കഥകൾ, ചിത്രങ്ങൾ – കറുത്ത പൂമ്പാറ്റകളുടേത്
ഓഫീസിലിരുന്നാൽ സൂര്യനെ കാണാനാവില്ല. വഴിതെറ്റിയെത്തുന്ന ഒരു വെയിൽച്ചീൾ വല്ലപ്പോഴും ജനലിലൂടെ മിന്നിമറയും. ഫയലിൽനിന്ന് തലയുയർത്തുമ്പോൾ സഞ്ജയൻ ചിലപ്പോൾ അതുകാണും. അത്രമാത്രം. ഒരുദിവസം ഓഫീസിൽ അയാൾ തനിച്ചായിരുന്നു. തനിച്ചാവുക മരണമാണ്. പക്ഷേ ആ മരണത്തിൽ അയാൾക്ക് സുഖം തോന്നി. അപ്പോൾ മേൽക്കൂരയിലുള്ള ഒരു ദ്വാരത്തിലൂടെ വെയിലിന്റെ ഒരു വൃത്തം അയാളുടെ മുന്നിലിരുന്ന ഫയലിൽ പതിച്ചു. സഞ്ജയൻ ഫയൽ മടക്കി. വെയിൽവട്ടം ഫയലിനുള്ളിലായി. വീണ്ടും തുറന്നപ്പോൾ അതിൽനിന്ന് നീലച്ചിറകുള്ള ഒരു പൂമ്പാറ്റ പറന്നുയർന്നു. രാത്രിയാകുന്നതുവരെ ഫയലിൽ പൂമ്പാറ്റകളെ വരച്ചുകൊണ്ട് അയാളിരുന്നു. ഏഴുമണിയായി. നീലപ്പൂമ്പാറ്റ മടങ്ങിവന്നു:

ഞാൻ എവിടെപ്പോയതാണെന്നറിയാമോ?
സഞ്ജയൻ ഇല്ലെന്ന് തലയാട്ടി.
നീ കൊന്ന എന്റെ അച്ഛനമ്മമാരെ കാണാൻ.
സഞ്ജയനോർമ്മ വന്നു. അയാൾ അനേകം ശലഭങ്ങളെ കൊന്നിട്ടുണ്ട്. പണ്ടൊരിക്കൽ സഞ്ജയന്റെ പെങ്ങള് അയാളോട് പൂമ്പാറ്റകളെ വേട്ടയാടാൻ പറഞ്ഞു. അവയുടെ ജഡങ്ങളൊട്ടിച്ച് അവൾക്കൊരു പുസ്തകമുണ്ടാക്കണമായിരുന്നു. ജന്തുശാസ്ത്രപഠനത്തിൽ അവൾക്കത് ഉയർന്ന മാർക്ക് നേടിക്കൊടുക്കും. അങ്ങനെ ഒരു നട്ടുച്ചയ്ക്ക് വീടിനടുത്തുണ്ടായിരുന്ന മൈതാനത്തിൽ സഞ്ജയൻ പൂമ്പാറ്റകളെ തേടിച്ചെന്നു. പുല്ലുകളിലെ ചെറിയ പൂക്കളുടെ വെളുപ്പിൽനിന്ന് പറന്നുയർന്ന പൂമ്പാറ്റകളെ അയാൾ അടിച്ചുവീഴ്ത്തി മയക്കുമരുന്നു നിറച്ച കുപ്പികളിലടച്ചു. എത്രയെണ്ണത്തെ കിട്ടിയിട്ടും പെങ്ങൾക്ക് മതിയായില്ല. ഒരു ദുർമന്ത്രവാദിനിയായിരുന്നു അവൾ.

