scorecardresearch

Latest News

എര

“നീണ്ടു പോയ മൗനത്തിനൊപ്പം ഡപ്പിയുടെ ശ്വാസങ്ങൾക്ക് ഒരു വല്ലാത്ത ചൂടും വേഗവും തോന്നിയ ഞാൻ വണ്ടിയുടെ വേഗത കുറച്ചു. തോളിൽ മുറുക്കിപ്പിടിച്ചിരുന്ന അവന്റെ കൈകൾ മെല്ലെ എന്റെ കഴുത്തിലേക്ക് നീങ്ങി തുടങ്ങി…” ഗോവിന്ദൻ എഴുതിയ കഥ

ചിത്രീകരണം: വിഷ്ണുറാം

1

പതിവ് തെറ്റിച്ചില്ല. മീനച്ചിലാറിന്റെ കരയ്ക്കുള്ള പൊന്തക്കാട്ടിൽ ഏറുകളം* വെട്ടിത്തെളിച്ച ഡപ്പി, ഒഴുക്കിനൊത്ത് നീങ്ങുന്ന പോളക്കൂട്ടത്തിലേക്ക് നോക്കി നിന്നു. ആറിനെ കവച്ചുവെക്കുന്ന നീലിമംഗലം പാലത്തിലേക്ക് പരശുറാം എക്സ്പ്രസ് കയറേണ്ട താമസം അവൻ സംഭവം പറഞ്ഞു തുടങ്ങി.

“പുന്നേമാലീടെ അവടെ തിരിയുന്ന മീനച്ചിലാറിന് നല്ല അകവലിവാ. കുറച്ചു നാളു മുൻപ് വരെ, വെള്ളം വരവിനൊത്ത് മട കെട്ടിപ്പൊക്കുന്നതും ചാലുകീറുന്നതും, മീൻ കുളത്തിലേക്കുള്ള ഒഴുക്കിനൊപ്പിച്ച് ഒറ്റാലു വെക്കുന്നതുമൊക്കെ ചന്ദ്രംപറമ്പിലെ പുറം പണിക്കാരനായ മുണ്ടയണ്ണനായിരുന്നു. ഒരെടക്കാലം കൊണ്ട് മുണ്ടയണ്ണൻ മദ്യപാനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച കാര്യം എക്സൈസുകാർക്കുവരെ അറിയാം. ആറ്റിറമ്പത്തിരുന്ന് സ്വന്തം ആവശ്യത്തിനു മാത്രം വാറ്റും. ഒരു തുള്ളി പുറത്തേക്ക് കൊടുക്കത്തില്ല. കിട്ടാത്തവരുടെ പരാതിപ്പുറത്ത് പൊലീസുകാര് തപ്പി വന്നാ, കൊടം തട്ടിമറിച്ചിട്ട് പുളളി ആറ്റിലോട്ട് ചാടും. ഒഴിക്കിനെതിരേ എത്ര നേരം വേണേലും നീന്തിക്കോളും. കരക്ക് നിന്ന് കാക്കിക്കാര് പറഞ്ഞ് മടുത്ത് കഴിയുമ്പോ കൈയ്യിക്കിട്ടുന്ന കല്ലും കട്ടേം വെച്ച് ആറ്റിലോട്ട് നല്ല ഏറെറിയും. അങ്ങേരെ തളർത്തി കരയ്ക്ക് കേറ്റാനുള്ള പരിപാടിയാ.ഇവരടെ ഏറു പകുതിയാമ്പോ പുളളി ഒറ്റ മുങ്ങാംകുഴിയിട്ട് അക്കരക്കാട്ടിലേക്ക് കേറും. അതു കണ്ടാ നീന്തല് കണ്ടു പിടിച്ചത് അങ്ങേരാണന്ന് തോന്നും.”

“വാറ്റടിച്ച് രാത്രിയിൽ പുള്ളീടെ ബോധം പോയി എന്നു കരുതി ഒറ്റാലു പൊക്കാൻ വരുന്നവൻമാരെ പിടിക്കാൻ മുണ്ടയണ്ണൻ ഒരാൾ പൊക്കം വരുന്ന പോതപ്പുല്ലിൽ പതുങ്ങിയിരിക്കും.ആരങ്കിലും പൊഴ നീന്തിക്കയറി മീൻ കുളത്തിലേക്ക് വെച്ചിരിക്കുന്ന ഒറ്റാലെ തൊട്ടാൽ മുണ്ടയണ്ണൻ ചാടി വീണ് വട്ടം പിടിക്കും. എത്ര വില്ലിച്ചാലും കൊതറിക്കാനൊക്കുവേല.’ഒറ്റത്തവണ എനിക്ക് ചെയ്യാൻ തന്നിട്ട് പോയാ മതി’ എന്നു ചെവിയിൽ പറഞ്ഞ് അയാളുമായി പുളളി കാട്ടിലേക്ക് കമഴ്ന്നു വീഴും. ഇന്നടം തന്നെ വേണം എന്നൊന്നുമില്ല. കിട്ടുന്നടം കൂട്ടി ഉരച്ച് പുളളി സ്വർഗരാജ്യം തീറെഴുതിയെടുക്കും. അങ്ങനെ പുള്ളി മീനിനും, മനുഷ്യർക്കും ഒരുപോലെ ഒറ്റാലു വെച്ചു.”

govindan, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

.

“കൊറച്ചായി. അങ്ങാടിക്കിഴിക്കകത്ത് ഉടുമ്പിന്റെ മുട്ടിയും, മുളം കൂമ്പുംകൂട്ടിക്കെട്ടി, ഒറ്റാലിന്റടുത്ത് തുടയും തിരുമ്മിക്കൊണ്ട് മുണ്ടയണ്ണൻ പോതപ്പുല്ലിനിടയിൽ പതുങ്ങിയിരുന്ന മറ്റൊരു രാത്രിയിലാണ് ആ സംഭവം നടന്നത്. ഒറ്റാലു പൊക്കാൻ ഹെഡ് ടോർച്ചുമായി വന്നയാളെ പിടിക്കാൻ ചാടി വീണ മുണ്ടയണ്ണന്റെ അടിവയറ്റിലേക്ക് ഒരു സ്ക്രൂ ഡ്രൈവർ കയറി. ഒന്നും രണ്ടും തവണയല്ല, പതിമൂന്ന് തവണ! പത്ത് തുള; ശരീരത്തിന്റെ മുൻ ഭാഗങ്ങളിൽ പലയിടത്തായി. മൂന്നു തുള പുറത്ത്. ശരീരത്തിൽ ഓട്ട വീണത് അറിയണ്ട താമസം മുണ്ടയണ്ണന്റെ ചോര, കുത്തിയ ആളോട് സ്നേഹം പ്രഖ്യാപിച്ചു. ഒരു രാത്രി മുഴുവൻ അയാൾ പുന്നേമാലിയിലെ പൊന്തയിൽക്കിടന്നു നിലവിളിച്ചു. ആര് കേക്കാൻ? ചത്തു കൊണ്ടിരുന്ന അയാളെ കമഴ്ത്തിയിട്ട് ഉടുതുണി പൊക്കി പുറത്തേക്ക് കയറിയ ആൾ മരണം വരെ അയാളെ അനുഭവിപ്പിച്ചു. ഹെഡ് ടോർച്ചിന്റെ വെട്ടത്തിൽ മുണ്ടയണ്ണന്റെ മുഖം മതി വരുവോളം കണ്ട അയാൾ, ടോർച്ച് പുള്ളിടെ തലക്കൽ തന്നെ ഇട്ടിട്ടാ പോയത്… ” ഡപ്പി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

ഡപ്പി എന്റെ സതീർഥ്യനാണ്. പ്രശാന്ത് എന്ന പേര് ആധാർ കാർഡിൽ മാത്രം. ഇരുപതാം വയസ്സിൽ കടലു കടന്ന് മർച്ചൻറ് നേവിയിൽ ജോലിയിൽ നിന്നും ഇടയ്ക്കിടെ ഞാൻ അവധിക്ക് വരുമ്പോൾ, ജലജീവിതത്തിൽ വിട്ടു പോയ നാട്ടുവർത്തമാനങ്ങൾ പൂരിപ്പിച്ചു തരുന്നത് ഡപ്പിയാണ്. ജനനം, മരണം, അവിഹിതം, രാഷ്ട്രീയം, സാംസ്കാരികം എല്ലാം കൂട്ടിക്കെട്ടി ഡപ്പി നന്നായി വിവരിക്കും. ചിലപ്പോൾ ഇതൊക്കെ കഥകളാണോ എന്നു ഞാൻ ചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കേണ്ട താമസം ഡപ്പി പിണങ്ങും. പിന്നെ അവനെയൊന്ന് പ്രമുഖനാക്കണം. കൊണ്ടുവന്ന കുപ്പിയിൽ നിന്നും ഒരണ്ണം അടിച്ചാൽ അവന്റ കഥാ പുസ്തകം വീണ്ടും തുറക്കും. ഒരു കണക്കിന് പറഞ്ഞാൽ ഡപ്പി ഞങ്ങടെ നാട്ടിലെ ഒരു ലോങ് ബുക്കാണ്.

ഈ തവണ ലീവിനു വന്നതിന്റെ മൂന്നാം പൊക്കം കോന്ത്കടവിൽ റോഡും റീലുമായിട്ട് ഇരുന്നപ്പോഴാണ് മുണ്ടയണ്ണന്റെ മരണം ഒരു കഥ പോലെ ഡപ്പി പറഞ്ഞു തീർത്തത്. ഒഴിച്ച് വെച്ച മുപ്പത്, ആറ്റുവെള്ളം ചേർത്ത് ഒറ്റമടക്ക് മടക്കിയ ശേഷം അവൻ കോഴിച്ചോരയും പെല്ലറ്റും ഏലക്കായും കൂട്ടിക്കുഴച്ച ഇര ചൂണ്ടയിലേക്ക് ഉരുട്ടി ഒട്ടിച്ചു കൊണ്ടിരുന്നു. ലുങ്കിയും തെറുത്ത് കയറ്റി കുരുപ്പകുത്തി മണ്ണരയെയും തോണ്ടിക്കൊണ്ടിരുന്ന ഞാൻ ഒരു ചേമ്പല കീറി അതിലിരുന്നു. ആറ്റുപരപ്പിൽ ഇര വെട്ടി അലയുന്ന ആറ്റുവാളകയെയും വാകയേയും മൂപ്പൻ കട്ടളയെയുമൊക്കെ മറിച്ചിലോളം കണക്കാക്കി ചൂണ്ടയെറിയാൻ ഡപ്പി തയ്യാറെടുത്തു.

govindan, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

വൈകിട്ടത്തെ അഞ്ചു മണി ഒന്നു കൂടെ വൈകി. അക്കരക്കാട്ടിലെ ഇല്ലിക്കുട്ടത്തിനിടയിലേക്ക് സൂര്യൻ ഒന്നു കൂടെ പമ്മിയിരുന്നു. കിഴക്കേക്കടവിലെ അലക്കുകല്ലിൽ പതയുന്ന സോപ്പു കുമിളകളിലും ഈറൻ പിടിച്ച ഒറ്റമുണ്ടിൽ നിന്നിറ്റുന്ന വെള്ളത്തുള്ളികളും നോക്കിയിരുന്ന് മടുത്ത സൂര്യൻ, കുളി കഴിഞ്ഞ് കരയ്ക്ക് കയറുന്നവരെക്കണ്ട് ഒന്നിരുന്നു പോയങ്കിലും, ഞെട്ടിയെണീറ്റ് തണ്ണീർമുക്കം വഴി അറബിക്കടലിലേക്കോടി.

ഇരുട്ട് വീണു. തലയിൽ ഫിറ്റ് ചെയ്യുന്ന ടോർച്ച് ഓണാക്കിയ ഡപ്പി, റീലിന്റെ ലോക്കഴിച്ച് റോഡ് വീശി ചൂണ്ടയെറിഞ്ഞു. ‘ ഗ്ലും ‘ എന്നു പറഞ്ഞ് ചൂണ്ടക്കണ്ണി ആറിലേക്ക് മുങ്ങി.

” ഡപ്പിയേ…”

“ഓ… പോരട്ടെ… “

മിനി ഗോൾഡ് പുകച്ചു കൊണ്ടുള്ള എന്റെ വിളി കേട്ട് അവൻ പറഞ്ഞു.

“എന്നാലും മുണ്ടയണ്ണനെ കൊന്നവനെ സമ്മതിക്കണം. ഓട്ടയിട്ടതും പോരാഞ്ഞ്, കുപ്പിളിച്ചേച്ചും പോയല്ലോടാ.”

” പുള്ളിയെ നല്ലോണം അറിയാവുന്ന ആരാണ്ടാടാ. “

കാലിൽ അരിച്ചുകൊണ്ടിരുന്ന കൊതുകിനെ ഓടിച്ചു കൊണ്ട് ഞാൻ പറഞ്ഞു

” ടോർച്ച് വിട്ടേച്ചും പോയതാ അതിശയം!”

” നിനക്ക് എന്തിനാടാ അതിശയം? “

” പൊലീസ് പട്ടി മണം പിടിച്ച് പൊക്കത്തില്ലേ?”

“നീയെന്നാ ലോകസഞ്ചാരിയാ. പട്ടിക്ക് ഒഴുക്കു വെള്ളത്തിലെവടെയാടാ മണം കിട്ടുന്നത്? മണം പിടിച്ച് പട്ടി ചന്ദ്രം കടവു വരെ ഓടി. വെളളം തൊട്ടു നിന്ന അവസാനപ്പടിക്കലേക്ക് നോക്കിയിട്ട് മൂന്നുവട്ടം കറങ്ങിയെന്നാ കണ്ടവര് പറഞ്ഞത്. “

“എന്നാലും ആരായിരുക്കും,” ഹോംസ് വാട്ട്സണോട് ചോദിക്കുന്ന ഗാംഭീര്യത്തോടെ ഞാൻ ചോദിച്ചു.

” ആരായാലും നന്നായേ ഒള്ള്. അങ്ങേരടെ കൃമികടി തീർന്നല്ലോ.”

ചൂണ്ടവള്ളിയിൽ അനക്കം തട്ടിയ ഡപ്പി, ചരിച്ചു വലിച്ചു നോക്കിയങ്കിലും മീൻ കൊരുത്തില്ല. മീനച്ചിലാറിന് കുറുകെയുള്ള റെയിൽ പാളത്തിലൂടെ ഒരു തീവണ്ടി കൂടി ചൂളം വിളിച്ച് കടന്നു പോയി. പാതിചെവി പൊത്തിയിരുന്ന ഞാൻ ചെവിക്കായം ലുങ്കിയിൽ തൂത്തു കൊണ്ട് പറഞ്ഞു,

“ചത്തവരെക്കുറിച്ച് പോക്രിത്തരം പറയാടൊ ഡപ്പീ.”

“അതിന് കൃമികടി പോക്രിത്തരമാണോ? പ്രസിഡന്റിനും, പ്രധാനമന്ത്രിക്കും, ഷരൂക്കാനും, സണ്ണി ലിയോണിനും എനിക്കും നിനക്കുമൊക്കെ വരുന്ന സാധനമല്ലെ കൃമികടി. കൃമീടെ കാര്യം പറഞ്ഞപ്പഴാ…”

പകുതിക്കെ നിർത്തിക്കൊണ്ട് അവൻ എന്തോ ഓർത്തശേഷം പറഞ്ഞു.

” അയ്യക്കാവേ,ഒരു സംഭവം പറയാൻ മറന്നു പോയി…”

എന്തോ മസാല വെള്ളം തിളക്കുന്നുണ്ടന്ന് മനസ്സിലായ ഞാൻ ഒന്നെണീറ്റ് കുന്തിച്ചിരുന്നു കൊണ്ട് ചോദിച്ചു ,

“എന്നാടാ? പെട്ടന്ന് പറ.”

ഒരു വഷളൻ ചിരി പാസ്സാക്കി തല കുലുക്കിക്കൊണ്ട് അവൻ പറഞ്ഞു,

” എടാ, നമ്മടെ അശോകനില്ലെ?”

“ഏത് അശോകൻ?. നമ്മടെ വടക്കാംപൊയ്കയിലെ അശോകനോ?”

” അതല്ലടാ, കൃഷ്ണൻകുട്ടി ആശാനില്ലെ, മൃദംഗം പഠിപ്പിക്കുന്ന പുള്ളിക്കാരൻ, അയാളെ മകൻ. ആർട്ടിസ്റ്റ് അശോകൻ, കൃമി പോലെ ചുരുണ്ട മുടിയുള്ള അവൻ.”

ചേമ്പിലയിൽ ഒന്നു കൂടെ അനങ്ങിയിരുന്നു കൊണ്ട് ഞാൻ ചോദിച്ചു,

“എടാ. മദാമ്മയെക്കെട്ടി നോർവേക്ക് പോയ നമ്മടെ അശോകൻ, നീണ്ട മുടിയുള്ള അശോകൻ. അല്ലേ?”

ഞാൻ മുഴുമിക്കും മുൻപ് അവൻ പറഞ്ഞു, ” എടാ അവന് എന്നാ പറ്റിയെ എന്നറിയത്തില്ല .സ്വൽപ്പം കിളി പോയ മട്ടിലാ സംസാരോം നടത്തോം. അവൻ ഇത്തവണ വന്നത് ഒറ്റക്കാ. തന്നത്താനെ വർത്തമാനമൊക്കെ പറഞ്ഞു കൊണ്ട് നടന്നു പോകുന്ന കാണാം.ഒരു ദിവസം രാവിലെ രണ്ട് മണിക്ക് എന്നെ ഫോൺ വിളിച്ചു. എന്നിട്ട് പറയുവാ നമ്മക്ക് ബോട്ടേക്കേറി മീൻ പിടിക്കാൻ പോകാംന്ന്…”

govindan, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

“എന്നിട്ട് “

” എന്നിട്ടെന്നാ ഞാൻ ഫോൺ ഓഫാക്കി വെച്ചിട്ട് കിടന്നുറങ്ങി. “

എന്റെ ഓർമ്മയിൽ; ഒരു നാലുമാസം മുൻപ് കണ്ട അവന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് ഓർമ്മ വന്നു. ചുമ്മാ ഒരു ലൈക്ക് കുത്തിയപ്പോഴേ ഇൻബോക്സിൽ ഒരു മെസ്സേജ് വന്നു. ഞങ്ങൾ തമ്മിൽ അന്ന് രാത്രി കുറേ സംസാരിച്ചു. അവൻ കൂടുതലും മീനിനേയും, മീൻപിടുത്തത്തേയും, ടൂറിസത്തേയും കുറിച്ചാണ് സംസാരിച്ചത്. പടം വരനിർത്തി ടൂറിസത്തിലേക്ക് തിരിയുകയാണ് എന്ന് അവൻ പറഞ്ഞത് ഞാൻ ഡപ്പിയുടെ അടുത്ത് പറഞ്ഞതും അവന്റ കണയിൽ മീൻ അടിച്ചു. വള്ളി അയച്ചു കൊണ്ട് അവൻ മീനിനെ വെള്ളത്തിലിട്ട് കളിപ്പിച്ചു.

ശ്വാസം എടുത്തു പിടിച്ചു കൊണ്ട് ഡപ്പി പറഞ്ഞു,

”കൊറേ കളിച്ചു കഴിയുമ്പ മീൻ മടുക്കും. അപ്പോ ദേ ഈ റീലേൽ ചുറ്റി ഇങ്ങ് അടുപ്പിക്കും. അടുത്ത് കഴിയുമ്പ ചൂണ്ട നീ പിടിക്കണം ഞാൻ ഇറങ്ങി ചെകളക്ക് തൂക്കി പൊക്കിക്കോളാം…” മീനിന്റെ മരണവെപ്രാളം കണ്ടു നിന്ന ഡപ്പി പറഞ്ഞു,

” വാളയാടാ, വാളയാ. മുഴുത്ത വാളയാ…”

അവന്റെ കണ മഴവില്ലുപോലെ വളഞ്ഞു നിന്നു. മീൻ വെട്ടിയ ഓളം വെള്ളപ്പരപ്പിൽ അലതല്ലി. അണ്ണാക്കിലുടക്കിയ കണ്ണി കൂടുതൽ ആഴത്തിലേക്ക് കയറിയതോടെ മീനിന്റെ പിടച്ചിൽ കൂടി. ചെറിയ നിലാ വെട്ടത്തിൽ അക്കരത്തോട്ടത്തിലെ കവുങ്ങുകൾ ആറ്റുപരപ്പിനു മുകളിൽ കിടന്ന് പുളഞ്ഞു കൊണ്ടിരുന്നു.പതിയെ നൂലിലുള്ള ബലം കുറഞ്ഞു. ചൂണ്ടനൂലിലെ ബലം കുറയുന്നതനുസരിച്ച് അവൻ റീല് ചുറ്റിത്തുടങ്ങി.

മീനിന്റെ വെപ്രാളം കണ്ട ഞാൻ ചോദിച്ചു,

“എടാ, എന്നെയോ നിന്നയോ ആണ് ഇതുപോലെ, ജീവനോടെ തൊണ്ണയിൽ കൊളുത്തു കുരുക്കി വലിച്ചടുപ്പിക്കുന്നതെങ്കിലോ?”

ഒരു താളത്തിന് മീനിനെ കരക്കടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു,

” നല്ല കൊടംപുളിയിട്ട് വറ്റിച്ച് ചൊക ചൊകാന്ന് ഇരിക്കുന്ന കറി ഈമ്പിത്തിന്നുമ്പഴും ഈ സിദ്ധാന്തം പറയണേ. നല്ല തെറി വായിൽ വരുന്നുണ്ട്. നീ ചൂണ്ട പിടി. ഞാൻ സാധനം പൊക്കട്ടെ”.

കണയുടെ പിടി കൈത്തണ്ടയിൽ ചേർത്തുവെച്ച് ഞാൻ നോക്കിയതും, കുറ്റിക്കാട്ടിൽ നിന്ന് ഒരു കൈതവാളും ഊരിയെടുത്തു കൊണ്ട് ഡപ്പി വെള്ളത്തിലേക്ക് ചാടി. മൂർച്ചയുള്ള അറ്റം തിരിച്ചുപിടിച്ച് അവൻ വാളത്തല നോക്കി ആഞ്ഞടിച്ചു. പിടലിയൊടിഞ്ഞ മീനിന്റെ വാലുമാത്രം ചെറുതായി അനങ്ങിക്കൊണ്ടിരുന്നു. വികസിച്ചു വന്ന പുറം മുള്ളുകൾ എന്നന്നേക്കുമായി അടങ്ങി.

” ആറ്റുവാളയാടാ. എട്ട് പത്ത് കിലോ വരും.”

ചെകളകൂട്ടി മീനിനേയും തൂക്കി അവൻ കരക്കു കയറി. കൈലി ഊരിപ്പിഴിഞ്ഞ് അവൻ തല തോർത്തി. ഷർട്ട് പിഴിഞ്ഞ് തോളത്തിട്ട് അവൻ ചോദിച്ചു,

” അശോകൻ നിന്നെയെന്നാ വിളിച്ചത് “?.

ലുങ്കി മടക്കിക്കുത്തിക്കൊണ്ട് ഞാൻ പറഞ്ഞു,.

” മൂന്നു മാസമായിട്ടുണ്ട്. എന്തേ?”

“ഏയ് ഒന്നൂല്ല… അവൻ ഔട്ടായ മട്ടാ. മദാമ്മയെ കൂടെയില്ല. കുറച്ചായിട്ട് അവന്റെ അമ്മയെ പുറത്തോട്ടൊന്നും കാണാനില്ല.കുറച്ചു വശപ്പെശകായ രീതിയിലാ കാര്യങ്ങൾ. നീ വരുന്നതിന് ഒരാഴ്ച മുൻപ് അവൻ കവലേലെ മോസ്കിൽ പോയിക്കയറി. അവിടെച്ചെന്ന് കുമ്പസരിക്കണമെന്നും പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു. പിന്നെ കരക്കാരും, പള്ളിക്കാരും, ഉസ്താദുമാരും ചേർന്ന് വെളിലിറക്കി ഗേറ്റടച്ചു. പൊലീസ് വന്നു കൊണ്ടു പോയങ്കിലും രണ്ടിന്റന്ന് അവനെ കവലക്കൽ കണ്ടു. റോഡ് ടാർ ചെയ്യുമ്പോൾ പാകാൻ ഇറക്കുന്ന നാലിഞ്ച് മെറ്റില് ഓരോന്നായി പൊക്കിയിട്ട് പുറം കാലിന് മടക്കനടിക്കുന്ന അവന്റെ വേദന കണ്ടു നിൽക്കുന്നവർക്കായിരുന്നു. കുറേയെണ്ണം പൊക്കിയിട്ട് തൊഴിച്ചിട്ട് ,പോസ്റ്റിനു വലുപ്പമില്ലന്നും പറഞ്ഞ് അവൻ ഒത്തിയൊത്തി നടന്നു പോയി എന്നാ കണ്ടു നിന്നവർ പറഞ്ഞത്. “.

മെറ്റല് പുറം കാലിനും, കണ്ണക്കും തൊഴിച്ചു കളിക്കുന്ന കാര്യമോർത്തപ്പോഴേ എന്റെ കാലിന്റെ എല്ലിൽ നിന്നും വേദന പുളഞ്ഞു കയറി. ഡപ്പിയുടെ വീടിന്റെ പടിക്കൽ വെച്ച് ഓരോന്നും കൂടി അകത്താക്കിയ ശേഷം വാളക്കറി വറ്റിച്ചതിന് കൊതി പറഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു. പോസ്റ്റിലെ ട്യൂബ് കണ്ണു ചിമ്മിക്കൊണ്ടിരുന്നു. അശോകന്റെ ചിന്തകൾ അപ്പോഴും നിഴലായി കൂടെയുണ്ടായിരുന്നു.

വീട്ടുപടിക്കൽ അയൽവാസികൾക്കൊപ്പം നാട്ടുവിശേഷം പറഞ്ഞിരുന്ന അമ്മയോട് ഞാൻ ചോദിച്ചു,

“കൃഷ്ണൻകുട്ടി ആശാന്റെ മകൻ അശോകന് എന്ത് പറ്റിയതാ?”

govindan, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

മതിലിനപ്പുറം ഉത്തരങ്ങളുമായി ഒരു തല പൊന്തി വന്നു. എൺപതുകളുടെ എളപ്പത്തിൽ ജീവിച്ചിക്കുന്ന റോസപ്പെമ്പിള വലിയ ആർജവത്തോടെ കാര്യം പറഞ്ഞു തുടങ്ങി,

” അവൻ, കൊറച്ച് നാളായിട്ട് ഇവിടെയൊണ്ട്. അവന്റെ പെണ്ണ് ഡോക്ടറാണന്നാ ആശാൻ ഇവിടെയൊക്കെ പറഞ്ഞത്. ശരിക്കും അവള് മരുന്ന് കമ്പിനിക്ക് പുത്തൻ മരുന്ന് കുത്തിപ്പഠിക്കാനുള്ള ആളെ പിടിക്കാൻ നടക്കുന്ന എനമാന്ന് അങ്ങ് ചെന്നപ്പഴാ അവരറിയുന്നത്.ആദ്യം കുറേ വിളീം പറച്ചിലുമൊക്കെ ഒണ്ടായി. പിന്നെ അതും നിന്ന്. ഒരു ദിവസം പെല കാലെ അശോകൻ ആശാനെ വിളിച്ച് മീൻപിടിക്കാൻ വരുന്നോന്നും, ബോട്ട് മേടിക്കാവെന്നുമൊക്കെ പറഞ്ഞപ്പോളാ പുള്ളിക്ക് സംഗതി മനസ്സിലായത്.”

“ചെറുക്കനെ കണ്ടുകിട്ടാൻ പേപ്പറുകൊടുത്ത് മാസം ഒന്നു കഴിഞ്ഞപ്പഴാ അറിഞ്ഞത്, അശോകനെ അവിടെ ജയിലിലിട്ടേക്കുവാണന്ന്… ചെറുക്കന് പിരിയിളകി ,സമ്മതമില്ലാതെ ഭാര്യയെ ഉമ്മ വെക്കാൻ ശ്രമിച്ചന്നായിരുന്നു കേസ്. സായിപ്പിന്റെ നാട്ടിലെ ഓരോ നിയമം നോക്കണേ!..ഞാനൊക്കെ സമ്മതമില്ലാതെ രണ്ടും, സമ്മതം കൂടി മൂന്നും പെറ്റു. അവിടെ അങ്ങനെ ഒരു നിയമം. ഒടുക്കം അവൻ എങ്ങനയൊക്കയോ ഇവിടെത്തി. പക്ഷേ പണ്ടത്തേ പോലെ പടം വരയൊന്നുമില്ല. മറ്റവള് ചെറുക്കനേം കൊണ്ടുപോയി കൊറേ മരുന്ന് താങ്ങിയതല്ലേ. അവന്റെ തലയിപ്പം ചക്കക്കൂട്ടാൻ പോലായിക്കാണും. രാത്രീല് പഴയ കമ്പിനിക്കാരെയൊക്കെ വിളിച്ച് ബോട്ടേൽ പോകാം, മീമ്പിടിക്കാം എന്നൊക്കെയാ പറയുന്നതെന്ന് താഴത്തെ വീട്ടിലെ പ്രശാന്തൻ പറയുന്ന കേക്കാം.”

ഇത്രയും പറഞ്ഞ് പെമ്പിള മതിലുങ്കൽ നിന്ന് തല താഴ്ത്തി.

റോസ പെമ്പിളയുടെ അറിവിനു മുന്നിൽ അമ്മയും പരിവാരങ്ങളും തുന്നം പാടി. അവരെല്ലാരും ഒരുപോലെ താടിക്ക് കൈ കൊടുത്തിരുന്നു.. അവർ താടിക്ക് കൈ കൊടുത്തത് അശോകന്റെ അവസ്ഥയോർത്താണോ അതോ ഞങ്ങളിതറിഞ്ഞില്ലല്ലോ എന്ന വിഷമിപ്പിക്കുന്ന യാഥാർത്ഥ്യത്തെ അറിഞ്ഞു കൊണ്ടായിരുന്നോ എന്ന് മനസ്സിലാകാതെ ഞാൻ അകത്തേക്ക് കയറി. മേശപ്പുറത്ത് തേൻവരിക്ക ഇരിഞ്ഞുവെച്ചതിൽ നിന്നും കുറച്ചെണ്ണം അകത്താക്കി കിടക്കയിലേക്ക് വീണു.

2

അന്നു രാത്രി ഒരു മുഴുത്ത വാക എന്റെ ചൂണ്ടയിലടിച്ചു. വലിച്ച് കരക്കിട്ടിട്ടും, കഴുത്ത് ലാക്കാക്കി ആഞ്ഞു കുത്തിയിട്ടും അത് ചാവാതെ മരണപ്പിടപ്പ് തുടർന്നു. കൈക്കിട്ട് ഒരടി കിയപ്പോഴാണ് വാസ്തവത്തിൽ അച്ഛൻ എന്നെ കുലുക്കി വിളിക്കുകയായിരുന്നു എന്ന് മനസ്സിലായത്.

”ടാ… എണീരടാ… നിന്റെ അസ്മാദി പൊതീം കൊണ്ട് വന്ന് നിക്കുന്നു. ”.

നേരം വെളുത്ത് ജനലുങ്കൽ എത്തിയിരുന്നു. ഇന്നലെ വൈകിട്ട് ഇല്ലിക്കൂട്ടത്തിനിയിൽ കിഴക്കോട്ട് നോക്കിയിരുന്ന ദിവാകരൻ ഇന്ന് ആഞ്ഞിലിത്തലക്കൽ പടിഞ്ഞാട്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു.കണ്ണു പുളിപ്പിച്ച് കർട്ടൻ വലിച്ചിട്ട ഞാൻ ലുങ്കി ഏച്ചു കുത്തി താഴേക്കു ചെന്നു.

” നെനക്ക് പ്ലംബിംഗിന് പോകണ്ടേടാ ഡപ്പീ?” കടും കാപ്പി ഊതിക്കുടിച്ചു കൊണ്ട് ഞങ്ങൾ ഇറയത്തിരുന്നു.

” പോണം. പോകുന്ന വഴിയാ. ദേണ്ടെ “

പൊതി നീട്ടിക്കൊണ്ടവൻ പറഞ്ഞു,

” ചെണ്ടക്കപ്പയാ. കാന്താരി മൊളക് കാട്ടുളളി കൂട്ടിച്ചതച്ച ചമ്മന്തീം, പിന്നെ ഇന്നലത്തെ ആറ്റുവാള മുളകിട്ട് വറ്റിച്ച് വെച്ചതുമാ. അങ്ങോട്ട് വെച്ചു പിടിച്ചോ.”

പേപ്പറു പൊതിക്കകത്ത് ഇലപ്പൊതി കണ്ട പാടേ ഞാൻ ഡപ്പിയെ കെട്ടിപ്പിടിച്ച് ഒരു കടിവെച്ചു കൊടുത്തിട്ട് ചോദിച്ചു,

”ഇതെന്നാടാ; കാട്ടുളളീം ഇലപ്പൊതീമൊക്കെ, വൻ വെറ്ററി ആണല്ലോ ” ?

കടി കിട്ടിയ ഇടം തൂത്ത് കൊണ്ടു ഡപ്പി പറഞ്ഞു,

”കോപ്പൻ, കടിച്ചു. ഇതും പുതിയ ഇടപാടാണല്ലോ…” ഡപ്പി പരിഭവിച്ചു..

”സ്നേഹക്കടിയല്ലേടാ. അങ്ങ് ബ്രസിലിലെ പതിവാ. ലവ് ബൈറ്റ്.”

govindan, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

എന്റെ മറുപടി കേട്ട് ഡപ്പി ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു “വൈകിട്ട് ചന്ദ്രംപറമ്പിലെ മാലീലോട്ട് പോര്. നീ മണ്ണെരയെ തോണ്ടിയെടുത്ത് ചിരട്ടയിലിട്ട് കെട്ടിവെച്ചേക്കണം. വാകക്ക് അവനാ ബെസ്റ്റ്. ഒത്താൽ ഇന്ന് ഒരു മുറ്റനെക്കൂടെ ചെകളക്ക് കുത്തിപ്പിടിച്ച് കരക്കിടണം. മുഴുത്ത ഏര നോക്കി, കുരുപ്പേം മണ്ണും കൂട്ടി എളക്കിയെടുക്കണേടാ. ഇല്ലേൽ എരേ*ടെ കൊഴുപ്പ് പോകും. പിന്നെ പാതിരാ വരെ എറിഞ്ഞ് ഒരം പറിയത്തേ ഒള്ള്. “

തല കുലുക്കിക്കൊണ്ട് ഞാൻ ചോദിച്ചു “നിനക്കിന്ന് പണി എവിടാ?”

ലുങ്കി കയറ്റിക്കുത്തിക്കൊണ്ട് ഡപ്പി പറഞ്ഞു, “പഴയ റെയിൽവേ ക്രോസിന്റെ അടുത്തുള്ള അവറാന്റെ വീട്ടിലാ…”

ഡപ്പിയുടെ ശ്വാസം പിടിച്ചുള്ള സംസാരത്തിൽ അവൻ പറഞ്ഞ ആളും സ്ഥലവും വെളിവായില്ല. മിഴിച്ചു നോക്കിയിരുന്ന എന്നെനോക്കി അവൻ അക്ഷമയോടെ പറഞ്ഞു, “എടാ, റെയിൽവേ ഡബിൾ ലൈനാക്കിയപ്പോ സ്ഥലം എടുത്ത വീട്. കാട് തെളിച്ചപ്പോ കഞ്ചാവ് പൊന്ത കണ്ടന്നും പറഞ്ഞ് പത്രത്തീ വാർത്ത വന്ന വീടില്ലേ, അവിടെ. ഒരു മൂന്നരയാകുമ്പ ഒഴിവുകേട് പറഞ്ഞേച്ച് ഞാൻ വരാം.”

” ഒ… ഓ…. അങ്ങനെ പറ” തലയാട്ടിക്കൊണ്ടിരുന്ന എന്റെ മുന്നിലേക്ക് ഗ്ലാസുവെച്ച ശേഷം അവൻ വലിയ ധൃതിയിൽ സ്കൂട്ടർ സ്റ്റാർട്ടാക്കാൻ കയറിയിരുന്നു.

” ടാ… ഡപ്പിയേ… നിന്നേ.’ അകത്തേക്കോടിയ ഞാൻ അവന്നുള്ള സമ്മാനപ്പൊതി എടുത്തു കൊണ്ടുവന്നു.പൊതിയുടെ ഭാരം നോക്കിക്കൊണ്ട് അവൻ ചോദിച്ചു, ” ഇതെന്നാടാ ഇത്രേം കനം?. ഇത്തവണ തുണീം മണീമൊന്നുമല്ലേ?ഏതാണ്ടക്കെ കിലിങ്ങുന്നുണ്ടല്ലോ?”..

അവന്റെ ഹെൽമറ്റിനു മുകളിൽ ഒരു തട്ടു കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞു,

” വച്ചോടാ. ടൂൾ ബോക്സാടാ. നിനക്ക് പ്രയോജനമുള്ളതല്ലേ.”

പൊതി ബാഗിലേക്കിട്ട് അവൻ സ്കൂട്ടർ സ്റ്റാർട്ടാക്കി കവലയ്ക്ക് പോയി. ഇലപ്പൊതിക്കിടയിലൂടെ മണം പിടിച്ച് നോക്കി അമ്മക്ക് കൊടുത്തിട്ട്, പ്രഭാതകർമ്മത്തിനുള്ള ആയുധങ്ങളും, പിന്നെ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ചിരട്ടയുമായി ഞാൻ കോന്തുകടവിലേക്ക് നടന്നു. കടവിൽ സാധനം വെച്ചിട്ട് ചിരട്ടയുമായി തലേന്ന് ചൂണ്ടയെറിഞ്ഞ കാട്ടിലേക്ക് കയറിയിരുന്ന് മണ്ണു തോണ്ടിത്തുടങ്ങി. സ്ഥിരം തോണ്ടുന്ന ഇടത്തിൽ മണ്ണിര പോയിട്ട് ഒരു ഞാഞ്ഞൂലിനെപ്പോലും കിട്ടാതായപ്പോൾ പൊന്തയിലേക്ക് സ്വൽപ്പം കയറിയിരുന്നു.

ആദ്യത്തെക്കുത്തിന് തന്നെ വലിയ ഒരു മണ്ണിര കോലിൽ ഉടക്കിപ്പിടഞ്ഞു. അതിനെ മണ്ണു കൂട്ടിചിരട്ടയിലിട്ടതും പെട്ടന്ന് പിന്നിലൂടെ വേഗത്തിലുള്ള ഇലയനക്കം. ഞെട്ടിത്തിരിഞ്ഞ ഞാൻ വള്ളിച്ചെടികൾക്കിടയിലേക്ക് മലർന്നു. വീണു കിടന്ന എന്റെ കാലിന്റെ മുകളിലൂടെ ഒരു തവള മുള്ളിത്തെറിപ്പിച്ചു കൊണ്ട് വെളത്തിലേക്കെടുത്ത് ചാടി. എന്റെ കൈ തടഞ്ഞത് തുരുമ്പിച്ച കൈതവാളിന്റെ പിടിയിലായിരുന്നു. അതെടുത്ത് കാടുവെട്ടിത്താഴ്ത്തിയതും ഇരുമ്പ് മുട്ടിയ ശബ്ദം. കമ്പിന് കാടു പൊക്കി നോക്കിയ എന്റെ വയറ്റിലൊരു വെള്ളിടി വെട്ടി. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ്, ചെറുവിരൽ വലിപ്പത്തിൽ കൂർത്ത അറ്റമുള്ള സ്റ്റീൽ റോഡും, കുറച്ച് കഞ്ചാവും! അതെടുക്കാൻ കൈ നീട്ടിയതും പിന്നിൽ നിന്നും ഒരു ഹോണടി കേട്ടു. കയ്യിൽ ഫോണുമായിട്ട് അച്ഛനായിരുന്നു അത്.

” ഡാ, ദേ ഡപ്പി വിളിക്കുന്നു.”

സാധനം അവിടെ ഉപേക്ഷിച്ച് കടവിലേക്ക് ഇറങ്ങിയ എന്റെ ഉള്ളിൽ സംശയങ്ങൾ ഇത്തിൾക്കണ്ണി പോലെ മുളച്ചുതുടങ്ങിയിരുന്നു. ഫോൺ വാങ്ങിയ ഞാൻ സംസാരിക്കാൻ തുടങ്ങും മുൻപ് അവൻ ഒരു വിറയലോടെ പറഞ്ഞു തുടങ്ങി,

” ഡാ… അശോകൻ, ട്രെയിൻ പിടിച്ചു നിർത്താൻ പോകുവാന്നും പറഞ്ഞ് ലെവൽ ക്രോസിന്റെ അങ്ങോട്ട് പോയിട്ടുണ്ട്. ഞാൻ പിടിച്ചിട്ട് നിന്നില്ല. പറഞ്ഞവരാരും അടുക്കുന്നില്ല. പൊലീസിന് വിളിച്ചു. റെയിൽവേയിൽ ഫോൺ എടുക്കുന്നില്ല. നീ പെട്ടന്ന് വാ. “

govindan, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

ഞാൻ സ്കൂട്ടർ സ്റ്റാർട്ടാക്കി. ട്രെയിനിന്റെ ചൂളം വിളി കടവിൽ കേട്ടതോടെ വലതു കൈ ആഞ്ഞു തിരിച്ചു. ഇടതു കൈയ്യുടെ തള്ളവിരൽ അമർത്തിപ്പിടിച്ചു. ഓടിപ്പിടിച്ച് റെയിൽപ്പാളത്തിന്റെ അടുത്തെത്തിയപ്പോഴേക്കും തീവണ്ടി കടന്നു പോയിരുന്നു. ആള് കൂടിത്തുടങ്ങിയിട്ടില്ല. മെറ്റല് കൂനയുടെ അരികിൽ നിന്ന മൂന്ന് നാലു പേരുടെ മുന്നിൽ ഒരു മാംസക്കഷ്ണമല്ലാതെ മറ്റൊന്നും കണ്ടില്ല. അശോകൻ അവിടമാകെ ചിതറിത്തെറിച്ചിരുന്നു. മരണമെറിഞ്ഞ കൊളുത്തിൽ അവൻ കൃത്യമായി വെട്ടി. ബാക്കി ശരീരഭാഗങ്ങൾ തപ്പുന്നതിനിടെ പൊലീസ് വണ്ടി വന്നു. അശോകൻ എന്ന പേരുകേട്ട പൊലീസുകാർക്ക് ‘ സ്വാഭാവികം ‘ എന്ന ഭാവമായിരുന്നു. എന്തോതേടി നടന്ന ഡപ്പിക്ക്, പച്ചിലക്കാടിനിടയിൽ നിന്നും അശോകന്റെ ബാഗ് കിട്ടി. അത് കുടഞ്ഞിട്ടപ്പോൾ കിട്ടിയ ചില്ലറ സാധനങ്ങൾക്കിടയിൽ; കടവിൽ കണ്ടതുപോലെ ഒരു കവർ കഞ്ചാവും, കുറച്ച് കല്യാണ ഫോട്ടോകൾക്കുമൊപ്പം ചുവന്ന പിടിയുള്ള ഒരു സ്ക്രൂ ഡ്രൈവറും കൂടി ഉണ്ടായിരുന്നു. പൊലിസുകാരുൾപ്പടെ എല്ലാവരും ആ സ്ക്രൂ ഡ്രൈവറിലേക്ക് നോക്കി നിന്നപ്പോൾ ഞാൻ ഡപ്പിയേയും അവൻ എന്നെയും നോക്കി. എന്റെ നോട്ടത്തിന് അപ്പോൾ അവന്റെ തലകുനിക്കുവാനുള്ള ശേഷിയുണ്ടായിരുന്നു.

ആളുകൂടി തുടങ്ങി. ആംബുലൻസ് വന്നു. മഹസറെഴുതിയ ശേഷം, ഒരു പ്ലാസ്റ്റിക്ക് കവറിൽ കൊള്ളുന്ന അശോകനെ തട്ടിക്കൂട്ടി ആംബുലൻസ് പോയി. സന്ധ്യ പെട്ടന്നു മയങ്ങി. വലിയ കഷ്ടം പറയാതെ ആൾക്കൂട്ടം വീണ്ടുകീറി. വിണ്ടുതുടങ്ങിയ ആൾക്കൂട്ടത്തിൽ നിന്നും ആദ്യം അടർന്നു മാറിയത് ഞങ്ങളായിരുന്നു.

ഞങ്ങൾ മിണ്ടിയില്ല. പരസ്പരം നോക്കിയില്ല. പതിയെ നടന്ന് എന്റെ ഒപ്പം ഡപ്പി സ്കൂട്ടറിന്റെ പിൻസീറ്റിൽ ഇരുന്നു. വണ്ടി ഇടവഴിയിലേക്ക് കയറിയപ്പോൾ ഞാൻ ഡപ്പിയോട് ചോദിച്ചു,

” ആ സ്ക്രൂ ഡ്രൈവർ ആരടെയാടാ? “

ഡപ്പിയൊന്നും മിണ്ടിയില്ല. അവന്റെ മിണ്ടാട്ടം മുട്ടലിൽ എന്റെ ഒച്ച വീണ്ടും പൊന്തി.

” ഡപ്പീ, കടവിലെ വള്ളിക്കാട്ടിലിരിക്കുന്ന പൊതി ആരടെയാന്ന്!? “.

നീണ്ടു പോയ മൗനത്തിനൊപ്പം ഡപ്പിയുടെ ശ്വാസങ്ങൾക്ക് ഒരു വല്ലാത്ത ചൂടും വേഗവും തോന്നിയ ഞാൻ വണ്ടിയുടെ വേഗത കുറച്ചു. തോളിൽ മുറുക്കിപ്പിടിച്ചിരുന്ന അവന്റെ കൈകൾ മെല്ലെ എന്റെ കഴുത്തിലേക്ക് നീങ്ങി തുടങ്ങി. പളളക്ക് ഏതോ മൂർച്ചയുള്ള ആയുധം കൊള്ളുന്ന പോലെയൊരു തോന്നൽ. അല്ല, തോന്നലല്ല, കൊള്ളുന്നുണ്ട്. കൊണ്ടു കയറുന്നുണ്ട്.മനസ്സിലെ സർവ്വ ധൈര്യവും ചോർന്നു പോകുന്നു.കാലിൽ നിന്നും ഒരു വിറയൽ. സ്കൂട്ടറിന്റെ പിന്നിലിരുന്ന് നിരങ്ങി ഒന്നുകൂടി ചേർന്നൊട്ടിയിരുന്ന ഡപ്പി എന്റെ തോളിൽ താടി മുട്ടിച്ചു കൊണ്ട് ചെവിയിൽ പതിയെ ചോദിച്ചു,

” ആ ഫോറിൻ സ്ക്രൂഡ്രൈവർ ആരുടെയാണന്ന് ഞാൻ പറയട്ടെ?”

തൊണ്ടവരണ്ടു പോയ ഞാൻ വിക്കി,

” വേ… വേ. വേണ്ട…!”

*ഇര

Read More: ഗോവിന്ദന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Govindan short story era