കഥകൾ, ചിത്രങ്ങൾ- ചിറകുള്ള പുസ്തകങ്ങളുടേത്

പുസ്തകക്കച്ചവടക്കാരൻ കാമുകിമാർക്ക് രഹസ്യസന്ദേശങ്ങളയക്കുകയായിരു ന്നു. സുന്ദരനായിരുന്നു അയാൾ. അയാളുടെ തോളിൽ ചിറകുകൾ പോലെ രണ്ട് ഭൂതങ്ങൾ നിന്നു. അവ നല്ല ഭൂതങ്ങളാണെന്ന് സഞ്ജയന് മനസ്സിലായി. രഹസ്യസന്ദേശം അവസാനിപ്പിച്ച് അയാൾ, സഞ്ജയനെ തറപ്പിച്ചുനോക്കി. സഞ്ജയൻ വിരണ്ടു. അല്ലെങ്കിലും പേടിക്കാൻ അയാൾക്ക് വലിയ കാരണമൊന്നും വേണ്ട. പുസ്തകക്കച്ചവടക്കാരന്റെ പുറകിൽ സഞ്ജയൻ വരച്ച രണ്ടു ചിത്രങ്ങളുണ്ടായിരുന്നു. അവയിൽ നിന്ന് മഞ്ഞനിറമുള്ള നാല് പക്ഷികൾ പുറത്തേക്ക് പറന്നു.
നീ അയാൾക്ക് പതിനായിരം രൂപ കൊടുക്കാനുണ്ട്, പക്ഷികൾ സഞ്ജയന്റെ ചെവിയിൽ പറഞ്ഞിട്ട് പറന്നുപോയി. സഞ്ജയൻ ഉമിനീരിറക്കി. പുസ്തകം വാങ്ങിയ ഇനത്തിൽ കടംവന്ന തുകയായിരുന്നു അത്. ഒരു പുസ്തകം പോലും അയാൾ വായിച്ചില്ല. രാത്രി, കണ്ണുകൾ വേദനിക്കുവോളം ഏടുകൾ മറിച്ചുനോക്കി അവയിൽനിന്ന് അയാൾ തന്റേതായ കഥകളുണ്ടാക്കി.

ഒരിക്കൽ ആ കഥകൾ അയാൾക്ക് പറയേണ്ടിവരും.
നീയെപ്പോഴാണ് കടം വീട്ടുക? പുസ്തകക്കച്ചവടക്കാരൻ ചോദിച്ചു. രാത്രി കഴിയട്ടെ സഞ്ജയൻ പറഞ്ഞു. രാത്രി കഴിയില്ലെന്ന് അയാളാശിച്ചു. കച്ചവടക്കാരൻ ചിരിച്ചുകൊണ്ട് എന്തോ പറയാൻ തുടങ്ങി. അപ്പോൾ സഞ്ജയന് കാണാനാവാത്ത ഒരു സുന്ദരി വ്യാപാരിയെ വിളിച്ചു.

കടയ്ക്കുള്ളിൽ, നിഗൂഢമായ പുസ്തകങ്ങൾ വച്ചിടത്തുനിന്ന് അയാൾ പെ ൺകുട്ടിയോട് സംസാരിക്കുന്നതും ചിരിക്കുന്നതും സഞ്ജയൻ കേട്ടു . ചുറ്റും പുസ്തകങ്ങളായിരുന്നു. മുന്നിലെ പുസ്തകത്തട്ടിൽ ഒരു പുസ്തകം തനിച്ചുനിന്നു. മരണത്തിന്റെ പുസ്തകമായിരുന്നു അത്. സഞ്ജയനെ പ്രലോഭിപ്പിച്ചുകൊണ്ട് കറുത്ത ചിത്രങ്ങൾ നിറഞ്ഞ ഏടുകൾ അത് സ്വയം മറിച്ചുകാണിച്ചു. ഒരു കള്ളനായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ, അയാൾ വിചാരിച്ചു: രാത്രി. എല്ലാവരും കണ്ണടച്ചുറങ്ങുമ്പോൾ ഞാൻ അകത്തുകടക്കും. എടുക്കാവുന്നത്ര യും പുസ്തകങ്ങളുമായി വീട്ടിലേക്കുപോകും. ആരെങ്കിലും സംശയിച്ചാൽ ഞാൻ ഭാണ്ഡമഴിച്ചു കാണിക്കും. വെളുത്ത പൂക്കളായിരിക്കും അതുനിറയെ. കടലാസ് പോലെ വെളുത്ത പൂക്കൾ. രാത്രി. പുസ്തകക്കടയ്ക്കകത്ത് ഇരുട്ടായി രിക്കുമെന്ന് അയാൾക്കോർമ്മ വന്നു. വിളക്കുകളെ വിശ്വസിച്ചുകൂടാ. അച്ഛൻ പറഞ്ഞ കഥകളിൽ നിന്ന് അയാൾക്കതറിയാം: ഞാൻ മിന്നാമിനുങ്ങുകളെ സഹായത്തിനു വിളിക്കേണ്ടിവരും.

പുസ്തകം മോഷ്ടിക്കാൻ ഞാൻ സഹായിക്കാം. ചിത്രത്തിൽ നിന്ന് പറന്നുപോയ മഞ്ഞപ്പക്ഷികളിലൊന്ന് സഞ്ജയനോട് പറഞ്ഞു. സഞ്ജയൻ പുസ്തകക്കച്ചവട ക്കാരനെ നോക്കി. അയാളപ്പോഴും അശരീരിയുമായി സംസാരിക്കുകയായി രുന്നു. എത്രയോ പുസ്തകങ്ങൾ അയാൾ തനിക്ക് വെറുതെ തന്നിട്ടുണ്ടെന്ന് സഞ്ജയനോർത്തു. എന്തൊക്കെയായാലും മോഷ്ടിക്കേണ്ട, സഞ്ജയൻ പക്ഷിയോട് പറഞ്ഞു. പക്ഷി അയാളെ വലം വെച്ചു പറന്നിട്ട് വീണ്ടും ചിത്രത്തിലേക്ക് മടങ്ങി.
പുസ്തകക്കച്ചവടക്കാരൻ സംഭാഷണം കഴിഞ്ഞ് തിരിച്ചു വന്നു. ചിരിച്ചുകൊണ്ടാണ് വന്നത്. അയാളുടെ തോളിലിരുന്ന് ഭൂതങ്ങളും ചിരിച്ചു. സാരമില്ല, അയാൾ, സഞ്ജയന്റെ പുറത്തു തട്ടി: നീ കടം പതുക്കെ തീർത്താൽ മതി. ഇപ്പോൾ ഈ പുസ്തകം കൂടി നിനക്കെടുക്കാം. അയാൾ മരണത്തിന്റെ പുസ്തകം സഞ്ജയന്റെ നേർക്കു നീട്ടി. സഞ്ജയൻ അതുവാങ്ങി താളുകൾ മറിച്ചു. ചിത്രങ്ങൾക്ക് പകരം കറുത്ത ഭൂതങ്ങളായിരുന്നു അതു നിറയെ. പേടിച്ച് അയാൾ പുസ്തകമടച്ചു. അത് വീട്ടിലേക്കു കൊണ്ടുപോകാൻ അയാൾക്ക് ധൈര്യം വന്നില്ല. രാത്രിയാകുന്നതുവരെ അയാളതുമായി തുമ്പികൾ പറക്കുന്ന ഇടവഴികളിലൂടെ നടന്നു. പിന്നെ കടത്തുകാരൻ ഇക്ബാലിന്റെയടുത്തേക്കു പോയി. പതിമ്മൂന്ന് കരിയിലപ്പക്ഷികൾ അയാളെ പിന്തുടർന്നു. ശബ്ദമുണ്ടാക്കരുത്, പതിമ്മൂന്നു ഭാഷകളിൽ അവ അയാളോടു പറഞ്ഞു: * നാടകത്തിൽ എപ്പോഴും മിണ്ടാതിരിക്കുന്നവരുടെ ഭാഗം അഭിനയിക്കുന്നത് കാണികളാണ്.
ശബ്ദമുണ്ടാക്കാതെ അയാൾ തോണിക്കകത്തെ ഒരു പലകയ്ക്കടിയിൽ പുസ്തകമൊളിപ്പിച്ചു. നദിക്കക്കരെയെത്തിയാൽ പുസ്തകത്തിൽ നിന്ന് ഭൂതങ്ങൾ അപ്രത്യക്ഷരാവും – അയാൾ വിചാരിച്ചു. അപ്പോൾ നഗരസഭാധ്യക്ഷന്റെ പൂച്ചക്കണ്ണുകളുടെ തിളക്കം ഇരുട്ടിലൂടെ ഓടിവരുന്നതു അയാൾ കണ്ടു. അദ്ധ്യക്ഷന് അപ്പോൾ ഒരേസമയം ആറ് പെണ്ണാടുകളെയും ഒരു തേളിനെയും രണ്ട് മനുഷ്യരെയും ഭോഗിക്കാനുള്ള ഊറ്റമുണ്ടെന്ന് സഞ്ജയന് മനസ്സിലായി.
സഞ്ജയയൻ തോണിക്കു പിന്നിൽ മറഞ്ഞുനിന്നു. അധ്യക്ഷൻ തോണിക്കകത്തേക്ക് ചാടിക്കയറി. തുടർന്ന് തോണിക്കകത്തുനിന്ന് ആക്രോശങ്ങളും ആരോ മറിഞ്ഞു വീഴുന്ന ഒച്ചയും കേട്ടു. പേടിയോടെ സഞ്ജയൻ എത്തിനോക്കി. അധ്യക്ഷനും മരണത്തിന്റെ പുസ്തകവും തമ്മിൽ മൽപ്പിടുത്തം നടക്കുകയായിരുന്നു. പുസ്തകം അധ്യക്ഷന്റെ തലയ്ക്കടിച്ചു. അയാളതിനെ കടന്നുപിടിച്ച് വലിച്ചുകീറാൻ നോക്കി. പുസ്തകത്തിലെ ഭൂതങ്ങളും അധ്യക്ഷന്റെയൊപ്പം പൊരുതി. പക്ഷേ അത് തന്റെ എണ്ണമറ്റ താളുകൾ കൊണ്ട് എല്ലാവരെയും അടിച്ചോടിച്ചു. ഒച്ചകളടങ്ങുന്നതുവരെ സഞ്ജയൻ കാത്തുകിടന്നു. അയാൾക്ക് പുസ്തകത്തിനെ നോക്കാൻ ധൈര്യം വന്നില്ല. പിന്നെ അയാൾ ഇക്ബാലിനെ വിളിച്ചു. ആരും വിളി കേട്ടില്ല. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. പുഴയിലെ മണൽക്കാറ്റ് അയാളുടെ ശബ്ദവുംകൊണ്ട് നിശ്ശബ്ദം ഒഴുകിയകന്നു.


ഒരുപക്ഷേ, ഏറ്റവും അപകടകാരികൾ പുസ്തകങ്ങളാണ്. അവയുടെ ഓരോ താളിലും ഭൂതങ്ങളുണ്ടാകും. പുസ്തകങ്ങൾ വായിച്ചുകൊള്ളുക. പക്ഷേ, അവയിലെഴുതിയതൊന്നും വിശ്വസിക്കരുത്. അവ വായിച്ചാൽ,** ശവക്കുഴിവെട്ടുന്നവന് മഴക്കാലത്തെ മണ്ണുപോലെജീവിതം കുറേക്കൂടി എളുപ്പമായെന്നു തോന്നിയേക്കും. പക്ഷേ നമ്മൾ വായിക്കുന്നത് ശരിക്കും പുസ്തകങ്ങളിലെഴുതിയതാണോ അതോ ഭൂതങ്ങൾ കാണിച്ചു തരുന്നതാണോ യെന്ന് ആർക്കറിയാം? എന്തൊരു കഷ്ടം! എന്നിട്ടും എന്നും ഞാൻ, നിനക്ക് തരുന്നത് പുസ്തകങ്ങളാണ്. പുസ്തകങ്ങൾ വായിച്ചുകൊള്ളൂ, പക്ഷേ അവയിലെഴുതിയതൊന്നും വിശ്വസിക്കരുത്, ഒരിക്കലും.
പണ്ട് അങ്ങനെയല്ലായിരുന്നു. പുസ്തകങ്ങളായിരുന്നു നമ്മുടെ നല്ല ചങ്ങാതിമാർ. നമ്മളൊരു പുസ്തകം തുറക്കുന്നു. പിന്നെ കുറച്ചുനേരം കണ്ണടച്ചിരിക്കുന്നു. കണ്ണു തുറക്കുമ്പോൾ നമുക്കു ചുറ്റും കഥകളായിരിക്കും. അവയിലെ പൂമ്പാറ്റകളെ, ചുഴലിക്കാറ്റിനെ, സൂര്യനെപ്പോലും നമുക്ക് കൈനീട്ടിത്തൊടാൻ പറ്റും. കറുത്തകൈകളുള്ള ഒരാൾ അങ്ങനെ തൊട്ടപ്പോഴാണ് സൂര്യൻ കറുത്തുപോയത്, ഗ്രഹണമുണ്ടായത്.
ആ കഥ ഞാൻ നിനക്ക് പിന്നീടൊരിക്കൽ പറഞ്ഞുതരാം.
പുസ്തകം നോക്കിനോക്കി നിന്റെ കണ്ണുകൾ വേദനിക്കുന്നുണ്ടോ? കണ്ണടച്ചുകൊള്ളൂ. കഥ കേൾക്കാൻ, കഥ പറയാൻ കണ്ണുകളുടെ ആവശ്യമില്ല. എല്ലാ നല്ല കഥപറച്ചിലുകാരും കണ്ണില്ലാത്തവരായിരുന്നു.

ഒരിക്കൽ ഒരാൾ യാത്രപോയി. അയാളുടെ കൈയിൽ ഒരു ഭാണ്ഡമുണ്ടായിരുന്നു. വെളുത്ത പൂക്കളായിരിക്കണം അതുനിറയെ. നടന്നുനടന്ന് ആരും കാണാത്ത ഒരിടത്ത് അയാൾ ചെന്നുപെട്ടു. നേരം വൈകി. കൂടണയാൻ പറക്കുന്ന കറുത്ത പക്ഷികളോടൊപ്പം സന്ധ്യ വന്നു. അന്തിവെളിച്ചത്തിൽ അയാളുടെ നിഴൽ നീണ്ടുനീണ്ടുപോയി. നിഴൽ ചെന്നുതൊടുന്നിടത്ത് അനേകം ചിറകുള്ള ഒരു ജീവി കിടന്നു. എന്റെ ചിറകുകൾ ഓരോന്നായി തുറക്കൂ, അത് പറഞ്ഞു.
അയാളങ്ങനെ ചെയ്തു. ഓരോ ചിറകിലും പതിമ്മൂന്ന് ചിത്രങ്ങൾ വീതമുണ്ടായിരുന്നു. പെട്ടെന്ന് ജീവി അയാളെയുംകൊണ്ട് പറന്നുയർന്നു. വെളുത്ത പൂക്കൾ നിറച്ച അയാളുടെ ഭാണ്ഡം താഴെയായി. അയാൾ പിന്നെയും ഉയർന്നു. തുടക്കത്തിൽ അയാളുടെ ഒപ്പം പറന്ന കറുത്തപക്ഷികളും മിന്നാമിനുങ്ങുകളും കാറ്റും താഴെയായി. ഉയരെ ഇനിയും ഉയരെ. മേഘങ്ങൾക്കും സൂര്യനും നക്ഷത്രങ്ങൾക്കും മീതെ. ദൈവമേ, ആയിരം ചിറകുകൾക്കിടയിൽ അള്ളിപ്പിടിച്ചുകിടന്നുകൊണ്ട് അയാൾ പേടിച്ചു: ഇതെന്തൊരു ജീവിയാണ്! മിഴാവൊച്ചപോലെ ചിറകടി താളത്തിൽ മുഴങ്ങി. അയാൾക്കു തണുത്തു. അപ്പോൾ ഒരു വാൽനക്ഷത്രം വന്നെത്തി. അതിന്റെ വാലിലെ തീ കാഞ്ഞുകൊണ്ട് അയാൾ കിടന്നു. -നിന്റെ കൈയിൽ നിറയെ വെളുത്ത പൂക്കളാണ്, വാൽനക്ഷത്രം പറഞ്ഞു. അതിന് താൻ പണ്ട് സ്നേഹിച്ച പെൺകുട്ടിയുടെ മുഖമാണെന്ന് അയാൾ കണ്ടു.
വാൽനക്ഷത്രങ്ങളുടെ കഥ ഞാൻ നിനക്ക് പിന്നീടൊരിക്കൽ പറഞ്ഞുതരാം. ഇപ്പോൾ ഇത്രമാത്രം- മരിച്ചുപോയ സ്നേഹമാണ് വാൽനക്ഷത്രങ്ങളാകുന്നത്. അവയെ പേടിക്കുകയേ വേണ്ട.
അങ്ങനെ നക്ഷത്രവാലിലെ തീകാഞ്ഞ് ചിറകൊച്ച കേട്ട് അയാൾ കിടന്നു. അയാളുറങ്ങി. എപ്പോഴോ അനേകം സ്വരങ്ങൾ ഒരുമിച്ചു പാടുന്നതുകേട്ട് അയാളുണർന്നു. നിഴലിന്റെ വീടിനകത്തായിരുന്നു അയാൾ. അടുത്ത് അയാളെയുംകൊണ്ട് പറന്നുയർന്ന ജീവി കിടന്നു. അതിന്റെ ചിറകുകൾക്കിടയിൽനിന്നാണ് സംഗീതം പുറപ്പെട്ടത്.

ആദ്യത്തെ ചിറകു തുഠക്കൂ, ജീവി പറഞ്ഞു. അയാൾക്ക് പേടിയായി. നേരത്തെ ചിറകു തുറന്നപ്പോഴുണ്ടായ അനുഭവം അയാൾക്കോർമ്മയുണ്ട്. പേടിക്കേണ്ട, സ്വരം വീണ്ടും പറഞ്ഞു. അയാൾ ചിറക് തുറന്നു. അതിലെ പതിമ്മൂന്ന് ചിത്രങ്ങൾക്കിടയിൽനിന്ന് വാൽനക്ഷത്രത്തിന്റെ മുഖമുള്ള ഒരു പക്ഷി പുറത്തേക്കു പറന്നു അതയാൾക്ക് പതിമ്മൂന്ന് കഥകൾ പറഞ്ഞുകൊടുത്തു. പിന്നെ അയാൾ രണ്ടാമത്തെ ചിറകു തുറന്നു. അതിനുള്ളിലും ഒരു പക്ഷിയുണ്ടായിരുന്നു. അങ്ങനെ അനേകം ചിറകുകൾ, അനേകം ചിത്രങ്ങൾ, നക്ഷത്രപ്പക്ഷികൾ, കഥകൾ…
ആ കഥകൾ ഞാൻ നിനക്ക് പിന്നീടൊരിക്കൽ പറഞ്ഞുതരാം.
പുസ്തകമായിരുന്നു ചിറകുകളിൽ അയാളെയും കൊണ്ട് പറന്നുയർന്ന ആ ജീവി. അതാകട്ടെ എവിടെയോ നഷ്ടപ്പെട്ടും പോയി. എന്നിട്ടും കഥകൾ കുറെയൊക്കെ നിലനിന്നു. പിന്നീടെപ്പോഴോ കഥകൾ വിൽക്കാനാകുമെന്ന് ആരോ കണ്ടുപിടിച്ചു. അങ്ങനെ പുതിയ പുസ്തകങ്ങളുണ്ടായി അവയിലെ കഥകളിൽ ദുഃഖവും ഭൂതങ്ങളും നിറഞ്ഞു. ഞാൻ വായിച്ച പുസ്തകങ്ങളിലൊക്കെ അങ്ങനെയുള്ള കഥകളായിരുന്നു. അവയൊക്കെ വിശ്വസിച്ച് എന്റെ ജീവിതവും ദുരിതങ്ങൾ നിറഞ്ഞതായി. എന്നിട്ടും, എന്തൊരു കഷ്ടം! ഞാൻ നിനക്ക് തരുന്നത് പുസ്തകങ്ങളാണ്. അവയെ വിശ്വസിക്കുകയേ വേണ്ട. മരണം പോലെ ഒറ്റപ്പെട്ട ഒരു പുസ്തകമാണ് നമ്മുടെയൊക്കെ ജീവിതം. പക്ഷേ ആർക്കറിയാം, താളുകൾ കീറിപ്പോയെങ്കിലും ഒരു ദിവസം അത് നമ്മളെയും കൊണ്ട് പറന്നുയരാതിരിക്കില്ല.
………………………………………………………………….
- The non – speaking roles in this play or drama
are among the audience. - Pierre Reverdy – Prose Poems
- * Like winter-earth to a gravedigger
- Vladimir Holan – Selected Poems