/indian-express-malayalam/media/media_files/uploads/2019/02/manoj-1.jpg)
''ഈ പ്രായത്തിലുള്ള കുട്ടികൾക്കാണെങ്കിൽ നല്ലത് ബിൽഡിങ് ബ്ലോക്കുകളാണ് സർ. കട്ടകൾ കോർത്തുവച്ച് വീടുകൾ, ഫ്ലാറ്റുകൾ, പാലങ്ങൾ ഒക്കെ പണിയുന്നത് അവരുടെ ബ്രെയിൻ ഡവലപ്മെന്റിന് വളരെ ഹെൽപ് ഫുൾ ആയിരിക്കും"
കടക്കാരൻ വിവിധ മോഡലുകളിലുള്ള നിർമ്മാണ കളിപ്പാട്ടങ്ങളുടെ പെട്ടികളെടുത്ത് മുന്നിൽ വച്ചു. മഞ്ഞയും പച്ചയും ചുമപ്പും നിറങ്ങളിലുള്ള കട്ടകൾ കോർത്ത് ആദ്യമൊരു ആറുനില വീടും പിന്നൊരു പള്ളിയും ഉണ്ടാക്കിക്കാണിച്ചു.
"ഇതു പോലൊരെണ്ണം വീട്ടിലുള്ളതാ. ക്രിസ്റ്റിക്കതിനോടൊന്നും വല്യ താൽപ്പര്യം പോരാ"
ജോൺസൺ ആ പുതിയ കളിപ്പാട്ടക്കടയിലെ അലമാരയുടെ നിറവിലേയ്ക്ക് കണ്ണുകളെ കൗതുകത്തോടെ അലയാൻ വിട്ടുകൊണ്ട് പറഞ്ഞു.
"എന്നാലീ സ്പീക്കിങ് ടോർട്ടോയിസ് എടുക്കാം സാർ. നല്ലതാണ്. അഞ്ഞൂറോളം ഇൻ ബിൽറ്റ് കഥകളും പാട്ടുകളുമുണ്ടതിൽ. ആമയുടെ മേലുള്ള ഈ ബട്ടണുകൾ മാറിമാറി ഞെക്കി ഇഷ്ടമുള്ളത് കേൾക്കാം. കേട്ടു പഠിക്കാം. കുഞ്ഞിന് ഒപ്പം കളിക്കാൻ ഒരു കൂട്ടുകാരനേം കിട്ടും. പിന്നെ നമുക്കും വല്ല കഥയോ പാട്ടോ റൈംസോ ഒക്കെയിതിൽ റെക്കോർഡ് ചെയ്ത് വയ്ക്കേം ചെയ്യാം. നല്ല മൂവ്മെന്റുള്ള ഐറ്റമാണു സർ."
കടക്കാരൻ ആമത്തോടിനു മുകളിലെ 'J' എന്ന ബട്ടൺ ഞെക്കിയപ്പോൾ ആമ തല പതിയെ പുറത്തേക്കിട്ട് 'ജോണി ജോണി യെസ് പപ്പ' പാടി. പാടിക്കഴിഞ്ഞപ്പോൾ തല താനേ അകത്തേയ്ക്കു കയറിപ്പോയി. 'T' ബട്ടൺ ഞെക്കിയപ്പോൾ വീണ്ടും തല കാണിച്ച്, 'ട്വിങ്കിൾ ട്വിങ്കിൾ' പാടി. ആമ 'ജനഗണമന' പാടുന്നേരം പള്ളിയിലെ അൾത്താര പോലലങ്കരിച്ച അലമാരയുടെ വലത്തേ മൂലയിൽ ക്രിസ്റ്റി അവന്റെ കളിപ്പാട്ടം കണ്ടെത്തി.
"എനിക്ക് ദേ അതുമതി പപ്പാ."
ജോൺസണും കടക്കാരനും ഒരേ വേഗത്തിൽ അങ്ങോട്ടു നോക്കി. കടക്കാരൻ ഉടനേ ക്രിസ്റ്റി ചൂണ്ടിയ പെട്ടിയെടുത്ത് മേശപ്പുറത്തു വച്ചു.
"ഇതെന്താണ്, കർത്താവോ!?" ജോൺസൺ അതിശയിച്ചു.
"ഇതൊരു സിമ്പിൾ സാധനമാണ് സർ. കുറച്ചൂടി ചെറിയ കുട്ടികൾക്ക് പറ്റിയതാ. ഈ തടിക്കഷ്ണങ്ങൾ അസമ്പിൾ ചെയ്ത് കുരിശാക്കണം. ശേഷം കർത്താവിന്റെ ഈ രൂപം കൃത്യമായി പ്ലേസ് ചെയ്ത് കൈയും കാലും കുരിശിലേയ്ക്ക് സ്ക്രൂ ചെയ്യണം. അത്രേള്ളൂ. ഓരോ ആണി കയറുമ്പോഴും പാവ വേദനകൊണ്ടെന്ന പോലെ ഞരങ്ങും. ശബ്ദമുണ്ടാക്കും. വീണ്ടും ഡിസ് അസമ്പിൾ ചെയ്ത് ഇതുതന്നെ റിപ്പീറ്റ് ചെയ്ത് കളിക്കാം. അത്ര ചലഞ്ചിംഗൊന്നുമല്ല."
ജോൺസൺ ആ കളിപ്പാട്ടത്തെ അത്ഭുതത്തോടെയും ഭക്തിയോടെയും നോക്കി നിന്നു.
"പപ്പാ.. ഇതുമതി ഇതുമതി" ക്രിസ്റ്റി ജോൺസന്റെ കൈകളിൽ തൂങ്ങിക്കൊണ്ട് ചിണുങ്ങി.
വീട്ടിൽ തിരിച്ചെത്തിയയുടനേ തന്നെ ക്രിസ്റ്റി അക്ഷമനായി ആ കളിപ്പാട്ടപ്പെട്ടി പൊട്ടിക്കാൻ തുനിഞ്ഞതാണ്. പക്ഷെ ലൂസി പെട്ടി കൈക്കലാക്കി ശരീരത്തിന്റെ പുറകിലൊളിപ്പിച്ചുകൊണ്ട് പറഞ്ഞു,
"ഫസ്റ്റ് ഗോ ആന്റ് ഹേവ് ബാത്ത്. ദെൻ ഡിന്നർ. അതും കഴിഞ്ഞ്, നന്മനിറഞ്ഞ മറിയം തെറ്റാതെ ഒരുവട്ടമെങ്കിലും ചൊല്ലിക്കേൾപ്പിക്കുമ്പൊഴേ ഇത് തരൂ.."
"ഐ വാണ്ട് മൈ ക്രൈസ്റ്റ് നൗ" ക്രിസ്റ്റി നിലത്തു കിടന്നുരുണ്ട് കരഞ്ഞു.
''ശബ്ദമുണ്ടാക്കി കുഞ്ഞിനെയുണർത്തിയാ, ഐ വിൽ കിക്ക് യു ഔട്ട്. കേട്ടല്ലോ.. കരയണേൽ വെളീൽപ്പോയിരുന്ന് കരഞ്ഞോണം!'' ലൂസി ക്രിസ്റ്റിക്ക് മുന്നിൽ നിന്ന് വിറച്ചു.
അന്ന്, പതിനെട്ടാമത്തെ ശ്രമത്തിൽ മാത്രമാണ് ക്രിസ്റ്റിക്ക് നന്മനിറഞ്ഞ മറിയം തെറ്റാതെ പറയാൻ പറ്റിയത്. അതിനുശേഷമാണവന് കളിക്കാനായി അവന്റെ കർത്താവിനെ കിട്ടിയതും.
കുരിശിത്തറയ്ക്കുന്ന കളി ക്രിസ്റ്റിയ്ക്കു ഒരു കുലത്തൊഴിൽ പോലെ ലളിതവേലയായിരുന്നു. വളരെയെളുപ്പത്തിൽ അവൻ ആ നാലു തടിക്കഷ്ണങ്ങളെ ചേർത്ത് രണ്ടടി നീളമുള്ള കുരിശുണ്ടാക്കി. പീഡിതനും പരിക്ഷീണനുമായ ക്രിസ്തുവിന്റെ ഒരു തോൽപ്പാവ പോലുള്ള ദേഹത്തെ സൂക്ഷ്മതയോടെ അവൻ കുരിശിലേയ്ക്കെടുത്തു വച്ചു. കാൽപാദങ്ങൾ ചേർത്തുവച്ച് തിരിപ്പുളി കൊണ്ട് ആദ്യ സ്ക്രൂ തിരുകിക്കയറ്റി. പാവ ക്രിസ്തു ഒന്നു ഞരങ്ങി. രണ്ടാമത്തെയും മൂന്നാമത്തെയും ആണികൾ കൈപ്പത്തികളിലുള്ള പഴുതുകളിലൂടെ തിരുകി, ക്രിസ്റ്റി തന്റെ ക്രിസ്തുവിനെ ഭദ്രമായി കുരിശിലുറപ്പിച്ചു. കുരിശിൽ തറഞ്ഞ് ചുമരിൽ ചാരി നിൽക്കുന്ന ക്രിസ്തുവിനെ കണ്ടപ്പോൾ ക്രിസ്റ്റിയ്ക്ക് ഒരു ദീർഘകാല ശത്രുവിനെ നിരുപാധികം ജയിച്ച സന്തോഷം തോന്നി.
പക്ഷെ ആ പെട്ടിക്കുള്ളിൽ കുറച്ച് സ്ക്രൂകൾ അധികമായുണ്ടായിരുന്നു. ഒരു ക്രിസ്തുവിന് മൂന്ന് സ്ക്രൂ തന്നെ ധാരാളമാണല്ലോ! ഈ അധികമുള്ള സ്ക്രൂവിൽ താനിനിയാരെ തറയ്ക്കണമെന്നാലോചിച്ച് ക്രിസ്റ്റി ആശങ്കാകുലനായി. അവൻ പിന്നെയും 'നന്മ നിറഞ്ഞ മറിയം' ചൊല്ലാൻ തുടങ്ങി. ഇടയ്ക്കു തെറ്റുമ്പോൾ, 'എന്റീശോ!' എന്നുപറഞ്ഞ് ആദ്യം മുതൽക്കേ വീണ്ടും ചൊല്ലി.
അന്നു രാത്രിയിലാ വീട്ടിൽ എന്റീശോയെന്നും എന്റെ കർത്താവേന്നും വിളിച്ചുള്ള അലമുറകളുടെ ഘോഷയാത്ര തന്നെ നടന്നു. ശേഷം രണ്ടടിമാത്രം നീളമുള്ള ഒരു കുഞ്ഞു ശവപ്പെട്ടിയിൽ ഉണ്ണീശോയെ എല്ലാവരും ചേർന്ന് പള്ളിപ്പറമ്പിലേക്ക് കൊണ്ടുപോയി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.