scorecardresearch

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ- അധ്യായം പതിമൂന്ന്

" അദ്ധ്യക്ഷന്റെ തലയിൽ മൂന്നാമതും പല്ലിവാൽ വീണു. ഇപ്രാവശ്യം അയാളൊന്നും മിണ്ടിയില്ല. അയാൾ പേടിച്ചുപോയിരുന്നു. "ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന "ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ" എന്ന നോവലിലെ പതിമൂന്നാം അധ്യായം

" അദ്ധ്യക്ഷന്റെ തലയിൽ മൂന്നാമതും പല്ലിവാൽ വീണു. ഇപ്രാവശ്യം അയാളൊന്നും മിണ്ടിയില്ല. അയാൾ പേടിച്ചുപോയിരുന്നു. "ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന "ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ" എന്ന നോവലിലെ പതിമൂന്നാം അധ്യായം

author-image
Jayakrishnan
New Update
jayakrishnan, novel, iemalayalam

കഥകൾ, ചിത്രങ്ങൾ- നിഴലിന്റെ കൂടെ നടക്കുന്ന മരണത്തിന്റേത്

ജീവിതവും മരണവും തമ്മിലെന്താണ് വ്യത്യാസം? ജീവിതം നിറയെ കഥകളാണ്. മരണത്തിൽ കഥകളില്ല, നിഴലുകളേയുള്ളൂ. നിഴലുകൾ കഥ പറയുമോ, ആർക്കറിയാം? ഏതായാലും മരണത്തിന്റെ കഥതന്നെയാണ് നിഴലിന്റെയും കഥ.

Advertisment

നിഴലില്ലാത്ത ഒരു മനുഷ്യനുണ്ടായിരുന്നു. എല്ലാവരും അയാളെ കളിയാക്കി. അവർക്കൊക്കെ നിഴലുണ്ട്, അയാൾക്കു മാത്രമില്ല. വലിയ സങ്കടമായിപ്പോയി അയാൾക്ക്. അയാൾ തനിക്കു പറ്റിയ ഒരു നിഴലിനെ അന്വേഷിച്ചു നടന്നു. നിഴലുകൾ പാർക്കുന്ന ഒരിടമുണ്ട്, ആരോ അയാൾക്ക പറഞ്ഞു കൊടുത്തു. ഏറെ കഷ്ടപ്പെട്ട് അയാളവിടെ ചെന്നെത്തി. നോക്കിയപ്പോൾ അയാൾക്കു പറ്റിയ ഒരു നിഴൽ പോലുമില്ല. ഒന്നുകിൽ അയാളേക്കാൾ വലിയ നിഴൽ. അല്ലെങ്കിലോ വളരെ ചെറുത്. ചില നിഴലുകൾക്ക് കൊമ്പും മറ്റു ചിലതിന് വാലുമുണ്ടായിരുന്നു. വാലുള്ള ഒരു നിഴലിനെയും കൂട്ടി നാട്ടിൽച്ചെന്നാലുള്ള സ്ഥിതിയെന്താകും? ആളുകളുടെ പരിഹാസം കൂടുകയേയുള്ളൂ. അയാൾ പിന്നെയും തനിക്കു പറ്റിയ ഒരു നിഴലിനെ തിരഞ്ഞു. തിരച്ചിൽ നീണ്ടുനീണ്ടു പോയി. രാത്രിയായി, ആകാശത്തിൽ നിന്നു നിലത്തു വീണ *സൂര്യൻ തണുത്ത മണ്ണു തിന്നാൻ തുടങ്ങി. ഒടുവിൽ നിഴലുകൾക്ക് മടുത്തു. അവ കൂട്ടത്തോടെ മറഞ്ഞുകളഞ്ഞു.

jayakrishnan, novel, iemalayalam

അയാളുടെ സങ്കടം പിന്നെയും കൂടി. മരണം എല്ലാം കാണുന്നുണ്ടായിരുന്നു. മരണമാണ് നിഴലുകളുടെ ദൈവം. അയാളെ ഒന്നു പറ്റിക്കണം, മരണം തീരുമാനിച്ചു. അത് നല്ലൊരു നിഴലിനെ അയാളുടെയടുത്തേക്കയച്ചു. അയാൾക്ക് എന്തുമാത്രം സന്തോഷമായെന്നോ. നിഴലിനെ അയാൾ കൂടെ താമസിപ്പിച്ചു. ഇരുട്ടത്ത് അത് മറഞ്ഞു പോകാതിരിക്കാൻ രാത്രി മുഴുവൻ വിളക്കു കത്തിച്ചുവെച്ചു. അതിന് കഥകൾ പറഞ്ഞുകൊടുത്തു.

നിഴലുകൾ ആ കഥകൾ ഒരിക്കൽ നിനക്കു പറഞ്ഞുതരും.

ഇപ്പോൾ അവർ രണ്ടുപേരും കൂടിയാണ് പുറത്തിറങ്ങുക. ആളുകൾ അയാളുടെ നിഴൽ കണ്ട് അത്ഭുതപ്പെട്ടു.

Advertisment

ഒരു ദിവസം മരണത്തിനു തോന്നി, ഇനി കളി മതിയാക്കാം. മരണം നിഴലിനെ തിരിച്ചുവിളിച്ചു. ഒന്നും പറയാതെ നിഴൽ നടന്നകന്നു. മനുഷ്യനു വന്ന സങ്കടം പറയേണ്ടതില്ല. അയാൾ നിഴലിനോട് പോകരുതെന്ന് കേണപേക്ഷിച്ചു. ചുവരിൽ തലയിടിച്ച് കരഞ്ഞു. ഒന്നിനും ചെവികൊടുക്കാതെ നിഴൽ അകന്നകന്നു പോയി. ഒടുവിൽ അത് തീർത്തും മറഞ്ഞപ്പോൾ അയാളുടെ ഹൃദയവും നിലച്ചു.

jayakrishnan, novel, iemalayalam

ഞാൻ പറഞ്ഞില്ലേ, വെറുമൊരു നിഴൽ മാത്രമാണ് നമ്മുടെയൊക്കെ ജീവിതം. അതൊരിക്കൽ മരണത്തിന്റെ കൂടെ നടന്നകലും. നമ്മളെത്ര കരഞ്ഞിട്ടും കാര്യമില്ല. കഥകൾ ആ നിഴലിന്റെ മറ്റൊരു രൂപം മാത്രം. ഞാൻ പറഞ്ഞുതന്ന കഥകളൊന്നും നീ ഓർക്കുകയേ വേണ്ട. ഇന്നല്ലെങ്കിൽ നാളെ അവയൊക്കെ വെറും നിഴലായി മാറും. എങ്കിലും ഇതുകൂടി നീ കേട്ടുകൊള്ളുക.

മരണവും മനുഷ്യനും കഥയില്ലാതായി. കഥയിലൂടെ നിഴൽ തനിച്ചു നടന്നു.

ഏറെ ദൂരം ചെന്നപ്പോൾ നിഴൽ നിന്നു. ചുറ്റും തൊട്ടാൽ ചാരം പോലെ പൊടിയുന്ന ഏകാന്തത, മഞ്ഞയിലകളുടെ ചുഴലിക്കാറ്റുകൾ. നിഴൽ മനുഷ്യനെക്കുറിച്ചോർത്തു. അതിന്റെയുള്ളിൽ മഴ പെയ്യാൻ തുടങ്ങി. നിഴൽ കരഞ്ഞു. ഒടുവിൽ കരച്ചിലിന്റെ മഴയിലേക്ക് അത് മാഞ്ഞുപോയി, എന്നെന്നേക്കുമായി.

നമ്മുടെ നിഴൽ തന്നെയാണ് നമ്മുടെ കഥ. ഏകാന്തതയിലിരുന്ന് നമ്മളെയോരർത്ത് അതു കരയുന്നുണ്ടാകും; തിരിച്ചുവരവില്ലാതെ, എല്ലാമെല്ലാം മാഞ്ഞുപോകുന്നതുവരെ.

publive-image

സഞ്ജയന്റെ അച്ഛൻ മരിച്ചു . സന്ധ്യയില്ലാതെ ഒടുങ്ങിയ പകലിൽ നിന്ന് മിന്നാമിനുങ്ങുകൾ വീടിനു നേർക്കു പറക്കുന്നതു കണ്ടപ്പോൾത്തന്നെ സഞ്ജയനതു മനസ്സിലായി. വീടിനു ചുറ്റും കരിയിലകൾ പൊഴിച്ചുകൊണ്ട് ചെറിയ ഒരു ചുഴലിക്കാറ്റ് കറങ്ങിനടന്നു. വെളുത്ത വിരിയിൽ കിടത്തിയപ്പോൾ അച്ഛൻ പറഞ്ഞ കഥകളുടെ നിഴലുകൾ ചുറ്റും നിൽക്കുന്നത് സഞ്ജയനും അമ്മയും കണ്ടു. അച്ഛൻ ചെറിയ ഒരു യാത്ര പോയതാണ്, അമ്മ പറഞ്ഞു: കുറച്ചു കഴിയുമ്പോൾ തീർച്ചയായും തിരിച്ചുവരും. അത് ശരിവെച്ചു കൊണ്ട് അച്ഛന്റെ ചുണ്ടുകൾ അനങ്ങി. അച്ഛൻ മറ്റൊരു കഥ പറയാൻ തുടങ്ങുകയാ വണം. സഞ്ജയൻ കണ്ണുകളടച്ചു.

jayakrishnan, novel, iemalayalam

കണ്ണുതുറന്നപ്പോൾ അന്നേവരെ അയാൾ കണ്ടിട്ടില്ലാത്ത ബന്ധുക്കളെക്കൊ ണ്ട് വീടു നിറഞ്ഞിരുന്നു. ജീവിച്ചിരുന്നപ്പോൾ അച്ഛനെ ശ്രദ്ധിക്കാൻ പറ്റാത്ത വിധം തിരക്കിൽപ്പെട്ടുപോയ അവരുടെ കരച്ചിൽ കണ്ട് സഞ്ജയനും അമ്മയും അമ്പരന്നു. ചിലരുടെ കരച്ചിലിൽ നിന്ന് മരത്തവളകളും മറ്റു ചിലരുടേതിൽ നിന്നു മഞ്ഞനിറമുള്ള വണ്ടുകളും പുറത്തുചാടി.

പിന്നെ ദുർമന്ത്രവാദിനിപ്പെങ്ങൾ അലമുറയിട്ടു കൊണ്ടു വന്നു. ദുഃസ്വപ്നപ്പനിയും ബോധക്കേടും വരുന്നതു പോലെ സഞ്ജയനു തോന്നി. അവൾ നേരെ പണ്ട് പൂമ്പാറ്റകളെ കൊന്നൊടുക്കിയ മുറിയിലേക്കാണ് കയറിയത്. അടുത്ത നിമിഷം നീലച്ചിറകുള്ള ഒരു ശലഭം അവളെ പുറത്തേക്കോടിക്കുന്നത് സഞ്ജയൻ കണ്ടു. അവൾ പിന്നെ തിരിച്ചു വന്നില്ല.

