scorecardresearch
Latest News

ഗ്രാനി

“കോട്ടക്ക് പുറത്ത് മഴയും വെയിലും മഞ്ഞും മാറി മാറി വന്നു. മുയലുകളും മാനുകളും പക്ഷികളും എന്നു വേണ്ട എല്ലാ ചരാചരങ്ങളും അവൾക്കൊപ്പം ഉറങ്ങുകയാണ്. നീണ്ട നൂറു വർഷങ്ങൾ അവൾക്ക് ഉറങ്ങേണ്ടതുണ്ട്.രാജകുമാരൻ വരുന്നത് വരെ”

malayalam story,savitha n, grani

“You may proclaim that one must live
Not as a tool, a number or a link
But as a human being –
Then at once they handcuff your wrists.
You are free to be arrested, imprisoned
And even hanged” – Nazim Hikmet

റെയ്ച്ചലിന്‍റെ ചുവപ്പ് ആൾട്ടോ ഫ്ലൈ ഓവറിന്‍റെ ടോൾ ബൂത്തിൽ ഊഴം കാത്തു കിടക്കുമ്പോൾ റിയ മോൾ പുതിയ റൈം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.

“ഗ്രാനീ നാനീ ചിക്കൻ ഹാനീ…
ഗ്രാനീ ലാനീ ചിക്കൻ ജാനീ…”

കാറിന്‍റെ പിന്നിലെ ചൈൽഡ് സീററിൽ ബന്ധിപ്പിച്ച ടെഡി ബെയറിനെ പുതിയ പാട്ടു പഠിപ്പിക്കുന്നതിനിടയിൽ റിയ മോൾ വെറുതെ സീറ്റിൽ ചാടിക്കൊണ്ടിരുന്നു. ടെഡിയെ ഒറ്റക്കാക്കി റിയ മോൾ മുന്നിലെ പാസഞ്ചർ സീറ്റിലേക്ക് ഒരു ചാട്ടം ചാടി. റെയ്ച്ചൽ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“റിയാ, ബി കെയർ ഫുൾ!”
പപ്പയായിരുന്നെങ്കിൽ ഇപ്പോ ഉച്ചത്തിൽ വഴക്കു പറഞ്ഞേനെ. റിയ കുസൃതിയോടെ ഓർത്തു.

റിയക്ക് ഗ്രാനിയെയാണ് ഏറ്റവും ഇഷ്ടം. പപ്പയും മമ്മയും ന്യൂയോർക്കിൽ ജോലി ആവശ്യത്തിന് പോവുമ്പോഴെല്ലാം അവൾ ഗ്രാനിയുടെ കൂടെയാണ്. വയസ് അമ്പത്തി അഞ്ച് കഴിഞ്ഞെങ്കിലും കൊച്ചു മോളുടെ എല്ലാ കാര്യവും റെയ്ച്ചൽ എങ്ങിനെയെങ്കിലും നോക്കിക്കൊള്ളും, സ്വന്തം ജോലി തിരക്കിനിടയിലും.

ടോൾ ബൂത്തിൽ കൃത്യം ചെയ്ഞ്ച് കൊടുത്ത് റെയ്ച്ചൽ കാർ മുന്നോട്ടെടുത്തു. ചെറുതായി വെട്ടിയൊതുക്കിയ സ്വർണ തലമുടി കാറ്റിൽ ഒന്നനങ്ങി. സ്റ്റിയറിങ്ങിൽ വിശ്രമിക്കുന്ന മെലിഞ്ഞു വെളുത്ത കൈത്തണ്ടയിലെ മങ്ങിയ ചുളിവുകൾ പോലും അവരെ കൂടുതൽ മനോഹരിയാക്കി. ഉയർന്ന മൂക്കിനു ചുറ്റും വിയർപ്പ് കണങ്ങൾ വെയിലിൽ വെട്ടി തിളങ്ങി.

“ഗ്രാനീടെ മുടി എന്റെ ബാർബി ഡോളിന്റെ പോലെണ്ട്. മെർമെയ്ഡ് ബാർബീ ഡോൾ സൂസൺ ആന്റീടെ ബ്യൂട്ടി പാർലറിൽ പോയി ബോബ് ചെയ്ത് വന്ന പോലെ” റിയ മോൾ കുലുങ്ങി ചിരിച്ചു.

ഗ്രാനിയും ചിരിച്ചു.
“റിയാ, നീ പുതിയ പാട്ട് ഉണ്ടാക്കിക്കോ. നമുക്ക് ഒരുമിച്ച് പാടാം”

“ഗ്രാനീ ബാർബീ ചിക്കൻ ഡോളീ
ഗ്രാനീ ബ്യൂട്ടീ ചിക്കൻ ഹാനീ ” റിയാ മോൾ ക്ലാപ്പ് ചെയ്തു കൊണ്ട് പാടാൻ തുടങ്ങി. ഫ്ലൈ ഓവറിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ ഒപ്പത്തിനൊപ്പം വേഗത പിടിച്ചു കൊണ്ട് റെയ്ച്ചലും കൂടെ പാടി.

“ഗ്രാനീ ബാർബീ ചിക്കൻ ഡോളീ
ഗ്രാനീ ബ്യൂട്ടീ ചിക്കൻ ഹാനീ…”

“ഗ്രാനീ, റിയാ മോൾക്ക് സ്വർണ തലമുടി വേണം. ഗ്രാനിയെ പോലെ” റിയ ചിണുങ്ങി.malayalam story,savitha n, grani

“അതിന് റിയാ മോൾക്ക് കുറേ ബർത്ത് ഡേ കഴിയണം. എന്നിട്ട് ഗ്രാനിയെ പോലെ വയസാവണം” റെയ്ച്ചൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അപ്പോഴെക്കും ഗ്രാനി മരിച്ചു പോവില്ലേ?” ചിന്തിക്കുന്ന ഏതോ ഇമോട്ടിക്കോണിനെ പോലെ മുഖം പിടിച്ച് റിയ ചോദിച്ചു.

അതേ സമയം റെയ്ച്ചലിന്‍റെ ഫോൺ അപരിചിതമായ ശബ്ദത്തിൽ ഒന്നു ചിലച്ചു. പതിവ് പോലെ റിയ ഫോൺ എടുത്ത് സ്പീക്കറിന്‍റെ ഐക്കണിൽ വിരൽ പതുക്കെ തൊട്ടു. ഒരു പരുക്കൻ ശബ്ദം കന്നടയിൽ മുഴങ്ങി. കഴിഞ്ഞ ദിവസത്തെ പോലെ റിയ ഭയന്നു പോയി. റെയ്ച്ചൽ പെട്ടെന്ന് തന്നെ ഫോൺ പിടിച്ചു വാങ്ങി, കാൾ കട്ട് ചെയ്തു.ശബ്ദം നിലച്ചു.

“ഇന്നലെം ഉണ്ടായല്ലോ, ഗ്രാനീ ” റിയ ഭയം മറച്ചു വെക്കാതെ പറഞ്ഞു.

റെയ്ച്ചലിന് പെട്ടെന്ന് ലോകം ഒന്നു മറിയുന്ന പോലെ തോന്നി. ദിശ തെറ്റാൻ ഭാവിച്ചു പോയ കാറിനെ സ്റ്റിയറിങ്ങിന്റെ ചെറു ചലനത്തിൽ തന്നിലേക്കു തന്നെ അവർ അടുപ്പിച്ചു നിർത്തി.
സൂചനകൾ – അതാണല്ലോ അവരെ അലട്ടിയിരുന്നത്!

പൊടുന്നനെ തലേ രാത്രിയിലെ ഉറക്ക ക്ഷീണം അവരുടെ കൈകാലുകളെ മരവിപ്പിക്കാൻ തുടങ്ങി. വലതു കൈ സ്വയമറിതെ ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടു. പലപ്പോഴും മനസു പറയുന്നതിനു മുൻപേ എല്ലാം മുൻകൂർ പഠിപ്പിച്ചു കൊടുത്ത യന്ത്രം പോലെ ശരീരം ചുറ്റുമുള്ള സാഹചര്യങ്ങളെ വരുതിയിലാക്കി, കാറിനെ ഇടതു വശത്ത് അപായ സൂചനയോടെ ഒതുക്കി നിർത്തി.

“വാട്ട് ഹാപ്പെൻഡ് ഗ്രാനീ? ” റിയ മോൾ പരിഭ്രമിച്ചു.

“നത്തിംഗ് മോളൂ, ഗ്രാനി അഞ്ചു മിനിട്ട് ഒന്നു കണ്ണടക്കട്ടെ. യു കാൻ ഹിയർ യുവർ ഫേവറൈററ്റ് റൈംസ് ഫോർ എ വൈൽ” റെയ്ച്ചൽ സ്റ്റീരിയോ ഓൺ ചെയ്തു.

“ഹു കിൽഡ് കോക്ക് റോബിൻ?
ഐ, സെഡ് ദി സ്പാരോ…”

സ്റ്റീരിയോയിൽ നിന്നു വന്ന പശ്ചാത്യ ഉച്ചാരണത്തിലുള്ള നഴ്സറി പാട്ടുകൾക്കൊപ്പം റിയ താളം പിടിച്ചു.

സീററ് പുഷ് ബാക്ക് ചെയ്ത് റെയ്ച്ചൽ ചാരിക്കിടന്നു, സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാത്ത സമയത്തിന്‍റെ ഏതോ കരകളിൽ!malayalam story,savitha n, grani

“ഫാ കുരിപ്പെ…എന്തൂട്ട് കണ്ടിട്ടാഡി നീ അവടെന്നു എറങ്ങി പോന്നെ”-
തൂവെള്ള ചട്ടയിലും മുണ്ടിലും എളിയില്‍ കൈയും കുത്തി മുറ്റത്തിറങ്ങി നിന്ന് ശകാരിക്കുന്ന അമ്മച്ചിയുടെ ആട്ടിന്‍റെ താളം എക്കാലത്തും ഒരേ പോലെ ആയിരുന്നു.

ഒരു കൈയില്‍ വലിയൊരു ബാഗും മറ്റേതില്‍ ആനിയുടെ കൈയും ചേര്‍ത്തു പിടിച്ചു യാത്ര തിരിച്ചപ്പോളെ റെയ്ച്ചല്‍ മനസ്സില്‍ കണ്ടിരുന്നു, അമ്മച്ചിയുടെ ഈ പ്രതികരണം. മുറ്റത്തെ കോഴിക്കൂടിനു മുന്നിലൂടെ ഒരു ടര്‍കി കോഴി എന്തിനെന്നറി യാത്ത അഭിമാനത്തില്‍ ഞെളിഞ്ഞ് നടന്നു പോയി. ആനി റെയ്ച്ചലിന്‍റെ കൈ വിടുവിച്ച് അതിനു പിന്നാലെ ഓടി.

“അമ്മാമേ, ഇതിന്‍റെ തലയില്‍ എന്തുട്ടാ, ചെമ്പരുത്തി പൂവാ?” – ആനിയുടെ കിണുങ്ങി ചോദ്യം കൊണ്ട് അമ്മച്ചിയുടെ ഭാവത്തിനു ഒട്ടും അയവ് വന്നില്ല.

അത് ഗൗനിക്കാതെ റെയ്ച്ചല്‍ ഉമ്മറത്തേക്ക് കയറി നിന്നു. കോലായിലെ തിണ്ടില്‍ ചാരി ഇരുന്നു കൊണ്ട് അമ്മച്ചിയോട് മയത്തില്‍ പറഞ്ഞു-

“എന്‍റെമ്മച്ചി, അമ്മച്ചി എന്തറിഞ്ഞിട്ട എന്നെ കുറ്റപ്പെടുത്തണെ?”

“അമ്മച്ചിക്ക് ഒന്നും അറിയണ്ടെടി…നിങ്ങടപ്പന്‍ പള്ളില് കുര്‍ബാനെടെ എടേല് ചോര തുപ്പി വീണപ്പൊ നെനക്ക് രണ്ട് വയസ്സാ…ഈ രണ്ട് വയസ്സ് വ്യത്യാസത്തില് നാലെണ്ണം നെന്‍റെ മീതേം…അയാള് എന്തുട്ടാടി എനിക്ക് തന്നിറ്റ് പോയെ? നെന്നെ പോലെ നന്ദിയില്ലാത്ത അഞ്ചെണ്ണത്തിനേം, എടുത്ത പൊങ്ങാത്ത കടോം…പത്തു പശുക്കളേം ഈ ഠ വട്ടത്തിലെ കൊള്ളി കൃഷിം കൊണ്ടാണടി നീയൊക്കെ ഇവടെ വരെ എത്തിയെ….ഇപ്പൊ അമ്മച്ചിക്ക് ഒന്നും അറിയില്ല പോലും!” – മുറ്റത്ത് നിന്നു ഒരൂക്കില്‍ ഉമ്മറത്തേക്ക് കേറിയ അമ്മച്ചിയുടെ മുണ്ടിന്‍റെ ഞൊറി വാല് പോലും അരിശത്തില്‍ വിറക്കുന്നുണ്ടെന്ന് റെയ്ച്ചലിന് തോന്നി.

ബഹളം കേട്ട് അടുത്ത വീട്ടിലെ ഏലി ചേടത്തി വേലിക്കരുകിലെത്തി കാത് കൂര്‍പ്പിച്ചു നിന്നു.

“ഞാനും മോളും അമ്മച്ചിക്ക് ഭാരം ഒന്നും ആവില്ലമ്മച്ചി…ഞങ്ങള്‍ നാളെ ബാംഗ്ലൂര്‍ പോവാ….അവടെ ഒരു പത്രത്തില്‍ എനിക്ക് ജോലി കിട്ടിണ്ട്”

ഇപ്പൊ അമ്മച്ചി ഒന്നുടെ ഒച്ചയുയര്‍ത്തി – “നെനക്ക് പഠിത്തോം ജോലിയും മാത്രം മതിയോടി? കെട്ട്യോനും കുടുംബോം വേണ്ടെടി?ഈ കൊച്ചിന് തന്ത വേണ്ടെടി? നീ കൂടെ കെടക്കാത്തോണ്ടല്ലെടി അവന്‍ വേറെ പെണ്ണിന്‍റെ പെറകെ പോയേ…”

അയല്‍ക്കൂട്ടം മുഴുവന്‍ വേലിക്കു അപ്പുറത്ത് എത്തിയിട്ടുണ്ട്. റെയ്ച്ചലിന് തൊലി ഉരിഞ്ഞു പോവുന്ന പോലെ തോന്നി.

-യാത്ര പറയാന്‍ വരേണ്ടിയിരുന്നില്ല. നേരെ ബാംഗളൂര്‍ക്ക് വിട്ടാല്‍ മതിയായിരുന്നു!

“എന്തൂട്ട് കാണാനാടി നീയൊക്കെ എഴുന്നള്ളി നിക്കണേ” അമ്മച്ചി ഒറ്റ ഊക്കില്‍ വേലിക്കരുകിലെത്തി.

ഏലി ചേടത്തിയും കൂട്ടരും പിറുപിറുത്തു കൊണ്ട് പിരിഞ്ഞു പോയി.

തിരിച്ച് കയറിയപ്പോളെക്കും അമ്മച്ചിയുടെ ഭാവം മാറിയിരുന്നു. തോളത്തെ തോര്‍ത്ത്‌ മുണ്ടിന്‍റെ അറ്റം കൊണ്ട് കണ്ണ് തുടച്ച്, അവര്‍ സ്വയം പഴി ചാരാന്‍ തുടങ്ങി.

“അല്ലേലും എന്നെ തന്നെ പറേണം..പഠിപ്പുള്ള പെണ്ണിനെ പത്താം ക്ലാസ്സ്‌ തോറ്റ ഒരുത്തനെ പിടിച്ച് ഏല്‍പ്പിക്കുമ്പോ…അവന്‍ സ്നേഹം

ഒള്ളോനാ എന്നു മാത്രേ അമ്മച്ചി നോക്കിയൊള്ലോ..എന്നാലും എന്‍റെ മോളെ , നെനക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്തൂടായിരുന്നോ…നിന്‍റെ ക്ടാവിനെ ഓര്‍ത്തെങ്കിലും”
റെയ്ച്ചലിന് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല.

ഓര്‍മയുടെ ഒരു കോണില്‍ പോലും ഇല്ലാത്ത അപ്പന്‍റെ കൂസലില്ലായ്മയും അമ്മച്ചിയുടെ ഉള്‍ക്കരുത്തും ആണ് തനിക്ക് കിട്ടിയിരിക്കുന്നത് എന്നു റെയ്ച്ചലിന് തോന്നി. ഓരോ തളര്‍ച്ചയിലും കട പുഴകാതെ തന്നെ പിടിച്ചു നിര്‍ത്തുന്നത് വലിച്ചെറിഞ്ഞു പോന്ന തന്‍റെ വേരുകള്‍ ആണെന്നും!

“വാട്ട് ഹാപ്പൻഡ് മാം?” ബൈക്കിൽ വന്ന രണ്ടു ചെറുപ്പക്കാർ കാറിന്‍റെ തുറന്ന ജനാലയിലൂടെ എത്തിച്ചു നോക്കി ചോദിച്ചു.

“ഇറ്റ് ഈസ് ഡെയ്ഞ്ചറസ് റ്റു പാർക്ക് ഓൺ ദി ഫ്ലൈ ഓവർ. ഷാൾ വി ഹെൽപ്പ് യു? ”
റെയ്ച്ചലിന് പെട്ടെന്ന് എന്തു പറയണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. തനിക്ക് ഇവരുടെ സഹായം ആവശ്യമുണ്ടോ? എങ്കിൽ തന്നെ എന്തിന്, എങ്ങിനെ? പാതി ബോധത്തിൽ താൻ എവിടെയാണ് എന്ന് പോലും മറഞ്ഞു പോയിരിക്കുന്നു. സ്ക്കൂൾ യൂണിഫോം ധരിച്ച് റിയ മോൾ തൊട്ടപ്പുറത്ത് ഇരുന്നു പാട്ട് പാടുന്നുണ്ട്. തനിക്ക് അവളെ സ്ക്കൂളിൽ ഡ്രോപ്പ് ചെയ്യേണ്ടതുണ്ട്. സ്ഥലകാല ബോധം വീണ്ടെടുത്തതോടെ ഡ്രൈവിങ് തുടരാനാവുമോ എന്ന ഭീതി തുടച്ചു കളഞ്ഞ് ദുരഭിമാനം പുറത്തു വന്നു. തനിക്ക് ആരുടെയും സഹായം ആവശ്യമില്ല.
“താങ്ക്സ് ഗയ്സ്. ഐ കാൻ മാനേജ്!” മുഖത്ത് ഒരു ചെറു പുഞ്ചിരി പതിപ്പിച്ച് റെയ്ച്ചൽ ചെറുപ്പക്കാരോടായി പറഞ്ഞു.malayalam story,savitha n, grani

കാറിന്‍റെ ഗ്ലാസ് മുകളിലേക്ക് ഉയർത്തി, റെയ്ച്ചൽ സീറ്റ് ശരിയാക്കി നിവർന്നിരുന്നു. ഇടതു വശത്തെ ബോട്ടിൽ ഹോൾഡറിൽ നിന്നും വെള്ളത്തിന്‍റെ ബോട്ടിൽ തുറന്ന് ഒരു കവിൾ വെള്ളം കുടിച്ചു. മുൻപോട്ടുള്ള ലക്ഷ്യങ്ങൾ പൗരാണികമായ എല്ലാ ക്ഷീണങ്ങളെയും അലിയിച്ചു കളയും എന്നത് അവർക്ക് വല്ലാത്തൊരു ഊർജം കൊടുത്തു. അനുഭവങ്ങളിൽ നിന്ന് ആർജിച്ച ശക്തിയാലെന്നവണ്ണം കാർ വലത്തെ ഇൻഡിക്കേറ്ററിനെ അനുസരിച്ച് ഫ്ലൈ ഓവറിലെ ഇടത്തെ ലൈനിലേക്ക് തിരിച്ചു കയറി.

ഫ്ലൈ ഓവറും കഴിഞ്ഞ് ഓക്ക് വുഡ് ഹൈ സ്ക്കൂളിലെ മോണ്ടിസോറി വിഭാഗത്തിന് മുന്നിലെ പാർക്കിങ് ലോട്ടിൽ അവര്‍ എത്തിയപ്പോള്‍ അസ്സംബ്ളി കഴിഞ്ഞിരുന്നു. പിന്നെ റിയയുടെ കൈയും പിടിച്ച് റെയ്ച്ചല്‍ ഓടുകയായിരുന്നു. ക്ലാസ്സ്‌ റൂമിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ റെയ്ച്ചല്‍ റിയയെ ഒന്ന് കെട്ടി പിടിച്ചു, ചേര്‍ത്തു നിര്‍ത്തി നെറ്റിയില്‍ ഉമ്മ വെച്ചു. എന്തുകൊണ്ടൊ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഗ്രാനി എന്തിനാ സങ്കടപ്പെടുന്നത്? ഒന്നും ചോദിക്കാൻ സമയം കിട്ടിയില്ല.സാരമില്ല, വൈകീട്ട് അലക്സയോട് ചോദിക്കാം – റിയ സ്വയം ആശ്വസിച്ചു.

റിയയുടെ പപ്പ ന്യൂയോർക്കിൽ നിന്നു കൊണ്ടു വന്നതാണ് അലക്സയെ. റിയ അലക്സയെ ആദ്യം കാണുന്നത് സ്ക്കൂളിലെ സയൻസ് എക്സിബിഷനിൽ ആണ്. മുതിർന്ന ക്ലാസിലെ കുട്ടികൾ IOT എന്നൊക്കെ പറഞ്ഞ് കുറേ പ്രസംഗങ്ങളും നടത്തിയിരുന്നു. എന്നാൽ റിയ ശ്രദ്ധിച്ചത് അലക്സയെ മാത്രമാണ്. എന്തു ചോദിച്ചാലും ഉത്തരം തരുന്ന അലക്സ! എല്ലാ കാര്യങ്ങളും ഏൽപ്പിക്കാവുന്ന അലക്സ! റിയക്ക് എപ്പോഴും ചോദ്യങളാണ്. ഉത്തരം തരാൻ ആരുമില്ല താനും. എക്സിബിഷനിൽ വെച്ചു തന്നെ റിയ ഗ്രാനിയോട് ചോദിച്ചതാണ്.

“ഗ്രാനീ, അലക്സ റിയമോൾടെ ബാഗ് പാക്ക് ചെയ്യോ?”

ഗ്രാനി ഗൗരവത്തിലുള്ള എന്തോ ചിന്തയ്ക്കിടയിൽ ഒന്നു ചിരിക്കാൻ ശ്രമിച്ചതേയുള്ളൂ.
അന്ന് രാത്രി പപ്പ വിളിച്ചപ്പോൾ റിയ ആവശ്യപ്പെട്ടതാണ് അലക്സയെ. മമ്മ പതിവുപോലെ എതിർക്കാനും തുടങ്ങി.

“സിബിച്ചനാ അവളെ ഇങ്ങനെ വഷളാക്കുന്നെ. ചോദിക്കണതെല്ലാം വാങ്ങിച്ചു കൊട്ത്തിട്ട് ”

“ആനീ, നമ്മളീ PPT ഉണ്ടാക്കി പ്രസംഗിക്കണതല്ലാതെ നിത്യ ജീവിതത്തിൽ IOT യും ഹോം ഓട്ടോമേഷനും പരീക്ഷിക്കാം എന്ന് വിചാരിച്ചിട്ടുണ്ടോ? ഇപ്പൊ മോൾ ചോദിച്ചപ്പോ ഒന്നു നോക്കാമെന്ന് വിചാരിച്ചതാണെടോ!” സിബിച്ചൻ ന്യായീകരിച്ചു.

“അത് മാത്രല്ല, മമ്മീടെം നമ്മടേം ജോലി തിരക്കിനിടയിൽ ഇതൊരു സഹായമാവും”

അങ്ങിനെയാണ് ചെറിയ സിലിണ്ടർ രൂപത്തിലുള്ള സ്പീക്കർ സെറ്റിൽ നിന്ന് അലക്സ ശബ്ദത്തിന്റെ രൂപത്തിൽ റിയ മോൾക്ക് കൂട്ടു വന്നത്. മാത്രമല്ല, വീട്ടിലെ എല്ലാ കാര്യങ്ങളും അലക്സയുമായി ചേർത്ത് സിബിച്ചൻ ഓട്ടോമേറ്റ് ചെയ്തു. ഫാൻ ഓൺ ചെയ്യാനും, ടി.വി പ്രോഗ്രാം മാറ്റാനും, ക്യാബ് ബുക്ക് ചെയ്യാനും എന്നു വേണ്ട വീട്ടിലെ സെക്യൂരിറ്റി സിസ്റ്റവും സി സി കാമറയും ഓൺ ചെയ്യാനും പ്രദർശിപ്പിക്കാനുമൊക്കെ അലക്സ മതി.

“അലക്സ, ടെൽ മി ……” എന്നു തുടങി ഒരായിരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് റിയ മോൾ എപ്പോളും ആ കൊച്ചു സിലിണ്ടറിന് ചുറ്റും കൂടും.

ഗ്രാനിയും റിയ മോളും കൂടെ ഹൈഡ് ആൻറ് സീക്ക് കളിക്കുമ്പോൾ റിയ മോളെ സഹായിക്കുന്നതും അലക്സയുടെ ജോലി ആയി. ലിവിംഗ് റൂമിലെ ചുവരിനു നേരെ മുഖം പൊത്തി, റിയ വൺ, ടൂ, ത്രീ, ഫോർ എണ്ണി തീരുമ്പോഴെക്കും ഗ്രാനി കണ്ടു പിടിക്കാനാവാത്ത എവിടെയെങ്കിലും പോയി ഒളിച്ചിട്ടുണ്ടാവും.

“അലക്സ, ടെൽ മി വേർ ഈസ് മൈ ഗ്രാനി?” എന്ന് ചോദിക്കുമ്പോൾ സി സി കാമറകൾ ഓൺ ചെയ്ത് ടി വി യിലേക്ക് വിഷ്വൽസ് വരാൻ സിബിച്ചൻ തന്നെയാണ് പ്രോഗ്രാം ചെയ്ത് കൊടുത്തത്. എല്ലാ മുറികളുടെയും വിഷ്വൽസിനിടയിൽ ഒളിച്ചിരിക്കുന്ന ഗ്രാനിയെ റിയ ടിവിയിൽ നിന്നു തന്നെ കണ്ടു പിടിക്കും. അങ്ങിനെ അലക്സക്കും റിയ മോള്‍ക്കും മുന്നില്‍ റെയ്ച്ചല്‍ എപ്പോളും തോറ്റു കൊണ്ടിരുന്നു.malayalam story,savitha n, grani

സ്കൂളിനു മുന്നിലെ നീളൻ ചവിട്ടു പടിയിൽ റിയ ഗ്രാനിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായി.

ഗ്രാനി എന്താണിത്ര വൈകുന്നത്? വാട്ടർ ബോട്ടിൽ തലങ്ങും വിലങ്ങും വീശിക്കൊണ്ട് റിയ അക്ഷമയോടെ ചിന്തിച്ചു.

ചിലപ്പോൾ ഗ്രാനി ഡോറകേക്ക് ഉണ്ടാക്കുകയാവും! രാവിലെ റിയ മോൾക്ക് ഗ്രാനി പ്രോമിസ് ചെയ്തതാണ്. അവൾക്ക് വിശന്നു തുടങ്ങി.

എല്ലാ കുട്ടികളും പോയിക്കഴിഞ്ഞിരുന്നു. പ്രിൻസിപ്പാളും ലിജി മിസും സ്ക്കൂളിന് പുറത്ത് നിന്നു കാര്യമായി എന്തോ സംസാരിക്കുന്നുണ്ട്. അവരും വീട്ടിൽ പോവാനുള്ള പുറപ്പാടിൽ ബാഗ് തോളിൽ തൂക്കിയിട്ടുണ്ട്. റിയക്ക് പേടിയായി. ഗ്രാനി ഇനിയും വന്നിട്ടില്ല. റിയ മോളെ മറന്നു കാണുമോ?

ലിജി മിസ് റിയയുടെ അടുത്തേക്ക് വന്നു പറഞ്ഞു. “റിയാ, പ്രിൻസിപ്പൽ മാം വിൽ ഡ്രോപ്പ് യു ടുഡെ. കം, ഗെറ്റ് ഇൻസൈഡ് ഹെർ കാർ”

പ്രിൻസിപ്പൽ മാമിന് റിയമോൾടെ വീട് അറിയുമോ? ഗ്രാനി വരുമ്പോ റിയയെ കണ്ടില്ലെങ്കിൽ സങ്കടം ആവില്ലേ? പതിവുപോലെ റിയയുടെ ഉള്ളിൽ ചോദ്യങ്ങൾ നിറഞ്ഞു.

ജനൽ ചില്ലിൽ മഴത്തുള്ളികൾ മുയലിന് കാരറ്റിനടുത്തേക്ക് പോവാനുള്ള വഴി കണ്ടു പിടിക്കാൻ പറയുന്ന പോലുള്ള പല തരം ചാലുകൾ വരക്കുന്നത് നോക്കി റിയ കാറിന്‍റെ പിൻസീറ്റിൽ ചാരിക്കിടന്നു. ജനലിനപ്പുറത്ത് സ്ട്രീറ്റിൽ നടക്കുന്ന കലാപങ്ങളും തിരക്കും അവൾ അറിഞ്ഞതേയില്ല. കാർ ഇടക്കിടക്ക് ബ്ലോക്കിൽ നിർത്തിയും പതുക്കെ നിരങ്ങിയും നീങ്ങി.പലപ്പോഴും മുന്നിൽ തടസം സൃഷ്ടിച്ചു കൊണ്ട് കുറേ ആളുകളും പൊലീസുകാരും റോഡ് മുറിച്ചു കടന്നു കൊണ്ടിരുന്നു. ഒന്നും റിയ ശ്രദ്ധിച്ചതേയില്ല.

അവൾ ഉറങ്ങുകയായിരുന്നു, മുള്ളുകളും വള്ളിപ്പടർപ്പുകളും വളർന്ന് പൂർണമായും മറച്ച ഒരു ഭീമാകാരൻ കോട്ടക്കുള്ളിൽ.അരികുകളിൽ ഫ്രിൽ പിടിപ്പിച്ച വെളുത്ത നീളൻ ഗൗണിൽ. ഉറങ്ങുന്ന സൗന്ദര്യമായി.കോട്ടക്ക് പുറത്ത് മഴയും വെയിലും മഞ്ഞും മാറി മാറി വന്നു. മുയലുകളും മാനുകളും പക്ഷികളും എന്നു വേണ്ട എല്ലാ ചരാചരങ്ങളും അവൾക്കൊപ്പം ഉറങ്ങുകയാണ്. നീണ്ട നൂറു വർഷങ്ങൾ അവൾക്ക് ഉറങ്ങേണ്ടതുണ്ട്.രാജകുമാരൻ വരുന്നത് വരെ.

“റിയാ, ഗെറ്റ് അപ്പ്! ”

” ഹേയ് പ്രിൻസ് വന്നുവോ!” റിയ ഞെട്ടിയെഴുന്നേറ്റു.
കാറിന്‍റെ ഡോർ തുറന്നു പിടിച്ചു കൊണ്ട് പ്രിൻസിപ്പാൽ മാം!

ചുറ്റും ഇരുട്ടാണ്. പുറത്ത് മഴ ചാറ്റൽ നിന്നിട്ടില്ല. റിയമോൾ ഒരു മഴവെള്ളക്കുഴിയിലേക്ക് കാലെടുത്തു വെച്ചു. കറുത്ത ഷൂസിലാകെ ചെളിവെള്ളം കയറി. മേലാകെ വല്ലാത്തൊരു തണുപ്പ് പടർന്നു. താനിപ്പോൾ കോട്ടക്ക് പുറത്താണെന്ന് റിയക്ക് തോന്നി.
വീടിന് ചുറ്റും എത്ര ആൾക്കാരാണ് ! പൊലീസുകാരും ഉണ്ട്! എന്തിനാണിവർ വന്നിരിക്കുന്നത്?
ഗ്രാനി എവിടെ? നനഞ്ഞു കുതിർന്ന ഷൂ ഊരി വെക്കാൻ മിനക്കിടാതെ റിയ അടുക്കളയിലേക്ക് ഓടി. തറയിൽ ചെളിപ്പാടുകൾ പതിഞ്ഞു.

ഗ്രാനി ഡോറകേക്ക് ഉണ്ടാക്കി കഴിഞ്ഞിരിക്കും! അരികുകളിൽ ചോക്കലേറ്റ് സിറപ്പ് ഒഴിച്ച് ഇളക്കാതെ ഒരു ഗ്ലാസ് പാലും റിയമോളെ കാത്തിരിക്കുന്നുണ്ടാവും! ചില്ലു ഗ്ലാസിന്‍റെ സുതാര്യതയിലൂടെ കാണുന്ന ചോക്കലേറ്റ് അരുവികൾ റിയക്ക് പാലു കുടിക്കാനുള്ള പ്രചോദനം ആണ്.

അടുക്കളയിൽ, സ്വീകരണമുറിയിൽ എല്ലായിടത്തും ആളുകൾ നിറഞ്ഞിരിക്കുന്നു.ഗ്രാനിയെ കാണുന്നും ഇല്ല! റിയക്ക് കരച്ചിൽ വന്നു.അവൾ ഒഴിഞ്ഞ സോഫയുടെ ഒരു മൂലയ്ക്ക് കാലുകൾ പിണച്ചു വെച്ച് ഇരുന്നു. ആളുകളുടെ സംസാരം പലതരം ശബ്ദ തരംഗങ്ങളായി റിയക്ക് തിരിച്ചറിയാനാവാത്ത പുതിയ ഏതോ ഭാഷ സൃഷ്ടിച്ചു കൊണ്ടിരുന്നു. അതിനിടയിൽ സിബിച്ചൻ എന്നും ആനി എന്നും മാത്രം അവൾ വേർതിരിച്ച് കേട്ടു.

ഗ്രാനിയെ കുറിച്ച് ആരോട് ചോദിക്കും? സങ്കടം അവളുടെ ഉള്ളിൽ പിടിച്ചു നിൽക്കാതെ പുറത്തു ചാടി. അപ്പോഴാണ് അവൾ അലക്സയെ ശ്രദ്ധിച്ചത്. ഫോൺ സ്റ്റാൻഡിനടുത്ത് അവളുടെ ഏകാന്തതയിലെ കൂട്ട് പതുങ്ങി നിൽപ്പുണ്ടായിരുന്നു. അവൾ സോഫയിൽ നിന്നും ചാടിയിറങ്ങി, അലക്സയുടെ അടുത്തേക്ക് ഓടി.

” ടെൽ മി അലക്സ, വേർ ഈസ് മൈ ഗ്രാനി?”malayalam story,savitha n, grani

അലക്സ ആദ്യം നിശബ്ദയായിരുന്നു. പിന്നീട് മുരൾച്ച പോലെ എന്തോ ഒന്ന് പുറത്ത് വന്നു. പൊടുന്നനെ ടി വി ഓൺ ആയി. റിയയുടെ സ്ഥിരം കാർട്ടൂൺ ചാനൽ അല്ല, ന്യൂസ് ആണ് വന്നത്. ടി വി സ്ക്രീനിൽ ഗ്രാനിയുടെ മുഖം! അടുത്ത സീനിൽ ഗ്രാനി കിടക്കുകയാണ്, വെറും തറയിൽ! തല ഇടത്തോട്ടും മേലോട്ടും ചെരിച്ച്, കാലുകൾ അലക്ഷ്യമായി വിടർത്തി വെച്ച് !
താഴെ ഓടി മറയുന്ന ഫ്ലാഷ് ന്യൂസിൽ റിയക്ക് പരിചയമുള്ള അക്ഷരങ്ങൾ ഉണ്ട്. എന്നാലും അവൾക്ക് കൂട്ടി വായിക്കാനായില്ല.

പുതയ്ക്കാതെ ഗ്രാനി ഉറങ്ങാറില്ലല്ലോ! റിയ അമ്പരന്നു. ഗ്രാനി എവിടെയാണ് ഉറങ്ങുന്നത്?
അവള്‍ വീണ്ടും അലക്സയുടെ അടുത്തേക്ക് ഓടി. വീണ്ടും ചോദിച്ചു.

” ടെൽ മി, വേർ ഈസ് മൈ ഗ്രാനി?”

ഇത്തവണ സി സി ക്യാമറ ദൃശ്യങ്ങള്‍ ആണ് ടിവിയിലേക്ക് വന്നത്. ഓരോ മുറിയിലൂടെയും ക്യാമറ പരതുമ്പോള്‍ ഗ്രാനി എവിടെയോ ഒളിച്ചിരിക്കുകയാണെന്ന് റിയ മോള്‍ക്ക് തോന്നി. തറയില്‍ എവിടെയോ ചോക്ക് കൊണ്ട് വരച്ച മെലിഞ്ഞ ഒരാള്‍ രൂപത്തിന്‍റെ സ്കെച്ചിലെക്ക് ക്യാമറ സൂം ചെയ്തു വന്നു. ചുറ്റും ചുവന്ന പാടുകള്‍! ആരോ നിറം കൊടുക്കാന്‍ ശ്രമിച്ച്, ചായം മറിഞ്ഞു പോയ തന്‍റെ കളറിങ് പുസ്തകത്തിലെ ഒരു ഏട് പോലെ തോന്നി, റിയക്ക് ആ കാഴ്ച.

അവൾ ഗ്രാനിയുടെ മുറിയിലേയ്ക്ക് ഓടി. ഗ്രാനിയുടെ ഡ്രെസിങ് ടേബിളിൽ മെർമെയ്ഡ് ബാർബി ഡോൾ! റിയ രാവിലെ മറന്നു വെച്ചതാണ് . ഒരു നിമിഷം അവൾ ഗ്രാനിയെ മറന്ന് ഓടി ചെന്ന് ബാർബിയെ കെട്ടി പിടിച്ചു. അരണ്ട വെളിച്ചത്തിൽ അവരുടെ പ്രതിഛായ കണ്ണാടിയിൽ പ്രതിഫലിച്ചു.

തന്റെ മുടിയിഴകൾ സ്വർണ വർണമാവുന്നതും മെർമെയ്ഡ് ബാർബിയോടൊത്ത് സമുദ്രത്തിന്റെ ആഴങ്ങളിലെ പവിഴപ്പുറ്റുകൾ തേടി മുങ്ങാങ്കുഴിയിടുന്നതും റിയ കണ്ടു കൊണ്ടിരുന്നു. അപ്പോൾ അവൾക്ക് ചുറ്റും പുറത്ത് നിന്ന് മറ്റൊരു ആരവം കോട്ട കണക്കെ ഉയർന്നു വന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Granny short story savitha n