/indian-express-malayalam/media/media_files/uploads/2017/09/hp-1.jpg)
'ആല്‍ബീനാ സിസ്റ്ററിന്റെ ശവം ഇന്നു കിട്ടി. പട്ടാളം കൊന്നു കെട്ടിത്തൂക്കുവാരുന്നു. പള്ളിക്കു മുമ്പിലെ മരക്കുരിശേല്. തിരുവസ്ത്രമടക്കം തുണിമുഴുവന്‍ ഊരിക്കളഞ്ഞു. ഗര്‍ഭപാത്രത്തീന്ന് പതിനാലു വെടിയുണ്ട കിട്ടീന്നാ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞേ. പട്ടാളം ഇന്നു പിന്നേമെറങ്ങി. പത്തിരുപതുപേരെ കൊന്നു. കൊറേ വീടുകള്‍ക്ക് തീയുംവച്ചു. അതിനകത്ത് എത്രപേരു പെട്ടിട്ടുണ്ടെന്നൊന്നും അറിയാമ്മേല. ഞങ്ങളിവിടൊരു സെമിത്തേരീടെ പൊറകിലെ കാട്ടില്‍ ഒളിച്ചിരിക്കുവാ. എല്ലാരോടും പ്രാര്‍ഥിക്കാന്‍ പറ.'
ഞായറാഴ്ച വൈകുന്നേരം ഒന്നാം നിലയുടെ ബാല്‍ക്കണിയില്‍ പതിവുപോലെ വിസ്‌കി നുണഞ്ഞിരിക്കുമ്പോള്‍ തോബിയാസ് പോത്തന്റെ ഫോണിലേയ്ക്ക് പരിചയമില്ലാത്ത നമ്പറില്‍? നിന്നു വന്ന രണ്ടാമത്തെ കോളായിരുന്നു, അത്.
'ഹലോ, ഞാന്‍ പീറ്ററാ. ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്. ജോണച്ചന് കേക്കാവോ?'
ഒറ്റ ശ്വാസത്തില്‍ ഇത്രമാത്രം പറഞ്ഞവസാനിപ്പിച്ച ആദ്യ കോളിനുശേഷം രണ്ടര പെഗ്ഗിന്റെ സമയമേ കടന്നുപോയിട്ടുണ്ടായിരുന്നുള്ളൂ.
/indian-express-malayalam/media/media_files/uploads/2017/09/hp-2.jpg)
ശ്വാസകോശത്തില്‍ പീരങ്കിയുണ്ട കയറിയവനെപ്പോലെ കിതയ്ക്കുന്ന ശബ്ദം അപ്പുറത്തവസാനിച്ചപ്പോള്‍ തോബിയാസ് പോത്തന്‍ കിടുങ്ങിവിറച്ചു. ഫോണിലെ കോള്‍ ലിസ്റ്റില്‍ തപ്പിയപ്പോള്‍ അഞ്ചക്കങ്ങള്‍ മാത്രമുള്ളൊരു നമ്പര്‍. വൃശ്ചികത്തിലെ ആകാശത്തിന്റെ തണുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് അയാള്‍ മെഴുകുതിരിപോലെ വിയര്‍ത്തു.
മൊബൈലിലേക്കു രൂക്ഷമായി നോക്കുന്നതിനിടയില്‍ തോബിയാസ് പെഗ്ഗ് ഫിനിഷ് ചെയ്തു. പിന്നെ, പ്ലാസ്റ്റിക് കവറില്‍ നിന്നു പുറത്തെടുത്ത ഫിലിപ്പി ചുരുട്ട് കത്തിച്ചു. അമ്പത്തെട്ടു വയസ്സിനിടയില്‍ ഒരിക്കലുമുണ്ടായിട്ടല്ലാത്തൊരു വിങ്ങല്‍ നെഞ്ചാകെ നിറയുത് അയാളറിഞ്ഞു. ഗ്ലാസിലേക്കു വീണ്ടും വിസ്‌കിയൊഴിക്കുമ്പോഴും ശ്രദ്ധ മുഴുവന്‍ ഫോണിലായിരുന്നു. ചുമരിലെ വട്ട ക്ലോക്കില്‍ പന്ത്രണ്ടു മണിയുടെ സൈറണ്‍ മുഴങ്ങി. ഹൗസിങ് കോളനിയിലെ ബാക്കി വീടുകളിലെല്ലാം ലൈറ്റണഞ്ഞിരുന്നു. തോബിയാസ് വളരെ സാവധാനം സിപ്പുകളെടുത്തു. പഴയ കുര്‍ബാനപ്പുസ്തകത്തിനോളം വലിപ്പമുള്ള ഫോണിന്റെ സ്‌ക്രീനിലേക്ക് മഞ്ഞ് കുറേശ്ശെയായി വഴുതിവീഴുന്നുണ്ടായിരുന്നു. അയാള്‍ പാതിയിലധികം കത്തിക്കഴിഞ്ഞ ചുരുട്ട് ആഷ് ട്രേയില്‍ കുത്തിത്തിരുകി. അപ്പോള്‍ റിമോര്‍ട്ട് ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്ന് മകളും മരുമകനും കാറില്‍വരുന്നത് കണ്ടു. അയാള്‍ ഗ്ലാസ് കാലിയാക്കിയശേഷം മുറിയില്‍ക്കയറി. തലയണയ്ക്കരികില്‍ ഫോണ്‍ വെച്ചശേഷം അറ്റന്‍ഷനായി കിടക്കുമ്പോള്‍ മകളും മരുമകനുംകൂടി തന്നെ കൊല്ലാന്‍ ക്വൊട്ടേഷന്‍ കൊടുത്തിട്ടിപ്പോള്‍ 24 മണിക്കൂര്‍ കഴിഞ്ഞ കാര്യം തോബിയാസ് ഓര്‍മിച്ചു. നേരം പേടിയുടെ ഇസിജി മില്‍പ്പിണര്‍പോലെ ശരീരത്തിലൂടെ കടന്നുപോയി.
'ഇതു വിദേശത്തു നിന്നുള്ള കോളാണ്.' മൊബൈലിലെ നമ്പര്‍ പരിശോധിച്ചശേഷം സൈബര്‍സെല്‍ എസ്‌ഐ ബാലഗോപാല്‍ തോബിയാസിനോടു പറഞ്ഞു: 'കൃത്യം വിവരങ്ങള്‍ ഒന്നുരണ്ടു ദിവസത്തിനകം ട്രെയ്‌സ് ഔട്ട് ചെയ്യാം. അച്ചായന്‍ ഒരു കംപ്ലയിന്റ് എഴുതിത്തന്നേയ്ക്ക്.'
തോബിയാസപ്പോള്‍ എസ്‌ഐക്കു മുന്നിലെ കസേരയില്‍നിന്നെഴുനേറ്റു.
'കൊഴപ്പമില്ല ബാലാ, ആരാന്ന് അറിയാത്തകൊണ്ട് തെരക്കിയെന്നെയൊള്ളു.'
കോളിന്റെ വിശദാംശങ്ങളൊും പറഞ്ഞിട്ടില്ലാത്തതിനാല്‍ മുഖഭാവം മാറാതിരിക്കാന്‍ തോബിയാസ് കിണഞ്ഞു ശ്രമിച്ചു. പുറത്തേക്കിറങ്ങുംവഴി വാതിലിനടുത്തെത്തിയപ്പോള്‍ എസ്‌ഐയോടു പറഞ്ഞു:
'എവിടുന്നാ വിളിക്കുന്നേന്നും ആരാ വിളിക്കുന്നേന്നും ഒന്നറിഞ്ഞാല്‍ കൊള്ളാം. ഒഫീഷ്യല്‍ അന്വേഷണമായിട്ടൊന്നും വേണ്ടകേട്ടോ.'
തോബിയാസിന്റെ കണ്ണില്‍ നല്ല ബിസിനസ്സുകാര്‍ക്കു മാത്രം കാണുന്ന കൗശലം വിരിഞ്ഞു. എസ്‌ഐ ചിരിച്ചു.
വീട്ടിലേയ്ക്കു തിരിക്കുന്നതിനു മുന്‍പ്, ഷോപ്പിങ് മാളിലെ രണ്ടുസ്റ്റാളുകളിലും ജ്വല്ലറിയിലും ഹോട്ടലിലും കയറി അന്നത്തെ കച്ചവടം സംസാരിച്ചു. ജ്വല്ലറിയിലേക്കു പുതിയ ചരക്കെടുക്കുന്ന കാര്യം മാനേജര്‍ പറഞ്ഞെങ്കിലും തോബിയാസ് വല്യതാല്‍പര്യം കാണിച്ചില്ല. എന്‍ എച്ചില്‍ നിന്നു വീട്ടിലേയ്ക്കുളള ഇടവഴിയിലേക്കു കയറുമ്പോള്‍ മകള്‍ക്കും ഭര്‍ത്താവിനുമായി പണിതുകൊടുത്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഒരു ദുരന്ത സ്മാരകംപോലെ നില്‍ക്കുന്നത് അയാള്‍ കണ്ടു. അപ്പോള്‍ കഴിഞ്ഞ ദിവസം കോണ്‍ട്രാക്ടര്‍ ഷറഫുദീന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മവന്നു.
'എടോ തന്റെ മരുമോന്‍ ഡോക്ടര്‍ക്ക് ഇരുമ്പാണി സെയ്ദുമായി എന്താ കണക്ഷന്‍. ഡോക്ടര്‍ ഓനുമായി എന്തോ എടപാട് പ്ലാന്‍ ചെയ്യുന്നുണ്ടെന്നറിഞ്ഞു. താനൊന്ന് ഉപദേശിച്ചേക്ക് കൊയപ്പത്തിച്ചാടണ്ടാന്ന്'
ഷറഫുദീനോട് എന്താണു മറുപടി പറഞ്ഞതെന്ന് എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ തോബിയാസിനു കഴിഞ്ഞില്ല.
കാര്‍ വീടിനു മുിലെത്തിയപ്പോഴേക്കും സൂര്യന്‍ പടിഞ്ഞാറോട്ട് കാലുമാറിയിരുന്നു. അയാള്‍ ഫോണ്‍ ചാര്‍ജുചെയ്യാനിട്ടിട്ട് കട്ടിലില്‍ നീണ്ടു നിവര്‍ന്നു. ചില്ലുവാതിലുള്ള ഷെല്‍ഫില്‍ മകളുടെ കല്ല്യാണഫൊട്ടോയിരിക്കുന്നത് കുറേക്കാലത്തിനുശേഷം അയാള്‍ കണ്ടു. ഇരുവശത്തുമായി തോബിയാസും ഭാര്യയും. രണ്ടുദിവസംകൂടിക്കഴിഞ്ഞാല്‍ ഭാര്യ മരിച്ചിട്ട് ആറുകൊല്ലം തികയുമെന്ന കാര്യം അപ്പോള്‍ ഓര്‍മയിലെത്തി. തോബിയാസ് പുറംകൈകൊണ്ടു കണ്ണുതുടച്ചു.
'ജോണച്ചാ, പട്ടാളം നമ്മുടെ പള്ളി തകര്‍ത്തു. ചുറ്റിനും ആറേഴു ടാങ്കറുവച്ചിട്ടാ ഫയറുചെയ്‌തേ. അരമണിക്കൂറുകൊണ്ട് അവസാനത്തെ കടയടക്കം താഴെവീണു. മുമ്പിലത്തെ വെല്യ കല്‍ക്കുരിശ്ശ് അവര് ബോംബുവച്ച് പൊട്ടിച്ചു. എത്ര കാലംകൊണ്ടു കെട്ടിപ്പൊക്കിയതാ അതൊക്കെ. ഞങ്ങളിനി എന്നാ ചെയ്യും ജോണച്ചാ.'
വൈകിട്ടത്തെ മെനു പ്രകാരമുള്ള രണ്ടു ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും കഴിച്ചുകഴിഞ്ഞ്, ഒരു ചുരുട്ടും കത്തിച്ചിരിക്കുമ്പോഴാണ് തോബിയാസിന്റെ മൊബൈല്‍ മുരടനക്കിയത്. അത്രനേരമായി കാത്തിരിക്കുകയായിരുന്ന കോളിലേക്ക് വിരലമര്‍ത്തുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചിരുന്നു.
'പോരാട്ടം തൊടങ്ങീട്ടിപ്പം ദിസവം പതിനൊന്നായി. ഇനി പിടിച്ചുനിക്കാന്‍ പറ്റൂന്ന് തോന്നുന്നില്ല.. ഓരോ ദിവസം ചെല്ലുന്തോറും പട്ടാളം കൂടുതല്‍ ആക്രമിക്കുവാ. ഗ്രാമക്കാരൊക്കെ പേടിച്ചരണ്ടിരിക്കുവാ. വെള്ളത്തിനും കരണ്ടിനും വേണ്ടിയാ അവര് സമരം തൊടങ്ങിയേ. അതിപ്പം യുദ്ധത്തിലെത്തി. കലാപമൊണ്ടാക്കാന്‍ ശ്രമിച്ചതും ഗ്രാമീണരെക്കൊണ്ട് പ്രശ്‌നമൊണ്ടാക്കിച്ചതും മിഷണറിമാരാണെന്നാ പട്ടാളത്തിന്റെ റിപ്പോര്‍ട്ട് . അതുകൊണ്ടാ പള്ളിപൊളിക്കാന്‍ ഉത്തരവിട്ടത്. ഇവിടുത്തെ പെണ്ണുങ്ങളും പിള്ളാരും പട്ടിണിയാ. ആരും പൊറത്തെറങ്ങുന്നില്ല. ആണുങ്ങളെല്ലാം എങ്ങാണ്ടൊക്കെ ഒളിച്ചിരിക്കുവാ. അവരുടെ അമ്പും വില്ലും വാരിക്കുന്തോമൊക്കെ പട്ടാളത്തിന്റടുത്ത് ഏശുവോ. ഇവിടുന്ന് പത്തുനൂറു കിലോമീറ്റര്‍ പോയാല്‍ വലിയ മലകളൊണ്ട്. അങ്ങോട്ട് നീങ്ങാനാ എല്ലാരുടേം പ്ലാന്‍. പക്ഷേ, അതിനുമുമ്പേ പട്ടാളം ഇവിടെല്ലാം വളയുമോന്നാ പേടി. എന്റെ കൂടെ നമ്മുടെ ഓര്‍ഫനേജിലെ അഞ്ചെട്ടു പിളളാരുമൊണ്ട്. ബാക്കി കൊറേയെണ്ണത്തിനെ കാണാതായി. എന്നതേലും പറ്റിക്കാണുവോ. അറിയാമ്മേല.'
കുറച്ചു തുടരന്‍ ദര്‍ഘനിശ്വാസങ്ങളോടെ ഫാ. പീറ്റര്‍ കാഞ്ഞിരക്കാട് നിശബ്ദനായി. അയാളുടെ കിതപ്പ് കൊടുങ്കാറ്റുപോലെ തോബിയാസിന്റെ കര്‍ണപുടങ്ങളെ കിടിലംകൊള്ളിച്ചു.
'ഒന്നും പറ്റുകേലച്ചോ. കര്‍ത്താവ് നിങ്ങളെ കൂടൊണ്ട്.' കഴുത്തില്‍ കരുക്കു മുറുകിയ മുട്ടനാടിന്റേതുപോലെ ദയനീയമായ സ്വരത്തില്‍ തോബിയാസ് പറഞ്ഞു: 'അവിടുന്ന് പൊറത്തുകടക്കാന്‍ വല്ല വഴീമൊണ്ടോന്നു നോക്ക്. എംബസീലോ മറ്റോ എത്തിയാല്‍...'.
'ഇപ്പത്തെ അവസ്ഥേല് ഒന്നും നടക്കുകേല ജോണച്ചാ. ഇവിടുന്നു പൊറത്തോട്ടൊള്ള വഴിയെല്ലാം പട്ടാളം ബ്ലോക്കുചെയ്‌തേക്കുവാ. ടൗണിലോട്ടൊന്നും പോകാന്‍ പറ്റുകേല. പിന്നൊള്ള മാര്‍ഗം, എല്ലാമൊന്നു ശാന്തമാകുംവരെ ദൂരെയൊള്ള മലേല് ഒളിക്കാമെന്നുളളതാ. ഞങ്ങടെ കൈയിലാണേ ഒന്നോ, രണ്ടോ ദിവസത്തേക്കും കൂടിയൊള്ള ഭക്ഷണമേ ബാക്കിയൊള്ളു. ഇതു തീരുന്നേനു മുന്നേ അടുത്ത താവളം കണ്ടുപിടിക്കണം. എന്റെ ഫോണിന്റെ ചാര്‍ജും തീരാറായി. ഒരു ബാറ്ററി കൂടി കൈയിലൊണ്ട് അതുംകൂടി തീര്‍ന്നാല്‍പ്പിന്നെ ...'
ഫാ. പീറ്റര്‍ വാചകം മുഴുവനാക്കും മുന്‍പ് ഫോണ്‍ കട്ടായി.
/indian-express-malayalam/media/media_files/uploads/2017/09/hp-3.jpg)
അവസാനത്തെ പഫ് ആഞ്ഞുവലിച്ചുകഴിഞ്ഞ് തോബിയാസ് പോത്തന്‍ കസേരയില്‍ നിന്നെഴുന്നേറ്റു. യുദ്ധക്കളത്തില്‍വച്ച് അറ്റുപോയ, പട്ടാളക്കാരന്റെ വലതുകൈ പോലെ ചുരുട്ടുകുറ്റി നിലത്തുവീണു. വീണ്ടും വിളി വരുമോ എന്നറിയാനായി തോബിയാസ് കുറച്ചുനേരം ഫോണിലേയ്ക്കു നോക്കിനിന്നു. സിഗരറ്റുചാരം പോലെ മഞ്ഞുപൊഴിയുുണ്ടായിരുന്നു. മുറിയിലേയ്ക്കു നടക്കുമ്പോള്‍ ആകാംക്ഷയുടെ ആറു തിരകള്‍ നിറച്ച റിവോള്‍വറാണു തന്റെ ഹൃദയമെന്ന് അയാള്‍ക്കു തോന്നി. യൂറോപ്യന്‍ ക്ലോസറ്റിന്റെ വാപിളര്‍ന്ന്, ഒച്ചയോടെ മൂത്രമൊഴിച്ചശേഷം തോബിയാസ് ക്ലീന്‍ഷേവ് മുഖം സോപ്പിട്ടു കഴുകി. കഴുത്തുവരെ വലിച്ചിട്ട കമ്പിളിക്കടിയില്‍ കിടക്കുമ്പോള്‍ ഡോ. ലയോണ ടി. പോത്തനും ഡോ. ഐവിന്‍ കോശിയും നല്‍കിയ ക്വൊട്ടേഷന്‍ സ്വീകരിച്ച ഇരുമ്പാണി സെയ്ദ് തന്നെ എങ്ങനെ കൊല്ലാനായിരിക്കും പ്ലാന്‍ ചെയ്യുന്നതെന്നു തോബിയാസ് ആലോചിച്ചു. പേടി, മൂര്‍ച്ചയുള്ള കശാപ്പുകത്തികൊണ്ട് അയാളുടെ ഉറക്കത്തെ വെട്ടിമാറ്റി.
'ഇപ്പം ഏതൊക്കെ രാജ്യത്താണ് ആഭ്യന്തര കലാപം നടക്കുന്നത്'
ഗവ. കോളജില്‍നിന്നു ചരിത്രവിഭാഗം മേധാവിയായി വിരമിച്ച എന്‍.സി. വരദരാജനോടു തോബിയാസ് ചോദിച്ചു.
'ആഫ്രിക്കേലോ, ലാറ്റിനമേരിക്കേലോ മറ്റോ വെള്ളത്തിനും കറണ്ടിനുംവേണ്ടിയുള്ള സമരം. ഏതേലും ഗോത്രവര്‍ഗത്തിലോ മറ്റോ പെട്ടവര്‍ നടത്തുന്നത്. അവിടെങ്ങാനും നമ്മുടെ മിഷണറിമാര്‍ക്കെതിരെ പട്ടാളത്തിന്റെ മൂവ്‌മെന്റുണ്ടോ'.
മധുരവും കടുപ്പവും കുറഞ്ഞ ചായ പതുക്കെക്കുടിച്ചുകൊണ്ട് വരദരാജന്‍ തോബിയാസിനെ സൂക്ഷിച്ചുനോക്കി. അതിരുകടന്ന ആവേശം തന്റെ മുഖത്തില്ലെന്ന ഉറപ്പില്‍ ഭാവഭേദമില്ലാതെ തോബിയാസ് കട്‌ലറ്റ് കടിച്ചു.
'ലാറ്റിനമേരിക്കേല്‍ എവിടേലും ഫൈറ്റുണ്ടോന്ന് അറിയില്ല. ആഫ്രിക്കയില്‍ ഷുവറായിട്ടും കാണും. പല രാജ്യങ്ങളിലും ചെറുതും വലുതുമായ കലാപങ്ങള്‍ നടക്കുന്നുണ്ട്. മിക്കതും നമ്മളൊന്നും അറിയാറില്ലെന്നു മാത്രം. എന്തു പറ്റി ഇപ്പം ഇങ്ങനൊരു സംശയം.'
ടിഷ്യു പേപ്പറില്‍ കൈവിരല്‍ തിരുമ്മിക്കൊണ്ട് തോബിയാസ് വരദരാജന്‍ മാഷിനെ നോക്കി.
'ഒരു സുഹൃത്തു പറഞ്ഞതാ. അയാള്‍ടെ ഏതോ റിലേറ്റീവ് കലാപത്തിനിടയില്‍ ഒരു കാട്ടുപ്രദേശത്തു കുടുങ്ങിക്കെടക്കുവാന്ന്'
തോബിയാസ് കട്‌ലറ്റ് തീര്‍ത്തു. പകുതിയോളം കാലിയായ ചായക്കപ്പ് സോസറില്‍ വച്ചശേഷം വരദരാജന്‍ പറഞ്ഞു:
'ആഫ്രിക്കേലെ പല രാജ്യങ്ങളിലും ഇപ്പഴും ഡിക്‌റ്റേറ്റര്‍ഷിപ്പ് തന്നെയാ. കലാപമൊക്കെ പട്ടാളത്തെവച്ച് അടിച്ചമര്‍ത്തും. പോരാട്ടം മൂത്തുകഴിഞ്ഞാല്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കൊക്കെ അവര്‍ ബ്ലോക്കുചെയ്‌തെന്നും വരും. ന്യൂസും കാര്യമായി പൊറത്തുവിടുകേല. പിന്നെ അവിടുത്തെയൊക്കെ സിറ്റുവേഷന്‍വച്ച് നമുക്ക് ഒന്നും ചെയ്യാനും പറ്റില്ല. എംബസീലോ മറ്റോ എത്തിയാല്‍ രക്ഷപ്പെടും.'
തോബിയാസിന്റെ മുഖത്ത് മ്ലാനതയുടെ ആവി പടര്‍ന്നു.
'ആഫ്രിക്കേല്‍ എവിടാ നമ്മുടെ നാട്ടീനൊളള മിഷണറി ഗ്രൂപ്പ് ആക്ടീവായിട്ടൊള്ളത്. ഈ ഗോത്രവര്‍ഗക്കാരുടെ ഒക്കെ മേഖലേല്.'
ഒരു വിദ്യാര്‍ഥിയെ നോക്കുന്ന ഭാവത്തോടെ വരദരാജന്‍ മാഷ് ശബ്ദത്തിന്റെ ഗൗരവംകൂട്ടി.
'നൈജീരിയ, ലിബിയ, കെനിയ, സിംബാബ്‌വേ അങ്ങനെ പലയിടത്തും ആക്ടീവാണ്. അച്ചായന്‍ പറഞ്ഞപോലെ ഇന്റീരിയര്‍ ഏരിയകളില്‍. എജ്യുക്കേഷന്‍ ഫീല്‍ഡില്‍ യുനിസെഫൊക്കെ ഫണ്ട് ചെയ്യുമെന്നു കേട്ടിട്ടൊണ്ട്. ഹെല്‍ത്തും മിഷണറീസ് നോക്കുന്ന ഏരിയയാ. പിന്നെ ഗവണ്‍മെന്റുകള്‍ പലപ്പോഴും അത്ര അനുകൂലമായി നില്‍ക്കാറില്ല. അവര്‍ക്കെതിരെ റിവോള്‍ട്ട് വരുമോന്ന് പേടികാണുമല്ലോ. അവര്‍ക്കെതിരാണെന്നു തോന്നിയാപ്പിന്നെ രക്ഷയില്ല.'
തോബിയാസ് ഒന്നിരുത്തി മൂളി. വരദരാജന്‍ മാഷിനോടു യാത്രപറഞ്ഞ്, ചായപ്പാത്രങ്ങളും കട്‌ലറ്റിന്റെ പൊട്ടും പൊടിയും ബാക്കിയാക്കി റസ്റ്ററന്റില്‍നിിറങ്ങുമ്പോള്‍ അയാള്‍ക്കു വല്ലാത്ത ക്ഷീണം തോന്നി. ഞരമ്പുകളിലൂടെ ബിപി 100 മീറ്റര്‍ ഓട്ടക്കാരനെപ്പോലെ കുതിച്ചുപായുന്നത് തോബിയാസ് അറിഞ്ഞു.
അന്നു രാത്രി തോബിയാസിനെ തേടി ഫാ. പീറ്റര്‍ കാഞ്ഞിരക്കാടിന്റെ കോള്‍ വന്നില്ല. പതിവുതെറ്റിച്ച വൃശ്ചികത്തിലെ ആകാശം കൂളിങ് ഗ്ലാസ്‌പോലെ കിടന്നു. ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ തോബിയാസ് പോത്തന് ആശങ്കയുടെ തീയടുപ്പില്‍ തലയിട്ടതുപോലെ തോന്നി. അയാള്‍ ഇന്റര്‍നെറ്റില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തര കലാപം സെര്‍ച്ച് ചെയ്തു. പഴയതും പുതിയതുമായ കുറേ പത്ര റിപ്പോര്‍ട്ടുകളും വീഡിയോകളും മാത്രമാണു കിട്ടിയത്. അതിലെങ്ങും ഫാ. പീറ്റര്‍ കാഞ്ഞിരക്കാടിലേക്കുള്ള ലിങ്ക് കിട്ടാത്തതിന്റെ നിരാശ തോബിയാസിനെ പിടികൂടി. അയാള്‍ തിളപ്പിച്ചാറ്റിയ ജീരകവെള്ളം രണ്ടുകവിള്‍ കുടിച്ചു. അപ്പോള്‍ മുറിയുടെ വാതിലില്‍ കൈവിരല്‍ മുട്ടുന്ന ശബ്ദംകേട്ടു.
'ഞങ്ങളു പറഞ്ഞ കാര്യത്തില്‍ ഡാഡി എന്നതേലും തീരുമാനിച്ചോ.'
ഫ്രെയ്മില്ലാത്ത കണ്ണടയൂരി കൈയില്‍ പിടിച്ചുകൊണ്ട് മകള്‍ ചോദിച്ചു.
'ഫണ്ടിന്റെ കാര്യം ഉറപ്പിച്ചാലേ അടുത്ത അക്കാദമിക് ഇയറിലേക്ക് ഡോക്യുമെന്റ്‌സ് ശരിയാക്കാന്‍ പറ്റൂ. ഡാഡിക്ക് എന്നാ ചെയ്യാന്‍ പറ്റുമെന്നു പറ.'
തോബിയാസ് ഒരു ഗ്ലാസ് ജീരകവെള്ളംകൂടി കുടിച്ചു. പിന്നെ, മകളുടെ കണ്ണിലേക്കു രൂക്ഷമായി നോക്കിക്കൊണ്ടു പറഞ്ഞു:
'എന്റെ കയ്യീനിന്നി ചില്ലിക്കാശ് കിട്ടുകേല. നിങ്ങക്ക് പ്രാക്ടീസുചെയ്യാനും പാവപ്പെട്ടവര്‍ക്ക് കൊറച്ച് ഉപകാരത്തിനും വേണ്ടിയാ ആശുപത്രി കെട്ടിത്തന്നത്. അതിനാത്ത് നിങ്ങള് എന്നാ കച്ചവടമാ നടത്തുന്നേ. അന്നത്തെ ആ കിഡ്‌നി കേസില്‍ രണ്ടുംകൂടി അഴിയെണ്ണിയേനെ. രൂപ അറുപതുലക്ഷം എറിഞ്ഞിട്ടാ അതൊതുക്കിയത്. അതുകൊണ്ട് ഇനി മെഡിക്കല്‍ കോളജു കെട്ടി അതിനാത്തും വേണ്ടാത്ത കച്ചവടം നടത്തണ്ട.'
തോബിയാസ് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചെയ്തു. പിന്നെ ഏറ്റവും കുറഞ്ഞ സ്പീഡില്‍ ഫാനിട്ടു.
'നിങ്ങക്ക് വേറെ എന്നതേലും ബിസിനസ്സ് വേണേല്‍ ഇട്ടുതരാം. ഷോപ്പിങ് മാള് വിറ്റ് പന്ത്രണ്ട്‌കോടി വാങ്ങാന്ന് എന്റെ മോള് സ്വപ്‌നം കാണണ്ട. കാശിനോട് ഇത്രയ്ക്കങ്ങ് ആര്‍ത്തി പാടില്ല. നാലഞ്ച് തലമുറയ്‌ക്കൊള്ളത് ഇപ്പത്തന്നെ ഇവിടൊണ്ട്. നിങ്ങക്കാണേല്‍ പിള്ളാരുമില്ല.'
ഡോ. ലയോണ ടി. പോത്തന്റെ മുഖത്ത് രക്തഞരമ്പുകള്‍ തിണര്‍ത്തു.
'മെഡിക്കല്‍ കോളജ് ഞങ്ങളെ ഡ്രീം പ്രോജക്ടാ. ഡാഡി സമ്മതിച്ചില്ലേല്‍ വേറെ വഴി നോക്കും.'
തോബിയാസ് ചെറുതല്ലാത്ത ഒച്ചയില്‍ ചിരിച്ചു.
'ഹോസ്പിറ്റലിന്റേം ഷോപ്പിങ് മാളിന്റേം മുഴുവന്‍ അവകാശവും എന്റെ പേരില്‍?തന്നെയല്ലേ. ഞാന്‍ ചത്തിട്ടല്ലാതെ നിങ്ങക്കതില്‍ ഒന്നും ചെയ്യാന്‍ പറ്റുകേല.'
കണ്ണട തിരികെ മുഖത്തുവച്ചുകൊണ്ട് ലയോണ പടികളിറങ്ങിപ്പോയി. സ്‌റ്റെയര്‍കെയ്‌സിനരികില്‍ നില്‍ക്കുകയായിരു മരുമകന്റെ നോട്ടം തോബിയാസിന്റെ കണ്ണില്‍ കോര്‍ത്തു. ഒട്ടും കൂസലില്ലാത്തൊരു ചിരി ഡോ. ഐവിന്റെ മുഖത്തുനിറഞ്ഞു. തോബിയാസ് മുറിയുടെ വാതിലടച്ചു. പിന്നെ ഒരു ചുരുട്ടു കൂടി കത്തിക്കണോ, വേണ്ടയോ എന്നു സംശയിച്ച് ചാരുകസേരയിലിരുന്നു. ഫാനിന്റെ ചെറിയ കാറ്റിനൊപ്പം ഏകാന്തത അയാള്‍ക്കുചുറ്റും വട്ടംകറങ്ങി. അപ്പോള്‍ കുറേ വര്‍ഷങ്ങള്‍ക്കുശേഷം തോബിയാസ് പോത്തന്‍ മരണത്തെക്കുറിച്ച് എന്തൊക്കെയോ ചിന്തിച്ചു.
'അച്ചായാ, ആ നമ്പര്‍ ഒരു ആഫ്രിക്കന്‍ കമ്പനിയുടേതാ. ആഫ്രിക്കേടെ പടിഞ്ഞാറന്‍ ഭാഗത്താ അവര്‍ക്കു കൂടുതല്‍ നെറ്റ് വര്‍ക്ക്.'
ഓര്‍മദിവസമായതിനാല്‍ ഭാര്യയുടെ കല്ലറയില്‍ ഒപ്പീസുകൂടിക്കഴിഞ്ഞ് വികാരിയച്ചനോടു വര്‍ത്തമാനം പറയുതിനിടയിലാണ് തോബിയാസിന്റെ ഫോണിലേക്ക് എസ്‌ഐ ബാലഗോപാലിന്റെ വിളിവന്നത്.
'കണക്ഷന്‍ ആരുടെ പേരിലാണെന്നും എവിടുന്നാ വിളിക്കുന്നേന്നും അറിയണേല്‍ കുറച്ചുദിവസമെടുക്കും. റിക്വസ്റ്റ് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്.'
വികാരിയോടു തിടുക്കത്തില്‍ യാത്ര പറഞ്ഞ് തോബിയാസ് കാറില്‍ക്കയറി.
'എവിടുന്നാ വിളിക്കുന്നാനേ കൃത്യം കണ്ടെത്താന്‍ പറ്റിയാല്‍ അയാളെ നമുക്ക് സഹായിക്കാന്‍ പറ്റും. അവിടെ മൊത്തം പ്രശ്‌നങ്ങള്‍ നടക്കുവാ.'
ഉറച്ച ശബ്ദത്തില്‍ ഫോകോളിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ തോബിയാസ് പറഞ്ഞപ്പോള്‍ അപ്പുറത്ത് ഒരു മിനിറ്റുനേരം നിശബ്ദത നിറഞ്ഞു.
'അച്ചായന്‍ വെഷമിക്കണ്ട. ഫാ. പീറ്റര്‍ കാഞ്ഞിരക്കാട് ഏതു രാജ്യത്തേക്കാ പോയേറിഞ്ഞാല്‍ അവിടുത്തെ എംബസിയില്‍ വിവരമെത്തിക്കാം. അവര്‍ക്കു ചെലപ്പം ഹെല്‍പ്പുചെയ്യാന്‍ പറ്റുമായിരിക്കും.'
തോബിയാസ് വണ്ടി സ്റ്റാര്‍ട്ടു ചെയ്തു. പിന്നെ. മൊബൈലില്‍ ഹെഡ് ഫോ കുത്തിയശേഷം പറഞ്ഞു: 'എന്നതാണേലും പെട്ടെന്നുവേണം. അല്ലെങ്കിച്ചെലപ്പം അവര് അപകടത്തിപ്പെടും.'
എസ്‌ഐ ബാലഗോപാല്‍ ഒന്നിരുത്തി മൂളി.
'നമുക്കു നോക്കാം..'
വീട്ടിലേയ്ക്കു പോകുംവഴി അര്‍ക്കേഡിയാ ബാറില്‍ക്കയറി തോബിയാസ് ഒരു ഫുള്‍ബോട്ടില്‍ വിസ്‌കി വാങ്ങി. പലതരം സംഘര്‍ഷങ്ങള്‍ തിങ്ങിനിറഞ്ഞ് ഹൃദയത്തിലെ കുതിരക്കുളമ്പടികള്‍ക്കു വേഗം കൂടുന്നത് അയാളറിഞ്ഞു. കാറിന്റെ സ്റ്റീരിയോ ഓണ്‍ ചെയ്തപ്പോള്‍ തുടര്‍ച്ചയായി കേള്‍ക്കാറുള്ള വിഷാദഗാനം താഴ്ന്ന ശബ്ദത്തില്‍ ഒഴുകി.
പച്ചമോരും ഉപ്പിലിട്ട നാരങ്ങയും പപ്പടവുംകൂട്ടി ചോറുണ്ണുതിനിടെ തോബിയാസിനെ എസ്‌ഐ ബാലഗോപാല്‍ വീണ്ടും വിളിച്ചു.
'അച്ചായാ ഞാന്‍ കമ്മീഷണറുമായി സംസാരിച്ചു. വിവരം ഒടനെതന്നെ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാനാ സാറു പറഞ്ഞത്. എന്തൊക്കെയോ ഫോര്‍മാല്‍റ്റീസൊണ്ട്. അച്ചായന്‍ ഇവിടംവരെ വന്ന് ഡീറ്റെയ്‌ലായി ഒരു സ്‌റ്റെയ്റ്റ്‌മെന്റ് തരണം.'
വായിലാക്കിയ ചോറുരുള പെട്ടെന്നു വിഴുങ്ങിക്കഴിഞ്ഞ് വെള്ളം കുടിച്ചുകൊണ്ട് തോബിയാസ് ചാടിയെഴുനേറ്റു.
'അരമണിക്കൂറിനകം ഞാനെത്താം', കൈ കഴുകി, വിരല്‍ ടര്‍ക്കിയില്‍ തുടയ്ക്കുതിനിടയില്‍ അയാള്‍ ചോദിച്ചു: 'ഫാ. പീറ്ററിനെക്കുറിച്ച് എതേലും വിവരം കിട്ടിയിരുന്നോ.'
'അങ്ങേരു പോയേക്കുന്നത് ടോഗോ എന്ന രാജ്യത്തേയ്ക്കാ. പോയിട്ടിപ്പം രണ്ടുകൊല്ലം കഴിഞ്ഞു', ബാലഗോപാല്‍ തികഞ്ഞ വ്യക്തതയോടെ പറഞ്ഞു: 'അവിടെ പട്ടാളത്തിന്റെ നിയന്ത്രണത്തിലാ കാര്യങ്ങളു മുഴുവന്‍. ഇലക്ഷനുമായി ബന്ധപ്പെട്ട് കൊറേ കൂട്ടക്കൊലകളും മറ്റും നടന്നായിരുന്നു. പ്രതിപക്ഷം പല ഭാഗത്തും പ്രക്ഷോഭങ്ങളും മറ്റും നടത്തുന്നുണ്ടെന്നാ കിട്ടിയ വിവരം.'
തോബിയാസ് സ്‌റ്റേഷനിലേക്കു പോകാനായി വസ്ത്രം മാറിയിറങ്ങി. കൈയും കാലുമെല്ലാം വല്ലാതെ വിറയ്ക്കുതുപോലെ അയാള്‍ക്കുതോന്നി.
സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മുതല്‍ ടോഗോ ഭരിച്ചത് പട്ടാളക്കാരനായിരുന്ന ഒരേകാധിപതിയായിരുന്നെന്നും 2005ല്‍ അയാള്‍ മരിച്ചതു മുതല്‍ മകനാണു പ്രസിഡന്റെന്നും കൂട്ടക്കൊലകളും ജനാധിപത്യ ധ്വംസനങ്ങളും സ്ഥിരം സംഭവമാണെന്നും വിക്കീപ്പീഡിയ നോക്കി ബാലഗോപാല്‍ പറഞ്ഞപ്പോള്‍ വിഷാദം തോബിയാസിന്റെ മനസ്സിനെ മലര്‍ത്തിയടിച്ചു. ഇതിനു മുന്‍പ് പേരുപോലും കേട്ടിട്ടില്ലാത്തൊരു രാജ്യവും അവിടുത്തെ കലാപവും തന്നെ തകര്‍ത്തു തരിപ്പണമാക്കുകയാണെന്ന് അയാളോര്‍ത്തു. സ്‌റ്റേഷനില്‍നിന്നും മടങ്ങുംവഴി ജ്വല്ലറി മാനേജരും ഷോപ്പിങ് കോംപ്ലക്‌സിലെ രണ്ടു ഫ്രാഞ്ചൈസികളും വിളിച്ചെങ്കിലും അറ്റന്‍ഡ് ചെയ്തില്ല.
വീട്ടില്‍ തിരിച്ചുകയറുമ്പോള്‍ മകളും മരുമകനും കാറെടുത്തു പുറത്തേക്കു പോകാന്‍ തുടങ്ങുകയായിരുന്നു. ലയോണ കനംവച്ച മുഖത്തോടെ തോബിയാസിനെ നോക്കാതെ സീറ്റിലിരുന്നു. ഡോറടയ്ക്കുതിനു മുന്‍പ് കഴിഞ്ഞ രാത്രി ചിരിച്ച അതേ ചിരി ഐവിന്‍ തോബിയാസിനു സമ്മാനിച്ചു.
രാത്രി, കംപ്യൂട്ടറിനു മുന്നിലിരുന്ന് കുറേനേരം ടോഗോയെക്കുറിച്ചു വായിച്ചശേഷം, ചെറുതല്ലാത്ത നടുക്കത്തോടെ വിസ്‌കിക്കുപ്പിയുമെടുത്തു ബാല്‍ക്കണിയിലേക്കു നടക്കുമ്പോള്‍ തോബിയാസിനു കരയണമെന്നു തോന്നി. പേടിയും സങ്കടവും നിറച്ച ഇരട്ടക്കുഴല്‍ തോക്കിന്റെ പോയിന്റ് ബ്ലാങ്കില്‍ പകച്ചു നില്‍ക്കുകയാണ് തന്റെ ഹൃദയമെന്ന് അയാള്‍ക്കു തോി. കസേരയിലേക്കു ചായുമ്പോള്‍ ചാര്‍ജു ചെയ്ത മൊബൈല്‍ ഫോണ്‍ ടീ ഷര്‍ട്ടിന്റെ ഇടത്തേ പോക്കറ്റിലിട്ടു. പിന്നെ, കുപ്പി പൊട്ടിച്ച് ആദ്യത്തെ പെഗ്ഗൊഴിച്ചു. ഗ്ലാസില്‍ സോഡയുടെ കുമിളകള്‍ പൊട്ടിത്തീരുതിനു മുന്‍പ് അയാള്‍ സിപ്പെടുത്തു. പെട്ടെന്ന്, മൊബൈലില്‍ ഉറക്കെ ബെല്ലടിച്ചു. വെപ്രാളത്തോടെ അറ്റന്‍ഡ് ചെയ്യുമ്പോള്‍ ഉള്ളില്‍ മാലപ്പടക്കം നിര്‍ത്താതെ പൊട്ടുന്നത് തോബിയാസ് അറിഞ്ഞു.
'ജോണച്ചാ, എല്ലാം തീരാന്‍ പോകുവാ. മിക്കവാറും നാളെത്തന്നെ പട്ടാളം ഞങ്ങളെ പിടികൂടും.'
വെട്ടിനുറുക്കിയ ഇറച്ചിക്കഷണങ്ങള്‍ പോലെ വാക്കുകള്‍ തോബിയാസിന്റെ ചെവിയിലേക്കു തെറിച്ചുവീണു.
'എന്നേം ഫാ. ആന്റണി ഡിസില്‍വയേം കണ്ടാലൊടനേ വെടിവെക്കാന്‍ പട്ടാളം നോട്ടീസെറക്കി. ഇന്നലെ റൊട്ടീം വെള്ളോം കൊണ്ടുവന്ന രണ്ടുപേരാ പറഞ്ഞത്. ഫാ. ആന്റണി എവിടാന്നുപോലും അറിയാമ്മേല. അവരുപിടിച്ച് കൊന്നുകാണും ജോണച്ചാ. ഞങ്ങളെന്നാ തെറ്റുചെയ്തിട്ടാ. പൊറംലോകം കണ്ടിട്ടില്ലാത്ത കൊറേ പാവങ്ങക്ക് നാലക്ഷരം പറഞ്ഞുകൊടുത്തതും കൊച്ചുങ്ങക്ക് ആഹാരോം മരുന്നും വാങ്ങിക്കൊടുത്തതും ഇത്രയ്ക്കു വല്യ രാജ്യദ്രോഹമാണോ.'
കരച്ചിലിന്റെ തുഞ്ചത്തെത്തിയ ശബ്ദം ഒരു സെക്കന്റ് നിലച്ചു. നൂറുകിലോ കട്ടിയുടെ ഭാരമുള്ള ഭയം തൂക്കിയിട്ട ശ്വാസം തോബിയാസിന്റെ നെഞ്ചില്‍നിന്നു പുറത്തെത്തി.
'ഇവിടുത്തെ പാവങ്ങടെ കാര്യമാ കഷ്ടം. തൊട്ടടുത്ത കോളനീല്‍ പട്ടാളം ഇന്ന് അഴിഞ്ഞാടി. പെണ്ണുങ്ങടെ തുണിയെല്ലാം പറിച്ച് നടത്തിക്കൊണ്ടുപോയി. ഏതോ പട്ടാളക്യാമ്പിലേക്കാന്നാ കേട്ടത്. പിള്ളാരെ വേറെങ്ങാണ്ടോട്ടോ കടത്തി. അവരെ എന്നാ ഒക്കെ ചെയ്തു കാണുമെന്ന് അറിയാമ്മേല. പന്ത്രണ്ട് ആണുങ്ങളെ ഇന്നലെ കൊന്നു. തലകീഴായി കെട്ടിത്തൂക്കിയേച്ച് തീകൊളുത്തി. വലിയൊരു വടത്തേല്‍ കരിഞ്ഞുപോയ അസ്ഥികൂടം ഇപ്പഴും കെടപ്പൊണ്ട്. വീടുകളെല്ലാം കത്തിച്ച് ചാമ്പലാക്കി. കുറച്ചുപേര്‍ എങ്ങനെയോ മലയടിവാരത്ത് എത്തിയെന്നും കേക്കുന്നുണ്ട്. ഇനിയങ്ങോട്ടു പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല ജോണച്ചാ. നാളെത്തന്നെ അവരിങ്ങെത്തും. എട്ടുംപൊട്ടും തിരിയാത്ത ഈ പിള്ളാരേം കൊണ്ട് ഞാനെങ്ങനെ രക്ഷപ്പെടാനാ. എനിക്കു മരിക്കാന്‍ പേടിയില്ല. ഇതുങ്ങളെ കയ്യിക്കിട്ടിയാ അവരെന്നാ ചെയ്യുമോര്‍ക്കുമ്പഴാ..'
വാക്കുകള്‍ക്കിടയില്‍ ഫാ. പീറ്റര്‍ കാഞ്ഞിരക്കാട് വീണ്ടും ഇടറി വീണത് തോബിയാസ് കേട്ടു. അയാളുടെ ശരീരം വലിഞ്ഞുമുറുകി.
'പീറ്ററച്ചന്‍ പേടിക്കാതെ. ഞാന്‍ കാര്യങ്ങളെല്ലാം പോലീസില്‍ അറിയിച്ചിട്ടുണ്ട്. അവര് നാളത്തന്നെ എംബസീല്‍ വിവരമെത്തിക്കും', വാക്കുകള്‍ക്കു തീരെ ബലമില്ലെന്ന് സംശയത്തോടെ തോബിയാസ് പറഞ്ഞു: 'പറ്റുവാണേല്‍ മന്ത്രി തലത്തിലും എടപെടാന്‍ പറ്റുമോന്നു നോക്കാം. കര്‍ത്താവ് കൂടെയൊണ്ടച്ചോ.'
ഓര്‍മയിലെ വാക്കുകള്‍ മുഴവന്‍ വറ്റിപ്പോയതുപോലെ തോബിയാസിനുതോന്നി. തൊണ്ട വരണ്ടു. ഉമിനീരിറക്കാന്‍ പ്രയാസപ്പെട്ട് അയാള്‍ ശ്വാസം വലിച്ചു.
'ഇവിടെയൊള്ളത് നമ്മുടയൊരു കോണ്‍സുലേറ്റാ. അതിവിടുന്നൊക്കെ ഒരുപാട് ദൂരെയാ. അവര്‍ക്കു വിവരം കിട്ടിയാലും കാര്യമൊന്നും ഒണ്ടാകുമെന്നു തോന്നുന്നില്ല. പട്ടാളം തീരുമാനിച്ചാപ്പിന്നെ ഒന്നും മാറ്റാന്‍ പറ്റുകേല. കൊന്നുകഴിഞ്ഞ് കത്തിച്ചേച്ച് കാണാനില്ലെന്നു പറഞ്ഞു റിപ്പോര്‍ട്ട് കൊടുത്താപ്പോരെ. എങ്ങനെ കണ്ടുപിടിക്കാനാ. രക്ഷപ്പെടാന്‍ പറ്റുകേലെന്ന് എനിക്കൊറപ്പാ ജോണച്ചാ.'
/indian-express-malayalam/media/media_files/uploads/2017/09/hp-4.jpg)
എന്തൊക്കെയോ ഓര്‍ക്കാനെപോലെ ഫാ. പീറ്റര്‍ കുറച്ചുനേരം നിശബ്ദനായി. തോബിയാസിന്റെ നെറ്റിയില്‍നിന്നും വിയര്‍പ്പുതുള്ളികള്‍ തുരുതുരാ ഒഴുകി.
'രണ്ടു ദിവസമായിട്ട് കണ്ണടയ്ക്കുമ്പം അമ്മച്ചീടെ മുഖവാ ഓര്‍മവരുന്നേ പത്താംക്ലാസുകഴിഞ്ഞ് സെമിനാരീച്ചേരാന്‍ വേണ്ടി യാത്രപറഞ്ഞെറങ്ങിയപ്പം കരഞ്ഞോണ്ട് ഉമ്മറത്ത് നിന്ന അമ്മച്ചിയെ മനസീന് മായ്ക്കാമ്പറ്റുന്നില്ല. പി ന്നെ വീട്ടിവന്നു തിരിച്ചുപോകുമ്പഴൊന്നും ഞാന്‍ തിരിഞ്ഞുനോക്കീട്ടില്ല. എനിക്കൊറപ്പാ, അമ്മച്ചിയവിടെ തൂണുംചാരി കരഞ്ഞോണ്ട് നിപ്പൊണ്ടാവും. അപ്പച്ചനാണേല്‍ കഴിഞ്ഞമാസം പ്ലാവേന്ന് വീണ് നട്ടെല്ലു പൊട്ടിക്കെടക്കുവാ. അനങ്ങാന്‍പോലും വയ്യ. ജോണച്ചാ, ഒരുതവണകൂടി എനിക്കവരെ ഒന്നു കണ്ടാല്‍ കൊള്ളാരുന്നു.'
ഫോൺ കട്ടായി. തോബിയാസ് കരഞ്ഞു. നെഞ്ച് പൊട്ടിപ്പോകുന്നതുപോലെ അയാള്‍ക്കുതോന്നി. എത്ര ശ്രമിച്ചിട്ടും നിറഞ്ഞൊഴുകുന്ന കണ്ണുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
വെട്ടം കെട്ടു പോയ മൊബൈല്‍ ഒരു കുഞ്ഞുശവപ്പെട്ടി പോലെ ടേബിളില്‍ കിടന്നു. തോബിയാസ് ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്ന വിസ്‌കി ഒറ്റവലിക്കു തീര്‍ത്തു. കവിളിലാകെ ഒഴുകിപ്പടര്‍ന്ന കണ്ണീര്‍ തുടച്ചുമാറ്റി. ഒരു ചുരുട്ടെടുത്തു കത്തിക്കാന്‍ തുടങ്ങുമ്പോള്‍ മകളുടെ കാര്‍ മുറ്റത്തെത്തിയത് കണ്ടു. തോബിയാസ് എഴുനേറ്റ്, അകത്തേക്കുള്ള വാതിലിന്റെ പടിയില്‍ മറഞ്ഞുനിന്നു. കാറിന്റെ മുന്‍വാതില്‍ തുറന്ന് മകളും മരുമകനും ഇറങ്ങി. തൊട്ടു പിന്നാലെ പിറകിലെ സീറ്റില്‍നിന്ന് മറ്റു മൂന്നു പേര്‍കൂടി മുറ്റത്തേക്കു കാല്‍വച്ചു. അവര്‍ ചെറിയ പരിഭ്രാന്തിയോടെ ചുറ്റുംനോക്കി. തോബിയാസ് മുറിയില്‍ക്കയറി വാതിലടച്ചു. അപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. തോബിയാസ് ബാത്‌റൂമിലെ അരണ്ടവെളിച്ചത്തില്‍ മൂത്രമൊഴിച്ചു. മുഖംകഴുകി. അപ്പോള്‍ മാര്‍ബിള്‍ പതിച്ച സ്റ്റെയര്‍കെയ്‌സിലൂടെ ഒരുകൂട്ടം പട്ടാള ബൂട്ടുകളുടെ കുളമ്പടി ഇരമ്പിവന്നു. അയാള്‍ കട്ടിലിനടിയില്‍നിന്നും പഴയൊരു ലെതര്‍പെട്ടി വലിച്ചെടുത്തു. അതിനുള്ളിലുണ്ടായിരുന്ന കുറേ തുണികള്‍ പുറത്തേക്കിട്ടു കഴിഞ്ഞ്, അടിത്തട്ടിലെ കബോര്‍ഡ് എടുത്തുമാറ്റി. പടികയറിയെത്തിയ ബൂട്ടുകള്‍ ഒരേ താളത്തില്‍ മുന്നോട്ടുകുതിച്ചു. ഫയറിങ്ങിനു മുന്‍പുളള ആക്രോശങ്ങള്‍ ഇടിമുഴക്കംപോലെ അന്തരീക്ഷത്തില്‍ മുഴങ്ങുന്നത് തോബിയാസ് മാത്രംകേട്ടു. അയാള്‍ പെട്ടിയില്‍ ഒളിപ്പിച്ചിരുന്ന ഇരട്ടക്കുഴല്‍ തോക്ക് പുറത്തെടുത്തു. മേശവലിപ്പില്‍നിന്നെടുത്ത തിരകള്‍ അതിലിട്ടു. തറയ്ക്കും മുറിയുടെ വാതിലിനും ഇടയിലെ വിടവിലൂടെ ദിനോസറിനോളം വലിപ്പമുള്ള മൂന്നുനിഴലുകള്‍ തോബിയാസിന്റെ പിന്നിലേയ്ക്കു നീണ്ടുവന്നു. നാലുഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തുനിന്നുള്ള ഒരായിരം അലമുറകള്‍ മുറിയില്‍ വിങ്ങിപ്പടര്‍ന്നു. ഭാഷ തിരിച്ചറിയാനാകാത്ത ഏങ്ങലടികള്‍ അയാളുടെ നെഞ്ചിടിപ്പിനൊപ്പം പെരുകി. ചെവി തുളച്ചെത്തിയ അനേകം അട്ടഹാസങ്ങള്‍ തലച്ചോറിന്റെ ഇരുണ്ട വന്‍കരയില്‍ മിസൈലുകള്‍ വര്‍ഷിച്ചപ്പോള്‍ തോബിയാസ് ഭയാനകമാംവിധം പല്ലുകടിച്ചു. പിന്നെ, തോക്കിന്റെ ട്രിഗറില്‍ വിരല്‍വച്ചശേഷം, പട്ടാളത്തൊപ്പിക്കു താഴെയുള്ള കുറേ നെറ്റിത്തടങ്ങള്‍ ലക്ഷ്യമാക്കിക്കൊണ്ട് വാതിലിനുനേരെ പാഞ്ഞടുത്തു.
അപ്പോഴും, തോബിയാസ് പോത്തന്‍ ബാല്‍ക്കണിയില്‍ മറന്നുവച്ച ഫോണിലേക്ക്, 8,288 കിലോമീറ്റര്‍ ദൂരത്തുനിുള്ള നിലവിളി തലതല്ലിവീഴുന്നുണ്ടായിരുന്നു.
ഡിസി ബുക്‌സ് രണ്ട് പതിപ്പുകൾ പ്രസിദ്ധീകരിച്ച "കല്യാശ്ശേരി തീസിസ്" എന്ന സമാഹാരത്തിലാണ് ഹിരോഷിമയുടെ പ്യൂപ്പ എന്ന കഥ ഉൾപ്പെടുത്തിയിട്ടുളളത്. വില: 100 രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us