ഭ്രാന്തൻ ജോസഫും അന്നയുമൊഴികെ സഞ്ജയന്റെ ചങ്ങാതിമാരെല്ലാം വന്നു. പുസ്തക വ്യാപാരിയും മേഘയും ഒന്നിച്ചാണെത്തിയത്.അവരുടെ മുഖത്ത് വേറൊരു വെളിച്ചം നിറഞ്ഞിരുന്നു. കാറ്റാടിക്കാരൻ അവരെ നോക്കി സങ്കടപ്പെട്ടു കൊണ്ട് ദൂരെ നിന്നു. ഇക്ബാൽ ദൂതക്കണ്ണാടിയിലൂടെ സ്വന്തം കൈരേഖകൾ നോക്കിക്കൊണ്ടിരുന്നു. അയാളുടെ തത്ത സഞ്ജയന്റെ ചുമലിൽ വന്നിരുന്ന് പതുക്കെ ചിലച്ചു: അച്ഛൻ എങ്ങും പോയിട്ടില്ല, അച്ഛൻ എങ്ങും പോയിട്ടില്ല. ഉടഞ്ഞുപോയ ഒരു കണ്ണാടിയിൽ മേഘയുടെ കുട്ടിയുടെ രൂപം തെളിഞ്ഞു. -അച്ഛൻ കഥയിലാണ് മരിച്ചത്, അവൻ, സഞ്ജയന് മാത്രം കേൾക്കാവുന്ന സ്വരത്തിൽ പറഞ്ഞു: കഥയുടെ പതിമൂന്നാമത്തെ അധ്യായം കഴിയുമ്പോൾ അച്ഛൻ തിരിച്ചു വരും. സഞ്ജയൻ, അച്ഛനെ നോക്കി. അച്ഛൻ കണ്ണു തുറക്കാതെ ചിരിച്ചു: **എല്ലാം മറന്നുപോകുമ്പോൾ നമ്മൾ കാണുന്നത് ആകാശം മാത്രമാണ്.

jayakrishnan, novel, iemalayalam

രാത്രിയിലെപ്പോഴോ നഗരസഭാധ്യക്ഷനും കൗൺസിലർമാരും സഞ്ജയന്റെ സഹപ്രവർത്തകരും എത്തി. അദ്ധ്യക്ഷൻ പെണ്ണിന്റെ രൂപത്തിലാണ് വന്നത്. അയാൾക്കപ്പോൾ നാല് ആൺചിലന്തികളെയും ഒരു പിടിയാനയെയും ഒരേ സമയം ഭോഗിക്കാനുള്ള ആവേശമുണ്ടായിരുന്നു. കസേരകളിൽ അമർന്നിരുന്ന് അവർ സഞ്ജയന് മനസ്സിലാകാത്ത ഭാഷയിൽ സംസാരിച്ചു. ഉത്തരത്തിനു മുകളിലിരുന്ന് മൂന്നു പല്ലികൾ അവരെ നോക്കുന്നുണ്ടായിരുന്നു. ആദ്യത്തെ പല്ലി അതിന്റെ വാൽ മുറിച്ച് അദ്ധ്യക്ഷന്റെ തലയിലിട്ടു. അദ്ധ്യക്ഷൻ ഞെട്ടി. ഞെട്ടിയപ്പോൾ അയാൾ പകുതി ആണായി മാറി.

നീയെന്തിനാണെന്നെ എറിഞ്ഞത്? അദ്ധ്യക്ഷൻ മൈദാമാവിന്റെ മണമുള്ള സൂപ്രണ്ടിനോടു കയർത്തു.

മൈദമാവിന്റെ മണമുള്ള സൂപ്രണ്ട് മിഴിച്ചുനോക്കി.

jayakrishnan, novel, iemalayalam

രണ്ടാമത്തെ പല്ലിയുടെ വാലും അദ്ധ്യക്ഷന്റെ തലയിൽ വീണു.

നീയാണല്ലേ എന്നെ എറിഞ്ഞത്? അദ്ധ്യക്ഷൻ വനിതാകൗൺസിലറുടെ നേരെ തിരിഞ്ഞു.

ഞാനാരെയും എറിഞ്ഞില്ല, വനിതാകൗൺസിലർ പറഞ്ഞു.

അദ്ധ്യക്ഷന്റെ തലയിൽ മൂന്നാമതും പല്ലിവാൽ വീണു. ഇപ്രാവശ്യം അയാളൊന്നും മിണ്ടിയില്ല. അയാൾ പേടിച്ചുപോയിരുന്നു. പല്ലിവാലുകൾ അദ്ധ്യക്ഷന്റെ തലയിൽ മൂന്നു കൊമ്പുകൾ പോലെ എഴുന്നേറ്റു നിന്നു. അവയുടെ തുമ്പത്ത് ഭൂതങ്ങൾ പറന്നുവന്നിരിക്കുന്നത് സഞ്ജയൻ കണ്ടു.

jayakrishnan, novel, iemalayalam

അപ്പോഴാണ് ജോസഫും അന്നയും വന്നത്. ജോസഫിന് ഭ്രാന്തുപിടിച്ചിരുന്നു. ഇവിടം നിറയെ ഭൂതങ്ങളാണ്, അയാൾ പ്രഖ്യാപിച്ചു: ഞാനിതാ പാട്ടുപാടാൻ പോകുന്നു. എന്നിട്ട് അയാൾ അത്യുച്ചത്തിൽ പാടി: കന്യകാമാതാവുമൊപ്പം എന്റെ കാവൽ മാലാഖയും കൂടി രാത്രി മുഴുവനുമൊക്കെ നോക്കി കാത്തുസൂക്ഷിക്കുക വേണം. നഗരസഭാദ്ധ്യക്ഷനും കൂട്ടാളികളും ഭൂതങ്ങളും പുറത്തേക്കോടി. അവരിരുന്നിടത്ത് മീന്മുള്ളുകൾ കിടന്നിരുന്നു.

jayakrishnan, novel, iemalayalam

അന്ന അച്ഛന്റെയും പിന്നെ സഞ്ജയന്റെയും കണ്ണുകളിൽ തൊട്ടു. അയാളുടെ കുരുടൻ കണ്ണിന് കാഴ്ച തിരിച്ചുകിട്ടി. കണ്ണടച്ച് അയാൾ പിന്നെയും ഏറെ നേരമിരുന്നു. കണ്ണു തുറന്നപ്പോൾ വീട്ടിൽ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇലകളില്ലാതെ വെള്ളപ്പൂക്കൾ മാത്രമുണ്ടാകുന്ന മരത്തിനു ചുവട്ടിലെ മണ്ണിൽ അച്ഛൻ വിശ്രമിക്കാൻ പോയപ്പോൾ മരിച്ചുപോയ മരങ്ങളുടെ നിഴലുകൾ വരാന്തയിലേക്ക് കയറിയിരിക്കുന്നത് സഞ്ജയൻ കണ്ടു. അവയ്ക്കിടയിലൂടെ മഞ്ഞയിലകളുടെ ഒരു കാറ്റ് പറന്നലഞ്ഞു. മഴപോലെ പെയ്യുന്ന ഇരുട്ടിൽ മിന്നാമിനുങ്ങുകൾ മങ്ങുകയും തെളിയുകയും ചെയ്യുന്ന അക്ഷരങ്ങൾ കൊണ്ട് അച്ഛൻ പറഞ്ഞ കഥകൾ എഴുതാൻ തുടങ്ങിയിരുന്നു. അവിടെ,* *എവിടെപ്പോയാലും തോന്ന്യവാസം കാട്ടിതിരിച്ചു വരുന്ന വഴിയരികിലെ, ആളൊഴിഞ്ഞതുകൊണ്ട് പുതിയതായി തോന്നിച്ച വീട്ടിൽ അനാഥമായ മരണങ്ങളെ വരച്ചുകൊണ്ട് സഞ്ജയൻ ഇരുന്നു.

കഥകളിലൂടെ അച്ഛൻ തിരിച്ചു വന്നു, കൂടെ അമ്മയും സഞ്ജയന്റെ കൂട്ടുകാരും. അച്ഛൻ എപ്പോഴും പറയുന്ന കഥകളായി അവരെല്ലാം തിരിച്ചു വന്നു; നിഴലില്ലാതെ, നിശ്ശബ്ദരായി.
……………………………..

  • Mud eaten by the sun,
    the frozen clay.
  • Rafael Alberti – To Painting
  • * Sometimes
    we forget everything
    and we notice the sky, again.
  • Pedro Salinas – Memory in My Hands
  • * * And there is a road to reach a new house
    going up anywherein the world
    where an orphan boy waits for us
    not knowing we were his parents.
    Jorge Teillier –In Order to Talk with the Dead
Literature Malayalam Writer Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: