ഒമ്പതാംവളവിൽ കൊച്ചേട്ടന്റെ പെട്ടിപീടികക്ക് മുന്നിലെ ബെഞ്ചിലിരിക്കുകയായിരുന്നു. പെട്ടന്ന്, അന്തരീക്ഷത്തിലേക്ക് വല്ലാതെ ശൈത്യം വന്നു ബാധിച്ചതു പോലെ ചെമ്പന് തോന്നി. പന്ത്രണ്ട് ഹെയർപിൻ വളവുകളിലായി വളഞ്ഞു പുളഞ്ഞു കിടന്ന ചുരത്തിലേക്ക് അവൻ മുകളിൽ നിന്നും കണ്ണോടിച്ചു. അതിന്റെ പ്രാന്തങ്ങളിൽ കുടിയേറ്റ കർഷകർ വളർത്തിയെടുത്ത കാപ്പിയും ഏലവും കുരുമുളകും തഴച്ചു നിൽക്കുന്നു. അവയുടെ വളർച്ചയോളം പഴക്കമുള്ള കല്ലറകളിൽ ആ കർഷകരുടെ പൂർവ്വികർ വിശ്രമിക്കുന്നുണ്ടെന്നോർത്തപ്പോൾ അവന് ഭയം തോന്നി. അവരുടെ അസ്ഥിപഞ്ചരങ്ങൾക്കു മീതെ നനുത്ത കാപ്പിപൂക്കളുടെ പടർപ്പ്. ആരോ പുല്ലിൻ പുക ഊതി വിടുന്നതു പോലെ കല്ലറകളിലേക്ക് സാവധാനം അരിച്ചിറങ്ങുന്ന കോട കൂടി കണ്ടതോടെ ചെമ്പന് മേലാകെ ഉളുത്തു കയറി. എന്റെ പൂർവ്വികർ ഈ കാടിനോട് ചെയ്ത സമരത്തിന്റെ കയ്പ്പുവെള്ളമാണ് നീ മൊത്തുന്നത്. വറീത് മാപ്പിള അടഞ്ഞ കൺപോളകൾക്ക് മുകളിൽ കൊന്തമാലയിലെ ക്രൂശിതരൂപത്തെ ഭക്തിപുരസരം തൊടുവിച്ചു കൊണ്ട് പറഞ്ഞു. ചെമ്പൻ കാപ്പിഗ്ലാസ് ചുണ്ടോടടുപ്പിച്ച് ഒരു കവിൾ ഊതിയിറക്കി.
കർത്താവിന്റെ അത്ഭുതമാണ് വളവിൽ പ്രവർത്തിക്കുന്നത്. അയാൾ കണ്ണു തുറക്കാതെ വീണ്ടും പുലമ്പി. ചെമ്പൻ അവിശ്വാസത്തോടെ താഴേക്കും വറീത് മാപ്പിള പ്രാർത്ഥനയോടെ മേഘങ്ങൾക്ക് മുകളിലേക്കും നോക്കി. താഴെ രാജാവിന്റെ മഹീന്ദ്ര ഇരമ്പിക്കൊണ്ട് ചുരം കയറുന്നത് അവർക്ക് കാണാമായിരുന്നു. കൊച്ചേട്ടൻ അസ്വസ്ഥതയോടെ സമോവറിനടുത്തേക്ക് പോയി. അയാൾ ചുറ്റുപാടുകളെ ശ്രദ്ധിക്കാതെ പണികളിൽ മുഴുകുന്നതായി ഭാവിച്ചു.
”ഇങ്കെ പാസ് പണ്ണറ അത്തന വണ്ടിയും ഇന്തമാതിരി ബ്രെയ്ക്ഡൗൺ ആയിടുമാ അണ്ണേ?”
“തെരിയാത്…” ചെമ്പൻ ഒഴുക്കൻ മട്ടിൽ തമിഴന്റെ ചോദ്യത്തിന് മറുപടി കൊടുത്തു.
വറീത് മാപ്പിള തമിഴൻ ഡ്രൈവറുടെ നേർക്ക് തിരിഞ്ഞു. “എല്ലാമില്ലടോ ഈശോമിശിഹായുടെ അനുഗ്രഹമില്ലാത്ത വണ്ടികൾ മാത്രം.”
“അന്ത രാശാവ് വന്ത് വണ്ടി ശീഘ്രം ശരിപണ്ണിടുമാലേ?” തമിഴൻ ആശങ്കയോടെ വീണ്ടും ചോദിച്ചു. ആരും ആ ചോദ്യം ഗൗനിച്ചതായി കണ്ടില്ല.രാജാവിന്റെ മഹീന്ദ്ര അടുത്ത പതിനഞ്ച് മിനുട്ടുകൾക്കകം ഒമ്പതാമത്തെ വളവു തൊടുമെന്ന് ചെമ്പൻ കണക്കു കൂട്ടി.
കുറച്ചു കാലം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2019ലെ ഉരുൾപ്പൊട്ടലിന് ശേഷമാണ് ഒമ്പതാമത്തെ ഹെയർപിൻവളവിനെ ചൊല്ലിയുള്ള നിഗൂഢതകൾ ആരംഭിക്കുന്നത്. അന്ന് പകലും രാത്രിയും വേർതിരിച്ചറിയാനാവാത്ത വിധം ചുരം കാർമേഘങ്ങളാൽ മൂടി പോയിരുന്നു. മഴ അതിനുമുകളിൽ കരഞ്ഞൊലിച്ചു കൊണ്ടിരുന്നു. പുലർച്ച നേരത്ത് മരവേരുകളുടെ പിടി ഒന്നയഞ്ഞപ്പോൾ കറുത്ത മണ്ണ് ഒരു വലിയ ആർപ്പോടെ താഴേക്ക് പതിച്ചു.
കാപ്പിയും റബറും ഏലക്കാടുകളും അവയെ നട്ടുനനച്ച മനുഷ്യർക്കൊപ്പം മണ്ണിൽ പുതഞ്ഞു കിടന്നു. പക്ഷേ, ഒമ്പതാം വളവിൽ പറയത്തക്ക അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. റോഡിനരികിലായി വന്ന് പതിച്ച ഒരു ശില ആളുകളുടെ കണ്ണിൽപ്പെടാതെ പൊന്തക്കാടിനുള്ളിൽ കുറേ കാലം മറഞ്ഞിരുന്നതൊഴിച്ചാൽ അത് മുമ്പുള്ളതിനേക്കാൾ ശാന്തമായി കാണപ്പെട്ടു.

”നാട്ടരചൻ കപ്പലോടും കാടോടും വേട്ടമന്നൻ ആദിരാശാവിൻ പകവതിക്കു വിചം ഉരു ഒന്നുക്കൊന്ന്… ഉരു രണ്ട്ക്കൊന്ന്… ഉരു മൂന്നുക്കു രണ്ട്… ഉരു നാല്ക്ക് മൂന്ന്… ഉരു അഞ്ച്ക്കഞ്ച്…” പൊന്തക്കാടുകൾ പിറുപിറുത്തു.
ഒമ്പതാംവളവിൽ നിന്ന് ചുരം പിരിഞ്ഞ് ടാറിട്ട റോഡ് പഴയ റയോൺസ് ഫാക്ടറിയിലേക്ക് കയറിപ്പോയിരുന്നു. പൂട്ടിപ്പോയ കമ്പനിയിലേക്ക് പതുക്കെ കാടും കുറുനരിയും കയറി. വിജനമായ കമ്പനിവളപ്പ് കള്ളുകുടിയന്മാരുടെയും റമ്മികളിക്കാരുടെയും താവളമായി. ഒരു ദിവസം ചുരം കയറിവന്ന ചരക്കുവാഹനങ്ങൾ ഒമ്പതാമത്തെ ഹെയർപിന്നിൽ തുടരെ തുടരെ ബ്രെയ്ക്ഡൗൺ ആയി. അതിനുശേഷമാണ് വളവിലെ നിഗൂഢതകളെ കുറിച്ച് ആളുകൾ കഥകൾ നിർമ്മിച്ചു തുടങ്ങിയത്.
പുലർച്ചെ, പണിക്കിറങ്ങിയ ടാപിംഗ് തൊഴിലാളികളാണ് ആ സംഭവത്തിന് ആദ്യമായി സ്ഥിരീകരണം നൽകുന്നത്. വളവിലെ പുലർകാലത്തിൽ നിന്ന് ലോറികളുടെ മുരൾച്ച കേട്ട് അവരിൽ ചിലർക്ക് ബോധക്ഷയമുണ്ടായി. ഡ്രൈവർമാർ ഹെവിവെഹിക്കിൾ മെക്കാനിക്കുകളെ തിരഞ്ഞ് അടിവാരത്തിലേക്ക് ഓട്ടോ പിടിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ക്രെയിനുകൾ വന്നു പിടിച്ചിട്ടും അനങ്ങാത്ത ലോറിയിൽ നിന്ന് പഴനിവേൽ ആണ്ടവന്ക്ക് എന്നു വേണ്ടിക്കിട്ട് ഏതോ പാണ്ടിത്തമിഴൻ ഒരു ചാക്ക് ബസുമതി റൈസ് ഇറക്കി വച്ചു. ആളുകളെ വിസ്മയിപ്പിച്ചു കൊണ്ട് അപ്പോൾ ആദ്യമായി വണ്ടി സ്റ്റാർട്ടായി!
പിന്നീട് ആവിടെ ചാക്കുകൾ നേർച്ചയായി ഇറക്കുന്നത് ഒരു ചടങ്ങായി മാറി. എങ്കിലും ഇറക്കേണ്ട ചാക്കുകളുടെ എണ്ണത്തെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു.ചിലപ്പോൾ ഒന്ന്, ചിലപ്പോൾ രണ്ട്, മൂന്ന്, അഞ്ച്… ഇറക്കിയ ചാക്കുകൾ പത്താമത്തെ വളവിലേക്ക് കടത്തി കൊടുക്കാൻ വന്ന കൂലിക്കാരിൽ ഒരാളായിരുന്നു ചെമ്പൻ. ചുവന്ന തൊലിനിറമുള്ള വരുത്തന് കൊച്ചേട്ടനാണ് ആ പേരു വിളിച്ചത്. ചണച്ചാക്കുകൾ ചുമന്ന് നീങ്ങുന്നതിനിടയിൽ, ആ വിളി കേൾക്കുമ്പോൾ, അവൻ പ്രായസപ്പെട്ട് ചിരിച്ചു.
ചെമ്പൻ കാപ്പിഗ്ലാസ് കാലിയാക്കി എഴുന്നേറ്റു. വറീത് മാപ്പിള പോയി കഴിഞ്ഞിരുന്നു. തവിട്ട് നിറത്തിലുള്ള അയാളുടെ നിഴൽ കോടമഞ്ഞിൽ കലങ്ങി. തമിഴന്റെ മുഖത്ത് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ലെന്നു തോന്നി. ചാക്കൊന്നിന് 101 വച്ച് അമ്പത് ചാക്കിന് 5050 രൂപയാണ് രാജാവ് കൊണ്ടു പോകുന്നത്. ചെമ്പൻ അപ്പോൾ രാഗിയെ കുറിച്ചോർത്തു. അവൾക്ക് എട്ടു മാസം തികഞ്ഞത് ഇന്നലെയാണ്.
ഫോണെടുത്തു നോക്കി. നെറ്റ്വർക്ക് കവറേജ് സൂചിപ്പിക്കുന്ന ദീർഘചതുരങ്ങൾക്ക് കുറുകെ ചുവന്ന ഗുണനചിഹ്നം! പണ്ടൊരിക്കൽ ക്ലാസിൽ ഒച്ചയുണ്ടാക്കിയതിന് കിട്ടിയ ശിക്ഷ ഓർമ വന്നു. ഒന്നു മുതൽ നൂറുവരെ എഴുതി കൂട്ടാൻ പറഞ്ഞ്, കരുണാകരൻ മാഷ് ചുമരിൽ ചാരി നിർത്തി ‘ “അവിടെ നിന്നോ!” അന്ന് അതിനൊരു എളുപ്പവഴി കണ്ടു പിടിച്ചിരുന്നു. മാഷ് പക്ഷേ, ഇതുപോലെ ചുവന്ന മഷി കൊണ്ട് വരച്ചു തന്നു. കരുണാകരൻ മാഷിന്റെ ദേഷ്യം പിടിച്ച കണ്ണുകളിൽ പിടച്ചു നിന്ന രക്തകുഴലുകൾക്കും അതേ നിറം. അതേ ആകൃതി !
രാഗിയുടെ ആദ്യ ഗർഭം അലസി പോയപ്പോൾ കുറച്ചു മാസങ്ങൾ നേരാവണ്ണം ഉറക്കം പോലുമില്ലായിരുന്നു. അവൾ രാത്രിയിൽ ആകാശത്ത് നക്ഷത്രങ്ങളെ നോക്കി കൊണ്ട് മടിയിൽ തലവച്ച് കിടന്നു. ചിലപ്പോൾ ചക്രവാളത്തിൽ കണ്ട ഒറ്റ നക്ഷത്രത്തിനു നേരെ വിരൽ ചൂണ്ടും. “നോക്കു… ഒരു നക്ഷത്രം ഉദിച്ചു വരുന്നു.” അവൾ ആഹ്ളാദത്തോടെ പറഞ്ഞു. പെട്ടന്ന് തന്നെ മുഖത്ത് വിഷാദം നിറഞ്ഞു. “വെറുതെയാണ് അതിപ്പോൾ അവിടെയില്ല. എന്നേ മരിച്ചു പോയിരിക്കുന്നു.”
രണ്ടാമത്തെയും മൂന്നാമത്തെയും തവണ പെൺകുട്ടികളായിരുന്നു. ഓമനത്തമുള്ള എന്നാൽ ജീവനില്ലാത്ത രണ്ടു കുഞ്ഞുങ്ങൾ. അവൾ പിന്നെ നക്ഷത്രങ്ങളെ നോക്കിയില്ല. മടിയിൽ നിന്നെഴുന്നേറ്റു പോയി മിന്നാമിനുങ്ങുകൾ പറക്കുന്ന തൊടിയിലേക്ക് നോക്കി നിന്നു.
“വെറുതേയാണ്… നാളെയോ മറ്റന്നാളോ അവയെല്ലാം ഒരു പ്യൂപ്പക്കുള്ളിൽ സാമാധിയാവും.” ചെമ്പൻ അവളെ പിന്നിൽ നിന്നും അരക്കെട്ടിലൂടെ കൈയ്യിട്ട് കെട്ടിപിടിച്ചു. നാലാമത്തെ തവണ സിസേറിയൻ ചെയ്യേണ്ടി വന്നു. ഇരട്ടപെൺകുട്ടികൾ. ചെമ്പൻ നെഞ്ചിൽ ചെവി ചേർത്തു വച്ച് ജീവനുണ്ടെന്ന് ഉറപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കണ്ണിലും മുഖത്തും മഞ്ഞ കണ്ടത്.
നിയോനാറ്റൽ ഐസിയുവിന്റെ മുന്നിൽ കാത്തു നിൽക്കുമ്പോൾ രാഗിയുടെ മാക്സി മുലപ്പാൽ കൊണ്ട് നനഞ്ഞ് കുതിർന്നു. ചെമ്പൻ വീഴാതിരിക്കാൻ അവളുടെ ചുമലിൽ മുറുക്കെ പിടിച്ചു. തിരികെയെത്തിയ ശേഷം അവൾ പിന്നെ തൊടിയിലേക്ക് പോയതേയില്ല. ഇടയ്ക്കിടെ വീഴുന്ന ഉണങ്ങിയ തേങ്ങകളും ഓലയും കൊതുമ്പും നിറഞ്ഞ് തൊടി നാശമാകുന്നതിനെ പറ്റി അവലാതിപ്പെട്ടില്ല. ചിരട്ടകളിൽ നിറഞ്ഞ മഴവെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകി.അവയുടെ മൂളൽ പറമ്പിൽ നിന്നും ജനലഴികളിലൂടെ അകത്തേക്ക് വന്നു.

ചുമരുകളിൽ പറ്റിയിരിക്കുന്ന നിശാശലഭങ്ങളെ നോക്കി രാത്രി മുഴുവൻ രാഗി ഉറക്കമിളച്ചിരുന്നു. അവളുടെ കൺതടങ്ങളിൽ കറുപ്പു പടർന്നിരുന്നു.
“വെറുതെയാണ് ഒരൊറ്റ രാത്രി മാത്രമേ ഇവക്ക് ആയുസ്സുള്ളു’ അവൾ നെഞ്ചിലേക്ക് ചാഞ്ഞു. പല്ലികളെ കൈകാട്ടി ഓടിച്ചു വിട്ടു. അഞ്ചാമത്തെ തവണ വളരെ റിസ്കാണെന്ന് ഡോക്ട്ടർ മുന്നറിയിപ്പ് തന്നിരുന്നു. അവൾ പിന്മാറാൻ കൂട്ടാക്കിയില്ല. മൂന്നുപേരെ താങ്ങാനുള്ള ശേഷി ഗർഭപാത്രത്തിനില്ലായിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് ആശുപത്രിയിൽ നിന്ന് തിരിച്ചു വന്നത്. ആകാശവും തൊടികളും, വീടിനകത്തെ ചുമരുകളും കാണാത്തതു പോലെ നടിച്ച്, രാഗി വീടിനുള്ളിലേക്ക് വേച്ചു വേച്ച് കയറി പോയി.
പിന്നെയും കുറേ കാലം കഴിഞ്ഞ്, ഒരു രാത്രിയിൽ രമിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ പെട്ടന്ന് നെഞ്ചിൽ കൈവച്ച് തടുത്തു. “ഇത്തവണ നമുക്ക് എത്ര കുഞ്ഞുങ്ങളായിരിക്കും?” ചെമ്പൻ വിരലുകളിൽ കണക്കു കൂട്ടി.
“അഞ്ച്!”
അവൻ ജനലഴികൾക്കിടയിലൂടെ കണ്ട ആകാശത്തിലേക്ക് നോക്കി. അരണ്ട നിലാവിൽ കുതിർന്നു പോയ തൊടിയിലേക്കും സീറോ ബൾബിന്റെ പ്രകാശത്തിൽ നീലിച്ചു നിന്ന ചുമരിലേക്കും നോക്കി. നക്ഷത്രങ്ങൾ ഇല്ല. മിന്നാമിനുങ്ങുകളും നിശാശലഭങ്ങളുമില്ല. ചുണ്ടുകൾ തമ്മിൽ കോർത്തു, രാഗിയപ്പോൾ ദീർഘമായി ശ്വസിച്ചു.
വളവിൽ അത്ഭുതം നടന്നിരുന്ന കാലത്ത് ഞായറാഴ്ചകളിൽ മാത്രം അവിടെയൊരു ഒരു പന്തയപ്പയറ്റ് നടക്കാറുണ്ടായിരുന്നു. കൊച്ചേട്ടന്റെ പെട്ടിക്കടയ്ക്കു പിന്നിൽ കൊച്ചൗത കെട്ടിയിട്ട കാളക്കുട്ടന് വേണ്ടി ആളുകൾ വാശിയോടെ പയറ്റി. നറുക്കു കുറികളിൽ അന്നാദ്യം നിൽക്കുന്ന വണ്ടിയിൽ നിന്ന് ഇറക്കി വയ്ക്കാൻ പോകുന്ന ചാക്കുകളുടെ എണ്ണം അവർ രഹസ്യമായി എഴുതി ചേർത്തു.
പിന്നാമ്പുറത്തെ ഷെഡിൽ തലചുമടുകാരും, അടിവാരത്ത് നിന്ന് കയറി വന്നവരും റമ്മി കളിച്ചു തകർക്കുന്ന ഒച്ച പൊന്തി. അതു കേട്ട് പന്തയത്തിനു കെട്ടിയിട്ട കുട്ടൻ വിറളി പിടിച്ച് കുന്തിരിയെടുത്തു. നറുക്ക് പക്ഷേ, ഏറ്റവും കൂടുതൽ തവണ വീണത് ചെമ്പന്റെ കുറിക്കായിരുന്നു. ഞായറാഴ്ച കുർബാന കഴിഞ്ഞ സമയത്ത് കൊച്ചൗതയും ചെമ്പനും, കമ്പനി വക പറമ്പിലിട്ട് ആ ജന്തുവിനെ ഇറച്ചിയാക്കി.
കുർബാന പിരിഞ്ഞ വിശ്വാസികൾ തിരുശരീരമെന്നോണം മാംസം പൊതിഞ്ഞു വാങ്ങി കൊണ്ടുപോയി. ബാക്കി വന്ന ഇറച്ചി കൊച്ചേട്ടന്റെ കടയിലെ ചരുവത്തിൽ കിടന്ന് തിളച്ചു. അതിന്റെ ആവിമണം പൊങ്ങിയപ്പോൾ കുരങ്ങുകൾ ശിഖരങ്ങൾക്കിടയിൽ അസ്വസ്ഥരായി പാഞ്ഞുനടന്നു. പയറ്റി തോറ്റ പതിവുകാർക്ക് കൊച്ചേട്ടൻ കാട്ടു തേനിറ്റിച്ച സോഡാവെള്ളം കൊടുത്തു. അതവൻ കൊണ്ടു പോയി തിന്നട്ടെടാ കരടിക്കുട്ടന്മാരേ. അയാളവരെ സമാധാനിപ്പിച്ചു. കരടികൾ തേൻവെള്ളം നുണഞ്ഞ് അടുത്ത ഞായറാഴ്ചയിലേക്ക് പിരിഞ്ഞു.
ചെമ്പൻ റമ്മികളിക്കാർക്കിടയിൽ ഇരിക്കാൻ തുടങ്ങിയത് എല്ലായിപ്പോഴും കശപിശയിലാണ് അവസാനിച്ചിരുന്നത്. “എല്ലാ കളിയും ജയിക്കാൻ മാത്രം ഭാഗ്യം നിനക്കെവിടുന്നാടാ നാറി?” പുല്ലിൻപുക ഉച്ചിയിൽ കയറിയ ഒരു ചേട്ടൻ ചെമ്പന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. സാധ്യതകളുടെ കളി പഠിച്ചെടുത്തത് എങ്ങനെയായിരുന്നു? ശ്വാസംമുട്ടുമ്പോഴും ചെമ്പൻ അലോചിച്ചു നോക്കി. അവന്റെ തലയ്ക്കുള്ളിൽ ആരോ അപ്പോൾ ഓർമകൾ കശക്കി.
കാളക്കരളും പാലപ്പവും കൂട്ടി പിടിക്കുന്നതിനിടയിൽ വറീത് മാപ്പിള കൊച്ചേട്ടനെ അടുത്തു വിളിച്ചു. “കൊച്ചേ, അവന് സാത്താൻ സേവയുണ്ടോന്ന് എനിക്ക് സംശയമുണ്ട്. അല്ലെങ്കിലെങ്ങാനാ ഈ നറുക്കൊക്കെ അവന്റെ തലയ്ക്ക് തന്നെ വീഴുന്നത്?”
“ഒള്ളതാവാൻ തരമുണ്ട് അച്ചായോ. എന്നാലും അവനൊരു കൂറ്റനാ. അവനെ കൊണ്ടു ചവിട്ടിച്ചാ ഏത് മച്ചിയും പെറും.”
രാജാവ് വന്നപ്പോഴേക്കും വളവിലെ മനുഷ്യരിലധികവും സ്ഥലം വിട്ടിരുന്നു. വറീത് മാപ്പിള പോകുന്ന വഴി മുഴുവൻ ജപമാല ചൊല്ലിക്കൊണ്ടിരുന്നു. അവൻ അന്തിക്രിസ്തുവാ കുഞ്ഞുങ്ങളേ. അയാൾ പിറുപിറുത്തു. പെട്ടന്ന് സ്റ്റൗ കെട്ടു പോയി! “കാലൻ” കൊച്ചേട്ടൻ പല്ലു ഞെരിച്ചു. ചാക്കുകെട്ടുകൾ നിറച്ച ലോറി അപ്പോൾ സാവധാനം വളവു കടന്നുപോയി. തമിഴൻ ആഹ്ലാദത്തോടെ കൊച്ചേട്ടനെ കൈവീശി കാണിച്ചു.
രാജാവ് ആദ്യമായി അവിടെ വന്നത് ഒരു ഞായറാഴ്ച ദിവസമായിരുന്നു.വളവിൽ കുർബാനക്ക് പോകുന്ന ആളുകൾ ഒറ്റക്കും കൂട്ടമായും കടന്നു പോയിക്കൊണ്ടിരുന്നു. കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച് ഒരു നയന്റി സിക്സ് മോഡൽ മഹീന്ദ്ര ചുരം കയറി വരുന്നത് മുകളിൽ നിന്നും കാണാമായിരുന്നു. മുന്നിൽ രണ്ടുംകെട്ട നിലയിൽ ഒരു ടോറസ് നിർത്തിയിരിക്കുന്നത് കണ്ടാണ് രാജാവ് ചവിട്ടിയത്. കരിമരുതിന്റെ പച്ചയിലകൾ അതിന്റെ വശങ്ങളിൽ കെട്ടിത്തൂക്കിയിട്ടി രിക്കുന്നു. “ക്ലച്ച് താങ്ങി ഫുൾത്രോട്ടിലൊന്ന് കത്തിച്ചേ…” അയാൾ പിന്നിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു.
ടോറസ് അപസ്മാര ബാധയേറ്റ പോലെ ഒന്നു വിറച്ച് നിശ്ചലമായി. അത് പലതവണ ആവർത്തിച്ചപ്പോൾ അയാൾ വണ്ടി സൈഡിൽ ഒതുക്കി നിർത്തി. “ഒന്നിറങ്ങ് ഞാനൊന്ന് നോക്കാം.” അയാൾ ഡ്രൈവറോട് പറഞ്ഞു. “അതേയ്, സമയം കളയാതെ ആ പയ്യന്മാരെ വിളിക്കാൻ നോക്ക്. ഇതിവിടെ പതിവുള്ളതാ. ലോഡ് ഇറക്കി അടുത്ത ഹെയർപിന്നിൽ നിന്ന് തിരിച്ചു കയറ്റണം. അല്ലാതൊക്കത്തില്ല.” പെട്ടിക്കടയിൽ ചായ അടിച്ചു കൊണ്ടിരുന്ന കൊച്ചേട്ടൻ വിളിച്ചു പറഞ്ഞു.

രാജാവ് അവജ്ഞയോടെ കൊച്ചേട്ടനെ നോക്കി ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു. ബ്രെയ്ക്കിൽ കാലു വച്ച്, ചാവി തിരിച്ച്, രാജാവ് ക്ലച്ച് എൻഗെയ്ഞ്ച് ചെയ്തു. വണ്ടി ചരിവു കയറി വന്ന കാട്ടുപന്നിയെ പോലെ മുരണ്ടു. ടോറസ് ഹനുമാൻ ഗിയറിൽ മുന്നോട്ട് ഇരമ്പിക്കയറി. വളവു തിരിഞ്ഞ് അതപ്രത്യക്ഷമായപ്പോൾ ചെമ്പനും കൊച്ചേട്ടനും ആവിശ്വാസത്തോടെ പരസ്പരം നോക്കി. ആ വാഹനം തങ്ങളുടെ കൺമുന്നിൽ നിന്ന് അന്തർധാനം ചെയ്തു പോയെന്ന് ഉറപ്പിച്ച് പള്ളിപിരിഞ്ഞിറങ്ങിയ വിശ്വാസികൾ കുരിശു വരച്ചു.
പിന്നീട് വളവിൽ കുടുങ്ങുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെല്ലാം അയാളെ അന്വേഷിച്ചു പോകുമായിരുന്നു. വല്ലപ്പോഴും മാത്രം അയാൾ വളവ് കയറി വന്നു. ”അവിടെ ഷെഡ് കെട്ടി കെടക്കുന്നവന്മാരുടെ കൊടലൊണക്കി കൊടുത്തോളാമെന്നൊന്നും ഞാൻ ആരോടും ഏറ്റിട്ടില്ല.” രാജാവ് പലരോടും അങ്ങനെ പറഞ്ഞതായി ചെമ്പനും കൂട്ടാളികളും പിന്നീട് കേട്ടു.
”അവനെ നാട്ടില് രാജാവെന്നാ ആളുകൾ വിളിക്കുന്നത്. കുടുംബത്തിന് കൊള്ളാത്തവനാ. എന്നാലോ നാട്ടിലെ സകല ഏടാകൂടത്തിലും അവൻ തലയുണ്ടാവുകയും ചെയ്യും. പണ്ട് രാജാ ഹരിശ്ചന്ദ്ര എന്നൊരു നാടകത്തിൽ രാജാപാർട്ട് കളിച്ചിട്ടാണ് രാജാവെന്ന് പേരു വീണത്. നല്ലോണം സ്വത്തുള്ളൊരു തറവാട്ടീന്നാ പെണ്ണു കെട്ടിയത്. അവളിവന്റെ അഭിനയം കണ്ടു വീണതാവാനേ തരമുള്ളു. പെണ്ണിന്റെ സമയദോഷം എന്നു പറഞ്ഞാമതിയല്ലോ. അതിന്റപ്പന് കൊറച്ച് റബറ് വെട്ടാനുള്ളതു കൊണ്ട് കഴിഞ്ഞു പോകുന്നു.”
അപ്പൊ ഇവൻ പണിക്കൊന്നും പോവുകേലേ. കൊച്ചേട്ടന്റെ കെട്ടിയവൾ ചീർത്ത കവിൾ കൊടുംകൈയിൽ താങ്ങിക്കൊണ്ട് ചോദിച്ചു.
”ഉള്ള നേരം ചങ്ങാതിമാരുടെ കൂടെ സെറ്റ്കൂടി നടക്കും. നാട്ടുകാർക്ക് ഉപകാരവും ഉപദ്രവും ഒരു പോലെയുണ്ട്. ഈ ഓടിച്ചു കൊണ്ട് നടക്കുന്നത് അവന്റെ വണ്ടിയൊന്നുമല്ല കേട്ടോ. അടിവാരത്ത് സുധീപൻ എന്നൊരു ക്വാറി മുതലാളിയുണ്ട്. അവന്റെയാ. പിന്നെ, ആരെങ്കിലും വേദനയിളകി വീണാലും, പെണ്ണുങ്ങൾക്ക് പ്രസവത്തിന് മുട്ടിയാലുമൊക്കെ ഇവൻ വണ്ടിയുമെടുത്ത് വരും.”
“അതേതായാലും നല്ല കാര്യമാ…” കൊച്ചേട്ടന്റെ കെട്ടിയവൾ ഒഴിഞ്ഞു കിടന്ന അലമാരയിൽ പലഹാരങ്ങൾ നിറച്ചു കൊണ്ട് ഭർത്താവിനെ നോക്കി. അയാളുടെ മുഖം കണ്ടപ്പോൾ ആ പറഞ്ഞത് ഇഷ്ട്ടപ്പെട്ടില്ലെന്ന് അവൾക്കു മനസ്സിലായി.
വലിയ ചരക്കുലോറികളെ രാജാവ് വന്നു രക്ഷിച്ചു തുടങ്ങിയതോടെ കൊച്ചേട്ടന്റെ കച്ചവടത്തിലും ഷെഡിലെ കൂലിക്കാരുടെ വരുമാനത്തിലും കാര്യമായി ഇടിവു സംഭവിച്ചിരുന്നു. പോരാത്തതിന് ഞായറാഴ്ചകളിലെ പന്തയപ്പയറ്റ് കൂടെ മുടങ്ങിയതോടെ റമ്മികളിക്കാർക്കും കൊച്ചൗതയ്ക്കും ഈറ പിടിച്ചു. ആ കാലനെ പണ്ടാരമടക്കിയതിൽ പിന്നെ വളവ് മുടിഞ്ഞു. കൊച്ചേട്ടൻ ചീട്ട് കശക്കുന്നതിനിടയിൽ പറഞ്ഞു.
ആളുകളുടെ മുഖം കറുപ്പിക്കൽ കൂടി വന്നപ്പോൾ കുറച്ചുകാലത്തേക്ക് രാജാവ് വളവിലേക്ക് വന്നതേയില്ല. കൂടുതൽ കൂലി പറഞ്ഞു വിളിച്ചിട്ടും വരാതായപ്പോൾ ഡ്രൈവർമാർ അയാളെ അന്വേഷിച്ചു പോകാതായി. വളവിലെ ചരക്കു കടത്ത് ആയിടെ വീണ്ടും സജീവമായി. കൊച്ചേട്ടൻ ആശ്വാസത്തിന്റേതായ ഒരു നെടുവീർപ്പിട്ടു. വറീതു മാപ്പിളയുടെ ജപമാല അയാളുടെ കുപ്പായത്തിന്റെ കീശയിൽ തന്നെ വിശ്രമിച്ചു.
“ഒരമ്പത് കൊല്ലം മുന്നെ ഇവിടെല്ലം കാടാണ്. മാനും മയിലും മരംചാടി ദൈവങ്ങളും പുളച്ചു മറിയണ കാട്. കുടിയേറ്റത്തിന് ഒരുമ്പെട്ട് വന്ന മധ്യതിരുവിതാകൂറ് മാപ്പിളമാരെയൊക്കെ കുടുംബത്തോടെ അടക്കിയ മണ്ണാണിത്. കമ്പനി വന്നപ്പോ എല്ലാർക്കും വല്യ ഉഷാറായിരുന്നു. അത് വരെ ഒച്ചിൻതോട് മാതിരി ചുരുണ്ട്. കെടക്കണ ഈ കൊടുംവളവിലേക്ക് ആരും വരാറില്ലായിര്ന്നു. കമ്പനി തൊടങ്ങിയ കാലത്ത് ഇവിടെ എമ്പാടും ആളുകൾക്ക് പണിയൊക്കെ കിട്ടി. എന്നിട്ടെന്താ. താഴെ പൊഴ കരികലക്കിയ പോലെ ആയപ്പൊ നാട്ടുകാര് സമരം തൊടങ്ങി. അന്നൊക്കെ മുളയും യൂക്കാലിയും പൂളമരവും കേറ്റി എത്ര ലോഡ് വന്നിരിക്ക്ണ്. അന്നൊന്നും പക്ഷെ ഒരു വണ്ടിയും ഇങ്ങനെ നിന്നു പോയിട്ടില്ല.”
റിപ്പോർട്ടർ പെങ്കൊച്ച് നീട്ടിയ മൈക്കിനു മുന്നിൽ നിന്ന് വറീത് മാപ്പിള തന്റെ ഓർമകളെ കെട്ടഴിച്ചുവിട്ടു. അത് പുകമഞ്ഞിനൊപ്പം മേടുകളിലാകെ മേഞ്ഞു നടക്കുന്നത് കണ്ട് അയാൾക്ക് ഹരം പിടിച്ചു. ആളുകൾ പെങ്കൊച്ചിന്റെ സ്കിന്നിടൈപ്പ് ജീൻസിലേക്കും നേർത്ത ഷർട്ടിനുള്ളിലേക്കും കൂർപ്പിച്ചു നോക്കി കൊണ്ടിരുന്നു.
”സുഷാ ഒന്നിങ്ങു വന്നേ.. നമ്മളീ ഷൂട്ട് ചെയ്തതൊന്നും റെക്കോഡ് ആയിട്ടില്ല.” പെങ്കൊച്ച് അതു കേട്ടപ്പോൾ അന്താളിച്ച് കാമറയ്ക്ക് പിന്നിലേക്ക് പോയി. സ്ക്രീനിൽ ആകെ കലങ്ങി മറിഞ്ഞ കുറച്ചു വിഷ്വൽസ്.
”മൊത്തം നോയിസാണ്. എന്തോ കാര്യമായ തകരാറുണ്ട്. നീ ഓഫീസിലേക്ക് വിളിക്ക്. ഫോണിൽ ഷൂട്ട് ചെയാതാ മതിയോന്ന് ചോദിക്ക്?”
അവൾ ജീൻസിന്റെ കീശയിൽ നിന്ന് മൊബൈൽഫോൺ വലിച്ച് പുറത്തെടുത്തു. റെയ്ഞ്ചില്ല. അവൾ പ്രതീക്ഷയോടെ കൈ പലദിശകളിലേക്കായി ചലിപ്പിച്ചു നോക്കി. അപ്പോൾ ഒരു കട്ട തെളിഞ്ഞു. പെട്ടന്നു തന്നെ അതപ്രത്യക്ഷമായി. അവളുടെ മുഖം മങ്ങി. വീണ്ടും ഒന്നു തെളിഞ്ഞു. പിന്നെ രണ്ട്, മൂന്ന്… ഓഫീസിലേക്ക് വിളിച്ച് ഫോൺ തിരിച്ച് പോക്കറ്റിലേക്ക് തിരുകി അവൾ കാമറ പിടിച്ചവനെ നോക്കി പറഞ്ഞു.
”തിരിച്ചു പോരാനാ പറയുന്നേ…”
അയാൾ അവളെ നോക്കി നിരാശയോടെ കൈമലർത്തി.
എല്ലാവരും കയറിയെന്ന് ഉറപ്പാക്കിയ ശേഷം ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് ചാവി തിരിച്ചു. എന്തോ ഒരു സ്റ്റാർടിംഗ് ട്രബിൾ. അയാൾ പിന്നിലേക്ക് നോക്കി പറഞ്ഞു. അയാളുടെ അടുത്ത ശ്രമവും പരാജയപ്പെട്ടപ്പോൾ കൂടി നിന്ന നാട്ടുകാർ പിറുപിറുക്കാൻ തുടങ്ങി. നട്ടുച്ച നേരത്ത് ആകാശം വല്ലാതെ ഇരുണ്ടു വന്നതോടെ വണ്ടിയിലിരുന്നവർ വല്ലാതെ ഭയപ്പെടുകയും വല്ലവിധേനയും അവിടെ നിന്ന് രക്ഷപ്പെടാൻ തിടുക്കം കൂട്ടുകയും ചെയ്തു.
“നിങ്ങക്കിപ്പൊ പോണെങ്കി ഒരു വഴിയേഉള്ളു. കൊണ്ടു വന്നതിൽ എന്തെങ്കിലും ഒരു ചരക്ക് വണ്ടീന്ന് എറക്കി വെക്ക്. ഭാഗ്യമുണ്ടെങ്കി പോകാം. ചെലപ്പൊ ഒന്നൊന്നും മതിയാവില്ല.”
വറീത് മാപ്പിള പെങ്കൊച്ചിനെ നോക്കി ക്കൊണ്ട് പറഞ്ഞു.ഡ്രൈവർ ഒരുവട്ടം കൂടി ശ്രമിച്ചു നോക്കി. അപ്പോൾ എന്തോ ഒരു ഉൾപ്രേരണയിൽ അവൾ കൈയ്യിലിരുന്ന വാട്ടർബോട്ടിൽ പുറത്തേക്കിട്ടു. വണ്ടിക്ക് അനക്കമൊന്നുമുണ്ടായില്ല. അവർ ഭ്രാന്തെടുത്തതു പോലെ വാനിലിരുന്ന സാധനങ്ങൾ ഓരോന്നായി പുറത്തേക്കിടാൻ തുടങ്ങി. അത്രയും നേരം അവരുടെ പരാക്രമങ്ങളെല്ലാം ശ്രദ്ധിച്ച് ചുമ്മാ താടിചൊറിഞ്ഞിരുന്ന കൊച്ചേട്ടൻ എഴുന്നേറ്റ് നിന്ന് ഒരുപായം പറഞ്ഞു.
“മോളൊന്ന് എറങ്ങി നിന്നു നോക്ക്.”
അവൾ ഒരു പകപ്പോടെ അയാളെ നോക്കി. അയാളുടെ കണ്ണിലൊരു പരുന്ത് ചിറകു കുടഞ്ഞു. അത് ചിറകുവിരിച്ച് വളവുകൾക്ക് സമാന്തരമായി താഴോട്ട് പറന്നു പോയി. പെട്ടന്ന് ഓബിവാൻ വികൃതമായൊരു മുരൾച്ചയോടെ സ്റ്റാർട്ടായി. ചുരത്തിന്റെ വിളുമ്പിൽ ഒരു പെണ്ണിനെ ഒറ്റയ്ക്ക് നിർത്തിക്കൊണ്ട് വളവു തിരിഞ്ഞ് വാഹനം വെയിലിലേക്കിറങ്ങി.
അവനെ കാലൻപാമ്പ് കൊണ്ടു പോയി കാണും. വറീത് മാപ്പിള മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
”ഏയ്, അവനൊണ്ടല്ലോ, ഒരു ഭ്രാന്തനെ തെരഞ്ഞ് വടക്കോട്ടു പോയേക്കുവാ. നാട്ടിൽ ആകെയുള്ളൊരു ഭ്രാന്തനായിരുന്നു. അവൻ രാജസ്ഥാനിന്ന് മാർബിളെറക്കാൻ വന്ന ലോറിയിൽ കേറി സ്ഥലം വിട്ടു.സി സി ടിവി നോക്കിയാ പിടിച്ചത്. രാജാവ് അവനെ തെരഞ്ഞ് പോയേക്കുവാ.”
“അതു കൊള്ളാമല്ലോ.” കൊച്ചേട്ടന്റെ കെട്ടിയവൾ കടയുടെ പിന്നാമ്പുറത്ത് നിന്ന് പിറുപിറുത്തു.

ആ കാലത്ത് വളവിലെ രണ്ടാമത്തെ അത്ഭുതം സംഭവിച്ചു കഴിഞ്ഞിരുന്നു. കടന്നു പോകുന്ന ഓരോ വണ്ടികളും ഇപ്പോൾ നിശ്ചലമാകുമെന്ന് കരുതി പ്രതീക്ഷയോടെ ഇരുന്നവർക്ക് വേരിറങ്ങി. ലൈലാന്റുകൾ സമാധാനത്തോടെ വളവു കടന്നപ്പോൾ അവർ ഭ്രാന്തു കയറി അപ്പക്കാടുകൾ അടിച്ചു പൊട്ടിച്ചു. വീട്ടിൽ പനിച്ചു കിടക്കുകയായിരുന്നു വറീത് മാപ്പിള. പൂർവ്വികരുടെ കല്ലറകൾ വിറയ്ക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ മാപ്പിള കൊച്ചേട്ടനെ അളയച്ചു വരുത്തി.
”എന്നതാ കൊച്ചേ, കേൾക്കുന്നേ. ഒട്ടും നിൽക്കുന്നില്ലെന്നാണോ നീ പറയുന്നേ.”
”അതേ അച്ചായാ, വല്ലവനും മുള്ളാൻ നിർത്തിയാലായി. ഞാൻ കടപൂട്ടി ഒന്ന് നാട്ടീ പോയേച്ചും വന്നാലോ എന്നാലോചിക്യാ.”
വറീത് കിടന്ന കിടപ്പിൽ ഈശോ മറിയം ഔസേപ്പു ചൊല്ലി. അയാൾ കൊച്ചേട്ടനെ അടുത്തു വിളിച്ചു. “കൊച്ചേ… നീ നിൻ്റെ ഭൂതകാലവും വർത്തമാനവും കൂട്ടി നോക്ക്. ഒരു വഴി തെളിയും.”
അയാൾ തിരിച്ചു വന്ന ദിവസം പെട്ടിക്കടയിൽ വച്ച് ചെമ്പനും കൊച്ചേട്ടനും അങ്ങോട്ട് കയറി. ഒന്ന് മുട്ടി. “നിങ്ങളു പോയത് വല്ലാത്ത ചതിവായി പോയി രാജാവേ… ഇവിടത്തെ കാര്യമൊക്കെ ഭയങ്കര കഷ്ടാവാ.”
രാജാവ് വെട്ടുഗ്ലാസിൽ നിറച്ച ചാരായം നിൽപ്പനടിച്ച് ഇറച്ചിക്കഷ്ണമെടുത്ത് ചവച്ചു.
”നിങ്ങളിവിടെ ഉള്ളതാ ഞങ്ങൾക്ക് മെച്ചം. ഈ ചെമ്പന്റെ കാര്യമൊന്ന് നോക്കിക്കേ. പെണ്ണ് വയറ് നിറഞ്ഞ് നിക്കുവാ. എന്നുമീ നടുതളർത്തണ പണിയും കൊണ്ട് ഇരിക്കാനൊക്കുവോ. ഞങ്ങളൊരു സാധനം കണ്ടുവച്ചിട്ടുണ്ട്. നിങ്ങളുണ്ടെങ്കിലേ നടക്കു.”
രാജാവ് കൊച്ചേട്ടന്റെ കണ്ണിൽ നോക്കി. അയാളുടെ തലയിൽ ലഹരി കയറിയിരുന്നു.
”പേടിക്കണ്ട രാജാവ് ആപൽബാന്ധവനാണ്.” അയാൾ ഒരു നാടകത്തിൽ അഭിനയിക്കുന്ന മട്ടിൽ ചുവടുവച്ച് നെഞ്ചത്തു തട്ടി.
പൂട്ടിപ്പോയ റയോൺസ് ഫാക്ടറിയുടെ കെട്ടിടങ്ങൾ കാടുപിടിച്ച് കുറുക്കനും ഉടുമ്പുകളും വസിക്കുന്ന സങ്കേതങ്ങളായി പരിണമിച്ചിരുന്നു. കെട്ടിടങ്ങളുടെ വാതിൽക്കട്ടിലയും ജനൽപാളികളും നാട്ടുകാർ രാത്രിക്ക് രാത്രി കടത്തി കൊണ്ടു പോകുന്നത് പതിവായി. മുതല് ക്ഷയിച്ചു പോകുന്നതറിഞ്ഞ കമ്പനിക്കാർ കെട്ടിടങ്ങൾ നോക്കി പരിപാലിക്കാൻ നാലഞ്ച് സെക്യൂരിറ്റികളെ നിയമിച്ചു. രാത്രിയിൽ അഞ്ചുകട്ടയുടെ ടോർച്ചടിച്ച് റോന്തു ചുറ്റുന്ന ഹിമാലയൻ ഗൂർഖകളെ കണ്ട് കുറുക്കനും കാട്ടുപൂച്ചകളും കരഞ്ഞു കൊണ്ടോടി പോയി.
ഉള്ളിൽ കടക്കും മുമ്പ് ആളുകളെ ഭയപ്പെടുത്തി ഇതുവഴിയുള്ള രാത്രിസഞ്ചാരം മുടക്കണമെന്ന് രാജാവ് പറഞ്ഞു. കള്ളുമോന്തി ചാപ്സ് തൊട്ടുനക്കിയ ശേഷം അയാൾ ആവർത്തിച്ചു.
“ഇനി രാത്രിയില് ഒറ്റ ഒരുത്തൻ ഫാക്ടറിയുടെ മുന്നിലൂടെ വഴി നടക്കരുത്.”
“അതെങ്ങനെ നടക്കും രാജാവേ?”
“ലോകത്ത് ഒരേ കാര്യം പല സമയത്തായി പലരും കണ്ടെത്തിയിട്ടുണ്ട്.പക്ഷെ ഒരാൾക്കേ അതിൻ്റെ രാജാവാകാൻ പറ്റിയിട്ടുള്ളു.”
രാജാവ് അതും പറഞ്ഞ് മീശരോമങ്ങൾ തടവി.
പിറ്റേന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് കസബ സ്റ്റേഷനിൽ നിന്ന് തിരിച്ചു വരുന്ന വരവിൽ രണ്ടു പൊലീസുകാർ, വളവിൽ പ്രത്യക്ഷപ്പെടുകയും പൊടുന്നനെ അപ്രത്യക്ഷമാവുകയും ചെയ്യുന്നൊരു തീഗോളം കണ്ട് പേടിച്ചോടി.
“അതേ തീക്കൊള്ളി പിശാചാണ്. നിന്ന നിൽപ്പിൽ ആളെ ദഹിപ്പിച്ച് കളയും. ചാവാതെ പെഴച്ച് അതുങ്ങടെ കെട്ടിയവള്മാരുടെ ഭാഗ്യം.”
“ഒരുത്തനെ ടൗണിലെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി കരണ്ടടിപ്പിച്ചു കൊണ്ടുവന്നുന്നാ കേട്ടത്…”

“ആന്നോ…”
കൊച്ചേട്ടൻ സഹതാപഭാവത്തിൽ ദൂരേക്ക് നോക്കി. അനുതാപത്താൽ ചായയടിക്കുന്ന അയാളുടെ ചലനങ്ങൾ സാവധാനത്തിലായി പോയിരുന്നു. ആ സംഭവത്തോടെ കമ്പനിക്ക് തെക്കുഭാഗത്തു കൂടെയുള്ള വഴിയിൽ രാത്രികാലങ്ങളിൽ മനുഷ്യസഞ്ചാരം കുറഞ്ഞു.
“നാളെ നമുക്ക് കയറാം.” ഷെഡിൽ ചീട്ടുകൾ കശക്കുന്നതിനിടയിൽ രാജാവ് പറഞ്ഞു.
രാത്രി ഏകദേശം പന്ത്രണ്ട് മുട്ടിയിരുന്നു. വടക്കു നിന്ന് കുറ്റിച്ചൂളാന്റെ കരച്ചിൽ കേട്ടപ്പോൾ രാജാവ് ചെവി പൊത്തി പിടിച്ചു.
“പണ്ടാരടക്കാൻ” അയാൾ പിറുപിറുത്തു. രാജാവ് ചൂട്ടിൽ നിന്ന് ബീഡി കത്തിച്ച് ആഞ്ഞു വീശി. തീ കത്തിപ്പിടിച്ചപ്പോൾ പൊടുന്നനെ, അയാൾ ചൂട്ടിന്റെ കത്തുന്ന അഗ്രം കൈയ്യിൽ പിടിച്ച കലത്തിനുള്ളിലേക്ക് കടത്തി. പിന്നെ വേഗത്തിൽ പുറത്തേക്കെടുത്ത് വിശി. വീണ്ടും കലത്തിനുള്ളിലേക്ക് കടത്തി പുറത്തെടുത്തു. അങ്ങനെ ഒരഞ്ചാറു വട്ടം ചെയ്ത ശേഷം അയാൾ ഒന്നു ചുമച്ച് പിന്നിലുള്ളവരോട് കൈകാണിച്ചു. അവർ ഇരുട്ടിൽ തപ്പി തടഞ്ഞ് പടവുകൾ കയറി. കമ്പനിയുടെ, തറയോട് പാകിയ നിരത്തുകൾ അപ്പടി പൊളിഞ്ഞു പോയിരുന്നു. ഇരിപ്പിടങ്ങളിൽ പതിച്ചിരുന്ന മാർബിൾ പാളികൾ വരെ നാട്ടുകാർ പറിച്ചു കൊണ്ടു പോയിരിക്കുന്നു. രാജാവ് ചിരിച്ചു.
“ടാ ചെമ്പാ നാട്ടുകാരെ കുറ്റം പറയാനൊക്കില്ല. അവൻമാര് തന്നിട്ട് പോയ കാൻസറിന്റെ കണക്ക് വച്ചു നോക്കിയാ. ഈ മാർബിള് വച്ചൊന്നും വസൂലാക്കാൻ പറ്റില്ല. അകത്തിരിക്കുന്ന വലിയ കോളിൽ തന്നെ കൈവെക്കണം.”
കമ്പനിയുടെ നരച്ച മഞ്ഞ നിറമുള്ള ചുമരുകളിൽ വളളിപ്പടർപ്പുകളുടെ നീണ്ട നിര. രാജാവ് അത് മാന്തിക്കളഞ്ഞ് തോളുവളച്ചു നിന്നു.
“ചവിട്ടി കേറെടാ.”
ചെമ്പൻ തോളിൽ ചവിട്ടി പൊത്തിപിടിച്ച് വെന്റിലേറ്ററിനുള്ളിലൂടെ അകത്തേക്ക് ചാടി.
“പോയി പിന്നിലെ വാതിൽ തൊറക്ക് ഞാൻ ഗൂർഖകളെ ഒന്നു വഴി തെറ്റിച്ചിട്ട് വരാം.”
രാജാവ് ചൂട്ടും കലവുമെടുത്ത് പൊന്തക്കാടിനു പിന്നിലെ പൊളിഞ്ഞ നിരത്തിലേക്കിറങ്ങി.
ഹൈസെ മാലിയ… അയാൾ അടഞ്ഞ ശബ്ദത്തിൽ മുരണ്ടു. ഉലക്കകളുടെ ഇരുതലക്കലുമായി തോളുവച്ച ചെമ്പനും കൊച്ചേട്ടനും അതേറ്റു വിളിക്കണോ എന്നു ശങ്കിച്ചു. അവർ ഇരുട്ടിലൂടെ ഭാരം താങ്ങി മുന്നോട്ടു ശ്രദ്ധിച്ച് നടന്നു. താഴെ നിർത്തിയിട്ട കൊച്ചൗതയുടെ നായ്ക്കുറുക്കന്റെ പിന്നിലേക്ക് ഭാരം കയറ്റി വച്ച് രാജാവ് നടുവൊന്ന് കറക്കി ഞൊട്ടയൊടിച്ചു.
“എന്തൊരു മുടിഞ്ഞ വെയ്റ്റാടാ…”
ഇരുട്ടിൽ അപ്പുറം നിന്നവർ ഒന്നും മിണ്ടിയില്ല. രാജാവ് തണുത്ത കാറ്റുകിട്ടാൻ റോഡിലേക്കിറങ്ങി നിന്നു. സിഗരറ്റ് കത്തിച്ച് പുകവിട്ട് രാജാവ് റോഡിലേക്ക് നീട്ടി മുള്ളി.
“ഡാ, ചെമ്പാ. അടുത്തത് ഒരു ചെറുതടിച്ചിട്ട് പോരേ?”
ചെമ്പൻ മിണ്ടിയില്ല. “എന്താടാ നാക്കിറങ്ങി പോയോടാ പന്നികളേ?”
പെട്ടന്ന് കണ്ണിലേക്ക് അഞ്ചുകട്ട ടോർച്ചിന്റെ വെളിച്ചം വീണു. പിന്നാലെ പിരടിക്കൊരടിയും. രാജാവ് വേച്ചു പോയി. പാൽവെളിച്ചത്തിൽ ഗൂർഖകളുടെ തോളിൽ ഉലക്കയമർന്ന പാട്.
പിറ്റേന്ന് കാലത്ത് തന്നെ രാജാവിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉച്ചയോടെ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തുവെന്ന് അടിവാരത്തുള്ളവർ പറഞ്ഞു. അടുത്ത ഞായറാഴ്ച ഒമ്പതാമത്തെ ഹെയർപിൻവളവിൽ പന്തയമുണ്ടായിരുന്നു. പക്ഷേ, ചരക്ക് മുഴുവൻ ഇറക്കി വച്ചിട്ടും വണ്ടി അനങ്ങിയില്ല. ആളുകൾക്ക് അവരുടെ പഴയ അനുഭവങ്ങളിലേക്ക് തിരിച്ചു പോകാൻ പ്രയാസം തോന്നിയില്ല.
നാലു ദിവസം കഴിഞ്ഞ് ഒരു പൊലീസ് വണ്ടി ചുരം കയറി വന്നു. ഏലക്കാടുകളിലേക്ക് കിനിയുന്ന പുകമഞ്ഞ് നോക്കി കൊണ്ട് രാജാവ് നിസ്സംഗനായി ആ വണ്ടിയ്ക്കകത്തിരിക്കുന്നുണ്ടായിരുന്നു. പൊലിസുകാർ സമയം കളയാതെ അയാളെ ഫാക്ട്ടറി കോമ്പൗണ്ടിനകത്തേക്ക് കൊണ്ടുപോയി. ആളുകൾ അകത്തെന്താണ് നടക്കുന്നതെന്നറിയാൻ ആ പരിസരങ്ങളിൽ നിന്ന് ഏന്തി വലിഞ്ഞു നോക്കി.
ഒരു മണിക്കൂർ കഴിഞ്ഞാണ് പൊലീസുകാർ തിരിച്ചു വന്നത്. രാജാവ് ആരെയും നോക്കാതെ, ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി ഇരുന്നു. ഡ്രൈവർ സീറ്റ്ബെൽറ്റിട്ട് ചാവി തിരിച്ചപ്പോൾ വളവിലൊരു കാറ്റടിച്ചു. വലിയ മരങ്ങളുടെ ശിഖരങ്ങളിലപ്പോൾ അപായ സൂചനയുടെ ഞരക്കങ്ങളുണ്ടായി. പൊലീസ് ഡ്രൈവർ വീണ്ടും ശ്രമിച്ചു നോക്കി. ഷെഡിലെ റമ്മികളിക്കിടയിൽ ചീട്ടു വലിച്ചെറിഞ്ഞു പാഞ്ഞവർ പാറക്കെട്ടുകൾക്ക് പിന്നിൽ നിന്ന് തല പൊക്കി. വണ്ടി അനങ്ങുന്നില്ല. എസ് ഐ അക്ഷമനായി പുറത്തിറങ്ങി.
“എടോ ഇവിടെങ്ങാനും വല്ല മെക്കാനിക്കിനെയും കിട്ടുമോ?”
“ഓ.. മെക്കാനിക്ക് വന്നാലൊന്നും നടക്കില്ല സാറേ. ഇതിവിടെ പതിവാ. കേറി പോവണമെങ്കിൽ വണ്ടിയിൽ നിന്ന് എന്നായെങ്കിലും ചരക്കെടുത്ത് റോഡരികിൽ വെക്കണം.”
കൊച്ചേട്ടൻ ഒരു മീഡിയം ചായയടിച്ച് ബെഞ്ചിന്മേൽ വച്ചു കൊണ്ട് പറഞ്ഞു. രാജാവപ്പോൾ വിൻഡോയിലൂടെ തല പുറത്തേക്കിട്ട് കൊച്ചേട്ടനെ രൂക്ഷമായി നോക്കി. കൊച്ചേട്ടൻ തലതാഴ്ത്തി സമോവറിനടുത്തു നിന്നു. അയാൾ പിന്നെ തല ഉയർത്തിയതേയില്ല. ഡ്രൈവർ ബൊലേറോയുടെ ബോണറ്റ് തുറന്നു അതിനകത്തേക്ക് തലയിട്ടു.
“വല്ലതും നടക്കുവോടോ?”
സിഗരറ്റ് വലിച്ചു തീർത്ത എസ് ഐ പുച്ഛഭാവത്തിൽ ചോദിച്ചു. ആ സമയം പിൻസീറ്റിൽ തല കുമ്പിട്ടിരുന്ന രാജാവ് പിറുപിറുത്തു.
“സാറേ, ക്ലച്ച് താങ്ങി ഫുൾത്രോട്ടിലൊന്നു കത്തിച്ചു നോക്കിയാട്ടേ…”

രാഗി ചെമ്പന്റെ മടിയിൽ തലവച്ച് കിടന്നു. അവൾ ശില കൈയ്യിലെടുത്തു നോക്കി. നല്ല തണുപ്പ്. വശങ്ങളിൽ കൈപ്പത്തി വച്ച് അവൾ സൂക്ഷ്മമായി അളന്നു. ഒരു ചാൺ വീതിയും ഒന്നരച്ചാണിൽ കുറച്ചധികം നീളവുമുണ്ട്.
“ഇതിലെന്താ എഴുതിയിരിക്കുന്നത്?”
രാഗി ചെമ്പന്റെ മുഖത്തേക്ക് നോക്കി. അവൻ ആകാശത്തേക്ക് നോക്കി കിടക്കുകയായിരുന്നു. ചെമ്പൻ ഒരു നക്ഷത്രത്തെ ചൂണ്ടിക്കാണിച്ചു. തൊടികളിൽ അപ്പോൾ മിന്നാമിനുങ്ങുകൾ പറക്കുന്നുണ്ടായിരുന്നു. ചുമരിൽ നിന്ന് ഒരു നിശാശലഭം പറന്നു വന്ന് അവളുടെ നെറ്റിയിൽ ഇരുന്നു. ചെമ്പൻ ചെവിയിൽ പിറുപിറുത്തു “ഉരു ഒന്നുക്കൊന്ന്.”
ചെമ്പന്റെ ചുണ്ട് അവളുടെ കവിളിലൂടെ നീങ്ങി കഴുത്തിൽ ഉരുമി “ഉരു രണ്ട്ക്ക് ഒന്ന്…” മുലകളിൽ അവന്റെ ചൂടുള്ള ശ്വാസം തട്ടി. ‘
“ഉരു മൂന്ന്ക്ക് രണ്ട്” ചുണ്ടുകൾ ഇഴഞ്ഞ് കടിതടത്തിലെത്തിയപ്പോൾ രാഗി പിടഞ്ഞു. ‘
“ഉരു നാല്ക്ക് മൂന്ന്.” അവർ കിതച്ചു. രാഗി ഒന്നു നിവർന്ന് മൂർച്ഛിച്ചു. അപ്പോൾ പെട്ടന്ന് കുഞ്ഞുങ്ങൾ കരഞ്ഞു. അവൾ എഴുന്നേറ്റ് തൊട്ടിലുകൾക്കരികിലേക്ക് പോയി. രാഗി തൊട്ടിലുകൾ മാറി മാറി ആട്ടി വിട്ടുകൊണ്ടിരുന്നു. കരച്ചിൽ നിന്നപ്പോൾ അവൾ തിരിഞ്ഞു നിന്ന് ചെമ്പനെ നോക്കി.
“ഉരു അഞ്ച്ക്ക് അഞ്ച്…” ശില നെഞ്ചിൽ ചേർത്തു വച്ച് അവളുടെ കാൽവിരലുകളിൽ തൊട്ട് അയാൾ അലറിക്കരഞ്ഞു.