വളരെ അപൂര്‍‌വ്വമായി, സ്കൂളില്ലാത്ത ദിവസം, അമ്മയുടെ തറവാട്ടില്‍ പോവാന്‍ അനുവാദം കിട്ടുമായിരുന്നു. ഇഷ്ടപ്പെട്ടയാളെ വരിച്ചുവെന്ന കാരണത്താല്‍ അകറ്റി നിര്‍ത്തപ്പെട്ടതിനാല്‍, അടുത്തായിട്ടു കൂടി, വെറുപ്പിന്റെ കയങ്ങളുള്ള ബന്ധുവീടുകള്‍ താണ്ടി വേണമല്ലോ മക്കളുടെ യാത്രയെന്നതു കൊണ്ടായിരിക്കും അടിക്കടി പോകാന്‍ അമ്മ സമ്മതിക്കാതിരുന്നത്.

വൃത്തിയുള്ള വലിയ ചരല്‍ മുറ്റവും, അറ്റത്ത് കിണറും തെങ്ങുകളും, വലിയ കോലായയും ഉള്ളതായിരുന്നു അമ്മ വീട്. ചെന്നുകഴിഞ്ഞാല്‍ നേരെ അടുക്കളയിലേക്ക് കൊണ്ടുപോവും, അമ്മാമ്മ. തലയ്ക്കുമുകളില്‍ വാഴനൂലില്‍ക്കെട്ടിയ ഉറികളിലൊന്നില്‍ ഒളിപ്പിച്ചു വച്ച കുപ്പിയില്‍ നിന്നും കല്‍ക്കണ്ടമോ ശര്‍ക്കരയോ നാണയം പോലുള്ള കുഞ്ഞു ബിസ്കറ്റോ, വേറൊന്നുമില്ലെങ്കില്‍ പഞ്ചസാരയോ തേങ്ങാപ്പൂളോ തരും. ഉച്ചയോടടുപ്പിച്ച നേരമാണെങ്കില്‍ മല്ലിയരച്ചുവച്ച ഉണക്കമീന്‍ ചാറൊഴിച്ച് കുഴിഞ്ഞ ഓട്ടുകിണ്ണത്തില്‍ ചോറ് വിളമ്പിത്തരും; കഷ്ണങ്ങളൊക്കെ ആണുങ്ങൾക്ക് കൊടുത്തു കഴിഞ്ഞിട്ടുണ്ടാവും . അമ്മയുടെ അമ്മ മരിച്ചുപോയതിനാല്‍ അച്ഛാച്ഛന്റെ രണ്ടാം വിവാഹമായിരുന്നുവെങ്കിലും അമ്മയോടും വല്യമ്മയോടും സ്വന്തം മക്കളെപ്പോലെ കാര്യമായിരുന്നു അവര്‍ക്ക്.

ചിലപ്പോള്‍, സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, പെട്ടെന്നോര്‍ത്ത്, ഞങ്ങളെയും കൊണ്ട് അടുക്കളവശത്തുള്ള കോഴിക്കൂട്ടിലേക്കു ചെല്ലും. അരകല്ലു വച്ചിരിക്കുന്ന തിണ്ടിനു താഴെ കല്ലുകെട്ടി മണ്ണുതേച്ചാണ് കോഴികളെ പാര്‍പ്പിച്ചിരിക്കുന്നത്. താഴെയുള്ള കശുമാവിന്‍ തോട്ടത്തിലുള്ള കുറുക്കന്മാര്‍ പിടിക്കാതെയും കുഞ്ഞുങ്ങളെ പരുന്തു റാഞ്ചാതെയും നോക്കിയാണ് കോഴിയെപ്പോറ്റുന്നത്. ഒരിക്കല്‍, മുട്ടയിടുന്ന ഒരു കോഴിയുണ്ട് തൂങ്ങിത്തൂങ്ങി നടക്കുന്നു. പശുവിനെയും നായയെയും ചികിത്സക്കായി മൃഗാസ്പത്രിയില്‍ കൊണ്ടുപോവുന്നത് റോഡരികിലുള്ള നമ്മുടെ വീട്ടിന്റെ ഉമ്മറത്തിരുന്നു കാണാറുണ്ടായിരുന്നെങ്കിലും അസുഖം ബാധിച്ച കോഴികളെ എന്തുചെയ്യുമെന്ന് എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. സാധാരണ, കളികള്‍ക്കിടെ കുട്ടികള്‍ ഓടുമ്പോള്‍, കൊക്കരച്ചുകൊണ്ട് കുതറിയോടുന്ന കോഴി, അന്നുണ്ട്‍ അമ്മാമ്മയുടെ അരുമകൈകളില്‍ കുറുകലൊന്നും കൂടാതെ പതുങ്ങിയിരിക്കുന്നു. കോഴിയെ എന്റെ കൈയില്‍ത്തന്ന്, ഒരു സൂത്രമുണ്ട് എന്നു പറഞ്ഞ്, അടുക്കളയില്‍ക്കയറിയ അമ്മാമ്മ തിരിച്ചുവരുമ്പോള്‍ കൈയില്‍ നേരത്തെ മോറിവച്ച ഓട്ടുകിണ്ണമുണ്ടായിരുന്നു. നിലത്ത് കൈകൊണ്ട് ചെറിയൊരു കുഴികുത്തി എന്നോട് കോഴിയെ അതിലിറക്കി മുറുകെപ്പിടിക്കാന്‍ പറഞ്ഞു, എന്നിട്ട് കോഴിക്കുമേല്‍ കിണ്ണം കമിഴ്ത്തി ഒരു കമ്പുകൊണ്ട് കൊട്ടാന്‍ തുടങ്ങി. ആദ്യമൊക്കെ അനങ്ങാതിരുന്ന കോഴി പതിയെപ്പതിയെ അസ്വസ്ഥമാവാനും പിന്നീട് കുതറാനും തുടങ്ങുന്നത് എന്റെ കൈ ഞെരുങ്ങുമ്പോള്‍ അറിയാം. കൊട്ടു നിര്‍ത്തിയാല്‍ വെള്ളം കൊടുത്ത് കുറച്ചുനേരം കിണ്ണംകൊണ്ട് മൂടിവയ്ക്കണമെന്നാണ്, പക്ഷേ, ഞാന്‍ കൈവലിക്കുമ്പോഴേയ്ക്കും കോഴി തൂക്കം വിട്ട് പറപറന്നു കഴിഞ്ഞിരുന്നു.
ഇത് ഇപ്പോഴോര്‍ക്കാന്‍ കാരണം ഹുആന്‍ റൂൾഫോയുടെ ‘ദി ഗോള്‍ഡന്‍ കോക്‌റല്‍’ എന്ന ഹൃദ്യമായ കൊച്ചുനോവല്‍ വായിച്ചതാണ്. സാഹിത്യ തൽപ്പരർക്ക് പരിചിതമായിരിക്കും “പേദ്രോ പാരാമോ” എന്ന നോവലും റൂള്‍ഫോയും. ലാറ്റിനമേരിക്കന്‍ ബൂമിന് നിദാനമായ ആ നോവല്‍ ഹൃദിസ്ഥമായിരുന്ന, യുവാവായ, ഗബ്രിയേല്‍ ഗാര്‍സിഅ മാര്‍ക്കേസ് ഓര്‍മ്മയില്‍നിന്നെടുത്ത് തെറ്റുകൂടാതെ മുഴുവനും ടൈപ്പു ചെയ്യുമായിരുന്നുവത്രെ! അതു വായിച്ചതാണ് “വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് ” എഴുതുവാന്‍ പ്രചോദനമായതെന്നും അദ്ദേഹമെഴുതിട്ടുണ്ട്. എന്നാല്‍, ‘ദി പ്ലെയ്ന്‍ ഇന്‍ ഫ്ലെയ്ംസ്’ എന്ന കഥാസമാഹാരത്തിന്റെ പ്രസിദ്ധീകരണത്തോടെ, “പേദ്രോ പാരാമോ”യ്ക്ക് മുന്‍പേ, മെക്സിക്കോയില്‍ റൂള്‍ഫോ പ്രശസ്തനായിക്കഴിഞ്ഞിരുന്നു. രണ്ടു കുഞ്ഞു പുസ്തകങ്ങള്‍ മാത്രമെഴുതി പ്രശസ്തനായ എഴുത്തുകാരന്‍ അനുവാചകരെ നിരാശനാക്കിക്കൊണ്ട് പിന്നീട് നോവലും കഥയുമൊന്നുമെഴുതാതെ സിനെമാ തിരക്കഥയിലേയ്ക്കും ഫൊട്ടോഗ്രഫിയിലേക്കും ശ്രദ്ധതിരിച്ചുവെന്നതു ചരിത്രം.

juan rulfo, golden cokerel, pedro parama,

‘ദി ഗോള്‍ഡന്‍ കോക്‌റല്‍’ തിരക്കഥയായി എഴുതി, സിനിമയായി പുറത്തു വരുന്നത് ഏഴുവര്‍ഷം കഴിഞ്ഞ് 1964-ല്‍ ആണ്. മെക്സിക്കന്‍ സിനിമയുടെ സുവര്‍ണഘട്ടത്തിലെ ഒരു ക്ലാസിക്കായി പരിഗണിക്കപ്പെടുന്നു അത്. തിര‍ക്കഥയില്‍ നിന്നു മാറി നോവെല്ലയായി മെക്സിക്കോയില്‍ 1980-ല്‍ സ്പാനിഷിൽ പ്രസിദ്ധീകരിക്കുകയും, അഡാപ്റ്റേഷനായ വേറൊരു സിനിമ 1985 ല്‍ റൂള്‍ഫോ മരിക്കുന്നതിനു മാസങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങുകയും ചെയ്തിരുന്നുവെങ്കിലും നോവെല്ലയുടെ ഇംഗ്ലീഷ് പരിഭാഷ (ഡഗ്ലസ് ജെ. വെദര്‍ഫോഡ്) പുറത്തു വരുന്നത് 2017 മെയ് മാസത്തില്‍ മാത്രമാണ്!

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍, രാജ്യം വിപ്ലവത്തിന്റെ തുമ്പത്തു നില്‍ക്കുന്ന സമയത്ത് ജനിച്ച്, ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട റൂള്‍ഫോ, വിപ്ലവാനന്തര മെക്സിക്കോയുടെ ചിത്രമാണ് ഇതിൽ അനാവരണം ചെയ്യുന്നത്.

ദിയൊനീസിയോ പിങ്സോണ്‍ എന്ന അംഗപരിമിതനും ദരിദ്രനുമായ നായകന് ജോലിയൊന്നുമില്ല. ആരുടെയെങ്കിലും മൃഗങ്ങളേയോ കുട്ടികളേയോ സ്ത്രീകളേയോ കാണാതായാല്‍ തെരുവിലും പ്രാന്ത പ്രദേശങ്ങളിലും വിളിച്ചറിയിക്കുക എന്നതാണ് അയാളുടെ പണി. ചിലപ്പോഴൊക്കെ നഷ്ടപ്പെട്ടതിനെ തേടിപ്പോവുകയും വേണം. തുച്ഛമായ, തൊണ്ടവറ്റിച്ചാല്‍ കിട്ടുന്ന, പ്രതിഫലം കൊണ്ട് വൃദ്ധയായ അമ്മയെക്കൂടി പോറ്റേണ്ടതുണ്ട് അയാള്‍ക്ക്. പറഞ്ഞ കാശ് മിക്കപ്പോഴും കിട്ടുകയുമില്ല; ഒരു ദിവസം പള്ളിപ്പാതിരിയുടെ ചാവാലിപ്പശുവിനെ തേടിത്തുലഞ്ഞ് കണ്ടുപിടിച്ചു കൊടുത്തതിന് കിട്ടിയതാവട്ടെ നാലഞ്ചു പ്രാര്‍ത്ഥനയും കുരിശുവരയും, സ്വര്‍ഗത്തിലെത്തിക്കഴിഞ്ഞാൽ പ്രതിഫലം ലഭിക്കുമെന്ന ഉറപ്പും മാത്രം!

juan rulfo, pedro parama, golden cockerel,
ഒരിക്കല്‍, മുറിവേറ്റ് മൃതപ്രാണനായ, ഒരു പോര്‍ക്കോഴിയെ ദിയൊനീസിയോക്ക് ദാനം കിട്ടുന്നു. അയാള്‍ അതിനെ തന്റെ ‍ ചാളയില്‍ക്കൊണ്ടുപോയി അമ്മയുടെ സഹായത്തോടെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. തലമാത്രം വെളിയിലാക്കി, നിലത്ത് കുഴിച്ചിട്ട്, പാട്ട തലക്കുമുകളില്‍ വച്ച് കൊട്ടുകയാണ്, സുഖപ്പെടാന്‍. ഇടയ്ക്കിടെ വെള്ളവും ഭക്ഷണവും നല്‍കും. കൊയ്ത്തുകഴിഞ്ഞ് നടക്കുന്ന കാര്‍ണിവലുകളിലാണ് കോഴിപ്പോരും ചീട്ടുകളികളുമൊക്കെയുണ്ടാവുക. . തീനും കുടിയും നൃത്തവും പാട്ടുമൊക്കെയായായി ആഴ്ചകൾ നീളുന്ന ആഘോഷങ്ങൾ. കുറച്ചുദിവസങ്ങള്‍കൊണ്ട് ആരോഗ്യം വീണ്ടെടുത്ത കോഴിയെയും കൊണ്ട് ദിയൊനീസിയോ കാര്‍ണിവലുകൾ കയറിയിറങ്ങുന്നു. മിക്ക പോരുകളിലും ജയിച്ച് ധനികനാവുന്നു. കടുത്ത ഒരു പോരില്‍ കോഴി ചത്തപ്പോള്‍ ചീട്ടുകളിയിലായി കമ്പം. പണവും സ്വർണ്ണവും വീടും കൃഷിയിടവുമെല്ലാം കളിയിലെ വാതുവയ്‌പിലൂടെ നേടുകയാണ് അയാൾ. ഒരിടത്തു വച്ചു കണ്ടുമുട്ടീയ, പാട്ടുകാരിയായ, ബെർനാർദയെ ജീവിത പങ്കാളിയാക്കുകയും, തന്റെ ഭാഗ്യദേവതയാണവരെന്നു സങ്കൽപ്പിച്ച് കളി നടക്കുന്നയിടത്ത് അവരെ ഇരുത്തുകയും ചെയ്യും, ദിയൊനീസിയോ.

പ്രതീക്ഷകൾ ഏറെയുണ്ടായിരുന്ന വിപ്ലവം വിജയിച്ചിട്ടു പോലും ദാരിദ്ര്യത്തിനോ ദുരിതങ്ങൾക്കോ യാതൊരു മാറ്റവും ഉണ്ടാക്കാനായില്ല. വറുതിയിൽ, ദരിദ്രജനതയ്ക്ക്, എല്ലാം മറന്നുല്ലസിക്കാനുള്ള കാര്‍ണിവലുകലാണ് പ്രതീക്ഷയും സന്തോഷവും. ലോട്ടറികൾ പോലെ, ഭാഗ്യം നിർണ്ണയിക്കുന്ന, ചുതുകളികളാണ് ആളുകളുടെ ഭാഗധേയം നിർണ്ണയിക്കുന്നത്. കാല്പനികമായ ഗാനങ്ങളാണ് ബെർനാർദയുടെ ബാൻഡ് അനുവാചകരെ രസിപ്പിക്കാനായി അവതരിപ്പിക്കുക. എന്നാൽ കൂട്ടിലടക്കപ്പെട്ടാൽ ഏതു വാനമ്പാടിയും ആ നിമിഷം മുതൽ മരിക്കുകയല്ലേ? ഉല്ലസിച്ച്‌ സ്വതന്ത്രയായി നടന്നിരുന്ന അവർ വിവാഹാനന്തരം നിഴലുപോലെയായിത്തീര്‍ന്ന് ഒടുക്കം ഒരൊച്ചയുമില്ലാതെ അണയുകയാണ് . അവരുടെ വിരസമായ ദാമ്പത്യത്തിൽ ഉണ്ടാവുന്ന ഒരേയൊരു മകളാവട്ടെ, ഒളിച്ചോടി, അമ്മയുടെ യൗവനത്തിലെന്നതുപോലെ, പാട്ടുകാരിയായി, ജിപ്സി ആയി മാറുകയുമാണ്.

വിപ്ലവാനന്തരം പ്രസക്തി നഷ്ടപ്പെട്ടുവെങ്കിലും പളളി അധികാരം പ്രകടിപ്പിക്കുന്നത്‌ ധനികനായിക്കഴിഞ്ഞ ദിയൊനീസിയോ അമ്മയ്ക്ക് യഥാവിധി ശവസംസ്കാരം നടത്താൻ ശ്രമിക്കുമ്പോഴാണ്. ജന്മനാ സിദ്ധിച്ച ദാരിദ്ര്യത്തെ മറികടക്കുവാൻ, അംഗവൈകല്യമുണ്ടായിട്ടു കൂടി, ധനസമ്പാദനത്തിലൂടെ, ദിയൊനീസിയോയ്ക്ക് ആവുന്നുണ്ട്; പക്ഷെ വളർന്ന ചുറ്റുപാടുകൾ, തന്നെക്കുറിച്ച് മറ്റുള്ളവർക്കുള്ള ഓർമ്മകൾ, മുൻവിധികൾ എന്നിവയെ അയാൾ എന്തു ചെയ്യും? നൈരാശ്യം രോഷമായും പ്രതികാരമായും മാറ്റിയിട്ടോ ആശിച്ചതെല്ലാം നേടിയിട്ടോ കാര്യമുണ്ടോ? സമ്പത്ത് മനുഷ്യനെ എങ്ങനെയെല്ലാം മാറ്റിത്തീര്‍ക്കും? നേടിയതെല്ലാം നഷ്ടപ്പെട്ടാലും ഉണ്ടായേക്കാവുന്ന ദു:ഖമോ നിരാശയോ ധനനഷ്ടം കൊണ്ടു മാത്രമായിരിക്കുമോ?

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്ന പഴഞ്ചൊല്ലു പോലെയാണ് കഥ വികസിക്കുന്നത്. മാജിക്കൽ റിയലിസം കഴിഞ്ഞ് റിയലിസ്റ്റിക് റിയലിസമൊക്കെ വായിച്ചു കഴിഞ്ഞ വായനക്കാരന് റൂൾഫോയുടെ നോവെല്ല പഥ്യമാവണമെന്നില്ല. പതിഞ്ഞ താളവും ഗഹനമായ ഫിലോസഫിയുമൊക്കെയുള്ള “പേദ്രോ പാരാമോ”യോ നാടോടിക്കഥകളുടെ ചുവയുള്ള ചെറുകഥകളോ പോലെയല്ല ‘ദി ഗോള്‍ഡന്‍ കോക്‌റല്‍’. ചെറുവാചകങ്ങളിൽ എഴുതപ്പെട്ട, കഥ പറയുന്നതുപോലുള്ള ആഖ്യാനരീതിയിലുള്ള, ഹൃദ്യമായ നോവെല്ലയ്ക്ക് 1957-ൽ എഴുതപ്പെട്ടതാണെന്നുള്ള പരിഗണന കൊടുക്കുകയാണെങ്കിൽ കഥയെയും പരിസരത്തയും താണ്ടി അത് കാലാതിവർത്തിയായി നിൽക്കുന്നതായി കാണാം.


ദി ഗോള്‍ഡന്‍ കോക്‌റല്‍ & അദർ റൈറ്റിംഗ്‌സ് 

ഹുആന്‍ റൂൾഫോ, ഡീപ്‌ വെലം പബ്ലിഷിങ് , ഡാലസ് , ടെക്സസ്, മെയ്‌ 2017.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook