അവളുടെ
ഗർഭപാത്രത്തിന്റെ
ചുരം കയറുമ്പോൾ
സ്ഥിരം മൂത്രമൊഴിക്കാൻ മുട്ടുന്ന
അതേ വളവിൽ വെച്ച്,
എന്റെ
വെളുത്ത കാക്കകളെ
തുറന്നു വിട്ടു.

കയറി കയറി കാലുകൾ തളർന്നപ്പോൾ
അടുത്തുള്ള ചായക്കടയിലിറങ്ങി
ചായ കുടിച്ചു.
രണ്ട് വാക്കിൽ മൊരിഞ്ഞ
ചൂടുള്ള ഒരു കവിത
കടിച്ചു തിന്നു.
മുഖം കഴുകി കാറ്റിൽ തോർത്തി.
തേൻകായ പൊതിഞ്ഞെടുത്തു.

നടക്കുമ്പോൾ
അവളുടെ താഴ്‌വരയിലേയ്ക്ക്
എന്റെ പേൻകുരുന്നുകളെ
മേയാൻ വിട്ടു.

വെയിലിന്റെ
കാത്തിരിപ്പിലേയ്ക്ക്
മുടി പറത്തുമ്പോൾ
ഞാനവളുടെ
വന്യമായ ഗുഹയ്ക്കകത്തേയ്ക്ക്
കയറി വിരിയാറായ
പാമ്പിൻ മുട്ടകളിൽ
തല വെച്ച് കിടന്നു. rahul manappattu ,poem

രാത്രി
ഇരുട്ടിലൂടെ ചീറി വന്ന
മഴയെ കുടയുമ്പോൾ
എൺപതാമത്തെ ചുരത്തിൽ നിന്നും
അവളുടെ കൊക്കയിലേക്ക്
എടുത്ത് ചാടി.
ആഴമുള്ള മീൻ ചിറകുകൾ
ഇളക്കി കൂളിയിട്ടു.
വിശക്കുവോളം
ഞാനവളുടെ ദ്വീപിലെ
വെള്ളാരംകല്ലുകൾ പെറുക്കി.

പൂമ്പാറ്റകളുടെ
ചിറകുരിഞ്ഞ്‌
അവളുടെ പൂക്കാത്ത മരത്തിന്റെ
ഏർമാടത്തിൽ കിടന്ന്
ഒറ്റയോളം വലിപ്പമുള്ള
കറുത്ത കിളികളെ
ഗർഭം ധരിച്ചു.

ഒറ്റക്കണ്ണുള്ള വവ്വാലിന്റെ
കുപ്പായത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ കരച്ചിലുകളെ
ഉറക്കിക്കിടത്തി
ചുരമിറങ്ങുമ്പോൾ,
അവൾ ഗർഭപാത്രത്തിലേക്ക്
ഒരു കാട്ടുപുഴയെ തേവുകയായിരുന്നു.

അപ്പോൾ അവളുടെ
ഉൾവലിഞ്ഞ
കടലിൽ മുളച്ച
മരങ്ങളുടെ പടം പൊഴിച്ച്
ഞാൻ
എന്നിലേയ്ക്ക്‌
എന്നിലേയ്ക്ക് കയറി പോയി.

ഗർഭപാത്രത്തിന്റെ ഉള്ളിൽ
മരങ്ങളെ പാർപ്പിക്കുന്നവൾ
കാട്ട് പെണ്ണൊരുത്തി,
നീ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook