‘ഗതകാല സ്മരണകളില്‍ ചാരിനിന്ന് പുറം ചൊറിയുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ, ഉള്ളുവേവുന്ന യാഥാര്‍ത്ഥ്യങ്ങളുടെ തീക്കാറ്റടിക്കുന്ന വര്‍ത്തമാനത്തില്‍ നിന്ന് പച്ചപ്പ് നിറഞ്ഞ ഭൂതത്തിന്റെ കുളിരിലേക്ക് ചെന്നു പതിക്കുമ്പോള്‍ കിട്ടുന്ന തണുപ്പ്… ഇടയ്‌ക്കെങ്കിലും അവിടെച്ചെന്നുപെട്ടില്ലെങ്കില്‍ കരിഞ്ഞു പോവില്ലേ മാഷേ നാമൊക്കെ…’ സംസാരിച്ചിരിക്കെ പെട്ടെന്ന് മൗനത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന കവിയായ ശശി മാഷ് പറയാറുണ്ട്.

ചരിത്രമാണു ശശിമാഷിന്റെ ഇഷ്ടവിഷയം. പഠിപ്പിക്കുന്നതും അതു തന്നെ. ചരിത്ര പഠനോം ഒരു തരം പുറംചൊറിയലാണെന്ന് മാഷ് പറയും. ഒരു വ്യത്യാസമുണ്ട്. ഇടയ്‌ക്കൊക്കെ അറിയാതെ മാന്തിപ്പൊളിക്കേണ്ടി വരും. അപ്പോള്‍ നീറ്റലുണ്ടാവും.

‘സൗണ്ട് തോമ’ കളിക്കുന്നുവെന്നറിഞ്ഞ് മേനക തീയറ്ററിന്റെ, മൂട്ടയും എറുമ്പുമെല്ലാം ഒളിച്ച് താമസിക്കുന്ന ആടുന്ന ചാരുബഞ്ചില്‍ ഇരുന്നപ്പോള്‍ ശശിമാഷിനെ ഓര്‍ത്തു.

വൈകുന്നേരത്തെ കട്ടന്‍ കാപ്പി മോന്തുന്നതിനിടയിലാണു സിനിമ കണ്ടേക്കാമെന്ന് തോന്നലുണ്ടായത്. ഒരു ദിവസത്തെ സായാഹ്നം പോയിക്കിട്ടും. ഈ മലമണ്ടേല്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ സമയം പോകുകയെന്നതത്ര എളുപ്പമല്ല.

ജോയിന്‍ ചെയ്തിട്ട് രണ്ടാഴ്ചയേ ആയുള്ളൂവെങ്കിലും അതിനുള്ളില്‍ ഒരു സ്ഥലം മാറ്റത്തിനു ശ്രമിക്കാതെയല്ല. ഭരണ കക്ഷിയില്‍ സ്വാധീനമുള്ള നേതാവിനെക്കൊണ്ടൊക്കെ പറയിപ്പിച്ചിട്ടുമുണ്ട്. പക്ഷേ ‘സ്‌കൂള്‍ തുറന്ന് പകുതിയായപ്പോള്‍ ഒരു ട്രാന്‍സ്ഫര്‍,’ ആദര്‍ശവാനായ മന്ത്രി ചോദിച്ചത്രേ’ പിള്ളേരുടെ പഠിത്തം മുടങ്ങില്ലേന്ന്.’

പകുതിയായപ്പോഴാണ് ഇങ്ങോട്ട് മാറ്റിയതെന്ന് മന്ത്രി ഓര്‍ത്തു കാണില്ല. അല്ലെങ്കില്‍ത്തന്നെ അധുാപകനെന്താ സിനിമേലെ നായകനാണോ? ഇന്റര്‍വല്‍ വരെ ഒരു നായകന്‍. അതിനു ശേഷം മറ്റൊരാള്‍. പ്രേക്ഷകര്‍ക്ക് താങ്ങാനാവില്ലല്ലൊ.

പക്ഷേ കുട്ടികള്‍ക്ക് അധ്യാപകനാരായാലെന്ത്?

‘ഈ പിള്ളേരൊക്കെ പഠിച്ച് പാസ്സായി ഐയേയെസ്സ് എഴുതാന്‍ പോകുകല്ലേ. ഒന്നു മഴപെയ്താല്‍ മതി പകുതിയെണ്ണം വരത്തില്ല. വന്നാല്‍ത്തന്നെ എന്ത്. ഏഴാം ക്ലാസ്സായിട്ടും രണ്ടക്കം കൂട്ടണേല്‍ കയ്യിന്റേം കാലിന്റേം വിരലുപോരല്ലൊ!’

ലൈറ്റുകളെല്ലാം അണഞ്ഞിരിക്കുന്നു. ടൈറ്റിലുകള്‍ തീര്‍ന്നതും സിനിമ തുടങ്ങുകയായി. പ്രൊജക്ടറില്‍ നിന്ന് വെളിച്ചം ഒരു വെളുത്ത കമ്പിയായി സ്‌ക്രീന്‍ കുത്തിത്തുളച്ച് ഒളിച്ചിരിക്കുന്ന കഥാപാത്രങ്ങളെ പുറത്തെത്തിച്ചു തുടങ്ങിയിരിക്കുന്നു. അരിച്ചരിച്ചെത്തുന്ന തണുപ്പ്.

തൊട്ടടുത്തിരിക്കുന്ന തമിഴന്റെ ഉഛ്വാസവായുവിലൂടെ കുമു കുമാന്നെത്തുന്ന വാറ്റുചാരായത്തിന്റെ രൂക്ഷഗന്ധം.

ജലദോഷം പിടിച്ച ഡയലോഗുകളിലൂടെ സാന്നിധ്യമറിയിച്ച തോമയോടൊപ്പം ഹരിദാസന്‍! ഇരട്ടപെറ്റ സഹോദരങ്ങളാണല്ലൊ രണ്ടും.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ഹരിദാസന്‍.

gopan palakkot , story, iemalayalam

ഇളകുന്ന ചാരുബഞ്ചിലെ ഒളിപ്പോരാളികള്‍ അപ്പോഴേക്കും ആക്രമണം അഴിച്ചുവിട്ടിരുന്നു. ചന്തി ഇടയ്ക്കിടെ പൊക്കുകയും താക്കുകയും ചൊറിയുകയുമൊക്കെ ചെയ്യുന്നതിനിടയില്‍ സിഎംഎസിലെ എട്ടാം ക്ലാസുകാരനായി ഞാന്‍ മാറി. ഇട്ടിക്കോശി സാര്‍ ചൂരലുമായി എണീറ്റു.

‘എന്നാടാ നിനക്കൊരിളക്കം?’

ഒന്നുമില്ലെന്ന് പറയാന്‍ രണ്ടുതോളും ഒരുമിച്ചു പൊക്കിയിട്ടും തൃപ്തി വരാതെ സാര്‍ രൂക്ഷമായൊന്നു നോക്കി കസേരയിലിരുന്നു. ചെറിയ ഒരു ചമ്മല്‍ തോന്നി. എങ്ങാനും അടി തന്നാല്‍? രേണുകാദേവീടെ മുന്‍പില്‍ വച്ച്, ഛെ… ആലോചിക്കാനേ വയ്യ.

എക്സ്റ്റ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസാണു. പീറ്ററാണു പാടുന്നത്. സ്ഥിരം ഗായകന്‍.

അപ്പോള്‍ തോമ ‘പിതാവേ’ എന്ന ഗാനം ആലപിക്കുകയായിരുന്നു.

വേദിയില്‍ അച്ചന്മാര്‍ വളിച്ചമുഖത്തോടെ പരസ്പരം നോക്കുകയും ഒരച്ചന്‍ കിഴുക്കുകൊള്ളുകയും ചെയ്തപ്പോള്‍ തീയറ്ററില്‍ വലിയ ചിരിയുയര്‍ന്നു. ദിലീപ് ഫാന്‍സ് തോമായുടെ പിതാവിനെ നെഞ്ചിലേറ്റി കരഘോഷം മുഴക്കി.

പീറ്ററിന്റെ തെളിഞ്ഞ കണ്ഠത്തില്‍ ‘മാനേ, മാനേ, വിളികേള്‍ക്കൂ…..’ എന്ന ഗാനം ഒഴുകിവന്നുകൊണ്ടിരുന്നു. പക്ഷേ ഹരിദാസന്‍ മാത്രം എന്നത്തേയും പോലെ മൂലയ്ക്ക് സ്ഥാനം പിടിച്ച് പുറത്തെങ്ങോ നോക്കിയിരുന്നു.

തോമയ്ക്ക് വഴങ്ങാത്തതു പോലെ വാക്കുകള്‍ പൂര്‍ണമായി അവന്റെ വരുതിക്കായിരുന്നില്ലല്ലൊ.

യുദ്ധത്തില്‍ പരിക്കേറ്റുവീഴുന്ന സൈനികരെപ്പോലെ ഹരിദാസന്റെ വായില്‍ നിന്ന് വാക്കുകള്‍ പലപ്പോഴും ജീവനില്ലാതെ പുറത്ത് ചാടി. അവന്റെ ചുണ്ടും നാവും ശത്രുക്കളായിത്തന്നെ തുടര്‍ന്നു. നിരന്തരം കലഹിച്ചു. ഞെരിഞ്ഞമര്‍ന്ന അക്ഷരങ്ങള്‍ക്ക് മുന്നില്‍ കൂട്ടുകാര്‍ വാ പൊളിച്ചു.

വെട്ടുകിട്ടിയ ചുണ്ടും കീറിയ മനസ്സുമായി മൂലയ്ക്കിരുന്ന് ഹരിദാസന്‍ പുസ്തകങ്ങളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ചു. വരുതിക്ക് നിക്കാത്ത വാക്കുകള്‍ക്ക് മുന്‍പില്‍ നിരന്തരം തോറ്റുകൊടുക്കാന്‍ വയ്യാത്തതുകൊണ്ടോ, ഇതുവരെ തോറ്റു തോറ്റു മടുത്തിട്ടോ വാക്കുകളെ അവന്‍ വായയ്ക്കുള്ളില്‍ തടുത്തു നിര്‍ത്തി. അത്യാവശ്യം മാത്രം ചിരിച്ചു. മൗനത്തിന്റെ ഒരു കല്‍ക്കണ്ടത്തുണ്ട് സ്ഥിരമായി വായില്‍ സൂക്ഷിച്ചു. അന്‍പതുപേരടങ്ങുന്ന എട്ട് എ എന്ന ഫുട്‌ബോള്‍ ടീമില്‍ റിസര്‍വ് ബഞ്ചിലിരുന്ന് അവന്‍ കളി കണ്ടു. പിന്നീട് ഒന്‍പത് എ യിലും പത്ത് എ യിലും സ്ഥിരമായി റിസര്‍വ്വ് ബഞ്ചിലിരിക്കാനായിരുന്നു അവനിഷ്ടം.

ഇതൊക്കെ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. എനിക്കും വല്ലാണ്ട് സഹതാപം തോന്നുന്നു.

തമിഴന്റെ വാറ്റുചാരായത്തിന്റെ നാറ്റം സഹിക്കാതെ ഒരു തൂവാലയെടുത്ത് മൂക്കുമൂടിക്കെട്ടി. അയാള്‍ സിനിമ കാണുന്നതു നിര്‍ത്തി ഉറക്കത്തിലേക്ക് കടന്നിരിക്കുകയാണു്. നാറ്റം കൂടാതെ കൂര്‍ക്കം വലിയും സഹിക്കണം.

അപ്പോഴാണു തോമ ഭാഗവതരുടെ മകള്‍ടെ പിന്നാലെ പാട്ടും പാടി പ്രേമിക്കാന്‍ ചെല്ലുന്നത്.

ഹരിദാസനെക്കൂടാതെ ഇപ്പോള്‍ രേണുകാദേവിയും സജീവമായിരിക്കുന്നു.

gopan palakkot , story, iemalayalam

റിക്ഷയിലാണു രേണുകാ ദേവി വരുന്നത്. കുതിരവണ്ടി പോലൊന്ന്. വലിയ ചക്രവുമൊക്കെയായി. കുതിരയുടെ സ്ഥാനത്ത് മുട്ടോളമെത്തുന്ന ജൂബയും, മുട്ടിനു താഴെ നിര്‍ത്തിയ മുണ്ടുമായി റിക്ഷാ വലിക്കുന്ന മീശക്കൊമ്പന്‍ അമ്മാവന് സിനിമാനടന്‍ ജി കെ പിള്ളയുമായി നല്ല സാമ്യമുണ്ടായിരുന്നു. കുതിര പോലെ ചാടുകയും ഇടയ്ക്ക് ഹീ… ഹോ…. എന്നിങ്ങനെ ശബ്ദങ്ങള്‍ കേള്‍പ്പിച്ചുമാണോട്ടം.

സാവധാനം നടന്നുവരുന്ന രേണുകാദേവിയെ കാണുമ്പോഴൊക്കെ എനിക്കെന്തോ വല്ലാത്ത ഒരിത് തോന്നും. ഒരു കുടന്ന മുല്ലപ്പൂവു ചൂടി പൊട്ടും കുത്തി അവള്‍ വരുമ്പോള്‍ മുല്ലപ്പൂന്തോട്ടമാണൊഴുകിവരുന്നത്. എന്താ വാസന. മൂക്കിലോട്ട് കയറിയാല്‍ കുറേ സമയത്തേക്ക് ക്ലാസ്സിലാണിരിക്കുന്നതെന്ന് പോലും തോന്നില്ല.

‘മുല്ലയ്ക്ക് പടര്‍ന്ന് കേറാന്‍ ഒരു കമ്പ് വേണല്ലൊ. ഞാനൊരു കിളിഞ്ഞിലായേക്കാം. എന്നില്‍ പടര്‍ന്നു കയറിക്കൊള്ളൂ ദേവീ, ‘ എത്രയോ തവണ മനസ്സില്‍ പറഞ്ഞിരിക്കുന്നു.

അവളോടു മാത്രം വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നതും റിക്ഷയില്‍ അവള്‍ക്കൊപ്പം മുട്ടിയുരുമ്മി പോകുന്നതുമായൊക്കെ ഞാനങ്ങു സ്ങ്കല്പ്പിക്കുകയും ഉറക്കത്തില്‍ പലപ്പോഴും അവള്‍ അടുത്തുണ്ടെന്ന വിചാരത്തില്‍ കാലുകള്‍ക്കിടയിലേക്ക് കൈതിരുകി ഉറങ്ങുകയും ചെയ്തു. സ്വപ്‌നങ്ങളില്‍ രേണുകയ്‌ക്കൊപ്പം അലയാന്‍ ഞാനെന്നെ പൂര്‍ണമായി അഴിച്ചുവിട്ടു.

സൈക്കിളില്‍ റിക്ഷയെ അനുധാവനം ചെയ്തപ്പോഴും അവള്‍ എന്നെ കണ്ടതായേ നടിച്ചില്ല. ഒരു വില്ലന്‍ കഥാപാത്രത്തിനു പറ്റിയ പൊക്കക്കാരന്‍ റിക്ഷാക്കാരനോട് എനിക്ക് പേടി തോന്നാതിരുന്നില്ല. വേഗത്തിലാണു കെഴവന്‍ ഓടുന്നത്. ആളുകള്‍ മാറിപ്പോവാനായി ഹീ, ഹോ എന്നൊക്കെ കാറുന്നുണ്ട്. എന്നാലും ഞാന്‍ സൈക്കിള്‍ പലപ്പോഴും റിക്ഷായ്ക്ക് മുന്നിലൂടെ ആഞ്ഞു ചവിട്ടും. രേണുകാദേവി കാണട്ടെ.

പിറകെയുണ്ടെന്ന ധാരണയില്‍ സ്പീഡില്‍ സൈക്കിള്‍ ചവിട്ടി തിരിഞ്ഞു നോക്കുമ്പോള്‍ റിക്ഷ ഇല്ല. ഒരു കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയാണു്. ഹരിദാസന്‍ ഒരു പുസ്തകം കൊടുക്കുന്നു. കടയ്ക്ക് മുന്നില്‍ സൈക്കിള്‍ നിര്‍ത്തി. ബാര്‍ബര്‍ ഷാപ്പ് എന്നൊരു ബോര്‍ഡ് നിറം മങ്ങി താഴെവീഴാന്‍ പാകത്തില്‍ കാറ്റത്ത് ഊഞ്ഞാലാടുന്നുണ്ട്. നിരനിരയായുള്ള കടകളുടെഒരു വശത്തായി അവയുടെ വായീന്ന് ഞെരുങ്ങി പകുതി മാത്രം പുറത്ത് വന്ന പോലെ തോന്നുന്ന ഒരു കെട്ടിടം. അകത്ത് നിന്നും കത്രിക തെരുതെരെ അടയ്ക്കുകയും നിവര്‍ക്കുകയും ചെയ്യുന്നതിന്റെ ശബ്ദം കേള്‍ക്കാം. ഹരിദാസന്‍ ഒരു മൂലയിലിരുന്ന് പുസ്തകം വായിക്കുന്നു.

gopan palakkot , story, iemalayalam

തോമ, ഭാഗവതരുടെ മകളുടെ പിറകെ പാട്ടും പാടി പ്രേമിക്കാന്‍ നടക്കുന്നതുകണ്ട് എനിക്ക് നീരസം തോന്നി. എന്തു കണ്ടിട്ടാണിത്ര സുന്ദരിയായ ഒരു പെണ്ണിന്റെ പിറകെ പാട്ടും കൂത്തുമൊക്കെയായി. ഓ, തോമ വേറെ ലെവലാണല്ലൊ.

അല്ലെങ്കില്‍ ത്തന്നെ തോമായെ എന്തിനു കുറ്റപ്പെടുത്തണം. മോന്ത കീറിയ ഹരിദാസനേക്കാളും എന്തുകൊണ്ടും സുന്ദരനായ എന്നെ രേണുകാദേവി തീരെ ഗൗനിച്ചില്ലല്ലൊ. അവള്‍ക്ക് ഹരിദാസനോടു കുശുകുശുക്കാന്‍ നേരമെത്രയുണ്ടായിരുന്നു.

തോമായ്ക്ക് ഭാഗവതരുടെ സുന്ദരിയായ മകളെ പ്രേമിക്കാനോ കല്യാണം കഴിക്കാനോ ഒക്കെ അവകാശമുണ്ട്. പക്ഷേ അതു പോലെ ഹരിദാസന്‍ രേണുകാദേവിയെ പ്രണയിക്കുക എന്നുവച്ചാല്. അതോ അവള്‍ ഹരിദാസനെയാണോ പ്രണയിച്ചത്?

അവള്‍ക്ക് കൊടുക്കാന്‍ മാത്രമായി എന്തു മുത്താണൂ കീറിപ്പോയ ചുണ്ടിനിടയില്‍ ഹരിദാസന്‍ ഒളിപ്പിച്ചത്?

ചിലപ്പോള്‍ അവള്‍ക്ക് സഹതാപമായിരിക്കും. എല്ലാരും അവഗണിക്കുന്നതിലുള്ള അനുകമ്പ. ആര്‍ക്കും തോന്നാത്ത ഒരു സഹാനുഭൂതി.

ക്ലാസ്സില്‍ വേറെ എത്രയോ പെമ്പിള്ളേരൊണ്ട് ഹരിദാസാ അവര്‍ക്കാര്‍ക്കും നിന്നോടൊരു സഹതാപോമില്ലല്ലൊ. പിന്നെ ഇവള്‍ക്ക് മാത്രമെന്താണ്?

ഇടയ്ക്കിടെ കൈമാറുന്ന നോട്ടുബുക്കിലെവിടെയെങ്കിലും നീയോ അവളോ ഹൃദയത്തിന്റെ ഒരു തുണ്ട് ഒളിപ്പിച്ചുവച്ചിട്ടില്ല എന്നുറപ്പുണ്ടോ?

കാണാതെ പഠിക്കുക, പഠിച്ചതേറ്റുചൊല്ലുക, കവിതകള്‍ കാണാതെ മുഴുമിപ്പിക്കുക തുടങ്ങിയ ജോലികളൊന്നും നിനക്കില്ലല്ലൊ ഹരിദാസാ. സാറന്മാരുടെ ചോദ്യമൊന്നും നിന്നെ സ്പര്‍ശിക്കില്ലല്ലൊ. നിനക്കു മാത്രം സ്വന്തമായ വാക്കുകള്‍ നീ സൂക്ഷിച്ചോളൂ എന്നായിരിക്കും. അതോ പരീക്ഷയില്‍ നീ ഞങ്ങളെ തോല്പ്പിക്കുന്നതുകൊണ്ടോ?

ഇങ്ങനെ ഉത്തരം കിട്ടാത്ത നൂറുനൂറു നിശ്ശബ്ദ ചോദ്യങ്ങളുമായി രേണുകാ ദേവിയെന്ന വൃത്തത്തിനു ചുറ്റും ഞാന്‍ കറങ്ങി നടന്നു.

‘ഉമാകേരളം’ കാണാതെ ചൊല്ലി കുറച്ചൊന്ന് തെറ്റിച്ചതിനാണു നമ്പൂതിരി സാര്‍ പെടച്ചത്. അപ്പോള്‍ രേണുകാ ദേവി ചിരിയടക്കാന്‍ പാടുപെടുന്ന കണ്ടപ്പോ വന്ന കലി. ഇതിനിടയില്‍ ഒരു രഹസ്യം മാളത്തില്‍ നിന്നറിയാതെ പുറത്തു ചാടി. തേരട്ട പോലെ രേണുകാദേവി ഇഴയുന്നതിന്റെ പിന്നില്‍ അവള്‍ക്കൊരു നേരിയ മുടന്തുള്ള കാര്യം. ആമയുടെ തലപോലെ, ചുറ്റുമാളുകളില്ലെങ്കില്‍ അതു വെളിയില്‍ വരുമെന്ന് ഞാന്‍ കണ്ടുപിടിച്ചു.

രണ്ടു വേനല്‍ കഴിഞ്ഞു പോയിരിക്കുന്നു. രണ്ടു മഴക്കാലവും. റിക്ഷയില്‍ നിന്ന് ബസ്സിലേക്ക് രേണുകാദേവി മാറിക്കയറി. കാലങ്ങളായി മുടങ്ങിക്കിടന്ന പാലത്തിനു ജീവന്‍ വച്ചതോടെ മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോടു പോലെ വഴിയും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. വഴിനിറഞ്ഞ് വരുന്ന വണ്ടിക്കിടയിലൂടെ ഒരു സര്‍ക്കസഭ്യാസിയെപ്പോലെ സൈക്കിള്‍ ചവിട്ടിയെങ്കിലും കാണാന്‍ രേണുകാദേവിയില്ലാത്തത് എന്റെ ആവേശം മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞു. അവള്‍ റിക്ഷ വിട്ട് ബസ്സിലേക്ക് കൂടുമാറി. ഞാനും. ഒട്ടും നിരപ്പല്ലാത്ത റോഡിലൂടെ കുലുങ്ങിക്കുലുങ്ങി ബസ്സോടുമ്പോള്‍ നിഷ്‌ക്കളങ്കമായി രേണുകാ ദേവിയോട് പറ്റി നിന്ന് ഞാനവളെ പൊള്ളിച്ചു. അവളെന്നേയും. മുല്ലപ്പൂമണം മുഴുവന്‍ മൂക്കിലൂടെ വിഴുങ്ങി.

gopan palakkot , story, iemalayalam

ചിലപ്പോഴൊക്കെ കൊഴിഞ്ഞുവീണ മുല്ലപ്പൂക്കള്‍ രേണുകാദേവി അറിയാതെ ഞാന്‍ കീശയിലിട്ടു സൂക്ഷിച്ചു. രാത്രി ഉറങ്ങുന്നതിനു മുന്‍പ് മണക്കാന്‍. മുല്ലപ്പൂവിലൂടെ രേണുകാദേവി എന്നോട് പറ്റിച്ചേര്‍ന്ന് ഉറങ്ങി.

പത്താം ക്ലാസ്സ് പരീക്ഷകള്‍ തീരാറായിരിക്കുന്നു. ഒരുപാടു നാളായി മനസ്സില്‍ സൂക്ഷിച്ച പ്രണയം, പുറത്ത് കടക്കാന്‍ വെമ്പുന്ന ഒരു വലിയ വായുകുമിളയായി നെഞ്ചിലെവിടെയോ തങ്ങി നില്ക്കുന്നു.

ഈ അടുത്ത കാലത്തായി രേണുകാദേവി എന്നെക്കണ്ട് എത്രയോ തവണ ചിരിച്ചിരിക്കുന്നു. മോഡല്‍ പരീക്ഷയ്ക്ക് കണക്കിനു നല്ല മാര്‍ക്ക് കിട്ടിയപ്പോള്‍ അവളെന്താണു പറഞ്ഞത്? ഉഗ്രന്‍ മാര്‍ക്കാണെന്ന്!

നിശ്ശബ്ദമായി അവള്‍ എന്നെ പ്രണയിക്കുന്നുണ്ടാവണം.

അപ്പോള്‍ ഹരിദാസന്‍?

അതൊക്കെ വെറും സൗഹ്രുദം. അല്ലെങ്കില്ത്തന്നെ മുച്ചുണ്ടനെ ആരു പ്രേമിക്കാന്‍?

പരീക്ഷ അടുക്കുന്തോറും നെയ്തുകൂട്ടിയ ഒരു പാടു ചിന്തകളുടെ എട്ടുകാലിവലയില്‍ കുരുങ്ങി പഠിത്തം പോലും താളം തെറ്റി. മുടന്തിനീങ്ങിയ സ്വപ്‌നങ്ങളില്‍ ഞാനെന്നെ ഉപേക്ഷിച്ചു.

കണക്ക് പരീക്ഷയാണവസാനം. ഒരു പാടുതവണ ഗൃഹപാഠം ചെയ്തു നോക്കിയ കണക്കുകള്‍. പക്ഷേ ഉത്തരങ്ങള്‍ മാറിപ്പോകുന്നു. ഭ്രാന്തുപിടിക്കുന്ന ചോദ്യങ്ങള്‍.

പരീക്ഷ കഴിഞ്ഞ് ബേസ്‌പോഡ് കറക്കിയെറിഞ്ഞ് ഓടിച്ചെന്നപ്പോഴേക്കും അവളതാ ബസ്സില്‍ കയറുന്നു. എനിക്ക് കയറിപ്പറ്റാനാവും മുന്‍പേ ബസ് വിട്ടു കഴിഞ്ഞു. നെഞ്ചിലെ കുമിള ഇപ്പോള്‍ പൊട്ടുമെന്ന് തോന്നി. ഇളിഭ്യനായി തിരിഞ്ഞു നോക്കിയപ്പോള്‍ ഹരിദാസന്‍ ചിരിക്കുന്നു.

പരിഹസിക്കുകയാണു. പാവമാണെന്നും വായില്‍ കയ്യിട്ടാലും കടിക്കാത്തവനെന്നുമൊക്കെയുള്ള ധാരണ പാളി.

അക്ഷരങ്ങള്‍ വിഴുങ്ങിയിരുന്ന ഹരിദാസനില്‍ നിന്നും തലപോയ ഒരുപാടു വാചകങ്ങള്‍ വീണു. പുഴുത്ത് നിന്ന പുണ്ണിലേക്ക് തീക്കൊള്ളി ഇറക്കിയപോലെ.

റോഡില്‍ കിടന്ന ഒരു കല്ലെടുത്തത് ഭീഷണിപ്പെടുത്താനായിരുന്നെങ്കിലും പെട്ടെന്നത് ചുവന്നു. ഉടുമുണ്ടില്‍ കൈ തുടച്ച് തിരിഞ്ഞ് നോക്കാതെ ഓടിയപ്പോള്‍ അവന്‍ നിലത്ത് കിടക്കുകയാണെന്നുറപ്പായിരുന്നു. വീട്ടില്‍ ചെന്നതും അമ്മ കാണാതെ മുണ്ടില്‍ പടര്‍ന്നു കിടന്ന കണ്ണീര്‍ ചോരയോടൊപ്പം ഒഴുക്കിക്കളഞ്ഞു. ഗവണ്മെന്റാശുപത്രീല്‍ കിടന്ന അയല്‍ വാസിയെ കാണാന്‍ ചെന്നപ്പോഴുണ്ട് ഹരിദാസന്‍. അവന്റെ തലയില്‍ കെട്ടുണ്ട്. അച്ഛനൊക്കെ ഇടയ്ക്കിടെ തലയില്‍ തോര്‍ത്ത് കെട്ടി നടക്കുന്നത് പോലെ.

gopan palakkot , story, iemalayalam

കൂടെയുള്ളത് അവന്റെ അച്ഛനാണെന്ന് ഉറപ്പായിരുന്നു. അടികിട്ടുമെന്ന് ഞാന്‍ ഭയന്നു.

ഒരു തൂണിനു മറപറ്റി നിന്നു. അവനെന്നെ കണ്ടിരിക്കുന്നു. കാണാത്ത പോലെ നടന്നുപോയപ്പോള്‍ ശ്വാസം നേരെയായി. പക്ഷേ പോയ ഹരിദാസന്‍ തിരികെ വന്നു. അടുത്തു വന്നതും രൂക്ഷമായി നോക്കി. വാസ്തവത്തില്‍ ഞാന്‍ ചൂളിപ്പോയി.

‘നിന്നെ കൊല്ലുമെടാ പന്നീ…’ ഉച്ചാരണ ശുദ്ധിയില്ലാത്ത വാക്കുകള്‍ എനിക്ക് മനസ്സിലാകാതിരുന്നില്ല.

അപ്പോള്‍ തോമ സബ് ഇന്‍സ്പകടറെ ആഞ്ഞിടിക്കുകയായിരുന്നു. നിലത്ത് വീണുപോയ ഇന്‍സ്പക്ടര്‍. ജനാരവം. തിയറ്ററില്‍ താമസിയാതെ വെളിച്ചം പരന്നപ്പോള്‍ എണീറ്റു. തമിഴന്‍ അപ്പോഴും ഉറക്കത്തിലാണ്. നേരിയ കാറ്റടിക്കുന്നുണ്ട്.

വെളിച്ചത്തീന്ന് ഇരുട്ടിലേക്ക് തോമയ്‌ക്കൊപ്പം ഹരിദാസനും രേണുകാദേവിയും പടിയിറങ്ങി. കൂടെ ഞാനും.

കഥ ഇവിടെ അവസാനിക്കേണ്ടതാണ്. പക്ഷേ അതല്ലല്ലൊ സംഭവിച്ചത്.

നമ്മള്‍ പറയാറില്ലെ ജീവിതമെന്നാല്‍ യാദൃശ്ചികതകളുടേതാണെന്ന്. മനുഷ്യന്‍ സങ്കല്പിക്കുന്നു, ദൈവം നടപ്പാക്കുന്നു എന്നാണല്ലൊ. എന്ന് വച്ചാല്‍ ആത്യന്തികമായി ദൈവം തീരുമാനിക്കുന്നതേ നടക്കൂ. അപ്പോള്‍ മനുഷ്യരായ നമ്മുടെ സ്വപ്‌നങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കുമൊക്കെ എന്ത് പ്രസക്തി?

ഇതൊരു മലമണ്ടയാണെന്ന് പറഞ്ഞുവെങ്കിലും ഇതറിയപ്പെടുന്നത് സിറ്റി എന്നാണ്. വായനക്കാര്‍ ചിരിക്കരുതേ. സത്യമാണ്. എല്ലാം കൂടി കൂട്ടിയാല്‍ പത്തിരുപത് കടകളുണ്ടാവും.

വൈകുന്നേരത്തെ പതിവ് നടത്തം, സോപ്പ്, പേസ്റ്റ്, തേയില, പഞ്ചസാര തുടങ്ങിയവയൊക്കെ വാങ്ങുന്നത് ഈ നടത്തിനിടയിലാണ്. തീരെ മെലിഞ്ഞ റോഡുകള്‍. തേയില പുതച്ച് നില്ക്കുന്ന മലഞ്ചരിവുകള്‍ തഴുകിയെത്തുന്ന കാറ്റിനു തണുപ്പുണ്ടാവും. ആകാശത്തേക്ക് കൈകൂപ്പി നില്ക്കുന്ന മൊട്ടക്കുന്നുകളെ നിമിഷം കൊണ്ട് മായിച്ചു കളയുകയും, നോക്കിയാല്‍ തലകറങ്ങുന്ന കൊക്കകള്‍ പെട്ടെന്നില്ലാതാക്കുകയും ചെയ്യുന്ന ജാലവിദ്യയൊക്കെ നടത്തത്തിനിടയില്‍ കാണാം. കലാനിലയത്തിന്റെ സ്റ്റേജുപോലെ, അമ്പരപ്പിക്കുന്ന ദ്രുശ്യങ്ങള്‍ പൊട്ടിവീഴാന്‍ ഒരു കാറ്റു മതി. അങ്ങനെയൊരു നടത്തത്തിനിടേലാണു ഹരിദാസന്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

പലപ്രാവശ്യം സൂക്ഷിച്ച് നോക്കി ഞാനുറപ്പ് വരുത്തി. ഹരിദാസന്‍ തന്നെ. അവിടവിടെ വെള്ളി പാകിയ താടി കുറച്ചേറെ വളര്‍ന്നിരിക്കുന്നു. കീറിയ ചുണ്ട് സമൃദ്ധമായ രോമത്താല്‍ കുറേ ഒളിപ്പിച്ചിട്ടുണ്ട്. നെറ്റിയിലെ തുന്നലിന്റെ പാട് ഇപ്പോഴും തെളിഞ്ഞ് കാണാം. തിളക്കമറ്റ കണ്ണുകളില്‍ പങ്കിടാത്ത ദു:ഖം ഘനീഭവിച്ചു കിടക്കുന്നുണ്ടെന്ന് തോന്നി.

അവന്റെ സൗകര്യത്തിന് തല താഴോട്ടു കുനിച്ച് വയ്ക്കുമ്പോള്‍ വെളുത്ത തുണിക്കകത്ത് ഒന്നും മിണ്ടാനാകാതെ ഞാനിരുന്നു കൊടുത്തു. കുനിഞ്ഞിരിക്കുന്നതിനിടയിലും കണ്ണു വലിച്ച് മേൽപോട്ട് പൊക്കി നിലക്കണ്ണാടിയിലൂടെ മുഖഭാവം ഞാന്‍ ശ്രദ്ധിച്ചു. അവനെന്നെ മനസ്സിലായിട്ടുണ്ടാവുമോ? നിസ്സംഗമായ മുഖം. പണ്ടത്തെ സഹപാഠിയെ അപ്രതീക്ഷിതമായി കാണുമ്പോള്‍, ശത്രുവാണെങ്കിലും. മനസ്സിലായില്ല എന്നഭിനയിക്കുവാണോ? കത്തി ഇപ്പോഴും പിടലിക്കുണ്ട്. ഒരു നിമിഷം മതി. വയറ്റില്‍ ആരോ തീ കൊളുത്തിയിരിക്കുന്നു. ദേഹത്ത് വീണു കിടക്കുന്ന മുടികള്‍ ചൊറിയണമായി മാറിയിരിക്കുന്നു. മതി ഹരിദാസാ, ഒന്ന് നിര്‍ത്ത്. ശബ്ദമില്ലാതെ ഞാന്‍ പിറുപിറുത്തു.

