scorecardresearch

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ-ജയകൃഷ്ണൻ എഴുതുന്ന നോവല്‍ ആരംഭിക്കുന്നു

"കരിയിലകൾക്കിടയിൽ നിന്ന് തിരികെ ആകാശത്തെത്താനാവാതെ സൂര്യൻ കുറെ കരഞ്ഞു നോക്കി; ആരും കേട്ടില്ല." ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന ആദ്യ നോവലിലെ ആദ്യ അധ്യായം

"കരിയിലകൾക്കിടയിൽ നിന്ന് തിരികെ ആകാശത്തെത്താനാവാതെ സൂര്യൻ കുറെ കരഞ്ഞു നോക്കി; ആരും കേട്ടില്ല." ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്ന ആദ്യ നോവലിലെ ആദ്യ അധ്യായം

author-image
Jayakrishnan
New Update
jayakrishnan , novel, iemalayalam

ചിത്രീകരണം : ജയകൃഷ്ണന്‍

കഥകൾ, ചിത്രങ്ങള്‍ ചുഴലിക്കാറ്റിലെ കരിയിലകളുടേത്

ചെറിയ ചുഴലിക്കാറ്റുകള്‍ ഭൂതങ്ങളാണ്. ചുഴലിക്കാറ്റുകളെ കണ്ടിട്ടില്ലേ? കരിയിലകളെ മാത്രമല്ല, അവയിലകപ്പെടുന്ന എല്ലാറ്റിനെയും അവ വട്ടംകറക്കും, പിടിച്ചുവിഴുങ്ങും- എല്ലാറ്റിനെയും.

Advertisment

ചുഴലിക്കാറ്റുകൾ ഭൂതങ്ങൾ മാത്രമല്ല, കള്ളന്മാരുമാണ്. നമ്മുടെ കഥയിലെ ചുഴലിക്കാറ്റും അങ്ങനെതന്നെ; അതുമൊരു ഭൂതമായിരുന്നു; കള്ളനും. മണ്ണിലെ സകലതും കട്ടുതീർന്നപ്പോൾ ചുഴലിക്കാറ്റ് സൂര്യനെ മോഷ്ടിച്ചു.

ഇങ്ങനെയാണ് അതു സംഭവിച്ചത്:

ആകാശത്തിലൂടെ പറക്കുന്നതിനിടയിൽ സൂര്യൻ താഴേക്കു നോക്കി: താഴെ നിഴലുകള്‍ക്കിടയിൽ കറങ്ങുന്ന ചുഴലിക്കാറ്റുകൾ, വട്ടം ചുറ്റുന്ന കരിയിലകൾ, കൊഴിഞ്ഞു വീഴുന്ന മഞ്ഞയിലകൾ… ചാരത്തിന്റെയും മഞ്ഞയുടെയും ആ നൃത്തം സൂര്യനെ കൊതിപ്പിച്ചു. സൂര്യന്‍ താഴേക്കിറങ്ങി വന്നു. ഭൂതക്കാറ്റിന് നല്ല തക്കമായി. അത് സൂര്യനെ പിടികൂടി. സൂര്യന്‍ മേലോട്ടുയര്‍ന്നു; താഴേക്കു വീണു; വട്ടം കറങ്ങി. സൂര്യന്‍ നിലവിളിച്ചു. ആരും കേട്ടില്ല; ആകാശത്തിൽ പറന്നുനടന്ന് സന്ധ്യക്ക് തളരുമ്പോൾ മീന്‍വലകളുടെയും സ്രാവുകളുടെയും കണ്ണിൽപ്പെടാതെ കടലിൽ താണിറങ്ങിയുറങ്ങാറുണ്ടായിരുന്ന സൂര്യൻ പിറ്റേന്ന് നേരം വെളുത്തപ്പോൾ കരിയിലകൾക്കുള്ളിൽ പുതഞ്ഞു കിടക്കുകയായിരുന്നു. ആകാശത്തേക്കുള്ള വഴിയറിയില്ലായിരുന്നു അതിന്. ചുഴലിക്കാറ്റ് കട്ടുകൊണ്ടു വരുന്ന ആഹാരം കഴിച്ചും അതു പറയുന്ന കളവിന്റെ കഥകൾ കേട്ടും സൂര്യൻ കരിയിലകൾക്കിടയിൽ തടവുകാരനായിക്കിടന്നു.

jayakrishnan , novel, iemalayalam

കരിയിലകൾക്കിടയിൽ നിന്ന് തിരികെ ആകാശത്തെത്താനാവാതെ സൂര്യൻ കുറെ കരഞ്ഞു നോക്കി; ആരും കേട്ടില്ല.

Advertisment

അടുത്തൊരിടത്ത് ഒരു മനുഷ്യനുണ്ടായിരുന്നു. മിക്ക മനുഷ്യരെയും പോലെ മടിയനായിരുന്നു അയാളും. ഉറങ്ങുക മാത്രമായിരുന്നു അയാളുടെ പണി. അന്നും അങ്ങനെ അയാൾ കിടന്നുറങ്ങി - ഒരു മരത്തിന്റെ തണലിൽ . തണലിന്റെ വീട്. തണലിന്റെ തണുപ്പ്. അതിൽ കിടന്ന് അയാളുറങ്ങി. ഉറക്കത്തിൽ സ്വപ്നം കണ്ടു:

അയാൾ വീട്ടിനകത്തായിരുന്നു. അടുപ്പിൽ ഒരു തീനാളം കെടാതെ നിന്നു. മഴ പെയ്തു. *മഴയുടെതണുത്ത കൈകൾ തന്നെ മുക്കിക്കൊല്ലുമെന്ന് അയാൾ പേടിച്ചു.ആരും അകത്തു വന്നില്ല. ആരെയും പുറത്തു കണ്ടതുമില്ല. ഒറ്റയ്ക്കാവുക മരണമാണ്, അയാള്‍സ്വയം പറഞ്ഞു. സ്വപ്നത്തിലെ തീനാളം അയാൾ പറഞ്ഞത് ആവർത്തിച്ചു.

jayakrishnan , novel, iemalayalam

അപ്പോഴാണ് അയാൾ സൂര്യന്റെ കരച്ചിൽ കേട്ടത്. അയാളുണർന്നു. കരിയിലകൾക്കിടയിൽ നിന്നാണ് കരച്ചിൽ കേൾക്കുന്നതെന്ന് അയാൾക്കു മനസ്സിലായി. **അയാൾക്ക് സൂര്യനെയല്ല, കരച്ചിലിനെ മാത്രമേ കണ്ടെത്താനായുള്ളൂ. കരച്ചിലിനെയല്ല, അതിന്റെ മാറ്റൊലി മാത്രമേ അയാൾക്ക് കിട്ടിയുള്ളൂ. തിരഞ്ഞു തിരഞ്ഞ് ഒടുവിൽ അയാൾ സൂര്യൻ വീണുകിടക്കുന്നിടത്തെത്തി. എന്നിട്ട് അതിനെ മരത്തണലിലേക്ക് കൊണ്ടുപോയി.

ലോകം ഇല്ലാതായിക്കഴിഞ്ഞിരുന്നു. ലോകം ഇല്ലാതായപ്പോൾ മരത്തണൽ ഒരു വീടായി മാറിയിരുന്നു. നിഴലിന്റെ വീട്. അകം നിറയെ മങ്ങിയ വെളിച്ചം കലർന്ന തണുപ്പ്. അതിനകത്ത് അയാളും സൂര്യനും മറ്റു രണ്ടു നിഴലുകൾ പോലെ ഇരുന്നു. എന്നിട്ട് മടുപ്പുമാറ്റാൻ ഒരു കളി തുടങ്ങി:

അയാളുടെ കൈയിൽ ഒരു ചിത്രപുസ്തകമുണ്ടായിരുന്നു; അതിലെ ആദ്യത്തെ ചിത്രം നോക്കി സൂര്യൻ ഒരു കഥ പറയണം.

jayakrishnan , novel, iemalayalam

പിന്നെ രണ്ടാമത്തെ ചിത്രം; അതു നോക്കി അയാൾ വേറൊരു കഥ പറയണം.

ഒരാൾക്ക് കഥ പറയാൻ പറ്റാതെ വന്നാൽ അയാളുടെ തല മറ്റേയാൾക്ക് വെട്ടിയെടുക്കാം - ഇതായിരുന്നു കളി.

അവർ പറഞ്ഞ കഥകൾ ഞാൻ പിന്നീടൊരിക്കൽ നിനക്ക് പറഞ്ഞു തരാം .

സൂര്യനും മനുഷ്യനും ഇന്നുമുണ്ട്; ഒരാൾ മറ്റേയാളുടെ തല വെട്ടിമാറ്റിയിട്ടില്ലാത്തതുകൊണ്ട് അവരുടെ കഥകൾ തീർന്നിട്ടുമുണ്ടാവില്ല. പക്ഷേ, ചിത്രപുസ്തകത്തിന്റെ താളുകൾ അവസാനിച്ചു കഴിഞ്ഞാൽ എന്തുണ്ടാവുമെന്ന് മാത്രം നീ ചോദിക്കരുത്.

jayakrishnan , novel, iemalayalam

ചുഴലിക്കാറ്റിനെന്തു സംഭവിച്ചെന്നോ? അതു പറയാന്‍ മറന്നു. സൂര്യനെ മനുഷ്യന്‍ കൊണ്ടുപോയപ്പോൾ ചുഴലിക്കാറ്റിനു ഭ്രാന്തുപിടിച്ചു. അത് അനേകം മരങ്ങളെ, മനുഷ്യരെ, പൂമ്പാറ്റകളെ പിടികൂടി വലിച്ചെറിഞ്ഞു.; ഒടുവിൽ നദിയിൽ അത് തന്റെ മുഖം കണ്ടു. അതാകെ കീറിപ്പറിഞ്ഞിരുന്നു. സങ്കടം സഹിക്കാനാവാതെ കാറ്റ് തേങ്ങിക്കരയാന്‍തുടങ്ങി. കരഞ്ഞുകരഞ്ഞ് കാറ്റ് കരിയിലകളായി മാറി.

ചെറിയ ചുഴലിക്കാറ്റുകൾ ഭൂതങ്ങളാണ്, കള്ളന്മാരും. പക്ഷേ അവയെ പേടിക്കുകയേ വേണ്ട. ഒരുകാലത്ത് അവയും നല്ലവരായിരുന്നു . ആ കഥ പിന്നീടൊരിക്കൽ ഞാൻ നിനക്ക് പറഞ്ഞു തരാം .

jayakrishnan , novel, iemalayalam
jayakrishnan , novel, iemalayalam

ഓഫീസിൽ നിന്നിറങ്ങുമ്പോള്‍ എന്നത്തെയും പോലെ സഞ്ജയന്‍ വൈകിയിരുന്നു. നഗരത്തിൽ തന്റെ സുഹൃത്ത് പുസ്തകവിൽപ്പനക്കാരനെ കാണണമെന്ന് അയാള്‍ക്കു തോന്നി. പക്ഷേ കഴിഞ്ഞില്ല. ഇരുട്ടു വീണുതുടങ്ങിയിരുന്നു. വയൽ വരമ്പിലൂടെ നടന്ന് അയാള്‍ ഇടവഴിയിലേക്കു കയറി. ഇലകളും ഇരുട്ടും ചീവീടുകളുടെ ഒച്ചയും തീര്‍ത്ത മങ്ങലിലൂടെ അയാള്‍ തനിച്ചു നടന്നു. ഒറ്റയ്ക്കാവുക മരണമാണ്, അയാളോര്‍ത്തു. കരിയിലകള്‍ അയാളുടെ കാലുകളെ പൊതിഞ്ഞുകൊണ്ട് മേലോട്ടുയര്‍ന്നു. ചുഴലിക്കാറ്റ് കരിയിലകളെ വട്ടംകറക്കാന്‍ തുടങ്ങിയിരുന്നു. സഞ്ജയന് പേടിയായി. അല്ലെങ്കിലും പേടിക്കാന്‍ അയാള്‍ക്ക് അധികം കാരണമൊന്നും വേണ്ട. പെട്ടെന്ന് കരിയിലകളുടെ വലിയൊരു അട്ടി അയാളെ മൂടി. ആകാശമാകെ ഇലകളായി അടര്‍ന്നു വീഴുന്നതുപോലെയായിരുന്നു അത്. വെറുതെയാണെന്നറിഞ്ഞിട്ടും സഞ്ജയന്‍ നിലവിളിച്ചു. അയാളുടെ കരച്ചിലിൽ നിന്ന് ആറു പച്ചത്തത്തകള്‍ പറന്നുപോയി. *** അവ അയാളുടെ കരച്ചിലിനെ ചിത്രങ്ങൾ നിറഞ്ഞ ഒരു ഭാഷയാക്കി മാറ്റി.

jayakrishnan , novel, iemalayalam

ഒടുവിൽ കരിയിലകളുടെ കറക്കങ്ങള്‍ക്കിടയിലൂടെ നൂണുകടന്ന് അയാള്‍ ഒരു മുറിക്കകത്തെത്തി. ഓഫീസിലെ അയാളുടെ മുറിയായിരുന്നു അത്. മേശപ്പുറത്ത് കടലാസ്സും ബ്രഷും കറുത്ത ചായവും ഉണ്ടായിരുന്നു.അരുതാത്ത സമയത്ത് ഓഫീസിലെത്തിയപ്പോൾ അയാൾക്ക് മേലാകെ മൂന്നു വിധത്തിലുള്ള ചൊറിച്ചിലും ഹൃദയവേദനയും രണ്ടുതരം ഉദ്ധാരണശേഷിക്കുറവും അനുഭവപ്പെട്ടു.

ചിത്രം വരയ്ക്ക്, ഒരു സ്വരം ആജ്ഞാപിച്ചു.

jayakrishnan , novel, iemalayalam

തനിക്ക് ചിത്രം വരയ്ക്കാനറിയില്ലെന്ന കാര്യം സഞ്ജയന്‍ മറന്നുപോയി. അത്രയ്ക്ക് മൂര്‍ച്ചയേറിയതായിരുന്നു ആ സ്വരം. അയാള്‍ വരച്ചു. ചിത്രത്തിൽ കരിയിലകള്‍വട്ടം ചുറ്റിപ്പറക്കുന്നതിനിടയിലേക്ക് സൂര്യന്റെ നിറമുള്ള ഒരു പക്ഷി ചിറകിടറി വീഴുന്നുണ്ടായിരുന്നു. അറ്റത്ത് മരത്തിന്റെ നിഴലും ചാരി ഒരാൾ കിടന്നു. അയാള്‍ക്ക് സഞ്ജയന്റെ അച്ഛന്റെ മുഖമായിരുന്നു.

ഇതാരാണെന്ന് നിനക്കറിയാമോ? ആ സ്വരം വീണ്ടും ചോദിച്ചു. സഞ്ജയന്‍ അങ്ങോട്ടു തിരിഞ്ഞു. പച്ചനിറമുള്ള രണ്ടു വെളിച്ചങ്ങള്‍ അയാളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. നഗരസഭാദ്ധ്യക്ഷനായിരുന്നു അത്. അയാളുടെ പൂച്ചക്കണ്ണുകള്‍ ഇരുട്ടിൽ തിളങ്ങി. ഒരേ സമയം മൂന്നു പെണ്ണുങ്ങളെയും ഒരു മുതലയെയും ഭോഗിക്കാൻ കഴിവുള്ള ഒരു തടിയനായിരുന്നു അയാൾ.

ഇയാൾ ഒരു ഭൂതമാണ്, ചിത്രത്തിൽ നിഴലും ചാരിക്കിടന്ന മനുഷ്യനെ നോക്കി നഗരാദ്ധ്യക്ഷൻ തുടര്‍ന്നു: സൂര്യനെ കരിയിലകളാക്കി മാറ്റുന്ന ഭൂതം.

ഇതെന്റെ അച്ഛനാണ്, സഞ്ജയന്‍ കരയുന്നതുപോലെ പറഞ്ഞു.

jayakrishnan , novel, iemalayalam

അദ്ധ്യക്ഷന് അതിഷ്ടപ്പെട്ടില്ല. അയാള്‍ പിറുപിറുക്കാന്‍ തുടങ്ങി. നഗരനിയമങ്ങളും ചട്ടങ്ങളും തെറിയും ഇടകലര്‍ന്ന ഒരു പ്രസംഗമായിരുന്നു അത്. പിന്നെ അയാളാ ചിത്രം വലിച്ചുകീറാന്‍തുടങ്ങി. അച്ഛനെ രക്ഷിക്കാന്‍വേണ്ടി സഞ്ജയന്‍ മറ്റൊരു കടലാസ്സിൽ ഒരു മീനിന്റെതല വരച്ച് മുകളിലേക്കെറിഞ്ഞു. അദ്ധ്യക്ഷൻ അത് ചാടിപ്പിടിച്ചെടുത്ത് രുചിയോടെ കടിച്ചുകീറിത്തിന്നാന്‍ തുടങ്ങി. ആ തക്കത്തിന് സഞ്ജയന്‍ അച്ഛന്റെ ചിത്രവുംകൊണ്ട് പുറത്തേക്കോടി.

jayakrishnan , novel, iemalayalam

മഴപെയ്യുകയായിരുന്നു. ചെറിയ മഞ്ഞയിലകളോടിട കലര്‍ന്നു പെയ്യുന്ന ഒച്ചയില്ലാത്ത മഴ. മഴയിലും അയാള്‍ക്ക് ദാഹിച്ചു. പാഴ്പ്പറമ്പുകള്‍ക്കു നടുവിൽ ഒറ്റപ്പെട്ടുനിന്ന പനയുടെ ചുവട്ടിൽ അയാളെത്തി. പനമണ്ടയിൽ കള്ളുചെത്തുകാരന്റെ മൺപാനയുണ്ടായിരുന്നു. മഴയും കാറ്റും അയാളെ മുകളിലേക്കുയര്‍ത്തി. അയാള്‍കുടിച്ചു. അത് കള്ളായിരുന്നില്ല തെളിഞ്ഞ വെള്ളമായിരുന്നു.

വീട്ടിലെത്തിയപ്പോൾ അയാളുടെ മേലാകെ മഞ്ഞയിലകള്‍ പറ്റിപ്പിടിച്ചിരുന്നു. തലയ്ക്കുള്ളിലും മഞ്ഞയിലകള്‍ പറന്നുനടന്നു. 'നീ ഇന്നും വൈകിയോ?" തോര്‍ത്തു നീട്ടുമ്പോള്‍ അമ്മ ചോദിച്ചു.

"ഞാനൊരു ചുഴലിക്കാറ്റിൽ പെട്ടുപോയി", സഞ്ജയന്‍ പറഞ്ഞു. അച്ഛന്‍ ചിരിച്ചു. അമ്മ അത്താഴം വിളമ്പി. സഞ്ജയന്റെ കൈ ചോറിലേക്കെത്തിയില്ല. പാത്രം അകന്നകന്നു പോയി. "നീ കള്ളുകുടിച്ചു, അല്ലേ?" അമ്മ സങ്കടപ്പെട്ടു. ഞാനൊരു കാറ്റിൽപ്പെട്ടു, അയാള്‍ തലതാഴ്ത്തി. അച്ഛന്‍വീണ്ടും ചിരിച്ചു. എന്നിട്ട് പുസ്തകമെടുത്തു. പുസ്തകത്തിലെ ചിത്രങ്ങളിൽ നോക്കി അച്ഛന്‍ കഥ പറയാന്‍ തുടങ്ങുകയായിരുന്നു:

jayakrishnan , novel, iemalayalam

ചെറിയ ചുഴലിക്കാറ്റുകള്‍ ഭൂതങ്ങളാണ്…

കാറ്റും ഭൂതങ്ങളും സഞ്ജയന്റെ മുന്നിൽ നടന്നു. രാത്രിയുടെ കറുപ്പിന് ആഴം കൂടിക്കൂടി വന്നു. ഒടുവില്‍ കൈ ചോറിലെത്തി.

കഥയിലെ നിഴലുകളും സഞ്ജയന്റെ ചുറ്റുമിരുന്ന് അത്താഴമുണ്ടു.
………………………………………….
പ്രചോദനം:

  • Al night you rain over me,
    rain of water-hands that drown me.
  • Alejandra Pizarnik - The Galloping Hour

** Run to the statue, and find the scream,
long to touch the scream, and find only its echo.

  • Xavier Villaurrutia - Nostalgia for Death
  • * They lied our neighing
    Into one of their
    image – ridden languages
  • Paul Celan – Glottal Stop
Literature Malayalam Writer Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: