമസ്ഥന്‍ അതിനെ ഇരുട്ടു നിറഞ്ഞ ഒരു മുറിയിൽ വെച്ചുമറന്നു. നല്ല തക്കമായില്ലേ? ഭൂതങ്ങള്‍ ഒന്നടങ്കം വിളക്കിനകത്ത് കയറിപ്പറ്റി. ഒരു ഭയങ്കരന്‍ ഇതറിഞ്ഞു. അയാള്‍ ഇരുട്ടുമുറിയിൽ നിന്ന് ആ വിളക്കു കണ്ടെടുത്തു. നനഞ്ഞ മണ്ണിന്റെയും മരങ്ങളുടെയും മണം നിറഞ്ഞ രാത്രിയിലൂടെ കണ്ണുകാണാത്ത വിളക്കുമായി അയാള്‍ തപ്പിത്തടഞ്ഞ് നടന്നു.

jayakrishnan , novel, iemalayalam

പക്ഷേ, നേരംവെളുത്താൽ ഭൂതങ്ങള്‍നിറഞ്ഞ വിളക്കുമായി നടക്കുന്നയാളെ ആളുകള്‍ വെറുതെ വിടില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. ഭയങ്കരന്റെ പൂച്ചക്കണ്ണുള്ള ചങ്ങാതി കൂടെവന്നു. പൂച്ചക്കണ്ണന് ഇരുട്ടിലും കണ്ണുകാണാമായിരുന്നു. അയാള്‍ ഭയങ്കരനെയും കൂട്ടി ഭൂതങ്ങളുടെ വീടുണ്ടാക്കുന്ന ഒരുവന്റെ അടുത്തെത്തി. അവർ മൂന്നുപേരും കരിവിളക്കിലെ ഭൂതങ്ങളുമായിച്ചേർന്ന് ഗൂഢാലോചന നടത്തി: മൂന്നുപേരുംകൂടി ഭൂതങ്ങള്‍ക്കു പാര്‍ക്കാൻ ഒരു വീടുപണിയും, അവിടേക്ക് ഒരു വഴിയുണ്ടാക്കും. ആ വഴിയിലൂടെ നടക്കുന്നവര്‍ക്ക് ഭ്രാന്തുപിടിക്കും, ആ വീട്ടിൽ താമസിക്കുന്നവര്‍മരിക്കും.

പൂച്ചക്കണ്ണനെങ്ങനെയാണ് പൂച്ചക്കണ്ണുകള്‍കിട്ടിയതെന്നോ? നല്ല ചോദ്യം. അയാള്‍ക്ക് രാത്രിയിലും എല്ലാം കാണണമെന്ന് ദുരാഗ്രഹമുണ്ടായിട്ടുണ്ടാകും. കൂടുതൽ കാണുന്തോറും കൂടുതൽ വെട്ടിപ്പിടിക്കാനാകും.

ഒന്നും കാണാതിരിക്കുന്നതാണ് നല്ലത്. എല്ലാ കാഴ്ചകളും ഇരുട്ടിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നത്.

ഒരുപക്ഷേ രാത്രിയിലും കാണാന്‍അയാളൊരു പൂച്ചയെ കൊന്നിട്ടുണ്ടാകും. തന്റെ കണ്ണുകള്‍ വലിച്ചെറിഞ്ഞിഞ്ഞ് അയാള്‍ പൂച്ചക്കണ്ണുകള്‍ മുഖത്തു വെച്ചുപിടിപ്പിച്ചു കാണും. അയാള്‍ മാത്രമല്ല, കണ്ണുകള്‍ എറിഞ്ഞു കളഞ്ഞിട്ട് അവയുടെ സ്ഥാനത്ത് മറ്റുപലതും വെച്ചുപിടിപ്പിക്കുന്നവരാണ് നമ്മളിൽ പലരും. ഉപേക്ഷിക്കപ്പെട്ട കണ്ണുകളാണ് നക്ഷത്രങ്ങൾ, അതുകൊണ്ടാണ് അവ നമ്മളെ നോക്കി സങ്കടത്തോടെ ഇമചിമ്മുന്നത്.

jayakrishnan , novel, iemalayalam

കണ്ണുകള്‍ നക്ഷത്രങ്ങളായ കഥ ഞാന്‍ നിനക്ക് പിന്നീടൊരിക്കൽ പറഞ്ഞുതരാം.

അങ്ങനെ അവര്‍മൂന്നുപേരും ഭൂതങ്ങളും കൂടി ഗൂഢാലോചന നടത്തുന്നത് മിന്നാമിനുങ്ങുകളുടെ അച്ഛനുമമ്മയും അറിഞ്ഞു. അവര്‍ തന്നെയായിരുന്നു വിളക്കുകളുടെ അച്ഛനുമമ്മയും. പക്ഷേ മരിച്ചുപോയിരുന്നു അവർ. എല്ലാവരും അവരെ മറന്നും കഴിഞ്ഞിരുന്നു. മരണത്തേക്കാള്‍ ഒറ്റപ്പെട്ട മറവിയിൽ അവര്‍ ജീവിച്ചിരിക്കുന്നവരെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു.

അതങ്ങനെയാണ്. മരിച്ചവരാണ് എപ്പോഴും ജീവനുള്ളവരേക്കാള്‍സങ്കടപ്പെടു ന്നത്. *രാത്രിയിൽ കണ്ണീരിന്റെ മരത്തിനടിയിൽ അവർ ആരും കാണാതെ ചുരുണ്ടുകൂടും.

ഏതായാലും അവര്‍ മിന്നാമിനുങ്ങുകളെ പറഞ്ഞയച്ചു. മിന്നാമിനുങ്ങുകള്‍ദുഷ്ടന്മാരുടെയും ഭൂതങ്ങളുടെയും ചുറ്റും പറന്നു. നിങ്ങളെന്താണീ ചെയ്യുന്നത്? അവ പതുക്കെ ചോദിച്ചു. ദുഃഖത്തിന്റെ വെളിച്ചത്തിലും ഇരുട്ടിലും നിന്ന് അവ കണ്ണീരൊഴുക്കി. കണ്ണീര്‍ ദുഷ്ടന്മാരുടെയും ഭൂതങ്ങളുടെയും ദേഹത്തുവീണു. അവര്‍ക്ക് നന്നായി പൊള്ളിയിട്ടുണ്ടാകും. അവിടം വിട്ട് അവര്‍ ഓടിപ്പോയി. അങ്ങനെ, മിന്നാമിനുങ്ങുകള്‍ വിളക്കിനെയും കൊണ്ട് പറന്നകന്നു.

അതാണ് ഞാന്‍പറഞ്ഞത്, മിന്നാമിനുങ്ങുകളെ എപ്പോഴും വിശ്വസിക്കാം. വിളക്കുകളെ വിശ്വസിക്കേണ്ട. മിന്നാമിനുങ്ങുകള്‍ അവയുടെ മിന്നുകയും കെടുകയും ചെയ്യുന്ന നൃത്തത്തിലൂടെ എഴുതുന്നത് നിഗൂഢമായ അക്ഷരങ്ങളാണ്. അക്ഷരങ്ങൾ ചേര്‍ന്ന് കഥകളുണ്ടാകും. എന്നെങ്കിലും നിനക്കത് വായിക്കാനാകും.

എഞ്ചിനീയറും കരാറുകാരനും ഗൂഢാലോചന തുടര്‍ന്നു. സഞ്ജയൻ ശ്രദ്ധിക്കാനേ പോയില്ല. അയാള്‍ ചിറകിനടിയിൽ വിളക്കുള്ള ഒരു പൂമ്പാറ്റയുടെ ചിത്രം വരയ്ക്കുകയായിരുന്നു. അപ്പോൾ നീലച്ചിറകുള്ള ശലഭം വീണ്ടും അയാളുടെയടുത്തേക്ക് പറന്നുവന്നു. അതു പറഞ്ഞു:

നീ കൊന്ന എന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്.

സഞ്ജയന്‍പേടിച്ചു. അയാള്‍ എഞ്ചിനീയറെയും കരാറുകാരനെയും നോക്കി. അവരുടെ തലയ്ക്കു മുകളിൽ പാറ്റയുടെ ചിറകുകളുള്ള ഒരാൺഭൂതവും പെൺഭൂതവും പരസ്പരം ചുംബിക്കുകയായിരുന്നു. ഭുതങ്ങള്‍ വൃത്തികെട്ട ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു.

jayakrishnan , novel, iemalayalam

വയസ്സായ രണ്ടു പൂമ്പാറ്റകള്‍പറന്നടുത്തു. അവരുടെ ചിറകുകള്‍ചുളിവീണവയായിരുന്നു. എന്നാൽ മേഘങ്ങള്‍ കൊണ്ടുണ്ടാക്കിയതായിരുന്നു അവ. ചിറകുകള്‍ക്കിടയിൽ ഒരു വിളക്ക് മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു. സഞ്ജയന്‍പേടിച്ച് അടുത്ത മുറിയിലേക്ക് മുടന്തി നടന്നു.

പേടിക്കേണ്ട, അച്ഛൻശലഭം പറഞ്ഞു: ഞങ്ങള്‍ക്ക് നിന്നോട് ഒരു ദേഷ്യവുമില്ല.

പേടിക്കേണ്ട, അമ്മശലഭം പറഞ്ഞു: പക്ഷേ, ഞങ്ങള്‍ക്ക് നിന്നോട് നല്ല ദേഷ്യമുണ്ട്.

ഏതാണ് വിശ്വസിക്കേണ്ടതെന്നറിയാതെ സഞ്ജയൻ കുഴങ്ങി.

നീ കണ്ടില്ലേ? ശലഭങ്ങള്‍ ഗൂഢാലോചനക്കാരെ നോക്കിക്കൊണ്ട് വന്ന കാര്യത്തിലേക്കു കടന്നു: അവർ ഭൂതങ്ങള്‍ക്ക് പാര്‍ക്കാൻ ഒരു കെട്ടിടം പണിയാനുള്ള ആലോചനയിലാണ്. കെട്ടിടത്തിലേക്ക് ഭൂതങ്ങളെ പാകിയ ഒരു വഴിയും അവരുണ്ടാക്കും. ആ വഴിയിലൂടെ നടക്കുന്നവര്‍ക്ക് ഭ്രാന്തു പിടിക്കും, കെട്ടിടത്തിൽ കയറുന്നവര്‍ മരിക്കും. അവരെ നീ തടയണം.

jayakrishnan , novel, iemalayalam

ഞാനെന്താണ് ചെയ്യേണ്ടത്? സഞ്ജയന്‍ചോദിച്ചു. ഞങ്ങളുടെ മക്കള്‍ നിന്നെ സഹായിക്കും, മരിച്ചുപോയ ശലഭങ്ങള്‍പറഞ്ഞു. നിങ്ങളുടെ മക്കളോ? സഞ്ജയന്‍ നീലശലഭത്തെ ഓര്‍ത്തു: അവര്‍ക്കെല്ലാം എന്നോട് വെറുപ്പാണ്. ചിറകുകള്‍ക്കിടയിലെ വിളക്കു തെളിച്ച് ഇടര്‍ച്ചയോടെ പറക്കുന്നതിനിടയിൽ ശലഭങ്ങള്‍പറഞ്ഞു: ഞങ്ങള്‍ക്ക് വേറെയും മക്കളുണ്ട്; വെളിച്ചംകൊണ്ട് കഥയെഴുതുന്നവർ.

വെളിച്ചംകൊണ്ട് കഥയെഴുതുന്നതെങ്ങനെയാണെന്ന് സഞ്ജയന് മനസ്സിലാ യില്ല. അച്ഛന്‍ പറഞ്ഞു തന്ന കഥകളിലെല്ലാം വെളിച്ചത്തേക്കാളധികം ഇരുട്ടായിരുന്നു. തെളിഞ്ഞ, അടിത്തട്ടു കാണാവുന്ന ഇരുട്ട്. ആലസ്യവും ഉറക്കവും കരിയിലകള്‍പോലെ അവിടെ വട്ടംകറങ്ങി. വെളിച്ചം ഇരുണ്ട ചില പൊട്ടുകള്‍മാത്രം വിതറി. അവിടെ ഒളിച്ചിരുന്ന് അയാള്‍ശലഭങ്ങളുടെ ശരീരങ്ങളിൽ വിളക്കുകള്‍ വരച്ചു ചേര്‍ത്തു.

അടുത്ത മുറിയിൽ എഞ്ചിനീയറും കരാറുകാരനും പിറുപിറുക്കുന്നത് അവസാനിച്ചിരുന്നില്ല. അപ്പോള്‍ മറ്റൊരു മുറിയിൽനിന്ന് നഗരസഭാദ്ധ്യക്ഷൻ സഞ്ജയനെ വിളിച്ചു. അദ്ധ്യക്ഷൻ പെണ്ണായി മാറാന്‍തുടങ്ങിയിരുന്നു. അയാളങ്ങനെയാണ്. അദ്ധ്യക്ഷസ്ഥാനം പെണ്ണുങ്ങള്‍ക്കായി സംവരണം ചെയ്യുന്ന സമയം വരുമ്പോള്‍ അയാള്‍ പെണ്ണായി മാറും. അങ്ങനെ അയാള്‍എന്നും അദ്ധ്യക്ഷനായി തുടര്‍ന്നു.

jayakrishnan , novel, iemalayalam

കുടിക്ക്, സഞ്ജയന് ഒരു ഗ്ലാസ്സ് വെള്ളം നീട്ടിക്കൊണ്ട് അദ്ധ്യക്ഷൻ ആജ്ഞാപിച്ചു. പിന്നെ അയാള്‍ സ്വരം താഴ്ത്തി: ഭൂമിയുടെ ഏറ്റവും അടിയിലുള്ള വെള്ളമാണിത്. ഗ്ലാസ്സിനടിയിൽനിന്ന് സ്ഫടികത്തിന്റെ നിറമുള്ള ഒരു ഭൂതം സഞ്ജയനെ നാവുനീട്ടിക്കാണിച്ചു. അയാള്‍പേടിച്ചു. പക്ഷേ, അദ്ധ്യക്ഷന്റെ പൂച്ചക്കണ്ണുകളിൽ ദേഷ്യം പുകയുന്നതുകണ്ട് ഒന്നും നോക്കാതെ അയാള്‍വെള്ളമെടുത്തു കുടിച്ചു. ലോകം അയാളുടെ കാൽക്കീഴിൽ നിന്ന് നീങ്ങിപ്പോയി. അദ്ധ്യക്ഷൻ ഉച്ചത്തിൽ ചിരിച്ചുകൊണ്ടിരുന്നു. ഒരേസമയം മൂന്ന് എരുമകളെയും ഒരു ചിലന്തിയെയും ഭോഗിക്കാനാകുമായിരുന്നു അയാൾക്കപ്പോൾ.

അദ്ധ്യക്ഷന്റെ ചിരികേട്ട് എഞ്ചിനീയറും കരാറുകാരനും വന്നു. അവര്‍മൂന്നുപേരും പരസ്പരം തലകള്‍മാറ്റി വെച്ച് ചിരിച്ചു. സഞ്ജയനു ചുറ്റും കരിയിലകള്‍വട്ടംകറങ്ങി. ചുഴലിക്കാറ്റായിരുന്നു അത്. കാറ്റടങ്ങിയപ്പോള്‍ അയാള്‍അടികാണാത്ത ഒരു കിണറിന്റെ വക്കത്തായിരുന്നു.

കണ്ണെത്താത്ത ദൂരങ്ങളിൽ വരണ്ടുകിടന്ന പാഴ്പറമ്പുകള്‍ക്കു നടുവിലായി കിണര്‍മരണം പോലെ ഒറ്റപ്പെട്ടു നിന്നു. അതിന്റെ വായ്‌വട്ടം ചിലന്തിവല കൊണ്ട് പൊതിഞ്ഞിരുന്നു. വലക്കണ്ണികളിലൊന്നിലിരുന്ന് ചിലന്തിയും പൂമ്പാറ്റയും കൂട്ടുകാരെപ്പോലെ സംസാരിച്ചു.

ഈ കിണറ്റിലെ വെള്ളമൊഴിച്ചാൽ ഭൂതങ്ങള്‍ചാകും, ചിലന്തി പറഞ്ഞു.

തീര്‍ച്ചയാണോ?, പൂമ്പാറ്റ ചോദിച്ചു.

തീര്‍ച്ച.

എങ്കിൽ ഞാന്‍വെള്ളം നിന്റെ മേലൊഴിക്കാം. പൂമ്പാറ്റ പറഞ്ഞു.

jayakrishnan , novel, iemalayalam

അതിനു സമയം കൊടുക്കാതെ എട്ടുകാലി പൂമ്പാറ്റയുടെ പുറത്ത് ചാടിവീണു. സഞ്ജയന്‍വേഗം പാളയെടുത്ത് കിണറ്റിലിട്ടു. പാള താണുതാണുപോയി. കിണറിന് അടിയില്ലായിരുന്നു. ഏറെക്കഴിഞ്ഞ് ഉള്ളിൽനിന്ന് ആരോ നിലവിളിക്കുന്ന ശബ്ദമുയര്‍ന്നു. അയാള്‍, പാള വലിച്ചുകയറ്റി. പാളയ്ക്കകത്ത് കുറച്ച് കലക്കവെള്ളമുണ്ടായിരുന്നു. അതിൽ അയാളുടെ മുഖം കൂടുതൽ കലങ്ങി പ്രതിഫലിച്ചു.

പൊള്ളുന്ന ഉച്ചച്ചൂടിൽ മയങ്ങിക്കിടന്ന ഒരേപോലുള്ള വീടുകള്‍പിന്നിട്ട് വെള്ളവുംകൊണ്ട് അയാള്‍നടന്നു. വീടുകളിൽ ആരുമില്ലായിരുന്നു. പക്ഷികളുടെ മങ്ങിയ നിഴലുകള്‍അയാള്‍ക്കു ചുറ്റും കറങ്ങിയിട്ട് അപ്രത്യക്ഷമായി.

ഓഫീസിൽ എഞ്ചിനീയറുടെയും കരാറുകാരന്റെയും മുകളിൽനിന്ന ഭൂതങ്ങള്‍ചുംബനമവസാനിപ്പിച്ച് കൂടുതൽ മാരകമായ കലാപരിപാടികളിലേക്ക് കടന്നിരുന്നു.

നിങ്ങളുണ്ടാക്കുന്ന വീട്ടിൽ എത്ര ഭൂതങ്ങളുണ്ടാവും? പാളയിലെ വെള്ളം അവരുടെ തലയിലേക്കൊഴിച്ചുകൊണ്ട് സഞ്ജയന്‍ചോദിച്ചു.

എഞ്ചിനീയറും കരാറുകാരനും ഞെട്ടിയെഴുന്നേറ്റു. തലയ്ക്കു മുകളിൽ നിന്ന ഭൂതങ്ങള്‍നനവുതട്ടിയപ്പോൾ മഞ്ഞനിറത്തിലുള്ള കൊഴുത്ത പാടയായി അവരുടെ മുഖത്ത് ഒഴുകിയിറങ്ങി.

അവന്‍ നമ്മള്‍ പറഞ്ഞതൊക്കെ ഒളിഞ്ഞുകേട്ടു, കരാറുകാരൻ പറഞ്ഞു. അവര്‍രണ്ടുപേരും കൂടി സഞ്ജയന്റെ നേര്‍ക്ക് പാഞ്ഞടുത്തു. പെട്ടെന്ന് ഇരുട്ടായി. മഴയിരമ്പുന്നതു പോലെ ഒരു ശബ്ദം അടുത്തടുത്തുവന്നു. മുറിയിൽ മിന്നാമിനുങ്ങുകള്‍നിറഞ്ഞു. മിന്നുകയും കെടുകയും ചെയ്തുകൊണ്ട് അവ എഞ്ചിനീയറെയും കരാറുകാരനെയും പൊതിഞ്ഞു. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും മാറിമാറിയുള്ള ഭ്രമണങ്ങളിൽ അവര്‍ക്ക് നിലതെറ്റി. നിലവിളിച്ചുകൊണ്ട് അവര്‍പരസ്പരം മാന്തിപ്പറിച്ചു. ബഹളം കേട്ട് ഓടിവന്ന നഗരസഭാദ്ധ്യക്ഷനും ഇരുളും വെളിച്ചവും ഇഴചേര്‍ത്ത കുരുക്കിലകപ്പെട്ടു. അപ്പോൾ ഒരു മിന്നാമിനുങ്ങ് താണുപറന്ന് അദ്ധ്യക്ഷന്റെ ഏറ്റവും പ്രധാനപ്പെട്ട വേണ്ടാത്തിടത്ത് കടിച്ചു. അയാള്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. പുറകെ മറ്റു രണ്ടുപേരും. പെണ്ണിന്റെ ആകൃതിയും താങ്ങിപ്പിടിച്ചോടാന്‍അദ്ധ്യക്ഷൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

മുറിയിൽ സഞ്ജയനും മിന്നാമിനുങ്ങുകളും മാത്രമായി. ചിരിച്ചുചിരിച്ച് വശംകെട്ടപ്പോള്‍ സഞ്ജയന്റെ മനസ്സിലേക്ക് മേഘങ്ങള്‍ താഴ്ന്നുവന്നു. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ കരഞ്ഞു. പുൽത്തുമ്പുകളിൽ പെയ്യുന്ന മഴപോലെ, നിശ്ശബ്ദമായി. സങ്കടപ്പെടുമ്പോൾ എപ്പോഴുമുണ്ടാകുന്ന തലതിരിഞ്ഞ രണ്ടുതരം ലൈംഗികോദ്ധാരണവും ആമവാതവും അയാളെ കീഴടക്കിക്കഴിഞ്ഞിരുന്നു.

മിന്നാമിനുങ്ങുകളുടെ നൃത്തംചെയ്യുന്ന അക്ഷരങ്ങള്‍ അയാളുടെ കണ്ണീരില്‍ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും കഥകള്‍ എഴുതിച്ചേര്‍ത്തു.

** മരിച്ചുപോയതറിയാതെ, ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നു കരുതുന്നവർക്ക് കഥകൾ വേണം.
……………………………………………………….

It was night. We were huddled under the great oak of tears .

  • Rene Char – Selected Poems.

** And woman who think they’re alive
and don’t know that they’re dead,
ask for stories every night.
Gabriela Mistral – Mad Woman

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal chapter 5

Best of Express