scorecardresearch

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ അധ്യായം പതിനൊന്ന്

” ഭൂതങ്ങൾ ദുഃസ്വപ്നങ്ങളെയും ഇലകൾ കഥകളെയും കൊണ്ടുവന്നു. കഥകളിലൂടെയും ദുഃസ്വപ്നങ്ങളിലൂടെയും ഒരേസമയം അയാൾ നടന്നു. “ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ പതിനൊന്നാം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

കഥകൾ, ചിത്രങ്ങൾ- കാവൽദേവതകളുടേത്

jayakrishnan , novel, iemalayalam

ഉറക്കത്തിൽ, മങ്ങിയ വെളിച്ചത്തിൽ, ചിറകുള്ള ഒരു പെൺകുട്ടിയെ കണ്ടാൽ തീർച്ചയാക്കാം, അവൾ നിന്റെ കാവൽ ദേവതയാണ്. പണ്ട് ഓരോ മനുഷ്യനും സ്വന്തമായി ഓരോ ദേവതയുണ്ടായിരുന്നു. പിന്നെ മനുഷ്യരുടെ സ്വപ്നങ്ങളിൽ കരിപിടിച്ചു. കരിഞ്ഞ ഇരുട്ടിൽ കഥകൾ കൊണ്ട് അവർ മറ്റൊരു ലോകം മെനഞ്ഞു. അതവർക്ക് ഒളിക്കാനുള്ള ഒരിടം മാത്രമായിരുന്നു. മറ്റുള്ളവരോടുള്ള പകവെയ്ക്കലുകളിൽ നിന്നും ദുഷ്ടതകളിൽ നിന്നും ഒളിച്ചിരിക്കാനുള്ള ഒരിടം. കാവൽദേവതകൾക്ക് കാര്യം മനസ്സിലായി. അവർ കഥകളിൽ നിന്ന് മനുഷ്യരെ പുറത്താക്കി. അങ്ങനെ മനുഷ്യർക്ക് കഥയുടെ നീലനദിക്കു പകരം അപവാദത്തിന്റെ അഴുക്കുചാൽ കിട്ടി. കുട്ടികൾ മാത്രം അപ്പോഴും കഥയിലൂടെ നീന്തി. അവർക്ക് പിന്നിൽ കാവൽ ദേവതകൾ സങ്കടത്തോടെ ചിറകടിച്ചു.

നിനക്ക് മനസ്സിലാകുന്നുണ്ടോ എന്തോ. ഏതായാലും ഉറങ്ങുന്നതിനുമുമ്പ് ഒരു കൊച്ചു കാവൽ ദേവതയുടെ കഥ കേട്ടോളൂ. ഒരിക്കൽ ഒരാൾ ഒരു ദുർമന്ത്രവാദിനിയുടെ കൂടോത്രം കൊണ്ട് പൂമ്പാറ്റയായിത്തീർന്നു. മറ്റാരുമാ യിരുന്നില്ല, അയാളുടെ സഹോദരി തന്നെയായിരുന്നു ദുർമന്ത്രവാദിനി. പൂമ്പാറ്റകളെ ഒരു പുസ്തകത്തിൽ തറച്ചുവെയ്ക്കുന്നതായിരുന്നു അവളുടെ വിനോദം.

jayakrishnan , novel, iemalayalam

ഭാഗ്യംകൊണ്ട് സൂചിതറയ്ക്കുന്നതിനു മുമ്പ് അയാളവളുടെ കൈയിൽ നിന്ന് പറന്നു രക്ഷപ്പെട്ടു. മാത്രമല്ല, നല്ല പൂമ്പാറ്റയായാണ് അയാൾ മാറിയത്. അയാൾക്ക് കറുത്ത ചിറകുകളോ ചിറകിൽ കണ്ണുകളോ ഇല്ലായിരുന്നു. പോക്കുവെയിലിന്റെ മഞ്ഞയിലൂടെ മനുഷ്യപ്പൂമ്പാറ്റ പറന്നു നടന്നു. മഴപെയ്യാന്തുടങ്ങി. ചിറക് നനയാതിരിക്കാൻ അയാൾക്ക് ഒരിടം വേണമാ യിരുന്നു. അപ്പോൾ പച്ചനിറത്തിലുള്ള ഒരു കൂണു കണ്ടു. അതിന്റെ ചുവട്ടിൽ മാത്രം മഴയില്ലായിരുന്നു. അവിടെ വിരലോളം പോന്ന ഒരു പെൺകുട്ടി കരഞ്ഞു കൊണ്ടുനിന്നു. നീയെന്തിനാണ് കരയുന്നത്? പൂമ്പാറ്റ ചോദിച്ചു. പെൺകുട്ടിയുടെ ചിറകുകൾ ഒരു ദുർമന്ത്രവാദിനി മോഷ്ടിച്ചു കൊണ്ടുപോയി രുന്നു. ദുർമന്ത്രവാദിനി സ്നേഹത്തോടെ അവളോടടുത്തുകൂടിയതാണ്. *നിന്റെ കൈക്കുമ്പിളിൽ ഒരു മിന്നാമിനുങ്ങ് പേടികൂടാതെ മിന്നുകയും കെടുകയും ചെയ്യും, മന്ത്രവാദിനി പറഞ്ഞു. രാത്രി, അവളുറങ്ങിയപ്പോൾ ദുർന്ത്രവാദിനി ചിറകുകളെടുത്തു കൊണ്ടുപോയി. പൊയ്‌പ്പോയ ചിറകുകളെയോർത്ത് പെൺകുട്ടി കരഞ്ഞു. കണ്ണീര് വീണിടത്ത് പച്ചക്കൂണുകൾ മുളച്ചു.

മനുഷ്യപ്പൂമ്പാറ്റ അവളെ സമാധാനിപ്പിച്ചിട്ട് ചിറകുകളന്വേഷിച്ച് യാത്രയായി. അതൊരു ചൊവ്വാഴ്ച രാത്രിയായിരുന്നു. ദുർമന്ത്രങ്ങളുടെ രാത്രി. ഒറ്റയ്ക്കു ചെന്നാൽ ദുർമന്ത്രവാദിനി തന്റെ കഥ കഴിക്കുമെന്ന് പൂമ്പാറ്റയ്ക്കറിയാം. പൂമ്പാറ്റ മിന്നാമിനുങ്ങുകളെ കൂട്ടിനു വിളിച്ചു. ഏറെനേരത്തെ അന്വേഷണത്തിനൊടു വിൽ അവർ ദുർമന്ത്രവാദിനിയെ കണ്ടെത്തി.

jayakrishnan , novel, iemalayalam

നിലംപറ്റിക്കിടന്ന ഒരു കരിയിലയുടെ അടിയിലുള്ള കുഴിയിൽ ഒളിച്ചിരിക്കുകയാ യിരുന്നു മന്ത്രവാദിനി. അവൾ പെൺകുട്ടിയുടെ ചിറകുകൾ തന്റെ മുതുകിലൊ ട്ടിച്ചു വെച്ചിരുന്നു. പൂമ്പാറ്റകളുടെ ജഡങ്ങൾ തറച്ചുവെച്ച ഒരു പുസ്തകം മുന്നിൽ തുറന്നുകിടന്നു. ചിറക് തിരിച്ചു വാങ്ങാൻ വന്ന മനുഷ്യപ്പൂമ്പാറ്റയെയും മിന്നാമിനുങ്ങുകളെയും കണ്ട് അവൾ പേടിച്ചു. ഇനി ചിറകുകൾ മുതുകിൽ നിന്നു വേർപെടുത്തിയാൽ അവളുടെ ജീവനും പോകും. പൂമ്പാറ്റയുടെ മനസ്സലിഞ്ഞു. ദുർമന്ത്രവാദിനിയാണെങ്കിലും ദുഷ്ടയാണെങ്കിലും സ്വന്തം സഹോദരിയല്ലേ? അവളെ കൊല്ലാൻ അയാൾക്കു മനസ്സുവന്നില്ല. അയാൾ തിരിച്ചുപറന്നു. കരഞ്ഞുകൊണ്ടിരുന്ന പെൺകുട്ടിക്ക് അയാൾ തന്റെ പൂമ്പാറ്റച്ചിറകുകൾ നൽകി. ഉടനെ അയാൾ പഴയപടി മനുഷ്യനായി മാറി.

നീയുറങ്ങിക്കഴിഞ്ഞു. അല്ലെങ്കിൽ ചോദിച്ചേനെ, പൂമ്പാറ്റയാകുന്നതാണോ മനുഷ്യനാകുന്നതാണോ നല്ലതെന്ന്. ഏതായാലും ആ പെൺകുട്ടി ഒരു ദേവതയായിരുന്നു. പിന്നീട് അവളാ മനുഷ്യനെ എല്ലാ ആപത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ടാകും. ഇപ്പോഴും അതുപോലുള്ള കാവൽദേവതകളുണ്ടായി രിക്കാം. അവരെ ഞാനറിയില്ലെന്നു മാത്രം. എന്റെ ഇരുണ്ട ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളത് കാവൽ ഭൂതങ്ങളെയാണ്. സാരമില്ല, പൂമ്പാറ്റച്ചിറകുകൾ മുളച്ച് അവരും നല്ലവരായിത്തീരും, ഒരിക്കൽ.

jayakrishnan , novel, iemalayalam

മേഘയുടെ അച്ഛന്റെ കൂടെയിരുന്ന് സഞ്ജയൻ കുടിച്ചു. മേഘ വീട്ടിലില്ലായിരുന്നു. അവൾ പുസ്തകക്കച്ചവടക്കാരനെ കാണാൻ പോയതാകു മെന്ന് സഞ്ജയൻ വിചാരിച്ചു. വീട്ടിനകത്തെ കണ്ണാടിയിൽ മരിച്ച കുട്ടിയുടെ മറ്റാർക്കും കാണാനാകാത്ത മുഖം ചിരിച്ചുകൊണ്ടു തെളിഞ്ഞു. സഞ്ജയൻ ഒരു തുണിയെടുത്ത് കണ്ണാടി മറച്ചു. നീയെന്തിനാണെന്റെ കണ്ണാടി മറയ്ക്കുന്നത്? പഴകി ഒച്ചയടച്ച പാട്ടുപകരണം മീട്ടിക്കൊണ്ട് മേഘയുടെ അച്ഛൻ തുരുമ്പു പിടിച്ച സ്വരത്തിൽ പാടി: എന്റെ പൂക്കളെല്ലാം കണ്ണാടിയിലെ നിഴലുകൾ മാത്രം. എന്നിട്ടും നീയെന്തിനാണെന്റെ പൂക്കളെ മറയ്ക്കുന്നത്? ഒറ്റയ്ക്കായപ്പോളൾ മരിച്ചുപോയ ഭാര്യയുടെയും പേരക്കുട്ടിയുടെയും ഓർമകൾ അവരുടെ രൂപത്തിൽ വീടു മുഴുവൻ നടക്കുന്നതുപോലെ തോന്നിയതു കൊണ്ടാണ് അയാൾ മദ്യപിച്ചത്. അത് തോന്നലല്ലെന്നും കഥയിൽ മരിച്ച അവർ തിരിച്ചുവന്നതാണെന്നും സഞ്ജയൻ പറഞ്ഞു. അയാളതു കേട്ടില്ല.

jayakrishnan , novel, iemalayalam

കുറച്ചു കഴിഞ്ഞപ്പോൾ സഞ്ജയനും മദ്യപിക്കാൻ തുടങ്ങി. വറ്റിപ്പോയ നദിയിലൂടെ ഭൂതങ്ങൾക്ക് വേഗം യാത്രചെയ്യാനുള്ള ഒരു നിരത്ത് പണിയാൻ കൂട്ടുനിന്നില്ലെങ്കിൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന് നഗരസഭാദ്ധ്യക്ഷൻ ഭീഷണിപ്പെടുത്തിയതു മറക്കാനാണ് അയാൾ കുടിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടുപേർക്കും കഷ്ടപ്പാടുകൾ പരസ്പരം മാറിപ്പോയതുപോലെ തോന്നി. മരിച്ചുപോയ ഭാര്യയെയും പേരക്കുട്ടിയെയും കുറിച്ചോർത്ത് സഞ്ജയൻ കരഞ്ഞു. മോഹഭംഗവും രണ്ടുതരം വരട്ടുചൊറികളും അയാളെ അലട്ടി. നഗരസഭാദ്ധ്യക്ഷൻ കോഴിത്തലയുള്ള ഭൂതത്തിന്റെ രൂപത്തിൽ വന്നു നൃത്തം ചെയ്യുന്നതുകണ്ട് മേഘയുടെ അച്ഛൻ പേടിച്ചു നിലവിളിച്ചു. അയാളുടെ കൈതട്ടി സംഗീതോപകരണം നിലത്തുവീണു. ഒരു ചീവീട് അതെടുത്ത് വായിക്കാൻ തുടങ്ങി. ശ്മശാനത്തിൽ നിന്ന്, മരിച്ചുപോയവരുടെ ആത്മാക്കൾ പാട്ടു കേൾക്കാൻ പുകപോലെ ഉയർന്നു വന്നു. നീണ്ട മുടികൊണ്ട് മുഖം മറച്ച ഒരു സ്ത്രീയുടെ ആത്മാവ് നിർവികാരയായി ഇരിക്കുന്നത് സഞ്ജയൻ കണ്ടു. അത് മേഘയുടെ അമ്മയായിരുന്നു. കഥയിലല്ല അവർ മരിച്ചതെന്ന് അയാൾക്കപ്പോൾ മനസ്സിലായി.

മദ്യക്കുപ്പിയിൽ നിറയെ ചുവപ്പുനിറമുള്ള ഭൂതങ്ങളായിരുന്നു. അതിൽ ചേർക്കാൻ കൊണ്ടുവെച്ച വെള്ളത്തിലാകട്ടെ, സുതാര്യമായ നീലയിലകളും. വെള്ളം ചേർത്ത മദ്യം കുടിക്കുമ്പോൾ ഇലകളും ഭൂതങ്ങളും ഉള്ളിലേക്കു കടക്കുന്നത് സഞ്ജയനറിഞ്ഞു. ഭൂതങ്ങൾ ദുഃസ്വപ്നങ്ങളെയും ഇലകൾ കഥകളെയും കൊണ്ടുവന്നു. കഥകളിലൂടെയും ദുഃസ്വപ്നങ്ങളിലൂടെയും ഒരേസമയം അയാൾ നടന്നു. മേഘയുടെ അച്ഛൻ കരയുന്നതു നിർത്തിയിട്ട് ചീവീടിന്റെ കൈയിൽ നിന്നു പാട്ടുപകരണം പിടിച്ചുവാങ്ങി. തുരുമ്പിച്ച ശബ്ദത്തിൽ അയാൾ പാടാന്തുടങ്ങിയപ്പോൾ ആത്മാക്കൾ പുകപോലെ മറഞ്ഞു. പകരം കീരിയുടെ വാലുള്ള ഒരുകൂട്ടം ഭൂതങ്ങൾ മുന്നിൽ സ്ഥലം പിടിച്ചു. ഭൂതങ്ങൾക്കിടയിൽ അയാളെ തനിച്ചാക്കി സഞ്ജയൻ വീടിനുപുറത്തിറങ്ങി.** വീടുകളെല്ലാം തുപ്പുകയും പല്ലിറുമ്മുകയും ഉമ്മവെക്കുകകയും ചെയ്യുന്ന വായകളാണെന്ന് അയാൾക്കു തോന്നി.

jayakrishnan , novel, iemalayalam

പുറത്തു കാത്തുനിന്ന സൂര്യൻ അയാളെ ചുട്ടുപൊള്ളിച്ചു. അയാൾ മുടന്തിക്കൊണ്ട് വേഗത്തിൽ നടന്നു. സൂര്യൻ വിടാതെ പിന്തുടർന്നു. സഞ്ജയൻ ഇലകൾക്കും നിഴലുകൾക്കുമിടയിൽ ഒളിക്കാൻ നോക്കി. അവയ്ക്കുള്ളിലേക്കു കടന്ന് സൂര്യൻ അയാളെ വേട്ടയാടുന്നതു തുടർന്നു. വിയർത്തു തളർന്ന വയറ്റിനുള്ളിൽ നിന്ന് കരിയിലകളും കറുത്തഭൂതങ്ങളും ഛർദ്ദിയോടൊപ്പം പുറത്തു വരുന്നതും അവയുണ്ടാക്കിയ ചുഴലിക്കാറ്റിൽ താനും സൂര്യനും അകപ്പെട്ടു പോകുന്നതുമറിഞ്ഞ് അയാൾ ബോധമില്ലാത്ത ഉറക്കത്തിലേക്കു വീണു.

ഉണർന്നപ്പോൾ അയാളുടെ കാഴ്ചയുള്ള കണ്ണിൽ പച്ച നിറവും ക്ഷീണവും നിറഞ്ഞ മൂടൽമഞ്ഞ് പുകഞ്ഞു നിന്നു. മഞ്ഞിൻ പാളികൾക്കിടയിൽ രണ്ട് മഞ്ഞപ്പൂമ്പാറ്റകൾ പരസ്പരം വലംവെച്ചു പറക്കുന്നത് അയാൾ കണ്ടു. ഇയാൾ മരിച്ചിട്ടില്ല, അപ്പാ. അയാൾക്കരികിൽ നിന്ന് ഒരു നേർത്ത ശബ്ദം പറഞ്ഞു. മിണ്ടാതിരിക്ക്, ദൂരെനിന്ന് വേറൊരാൾ മുരണ്ടു: അയാൾ ചത്തുകഴിഞ്ഞു. ഇന്നുതന്നെ കുഴിച്ചിട്ടില്ലെങ്കിൽ അയാൾ ചീഞ്ഞുനാറാന്തുടങ്ങും. എന്നിട്ട് അയാൾ പിറുപിറുത്തു: * * * ജനിക്കുന്നതിനു മുമ്പേ ഞാനൊരുത്തനെ കൊന്നു. ഇനി അവനെ കുഴിച്ചിടണം, ആമേൻ!

jayakrishnan , novel, iemalayalam

ആ ശബ്ദം സഞ്ജയന് മനസ്സിലായി. ഭൂതങ്ങളെ അകറ്റാൻ പാട്ടുപാടാറുള്ള ഭ്രാന്തൻ ജോസഫായിരുന്നു അത്. സഞ്ജയൻ പേടിച്ചു നിലവിളിച്ചു. പക്ഷേ ഒച്ചയ്ക്കു പകരം വായിൽ നിന്ന് നീരാവിയും ഭൂതങ്ങളുമാണ് പുറത്തുവന്നത്. ആരുടെയോ തണുത്ത വിരലുകൾ തന്റെ മുഖത്തുതൊടുന്നത് അയാളറിഞ്ഞു. കണ്ണിൽ നിന്ന് മൂടൽമഞ്ഞു നീങ്ങിപ്പോയി. അടുത്ത്, പേടി നിഴലിച്ച കണ്ണുകളുമായി ഒരു പെൺകുട്ടി ഊന്നുവടികളിൽ താങ്ങി നിൽക്കുന്നത് അയാൾ കണ്ടു. അവളുടെ രണ്ടു കാലുകളും തളർന്നുപോയിരുന്നു. അപ്പാ, ഇയാൾ മരിച്ചിട്ടില്ല, പെൺകുട്ടി വീണ്ടും പറഞ്ഞു. അടുത്ത മുറിയിൽ ശവപ്പെട്ടി പണിയുകയായിരുന്ന ഭ്രാന്തൻ ജോസഫ് ഓടിവന്നു.

ശരിതന്നെ, അയാൾ നിരാശയോടെ പറഞ്ഞു: ഇനി ഈ ശവപ്പെട്ടി എന്തുചെയ്യും?

jayakrishnan , novel, iemalayalam

സഞ്ജയൻ വിയർക്കുന്നത് കണ്ടപ്പോൾ അയാൾ പേടിക്കേണ്ടെന്നു പറഞ്ഞു. ഭൂതങ്ങളെ അകറ്റാൻ പാട്ടുപാടുമ്പോൾ മാത്രമേ അയാൾക്ക് ഭ്രാന്തു വരാറുള്ളൂ. ഏതായാലും ആ ശവപ്പെട്ടി കുഴിച്ചുമൂടേണ്ടതുണ്ട്. പെൺകുട്ടി സഞ്ജയന്റെ തലയ്ക്കൽ കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്ന് ഉരുകിവീണ മെഴുകെടുത്ത് ശവപ്പെട്ടിയിൽ വച്ചു. എന്നിട്ട് അവൾ വിതുമ്പി. മെഴുകുരൂപത്തെ അടക്കം ചെയ്യാൻ സഞ്ജയൻ ഭ്രാന്തനെ സഹായിച്ചു. ജോസഫ് കരയുകയും പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

ഞാൻ അന്ന, പെൺകുട്ടി പതുക്കെ പറഞ്ഞു.

പിന്നെ അവൾ തന്റെ കഥപറഞ്ഞു. കരിയിലകൾക്കിടയിൽ നിന്ന് സൂര്യൻ കഥയിലേക്കിറങ്ങിവന്നു.

ആ കഥ മാത്രം സഞ്ജയൻ ഒരിക്കലും ആരോടും പറയുകയില്ല.
…………………………………

  • In the cage which her delicate
    hands have prepared,
    The captive Cucuya (firefly)
    Is shining unscared.
  • Juan Francisco Manzano – The Life and Poems of a Cuban Slave
  • * All the houses are mouths that
    Spit and gnash and kiss.
  • Miguel Hernandez – Poems
  • * * Amen.
    I killed a poem. Killed it, unborn. To hell with it-
    Let us bury it.
  • Andrei Voznesensky – The Sculptor of Candles

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal chapter 11