യുവാവായ ഒറാസിയോ കാസ്റ്റെയാനോഷ് മോജ (Horacio Castellanos Moya) സാന്‍ സല്‍‌വദോറിലെ നടപ്പാതയിലൂടെ പോകുമ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികളും തൊഴിലാളികളും ചേര്‍ന്ന ഒരു ജാഥ കാണുന്നു. ആവേശപൂര്‍‌വം മുദ്രാവാക്യം മുഴക്കി നീങ്ങിയ നിരായുധരായ അവര്‍ക്കു നേരെ, പൊടുന്നനെ പുരപ്പുറത്തു പ്രത്യക്ഷപ്പെട്ട പട്ടാളം, ഇരുവശത്തു നിന്നും വെടിയുതിര്‍ക്കുന്നു. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന, മുക്കാല്‍ ലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട, ​ആഭ്യന്തരയുദ്ധത്തിന്റെ (സിവില്‍ വാർ) തുടക്കമായിരുന്നു അത്.  മറ്റുള്ളവരെപ്പോലെ ഓടി രക്ഷപ്പെട്ട മോജ നാടുവിട്ടു. യുദ്ധാനന്തരം തിരിച്ചു വന്നെങ്കിലും നോവലുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ വധഭീഷണി കാരണം വീണ്ടും രാജ്യം വിടേണ്ടിവന്നു. ഗ്യാങ് വാറുകളുടെയും മയക്കുമരുന്നിന്റെയും കൊലപാതകങ്ങളുടെയും പറുദീസയായ എല്‍ സല്‍‌വദോറില്‍ സാഹിത്യ രചന നടത്തുമ്പോള്‍, ചിത്രം/എഴുത്ത്- കാരനായ ജയകൃഷ്ണന്‍ പറഞ്ഞതുപോലുള്ള, ‘നിയോണ്‍ മാജിക്കല്‍ റിയലിസം’ വന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ.

താന്‍ എഴുതുന്നത് പൊളിറ്റിക്കല്‍ നോവലുകളാണോ എന്ന ചോദ്യത്തിന് പൊളിറ്റിക്സ് എന്ന പദം പോലും പൊളിറ്റീഷ്യന്‍ എന്ന പദത്തോടു ചേര്‍ത്തുവച്ച് ജുഗുപ്സാവഹമായിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. ചെറുപ്പം മുതല്‍ ആഭ്യന്തര യുദ്ധം നേരിട്ടറിഞ്ഞ, ഇടതു സഹയാത്രികനായിരുന്ന താന്‍ എഴുതുന്നുവെന്നേയുള്ളൂ, അത് പൊളിറ്റിക്കല്‍ ആകുന്നത് അതിന്റെ ജനിതകഭാരം കൊണ്ടായിരിക്കും എന്നാണ് മോജയുടെ അഭിപ്രായം.
മോജയുടെ “ഡാന്‍സ് വിത്ത് സ്‌നേക്‌സ് ” എന്ന നോവലിനു നാലു ഖണ്ഡങ്ങളാണ്. ഒന്നും നാലും നായകന്റെ ആത്മഗതങ്ങളാണ്. രണ്ടില്‍ പൊലീസ് പ്രൊസീജറും മൂന്നില്‍ മീഡിയയുടെ വിളയാട്ടവുമാണ്. എഡ്‌വേഡ് മയ്ബ്രിജിന്റെ (Muybridge) ആനിമല്‍ ലോക്കോമോഷന്‍ (വര്‍ഷം1887) ആണ് കവര്‍ ചിത്രം. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ സ്റ്റോപ് മോഷന്‍ സങ്കേതമുപയോഗിച്ച് വിവിധ സ്റ്റില്ലുകളാക്കി അനലൈസ് ചെയ്യുന്ന മയ്ബ്രിജ് സങ്കേതമാണ് പില്‍ക്കാലത്ത് സിനേമാ പ്രൊജക്ടറുകളുടെയും വിഷ്വല്‍ ആര്‍ട്ടിന്റെ തന്നേയും ഭാഗധേയം നിര്‍ണ്ണയിക്കുന്നതിനും ഒരു കാരണമായിട്ടുള്ളത്. നോവലില്‍ ഭ്രമാത്മകമായി ചിത്രീകരിച്ചിരിക്കുന്ന സംഭവവികാസങ്ങളെ സമീപിക്കേണ്ടതെങ്ങനെയെന്ന് എഴുത്തുകാരന്‍ നല്‍കുന്ന ആദ്യ സൂചനയാണത്.

dance with snakes, moyo, rajesh kumar

ഒരു ഗുണവുമില്ലാത്ത സോഷ്യോളജി ഡിഗ്രിയുമെടുത്ത്, അനിയത്തിയുടെ വീട്ടില്‍ കുടിയേറിപ്പാര്‍ത്ത, എദുആര്‍ദോ ഷോഷാ വേലയും കൂലിയുമില്ലാത്തതില്‍ ഖിന്നനാണ്. അദ്ധ്യാപനമല്ലാതെ വേറൊരു പണിക്കും തന്നെ കൊള്ളുകയുമില്ല എന്നും ഷോഷയ്ക്ക ബോദ്ധ്യമുണ്ട്. സിഗരറ്റ് വാങ്ങാന്‍ അപാര്‍ട്ട്മെന്റില്‍ നിന്നും സ്റ്റോറിലേക്ക് പോകുന്ന വഴിയില്‍ പൊട്ടിപ്പാളീസായ ഒരു മഞ്ഞ ഷെവര്‍ലേ കാര്‍ കിടപ്പുണ്ട്. അതും അതിന്റെ ഉടമയും അവിടുത്തെ താമസക്കാരുടെ ( റെസിഡെന്റ്സിന്റെ) ഗോസിപ്പിനു പാത്രങ്ങളാണ്. ഉല്‍ക്കണ്ഠ കലര്‍ന്ന ഉദ്വേഗം കൊണ്ട് ഷോഷ കാറുടമയെ പരിചയപ്പെടുകയും അയാളെക്കൊന്ന് തികച്ചും സ്വാഭാവികമെന്ന രീതിയില്‍ കാര്‍ കൈവശപ്പെടുത്തുകയുമാണ്. കാറിനകത്ത് കണ്ടെത്തുന്ന രഹസ്യം സംസാരിക്കുന്ന, ഉഗ്രവിഷമുള്ള നാലു പെണ്‍ സര്‍പ്പങ്ങളാണ്. കാറുടമയായ ഹാസിന്തോ ബുഷ്റ്റിയ്യോയുടെ ഐഡന്റിറ്റി സ്വന്തമാക്കി, അതിലൂടെ സര്‍പ്പങ്ങളെ വരുതിയിലാക്കിയ ഷോഷ, കണ്ണില്‍ച്ചോരയില്ലാതെ ആളുകളെക്കൊന്ന്, നാടു മുടിക്കുകയാണ്. സംഹാരതാണ്ഡവത്തിനിടയില്‍ ന്യായീകരണമെന്ന രീതിയിലുള്ള പ്രതികാരമുണ്ട്, അഴിമതിക്കെതിരെയും മറ്റുമുള്ള സാമൂഹ്യപ്രതിബദ്ധതയുണ്ട്, നുണകളും ഊഹങ്ങളും പ്രചരിപ്പിച്ച് ജനത്തെ പറ്റിക്കുന്ന ഭരണകൂടത്തിന്റെ ക്രമസമാധാനപാലന സര്‍ക്കസുണ്ട്, ഇരട്ടത്താപ്പും സെന്‍സേഷണലിസവും മലീമസമാക്കിയ മീഡിയയുടെ പൊളിച്ചടുക്കലുമുണ്ട്. താണ്ഡവമാടി സര്‍പ്പങ്ങളെ അഴിച്ചുവിട്ട് ഷോഷ, പുലര്‍ച്ചെ ഒന്നും സംഭവിക്കാത്തതു പോലെ തിരികെ അപാര്‍ട്ട്മെന്റിലേക്ക് കയറിപ്പോവുകയാണ്.

ആഭ്യന്തര യുദ്ധങ്ങളുടെയും സൈനിക അട്ടിമറികളുടെയും ഭൂഖണ്ഡമായ ലാറ്റിന്‍ അമേരിക്കയിലെ എല്‍ സല്‍‌വദോറിലും സ്ഥിതി മറിച്ചായിരുന്നില്ല. ദരിദ്ര ജനങ്ങളും കമ്യുണിസ്റ്റ് ഗറില്ലകളും ഒരുവശത്തും സി ഐ എ സ്പോണ്‍സര്‍ ചെയ്ത ആര്‍മിയും കച്ചവടക്കാരും മറുവശത്തും. ജേണലിസ്റ്റായിരുന്ന മോജ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ആര്‍മിയുടെ കൊടും ക്രൂരതകള്‍ക്കു പോലെത്തന്നെ ഗറില്ലകളുടെ ഇടയിലുള്ള ചേരിപ്പോരിനും രക്തച്ചൊരിച്ചിലിനും മോജ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രൂരമായ നരവേട്ടയ്ക്കു പേരുകേട്ട പല ജനറല്‍മാരും യുദ്ധാനന്തരം, നിസ്സങ്കോചം, സിവില്‍ സ‌ര്‍‌വെന്റ് എന്ന നിലയിലേക്കു മാറുകയും ഗവെൺമെന്റിന്റെയും മീഡിയയുടെയും പ്രൊപ്പഗണ്ടയിലൂടെ ആദരണീയരായി ഭവിക്കുന്നതും, ജനത എല്ലാം മറന്ന് അതാഘോഷിക്കുന്നതും മോജയെ നിരാശനാക്കിയിരുന്നു. യുദ്ധം കഴിഞ്ഞെന്നല്ലാതെ രാജ്യത്ത് ജനാധിപത്യം പുലരുകയോ സ്ഥിതിഗതികളില്‍ മാറ്റം വരികയോ ഉണ്ടായില്ല. ദാരിദ്ര്യവും ഗ്യാങുകളുടെ ഗുണ്ടാവിളയാട്ടവും നിഷ്ഠൂരമായ കൊലപാതകങ്ങളും അങ്ങനെത്തന്നെ തുടരുകയാണുണ്ടായത്.

dance with snakes, magical realism, rajesh kumar

ബൂം കഴിഞ്ഞ്, മാജിക്കല്‍ റിയലിസത്തില്‍ നിന്നു കുതറിമാറി, ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാര്‍ക്ക് പുതിയ സങ്കേതങ്ങള്‍ കണ്ടെത്തേണ്ടതായുണ്ടായിരുന്നു. മക്കോണ്ടോയേക്കാളും യു. എസിലെ ഏതെങ്കിലുമൊരു നഗരവുമായാണ് അവരുടെ എഴുത്തുകള്‍ താദാത്മ്യം പ്രാപിക്കുക. നോവലിലെ മഞ്ഞ നിറമുള്ള ഷെവര്‍ലേ കാര്‍ സി ഐ എ ഇറക്കുമതി ചെയ്ത അമേരിക്കന്‍ ഡ്രീമിന്റെ/ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. അരാജകത്വത്തിലും അരുംകൊലകള്‍ക്കുമിടയില്‍ ഒറ്റപ്പെട്ടു പോവുന്ന യുവാക്കളുടെ നിരാശയും രോഷവും അവരെക്കൊണ്ടെത്തിക്കുന്നത് മയക്കുമരുന്നുകളിലും ഗ്യാങുകളിലുമാണ്. വയലന്‍സിനാല്‍ വശീകരിക്കപ്പെട്ട് ചിത്തഭ്രമം ബാധിച്ചപോലെയാവുന്ന അവരുടെ മനോവ്യാപാരങ്ങളല്ലേ സര്‍പ്പങ്ങളുടെ വിളയാട്ടത്തില്‍ കാണാനാവുന്നത്? ന്യായീകരണമില്ലാത്ത യുദ്ധങ്ങളില്‍ ആര്‍ക്കും ആരുവേണമെങ്കിലു‍മാവാമെന്നും മറയൊന്നുമില്ലാതെ കാട്ടാവുന്ന കൊടും ക്രൂരതകള്‍ക്ക് എക്കൗണ്ടബിലിറ്റി വേണ്ടിവരില്ലെന്നും ഏറെക്കുറെ അംഗീകരിക്കപ്പെട്ടതു പോലെത്തന്നെ, പോപ്പുലര്‍ മെമ്മറിയുടെ ക്ഷണികസ്വഭാവവും യഥാര്‍ത്ഥമായതു തന്നെയല്ലേ? കൊല്ലപ്പെട്ട സര്‍പ്പത്തെ സൂപ്പു വച്ച് കഴിക്കുന്ന ഷോഷാ മദോന്മത്തനാവുന്നുണ്ട്; സര്‍പ്പങ്ങളോടൊത്തുള്ള രതിനൃത്തവും മറ്റും മെരിഹ്വാന (Marijuana) യുടെ മായയായിരിക്കുമോ? പാമ്പിന്‍ വിഷം നേര്‍പ്പിച്ച് മയക്കുമരുന്നായി റേവ് പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കുന്നത് വാര്‍ത്തയല്ലാതായിക്കഴിഞ്ഞ വസ്തുതയല്ലേ? അതുമല്ല, സര്‍പ്പങ്ങളുടെ ആക്രമണം മീഡിയ നിര്‍മ്മിച്ച ബ്രേക്കിങ് ന്യൂസ് സ്ക്രോളുകള്‍ മാത്രമായിരിക്കുമോ? പാവ ഗവെൺമെന്റിനും പട്ടാള ഭരണത്തിനും വലുതെന്തെങ്കിലും മറച്ചു വയ്ക്കാനുണ്ടായതു കൊണ്ടായിരിക്കുമോ ഈ വയലന്‍സ്? ഭ്രമാത്മകമായ മാജിക്കല്‍ റിയലിസത്തിന്റെ റോളര്‍കോസ്റ്റര്‍ റൈഡ് അനുഭവിക്കണമെങ്കില്‍ നോവല്‍ വായിക്കൂ!

ഹൊണ്ടൂറസില്‍ ജനിച്ച ഒറാസിയോ കാസ്റ്റെയാനോഷ് മോജ എല്‍ സല്‍വദോറില്‍ നിന്നുള്ള എഴുത്തുകാരനാണ്; അമേരിക്കയില്‍ അഭയജീവിതം. അഞ്ചുനോവലുകള്‍ക്ക് ഇംഗ്ലീഷ് വിവര്‍ത്തനം വന്നിട്ടുണ്ട്. Biblioasis ആണ് ഡാന്‍സ് വിത്ത് സ്‌നേക്‌സ് പ്രസാധനം (2009) ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