ഞാന്‍ ജപ്പാനില്‍ പോയിട്ടില്ല. യാത്രകള്‍ ഒട്ടും ആസ്വദിക്കാത്ത ഒരാളായിട്ടു കൂടി ഒരു അനുഭവം എന്ന കണക്കെ യുറോപ്പിലും സിംഗപ്പൂരിലും പോകണം എന്നൊക്കെ ആഗ്രഹിക്കുമ്പോളും ജപ്പാന്‍ കാണണം എന്ന്‍ തോന്നിയിട്ടില്ല. ജപ്പാന്‍ എന്ന് കേട്ടാല്‍ രണ്ടാം ലോക മഹായുദ്ധം ഓര്‍മ്മ വരും. അതിന്‍റെ കൂടെ ഹൈസ്കൂള്‍ ‘സാമൂഹ്യപാഠം’ പുസ്തകത്തിലെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഹിരോഷിമ-നാഗാസാക്കി ചിത്രങ്ങളും. ഭൂമി കുലുങ്ങുന്നുണ്ടോ എന്ന ശങ്ക ഉളവാക്കുന്ന പാഠപുസ്തക അറിവുകളും. അച്ചടക്കത്തിന്‍റെ കാര്യത്തില്‍ കടും പിടുത്തക്കാരായ കുറേ ആളുകളെ കാണാന്‍ തുടങ്ങും. അവരെല്ലാം കറുത്ത കോട്ടുകള്‍ ധരിച്ചവരായിരിക്കും. ഓരോ വീഴ്ചയില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന അനന്യസാധാരണമായ ജനതയാണെന്ന വ്യക്തമായ ധാരണ ഉണ്ടെങ്കിലും ജപ്പാനെക്കുറിച്ച് ഭയഭക്തി കലര്‍ന്ന കൗതുകമാണ് മനസ്സില്‍ വേരൂന്നിയിരുന്നത്. ഒരു സ്കൂള്‍ സഹപാഠി ഇടയ്ക്കിടെ ഫെയ്സ്ബുക്കില്‍ ഇടുന്ന അതിമനോഹരമായ ചിത്രങ്ങള്‍ ഭൂലോകത്തെ മറ്റിടങ്ങളില്‍ നിന്നും വ്യതിരിക്തമായൊന്നും അവിടെ ഇല്ല എന്ന്‍ പതിവായി എന്നോട് പറയാറുണ്ട്‌. സഹപ്രവര്‍ത്തകരായും കമ്പനി ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താവായും മാനേജ്‌മന്റ്‌ തത്വങ്ങളായും ജപ്പാന്‍ എന്‍റെ ജീവിതത്തില്‍ സ്ഥിര സന്ദര്‍ശനം നടത്തുന്നത് പതിവാക്കിയപ്പോള്‍ എന്‍റെ അകല്‍ച്ച കുറയാന്‍ തുടങ്ങി. പതിയെ പതിയെ ജപ്പാനെ പൂത്തു നില്‍ക്കുന്ന മനോഹരമായ ചെറി ബ്ലോസം മരമായി സങ്കൽപ്പിക്കാന്‍ സാധിച്ചു തുടങ്ങി. ഏറ്റവുമടുത്ത ദിവസങ്ങളില്‍ മുറകാമി രചനകള്‍ ഉറക്കം കെടുത്തിയപ്പോഴാണ് എന്‍റെ ജപ്പാന്‍ ചിന്തകള്‍ക്ക് വേറിട്ട രൂപഭാവങ്ങള്‍ കൈ വന്നത്.

ഹാരുകി മുറകാമിയുടെ ‘കാഫ്ക ഓണ്‍ ദി ഷോറി’നെക്കുറിച്ച് ആദ്യം വായിക്കുന്നത് എന്‍. ശശിധരന്‍ എഴുതിയ ‘മത്സ്യ മഴ പെയ്യുന്ന സന്ധ്യകള്‍’ എന്ന ലേഖന സമാഹാരത്തിലാണ്. എന്‍റെ ഗ്രാഹ്യതലങ്ങള്‍ക്കുമപ്പുറത്തുള്ള എന്തോ ആണ് എന്ന വിശ്വാസത്താല്‍ അത് വായിക്കാനുള്ള ഒരു പരിശ്രമവും അപ്പോള്‍ നടത്തിയില്ല. ‘കിനോ’ എന്ന കഥ ന്യൂയോര്‍ക്കര്‍ മാഗസിനില്‍ വായിച്ചിട്ടാണ് ആ കഥയുമുള്‍പ്പെടുന്ന ‘മെന്‍ വിത്തൗട്ട് വിമെന്‍’ എന്ന മുറകാമി സമാഹാരത്തില്‍ എത്തിപ്പെടുന്നത്. ഓരോ മുറകാമി വായനയും അനുവാചക മനസ്സില്‍ മത്സ്യമഴ പെയ്യിക്കും. ചുറ്റും വിഷാദം നിറഞ്ഞ മാസ്മര സംഗീതം നിറയ്ക്കും. അതില്‍ മുഴുകി ചിലപ്പോള്‍ പാമ്പുകള്‍ ഇഴഞ്ഞെത്തിയെന്നിരിക്കും. കാക്കയും പൂച്ചയും മനുഷ്യനും ഒരേ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങും. അതു കൊണ്ടു തന്നെ മുറകാമിയെ ആസ്വദിച്ചു വായിച്ചു തുടങ്ങുന്ന കുതുകിയായ വായനക്കാരന് ‘കാഫ്ക ഓണ്‍ ദി ഷോറി’ല്‍ എത്തിച്ചേരാതിരിക്കാന്‍ നിര്‍വ്വാഹമില്ല. തന്‍റെ പിതാവിന്‍റെ ഈഡിപ്പസ് പ്രവചനത്തില്‍ നിന്നും ഒളിച്ചോടുന്ന കാഫ്ക താമുറ എന്ന പതിനഞ്ചുകാരന്‍. രണ്ടാം മഹാലോകയുദ്ധകാലഘട്ടത്തിലെ സാങ്കല്‍പ്പിക സംഭവങ്ങളിലൊന്നില്‍ ബലിയാടായ നകാത എന്ന അറുപതുകാരന്‍. പഴയ കാല വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ഇരയായ മിസ്‌ സൈകി എന്ന മധ്യവയസ്കയായ സ്ത്രീ. സൈകി സൂക്ഷിപ്പുകാരിയായുള്ള ഒരു ഗ്രന്ഥശാല. ഈ നാലു കഥാപാത്രങ്ങളെ ചുറ്റി പോകുന്നു ഈ നോവല്‍. വ്യാഖ്യാനങ്ങള്‍ക്കതീതമായ മനുഷ്യ മനസ്സിന്‍റെ ആധിയും, ചരിത്രത്തിലെ കരിപുരണ്ട സത്യങ്ങളും, മിസ്റ്ററിയും ഫാന്റസിയും എല്ലാം ചേര്‍ന്ന ഒരു മാസ്റ്റര്‍ പീസ് ആണ് ഈ രചന. എങ്കിലും ജപ്പാനെക്കുറിച്ചറിയാതെ ആ എഴുത്തിനെ പൂര്‍ണമായും ഉള്‍ക്കൊള്ളാനാകുമോ എന്നൊരു ചോദ്യം അവശേഷിപ്പിച്ചു ഓരോ മുറകാമി വായനയും. ഒരു വശത്ത് മനുഷ്യ മനസ്സിന്‍റെ നിഗൂഢതകളിലേക്ക് വായനക്കാരനെ നയിക്കുമ്പോള്‍ ജപ്പാന്‍ ജനതയുടെ രീതികള്‍ നിശബ്ധമായി അനാവരണം ചെയ്യുന്ന മറ്റൊരു വശമുണ്ട് ഈ എഴുത്തുകള്‍ക്ക്.n sasidharan

പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് കമ്പനിയുടെ ഫ്രെഷര്‍ ട്രെയിനിംഗില്‍ വച്ചാണ് ഞാന്‍ രസകരമായ ഒരു ജാപ്പനീസ് കഥ കേള്‍ക്കുന്നത്. ഐ.ബി.എം. എന്ന ബഹുരാഷ്ട്ര കമ്പ്യൂട്ടര്‍ കമ്പനി ജാപ്പനീസ് ഉത്‌പന്നങ്ങളുടെ ഗുണമേന്മ പരീക്ഷിക്കാനായി പരീക്ഷണാടിസ്ഥാനത്തില്‍ ഒരു കമ്പ്യൂട്ടര്‍ ഉപകരണത്തിന് ഓര്‍ഡര്‍ കൊടുത്തു. ഇപ്രകാരമായിരുന്നു ഗുണമേന്മയെക്കുറിച്ചുള്ള നിര്‍ദ്ദേശം. ഓരോ പതിനായിരം ഉപകരണങ്ങളുടെ കൂട്ടത്തിലും മൂന്നു ന്യൂനതയുള്ളയുള്ളവ സ്വീകാര്യമാണ്. കരാര്‍ പ്രകാരം ഉപകരണങ്ങള്‍ നിര്‍മ്മിച്ചു അയച്ചുകൊടുക്കുമ്പോള്‍ ജാപ്പനീസ് കമ്പനി ഒരു കുറിപ്പും കൂടെ അയച്ചു. ഐ.ബി.എം. നിര്‍മ്മാണ രീതികള്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ കുറച്ചു പ്രയാസപ്പെട്ടു. എന്നിരുന്നാലും കരാറു പ്രകാരം ഓര്‍ഡര്‍ അയക്കുന്നു. ഓരോ പതിനായിരത്തിനും മൂന്ന് വീതം ന്യൂനതയുള്ള ഉത്പന്നം നിര്‍മ്മിച്ചു അത്‌ വേറെ പാക്കേജ് ചെയ്തിരിക്കുന്നു. ‘ഉപയോഗ ശൂന്യം. കരാർ പ്രകാരം’ എന്ന് അതിന് പുറത്തു ലേബല്‍ ചെയ്തിട്ടുണ്ട്. ഉത്പാദനമേഖലയില്‍ ഗുണമേന്മക്കുള്ള പ്രാധാന്യം പുതിയ തലമുറയെ ബോധ്യപ്പെടുത്താന്‍ ഉപയോഗിക്കുന്ന അതിശയോക്തി നിറഞ്ഞ ഒരു കഥയാണിത്. എന്നാല്‍ പതിമൂന്നു വര്‍ഷ കാലയളവിലെ വാഹനനിര്‍മ്മാണ ലോകാനുഭവങ്ങള്‍ ഇത് ഒരു യഥാര്‍ത്ഥ സംഭവമാകാനിടയുണ്ട് എന്ന് എന്നെ വിശ്വസിപ്പിക്കുന്നു.

സ്കൂളില്‍ കുരുത്തക്കേട് കാട്ടിയതിന് ബഞ്ചില്‍ കയറി നില്‍ക്കേണ്ടി വന്ന അതേ മനസ്ഥിതിയോടെ ഉത്പന്നത്തില്‍ വന്ന ചെറിയ പാളിച്ചകളെ ന്യായീകരിക്കാന്‍ ജാപ്പനീസ് കസ്റ്റമറുടെ മുറിയില്‍ ലജ്ജിച്ചു നില്‍ക്കേണ്ടി വന്ന അനുഭവങ്ങള്‍ ഡയറക്ടര്‍ പദവിയിലുള്ള സഹപ്രവര്‍ത്തകര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു ‘ഇന്നോവ’യിലോ ‘ഹോണ്ടാ സിറ്റി’യിലോ യാത്ര ചെയ്യുമ്പോള്‍ ആരും ബോധപൂര്‍വ്വം ചിന്തിക്കാനിടയില്ലാത്ത ഒരു വിഷയമാണിത്. ഓരോ ഉത്പ്പന്നവും ഉപഭോക്താവിലേക്കെത്തിക്കുന്നതിന് മുന്‍പ് ജാപ്പനീസ് നിര്‍മ്മാതാവ് അതില്‍ അര്‍പ്പിക്കുന്ന ആത്മാര്‍ത്ഥത. എത്ര അധിക വിലയാണെങ്കിലും ജപ്പാൻ ബ്രാൻഡ് ടെലിവിഷൻ തേടി കടയില്‍ പോകുന്നവരും സ്വയമറിയാതെ വില കല്‍പ്പിക്കുന്നത് ഈ ജാപ്പനീസ് സ്വഭാവത്തെയാണ്‌.

അച്ചടക്കവും കാര്യക്ഷമതയിലുമുള്ള നിഷ്കര്‍ഷയും ജാപ്പനീസ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ഉത്പാദന മേഖലയില്‍ ഇന്ന് പിന്തുടരുന്ന ഭൂരിഭാഗം തത്വങ്ങളുടെയും ഉത്ഭവം ഇവിടെ നിന്നാണ്. ഹെന്‍റി ഫോര്‍ഡ് വിഭാവനം ചെയ്ത ഉത്പാദന രീതികളെ വെല്ലുവിളിച്ചു രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തായ്ച്ചി ഓനോ നിലവില്‍ കൊണ്ടു വന്ന രീതിയാണ് ‘ടൊയോട്ട രീതി.’ പാഴ് ചെലവുകള്‍ ഒഴിവാക്കുക, ചെയ്യുന്ന പ്രവര്‍ത്തികള്‍ ഒരു ഒഴുക്കു പോലെ ക്രമീകരിക്കുക എന്ന രണ്ടു ലളിത തത്വങ്ങളില്‍ അധിഷ്ടിതമാണ് ജാപ്പനീസ് രീതികള്‍. ജോലിയുടെ ഭാഗമായി അറിവുള്ള ഈ വസ്തുതകള്‍ ഉള്ളില്‍ ഒളിച്ചിരിക്കുന്നത് കൊണ്ടാകാം ഓരോ മുറകാമി മനുഷ്യരിലും ഈ അച്ചടക്കം ഞാന്‍ ഇത്ര കണ്ട് ശ്രദ്ധിച്ചത്. ഒറ്റപ്പെട്ട മനുഷ്യരാണ് മുറകാമി കഥകള്‍ നിറയെ. എന്നാല്‍ അവരുടെ ലോകത്ത് അവര്‍ പൂര്‍ണരാണ്. ദൃഢചിത്തരാണ്. കാഫ്ക തമുറ തന്‍റെ വീട്ടില്‍ നിന്നും ഒളിച്ചോടാന്‍ ചെയ്യുന്ന തയ്യാറെടുപ്പുകള്‍ വ്യത്യസ്ഥമാണ്. എവിടേക്ക് പോകണം, എന്തെല്ലാം കരുതണം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട് പതിനഞ്ചുകാരന്. ആ ചിന്താധാരയുടെ ഒഴുക്കും ഓരോ പ്രവര്‍ത്തിയുടെയും കാര്യകാരണങ്ങളും മുറകാമി അവതരിപ്പിക്കുന്ന രീതിയില്‍ ഒട്ടും അസ്വാഭാവികതയില്ല. പശ്ചാത്തലം ഏതുമാകട്ടെ മുറകാമിയുടെ ഓരോ കഥാപാത്രവും ജീവിതത്തില്‍ അടുക്കും ചിട്ടയും പാലിക്കുന്നവരാണ്. എത്തിച്ചേരുന്ന സ്ഥലങ്ങള്‍ അവരുടെ താളങ്ങള്‍ തെറ്റിക്കുന്നില്ല.murakami,writer,smitha vineed

ഒളിച്ചോടുന്ന തമുറ ദിവസം കഴിച്ചുകൂട്ടുന്നത്‌ താന്‍ അക്കമിട്ടു വച്ച പുസ്തകങ്ങള്‍ വായിച്ചു കൊണ്ടാണ്. കാടിനുള്ളിലെ ഒറ്റപ്പെട്ട പുരാതന ഗൃഹത്തില്‍ ഒളിച്ചിരിക്കുമ്പോഴും അവന്‍ തന്‍റെ വ്യായാമത്തില്‍ ശ്രദ്ധിക്കുന്നു. ഭൂമി കീഴ്മേല്‍ മറിയുന്ന പല സാഹചര്യങ്ങളിലും തമുറ എത്തിപ്പെടുന്നുണ്ട്. ഒരു രാത്രി തികച്ചും അപരിചിതമായ ഒരു സ്ഥലത്ത് തന്‍റെ കൈകളില്‍ മുഴുവന്‍ രക്തവുമായി അവന്‍ ഉണരുന്നു. അഭയം തേടുന്ന സകുറ എന്ന സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും അത്യന്തം ആകുലനായി തിരിച്ചു പോകുമ്പോള്‍ ഉപകാരസ്മരണയായി അവിടം വൃത്തിയാക്കിയിട്ടാണ് അവന്‍ പോകുന്നത്. കാട്ടിലെ പൊടിപിടിച്ച വീട്ടില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ പോലും തമുറ പ്രദര്‍ശിപ്പിക്കുന്ന ഒരു ക്രമം ഉണ്ട്. നകാത എന്ന മാനസിക ചാപല്യങ്ങളുള്ള മനുഷ്യനും ഹോഷിനോ എന്ന ട്രക് ഡ്രൈവറും എന്ന് വേണ്ട ഓരോ മുറകാമി കഥാപാത്രത്തിലും താളാത്മകമായ ഈ ചലനം ഒളിച്ചിരിക്കുന്നത് കാണാം. കഥാപാത്രങ്ങളും കഥാകാരനും തമ്മിലുള്ള ഒരു രസകരമായ സാമ്യവും കാണാം. ‘ടൊയോട്ട രീതി’ പോലെ ഒഴുകുന്ന ഓരോ കഥാപാത്രത്തിന്‍റെയും പ്രവര്‍ത്തികളുടെ ക്രമം തെറ്റാതെയുള്ള അതിസൂക്ഷ്മ വിവരണങ്ങള്‍ ഒഴിവാക്കി മുറകാമിക്ക് എഴുതുവാനും സാധിക്കുകയില്ല.

അസാമാന്യമായ അടക്കത്തോടെയല്ലാതെ ഒരു ജാപ്പനീസ് കഥയും എഴുതാന്‍ സാധിക്കില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഈ സ്വഭാവം നാമറിയാതെ ഒരു താളം വായനയ്ക്ക് സമ്മാനിക്കുന്നു. അത്‌ മുറകാമിയാകുമ്പോള്‍ സംഗീതത്തിന്‍റെ അകമ്പടിയോടെയായിരിക്കും. ഇവിടെയാണ്‌ ഈ രചനകള്‍ ജാപ്പനീസ് വഴികളില്‍ നിന്നും വേറിട്ട്‌ നടക്കുന്നത്. പാശ്ചാത്യ രീതികളെ ആലിംഗനം ചെയ്ത് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന എഴുത്തുകാരനാണ് മുറകാമി. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ കിമോനോക്ക് പകരം ജീന്‍സും പോളോ ഷര്‍ട്ടും ധരിക്കുന്നവരാണ്. വഴിയരുകിലെ മക്ഡോണാള്‍സില്‍ കയറുന്നവരാണ്. കാഫ്കയിലെ ഹോഷിനോയെ പോലെ അനുവാചകരെ അവര്‍ പോലുമറിയാതെ ജാസ് സംഗീതത്തില്‍ ലയിപ്പിക്കുന്നവരാണ്. ഉള്ളില്‍ അടക്കിപ്പിടിക്കാതെ തങ്ങളുടെ ലൈംഗികേച്ഛകളെ അഴിച്ചു വിടാന്‍ ആഗ്രഹിക്കുന്നവരാണ്.murakami,writer,smitha vineed

സ്വപ്നാത്മക-ഭ്രമാത്മക സങ്കല്‍പ്പങ്ങള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന മുറകാമി രചനകളില്‍ സുസ്ഥിരമായി കാണുന്ന ഒന്നാണ് വിശപ്പും പാചകവും ഭക്ഷണവും. “ദി സെക്കന്റ്‌ ബേക്കറി അറ്റാക്ക്‌” എന്ന കഥ അവലംബിച്ചിരിക്കുന്നത് തന്നെ അര്‍ദ്ധരാത്രിയില്‍ സഹിക്കാനാവാത്ത വിശപ്പ്‌ വിളിച്ചുണര്‍ത്തുന്ന നവദമ്പതികള്‍ കാട്ടി കൂട്ടുന്ന വിചിത്രങ്ങളായ പ്രവൃത്തികളെക്കുറിച്ചാണ്. ശൂന്യതയുടെ ചില നിമിഷങ്ങളില്‍ ഒരു ബര്‍ഗറിനോട് തോന്നുന്ന ആര്‍ത്തിയോ, കടുത്ത വിഷാദത്തില്‍ ഒരു ചോക്ലേറ്റിനോട് തോന്നുന്ന പ്രിയമോ അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ അഭാവത്തില്‍ അവരെ ഓര്‍ത്ത് ദുഃഖിച്ച് ഒറ്റയ്ക്ക് കഴിക്കുന്ന ഒരു നേരത്തെ ഭക്ഷണമോ പരിചിതമല്ലേ? അശ്രദ്ധ വായനയില്‍ അപ്രധാനവും അനാവശ്യവുമായി തോന്നുന്ന ഈ വിശദാംശങ്ങളെ കഥാപാത്ര സ്വഭാവങ്ങളിലേക്ക് അനായാസം തുറന്നു പിടിക്കാവുന്ന കണ്ണാടിയായി ഉപയോഗിക്കാനുള്ള ഒരു പാടവം ഉണ്ട് മുറകാമിക്ക്. ഇവ പലപ്പോഴും മുന്‍നിശ്ചയിക്കപ്പെട്ട കഥാ വികാസത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്. കഥാപാത്രം തോഫു കൊണ്ടുള്ള ഒരു വിഭവം ഉണ്ടാക്കി കഴിച്ച് അതിന് മേല്‍ ഏള്‍ ഗ്രീന്‍ ചായ കുടിക്കുമ്പോഴേയ്ക്കും വായനക്കാരന്‍ കഥാപാത്രത്തെ പാനം ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും.

വായിക്കുന്നതിനും എത്രയോ മുന്‍പ് മുറകാമി മനുഷ്യരെ ഞാന്‍ അറിയാതെ അറിഞ്ഞിട്ടുണ്ട്. കമ്പനിയുടെ അമേരിക്കയിലെ ഇന്‍ഡ്യാനയിലുള്ള ഡിവിഷനില്‍ ഒരു ജാപ്പനീസ് സുഹൃത്ത് ഉണ്ട്. അമേരിക്കന്‍ പൗരനായ ജപ്പാന്‍കാരന്‍. ജോലി സംബന്ധമായി സന്ദര്‍ശിക്കുമ്പോള്‍, ‘ബാംഗ്ലൂര്‍ രാജ്ഞിക്ക് ഞാന്‍ എന്താണ് ചെയ്തു തരേണ്ടത്‌, കൽപ്പിച്ചാലും’ എന്ന് നേരമ്പോക്ക് പറയുന്ന എന്നേക്കാള്‍ പത്തു വര്‍ഷമെങ്കിലും കൂടുതല്‍ ജോലിപരിചയം ഉള്ള സഹൃദയനായ സഹപ്രവര്‍ത്തകന്‍. കഴിഞ്ഞ വര്‍ഷം ഇന്‍ഡ്യാനയില്‍ ചെന്നപ്പോള്‍ ഒരു വാരാന്ത്യത്തില്‍ ഞങ്ങള്‍ നാല് സഹപ്രവര്‍ത്തകരെ അദ്ദേഹം ലഞ്ചിന് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു ചെന്ന ഞങ്ങളെ വരവേറ്റത് ഇടതു വശത്ത് നിറയെ ചെറി ബ്ലോസോം പൂത്തു നില്‍ക്കുന്ന പുറകു വശത്ത് വിശാലമായ യാഡ് ഉള്ള അതിമനോഹരമായൊരു കൊച്ചു വീടാണ്. ചെറിയ സ്വീകരണ മുറിയും പ്രത്യേക ആകര്‍ഷണം തോന്നുന്നൊരു അടുക്കളയും നാലു പടികള്‍ താഴേക്കിറങ്ങി മരങ്ങളും ചെടികളും നിറഞ്ഞ യാഡിലേയ്ക്കുള്ള കൊച്ചു ഇടനാഴിയും ഉള്ള താഴത്തെ നില. സ്വീകരണ മുറിയിയുടെ ഒരു മൂലയില്‍ ചുവന്ന പരവതാനിയില്‍ ഞങ്ങളുടെ കടന്നുകയറ്റം അത്ര ബോധിക്കാതെ ഇരിക്കുന്ന “കൊകോ” എന്ന ചിവാഹുവ (Chihuahua). കൊകോനട്ട് എന്നതില്‍ നിന്നും ഇഷ്ടം തോന്നി എടുത്ത പേര്. വീടെല്ലാം നടന്നു കാണിച്ചു. ചാരത്തുള്ള ഉയര്‍ന്ന ഡൈനിങ്ങ്‌ മേശയില്‍ ഞങ്ങളെ ഇരുത്തി സുഹൃത്ത്‌ പതിയെ അടുക്കളയില്‍ പണി തുടങ്ങി. കെമിസ്ട്രി പഠിച്ചു അതിലെ താല്പര്യം മൂത്ത് കേക്ക് ബേക്കിങ്ങിലും കോഫി ബ്രൂയിങ്ങിലും പരീക്ഷണങ്ങള്‍ നടത്തുന്ന, ഇന്‍ഡ്യാനയിലെ ആകര്‍ഷകമായ നടപ്പാതയായ ‘മോണോന്‍ ട്രെയിലില്‍’ സ്വന്തമായി കഫേ നടത്തുന്ന അയാളുടെ നല്ല പാതി, പതിവുപോലെ കഫേയില്‍ പോയിരുന്നു. ഫ്രിഡ്ജില്‍ നിന്നും ഒരു ‘സുഷി’ക്കൂട്ടം. എന്‍റെ ‘ജപ്പാന്‍പാചക ജ്ഞാനം’ വച്ചു ഇതായിരുന്നു ഊഹം. എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചു കൊണ്ട് പല തരം വിഭവങ്ങള്‍ ക്രമത്തില്‍ വരാന്‍ തുടങ്ങി. ഒരു പ്രത്യേക രുചിയുള്ള സൂപ് ഞങ്ങള്‍ക്ക് തന്നിട്ട് സുഹൃത്തും കൂടെ ഇരുന്നു കുടിക്കാന്‍ തുടങ്ങി. പിന്നെ എഴുന്നേറ്റ് പോയി ചെറി ബ്ലോസോം പൂക്കള്‍ കൊണ്ട് അലങ്കരിച്ച തളികയില്‍ മനോഹരമായ എന്തോ ഉണ്ടാക്കി വിളമ്പി. ഒരു കൊച്ചു പാത്രത്തില്‍ ഏതാണ്ടു ഇരുപത്- ഇരുപത്തഞ്ചു ചോറ് വറ്റുകള്‍ ഇട്ട് രണ്ടു ചോപ്പ് സ്റ്റിക് തന്നു. നാലോ അഞ്ചോ തവണയായി ഞാന്‍ ഒരിക്കലും കേട്ടിട്ടു പോലുമില്ലാത്ത പല വിഭവങ്ങള്‍ ഓരോന്നായി അവിടെ വന്നു. ഭക്ഷണത്തിന്‍റെ രുചിയല്ല മറിച്ച് അത് ഉണ്ടാക്കി വിളമ്പിയ രീതിയില്‍ മനസ്സു നിറഞ്ഞു. ഭക്ഷണം അത്ര ആസ്വദിച്ച്, താളത്തില്‍ ഞാന്‍ ഒരിക്കലും കഴിച്ചിട്ടില്ല. ആ അനുഭവം പിന്നൊരിക്കല്‍ കിട്ടിയത് മുറകാമി കഥകള്‍ വായിച്ചപ്പോളാണ്.murakami,writer,smitha vineed

ഭക്ഷണമൊരുക്കുന്ന പശ്ചാത്തലത്തില്‍ സൗഹൃദവും, പ്രണയവും, ലൈംഗികതയും, മടുപ്പും ഒറ്റപ്പെടലും എല്ലാം മുറകാമി വിഷയങ്ങളാണ്. സ്വയം തീര്‍ത്ത തടവറയുടെയും മലവെള്ളപ്പാച്ചില്‍ പോലെ വിഴുങ്ങാന്‍ വരുന്ന നാഗരികതയുടെയും ഇടയില്‍ തങ്ങളുടെ അസ്ഥിത്വം തിരയുന്നവരാണ് മുറകാമി വരയ്ക്കുന്ന ഓരോ മനുഷ്യനും. ഒരേ സമയം ചട്ടക്കൂടുകളുടെ വെളിയില്‍ നില്‍ക്കുന്നവരും എന്നാല്‍ വൈകാരികമായി അതിനുള്ളിലേയ്ക്ക്‌ തന്നെ മടങ്ങാന്‍ ശ്രമിക്കുന്നവരും. ഞാനും നിങ്ങളും ഉൾപ്പെടുന്ന സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളിലേയ്ക്കാണ് ഒരോ രചനയും ആഴ്ന്നിറങ്ങുന്നത്. എന്‍റെ ജീവിതത്തില്‍ നിന്നും എടുത്തതല്ലേ എന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവമോ, വരിയോ കാണാതെ മുറകാമി വായന അവസാനിപ്പിക്കുക സാധ്യമല്ല തന്നെ. അതുകൊണ്ട് തന്നെ ഒരിക്കല്‍ വായിച്ചവര്‍ അതിലേയ്ക്ക് പിന്നെയും പിന്നെയും ആകര്‍ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും. ക്രമം തെറ്റാത്ത പൂര്‍ണത എന്ന ജാപ്പനീസ്‌ സംസ്കാരത്തില്‍ നിന്നും തികച്ചും വിപരീതമായി ഇവരെ അപൂര്‍ണരായി ചിത്രീകരിച്ച് നിര്‍ത്താനാണ് മുറകാമിക്കിഷ്ടം. പൂര്‍ണത നല്‍കുന്ന കടമ വായനക്കാരനുള്ളതാണ്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook