scorecardresearch
Latest News

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ- അധ്യായം പന്ത്രണ്ട്

” അന്ന വീണ്ടും കരയാന്‍ തുടങ്ങി. കണ്ണീര്‍വീണ് സഞ്ജയന്റെ നെറ്റിയില്‍ഒരു കൂണുകൂടി മുളച്ചു. അയാള്‍ പിന്നെയും പേടിച്ചു. “ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ പന്ത്രണ്ടാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

കഥകള്‍, ചിത്രങ്ങള്‍- ഭൂമിക്കടിയിലെ നദിയുടേത്.

jayakrishnan , novel, iemalayalam

അന്ന് സഞ്ജയന്‍ പതിവിലും വൈകിയാണ് ഓഫീസിലെത്തിയത്. ഭ്രാന്തന്‍കാറ്റുകളുടെ അലഞ്ഞുതിരിയലിലും മറവിയിലും അകപ്പെട്ട് അയാള്‍ക്ക് വഴിതെറ്റി. എങ്ങനെയോ അയാളൊരു ചിതല്‍പ്പുറ്റിനകത്ത് ചെന്നുപെട്ടു. അകത്ത് ഒരു ചിതല്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിതല്‍ അയാളോട് തന്റെ കഥ പറയാന്‍തുടങ്ങി. എനിക്ക് പോകണം, സഞ്ജയന്‍പറഞ്ഞു: പത്തുമണിക്ക് ഓഫീസിലെത്താതെ പറ്റില്ല. ചിതല്‍ അയാളെ പിടിച്ചുവെച്ചു. എന്നിട്ട് രഹസ്യം പറയുന്നതുപോലെ പറഞ്ഞു: ഒരിടത്ത് ഒരു ചിതല്‍ ഉണ്ടായിരുന്നു. പിന്നെ കഥ നിര്‍ത്തിയിട്ട് അത് കുറെ നേരം മിണ്ടാതിരുന്നു. സഞ്ജയന്‍എഴുന്നേൽക്കാൻ നോക്കി. ഒന്നു ഞെട്ടിയിട്ട് ചിതല്‍തുടര്‍ന്നു: രണ്ടിടത്ത് രണ്ട് ചിതലുകളുണ്ടായിരുന്നു. പിന്നെയും കഥ നിന്നു: സഞ്ജയന്‍ ഞെരിപിരി കൊണ്ടപ്പോള്‍ കഥയില്‍ മൂന്നിടത്ത് മൂന്നു ചിതലുകള്‍പ്രത്യക്ഷപ്പെട്ടു.

jayakrishnan , novel, iemalayalam

ഈമാതിരി ഒരു മുഷിപ്പന്‍ കഥ സഞ്ജയന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. അടുത്ത ഇടവേള കഴിയുതിനു മുമ്പ് അയാള്‍ പുറത്തുചാടാന്‍നോക്കി. ചിതലപ്പോള്‍ ഒരു സ്ത്രീയായി മാറി അയാളെ വരിഞ്ഞുമുറുക്കി. അവളുടെ ശരീരത്തിന്റെ തരിശുനിലത്തിലൂടെ മുടന്തി നടക്കുന്നതിനിടയില്‍ അയാള്‍ കേട്ടു: പതിമ്മൂന്നിടത്ത് പതിമൂന്നു ചിതലുകളുണ്ടായിരുന്നു. സംഗതി നഗരസഭാധ്യക്ഷന്റെ കൂടോത്രമാണെു മനസ്സിലായപ്പോള്‍ സഞ്ജയന്‍ അവളെ തള്ളിമാറ്റി പുറത്തേക്കോടി. ചിതൽപ്പെണ്ണിന്റെ നിഴല്‍ അയാളെ പിന്തുടർന്നു ചെന്നു .

ശരീരത്തില്‍ സ്ത്രീയുടെയും ചിതലിന്റെയും ഗന്ധങ്ങളുമായി ഓഫീസില്‍ചെന്നുകയറാന്‍ അയാള്‍ക്ക് മടിയായിരുന്നു.ഭാഗ്യത്തിന് ആരും അയാളെ ശ്രദ്ധിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ അദ്ധ്യക്ഷൻ അയാളെ മുറിയിലേക്ക് വിളിപ്പിച്ചു.

jayakrishnan , novel, iemalayalam

നീയെന്താണ് ഇന്നും വൈകിയത്? അദ്ധ്യക്ഷൻ പെണ്ണിന്റെ ഒച്ചയില്‍ ചോദിച്ചു. അയാൾക്കപ്പോൾ ഒരേ സമയം ആറ് മൂങ്ങകളെയും ഒരു ഒട്ടകത്തിനെയും ഭോഗിക്കാനാവുമായിരുന്നു.

സഞ്ജയന്‍ മിണ്ടിയില്ല.

നിന്നെ ഞാന്‍ സ്ഥലം മാറ്റും. അദ്ധ്യക്ഷൻ ഭീഷണിപ്പെടുത്തി.

ചിതൽപ്പെണ്ണിന്റെ നിഴല്‍മേശപ്പുറത്തു കയറിയിരുന്നു.

നിന്റെ ശമ്പളം ഞാന്‍ തിരിച്ചുപിടിക്കും.

നിഴല്‍ അദ്ധ്യക്ഷനെ ചാരിനിന്നു.

jayakrishnan , novel, iemalayalam

ഞാനൊരു ഭൂതത്തിന്റെ പിടിയിലകപ്പെട്ടുപോയി, സഞ്ജയന്‍പറഞ്ഞു.

പോടാ പുറത്ത്, അദ്ധ്യക്ഷൻ ചീറി.

സഞ്ജയന്‍ പുറത്തുകടന്നു. സ്ത്രീയായി മാറിയ ചിതലിന്റെ നിഴല്‍മുറിക്കകത്തുതന്നെ തങ്ങി. അടഞ്ഞ വാതിലിനു പുറകില്‍നിന്ന് ആഭാസം നിറഞ്ഞ ചിരിയും ശബ്ദങ്ങളും അയാള്‍കേട്ടു.

ആരും അയാളെ നോക്കിയതുപോലുമില്ല. പുളിച്ച മൈദമാവിന്റെ ഗന്ധമുള്ള സൂപ്രണ്ടിന്റെ മുന്നിലൂടെയാണ് അയാൾ പോയത്. ഒരു ഭൂതം അയാളുടെ തോളിലിരുന്ന് സഞ്ജയന്റെ നേരെ അശ്ലീലം കലര്‍ന്ന ആംഗ്യം കാണിച്ചു. എന്നിട്ട് അത് സൂപ്രണ്ടിന്റെ ചെവിയില്‍ എന്തോ പറഞ്ഞുകൊടുത്തു. സൂപ്രണ്ട് അയാളെ നോക്കി. നിന്നെപ്പറ്റിയുള്ള ഒരു കഥ എനിക്കറിയാം, അയാള്‍ഓന്തിനെപ്പോലെ നിറംമാറുകയും തലയാട്ടുകയും ചെയ്തുകൊണ്ട് പറഞ്ഞു.

jayakrishnan , novel, iemalayalam

എഞ്ചിനീയർ സഞ്ജയനെ അടുത്തേക്കു വിളിച്ചു. നിന്നെപ്പറ്റിയുള്ള രണ്ടു കഥകൾ ഞാന്‍കേട്ടു, അയാള്‍പറഞ്ഞു. സഞ്ജയൻ വിയര്‍ത്തു. എന്നെപ്പറ്റി എല്ലാവര്‍ക്കുമറിയാം, അയാള്‍വിചാരിച്ചു: എനിക്കാണെങ്കില്‍ ആരെപ്പറ്റിയും ഒന്നുമറിയില്ല. തൊട്ടപ്പുറത്ത് ആരും കാണാതെ പണമെണ്ണുകയായിരുന്ന തടിയന്‍ ഗുമസ്തന്‍ അയാളെ നോക്കി കണ്ണിറുക്കി: നിന്നെപ്പറ്റിയുള്ള മൂന്നു കഥകൾ എനിക്കറിയാം.

നഗരസഭാദ്ധ്യക്ഷൻ വീണ്ടും സഞ്ജയനെ വിളിപ്പിച്ചു. രണ്ടു ഭൂതങ്ങള്‍ അയാളെ പെണ്ണിന്റെ വേഷം ധരിക്കാന്‍ സഹായിച്ചുകൊണ്ടുനിന്നു. അയാള്‍പറഞ്ഞതെല്ലാം അവ ആവര്‍ത്തിച്ചു. മുറി മുഴുവന്‍മാറ്റൊലികൊണ്ട് നിറഞ്ഞതുപോലെ സഞ്ജയന് തോന്നി. ചിതൽപ്പെണ്ണിന്റെ നിഴല്‍ അദ്ധ്യക്ഷന്റെ മേശപ്പുറത്ത് മലർന്നുകിടന്നു. സഞ്ജയന്റെ വയറിനകത്ത് രണ്ടുതരം ആന്ത്രവായുവും കഴുതക്കാമവും നിറഞ്ഞു.

ഭൂമിക്കടിയില്‍നിന്ന് വെള്ളമൂറ്റാനുള്ള പദ്ധതി സഞ്ജയന്‍വൈകിക്കുന്നതിനെ പ്പറ്റി ശകാരിക്കാനാണ് അദ്ധ്യക്ഷൻ അയാളെ വിളിച്ചത്.

പദ്ധതി എവിടം വരെയായി? അദ്ധ്യക്ഷൻ ചോദിച്ചു.

സഞ്ജയന്‍മിണ്ടിയില്ല.

നീയാണ് ഞങ്ങളുടെ പരിപാടികളെല്ലാം തകര്‍ക്കുന്നത്.

ചിതൽപ്പെണ്ണിന്റെ നിഴല്‍ മേശപ്പുറത്ത് എഴുന്നേറ്റിരുന്നു.

jayakrishnan , novel, iemalayalam

നമ്മുടെ നദിയിലെ മണലുപോലും തീര്‍ന്നുകഴിഞ്ഞു, അദ്ധ്യക്ഷൻ കരച്ചില്‍അഭിനയിച്ചു: ഇനി മണ്ണിനടിയിലെ വെള്ളമെങ്കിലും വിൽക്കാൻ പറ്റിയില്ലെങ്കില്‍നമ്മളെന്തുചെയ്യും?

നിഴല്‍ സഞ്ജയന്റെ നേരെ തുപ്പി.

മണ്ണിനടിയില്‍ ഭൂതങ്ങളുണ്ടാകും, സഞ്ജയന്‍പറഞ്ഞു.

പോടാ പുറത്ത്, അദ്ധ്യക്ഷൻ പൊട്ടിത്തെറിച്ചു.

സഞ്ജയന്‍ തിരിച്ചുപോന്നു. പുളിച്ച മാവിന്റെ മണമുള്ള സൂപ്രണ്ട് പിന്നെയും അയാളോടു പറഞ്ഞു: നിന്നെപ്പറ്റിയുള്ള നാലു കഥകള്‍ എനിക്കറിയാം.

ആ കഥകളൊന്നും സഞ്ജയൻ ഒരിക്കലും അറിയുകയില്ല.

jayakrishnan , novel, iemalayalam

അടുത്ത തവണ അദ്ധ്യക്ഷൻ വിളിച്ചപ്പോഴാണ് ഭൂമി കുലുങ്ങിയത്. സഞ്ജയന്‍പുറത്തേക്കോടി. കരാറുകാരനും ഭൂതങ്ങളും ജാഥയായി വരികയായിരുന്നു. ഭൂതങ്ങള്‍ക്ക് വീടുണ്ടാക്കാക്കാനുള്ള പദ്ധതിക്ക് തടസ്സം നില്‍ക്കുന്ന സഞ്ജയനെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങി.

ഞാന്‍തടസ്സം നില്‍ക്കുന്നതല്ല, സഞ്ജയന്‍ മനസ്സില്‍ പറഞ്ഞു: ആ ഫയലിൽ എഴുതാന്‍ തുടങ്ങിയാലുടനെ എന്റെ പേനയില്‍നിന്ന് മഷിക്കു പകരം വെള്ളമൊഴുകി എഴുതിയതൊക്കെ മാഞ്ഞുപോകും.

കരാറുകാരൻ ഓടിവന്ന് സഞ്ജയനെ അടിക്കാന്‍തുടങ്ങി. അദ്ധ്യക്ഷനും തടിയന്‍ ഗുമസ്തനും മറ്റുള്ള ഭൂതങ്ങളും സഞ്ജയനെ പിടിച്ചുവെച്ചു കൊടുത്തു മുറിയിലൂടെ തലങ്ങും വിലങ്ങും പറക്കുതിനിടയില്‍ രണ്ടു ഭൂതങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് അദ്ധ്യക്ഷന്റെ തലയില്‍വീണു. വേദനകൊണ്ട് അയാള്‍ പ്രാകി. ഇഷ്ടംപോലെ പെരുമാറിയതിനു ശേഷം കരാറുകാരൻ സഞ്ജയന്റെ ഇടതുകൈ ഒടിച്ചു. കടുത്തവേദനയിലും വലതുകൈകൂടി ഒടിക്കാത്തതിന് സഞ്ജയൻ അയാളോട് നന്ദി പറഞ്ഞു. പിന്നെ മഞ്ഞവെളിച്ചങ്ങള്‍ പാറിനടക്കുന്ന ഇരുട്ടിലേക്ക് അയാളുടെ ബോധം മങ്ങി.

jayakrishnan , novel, iemalayalam

കരിയിലകളുടെ ചുഴലിക്കാറ്റിനകത്ത് കറങ്ങുന്ന സൂര്യനെ സ്വപ്നം കാണുന്നതിനിടയില്‍ സഞ്ജയന് ബോധംവന്നു. ചുറ്റും മെഴുകുതിരികള്‍കത്തിച്ചുവെച്ചിരുന്നു. അന്നയും ഒറ്റച്ചിറകുള്ള ഒരു പച്ചത്തത്തയും അയാളുടെ അടുത്തിരുന്ന് നിശ്ശബ്ദം കരഞ്ഞു. അവളുടെ കണ്ണീര്‍ അയാളുടെ ഒടിഞ്ഞ കൈയില്‍വീണപ്പോള്‍ അവിടെ ഒരു കൂൺ മുളച്ചു. സഞ്ജയന് പേടിയായി. അല്ലെങ്കിലും പേടിക്കാൻ അയാൾക്ക് വലിയ കാരണമൊന്നും വേണ്ട.

അവളുടെ അപ്പന്‍അയാളെ രക്ഷിച്ച കഥ അന്ന പറഞ്ഞു. കള്ളുഷാപ്പില്‍ നിന്നു മടങ്ങിവരുന്ന വഴിക്കാണ് സഞ്ജയനെ എല്ലാവരും കൂടി തല്ലിച്ചതയ്ക്കുന്നത് ജോസഫ് കണ്ടത്. ചുഴലിക്കാറ്റിന്റെ രൂപത്തില്‍ അയാളവരുടെ നടുവിലേക്ക് ചാടിവീണു. ഇടംകൈ കൊണ്ട് കരാറുകാരനെയും വലംകൈ കൊണ്ട് ഭൂതങ്ങളെയും തലകൊണ്ട് നഗരസഭാദ്ധ്യക്ഷനെയും അയാള്‍ ഇടിച്ചുവീഴ്ത്തി. ഭൂതങ്ങളെ ചെളിയില്‍ മുക്കിപ്പിടിക്കണം, അന്ന പറഞ്ഞു: അല്ലെങ്കില്‍അവ വീണ്ടും ആക്രമിക്കും. പിന്നെ ഒരു പരുന്തായി മാറി അപ്പന്‍ നിങ്ങളെയുംകൊണ്ട് ഇങ്ങോട്ടു പറന്നു. അപ്പനെപ്പോലെ അവള്‍ക്കും ലേശം തരക്കേടുണ്ടെന്ന് സഞ്ജയന്‍ വിചാരിച്ചു.

അന്ന വീണ്ടും കരയാന്‍ തുടങ്ങി. കണ്ണീര്‍വീണ് സഞ്ജയന്റെ നെറ്റിയില്‍ഒരു കൂണുകൂടി മുളച്ചു. അയാള്‍ പിന്നെയും പേടിച്ചു. പേടിക്കണ്ട, അന്ന പറഞ്ഞു: മെഴുകുതിരികൾ ഊതിക്കെടുത്തിയിട്ട് ഇരുട്ടും അവളും സഞ്ജയനെ ഉമ്മവെച്ചു. *എനിക്കു വേണ്ടി വസ്ത്രങ്ങളഴിക്കുമ്പോൾ ഒരു അപ്പക്കഷണം പോലെ നീയെന്റെ കൈകളിലൊതുങ്ങുന്നു, നിഴലിനേക്കാൾ നന്നായി നീയെന്റെ ശരീരത്തിനടിയിലൊതുങ്ങുന്നു – അയാള്‍ കണ്ണടച്ച് അനങ്ങാതെ കിടന്നു. ഇലകളുടെ ഒരു മഴയില്‍പ്പെട്ടതുപോലെ അയാള്‍ക്കുതോന്നി. ഏറെക്കഴിഞ്ഞിട്ടും മഴ തോരാതെ വന്നപ്പോള്‍ അയാള്‍ പതുക്കെ കണ്ണതുറന്നു നോക്കി. അന്നയ്ക്കു പകരം ഒറ്റച്ചിറകുള്ള തത്ത അടുത്തിരുന്ന് തന്റെ നെറ്റിയില്‍കൊത്തുന്നതാണ് അയാള്‍ കണ്ടത്. അയാള്‍ക്ക് ദേഷ്യം വന്നു.

jayakrishnan , novel, iemalayalam

പെട്ടെന്ന് അന്ന നിലവിളിച്ചു. സഞ്ജയന്‍ ചാടിയെഴുന്നേറ്റു. ജനലിനടുത്തുനിന്ന് നഗരസഭാദ്ധ്യക്ഷനും വനിതാകൗൺസിലറും അവരെനോക്കി അര്‍ത്ഥം വെച്ച് ചിരിക്കുകയായിരുന്നു. അവരും ഭൂതങ്ങളും കൂടി ജനല്‍ ചാടിക്കടന്നു വന്ന് അന്നയെ പിടികൂടി. ഊന്നുവടിയില്‍നിന്ന് കാലുകളില്ലാത്ത അവളുടെ ശരീരം നിലത്തേക്ക് കുമിഞ്ഞു. വനിതാമെമ്പര്‍ അറ്റത്ത് മോതിരം കെട്ടിയ ഒരു നൂല് അവളുടെ വായില്‍ തിരുകി. നൂലും കടിച്ചുപിടിച്ച് വീടിനു പുറത്തുള്ള തരിശുനിലത്തൂടെ അന്ന ഇഴഞ്ഞു നടന്നു. ഒരിടത്തെത്തിയപ്പോള്‍ മോതിരം ഭ്രാന്തമായി കറങ്ങാന്‍തുടങ്ങി. കിണറു കുഴിക്കാൻ പറ്റിയ സ്ഥലം, അദ്ധ്യക്ഷൻ വിളിച്ചുപറഞ്ഞു. വനിതാ കൗൺസിലറും ഭൂതങ്ങളും ആര്‍പ്പുവിളിച്ചു. എഞ്ചിനീയറും കരാറുകാരനും ഭീകരരൂപികളായ യന്ത്രങ്ങളുടൊപ്പം പ്രത്യക്ഷപ്പെട്ടു. വേഷം മാറിയ ഭൂതങ്ങളായിരുന്നു അവയും. ഭൂതങ്ങള്‍ നിലം കുഴിക്കാന്‍ തുടങ്ങി. സഞ്ജയന്റെയും അന്നയുടെയും മേല്‍ മണ്ണും ചെളിയും വന്നടിഞ്ഞു. മണ്ണിനടിയില്‍നിന്ന് കരിയിലകളും തൂവല്‍ കൊഴിഞ്ഞ ഒരു പരുന്തും പറന്നുപൊങ്ങി.

അതിന് അന്നയുടെ അപ്പന്റെ കണ്ണുകളാണുള്ളതെന്ന് സഞ്ജയന്‍ കണ്ടു.

jayakrishnan , novel, iemalayalam

ഭൂമിക്കടിയില്‍ഇരുട്ടിന്റെ ഒരു നദിയുണ്ട്. രാത്രിയില്‍ആ നദി ആകാശത്ത് നിഴലിക്കും. മരിച്ചവര്‍ നേരെ ആ നദിയിലേക്കാണ് ചെല്ലുക. നദിയില്‍ അവര്‍മുഖം നോക്കും. മുഖം തെളിഞ്ഞാല്‍ രക്ഷപ്പെട്ടു. അവര്‍ക്ക് ചിറകുകള്‍ മുളയ്ക്കും. ഇല്ലെങ്കിലോ, അവര്‍ പിന്നെയും താണുപോകും. ഇരുട്ടിന്റെ നദിക്കടിയില്‍ഭൂതങ്ങളുടെ ചെളിനിറഞ്ഞ നദിയൊഴുകുന്നുണ്ട്. മരിച്ചവരുടെ രൂപം അതില്‍തെളിഞ്ഞാല്‍ അവര്‍ ഭൂതങ്ങളായി മാറും.

രണ്ടു നദിയിലും നമ്മുടെ മുഖം തെളിഞ്ഞില്ലെങ്കിൽ എന്തുണ്ടാകുമെന്നോ? എനിക്കറിയില്ല. രണ്ടു നദിയിലും പ്രതിഫലിക്കാത്തവര്‍ ഒരുപക്ഷേ, കഥയില്‍മരിക്കുന്നവരായിരിക്കാം; അവര്‍തിരിച്ചുവരും.

മണ്ണിനടിയിലെ കറുത്ത നദിയില്‍നിന്നാണ് കിണറ്റിലെയും പുഴയിലെയുമെല്ലാം വെള്ളം ഉറവെടുക്കുന്നത്. പിന്നെയും ആഴ്ത്തിക്കുഴിച്ചാൽ കിണര്‍ ഭൂതങ്ങളുടെ ചെളിപ്പുഴയിലെത്തും, ഭൂതങ്ങള്‍ കിണറിലൂടെ ഉയർന്നുവരികയും ചെയ്യും. ആഴമേറിയ കിണര്‍, ഭൂതങ്ങളുടെ ഇടനാഴിയാണ്. അവയിലിറങ്ങിയാല്‍വെയിലിനുപോലും ചെളിപിടിക്കും. അവയെ ഒരിക്കലും വിശ്വസിക്കരുത്.

jayakrishnan , novel, iemalayalam

ഒരിടത്തൊരു ദുഷ്ടനുണ്ടായിരുന്നു. കിണറുകളുടെ ആഴംകൂട്ടി അയാള്‍ഭൂതങ്ങളെ പുറത്തുകൊണ്ടുവന്നു. രാത്രി, അയാള്‍ ആരുമറിയാതെ കിണറ്റിലിറങ്ങും. എന്നിട്ട് കിണറിന്റെ ആഴം കൂട്ടും. അതിലൂടെ ഭൂതങ്ങള്‍പുറത്തുവരും. അങ്ങനെ ഭൂമിയില്‍ ഭൂതങ്ങള്‍ നിറഞ്ഞു.

അങ്ങനെയിരിക്കെ മഴപെയ്തു. മഴയത്ത് ഒരു പെൺകുട്ടി ഒറ്റയ്ക്കുനടന്നു. ഒരാൾ ഒറ്റയ്ക്കു നടക്കുമ്പോള്‍ മരണവും ഒപ്പം നടക്കും, അവള്‍ വിചാരിച്ചു. ശരിയായിരുന്നു; ഒപ്പം നടന്നു കൊണ്ട് മരണം അവളോട് കഥകൾ പറഞ്ഞു.

മരണത്തിന്റെ കഥകൾ എങ്ങനെയാണ് ഞാൻ നിനക്കു പറഞ്ഞു തരിക?

രാത്രി. മണ്ണിനടിയിലെ നദി ആകാശത്ത് നിഴലിച്ചു. കുറച്ചുദൂരം കൂടിനടന്നപ്പോൾ രണ്ടുപേർ നിലംതൊടാതെ നില്‍ക്കുന്നത് അവള്‍കണ്ടു. അവരുടെ മുഖം ഇരുട്ടുപോലെ കറുത്തിരുന്നു. **പുകകൊണ്ടുണ്ടാക്കിയ പഴുതാരയെപ്പോലുള്ള മറവിയുമായി മൽപ്പിടുത്തം നടത്തിയതുപോലെ അവരുടെ കൈകളും കറുത്തിരുണ്ടിരുന്നു. സംശയമില്ല, മന്ത്രവാദികളായിരുന്നു അവർ. ഇരുട്ടിന്റെ നദി പറഞ്ഞയച്ചതായിരുന്നു അവരെ.

ഞങ്ങള്‍കാറ്റും വെള്ളവുമാണ്, മന്ത്രവാദികള്‍ പെൺകുട്ടിയോടു പറഞ്ഞു: ഭൂതങ്ങളെ പുറത്തുകൊണ്ടു വരുന്നവനെ ഇല്ലാതാക്കാന്‍ നീ ഞങ്ങളെ സഹായിക്കണം.

jayakrishnan , novel, iemalayalam

അവർ, അവൾക്ക് ഒരു കയര്‍ കൊടുത്തു. മന്ത്രശക്തിയുള്ള കയറാണെന്ന് പറയേണ്ടതില്ല. കയറുമായി പെൺകുട്ടി കിണറ്റിനടുത്തെത്തി. കിണറിലിറങ്ങിനിന്ന് അതിന്റെ ആഴംകൂട്ടുകയാണ് ഭൂതങ്ങളെ പുറത്തുകൊണ്ടുവരുന്ന ദുഷ്ടൻ. അവൾ കയറിന്റെ അറ്റത്ത് ഒരു കുടുക്കിട്ട് കിണറ്റിലേക്ക് താഴ്ത്തി. ദുഷ്ടന്‍ കുടുക്കിനുള്ളില്‍പ്പെട്ടു. അയാളെ വലിച്ചുയര്‍ത്താന്‍ നോക്കുകയാണ് പെൺകുട്ടി. ദുഷ്ടന്‍ മഹാതടിയനുമാണ്. പോരാത്തതിന് ഭൂതങ്ങളും അവന്റെ സഹായത്തിനെത്തി. അവ കൂട്ടത്തോടെ കുട്ടിയെ കടിക്കുകയും മാന്തുകയും ചെയ്തു. ഒടുവില്‍ കുട്ടി ദുഷ്ടനെ വലിച്ചുപുറത്തിട്ടു. കാറ്റും വെള്ളവും വന്നെത്തി. കാറ്റ് ഭൂതങ്ങളെ ഊതിപ്പറപ്പിച്ചു. വെള്ളം ദുഷ്ടനെ മുക്കിക്കൊന്നു. പക്ഷേ അപ്പോഴേക്കും ദുഷ്ടന്റെയും ഭൂതങ്ങളുടെയും കൂടോത്രം കാരണം പെൺകുട്ടിയുടെ കാലുകള്‍തളര്‍ന്നുപോയിരുന്നു.

ചില കഥകളെന്താണ് ഇങ്ങനെയവസാനിക്കുന്നത്? ആ പെൺകുട്ടിയുടെ കാലുകള്‍ ദുർമന്ത്രവാദം ചെയ്ത് അവര്‍ തളർത്തുന്നതിനു മുമ്പുതന്നെ കഥ തീര്‍ന്നാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ഒരുപക്ഷേ, കഥ തീര്‍ന്നിട്ടുണ്ടാവില്ല. അവസാനിക്കാത്ത കഥയില്‍ നഷ്ടപ്പെട്ട കാലുകള്‍ക്കു പകരം അവള്‍ക്ക് ചിറകുകൾ മുളച്ചിട്ടുണ്ടാവും. അവള്‍ പറന്നുനടക്കുന്നത് നമ്മൾ കാണുന്നില്ലന്നേയുള്ളൂ.
………………………………………

  • When you undress for me with your eyes closed
    You fit between my hands like my daily bread
    You fit beneath my body more neatly than its shadow.
  • Roque Dalton – Looking for Trouble
  • * Tonight I have black hands, a sweaty heart
    Asif I’d just wrestled into oblivion the centipede of smoke.
  • Julio Cortazar – Save Twilight

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal chapter 12