/indian-express-malayalam/media/media_files/uploads/2020/03/gracy-1-1.jpg)
എഴുത്തുകാരികളിലാര്‍ക്കെങ്കിലും സ്വന്തമായി ഒരു എഴുത്ത് മുറി ഉണ്ടോ? ഉണ്ടായിരിക്കും. എനിക്കേതായാലും ഇല്ല. അഷിതയ്ക്കും ഉണ്ടായിരുന്നില്ലെന്ന് എപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട്. ഊൺമേശയുടെ ഒരറ്റം ഒഴിച്ചെടുത്താണ് എഴുതിയിരുന്നതെന്നും. എന്റെ കാര്യവും തഥൈവ! എന്റെ ഉള്ളിലെപ്പോഴും ഒരു മറുലോകമുണ്ടായിരിക്കും. അടുക്കളയില്‍ അരി വേവിക്കുമ്പോഴും പച്ചക്കറി നുറുക്കുമ്പോഴുമൊക്കെ ആ ലോകം സജീവമായിരിക്കും. അതിലേയ്ക്ക് ആരെങ്കിലും വന്ന് കയറുന്നത് എനിക്ക് തീരെയും ഇഷ്ടമല്ല. ഞാന്‍ ചിലപ്പോള്‍ പൊട്ടിത്തെറിച്ചെന്നുമിരിക്കും.
പാട്ട് കൊണ്ട് കൂട്ടിക്കെട്ടിയ ഒരു ദാമ്പത്യമാണ് എന്റേത്. സംഗീതവും സാഹിത്യവും സരസ്വതീദേവിയുടെ രണ്ട് മുലകളായിട്ടാണ് നമ്മള്‍ സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ പെണ്‍മുലകളുടെ ചില സൂക്ഷ്മ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതത്ര ശരിയാണെന്ന് തോന്നുന്നില്ല. മാത്രമല്ല, ഒരു മുല കുടിച്ച് നാം വിശ്രാന്തിയിലാകുമ്പോള്‍ മറുമുല കുടിച്ച് നാം സദാ ജാഗരൂകരാവുകയാണ്. എന്നിരിക്കെ സംഗീതത്തെ ഉപാസിക്കുന്ന ഭര്‍ത്താവും സാഹിത്യത്തെ ഉപാസിക്കുന്ന ഭാര്യയും ഒരു കൊച്ചു വീട്ടിലൊരുമിക്കുമ്പോള്‍ എന്താവും സംഭവിക്കുക? സദാ പാട്ട് ഒഴുകി നടക്കുന്ന വീട്ടില്‍ ധ്യാനം ആവശ്യമായ എഴുത്തു പണി മിക്കവാറും അസാധ്യമാകും. എഴുത്തിന്‍റെ രാസത്വരകമായ വായനയുടെ കാര്യവും പരുങ്ങലിലാകും. പങ്കാളി ഒരു സംസാരപ്രിയനാകുമ്പോള്‍ എഴുത്തുകാരിയുടെ സര്‍ഗ്ഗാത്മകത മുടന്താന്‍ തുടങ്ങും. ഫോണില്‍ നിരന്തരം ഉറക്കെ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആള്‍ കൂടിയായാല്‍ എഴുത്ത് ജീവിതം കെണിയില്‍പ്പെട്ടതു പോലെ പിടയും.
/indian-express-malayalam/media/media_files/uploads/2020/03/gracy-3-1.jpg)
ഇതെല്ലാം കൂടിച്ചേര്‍ന്ന് ഭ്രാന്ത് പിടിപ്പിക്കുന്ന ഒരവസ്ഥയിലാണ് എന്റെ ജീവിതത്തില്‍ മൂന്നു ദിവസത്തെ ആനന്ദം വീണ് കിട്ടുന്നത്! എനിക്ക് പൊടുന്നനെ ചെവി കേള്‍ക്കാന്‍ പറ്റാതെയായി! അതോടെ ജീവിതം സി.ജെ തോമസ് കഥകളിയെ വിശേഷിപ്പിച്ച മട്ടിലായി, ഊമക്കളി! ഭര്‍ത്താവ് റേഡിയോയുടെ മര്‍മ്മത്തില്‍ കയറിപ്പിടിക്കുന്നു. പാട്ട് കേട്ട് തലയാട്ടി രസിക്കുന്നു. അത് കഴിയുമ്പോള്‍ എന്‍റെ മറുലോകത്തില്‍ അതിക്രമിച്ച് കടക്കുന്നു. അപ്പോഴുണ്ട് ഞാന്‍ പൊട്ടിച്ചിരിച്ച് അയാളെ നിലംപരിശാക്കുന്നു. ഹാ ! ഹാ ! എനിക്ക് ചെവി കേട്ട് കൂടാന്നേ! എന്റെ കുറുമ്പ് കുറേയൊക്കെ അറിയാവുന്ന ആളായതു കൊണ്ട് ഇതും ആ വകുപ്പില്‍ പെടുത്തുന്നു. പക്ഷേ കുക്കര്‍ ചീറ്റുന്നതും പേരക്കുട്ടികള്‍ വിളിക്കുന്നതും കേള്‍ക്കുന്നില്ലെന്ന് വന്നപ്പോഴാണ് ഈ ഊമക്കളിയെക്കുറിച്ച് അങ്ങേര്‍ക്ക് ബോധോദയം ഉണ്ടായത്. ഡോക്ടറെ കാണേണ്ടേ എന്ന് ഒരു കടലാസ്സില്‍ എഴുതിച്ചോദിച്ചപ്പോള്‍ ഞാന്‍ എന്റെ ധര്‍മ്മസങ്കടം പുറത്തെടുത്തു. ഒച്ച കേട്ട് എനിക്ക് മടുത്തു! ഒച്ചയൊന്നും കേള്‍ക്കാതെ കൊറച്ച് നാള് ജീവിച്ചു നോക്കട്ടെ!
മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എന്റെ ധര്‍മ്മസങ്കടം വഴിമാറി. മറ്റ് എന്ത് ഒച്ചയും കേള്‍ക്കാതെ കഴിച്ചു കൂട്ടാം. പേരക്കുട്ടികളുടെ ഒച്ച കേള്‍ക്കാതെങ്ങനെ? എന്തൊരു സ്‌നേഹപാശം! പോരാത്തതിന് ചെവിക്കുള്ളില്‍ ചുളുചുളെ കുത്തുന്ന വേദനയും. ഞാന്‍ ഡോക്ടറെ കാണാന്‍ തയ്യാറായി. ഭര്‍ത്താവും കൂടെപ്പോന്നു. ഡോക്ടറെ എനിക്ക് തീരെയും ഇഷ്ടമായില്ല. കറുത്ത് ഒരു കൂറ്റന്‍. പുരുഷന്മാര്‍ക്ക് എണ്ണക്കറുപ്പാണഴക് എന്നായിരുന്നു എന്റെ പക്ഷം. എന്നാല്‍ കാലം പോകെ കറുപ്പില്‍ എനിക്ക് കമ്പം കുറഞ്ഞു. ഡോക്ടറുടെ ചിരിയിലെ വെണ്മ പക്ഷേ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. എന്റെ ഇടതു ചെവിയില്‍ വലിയൊരു കുരു വന്നടഞ്ഞതാണെന്നും അത് പഴുക്കാന്‍ തുടങ്ങിയപ്പോഴാണ് വേദനയനുഭവപ്പെട്ടതെന്നും വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് കടലാസ്സിലെഴുതി കാണിച്ചു. വലത് ചെവിയുടെ കേഴ്വി ഏഴാം വയസ്സിലെ ഒരു കുരുത്തക്കേട് കൊണ്ട് മുക്കാലും നഷ്ടപ്പെട്ട് പോയിരുന്നു.
ചികിത്സ ഫലം കണ്ടു. വെറും മൂന്ന് ദിവസത്തെ ആനന്ദത്തെക്കുറിച്ചോര്‍ത്ത് നഷ്ടബോധത്തോടെ ഞാനെന്റെ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വരികയും ചെയ്തു. ഭാര്യയോട് സംസാരിക്കണമെങ്കില്‍ നാളും നേരവും നോക്കണമെന്ന് വരുന്നത് സാധാരണക്കാരനായ ഒരു ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. എന്നാലും ഏതിലും ഒരു മിതത്വം പാലിക്കുന്നത് നന്നായിരിക്കും. 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്നൊരു ലേബല്‍ ജീവിതത്തിന്റെ പുറത്ത് ഒട്ടിക്കേണ്ടതിന്‍റെ ആവശ്യതകയെക്കുറിച്ച് എന്റെ ഒരു കഥയില്‍ പറയുന്നുണ്ട്. സംസാരിച്ച് സംസാരിച്ച് തല്ലിപ്പിരിയുന്ന പ്രണയിനികളും പ്രതിശ്രുതവധൂവരന്മാരും ദമ്പതികളുമൊക്കെ ഉണ്ടെന്ന കാര്യം കണക്കിലെടുക്കുമ്പോഴാണ് ആ ലേബലിന്റെ പ്രസക്തി മനസ്സിലാവുക. ഒന്നര വര്‍ഷം നീണ്ട എന്റെ ഒരു പ്രണയ ജീവിതത്തില്‍ കാമുകന്‍ എന്നോട് പത്ത് വാചകം തികച്ചും സംസാരിച്ചിട്ടില്ല. എന്നേക്കാള്‍ സുന്ദരിയായ ഒരുവളെ കണ്ടപ്പോള്‍ കാമുകന്റെ പ്രണയം കൂട് മാറിയെങ്കിലും പ്രണയകാലത്തെ മൗനത്തിന് മായികമായൊരു സൗന്ദര്യമുണ്ടെന്ന് എനിക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു. ദാമ്പത്യത്തില്‍ അതെങ്ങനെ അനുഭവപ്പെടുമെന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കും.
/indian-express-malayalam/media/media_files/uploads/2020/03/gracy-2-1.jpg)
എല്ലാറ്റിനുമുണ്ട് ഒരു മറുവശം. കുടുംബവൃത്തത്തിലെ ഈ വക അസ്വസ്ഥതകളില്‍ നിന്ന് എനിക്ക് കുറേ കഥകള്‍ കിട്ടിയിട്ടുണ്ട്. 'ഭിന്നസംഖ്യ,' 'നാടകീയം,' 'അതിക്രമിച്ച് കടക്കരുത്' തുടങ്ങിയ കഥകള്‍ അവയില്‍ ചിലത് മാത്രം. എന്റെ കഥകളുടെ ഊര്‍ജ്ജം ക്ഷുബ്ധമായ ഈ കുടുംബാന്തരീക്ഷമാണ് എന്നത്രെ ചെറുപ്പക്കാരനായ ഒരു സുഹൃത്തിന്‍റെ അഭിപ്രായം.
എങ്കില്‍ക്കൂടിയും ഇടയ്ക്കിടെ മനുഷ്യരെ ശബ്ദരഹിതമായ ഒരു ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്ന രണ്ട് ചെവികളെ ഞാന്‍ സ്വപ്നം കാണാറുണ്ട്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us