ഗാന്ധിജി കവിതകള്‍ എഴുതിയിട്ടില്ല, അല്ലെ –
ലീല എന്നോടു ചോദിച്ചു.

ഞങ്ങള്‍ വീട് മാറുകയായിരുന്നു.

ആദിമൂലം വരച്ച ഗാന്ധിജിയുടെ ചിത്രം ലീല
പുസ്തകങ്ങള്‍ വെച്ച പെട്ടിയിലേക്ക് വെയ്ക്കുകയായിരുന്നു
അവള്‍ ചിത്രം എന്റെ നേരെ പിടിച്ചു.

തല കുനിച്ചിരിക്കുന്ന വൃദ്ധന്റെ മുഖമാണ്, കവിയുടെ അല്ല.

ഗാന്ധിജി കവിതകള്‍ എഴുതിയിട്ടില്ല, ഞാന്‍ പറഞ്ഞു: ടാഗോര്‍ ഇക്ബാല്‍
സരോജിനി, കവികള്‍ക്കൊപ്പമുള്ള ചിത്രങ്ങളുണ്ട്

karunakaran, poem, vishnuram,

എന്നാല്‍ എല്ലാ രാത്രിയിലും കിടക്കുന്നതിനു മുമ്പേ എഴുതിയ ഡയറി
പിറ്റേന്ന് രാവിലെ ഒരു തവണ കൂടി വായിച്ച്
പാര്‍ത്തിരുന്ന മുറികളുടെയോ തടവിലിട്ട ജയിലുകളുടെയോ
യാത്ര ചെയ്ത തീവണ്ടിമുറികളുടെയോ അഴികള്‍ക്കിടയിലൂടെ
പുറത്തേക്ക്‌ നോക്കി വെറുതെ ഇരിക്കുന്ന ഗാന്ധിജിയെ
ആ സമയം കണ്ടപോലെ തോന്നി.

മേഘങ്ങളെ നോക്കിക്കൊണ്ട്. പക്ഷികളെ നോക്കിക്കൊണ്ട്.

ലീല ദീര്‍ഘമായി ശ്വസിച്ചു. ചിത്രം പെട്ടിയില്‍ വെച്ചു.

പുതിയ വീടിന്റെ ചായം എന്താണെന്നു ചോദിച്ചു
ഞാന്‍ നിറം പറഞ്ഞു. വെള്ള എന്നോ നീല എന്നോ
വേര്‍തിരിയാത്ത നിറം, ഇളകുന്ന
വെയില്‍ പോലെ കണ്ടു. ഒപ്പം

പുസ്തകങ്ങളോ ചിത്രമോ ഇല്ലാതെ ഒരു ഭിത്തി,

പ്രാര്‍ത്ഥനക്കും കൊലക്കുമിടയിലെ ഇടവേളയിലേക്ക് നടക്കുന്ന
ഒരു വൃദ്ധന്റെ കാലടിശബ്ദം, ചെവി വെച്ചു നോക്കൂ, കേള്‍ക്കാം എന്ന്
കാത്തു നില്‍ക്കുന്ന ഭിത്തി,

അതേ വെയിലിലോ അതോ കണ്ണിലോ

മാഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook