scorecardresearch
Latest News

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ – അധ്യായം മൂന്ന്

“ഭൂമിയിൽ അധികംപേരും മനുഷ്യരല്ല മനുഷ്യരുടെ നിഴലുകളാണ്.” ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ മൂന്നാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

കഥകൾ, ചിത്രങ്ങൾ- ജലം നിറഞ്ഞ കണ്ണാടികളുടേത്

jayakrishnan , novel, iemalayalam

ഈ ചിത്രം കണ്ടില്ലേ? ഒരാള്‍ കണ്ണാടി നോക്കുന്നു. പക്ഷേ അയാള്‍ തന്റെ മുഖമല്ല കാണുന്നത്, ഒരു ഭൂതം ജലമൂറ്റിക്കുടിക്കുന്നതാണ്. കണ്ണാടി നോക്കുന്നയാള്‍ ദാഹിച്ചു വലയുകയാണെന്നു തീര്‍ച്ച. അതാണ് പറയുന്നത്- കണ്ണാടികളെ ഒരിക്കലും വിശ്വസിക്കരുത്. എങ്കിലും അയാള്‍ക്കരികിൽ രണ്ടു മുഖമുള്ള ഒരു ദൈവമുണ്ട്. അതയാളെ കണ്ണാടിയിലെ ഭൂതത്തിൽനിന്ന് രക്ഷിക്കും. പക്ഷേ നല്ല ദൈവങ്ങള്‍ക്ക് ആയുസ്സു കുറവാണ്. കണ്ണാടി നോക്കാതിരിക്കുന്നതാണ് നല്ലത്.

jayakrishnan , novel, iemalayalam

കണ്ണാടി അയാളെ അപകടപ്പെടുത്താൻ നോക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? ഭുമിയിൽ കണ്ണാടികളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊരിക്കൽ ഒരു മനുഷ്യന് വല്ലാതെ ദാഹിച്ചു. അയാള്‍ നദിക്കരയിലേക്കു ചെന്നു. കാറ്റില്ലായിരുന്നു. ചുളിവുകളില്ലാതെ കിടന്ന ജലത്തിൽ അയാള്‍ തന്നെപ്പോലുള്ള ഒരുവനെ കണ്ടു. അയാള്‍വെള്ളം കോരാൻ കൈനീട്ടി. ജലമനുഷ്യനും കൈനീട്ടി. അയാള്‍ അത്ഭുതപ്പെട്ടു. മറ്റേയാളും അത്ഭുതപ്പെട്ടു. പണ്ട് ആളുകള്‍ക്ക് കാരണമൊന്നുമില്ലാതെ സങ്കടം വരുമായിരുന്നു. അയാള്‍ കരഞ്ഞു. മറ്റേയാളും കരഞ്ഞു. എന്തു നല്ല കൂട്ടുകാരൻ! അത്രയും നാള്‍ അയാൾ ഒറ്റയ്ക്കായിരുന്നു. ഒറ്റയ്ക്കാവുക മരണമാണ്. അപ്പോഴിതാ കൂടെ കരയുന്ന ഒരാൾ, അവനെ ഒപ്പംകൂട്ടിയേ തീരൂ. പക്ഷേ വെള്ളത്തിൽ തൊട്ട നിമിഷം ഓളങ്ങളുണ്ടാക്കിയ വൃത്തങ്ങളിൽ ജലമനുഷ്യന്‍കഷ്ണം കഷ്ണമായി ചിതറി അപ്രത്യക്ഷനായി.

നദിയെ, മഴയെ, ജലത്തെ വിശ്വസിക്കാം. പക്ഷേ ജലത്തിലുണ്ടാകുന്ന വൃത്തങ്ങളെ ഒരിക്കലും വിശ്വസിക്കരുത്. ആ കഥ പിന്നീടൊരിക്കൽ ഞാന്‍നിനക്ക് പറഞ്ഞു തരാം.

jayakrishnan , novel, iemalayalam

ഏതായാലും അയാൾ വീണ്ടും കരയാൻ തുടങ്ങി. അയാളുടെ കണ്ണീര്‍വെള്ളംമുക്കാന്‍കൊണ്ടുപോയ പാത്രത്തിൽ വീണു. കണ്ണീര്‍ ഉറഞ്ഞു കട്ടിയായി.

അതായിരുന്നു ആദ്യത്തെ കണ്ണാടി.

*കണ്ണാടിയുടെ വഞ്ചന നിറഞ്ഞ ഒഴിവിടത്തിൽ നിന്ന് ഒരു മുഖം ഉയർന്നുവന്നു. അയാളെപ്പോലെതന്നെയുള്ള കൂട്ടുകാരന്റെ മുഖമായിരുന്നു അത്. അയാളവനെ കൂട്ടിക്കൊണ്ടുപോയി. പകലും രാത്രിയും അവര്‍ കഥകൾ പറഞ്ഞു.

ആ കഥകൾ എപ്പോഴെങ്കിലും ഞാൻ പറഞ്ഞു തരാം.

ഒടുവിൽ മനുഷ്യൻ ഉറങ്ങിപ്പോയി. ആ തക്കത്തിന് കണ്ണാടി മനുഷ്യന്‍ അയാളെ കൊന്നു. എന്നിട്ട് അയാളുടെ വസ്ത്രങ്ങള്‍ ധരിച്ച് അവൻ ഇറങ്ങിപ്പോയി. അവനെങ്ങോട്ടാണു പോയതെന്നോ? ആര്‍ക്കറിയാം? പക്ഷേ മകനേ, നീ ഒന്നോര്‍ക്കണം. ഭൂമിയിൽ അധികംപേരും മനുഷ്യരല്ല മനുഷ്യരുടെ നിഴലുകളാണ്. അവരെ വിശ്വസിക്കാന്‍പറ്റില്ല. അല്ലെങ്കിൽ എനിക്കെന്തറിയാം? കണ്ണാടികളും അവയിലെ പ്രതിബിംബങ്ങളും നല്ലവരായിരിക്കാം, ഒരുപക്ഷേ. ജീവിതത്തിലെ നിഴലുകളിൽ തടഞ്ഞുവീണതിനാൽ ഞാനത് കാണാതെ പോയതാവാം.

ചിലപ്പോള്‍ നാളെ ഇങ്ങനെ തുടങ്ങുന്ന ഒരു കഥ നീയെനിക്ക് പറഞ്ഞുതരും: കണ്ണാടിയിലെ നിഴലുകള്‍ നല്ല കൂട്ടുകാരാണ്.

കാരണം **കണ്ണാടിക്ക് ദൈവത്തേക്കാൾ നന്നായി ഒരുവന്റെ ജീവിതം മനസ്സിലാക്കാനാവും.

നീയെന്തിനാണ് എപ്പോഴും കണ്ണാടിയിൽനോക്കി സംസാരിക്കുന്നത്? മേഘ കുട്ടിയോട് ചോദിക്കുന്നത് സഞ്ജയന്‍കേട്ടു. സന്ധ്യയായിരുന്നു. മങ്ങിയ വെളിച്ചത്തിൽ മേഘയുടെ വീട് ഒറ്റപ്പെട്ടുനിന്നു. മരണം പോലെ ഒറ്റപ്പെട്ട വീട്. കുറച്ചകലെ പൊതുശ്മശാനത്തിൽ ഉറക്കംതൂങ്ങിനിന്ന ഭൂതങ്ങള്‍ പോലും മരിച്ചവരായിരുന്നു. കുട്ടി ഒന്നും പറഞ്ഞില്ല. നീലവെളിച്ചമുള്ള ഒരു മിന്നാമിനുങ്ങ് അവനെ ചുറ്റിപ്പറന്നു. നിശ്ശബ്ദതയിൽ അവന്റെ രണ്ടാമത്തെ മുഖം തെളിഞ്ഞുവരുന്നതായി സഞ്ജയന് തോന്നി.

jayakrishnan , novel, iemalayalam

നഗരസഭാദ്ധ്യക്ഷൻ പറഞ്ഞതനുസരിച്ച്, അഞ്ചുമണി കഴിഞ്ഞിട്ടും സഞ്ജയന്‍ഓഫീസിൽ തന്നെയിരുന്നു. ഭൂമിക്കടിയിലെ വെള്ളം മുഴുവനും ഊറ്റിയെടുക്കാനുള്ള സര്‍ക്കാരുത്തരവ് കൊണ്ടുവരാന്‍ വനിതാ കൗൺസിലറുടെ കൂടെ പോയതായിരുന്നു അദ്ധ്യക്ഷൻ. സന്ധ്യയാകാറായിട്ടും അയാള്‍തിരിച്ചെത്തിയില്ല. കാത്തിരുന്നു മടുത്തപ്പോൾ ഒരു കടലാസ്സെടുത്ത് നാവുനീട്ടിക്കാണിക്കുന്ന ഒരുവന്റെ ചിത്രം വരച്ച് മേശപ്പുറത്തുവെച്ചിട്ട് അയാള്‍ഓഫീസ് പൂട്ടി പുറത്തിറങ്ങി. കSലാസ്സിൽ പണിയെടുക്കുന്ന സകലമാനവൃത്തികെട്ടവന്മാരെയും അയാൾ വെറുത്തു.*** ചിതലുകളാണ് ഭേദം, കടലാസ്സിനോടൊപ്പം എഴുതിയതും അവ തിന്നുതീർത്തോളും.

മലകള്‍ക്കിടയിലെ നിരത്തിലൂടെ അറ്റമില്ലാത്ത ഒരു ജാഥ പ്രവഹിക്കുന്നുണ്ടായിരുന്നു. ജാഥയ്ക്കു മുമ്പിൽ സര്‍ക്കാരുത്തരവ് ചുരുട്ടി കുഴലുപോലാക്കി ജലമൂറ്റുന്നതഭിനയിച്ചുകൊണ്ട് അദ്ധ്യക്ഷൻ നടന്നു. അയാൾ കൂടുതൽ തടിച്ചിരുന്നു. ഒരേസമയം അഞ്ചു പെണ്ണുങ്ങളെയും ഒരു ശീമപ്പശുവിനെയും ഭോഗിക്കാൻ കഴിയുമായിരുന്നു അയാൾക്ക്. അയാളുടെ മുകളിലായി ചളിപിടിച്ച ചിറകുകളുള്ള ഒരു ഭൂതം പറക്കുന്നത് സഞ്ജയന്‍ കണ്ടു. ഭൂതത്തിന്റെ നീണ്ട പല്ലുകളും ചിരിയും വനിതാകൗൺസിലറുടേതായിരുന്നു. മഴപെയ്യാന്‍തുടങ്ങി. വഴിയോരത്തൂടെ അരിമണികള്‍പേറിക്കൊണ്ട് ഉറുമ്പുകളുടെ ഒരു ജാഥയും നീങ്ങുന്നുണ്ടായിരുന്നു. മഴ കനത്തു. രണ്ടു ജാഥകളും കൂട്ടിമുട്ടി.

jayakrishnan , novel, iemalayalam

ഉറുമ്പുകടിയേറ്റ് അധ്യക്ഷനും കൂട്ടാളികളും പരക്കം പാഞ്ഞു. അപ്പോൾ ഏറ്റവും പുറകിൽ നടന്നിരുന്ന മൂന്ന് ഭൂതങ്ങള്‍ ഉറുമ്പുകളെ തിന്നാൻ തുടങ്ങി. അവ മുടന്തിക്കൊണ്ടാണ് നടന്നത്. സഞ്ജയന് ഭൂതങ്ങളുടെ ഒറ്റക്കാലുകള്‍കാണാൻ കഴിഞ്ഞില്ല. തന്റെ മുടന്ത് അനുകരിച്ച് അവ തന്നെ പരിഹസിക്കുകയാണെന്നു കരുതി അയാളവയെ കല്ലെടുത്തെറിഞ്ഞു. ഭൂതങ്ങള്‍ ഓടിവന്ന് അയാളെ അടിച്ചുവീഴ്ത്തി.

ബോധം വന്നപ്പോളും ജാഥ അവസാനിച്ചിരുന്നില്ല. സഞ്ജയന് രണ്ടുതരം തലവേദനയും എട്ടുവിധത്തിലുള്ള വൃഷണവീക്കവും അനുഭവപ്പെട്ടു. വീട്ടിലേക്കുള്ള ബസ്സ് കിട്ടുകയില്ലെന്നറിഞ്ഞ് അയാള്‍ മഴവെള്ളവും കരിയിലകളും ചിത്രപ്പണിചെയ്ത ഇടവഴികളിലൂടെ നടന്നു. അയാള്‍ക്ക് വഴിതെറ്റി. ഇടവഴികളെ ഒട്ടും പേടിക്കേണ്ടതില്ലെന്ന് അച്ഛന്‍, കഥകളിലൂടെ മനസ്സിലാക്കിത്തന്നത് അയാളോര്‍ത്തു. പക്ഷേ, അപ്പോള്‍ അയാള്‍ക്കാ കഥ ഓര്‍മ വന്നില്ല. പിന്നീട് അയാളത് തീര്‍ച്ചയായും ഓര്‍ക്കും.

jayakrishnan , novel, iemalayalam

തെറ്റിയ വഴികൾ അയാളെ മേഘയുടെ വീട്ടിലെത്തിച്ചു. പൊതുശ്മശാനത്തിനടത്തായിരുന്നു ആ വീട്. അവളുടെ അച്ഛന്‍ സഞ്ജയന്റെ സുഹൃത്തായിരുന്നു. പുറംനാടുകളിലായിരുന്നപ്പോള്‍ സംഗീതത്തിൽ ഭ്രമം കയറി അയാള്‍ നല്ലൊരു ജോലിയുണ്ടായിരുന്നതുപോലും കളഞ്ഞു. ഏറെക്കാലത്തിനുശേഷം തന്റെ പുരാതനമായ വീട്ടിൽ തിരിച്ചെത്തിയ അയാള്‍ക്ക് ആകെയുണ്ടായിരുന്ന സമ്പാദ്യം പഴക്കംകൊണ്ട് ഒച്ചയടച്ച ഒരു സംഗീതോപകരണവും മരിച്ച ഭാര്യയും മേഘയുമായിരുന്നു. വൈകുന്നേരങ്ങളിൽ സഞ്ജയന്റെ കൂടെ മദ്യപിക്കുമ്പോള്‍ അയാള്‍ തുരുമ്പു ചുവയ്ക്കുന്ന സ്വരത്തിൽ മഴപ്പാട്ടുകൾ പാടുകയും ഭാര്യയെ ഓര്‍ത്ത് കരയുകയും ചെയ്തു. മേഘയുടെ കുട്ടി സഞ്ജയനെ ഭയപ്പെടുത്തി. രണ്ടു മുഖങ്ങളുണ്ടായിരുന്നു അവന്. മറ്റേ മുഖം സഞ്ജയനു മാത്രമേ കാണാന്‍കഴിഞ്ഞിരുന്നുള്ളൂ. അവന്റെ അച്ഛനാരാണെന്ന് അയാള്‍ക്കറിയില്ലായിരുന്നു. ചോദിച്ചപ്പോഴൊക്കെ മേഘ കേട്ടില്ലെന്നു നടിക്കുന്നത് കണ്ട് അയാള്‍അതേപ്പറ്റി അന്വേഷിക്കുന്നത് നിര്‍ത്തി.

jayakrishnan , novel, iemalayalam

മേഘയുടെ വീട് അന്നും അടഞ്ഞുകിടന്നു. അവരൊക്കെ എവിടെയോ പോയതാവണം. ഉണക്കമരങ്ങളുടെ മുകളിൽ മരിച്ചതുപോലെ കാണപ്പെട്ട ഭൂതങ്ങള്‍ക്ക് പെട്ടെന്ന് അനക്കം വെച്ചു. നീണ്ട മുഖവും ഒറ്റക്കണ്ണിൽ ദുഃഖഭാവവുമുള്ള ഒരു ഭൂതം മറ്റുള്ളവയെ പാട്ടു പഠിപ്പിക്കാന്‍തുടങ്ങി. പക്ഷേ ഭൂതങ്ങള്‍ തോന്നിയതു പോലെയാണ് ഏറ്റുപാടിയത്. അവയൂടെ പാട്ടിനകത്ത് പൊടിയുടെ നിറമുള്ള ഒരുകൂട്ടം ചീവീടുകള്‍കുടുങ്ങിക്കിടക്കുന്നത് സഞ്ജയന്‍കണ്ടു. ഭൂതങ്ങള്‍ക്കിടയിൽ അയാളെ അടിച്ചുവീഴ്ത്തിയ മൂന്ന് ഒറ്റക്കാലന്മാരുമുണ്ടായിരുന്നു. അവയെ എറിയാന്‍കല്ലു തിരയുമ്പോൾ വീട്ടിനകത്തുനിന്ന് മേഘ കുട്ടിയെ വഴക്കുപറയുന്നത് കേട്ടു: എന്തിനാണ് നീ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത്?

jayakrishnan , novel, iemalayalam

അതുവരെ നിശ്ശബ്ദമായിരുന്ന വീട്ടിനകത്തുനിന്ന് കാലൊച്ചകൾ കേള്‍ക്കാൻ തുടങ്ങി- നൂറുപേർ ഒന്നിച്ചു നടക്കുന്നതുപോലെ. പേടിയോടെ സഞ്ജയന്‍തുറന്നുകിടന്ന ഒരു ജനലിലൂടെ പാളിനോക്കി: കുട്ടി കരഞ്ഞുകൊണ്ടുനിന്നു. പക്ഷേ അവന്റെ മറ്റേ മുഖം നിറയെ ചിരിയായിരുന്നു. സഞ്ജയനെ കണ്ടപ്പോൾ മേഘ വന്ന് വാതിൽ തുറന്നു. വെളിച്ചം മങ്ങുമ്പോള്‍ അവൻ കണ്ണാടിയിൽ നോക്കി ഓരോന്നു പറയാൻ തുടങ്ങും, അവള്‍ പറഞ്ഞു: എനിക്കെന്തോ പേടിയാകുന്നു സഞ്ജയാ. മേഘ അകത്തേക്കു പോയി. ഞാനെന്തിനാണ് കണ്ണാടി നോക്കുന്നതെന്നറിയാമോ? കുട്ടി ഒച്ചതാഴ്ത്തി ചോദിച്ചു. സഞ്ജയന്‍ഇല്ലെന്നു തലയാട്ടി. കുട്ടി മറ്റേ മുഖം കണ്ണാടിയുടെ നേര്‍ക്കു തിരിച്ചു: കണ്ണാടി നിറയെ ഭൂമിക്കടിയിലെ ജലമായിരുന്നു. തിളങ്ങുന്ന മത്സ്യങ്ങള്‍നീന്തുന്നതിനിടയിൽ കണ്ണാടി പൊട്ടിച്ച് പുറത്തു ചാടുമെന്നു തോന്നി. പെണ്ണിന്റെ കണ്ണുകളുള്ള ഒരാമ സഞ്ജയന്റെ നേര്‍ക്ക് കൈവീശിയിട്ട് അടിയിലേക്കൂളിയിട്ടു. അപ്പോള്‍ കഴുതപ്പുലിയുടെ ഉടലും നഗരസഭാധ്യക്ഷന്റെ മുഖവുമുള്ള ഒരു ഭൂതം കണ്ണാടിയിൽ വന്ന് ജലമൂറ്റക്കുടിക്കാന്‍തുടങ്ങി. -നീ പോയാലേ ഓഫീസ് നന്നാവൂ, സഞ്ജയനെ നോക്കി ഭൂതം പറഞ്ഞു. പിടയുന്ന മത്സ്യങ്ങള്‍ക്കും പെൺനോട്ടമുള്ള ആമയ്ക്കുമൊപ്പം അയാളുടെ പ്രതിബിംബവും ഭൂതത്തിന്റെ വായിലേക്ക് ഒഴുകിയിറങ്ങി. കണ്ണാടിയിൽ നക്ഷത്രങ്ങളില്ലാത്ത രാത്രി നിറഞ്ഞു. സഞ്ജയന് പനിക്കാന്‍തുടങ്ങി.
…………………………………………..

  • Out of the treacherous vacancy
    of a mirror
    A face rises slowly
    Georg Trakl – To the Silenced

** Mirror, you know my life better than God.
-Teresa Wilms Montt – Sentimental Doubts

  • * * I write this in praise of the termite.
  • Haroldo de Campos – Novas

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal chapter 3