ജനലില്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്, സൂക്ഷിക്കുക

സെക്രട്ടേറിയേറ്റ് നടയിലുള്ള ശ്രീജിത്തിന്റെ
പ്ലാസിക് ചാക്കുപായയുടെ കീറലുകള്‍ക്കു നടുവിലാണാ
സ്റ്റിക്കര്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
സ്വന്തം പൊന്നനിയനെ ചവുട്ടിക്കൊന്ന
കാക്കി ചെകുത്താന്മാര്‍ക്കെതിരെ എഴുന്നൂറ്ററുപത്തിയാറാം
ദിവസവും സത്യഗ്രഹമിരിക്കുകയായിരുന്നു ആ ഏട്ടന്‍ …

വി ടി ബലറാമിന്റെ കണ്ണാടി ജനലിലത് പിന്നെ
പ്രത്യക്ഷപ്പെട്ടപ്പോള്‍ ഗോപാല സേനയുടെ
ചുവപ്പു സ്റ്റിക്കറെന്ന് യുവ കോണ്‍ഗ്രസ് ശിങ്കങ്ങള്‍…
അപ്പോള്‍ ഞങ്ങളുടെ ഗുരുപ്രതിമയുടെ മുഖത്ത്
കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചതോ എന്ന് ക്ഷുഭിതനായി
അശോകന്‍ ചരുവിലിന്റെ എഫ് ബി സ്റ്റിക്കര്‍….

ഇതിന്നിടയില്‍ കാവി സ്റ്റിക്കറൊട്ടിക്കാന്‍
പൊതു മൈതാനത്തൊരു വന്‍മതില്‍ തന്നെ ഉയര്‍ത്തുന്നു
വടയമ്പാടിയിലെ കിരിയാത്ത് നായന്മാര്‍

പതിനെട്ട് മിനിട്ട് കൊണ്ടാ ജാതിമതില്‍ പൊളിച്ച്
ഓരോ ഇഷ്ടികയിലും കറുത്ത സ്റ്റിക്കര്‍ പതിക്കാന്‍ തുടങ്ങുന്നു
അയ്യപ്പന്‍കുട്ടിയും ധന്യയും മുരളിയും ഷണ്മുഖനും വിനീതയും
നിറയെ മഴവില്‍ സ്റ്റിക്കറുകളുമായി അയ്യങ്കാളിയുടെ
ആ പഴയ വില്ലുവണ്ടി ഭജനമഠം തേടിയെത്തുമ്പോള്‍
ലാത്തികളില്‍ കാവി സ്റ്റിക്കറൊട്ടിച്ച് പൊലിസ് തടയുന്നു…

civic chandran, poem,malayalam writer

വന്‍തോതില്‍ സ്റ്റിക്കറുകള്‍ വരച്ചുണ്ടാക്കുന്നു

എന്നാരോപിച്ച് അശാന്തന്റെ ജഡം താഴെയിറക്കി കിടത്തുന്നു

ദര്‍ബാര്‍ ഹാളിനു പിന്നിലെ ശംഭോ മഹാദേവന്‍.

പിന്നെ അവിടെയുമിവിടെയും തലങ്ങനെയും
വിലങ്ങനെയും സ്റ്റിക്കര്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍
ജനലകളായ ജനലുകളെല്ലാം വിളിച്ചു പറയാന്‍ തുടങ്ങുന്നു…

പിള്ളേര്‍ പിടുത്തക്കാരെന്ന്, സിസിടിവിക്കാരെന്ന്, ഡി എച്ച് ആര്‍എം കാരെന്ന്,
പോപ്പുലര്‍ ഫ്രണ്ടെന്ന്, ബംഗാളികളെന്ന്, പരോളിലിറങ്ങിയ തടവുകാരെന്ന്
ഭൂതപ്രേത പിശാചുക്കളെന്ന്,  എന്ന് എന്ന്…

പക്ഷേ ലക്ഷംവീട് കോളനിലാദ്യത്തെ സ്റ്റിക്കര്‍
പ്രത്യക്ഷപ്പെട്ടപ്പോളമ്പരന്ന മൃദുലക്ക് അപ്പുറത്തും
ഇപ്പുറത്തും നിന്ന് ചേച്ചി ചേച്ചി വിളികള്‍
നമുക്കും ഇതുപോലെ സ്റ്റിക്കറുണ്ടാക്കി മറ്റവന്‍മാര്‍,
യു ജി സി പ്രൊഫസറുടേയും ബാങ്കറുടേയും ഡോക്ടറുടെയും
ഇറക്കുമതി കണ്ണാടിജനലില്‍ പതിച്ചാലെന്തെന്ന് മായ …

ജാരനായാലും ചാരനായാലും രാജ്യദ്രോഹിയായാലും
ദേശാഭിമാനിയായാലും കാരശേരിയായാലും രവിചന്ദ്രനായാലും
ഓരോരുത്തര്‍ക്കും ആളോഹരി വിധിയെന്ന് ആരുടെയോ കൂട്ടച്ചിരി…

വരുന്നത് വരട്ടെ, കുതിരപ്പുറത്ത് എണ്ണ ഭരണിയുമായി
നാല്പത് കള്ളന്മാരെങ്കിലങ്ങനെ എന്ന് അന്നും
ലക്ഷംവീട് കോളനിക്കാര്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു…

ഒമ്പതു മണിയുടെ ന്യായാധിപപരിഷകള്‍ പക്ഷെ
പേടിപ്പിച്ചു കൊണ്ടിരിക്കുന്നു: ഇന്നലെ കരമന, മിനിയാന്ന് വിയ്യൂര്‍
ഇന്നിതാ വെസ്റ്റ്ഹില്‍, ദൈവമേ, ദൈവമേ …

civic chandran,poem

ഫേസ്ബുക്കായ ഫേസ്ബുക്കെല്ലാം വാട്‌സാപ്പായ വാട്‌സാപ്പെല്ലാം
പരസ്പരം ടാഗ് ചെയ്ത് കളിക്കുന്നു:
സൂക്ഷിക്ക്, സൂക്ഷിക്ക്, സൂക്ഷിക്ക്…

ബെഹ്‌റയുടെയും പിണറായിയുടെയും ഫോണുകള്‍
നിര്‍ത്താതെ ക്ണി ക്ണി മുഴങ്ങിക്കൊണ്ടിരിക്കുന്നു:
കൊണ്ടോട്ടിയില്‍ സ്റ്റിക്കര്‍, അമ്പലവയലില്‍, കടയ്ക്കല്‍ ….

ഹാവു, ശശീന്ദ്രനും കുഞ്ഞാലിക്കുട്ടിയും ശ്രീരാമകൃഷ്ണനും രാജഗോപാലും
ഐസക്കുമൊരുമിച്ച് ബജറ്റാനന്തര മ്യൂസിക് തെറാപ്പിയില്‍
ധ്യാനനിരതരായിരിക്കുന്നു:
ആകാശം ഇടിഞ്ഞു വീണാലങ്ങ് വീഴട്ടെ, നിറയെ
സ്റ്റിക്കറൊട്ടിച്ച നാല് തൂണുകള്‍ താങ്ങാനുണ്ടല്ലോ !

അനുബന്ധം :

ഇനിയും സ്റ്റിക്കറൊട്ടിക്കാനാരും വന്നില്ലെന്നോ?
നിങ്ങളുടെ നെറ്റിയിലെ കുരിശോ അരിവാളോ
ഗോപിക്കുറിയോ ചന്ദ്രക്കലയോ സ്റ്റിക്കറല്ലാതെ മറ്റെന്ത്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook