ദൈവം ഇറങ്ങിപ്പോയ കുരിശ്
നിരാശാജനകമായൊരു കാഴ്ചയാണ്.
നിങ്ങളുടെ പാപങ്ങൾ ഏൽക്കാൻ ഇനിയൊരാളില്ല എന്ന ദുഃഖകരമായ വാർത്തയാണ് അതിന് പറയാനുണ്ടാവുക.
നിങ്ങളുടെ മുൾക്കിരീടം ഇനിമേലിൽ നിങ്ങൾ തന്നെ അണിയേണ്ടി വരും.
നിങ്ങളുടെ കൈവെള്ളകളിൽ നിങ്ങൾ തന്നെ ഇരുമ്പാണി അടിച്ചു കയറ്റേണ്ടതായി വരും.
നിങ്ങളെത്ര പ്രാർത്ഥിച്ചാലും ദൈവം കേൾക്കുകയില്ല.
കുരിശിൽ നിന്നിറങ്ങിയ ദൈവം ഇനി എനിക്കു വയ്യായേ… എന്നു പറഞ്ഞ് ഓടിപ്പോകും.
അയാളുടെ അമ്മ ഉരുളക്കിഴങ്ങ് കറിയും റൊട്ടിയുമുണ്ടാക്കി അയാളെ കാത്തിരിക്കുന്നുണ്ടാവും.
വലിയ മരത്തൊട്ടിയിൽ നിന്ന് വെള്ളമെടുത്ത്, പാപത്തിന്റെ അവസാനക്കറ കൂടി കഴുകി കളഞ്ഞ് ഇതിലെനിക്ക് പങ്കില്ലെന്ന് ദൈവം പിറുപിറുക്കും.

ദൈവം അമ്മയുടെ മടിയിൽ തലവച്ചു കിടക്കും.
അയാളുടെ മുടിച്ചുരുളുകൾ കോതിയൊതുക്കി,
മുറിവുകളിൽ തലോടിക്കൊണ്ട് അവർ ഉമ്മറത്തിരിക്കും.
ദൈവം ദൂരേക്ക് നോക്കും.
പാപങ്ങളുടെ കുരിശു പാടങ്ങൾ!
ദൈവം ചിരിക്കും. അപ്പോൾ അയാളുടെ അമ്മ ഉരുളക്കിഴങ്ങ് കറിയിൽ മുക്കിയെടുത്ത ഒരു റൊട്ടികഷ്ണം അയാളുടെ വായിൽ വച്ചു കൊടുക്കും.