gopan palakkot , story, iemalayalam

പെട്ടെന്ന് അച്ഛാ എന്ന വിളിയോടെഒരു പാവാടക്കാരി കണ്ണാടിക്കു മുന്നിലെത്തി. ഞാനമ്പരന്നു പോയി.

രേണുകാദേവി! ഒരു ചോക്കളേറ്റ് അവള്‍ നുണയുന്നുണ്ടായിരുന്നു. മുടി തൂത്തു കളഞ്ഞ് കസേരയില്‍നിന്നെണീറ്റപ്പോള്‍ വല്ലാത്തൊരാശ്വാസം. ജീവന്‍ തിരിച്ച് കിട്ടിയപോലെ.

കണ്ണാടിക്കു മുന്നില്‍ മുടിചീകുമ്പോള്‍ മൊബൈല്‍ സ്‌ക്രീന്‍ തൂത്തുകൊണ്ട് അടുത്ത മുറിയിലെ ജോണ്‍സന്റെ വക കോംപ്ലിമന്റ്‌സ്.

അല്ല മാഷേ ഒരു പത്ത് വയസ്സ് പോയീട്ടൊ… ആരെ വെട്ടീത് ? ഹരിദാസനാ?

ഹരിദാസനെ അറിയാമല്ലെ? പുരികം അല്പം വളച്ച് ഞാന്‍ ജോണ്‍സണെ നോക്കി.

‘ഇദെന്ത് ചോദ്യാ മാഷേ? ദാ ആ കാണുന്നതല്ലേ ഓന്റെ പൊര. അസ്സലായിട്ട് വെട്ടും. ഞാനൊക്കെ എത്ര കാലായി….’ ജോണ്‍സണ്‍ അല്പമകലെയുള്ള കുന്നിന്‍ മുകളിലേക്ക് കൈചൂണ്ടി. ഒരു മൊട്ടക്കുന്നിന്റെ മുകളില്‍ നിരനിരയായി അഞ്ചാറു വീടുകള്‍. അകലെ നിന്ന് നോക്കുമ്പോള്‍ വിശാലമായ കാന്‍വാസില്‍ അണയാന്‍ പോകുന്ന സൂര്യന്‍ കൊടുത്ത ചുവപ്പണിഞ്ഞ് കാല്പനിക ഭാവമുള്ള ഒരു പെയിന്റിങ്ങ്പോലെ തോന്നും. കൂടണയാന്‍ പോകുന്ന പക്ഷികളെ കണ്ടാല്‍ അദ്രുശ്യനായ ഗഗനചാരി വില്ലുമായി എങ്ങോട്ടോ കുതിക്കുന്നതു പോലെ.

ഒന്ന് നിര്‍ത്തി ജോണ്‍സണ്‍ തുടര്‍ന്നു.

‘കേസിപ്പെട്ടേപ്പിന്നെ ഓന്റെ കാര്യം ഒരു കണക്കാ.’

ഞാന്‍ പുരികം ചുളിച്ചു. കേസോ?

‘അദൊന്നും പറയാണ്ടിരിക്കാ മാഷേ നല്ലത്. വിധീന്നൊക്കെ പറയാം. ആ കൊച്ചിനെന്തിന്റെ കേടാരുന്നു.’

‘എങ്ങാണ്ടൂന്ന് വന്ന ഒര് ബംഗാളീടെ കൂടെ… അതും രണ്ട് പിള്ളേരായിക്കഴിഞ്ഞ്.’

എന്റെ അമ്പരപ്പ് കണ്ട് ജോണ്‍സണ്‍ തുടര്‍ന്നു.

‘അഞ്ചാറുമാസായി. പോലീസ് കൊറേയെല്ലാം അന്വേഷിച്ച് പോയിറ്റ്. ഓളിപ്പം ബംഗാളിലൊണ്ടെന്നൊക്കെ കേട്ടു.’

അപ്പോള്‍ മുല്ലപ്പൂമണം എവിടെനിന്നോ ഒഴുകിയെത്തി. പക്ഷേ ഇത്രേം നാളത്തെ മണമല്ലായിരുന്നു. ശവത്തില്‍ പൂശുന്ന അത്തറിന്റെ മണം. തണുത്ത കാറ്റടിക്കുന്നു. ഒരു റിക്ഷ കുന്നിറങ്ങി വന്ന് അടുത്ത കൊക്കയിലേക്ക് മറിയുന്നതും വന്യമായ ഒരലര്‍ച്ചയും കേട്ടു. ഞാന്‍ കാതു പൊത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook