scorecardresearch
Latest News

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ അധ്യായം പത്ത്

” ഒരു കസേര കൂടി പ്രത്യക്ഷപ്പെട്ടു. മൂന്നു കാലേ ഉണ്ടായിരുന്നുള്ളൂ അതിന്. മാത്രമല്ല ആ കസേര മുറിയില്‍ചുറ്റി നടക്കാനും തുടങ്ങി “ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന “ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ” എന്ന നോവലിലെ പത്താം അധ്യായം

jayakrishnan , novel, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

കഥകള്‍, ചിത്രങ്ങള്‍- കറുത്തതൂവാലയിൽ വരച്ച വീടിന്റേത്.

jayakrishnan , novel, iemalayalam

വീട്ടിലെത്തിയപ്പോഴാണ് മേഘയുടെ കുട്ടിക്ക് സുഖമില്ലെന്ന് സഞ്ജയനറിഞ്ഞത്. അയാള്‍ അത്താഴം കഴിക്കാന്‍ നില്‍ക്കാതെ ഇറങ്ങി. ഒറ്റയ്ക്ക് അവിടെച്ചെല്ലാന്‍അയാള്‍ക്കെന്തോ പേടി തോന്നി. അല്ലെങ്കിലും പേടിക്കാൻ അയാള്‍ക്കധികം കാരണമൊന്നും വേണ്ട. നഗരത്തില്‍ചെന്ന് പുസ്തകവില്‍പ്പനക്കാരനെ കൂട്ടാൻ അയാള്‍തീരുമാനിച്ചു.

വാഹനങ്ങളുടെ കുരുക്കിലൂടെ അയാള്‍ക്ക് വളരെ ദൂരം നടക്കേണ്ടി വന്നു. മിഠായികളുടെ തെരുവ് മുറിച്ചുകടക്കുമ്പോള്‍ അയാള്‍ക്ക് വിശന്നു. അപ്പോള്‍കടലില്‍താഴുന്ന സൂര്യനു ചുറ്റും ഒരു പക്ഷി പറക്കുന്നത് അയാള്‍ കണ്ടു. അതൊരു ദുഃശകുനം പോലെ തോന്നി. കാരണം, പലപ്പോഴും *പക്ഷികൾ മരിച്ചവരുടെ തൂവലണിഞ്ഞ അവകാശികളാണ്.

jayakrishnan , novel, iemalayalam

പുസ്തകവില്‍പനക്കാരനെയും കൂട്ടി മേഘയുടെ വീട്ടിലെത്തിയപ്പോൾ രാത്രിയേറെച്ചെന്നിരുന്നു. സൂര്യനു ചുറ്റും പറന്ന പക്ഷി വീടിന്റെ മേല്‍ക്കൂരയിൽ ചിറകുകൾക്കുള്ളിൽ തലപൂഴ്ത്തിയിരിക്കുന്നുണ്ടായിരുന്നു. മേഘയും വ്യാപാരിയും പരസ്പരം നോക്കിയില്ല. മേഘ ഒരു കറുത്ത തൂവാലയെടുത്തു കൊണ്ടുവന്ന് സഞ്ജയനെ കാണിച്ചു. അതില്‍ ചോക്കുകൊണ്ട് ഒരു വീടിന്റെ ചിത്രം വരച്ചിട്ടുണ്ടായിരുന്നു. അവളുടെ കുട്ടിക്ക് സുഖമില്ലാതാകുന്നതിന് തലേദിവസം ആരോ വീടിനു മുമ്പില്‍കൊണ്ടിട്ടതായിരുന്നു അത്. തൂവാലയില്‍ പതിമൂന്നു ചിത്രങ്ങള്‍കൂടിയുണ്ടായിരുന്നു. അവ പിറ്റേന്ന് കാണാതായി. വീടിൻറെ ചിത്രം മാത്രം തൂവാലയിൽ അവശേഷിച്ചു. ഏതായാലും അന്നുതന്നെ കുട്ടിക്ക് പനിക്കാന്‍തുടങ്ങി. ഡോക്ടര്‍മാര്‍ക്കാര്‍ക്കും അവന്റെ അസുഖമെന്താണെ് മനസ്സിലായില്ല.

jayakrishnan , novel, iemalayalam

മുന്നിലെ ശവപ്പറമ്പിൽനിന്ന് ആരുടേതുമല്ലാത്ത ഒരു പ്രാര്‍ത്ഥന ഉയര്‍ന്നു. ഇലകളില്ലാതെ കെട്ടുപിണഞ്ഞ മരക്കൊമ്പുകളില്‍ ഭൂതങ്ങള്‍ തൂങ്ങിക്കിടന്നു. ചെവിയോര്‍ത്തപ്പോൾ വീട്ടിനകത്തുനിന്നാണ് പ്രാര്‍ത്ഥന പുറപ്പെടുതെന്നു മനസ്സിലായി. പക്ഷേ പ്രാര്‍ത്ഥനയല്ലായിരുന്നു അത്. മേഘയുടെ അച്ഛന്‍അയാളുടെ തുരുമ്പുപിടിച്ച സ്വരത്തിൽ പാടുകയായിരുന്നു: **പാട്ടെന്നു പറഞ്ഞാലെന്താണ്? ഒരു പുകവലിക്കാരനൂതി വിടുന്ന മങ്ങിയ പുകവളയങ്ങൾ മാത്രം. മേഘയ്ക്കു ദേഷ്യം വന്നു. നിന്റെ മകന്‍പറഞ്ഞിട്ടാണ് ഞാന്‍പാടിയത്, അവളുടെ അച്ഛന്‍പറഞ്ഞു. കുട്ടി ശരിയാണെന്നു തലയാട്ടി. അവനാകെ ക്ഷീണിച്ചുപോയിരുന്നു. പക്ഷേ അവന്റെ ആര്‍ക്കും കാണാനാവാത്ത മുഖത്ത് ചിരി നിറഞ്ഞുനിന്നു. അവന്‍പിന്നെ മേഘയോട് തൂവാല ആവശ്യപ്പെട്ടു. അതില്‍ നോക്കിനിന്നപ്പോൾ അവന്റെ മുഖത്തുകൂടി ഭൂതങ്ങളുടെ നിഴലുകള്‍കടന്നുപോകുന്നുണ്ടായിരുന്നു. അവന് ദുഃസ്വപ്നപ്പനിയായിരിക്കണം, സഞ്ജയന്‍വിചാരിച്ചു. വിറയലും രണ്ടുതരം കുടൽമറിച്ചിലും അയാളെ ബാധിച്ചു. ദുഃസ്വപ്നപ്പനിയെപ്പറ്റി അച്ഛന്‍ പറഞ്ഞുതന്ന കഥ അയാളോര്‍ത്തു.

jayakrishnan , novel, iemalayalam

കഥയുടെ അപ്പുറത്ത് അച്ഛനും അമ്മയും അപ്പോൾ സഞ്ജയനെപ്പറ്റി പറയുകയായിരുന്നു. അവനൊരു കഥപറച്ചിലുകാരനാവും, അച്ഛന്‍പറഞ്ഞു. അവനിപ്പോള്‍ വിശക്കുന്നുണ്ടാകുമോ എന്തോ, അമ്മ വിഷമിച്ചു. സഞ്ജയനപ്പോള്‍ വല്ലാതെ വിശന്നു.

കുട്ടി സഞ്ജയന് തൂവാല കാണിച്ചുകൊടുത്തു. അതിന്റെ നടുക്ക് വരച്ചുവെച്ചിരുന്നത് വീടായിരുന്നില്ല, ഒരു കൂടാരമായിരുന്നു. കൂടാരത്തിനകത്ത് കാറ്റാടികൾ തിരിഞ്ഞുകൊണ്ടിരുന്നു. അതെവിടമാണെന്ന് സഞ്ജയന് മനസ്സിലായി. എന്നെ അവിടേക്ക് കൊണ്ടുപോകണം, കുട്ടി പറഞ്ഞു. ഈ രാത്രിയിലോ? മേഘ എതിര്‍ത്തു. കുട്ടി വാശിപിടിച്ച് കരയാന്‍തുടങ്ങി. കാറ്റാടിക്കാരന് ചില ഒറ്റമൂലികളറിയാമെന്ന് ഇക്ബാൽ പറഞ്ഞത് സഞ്ജയനോര്‍ത്തു. ചിലപ്പോള്‍ അയാളിവന്റെ പനി സുഖപ്പെടുത്തിയേക്കും, അയാള്‍ പറഞ്ഞു. മേഘ മനസ്സില്ലാമനസ്സോടെ കുട്ടിയെയും. കൊണ്ടിറങ്ങി. മരക്കൊമ്പുകളില്‍ തൂങ്ങിക്കിടന്ന ഭൂതങ്ങള്‍ ചുഴലിക്കാറ്റായി അകലേക്കു പറന്നു.

അതുവരെ കുട്ടിയുടെയടുത്തേക്കു വരാതിരുന്ന പുസ്തകക്കച്ചവടക്കാരൻ വഴിയിലെവിടെയോ വെച്ച് അപ്രത്യക്ഷനായി. അതിനുമുമ്പ് എപ്പോഴോ അയാള്‍പുസ്തകക്കടയിലേക്ക് വീണ്ടും വരണമെന്ന് മേഘയോട് സ്വരംതാഴ്ത്തിപ്പറഞ്ഞത് സഞ്ജയന്‍കേട്ടിരുന്നു.

മഴ പെയ്തു. നനയാതിരിക്കാന്‍ അവര്‍ ഇടിഞ്ഞു വീഴാറായ ഒരു വീട്ടിൽ കയറിനിന്നു. അകത്ത് തളംകെട്ടിയ വെള്ളത്തില്‍ ഒരു മത്സ്യം നീന്തി. അത് രണ്ടു മുഖമുള്ള ഒരു പക്ഷിയുടെ കഥ ഉരുവിട്ടുകൊണ്ടിരുന്നു. മുഖങ്ങളിലൊന്ന് മുഖംമൂടിയായിരുന്നു.

പിന്നീട് സഞ്ജയനാ കഥ ഒരിക്കല്‍ക്കൂടി ഓര്‍ക്കും.

കാറ്റാടിക്കാരന്‍ വീട്ടിലുണ്ടായിരുന്നു. സഞ്ജയന്റെ കൂടെ വരുന്നവരെക്കണ്ട് അയാള്‍ സ്തംഭിച്ചുനിന്നു. പിന്നെ അയാള്‍ഓടിവന്ന് കുട്ടിയെ വാരിയെടുത്തു. കുട്ടി വാവിട്ടുകരഞ്ഞു. പക്ഷേ, അവന്റെ മറ്റേമുഖത്ത് അപ്പോഴും ചിരിയായിരുന്നു.

അഞ്ഞൂറുവര്‍ഷം മുമ്പ് ഇവനെന്റെ മകനായിരുന്നു, കുട്ടിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് കാറ്റാടിക്കാരൻ പുലമ്പി.

കരയണോ ചിരിക്കണോ എന്ന് സഞ്ജയന് നിശ്ചയം വന്നില്ല. മേഘ പക്ഷേ പേടിച്ചുവിറച്ചു. കാറ്റാടിക്കാരനെ കടിക്കുകയും മാന്തുകയും ചെയ്തുകൊണ്ടിരുന്ന കുട്ടിയെ പിടിച്ചു പറിച്ചെടുത്ത് അവള്‍ തിരിഞ്ഞോടി. കാറ്റാടിക്കാരന്‍ അനങ്ങാതെ നിന്നു. പിന്നെ മുഖംപൊത്തിക്കരഞ്ഞുകൊണ്ട് കൂടാരത്തിലേക്കു കയറി.

മേഘയുടെ പിറകെ പോകണോയെന്ന് സഞ്ജയന്‍സംശയിച്ചു. എന്നാൽ അയാള്‍ കാറ്റാടിക്കാരന്റെയടുത്തേക്ക് ചെല്ലുകയാണുണ്ടായത്. കൂടാരത്തിനകത്ത് കരിയിലകളുടെ ഒരു ചുഴലിക്കാറ്റ് വീശുന്നുണ്ടായിരുന്നു. പക്ഷേ കാറ്റാടികള്‍ അനങ്ങിയില്ല. ചുവരിലെ പ്രാചീനഭൂപടങ്ങള്‍ അപ്രത്യക്ഷമായിരുന്നു. അകത്ത് കളിമണ്ണു കൊണ്ടുണ്ടാക്കിയ ഒരു കപ്പലിനരികെ കാറ്റാടിക്കാരന്‍ ബോധംകെട്ടുകിടന്നു.

jayakrishnan , novel, iemalayalam

മേഘയുടെ കുട്ടി മരിച്ചു. വീടിന്റെ പടമുള്ള കറുത്ത തൂവാലകൊണ്ട് മൂടി വെള്ളപ്പൂക്കളുള്ള ഒരു മരത്തിനു ചുവട്ടിൽ അവനെ അടക്കം ചെയ്തു. അവന്റെ മറ്റാര്‍ക്കും കാണാനാവാത്ത മുഖം മഴയുടെ കണ്ണാടിയില്‍നോക്കി കഥകള്‍പറയുന്നത് സഞ്ജയന്‍ കേട്ടു. മേഘയുടെയും അച്ഛന്റെയും കരച്ചിലുകള്‍മഴനനഞ്ഞ് മിന്നാമിനുങ്ങുകളായി കുഴിമാടത്തില്‍ പറന്നിറങ്ങുന്നതും നോക്കി അയാള്‍ രാത്രിയില്‍ തനിച്ചു നിന്നു. മഴയിലൂടെ, എന്നാൽ ഒട്ടും നനയാതെ കുട്ടി തിരിച്ചെത്തുന്നതു വരെ.

ദുഃസ്വപ്നപ്പനി വരാത്തവരായിട്ട് ആരാണുളളത്? അതിനു മരുന്നില്ല. രാത്രിയാവുന്നതുവരെ കാത്തിരിക്കുക. എന്നിട്ട് ആകാശം നോക്കുക. ആകാശത്തുനിന്ന് ഒരു കൊള്ളിമീന്‍ വീഴുന്നതു കണ്ടാല്‍ രക്ഷപ്പെട്ടു. ദുഃസ്വപ്നപ്പനിയുണ്ടാക്കിയ ഭൂതമാണ് കത്തിയെരിഞ്ഞ് താഴെ വീണത്. ഉടനെ പനി മാറും.

ദുഃസ്വപ്നപ്പനി പിടിച്ച ഒരു കുട്ടിയുടെ കഥ ഞാന്‍പറഞ്ഞുതരാം.

കുട്ടി ഒരു ദിവസം അമ്മ പറഞ്ഞതു കേള്‍ക്കാതെ ദൂരദിക്കിലേക്കു പോയി. ഇരുട്ടു വന്നു; കൂടെ പേടിയും. അപ്പോള്‍ ആരോ അവനെ പേരുചൊല്ലി വിളിച്ചു. അവന്‍ നാലുപാടും നോക്കി. ആരെയും കണ്ടില്ല. വീണ്ടും ആരോ അവനെ വിളിച്ചു. മണ്ണിനടിയില്‍ നിന്നാണ് ആ ശബ്ദം വന്നത്. കൈകള്‍കൊണ്ട് അവന്‍മണ്ണുമാന്തി. പൊടിക്കു പകരം നീലനിറമുള്ള ചീവീടുകള്‍ പറന്നുയര്‍ന്നു. അവ പാടിക്കൊണ്ടിരുന്നു: മരണം കാണാനാണ് നീ മണ്ണുമാന്തുന്നത്.

jayakrishnan , novel, iemalayalam

ഏറെനേരം മണ്ണുമാന്തിയപ്പോള്‍ അവന് ഒരു കറുത്ത തൂവാല കിട്ടി. അതില്‍ഒരു വീടിന്റെ ചിത്രം വരച്ചിട്ടുണ്ടായിരുന്നു. അവന്‍ വീടിന്റെ വാതില്‍തുറന്നു. അകത്ത് മണ്ണിന്റെ ഉടലുള്ള ഒരു മനുഷ്യന്‍ കിടപ്പുണ്ടായിരുന്നു. അയാളാണ് അവനെ വിളിച്ചത്. എന്റെ കഴുത്തു വരെ കളിമണ്ണായിക്കഴിഞ്ഞു, അയാള്‍പറഞ്ഞു: നീ സഹായിച്ചില്ലെങ്കില്‍ ഞാന്‍മുഴുവനും മണ്ണായി മാറും. സഹായിക്കാമെന്നു കുട്ടി സമ്മതിച്ചു. തന്നെ സഹായിക്കേണ്ടതെങ്ങനെയെന്ന് മൺമനുഷ്യൻ പറഞ്ഞു കൊടുത്തു: അടുത്തമുറിയില്‍പോയി ഉറങ്ങുക. ഉറക്കത്തില്‍ നീ ഒരു മൺപാത്രത്തെ സ്വപ്നം കാണും. അതു കണ്ടാലുടനെ സ്വപ്നം മതിയാക്കി നീ ഉണരണം. സ്വപ്നത്തിൽ കണ്ട മൺപാത്രം അപ്പോൾ നിന്റെയടുത്തുണ്ടാകും. മൂന്നുകല്ലുകള്‍കൊണ്ട് അടുപ്പുണ്ടാക്കി പാത്രം അതില്‍ വെക്കുക. എന്നെ പാത്രത്തിലിട്ട് അടുപ്പിൽ തീപിടിപ്പിക്കുക. അത്രയുംചെയ്താൽ മതി.

കുട്ടി അയാള്‍പറഞ്ഞതുപോലെ അടുത്ത മുറിയിൽച്ചെന്നു കിടന്നുറങ്ങി. പക്ഷേ സ്വപ്നത്തിൽ അയാള്‍പറഞ്ഞ മൺപാത്രത്തെ കണ്ടിട്ടും അവന്‍ ഉറക്കം മതിയാക്കിയില്ല. സ്വപ്നം തുടർന്നുപോയി. പാത്രത്തിനു ശേഷം ഒരു കസേര കൂടി പ്രത്യക്ഷപ്പെട്ടു. മൂന്നു കാലേ ഉണ്ടായിരുന്നുള്ളൂ അതിന്. മാത്രമല്ല ആ കസേര മുറിയില്‍ചുറ്റി നടക്കാനും തുടങ്ങി.

അനങ്ങാതെ നില്‍ക്ക്, സ്വപ്നത്തിൽ കസേരയുടെ പുറകെ ഓടിക്കൊണ്ട് കുട്ടി പറഞ്ഞു. കസേര ഓട്ടം നിര്‍ത്തിയില്ല. ***മുറിയുടെ പൊള്ളയായ ഏകാന്തതയിൽ അതിന്റെ കാലൊച്ച മുഴങ്ങി. ഓട്ടത്തിനിടയിൽ അത് കലം തട്ടിമറിച്ചു. കുട്ടി കലം നേരെവെച്ചിട്ട് കസേരയുടെ ഒരു കാലില്‍പിടികൂടി. ആ കാലിളകിപ്പോന്നു. രണ്ടു കാലില്‍ അത് ഓട്ടം തുടര്‍ന്നു. കുട്ടിക്ക് അടുത്ത കാലില്‍പിടുത്തം കിട്ടി. ആ കാലും ഊരിപ്പോന്നു. എന്നിട്ടും അത് ഓടി. ഒടുവില്‍ അവന്‍കസേരയുടെ ഒറ്റക്കാലില്‍കയറിപ്പിടിച്ചു. പെട്ടെന്ന് കസേര മണ്ണുടലുള്ള മനുഷ്യനായി മാറി. അയാള്‍കുട്ടിയെ കലത്തില്‍പിടിച്ചിട്ടു. എന്നിട്ട് വീടിന്റെ ചിത്രമുള്ള തൂവാലകൊണ്ട് കലത്തിന്റെ വായ കെട്ടി, അടുപ്പിൽ തീ കൊളുത്തി.

jayakrishnan , novel, iemalayalam

കുട്ടിയെ കാണാതെ അമ്മ തിരഞ്ഞു നടന്നു. ഒടുവില്‍ കൈയില്‍ ഒരു മൺപാത്രവുമായി കറുത്ത തൂവാലയിൽ തലവെച്ച് പനിച്ചു കിടക്കുന്ന അവനെ കണ്ടെത്തി. അമ്മ അവനെയും കൊണ്ട് രാത്രിയിലൂടെ നടന്നു. ഒരു കൊള്ളിമീന്‍പോലും വീണില്ല. രാത്രിയെ രാകുന്ന ചീവീടുകൾ പറഞ്ഞ കറുത്ത നിറമുള്ള കഥകൾ കേട്ടുകൊണ്ട് കുട്ടി മരിച്ചു.

ആ കഥകൾ ഒരിക്കലും ഞാൻ നിനക്കു പറഞ്ഞുതരില്ല.

കരയണ്ട. കഥയില്‍ മരിക്കുന്നവരാരും മരിക്കാറില്ല. അവര്‍തിരിച്ചുവരും. ദുഃസ്വപ്നങ്ങളും ഒരുതരം കഥകളാണ്. കഥകളെ വിശ്വസിക്കാന്‍പറ്റില്ല. പക്ഷേ ദുഃസ്വപ്നങ്ങളെ വിശ്വസിക്കാമോ? എനിക്കറിയില്ല. വലുതാകുമ്പോള്‍, കൂടുതല്‍വലിയ ദുഃസ്വപ്നങ്ങളെ ഉറക്കത്തിലും ഉണര്‍വിലും കാണാന്‍ തുടങ്ങുമ്പോള്‍നീയത് സ്വയം തീരുമാനിച്ചുകൊള്ളുക.
…………………………………………..

  • You nightingales in all the
    Woods of earth!
    Plumed heirs of a dead people.
  • Nelly Sachs – The Seeker and Other Poems
  • * What is verse? The aroma of hazy
    Rings exhaled by a cigarette smoker.
  • Irina Ratushinskaya – Poems
  • * * It’s as though we can
    hear their bare footsteps in
    hollow loneliness on the turf.
  • Eduard Kocbek – Nothing is Lost

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Jayakrishnan novel chitrakathayil avante bhoothangal chapter 10