എൻ്റെ കുട്ടിക്കാലത്തെ ഓണത്തിൻ്റെ ഓർമ്മകൾ ഒട്ടുമിക്കതും സങ്കടത്തിൻ്റെ മണമുള്ളതായിരുന്നു. അമ്മ കുഞ്ഞിലെ മരിച്ചതിനാലുള്ള ഏകാകിത്വം വള്ളിക്കളസവുമിട്ട് എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു.

പട്ടിണി ഒരു ബാധ പോലെ ഞങ്ങളുടെ വീട്ടിൽ കുടിപാർപ്പു തുടങ്ങിയിരുന്നു. വിശന്ന വയറിനുള്ളിൽ നിന്നു വരുന്ന മൂളക്കം കേട്ട് ഞാൻ ആ ഒച്ചകളോട് മറ്റാരും കേൾക്കാത്ത വിധം ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ട് നടന്നു.

സ്കൂൾ ഓണാവധിക്ക് പത്ത് ദിവസം മുടക്ക് കിട്ടുമ്പോൾ ഞാൻ മുളവ്കാട് താമസിക്കുന്ന അപ്പൻപെങ്ങൾ കുഞ്ഞേലിയമ്മായിയുടെ വീട്ടിലേക്കു പോകും. അവിടെ എനിക്കു കളിക്കൂട്ടുകാരനായി അമ്മായിയുടെ എളേ മകൻ എഫ്റേം ഉണ്ട്.  എന്നേക്കാളും മൂന്നു വയസിനിളയവനാണ് അവൻ.

പുഴയുടെ തീരത്താണ് അമ്മായിയുടെ വീട്. പുഴയായിരുന്നു എൻ്റെയും അവൻ്റേയും കളിസങ്കേതം. പുഴയ്ക്ക് മുകളിലൂടെ പാറിപ്പറക്കുന്ന പക്ഷികൾ, പുഴയിലൂടെ പോകുന്ന മീൻപിടുത്തക്കാരുടെ വഞ്ചികൾ, പലചരക്കു സാധനങ്ങളുമായിപ്പോകുന്ന കേവു വള്ളങ്ങൾ, ബാർജുകൾ ഇതൊക്കെ പുഴയോരക്കരയിലിരുന്ന് എണ്ണുകയെന്നതായിരുന്നു ആദ്യമൊക്കെ എൻ്റെ കൗതുകം.

പിന്നെ, എഫ്റേമിൻ്റെ കൂടെ മീൻ തപ്പിപിടിക്കലും ചൂണ്ടയിടലുമൊക്കെയായിരുന്നു എൻ്റെ കുട്ടിക്കാല സന്തോഷം.

മുളവുകാട് ഡിസ്പെൻസറി ജെട്ടിയിൽ ബോട്ടിറങ്ങുമ്പോൾ എത്രയും വേഗം എഫ്റേമിൻ്റെ വീട്ടിലേക്കെത്തുവാൻ എൻ്റെ കാലുകൾ മുന്നോട്ട് ഓടും. പൊന്നാരിമംഗലം പള്ളിക്കടുത്താണ് കുഞ്ഞേലിയമ്മായിയുടെ വീട്.

ആ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കണ്ടത്.

george joseph , story ,iemalayalam

ഉപ്പു കാറ്റേറ്റ് ചുവരുകൾ തെള്ളിയടർന്ന ഒരു പഴയ വീട്… ആ വീടിൻ്റെ അരമതിൽ തൂണിൽ  നീളമുള്ള ചങ്ങലയിൽ കാൽ ബന്ധിച്ചിട്ടിരിക്കുന്ന ഒരു ചേച്ചി. കെട്ടിവയ്ക്കാത്തതു കൊണ്ട് അവരുടെ മുടി പാറിപ്പറക്കുന്നുണ്ട്. മുഷിഞ്ഞ ഉടുപ്പാണ് ഉടുത്തിരിക്കുന്നതെങ്കിലും ആ ചേച്ചിയുടെ മുഖത്ത് സ്നേഹം കൂടുവെച്ച ഒരു ചിരി എപ്പോഴൂം മായാതെയുണ്ട്.