പകുതി മരിച്ച ഒരു ശലഭം കുപ്പിയിൽ കിടന്ന് ചിറകിട്ടടിക്കുന്നതു നോക്കിയിട്ട് സഞ്ജയൻ വീണ്ടും പൂമ്പാറ്റകളെ തേടി ഇറങ്ങി. അച്ഛനും അമ്മയും നിസ്സഹായരായി നിന്നു. അവർക്കും അവളെ പേടിയായിരുന്നു. വേനലിലെ തീപിടിച്ച ഒരു ചൊവ്വാഴ്ചയായിരുന്നു അത്. മൈതാനത്ത് ശലഭങ്ങളേ ഇല്ലായിരുന്നു. സഞ്ജയന് നാലുതരം പനികളും രണ്ട് വേദനകളും അഞ്ചിടത്ത് നീർക്കെട്ടും അനുഭവപ്പെട്ടു. ഏറെ നടന്നപ്പോൾ,പൂക്കളില്ലാതെ മഞ്ഞച്ചുനിന്ന പുല്ലുകളുടെ നിഴലിൽ ഉറങ്ങിക്കിടന്ന ഒരു ഭൂതത്തെ അയാൾ അറിയാതെ ചവിട്ടി.

ഞാൻ നിനക്ക് ഒരു പൂമ്പാറ്റയെ തരാം, ഒറ്റക്കണ്ണു തുറന്ന് പല്ലിളിച്ചുകൊണ്ട് ഭൂതം പറഞ്ഞു. ഭൂതക്കണ്ണിൽ നിന്ന് കറുത്ത ഒരു ശലഭം പുറത്തേക്ക് പറന്നു. അതിന്റെ ചിറകിൽ ചുവന്ന കണ്ണുകളുണ്ടായിരുന്നു. തലകീഴായിട്ടാണ് അത് പറന്നത്. എത്രനേരം അതിനെ പിന്തുടർന്നെന്ന് സഞ്ജയന് ഓർമയില്ല. ഇരുട്ടായി. കണ്ണു തുറന്നപ്പോൾ അയാൾ ഒരു പൊട്ടക്കിണറ്റിനകത്തായിരുന്നു. കിണറിന്റെ പടവുകളിൽ നിന്ന് പൂമ്പാറ്റകൾ പറന്നുയർന്നു. മൂന്നാം ദിവസം അച്ഛനും അമ്മയും സഞ്ജയനെ കിണറ്റിനുള്ളിൽ കണ്ടെത്തി. അയാളുടെ കാലൊടിഞ്ഞിരുന്നു. അയാൾ മുടന്തനായി; ഗുമസ്തപ്പരീക്ഷയിൽ ഭിന്നശേഷിക്കാരുടെ പട്ടികയിൽനിന്ന് പതിമൂന്നാമനായി അയാൾക്ക് ജോലി കിട്ടി. പക്ഷേ തുടർന്ന് പല രാത്രികളിലും ഉറക്കത്തിലേക്കും മരണത്തിലേക്കുമുള്ള വഴുക്കുന്ന പടവുകളിറങ്ങുമ്പോൾ ആ കിണറ്റിൽ അകപ്പെട്ടുപോകുന്നതായി സഞ്ജയന് തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ അയാളുടെ കണ്ണുകൾക്കുള്ളിൽ ഒരു ചിത്രം തെളിഞ്ഞു: കിണറ്റിനുള്ളിൽ വീണുകിടക്കുന്ന നിലാവ്. നിലാവിനെ തൊട്ടുരുമ്മി പാറി നടക്കുന്ന പൂമ്പാറ്റകൾ. നിലാവിനെ പാളത്തൊട്ടിയിൽ വലിച്ചുകയറ്റുന്ന ഒരു കുട്ടിയും അമ്മയും.

പിന്നെ എല്ലാം അവ്യക്തമാകും.* കത്തിപോലുള്ള ചന്ദ്രക്കല അയാളുടെ ഉറക്കത്തെ രണ്ടായിപ്പിളർക്കും. അയാൾ കണ്ണു തുറക്കും. കൈനീട്ടിത്തൊടാവുന്നിടത്ത് ചന്ദ്രക്കലയിൽ ഒരു ശലഭം പറ്റിയിരിക്കുന്നത് അയാൾ കാണും.
പൂമ്പാറ്റകൾ നല്ലവരാണ് പൊതുവെ. പക്ഷേ അവരുടെ കൂട്ടത്തിലും ഭൂതങ്ങളുണ്ട്. ചിറകുകളിൽ കണ്ണുള്ള കറുത്തശലഭമാണെങ്കിൽ തീർച്ച, അത് നമ്മളെ കുഴപ്പത്തിൽ ചാടിക്കും.
ഒരിടത്തൊരു മനുഷ്യനുണ്ടായിരുന്നു. മിക്ക മനുഷ്യരെയും പോലെ ഒറ്റപ്പെട്ടവനായിരുന്നു അയാൾ. ഒറ്റയ്ക്കാവുക മരണമാണ് – അയാൾ ഇടയ്ക്കൊക്കെ വിചാരിക്കും. ആ വിചാരം അയാളെ കൂടുതൽ ഒറ്റപ്പെടുത്തും.**എന്നിട്ട് മരിച്ചവരുടെ പേരുകൾ വിൽക്കാൻ നടക്കുന്ന മരണത്തെ മനസ്സിൽ കാണും.
അങ്ങനെയിരിക്കെ ഒരു കൈനോട്ടക്കാരൻ അയാളുടെ വീട്ടിലെത്തി. അയാൾ കൈനോട്ടക്കാരന് ഭക്ഷണം കൊടുത്തു. എന്നിട്ട് തന്റെ ഏകാന്തതയെപ്പറ്റി പറഞ്ഞു. കൈനോട്ടക്കാരൻ ഭൂതക്കണ്ണാടിയിലൂടെ അയാളുടെ കൈ നോക്കി. പിന്നെ സഞ്ചിയിൽ നിന്ന് ഒരു കുപ്പിയെടുത്തു. അടപ്പിട്ടടച്ച ഒരു കുപ്പി. എന്നിട്ടു പറഞ്ഞു: ഇതൊരിക്കലും തുറക്കരുത്.

കൈനോട്ടക്കാരൻ അയാളുടെ വഴിക്കു പോയി. അടച്ച കുപ്പിയും നോക്കി അയാളിരുന്നു. ഇപ്പോൾ അയാൾക്കൊരു കൂട്ടായി; ശരിതന്നെ. പക്ഷേ ഇങ്ങനെയുള്ള കൂട്ട് കുഴപ്പമാണ്.
എങ്ങനെയാണെന്നു വെച്ചാൽ,
തുറക്കാത്ത ഒരു പുസ്തകം, അല്ലെങ്കിൽ മിണ്ടാത്ത ഒരു മനുഷ്യൻ ഇവരൊക്കെ കുഴപ്പം പിടിച്ചവരാണ്. ആ പുസ്തകം നിറയെ എഴുതാത്ത ഏടുകളായിരിക്കും ഒരുപക്ഷേ. പക്ഷേ അതിൽ നിറയെ കഥകളായിരിക്കുമെന്ന് നമ്മൾ വെറുതെ കരുതും. മിണ്ടാത്ത മനുഷ്യൻ മിണ്ടിത്തുടങ്ങിയാൽ എല്ലാവരെയും പോലെ സാധാരണ കാര്യങ്ങളാവും പറയുക. പക്ഷേ അയാൾ പറയാൻ പോകുന്നത് അസാധാരണകഥകളാവുമെന്ന് നമ്മൾ വെറുതെ വിചാരിക്കും. അങ്ങനെ വിചാരിച്ചുവിചാരിച്ച് ആകെ കുഴപ്പമാകും.
അയാളും കുഴപ്പത്തിലായി. കുപ്പി തുറന്നാൽ എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന് അയാൾ വിചാരിച്ചു. പിന്നെ അടച്ച കുപ്പിയെ കഥകൾ പറഞ്ഞു കേൾപ്പിക്കാൻ തുടങ്ങി.
ആ കഥകൾ പിന്നീടൊരിക്കൽ ഞാൻ നിനക്ക് പറഞ്ഞു തരാം.

കഥപറഞ്ഞു കഥപറഞ്ഞ് അയാളുടെ വായിലെ വെള്ളം വറ്റി. ഒടുവിൽഒന്നും മിണ്ടാത്ത കുപ്പിയോട് അയാൾ പറഞ്ഞു:
സംസാരിക്ക്.
എന്നിട്ടും കുപ്പി മിണ്ടിയില്ല.
അയാൾ എത്രതവണ ആവശ്യപ്പെട്ടിട്ടും കുപ്പി അനുസരിച്ചില്ല. അപ്പോഴാണ് മേൽക്കൂരയിൽ നിന്ന് വെയിലിന്റെ ഒരു വൃത്തം കുപ്പിയിൽ പതിച്ചത്. കുപ്പിക്കകത്ത് എന്തോ ഇളകുന്നുണ്ടെന്ന് അയാൾക്കു തോന്നി. അയാൾ കുപ്പി അടിച്ചു പൊട്ടിച്ചു.
ചിതറിത്തുറന്ന കുപ്പിയിൽ നിന്ന് ഒരു കറുത്ത ശലഭം പുറത്തേക്കു പറന്നു. അതിന്റെ ചിറകിൽ ചുവന്ന കണ്ണുകളുണ്ടായിരുന്നു. തലകീഴായാണ് അതു പറന്നത്. വേഷം മാറിയ ഒരു ഭൂതമായിരുന്നു അത്.
ഭൂതശലഭം അയാളോടു കഥകൾ പറഞ്ഞു. വിഷം നിറഞ്ഞ കഥകൾ. ആ കഥകൾ ഞാനൊരിക്കലും നിനക്ക് പറഞ്ഞു തരില്ല.
കഥകൾ തീർന്നപ്പോൾ ശലഭം അയാളോട് കണ്ണുകളടയ്ക്കാൻ ആവശ്യപ്പെട്ടു. കണ്ണടച്ചുണ്ടാക്കിയ ഇരുട്ടിലൂടെ അതയാളെ നടത്തിക്കൊണ്ടുപോയി- വെള്ളത്തിന്റെ ഓർമ്മ പോലുമില്ലാത്ത ഒരു പൊട്ടക്കിണറ്റിൽ വീഴുന്നതുവരെ.
ഭൂതശലഭം മറ്റനേകം ഭൂതശലഭങ്ങളെയുണ്ടാക്കി. അവ പറഞ്ഞു പരത്തിയ വിഷംതീണ്ടിയ കഥകൾ കൊണ്ട് ഭൂമി നിറഞ്ഞു.
അയാളാകട്ടെ കിണറ്റിൽ നിന്നു പുറത്തു കടക്കാൻ കഴിയാതെ കിടന്നുകരഞ്ഞു. കരച്ചിൽ കേട്ട് പഴയ കൈനോട്ടക്കാരൻ കിണറ്റുവക്കിലെത്തി. ഞാൻ നിന്നെ കരയ്ക്കു കയറ്റാം – അയാൾ പറഞ്ഞു: – പക്ഷേ നീ തുറന്നു വിട്ട ഭൂതത്തെ വീണ്ടും ആരു കുപ്പിയിലടയ്ക്കും?
ചിറകിൽ കണ്ണുകളുള്ള പൂമ്പാറ്റകളെ പേടിക്കണം. പക്ഷേ ഒരിക്കൽ അവരും നല്ലവരായിത്തീരും. ഭൂതശലഭങ്ങളെക്കാൾ ഭയങ്കരന്മാരായ ഭൂതങ്ങളെ ജീവിതത്തിൽ നീ കണ്ടുമുട്ടിയെന്നും വരും; ചിലപ്പോൾ.
……………………………………………………
- A long dagger of moon opens
A gash in my heavy sleep. - Alfonsina Storni –Mask and Clover
- * The dead constantly trade names.
_Nichita Stanescu – Wheel with a Single Spoke .
v