വള്ളിക്കളസമിട്ട നാലോയഞ്ചോ വയസ്സു തോന്നിക്കുന്ന ഒരു മോൻ അവരുടെ മടിയിൽ ഇരുന്ന് ഒരു ഓലപ്പീപ്പി ഊതുന്നു. ആ കാഴ്ച കണ്ടപ്പോൾ എനിക്കു സങ്കടമായി. ഞാൻ ഓർത്തു. എനിക്കൊരു അമ്മയില്ലല്ലോ മടിയിൽ ഇരുത്താൻ.

യാത്രയ്ക്കിടയിൽ ആ അമ്മയും മോനും മനസ്സിൽ പതിഞ്ഞു. പിന്നീടെപ്പോഴൊ ആ ചേച്ചിയെക്കുറി ച്ച് എഫ്റേമിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, ‘ആ ചേച്ചിക്ക് ഭ്രാന്താണ്.’

അന്നൊക്കെ കഥയെക്കുറിച്ച് സ്വപനം കാണാത്ത ഒരു കുട്ടിയായിരുന്നു ഞാൻ.

കാലങ്ങൾ ദേശാടന പക്ഷിയെപ്പോലെ വന്നും പോയുമിരുന്നു.

1980 ൽ ബാഗ്ലൂർ ധർമ്മാരാം കോളേജ് ഒരു മലയാള ചെറുകഥാ മത്സരം നടത്തുന്ന വാർത്ത ഞാൻ വായിച്ചറിഞ്ഞു. എനിക്കാ മത്സരത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമായി.

ഒരു ഓണ ദിവസം ഞാൻ ഉണർന്നത് അയൽപക്കത്തെ നളിനിചേച്ചിയുടെ ആർപ്പുവിളി കേട്ടാണ്. അതൊരു കഥയെഴുതാനുള്ള നിയോഗമായിരുന്നു.

കുട്ടിക്കാലത്ത് എഫ്റേമിൻ്റെ വീട്ടിലേക്കു പോയപ്പോൾ കണ്ട കാഴ്ച മനസിലേക്ക്‌ ആരോ ആവാഹിച്ചു വച്ചതു പോലെ. ആ അമ്മയും മോനും, ആ ഭ്രാന്തി ചേച്ചിയുടെ ചിരി…

അടുത്ത വീട്ടിലെ നളിനിചേച്ചിയുടെ ആർപ്പുവിളി…  മനസ്സിലേക്ക് കഥയെഴുതാനുള്ള ഒരു കുത്തിയൊഴുക്ക്. ഞാൻ മത്സരത്തിനയക്കാനുള്ള കഥയെഴുതുകയായി….

‘നനഞ്ഞ ചുവരുകൾ’

എഴുതിത്തീർത്തപ്പോൾ ആ കഥ മത്സരത്തിനയച്ചുകൊടുത്തു. അതിന് ഒന്നാം സമ്മാനം കിട്ടി. കഥയ്ക്കുള്ള എൻ്റെ  ആദ്യത്തെ സമ്മാനം. 40 വർഷം മുമ്പ് എഴുതിയ കഥ.

അക്കാലത്ത് ഡിസി ബുക്ക്സ് എല്ലാവർഷവും അതാത് വർഷങ്ങളിൽ എഴുതുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രഗൽഭരുടെ കഥകൾ ഇറക്കുമായിരുന്നു.

1982ൽ ജോൺ സാമുവൽ തെരഞ്ഞെടുത്ത് സമാഹരിച്ച കഥകളിൽ ടി പത്മനാഭൻ, എംടി, മാധവിക്കുട്ടി, പുനത്തിൽ, സേതു, മുകുന്ദൻ, ഒ വി വിജയൻ തുടങ്ങിയ നീണ്ട നിരയിൽ അവസാനത്തെ കഥ ജോർജ് ജോസഫ് കെ എന്ന എൻ്റേതായിരുന്നു.

പിന്നീടുള്ള 1985, 87, 90 വർഷങ്ങളിലും എൻ്റെ കഥ തിരഞ്ഞെടുത്തു. 82 സമാഹാരത്തിലെ എൻ്റെ കഥ വായിച്ച് കണ്ണൂ നനഞ്ഞ ഒരു കഥാകാരനുണ്ട്, മലയാള കഥയുടെ കുലപതി എന്ന് നാം വിശേഷിപ്പിക്കുന്ന ടി പത്മനാഭൻ.

കോവിലൻ്റെ മകളുടെ കല്യാണത്തിനാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തോടൊപ്പം, പ്രശസ്തനായ യുഎ ഖാദറിക്കയും ഉണ്ടായിരുന്നു.

സത്യത്തിൽ എൻ്റെ പടം മാത്രം കണ്ടിട്ടുള്ള പപ്പേട്ടൻ എന്നെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചിട്ട് ഖാദറിക്കയോട് ചോദിച്ചു. ‘ഖാദറേ… അനക്ക് ഇവനെ അറിയോ?’

ഖാദറിക്ക അപരിചിത ഭാവത്തിൽ എന്നെ നോക്കി. പപ്പേട്ടൻ പറഞ്ഞു. ‘ഈ ചെക്കൻ്റെ കഥ നീ വായിച്ചില്ലെങ്കിൽ വായിക്കണം. ആ കഥയിൽ വിശപ്പു കൊണ്ട് ചെങ്കൽ ചെളി നഖത്താൽ ചുരണ്ടിത്തിന്നുന്ന ഒരു അമ്മയുണ്ട്.’

അതു പറഞ്ഞപ്പോഴേക്കും പപ്പേട്ടൻ്റെ കണ്ണുകൾ നിറഞ്ഞു. തൊണ്ടയിൽ വാക്കുകൾ ഇടറി… പപ്പേട്ടന് ഇഷ്ടമായ ഈ കഥ മലയാളി വായനക്കാർക്ക് പുനർവായനയ്ക്കായി… 1982 ൽ വന്ന കഥ.

 ‘നനഞ്ഞ ചുവരുകൾ

അപ്പു, ആർപ്പുവിളി കേട്ടുണർന്നു. പേടി തോന്നിക്കുന്ന സ്വപ്നത്തിൻ്റെ നുറുങ്ങുകൾ മനസ്സിൽ ഇരുന്ന് ഇഴയുന്നു. എന്നും ആ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുകയാണ് പതിവ്.

അരണ്ട വെളിച്ചത്തിൽ ഒരോണപ്പുലരി കൂടി. മടുക്കുന്ന വിളർത്ത ഒരു പ്രഭാതം കൂടി. ഒരു ഉണർവ്വും തോന്നിയില്ല. കിടന്ന പായ തെറുക്കാതെ ചുവരിൽ ചാരി പുറത്തേക്കു നോക്കിയിരുന്നു. ചുവരിൽ മുതുക് മുട്ടിയപ്പോൾ ഞെട്ടിപ്പോയി. പാമ്പിൻ്റെ ഈർപ്പമുള്ള നാവ്, മുതുകിൽ നക്കി നുണയുന്നു.

തലയോടിനുള്ളിൽ സർപ്പക്കുഞ്ഞുങ്ങൾ വളരുന്നു. കണ്ണടച്ചാൽ കരിനാഗങ്ങൾ സർപ്പക്കാവിൽ നിന്നും ഇഴഞ്ഞു വരുന്നു. അപ്പുവിൻ്റെ വീടിനു മുന്നിൽ, അടിവശം പൊളിഞ്ഞു കിടക്കുന്ന വേലിക്കു പുറത്തു കൂടെ നളിനി ചേച്ചിയുടെ വെളുത്തു ചുവന്ന പാദസരം അണിഞ്ഞ കാലുകൾ.

ശാന്ത പറിച്ചു കൊണ്ടുവന്ന പൂക്കൾ കൊണ്ട് നളിനിച്ചേച്ചി മുറ്റത്ത് പൂക്കളം ഒരുക്കുന്നു.  വെള്ളതേച്ചിട്ടില്ലാത്ത ചുവര് മാന്തുന്ന ശബ്ദം. അവയ്ക്കൊപ്പം ഉയരുന്ന ചിരി.

നളിനിച്ചേച്ചിയും അവരുടെ ഭർത്താവ് മരിച്ചു കഴിയുമ്പോൾ ഇങ്ങനെ ചിരിക്കുമായിരിക്കും. അവരുടെ ചുവന്ന ഉപ്പൂറ്റിയും വിണ്ടു വെടിക്കീറി അഴുക്കു പിടിക്കുമായിരിക്കും. അപ്പോപ്പിന്നെ പാദസരമണിഞ്ഞാ ഒരു ഭംഗീണ്ടാവില്ല…

” അപ്പൂ, ന്നാ… ത് തിന്നോ, വെശക്കില്ലാ…”

വികൃതമായ നഖം വളർന്ന കൈവിരലുകളിൽ നിറയെ അഴുക്ക്.

ചുവരിലെ ചെങ്കൽ ചെളി വിരലിൽ ചുരണ്ടിയെടുത്തു നീട്ടുന്നു.

“അമ്മേ ത് തിന്നാമ്പാടില്ലാ…”

“ഉം, ന്താ തിന്നാല്?”

“ത്  തിന്നാമ്പാടില്ലാ…”

“ന്താന്നാ ചോയ്ച്ചേ?”

ദേഷ്യം കൊണ്ട് ചുവന്ന അമ്മയുടെ മുഖത്തേക്ക് അപ്പു നോക്കി. പിന്നെ ദീനതയാർന്ന മിഴിയോടെ ആ ചെളി ചുരണ്ടിയ ചുവരിലേക്കും നോക്കി. വെള്ളമൊഴിച്ച ചുവരുകൾ കുതിർന്നിരിക്കുന്നു. നഖം കൊണ്ട് നിരപ്പുകുഴിച്ച ‘ചെങ്കല്ലുകൾ.

george joseph , story ,iemalayalam

നളിനിച്ചേച്ചിക്ക് ചെങ്കല്ലു ചുരണ്ടാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. അവരുടെ വീട് വെള്ളതേച്ചതാണ്. എൻ്റെ അച്ഛൻ ഈ വീടിന് സിമൻ്റ് കൂട്ടി വെള്ളതേപ്പിക്കാഞ്ഞത് കഷ്ടമായിപ്പോയി.

എത്രയും വേഗം, നേരം കിട്ടുമ്പോൾ നളിനിച്ചേച്ചിയുടെ ഭർത്താവിനോട് പറയണം. വീട് വെള്ളതേച്ചില്ലങ്കിൽ… രാത്രി സർപ്പക്കാവു വഴി വരുമ്പോൾ വിഷം തീണ്ടി നളിനിചേച്ചിയുടെ ഭർത്താവും മരിച്ചാൽ അവരും ഭ്രാന്ത മായി ചിരിക്കും. കരയും. ചെങ്കല്ല് നഖം കൊണ്ട് ചുരണ്ടിത്തിന്നും. അങ്ങനെ ഭ്രാന്ത് പിടിച്ച് ഇതൊക്കെ ചെയ്യുമെന്ന് …

“ൻ്റപ്പൂന് ദ് വേണ്ടാന്ന് തോന്നണൂ. ഓണോയിട്ട് യ്ക്ക് ശ്ശിയായി. ന്നാപ്പൂ… ”

ചെങ്കൽച്ചെളി ചുരണ്ടിയ വിരലിലേക്ക് നോക്കാതിരിക്കാൻ വേലിയിൽ പടർന്നു കിടക്കുന്ന കോളാമ്പി പൂക്കളിലേക്ക് നോക്കിയിരുന്നു.

“ചെങ്കല്ലു ചുരണ്ടിത്തിന്നണ കാണുമ്പോല്ലാരും ചിരിക്കും. ൻ്റപ്പു മാത്രന്ത്യേയ് ചിരിക്കാത്തേ?”

അപ്പു ഒന്നും ശ്രദ്ധിക്കുന്നില്ലെന്നു കണ്ട്, ദേഷ്യത്തിൽ അടുത്തു കിടന്ന ചൂലിൽ നിന്നും ഈർക്കിലി ഊരിയെടുത്ത് അപ്പുവിനെ അവർ അടിച്ചു.അപ്പു അടിയേറ്റിട്ടും ചിരിച്ചുമില്ല. കരഞ്ഞുമില്ല.

ഓർമ്മ…

ശാന്തയുടെ പൂക്കൂട പൂക്കൾ കൊണ്ടു നിറഞ്ഞു കഴിഞ്ഞു. നിറയാത്ത തൻ്റെ പൂക്കൂടയിലേക്ക് നോക്കി വിഷമിച്ചു നിന്നു.

കയ്യെത്താത്ത ഒരു പൂങ്കുലമുകളിൽ… അച്ഛൻ അതു കണ്ട് അടുക്കലേക്കു വന്നു. കയ്യെത്തിച്ച് ആ പൂങ്കുല ഒടിച്ചു തന്നു. ശാന്തയേക്കാൾ അധികം പൂ തനിക്കായി.

പിന്നെയും ഈർക്കിൽ കൊണ്ടുള്ള അമ്മയുടെ അടി. അടിക്കുന്ന അമ്മയുടെ മുഖത്തേക്കു നോക്കി.

“ചിരിക്കെടാ… ചിരിക്കെടാപ്പൂ… ൻ്റെ പൊന്നുമോനല്ലേ..? നീ ചിരിക്കും വരെ ഞാന്തല്ലും. അല്ലേ ചിരിച്ചോ.”

അടിച്ചു കൊണ്ട് ചിരിക്കുന്ന അമ്മയുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. പഴയ കുറെ ഓർമ്മകൾ അവരുടെ കണ്ണുകളിൽ മാറാല കെട്ടിക്കിടക്കുന്നു. അവ ഓരോന്നായി അപ്പുവിൻ്റെ കുഞ്ഞു മനസിലൂടെ അഴിഞ്ഞു വീണു.

ഭസ്മം കൊണ്ട് വരക്കുറിയണിഞ്ഞ്, പുളിയിലക്കര പുടവയുടുത്ത് അമ്മ. തുമ്പിയെ പിടിക്കുമ്പോൾ പിറകിൽ കൂടി വന്ന് അറിയാതെ കണ്ണുപൊത്തി, ആരാന്ന് ചോദിച്ചപ്പോൾ കിലുങ്ങിയ പദസരം കേട്ട് ആളെ മനസിലായി.

സദ്യയൂട്ടിച്ച്, പാൽപ്പായസവും തന്ന് അമ്മ തിരുവാതിര കളിക്കാൻ പോകുമ്പോൾ തന്നെ എടുത്തു കൊണ്ടുപോയി മുത്തശ്ശിയുടെ മടിയിൽ ഇരുത്തും.

അമ്മയുടെ പാദസരമണിഞ്ഞ കാലുകൾ ചുവടുവയ്ക്കുന്ന ഭംഗിയും നോക്കി ഇരിക്കും.

ഇടയ്ക്ക് അഴിയാത്ത ഓർമ്മകൾ കടും കെട്ടായിത്തീരുന്നു.

സമയത്തിൻ്റെ കുഴഞ്ഞ കാലുകളിൽ ഉച്ചവെയിൽ മുകളിൽ ചാഞ്ഞുനിന്നു.

george joseph , story ,iemalayalam

വിശപ്പ്കൊണ്ട് വയറുമൂളി. നളിനിയേടത്തിയുടെ വീട്ടിൽ നിന്നും ഉണ്ടു വലിച്ചെറിഞ്ഞ എച്ചിൽ ഇലകൾ കാക്കകൾ കൊത്തിവലിക്കുന്നു. പായസത്തിൻ്റെ മണം മൂക്കിൽ വീശിയടിച്ചു.

കഴിഞ്ഞ വർഷം നളിനിയേടത്തിയുടെ അമ്മ വിളിച്ച് ചോറൂട്ടി, പായസം തന്നു. അന്നത്തെ രുചി …

നളിനിയേടത്തിയുടെ അമ്മയെ കാണാൻ ഇതുവരെ ആശുപത്രിയിൽ പോയില്ല. മുഷിഞ്ഞു കീറിയ ഉടുപ്പുകളുമിട്ട് എങ്ങനെ പോകാനാണ്?

ശാന്ത ഒരു പോത്തൻ ഗ്ലാസിൽ നിറഞ്ഞു വിതുമ്പിയ പായസവുമായി വന്നു.

“അപ്പുവെന്താ ചോറുണ്ണാൻ വരാഞ്ഞേ?”

ശാന്തയുടെ തിളങ്ങുന്ന പുത്തൻ മണമുള്ള ഉടുപ്പിലേക്കു നോക്കി. ഒന്നും മറുപടി പറയാൻ കഴിഞ്ഞില്ല.

“അപ്പു, കളി കാണാൻ വരുവോ? ദ് വാങ്ങപ്പൂ.”

അപ്പു പായസം ശാന്തയുടെ കയ്യിൽ നിന്നും വാങ്ങി. അവൾ പോയി.

പായസ ഗ്ലാസ് കണ്ടപ്പോൾ അമ്മയുടെ കണ്ണുകളിൽ ആർത്തി. കൊടുത്തില്ലങ്കിലോ എന്നോർത്ത് അവർ കരഞ്ഞു.

“അമ്മേന്തിനാ കരേണ?”

“നിക്ക് തരോപ്പു നീ പായസം?”

അപ്പു ചെറുതായൊന്നു ചിരിക്കാൻ ശ്രമിച്ചു. പായസ ഗ്ലാസ് ഒന്നു മൊത്തുക കൂടി ചെയ്യാതെ അമ്മയുടെ കയ്യിൽ കൊടുത്തു.

നിറഞ്ഞു വിതുമ്പിയ ഗ്ലാസിൽ നിന്നും അലപം തുളുമ്പി അവൻ്റെ വിരലിൽ വീണു. അപ്പോത്തന്നെ അമ്മ ആ വിരൽ പിടിച്ച് വായിൽ വെച്ചു ചപ്പി.

അമ്മ കുറച്ചു മൊത്തിയിട്ട് പായസം അവൻ്റെ നേരേ നീട്ടി. ഗ്ലാസിൽ മുക്കാൽ ഗ്ലാസോളം പായസം ബാക്കിയിരിക്കുന്നു.

“അമ്മ പാതി കുടിച്ചിട്ടു തന്നാൽ മതി.”

“തന്നില്ലേൽ അപ്പു കരയോ?”

അമ്മ അപ്പുവിൻ്റെ മുഖത്തു നോക്കി. ചിരിച്ചു കൊണ്ട് ഒരോമൊത്തും മൊത്തി. ചില്ലു ഗ്ലാസിലെ പായസം പകുതീം തീർന്നു.george joseph , story ,iemalayalam

“യ്ക്ക് ന്ന് ശ്ശി വെശപ്പുണ്ടപ്പൂ… ഇന്നീം തി ബാക്കീണ്ട്. തീർന്നിട്ടൊന്നൂല്ല്യ… ൻ്റപ്പൂ ഒട്ടും പേടിക്കണ്ട…”

അമ്മ പായസം പൂർണ്ണമായും കുടിച്ചു. എന്നിട്ട് ഗ്ലാസുകൊണ്ടുവന്ന് അപ്പുവിന് കൊടുത്തിട്ട് പറഞ്ഞു: “പായസം കഴിച്ച് ശ്ശിയായ്… സന്തോഷം കൊണ്ട് ചിരിച്ചോളൂ അപ്പൂ. തിരുവോണായിട്ട് കൈകൊട്ടിക്കള്യോ… അതോ, കോൽക്കള്യോ ന്താ വേണ്ടത്?”

അവർ നിലത്തു കുഴിച്ചിട്ടിരുന്ന പാദസരം തെരഞ്ഞെടുത്ത് കാലിൽ അണിഞ്ഞു.

അപ്പുവിനു ചുറ്റും ഓണപ്പാട്ടു പാടി നടന്നു ചുവടുവെച്ചു കളിക്കുമ്പോൾ അപ്പു വരണ്ട ചുണ്ട് നാവു കൊണ്ട് നക്കി നനച്ചു.

കത്തിജ്വലിക്കുന്ന സൂര്യൻ ഭൂഗോളത്തെ ഒരു കനലാക്കുകയായിരുന്നു. അപ്പുവിൻ്റെ ആമാശയത്തിനുള്ളിൽ നിന്നും കെടാതെ കിടന്ന വിശപ്പിൻ്റെ ഉമിത്തീ കത്തി ഉയർന്നു. അതിലെ ജ്വാലകൾ ശരീരത്തിലാകെ പടരുന്നു. പത്ത വാരിയെല്ലുകളെ മൂടിയ തൊലിപ്പുറം തുളച്ച് അവ പുറത്തേക്ക് കത്തിയൊഴുകുമെന്നും അമ്മയും താനും ഈ വീടും ആ ജ്വാലയിൽ പെട്ട് കത്തിച്ചാമ്പലാകുമെന്നും അപ്പു ഭയന്നു.

അമ്മയുടെ ഓണക്കളി നിലച്ചു. കാലിൽ നിന്നും പാദസരം അഴിച്ചെടുത്ത് അവർ വീണ്ടും മണ്ണിൽ കുഴിച്ചുമൂടി. അവർ അപ്പുവിൻ്റെ മുന്നിൽ ഇരിക്കുന്ന ഒഴിഞ്ഞ ഗ്ലാസിലേക്ക് നോക്കി. മോൻ്റെ വിശന്ന് ഒട്ടിക്കെടക്കുന്ന വയർ കണ്ട് പൊട്ടിക്കരഞ്ഞു.

അപ്പു, സന്ധ്യയുടെ കൊട്ടാരത്തിൻ്റെ പടിക്കൽ രഥം നിറുത്തി മാഞ്ഞു പോകുന്ന സൂര്യനെ നോക്കി നിർവികാരനായിരുന്നു. അതോടെ ഇരുട്ട് ആ വീട്ടിലേക്ക് ഒരു മറയായ് വീണു തുടങ്ങി.

അമ്മ, നിലത്തെ മണ്ണിൽ, പൊടിയിൽ കുഴഞ്ഞ് ചുരുണ്ടുകൂടിക്കിടന്നു.

ഇരുട്ട് അവർക്കു മേൽ ഭംഗിയുള്ള ഒരു പുതപ്പായിത്തീർന്നു. ഇരുട്ടിൽ അപ്പുവിൻ്റെ കൈവിരലുകൾ നനഞ്ഞ ചുവരിലെ ചെങ്കൽ ചെളി ചുരണ്ടി. ഇരുട്ട് അക്കാര്യം ആരേയും അറിയിച്ചില്ല.

അപ്പു ആ നനഞ്ഞ ചുവരുകൾക്കുള്ളിൽ ഒരു അചേതന വസ്തു മാത്രമായിത്തീർന്നു പിന്നെ.

Read More: ജോര്‍ജ് ജോസഫ്‌ കെ എഴുതിയ കുറിപ്പുകള്‍ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook