പുലര്‍ച്ചയുടെ വിജനതയിലേക്ക് പരമാവധി വേഗത്തില്‍ ജീപ്പോടിച്ചു കയറ്റിയ ഐത്തപ്പന്‍റെ മുന്നിലേക്ക് നിലവിളി പോലെ വന്നു വീഴുകയായിരുന്നു ഫിലിപ്പ്. ഹെഡ് ലൈറ്റിന്‍റെ കട്ടിവെളിച്ചത്തില്‍ അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചിരുന്നു.ഇപ്പ തവള ചതയുന്നത് പോലെ ചതഞ്ഞേനല്ലോ സോജറു1ബോളിമകനേ2 എന്ന്‍ തെറിവിളിച്ചു കൊണ്ട് ഐത്തപ്പന്‍ ബ്രേക്കില്‍ ചവിട്ടി.അതിന്‍റെ ശരീരഭാഗങ്ങള്‍ ഇളകി തെറിക്കുമോ എന്ന് തോന്നിപ്പിക്കും വിധം കുലുക്കത്തോടെ ജീപ്പ് അലറിവിളിച്ചു കൊണ്ട് നിന്നു.മൂത്രപ്പുരയുടെ മുന്‍പില്‍ ഒരുത്തന്‍ ചത്തുകിടക്കുന്നു എന്ന് ഫിലിപ്പ് പറഞ്ഞപ്പോള്‍ മത്ത് തലയ്ക്കുകയറിയ ആരെങ്കിലും വീണു കിടക്കുന്നതായിരിക്കും എന്ന് ഉറപ്പിച്ച് അയാള്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തി മുറിഞ്ഞ വേഗത തിരിച്ചു പിടിച്ചു.

ഫിലിപ്പ് എല്ലായ്പ്പോഴും എന്ന പോലെ ലഹരിയുടെ കനംതൂക്കത്തോടെ നിസ്സഹായനായി വഴിവക്കില്‍ നിന്നു.ഈശ്വരമംഗലയില്‍ നിന്നും മുടങ്ങാതെ എത്തുന്ന ’ജോണ്‍ബുള്‍’ എന്ന വിലകുറഞ്ഞ മദ്യക്കുപ്പികളില്‍ നിന്നും കുടലുകളിലേക്ക് തീപടര്‍ത്തുന്നതിനുള്ള സ്വസ്ഥമായ ഇടം എന്ന് മദ്യപാനികള്‍ ആ സ്ഥലത്തെ മാറ്റിയെടുത്തിരുന്നു.ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുടെ കൂമ്പാരത്തിനടുത്ത് നെഞ്ചിലൂടെ തൂക്കിയിട്ടിരുന്ന കറുത്ത ബാഗ് അതേപടി നിലനിര്‍ത്തിക്കിടന്ന ആ ജഡത്തിന്‍റെ വിലകൂടിയ തുകല്‍കാലുറകളും ബാഗും ഗാളിമുഖയ്ക്ക് അയാളെ അജ്ഞാതനാക്കി. തലേന്ന് രാത്രി മുഴുവന്‍ അത് അവിടെ കിടന്നിരിക്കണം. അവിടുത്തെ ചുവന്ന മണ്ണില്‍ കുഴയും വരെ മഴ നനഞ്ഞിട്ടുണ്ട്. സുള്ള്യയിലെക്കോ മൈസൂരിലേക്കോ ഉള്ള യാത്രക്കാര്‍ക്ക് വേണ്ടി പഞ്ചായത്ത് നിര്‍മ്മിച്ച ഗ്രാമീണ ശൗചാലയത്തിനു പുറത്ത് കമഴന്ന് മുഖം മണ്ണിലേക്ക് കുത്തി മറിഞ്ഞ തോണി പോലെ അത് കിടന്നു.

kn prasanth, malayalam short story, vishunuram, galimukha

ഉദിച്ചു വന്ന വെളിച്ചത്തിനൊപ്പം ഗാളിമുഖയില്‍ അത് വാര്‍ത്തയായി .സത്യമറിയാന്‍ ഓടിക്കിതച്ചെത്തിയവര്‍ കണ്ടത് സ്ഥലത്തെ പ്രധാന മദ്യപാനിയായ ഫിലിപ്പ് മൃതദേഹതിനടുത്ത് നിന്ന് പ്രസംഗിക്കുന്നതാണ് ഭരണകൂടഭീകരതയെയും നിരപരാധികളുടെ കൊലപാതകത്തെയും കുറിച്ചാണ് അയാള്‍ പറഞ്ഞതെന്നും അതല്ല പഴയ നിയമത്തിലെ ആദമിന്‍റെ മക്കളായ ആബേലിന്‍റെയും കായീന്‍റെയും കഥകയാണ് പറഞ്ഞതെന്നും “ഞാന്‍ എന്‍റെ സഹോദരന്‍റെ കാവലാളല്ല” എന്ന ഭാഗം ഉറക്കെ വിളിച്ച് പറഞ്ഞിരുന്നു എന്നും അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികളും മറ്റു മതസ്ഥരും തമ്മില്‍ അഭിപ്രായത്യാസം ഉണ്ടായി.തോര്‍ന്നെങ്കിലും അടുത്ത മഴയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ആകാശത്തേയ്ക്ക് മുഷ്ടിചുരുട്ടിക്കൊണ്ട് അയാള്‍ പ്രസംഗിച്ചു.വിശുദ്ധനു ചുറ്റും പ്രകാശവലയം എന്ന പോലെ ലഹരി അയാള്‍ക്ക് ചുറ്റും പ്രസരിച്ചു.എഴുപതുകളില്‍ അയാള്‍ തീവ്രാശയങ്ങളുടെ പിറകെയായിരുന്നത്രേ.അതല്ല മുതലാളിയായ അയാളുടെ അപ്പനെയും തന്നെയും നക്സലുകള്‍ ആക്രമിക്കുമോ എന്ന് പേടിച്ച് നക്സലായി അഭിനയിച്ചതാണെന്നും കഥയുണ്ട്.അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാളുടെ മുന്‍തലമുറ തെക്കുനിന്നും ഗാളിമുഖയുടെ വളക്കൂറുള്ള മണ്ണിലേക്ക് പുഴകളും കുന്നുകളും കടന്ന് വന്നിരുന്നു. വിപ്ലവം എന്നത് നടക്കാത്ത മനോഹരസ്വപ്നമാണെന്ന തിരിച്ചറിവ് കൊണ്ടാണോ അതോ പ്രേമിച്ച പെണ്ണ്‍ മറ്റൊരാളെ കെട്ടിയത് കൊണ്ടാണോ അപ്പനായിട്ടുണ്ടാക്കിയത് ധൂര്‍ത്തടിക്കാന്‍ വേണ്ടിയാണോ എന്നറിയില്ല ഫിലിപ്പ് കൊട്ടവാപ്പള്ളി എന്ന അയാള്‍ ഗാളിമുഖയിലെ മികച്ച മദ്യപാനിയും കവലപ്രാസംഗികനും ആയി. ബോധമില്ലായ്മയുടെ കുന്നുകളില്‍ നിന്ന് അയാള്‍ ആ ഗ്രാമത്തിലെ കര്‍ഷകരെയോ നിരാശരായ കാമുകരെയോ അഭിമുഖീകരിച്ചു. തങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളായി അയാളെ അന്നാട്ടിലെ ക്രിസ്ത്യാനികള്‍ പോലും കണ്ടില്ല.അയാളുടെ തിരുവിതാംകൂര്‍ മൊഴി കന്നഡികര്‍ക്കും തുളുവര്‍ക്കും ഒരു വാക്കുപോലും തിരിഞ്ഞില്ല.അതിനാല്‍ തന്നെ അയാള്‍ പറയുന്നതിന് ഗാളിമുഖയിലെ മദ്യപര്‍പോലും ചെവികൊടുത്തില്ല.അയാള്‍ നില്‍ക്കുന്നിടത്തിനു പിറകിലായി ആ ശവശരീരം അനാഥമായി കിടന്നു.വന്നവര്‍ വന്നവര്‍ ആകാശം പൊട്ടിപ്പൊളിഞ്ഞു പെയ്യും വരെ അതിനു ചുറ്റും നിന്നു.
.
അന്നേ ദിവസം ഗാളിമുഖ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കവലയിലെ കടകളിലും പീടിക കോലായകളിലും കുന്നുകളിലുള്ള തങ്ങളുടെ വീടുകളിലും ചുട്ട ചക്കക്കുരുവും കട്ടന്‍ചായയും കഴിച്ചും വാട്സാപ്പ് സന്ദേശങ്ങളില്‍ തലപൂഴ്ത്തിയും ചുവന്ന മദ്യഗ്ലാസുകളില്‍ തെളിമഴവെള്ളം നിറച്ച് നുണഞ്ഞും നേരം കഴിച്ചു.മൂത്രനാറ്റത്തിന്‍റെ രൂക്ഷതയ്ക്കു നടുവില്‍ എങ്ങനെ ഇതുപോലൊരാള്‍ വന്നു മണ്ണടിഞ്ഞു എന്ന് ചിന്തിച്ച് അവര്‍ വെളിപാടിനായി കാത്തിരുന്നു.

kn prasanth, malayalm short story, vishnuram, galimukha,

“ചെല്ലപ്പം ബ്രാണ്ടീരെ മണം പ്ട്ച്ച് വന്നതാരിക്കും”മുറുക്കാന്‍ ചവച്ച്,അരയില്‍ കെട്ടിയ തോര്‍ത്തഴിച്ച് തലയിലിട്ടു കൊണ്ട് കിട്ടണ്ണ പറഞ്ഞു.പീടികത്തിണ്ണകളെ ആര്‍ത്തു ചിരിപ്പിക്കുന്ന അയാളുടെ തമാശയ്ക്ക് പക്ഷെ ഇന്ന് ആരും ചെവി കൊടുത്തില്ല.ഗാളിമുഖയിലെ ഓരോ വീടും കുടപിടിച്ചും നനഞ്ഞു കുതിര്‍ന്നും ചെമ്മണ്‍ ഇടവഴികളിലൂടെ കവലയിലേക്ക് കുന്നിറങ്ങി.നനഞ്ഞ കോഴികളെ ഓര്‍മ്മിച്ച് അവര്‍ കടത്തിണ്ണകളില്‍ കയറി നിന്നു.അവരുടെ മുറുക്കാന്‍ തുപ്പലുകള്‍ ഇറവെള്ളത്തെ ചുവപ്പിച്ചു.
ആദൂര്‍ സ്റ്റേഷനിലെ യുവാക്കളായ ആ രണ്ടു പോലീസുകാര്‍ എത്തുമ്പോഴേക്കും വാട്സാപ്പിലും ഫേസ്ബുക്കിലും ഉള്ള സകല ഗാളിമുഖക്കാരും മത്സരിച്ച് തല്‍സമയ വാര്‍ത്ത നല്‍കി നാടുമുഴുവന്‍ അറിയിച്ചിരുന്നു.പഞ്ചായത്ത് മെമ്പര്‍ രൈരു നായര്‍ അവരെ ചായ കഴിക്കാന്‍ ക്ഷണിച്ചെങ്കിലും അവര്‍ “ഇപ്പൊ വേണ്ട എസ്ഐ കാസര്‍കോട് ഒരു മീറ്റിങ്ങിലാ വേഗം എത്തും”എന്നും പറഞ്ഞ് അലിഞ്ഞു ചേര്‍ന്ന അമ്ലഗന്ധങ്ങള്‍ക്ക് നടുവില്‍ വിഷാദമുഖരായി നിന്നു.തുറന്നു പിടിച്ച കുടകള്‍ക്കുള്ളില്‍ ഒരു വലിയ ഈച്ച അവരിലൊരാളെ ശല്യം ചെയ്യാന്‍ തുടങ്ങി.പിന്നീട് അത് മറ്റേയാളുടെ കഴുത്തില്‍ ചെന്നിരുന്നു.നിരന്തരമായ മുഖവടിപ്പുകള്‍ കാരണം അയാളുടെ താടി പച്ച നിറത്തിലായിരുന്നു.ഒന്നാമന്‍ ഒറ്റയടിക്ക് അതിനെ ചതച്ചു.”ഇത് കടിച്ചാ ഭയങ്കര വേദനയാ” അടി കിട്ടിയവന്‍ അടിച്ചവനോട് പറഞ്ഞു.”ഈന നമ്മള് പോന്ത എന്നാ പറയ്വാ.”അടിച്ചവന്‍ ശവത്തിനു ചുറ്റും പടര്‍ന്നു കിടക്കുന്ന ഇളം ചുവപ്പ് നിറത്തില്‍ കണ്ണോടിച്ച്,കടും പച്ച കുന്നുകളില്‍ നിന്നും താഴോട്ട് പെയ്തിറങ്ങുന്ന മഴയിലേക്ക് അലിഞ്ഞില്ലാതാവാന്‍ കൊതിയുള്ളതുപോലെ, വിഷാദഭാവത്തില്‍ നിന്നു.
മണ്ണില്‍ പൂണ്ടതാണെങ്കിലും മൃതദേഹത്തിന്‍റെ വളരെ അടുത്തുനിന്നുള്ള ദൃശ്യങ്ങള്‍ വട്സാപ്പുകളില്‍ സാമ്യമുള്ളയാളെ കണ്ടെത്തുക എന്ന തലക്കെട്ടോടെ കൈമാറപ്പെട്ടു.അവര്‍ അജ്ഞാതമായ ആ ശരീരത്തിനു മുകളില്‍ പലരുടെയും മുഖങ്ങള്‍ വരച്ചു നോക്കി.”പണ്ട് നമ്മളെ കുറി3 മുക്കീറ്റ് പോയ ത്യാംപണ്ണ നായ്ക്കനാരിക്വാ?” കുന്നുകള്‍ തുരന്നു സുരംഗങ്ങള്‍ എന്ന ജല ഗുഹകള്‍ ഉണ്ടാക്കുന്ന ചന്തു നായര്‍ ഇബ്രാഹിമിന്‍റെ ചായക്കടയിലെ ബഞ്ചില്‍ താളമിട്ട്‌ ചോദിച്ചു.”ഏയ്‌ ഓറു തോണ്ടനായിറ്റ്ണ്ടാവും ഇത് ഏതോ ബാല്യക്കാരനാ”ചായക്കടയ്ക്ക് അവധിയാണെങ്കിലും അവിടെ കൂടിയവര്‍ക്ക് കട്ടന്‍ ചായകൂട്ടിക്കൊണ്ട് ഇബ്രാഹിം പറഞ്ഞു.”അല്ലാ ഇത് നമ്മളെ കൊറോന്‍ അങ്കരേന്‍റെ മോനായിപ്പോയാ?പണ്ട് സുള്ളിയത്ത് കോളേജില് പഠിക്കുമ്പോ കാണാതായ ചെക്കന്‍” അങ്കരയുടെ മകനായിരുന്നു ഗാളിമുഖയില്‍ നിന്നും ആദ്യമായി സുള്ളിയയില്‍ പഠിക്കാന്‍ പോയ കൊറഗസമുദായാംഗം.പക്ഷെ മൂന്നാം വര്‍ഷം അവനെ കാണാതായി.വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി എന്നാണ് അധികൃതര്‍ അറിയിച്ചത്.”നമ്മ കൊറഗര്‍ക്കു ഒരേ ജാഗ പ്ടിക്കൂല ഊര് ചുറ്റാനാ തലവിധി,എല്ലാം ദേവറാട്ടം4”അങ്കര സ്വയം സമാധാനിച്ചു.പിന്നെ അവനേയും മറ്റുപലരെയും എന്ന പോലെ ഗാളിമുഖ മറന്നു.

”ഏയ്‌ കൊറോന്‍ ചെക്കന്‍ ഇത്ര നീളും വണ്ണോം ഇണ്ടാ? ഇത് ഓനോന്ന്വല്ല.”

”പിന്നെ ആരാ?”

“ആരാ?..” ആ ചോദ്യമാണ് ഗാളിമുഖ മുഴുവന്‍

”ഇത് വേറാരും അല്ല നിങ്ങോ ഓന്‍റെ തടി കണ്ട്വാ?ഓന്‍റെ ബൂട്ടും കോട്ടും നോക്കീനാ?ഇത് ശാദുലിയാന്ന്” അജ്ഞാതശവം കാരണം ഒരു ദിവസത്തെ കച്ചോടം പോയ ദേഷ്യം പരസ്യമായി പ്രകടിപ്പിച്ച് നാമദേവഷേണായി പറഞ്ഞു.

”ഓന്‍റെ മൂക്കാതെ പൗത്ത നാരങ്ങ്യും ആപ്പ്‌ളും മേണിച്ച് വിത്ങ്ങീറ്റെ-5   നീയെല്ലം?”ഷേണായി കത്തിക്കയറി.സീസണില്‍ മൈസൂരില്‍ നിന്നും പഴങ്ങള്‍ കൊണ്ടുവന്നു കവലയില്‍ വച്ച് വില്‍ക്കാറുള്ള ശാദുലിയെ ഷേണായി എതിരാളിയായിട്ടാണ് കണ്ടിരുന്നത്.ശാദുലി വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ചിരിക്കുന്ന മുഖത്തോടെ പാതയോരത്ത് പഴങ്ങള്‍ വിറ്റു.അപ്പൊഴോക്കെ ദുര്‍മുഖനായ ഷേണായിയുടെ കട ആളുകള്‍ കണ്ടില്ലെന്നു നടിച്ചു.”മഴക്കാലത്ത് ഓന്‍ മങ്ങലാരത്ത് പണിക്ക് പോന്നതല്ലേ?”തെങ്ങുകയറ്റക്കാരന്‍ കുട്ട്യന്‍ ഷേണായിയോടുള്ള അനിഷ്ടം മറച്ചുവച്ചു കൊണ്ട് ചോദിച്ചു.

”അതെ മങ്ങലാപൊരത്തെന്നെ ആട ഓന് എന്ത്‌ന്നു പണി?പറ? ആരിക്കും അറീല! അധോലോകംന്ന് കേട്ടിനാ കുട്ട്യാ നീ?.ഇല്ലെങ്കില് കേട്ടോ കൊത്തും മുറിയും കൊല്ലും കൊലേം നടത്തുന്ന കൂട്ട്‌റാ.കൊന്ന് കൊണ്ടിട്ടതാരിക്കും. ആരിക്കറിയാ?”

ഷേണായിയുടെ തീര്‍പ്പിനെ തുടര്‍ന്ന്‍ സ്വതവേ സന്ദേഹികളായ ഗാളിമുഖക്കാരില്‍ ശാദുലിയെ പ്രതി സംശയമുണര്‍ന്നു.സീസണില്‍ പഴങ്ങളുമായി വരുന്ന അയാള്‍ മറ്റുള്ള സമയങ്ങളില്‍ എവിടെ പോകുന്നു? മംഗലാപുരത്ത് അയാള്‍ക്ക് എന്താ പണി?സുറുമിയെ പോലെ സുന്ദരിയും മിടുക്കിയുമായ ഭാര്യയും മക്കളും ഉള്ളപ്പോ അയാളെന്തിനാ പുറം നാട്ടില്‍ പോയി കിടക്കുന്നു?ശരീരംകൊണ്ട് ശവത്തിന് അയാളുമായി സാമ്യമുണ്ടെന്ന് വാട്സാപ്പ് മെസേജുകള്‍ കണ്ടു പിടിച്ചു.തന്‍റെ അപ്പനെയും കൊണ്ട് ഡയാലിസിസിനു മംഗലാപുരത്ത് പോയപ്പോള്‍ ഒരു തവണ ഇതു പോലുള്ള വസ്ത്രങ്ങളും ഷൂവും ധരിച്ച് ഒരു വലിയ മോട്ടോര്‍സൈക്കിളില്‍ ശാദുലി പോകുന്നത് കണ്ടതായും പക്ഷെ അന്ന് അവന്‍ തന്നെ കണ്ട ഭാവം ഇല്ലാതെ വേഗത്തില്‍ ഓടിച്ച് പോകുകയായിരുന്നു എന്നും ജിമ്മി എന്ന ഗള്‍ഫുകാരന്‍ സാക്ഷ്യപ്പെടുത്തി.

”അല്ലറോ ഒരു കാര്യം ചോയ്ക്കട്ടാ ഈ സാമീരെ പീട്യെലെ വെലേനെക്കാളും കൊറച്ചിറ്റല്ലേ ഓന്‍ നാരങ്ങ്യും ആപ്പ്‌ളും വ്ക്ക്ന്ന്? എങ്ങനെ ഓനത് മൊതലാവുന്ന്?”പ്രമേഹം കാരണം വലതുകാലിലെ രണ്ടു വിരലുകള്‍ മുറിച്ച് മാറ്റിയതിനാല്‍ സദാസമയവും റബ്ബര്‍ഷൂസുകള്‍ ഇട്ടുനടക്കുന്ന കൃഷ്ണഷെട്ടിയുടെ സംശയത്തിന് അയാള്‍ തന്നെ മറുപടിയും പറഞ്ഞു ”അയ്‌ന്‍റെ മൂന്നെരട്ടി വെല വെര്ന്ന കഞ്ചാവും ബ്രാണ്ടീമാ ഓന്‍ ആപ്പ്‌ളിന്‍റേം നാരങ്ങേരേം പെട്ടീല് കടത്ത്ന്ന് അപ്പൊ എത്ര വെല കൊറച്ചാ എന്തേ?’

അവസാനം ഇങ്ങനെ കൊല്ലപ്പെടാന്‍ യോഗ്യനായ ഒരാളെ തങ്ങള്‍ക്കിടയില്‍ നിന്നും കിട്ടിയ സന്തോഷത്തില്‍ ഗാളിമുഖ ഒന്ന്‍ ഉഷാറായി. മൊബൈല്‍ ഫോണുകളിലൂടെയും പ്രാദേശിക ചാനലിലും കുന്നിന്‍മുകളിലെ വീടുകളില്‍ നിന്നും മറ്റൊന്നിലേക്കും തീ പടരുന്നത് പോലെ അത് പടര്‍ന്നു.ശാദുലി എങ്ങനെ ഗാളിമുഖയില്‍ എത്തി എന്നതുമുതല്‍ അയാളുടെ ഒരു ജീവചരിത്രം തന്നെ സ്ഥലത്തെ യുവ നാടകകൃത്ത് ഹരിദാസ്ഷെട്ടി എഴുതി ഉണ്ടാക്കി.ശാദുലിയ്ക്ക് മതതീവ്രവാദികളുമായി അടുപ്പമുണ്ടാകാനുള്ള സാധ്യതയും മംഗലാപുരത്തെ അയാളുടെ അധോലോക ജീവിതവും തന്‍റെ അടുത്ത നാടകത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഷെട്ടി വാട്സാപ് വഴി അറിയിച്ചു.

പള്ളഞ്ചി കുന്നിന്‍റെ ചരിവിലെ ശാദുലിയുടെ വീട്ടില്‍ ഇറവെള്ളം നോക്കി ഇരിക്കുകയായിരുന്ന മക്കള്‍ക്ക് പത്തിരി ചുടുകയായിരുന്നു അയാളുടെ ഭാര്യ സുറുമി.അയല്‍ക്കാരി ചഞ്ചലാക്ഷിയുടെ കണ്ണീരില്‍ നിന്നും മഴ വെള്ളത്തെ വേര്‍തിരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട്,കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞ കാര്യം കേട്ട് വാവിടുന്ന മക്കളെയും കൊണ്ട് സുറുമി കവലയിലേക്ക് പുറപ്പെട്ടു.നിറയെ തുളകള്‍ വീണ അവരുടെ കുടകളിലേക്ക് ജലത്തണുപ്പ് വന്നു തൊട്ടു. മഴയില്‍ നിഴല്‍രൂപങ്ങള്‍ പോലെ കുന്നിറങ്ങി വരുന്ന അവരെ കണ്ടതും പീടിക കോലായകള്‍ നനഞ്ഞ ഇരുപ്പില്‍ നിന്നും ഉണര്‍ന്നു.

kn prasanth, vishnuram, malayalam short story, galimukha

മക്കളെ ഒരു പീടികയുടെ ഇറയത്ത് നിര്‍ത്തി സ്ഥാനം തെറ്റിയ ശിരോവസ്ത്രം നേരെയാക്കി സുറുമി ആ രണ്ടുപോലീസുകാര്‍ക്കരികിലൂടെ അവരെ വകവയ്ക്കാതെ ശവത്തിനടുത്ത് എത്തി.അവര്‍ക്ക് രണ്ടുപേര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുന്‍പ് അവിടെ കിടന്ന ഒരു മരത്തണ്ട് കൊണ്ട് അവള്‍ അതിനെ ശക്തിയായി മറിച്ചിട്ടു.ആകാംക്ഷയോടെ മഴയിലേക്കിറങ്ങിയ ഷേണായിയുടെ മുഖം വാടി.മഴയാല്‍ കഴുകപ്പെട്ടപ്പോള്‍ ജഡം വീണ്ടും ഗാളിമുഖയ്ക്ക് അജ്ഞാതനായി.

വളരെ ദൂരെ നിന്ന് തന്നെ അവള്‍ക്ക് അത് ശാദുലി അല്ല എന്ന് അറിയാമായിരുന്നു “കണ്ടോടാ ബോളന്മാരെ എന്‍റെ ശാദുലിച്ച ഇങ്ങന നാട്ട്ക്കണ്ടോന്‍റെ കുത്തും കൊണ്ട് ചാവൂല.എന്നീം മക്കളീം പോറ്റാന്‍ മങ്ങലാപൊരത്ത് പണിക്ക് പോയതാ ഓറ്.അല്ലാതെ നിന്നെയെല്ലാം പോലെ തണുപ്പിനു ചുരുളുന്നോനല്ല ശാദുലി”പീടിക തിണ്ണകളില്‍ വാ പൊളിച്ച് നില്‍ക്കുന്നവരെ നോക്കി “ത്ഫൂ”എന്ന് കാറി തുപ്പി കുഞ്ഞുങ്ങളോടൊപ്പം അവള്‍ പള്ളഞ്ചിക്കുന്നിനു നേരെ നടന്നു.അപ്പോള്‍ മഴത്തുള്ളികളെ പീടിക തിണ്ണകളിലേക്ക് തെറിപ്പിച്ച് ശക്തിയില്‍ ഒരു കാറ്റടിച്ചു.അതിന്‍റെ കടുപ്പമുള്ള കുളിരില്‍ അവിടെ കൂടിയവര്‍ സംഘമായി “ഹോ”എന്ന ശബ്ദമുണ്ടാക്കി.ശവത്തിനു കാവല്‍ നിന്ന പോലീസുകാരുടെ കുടകള്‍ ആകാശത്തേക്ക് ഉയര്‍ന്നു.കാറ്റുമായുള്ള മല്‍പ്പിടിത്തത്തിനു ശേഷം അവര്‍ അവയെ നിലനിര്‍ത്തി.
സുറുമിക്ക്‌ മരണത്തെ ഭയമായിരുന്നു.മീസാന്‍ കല്ലുകള്‍ക്ക് ചുറ്റും പടര്‍ന്നു കിടക്കുന്ന മൈലാഞ്ചിക്കാട് അവളെ ഭയപ്പെടുത്തി.അതു വഴി പോകുമ്പോള്‍ അവളുടെ നെഞ്ച് ശക്തിയായി മിടിച്ചു.കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കിലും അവള്‍ അവയിലേക്ക് നോക്കിയില്ല.പക്ഷേ മക്കള്‍ക്കും ശാദുലിയ്ക്കും വേണ്ടി എന്ത് ചെയ്യാനും അവള്‍ക്ക് വല്ലാത്ത ധൈര്യമായിരുന്നു.

കാറ്റിന്‍റെ മുഖം എന്നര്‍ത്ഥമുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട ഗാളിമുഖയില്‍ ആദ്യമായിട്ടായിരിക്കും ചിലപ്പോള്‍ ഒരു അജ്ഞാതന്‍ വന്നു മരിക്കുന്നത്. സുള്ള്യ വഴി മൈസൂരിലെക്കും കുടകിലേക്കും പോകുന്നവര്‍ കടന്നു പോകേണ്ടിയിരുന്ന ആ പാതയില്‍ ആ സ്ഥലം പ്രാധാന്യമുള്ളതല്ലായിരുന്നു. മരണങ്ങളും കൊലപാതകങ്ങളും അവര്‍ക്ക് പുതിയ കാര്യമല്ലാത്തതിനാലാവും സുറുമി മലര്‍ത്തി കിടത്തിയ ശരീരത്തിന്‍റെ വയറ്റില്‍ ആഴ്ന്നുനില്‍ക്കുന്ന കത്തിയുടെ പിടി കണ്ടപ്പോള്‍ അവര്‍ ഞെട്ടാതിരുന്നതും.പണ്ടാണെങ്കില്‍ പൂമാണികിന്നിമാണിയുടെ അമ്പലത്തിലെ ജാത്രയുടെ അന്ന് കോഴിക്കെട്ടില്‍ തോറ്റ ഒരുവന്‍റെ പ്രതികാരത്തിന്‍റെ ഇരട്ടക്കുഴലില്‍ നിന്നുള്ള വെടിയേറ്റ് ജയിച്ചവനോ അയാളുടെ ഏതെങ്കിലും ശിങ്കിടിയോ മണ്ണടിയും എന്ന് ഉറപ്പാണ്. കംബളക്കൂട്ടത്തില്‍ എരുതുകള്‍ ഓടി ജയിച്ചാലും തോറ്റാലും ഏതെങ്കിലും ഒരാള്‍ മരക്കട്ട കൊണ്ട് അടിയേറ്റോ പുല്ലരിയാനും കോഴിച്ചങ്ക് അരിയാനും നഖം വെട്ടാനും തലമുറകളായി ഉപയോഗിക്കുന്ന തണുത്ത ഒരു വാക്കത്തിയുടെ മൂര്‍ച്ചയാലോ ഇല്ലാതാകും. അല്ലെങ്കില്‍ കുണ്ടാറിലോ ബന്തടുക്കയിലോ രാഷ്ട്രീയ കാരണത്താല്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അവരൊക്കെ പരിചിതരും നിമിഷങ്ങളുടെ ഉന്മാദത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ആയിരുന്നു.ദുരൂഹമായ ഈ അജ്ഞാതന്‍റെ മരണം ഗാളിമുഖയെ അലോസരപ്പെടുത്തി അവര്‍ പിറുപിറുക്കുന്ന മഴയ്ക്കൊപ്പം ചുണ്ടുകള്‍ ചലിപ്പിച്ചു”എന്ത്ന്ന് ഈന്‍റെ സത്യം?

എസ് ഐ ഈശ്വരന്‍ നമ്പൂതിരിയും സംഘവും എത്തിയത് പൂര്‍വാധികം ശക്തിയോടെ ആര്‍ത്തിറങ്ങിയ മഴയിലേക്കായിരുന്നു. അയാളെകണ്ടതും കാവലില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സല്യൂട്ട് ചെയ്ത് വെള്ളം തെറിപ്പിച്ചു.ജീപ്പിന്‍റെ പിന്‍സീറ്റില്‍ നിന്നും ഇറക്കി കൊണ്ടുവന്ന ആളെ കണ്ടപ്പോ പീടികക്കോലായില്‍ നിന്നും സീല്‍ക്കാരമുണ്ടായി “അമ്പട വമ്പാ.. ഇത് ഇവന്‍ തന്നെട്ട്വാ”.ജീപ്പ് ഡ്രൈവര്‍ ഐത്തപ്പന്‍ തലകുനിച്ച് മഴയിലേക്കിറങ്ങി. ദിവസവും കാണുന്ന ആളാണെങ്കിലും അയാളെക്കാണാന്‍ ആളുകള്‍ തിരക്ക് കൂട്ടി.

“ഇവിടന്നു തന്നെയാണോ നീ അവനെ കുത്തിയത് അതോ കൊന്നതിനു ശേഷം കൊണ്ട് കളഞ്ഞതോ?” ഈശ്വരന്‍ നമ്പൂതിരി അയാള്‍ക്കുമാത്രം കേള്‍ക്കുന്ന പതിഞ്ഞ സ്ത്രൈണസ്വരത്തില്‍ ചോദിച്ചു.ഐത്തപ്പന്‍ ആള്‍ക്കൂട്ടത്തില്‍ ആരെയോ പരതി.രാവിലത്തെ ഓട്ടം കഴിഞ്ഞ് മുള്ളേരിയ ടൌണില്‍ ഒരിടത്ത് ജീപ്പ് വച്ച് ഉറങ്ങുകയായിരുന്ന അയാളെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പ് അയാള്‍ എസ് ഐയുടെ മുന്നില്‍ കരഞ്ഞു കൊണ്ട് മുട്ടുകുത്തി.

“എല്ലാ ദിവസും രാവില മീനെട്‌ക്കാന്‍ കാസ്രോട് പോന്നതാ സാറേ.അപ്പളാ സോജറു വണ്ടിക്ക് മുറിയ നിന്ന്റ്റ് ആരോ വീണുകെടക്കുന്നു എന്ന് പറഞ്ഞത്.സത്യായ്റ്റും വെറും വയറ്റില് കള്ള് കുടിച്ചതിന്‍റെ പ്രാന്താരിക്കുംന്നാ സാറേ ഞാന്‍ വിചാരിച്ചത്.അതോണ്ടെന്നെ ഞാന്‍ ആട പോയി നോക്കീറ്റും ഇല്ല.ഞാന്‍ നിരപരാധിയാണ് സാറേ”ഐത്തപ്പന്‍ വേദന കൊണ്ട് പുളഞ്ഞു.എസ് ഐ തന്‍റെ മര്‍ദ്ദനകലയുടെ കലാശക്കൊട്ട് എന്നത് പോലെ അയാളുടെ മുഖമടച്ച് ഒന്ന് കൊടുത്തു.

ഈശ്വരന്‍ നമ്പൂതിരി ഐത്തപ്പനു പിന്നാലെ മൂത്രപ്പുരയുടെ വരാന്തയിലേക്ക് കയറി. അസഹനീയവും പുരാതനവുമായ കടുത്തഗന്ധത്തില്‍ അയാള്‍ കൈലേസുകൊണ്ട് മൂക്ക് പൊത്തി.അവിടെ തണുത്ത തറയില്‍ ലഹരിയുടെ സുഖശീതളിമയിലെന്നോണം ആ പഴയ വിപ്ലവകാരിയോ അല്ലെങ്കില്‍ പേടിത്തൊണ്ടന്‍ പണക്കാരനോ ആയ ഫിലിപ്പ്കൊട്ടുവാപ്പള്ളി കിടന്നിരുന്നു.മെലിഞ്ഞ അയാളുടെ മുഖത്ത് നരച്ച വലിയ മീശ മുഴച്ച് നിന്നു. എസ്ഐ തന്‍റെ തുകല്‍ ബൂട്ടുകൊണ്ട് അയാളെ തട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല.പിന്നെ കാപ്പിനിറമുള്ള ആ കാലുറകളുടെ ശക്തി അയാളില്‍ പ്രയോഗിച്ചു. രസകരമായ ഒരു സ്വപ്നത്തില്‍ നിന്നും എന്ന വണ്ണം അയാള്‍ മന്ദഹസിച്ചു കൊണ്ട് ഉറക്കമുണര്‍ന്നു.സ്ഥലകാലബോധം വീണ്ടെടുത്ത ശേഷം പതിയെ ചുവരിനോട് ചാരിയിരുന്ന അയാളില്‍ പേടി പടരുന്നത്‌ പോലെ തോന്നി.

“എന്താ സാറേ “അയാള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.

“ഒന്നുല്ലടാ നിന്നെ ഒന്ന് കാണാന്‍ വന്നതാ.”എസ് ഐയുടെ ശബ്ദം അയാളില്‍ തന്‍റെ പഴയ കാമുകിയുടെ സ്മരണ ഉണര്‍ത്തി.അയാള്‍ ഈശ്വരന്‍ നമ്പൂതിരിയെ ഇമവെട്ടാതെ നോക്കി നിന്നു.”ഫാ നോക്കിപ്പേടിപ്പിക്കുന്നോടാ ശവമേ”അധികാരത്തിന്‍റെ പോളിഷ് ചെയ്ത ബൂട്ടുകള്‍ അയാളുടെ മുതുകില്‍ പതിഞ്ഞു.”കയ്യും തലയും വെട്ടി മതിയായില്ലെടാ നിനക്കൊന്നും?” നൂല് പോലെ മെലിഞ്ഞ അയാളുടെ പിഞ്ഞിപ്പോയേക്കാവുന്ന കുപ്പായത്തിനു കുത്തിപ്പിടിച്ച് മഴയത്ത് കൂടി വലിച്ചിഴച്ച് ഈശ്വരന്‍ എസ്ഐ ജീപ്പിനടുത്തേക്ക് നടന്നു.അപ്പോഴേയ്ക്കും ജഡം മാറ്റുന്നതിന് കാസര്‍ഗോട് നിന്നും സര്‍ക്കാര്‍ വക ആംബുലന്‍സ് എത്തിയിരുന്നു.ജീപ്പിലേക്ക് കയറുമ്പോള്‍ ഫിലിപ്പ്ട്ടു കൊട്ടുവാപ്പള്ളി കരയുന്നുണ്ടായിരുന്നു.ഒരു ജന്മം മുഴുവന്‍ താന്‍ പേടിച്ചു കഴിഞ്ഞ എന്തോ ഒന്നിനെ കണ്ടതു പോലെ ദയനീയമായിരുന്നു അത്.ഐത്തപ്പന്‍ നാട്ടുകാരോട് തനിക്കൊന്നും അറിയില്ല എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

“സാറേ യോന ഞമ്മ എട്യോ കണ്ടത് പോലെ ഇണ്ട് “

kn prasanth,vishnuram, malayalam short story, galimukha

ജീപ്പിലേക്ക് കയറാന്‍ പോയ എസ് ഐ യുടെ മുന്നിലേക്ക് ധൈര്യത്തോടെ കേറിനിന്ന് പൊത്തന്ത്രു പറഞ്ഞു. മുഖം നിറയെ വസൂരിക്കലയുള്ള അയാള്‍ക്ക് സാധാരണയില്‍ കവിഞ്ഞ ഉയരം ഉണ്ടായിരുന്നു.എപ്പോഴും രണ്ടു പോത്തുകളെ തെളിച്ചല്ലാതെ അയാളെ ആര്‍ക്കും കാണാന്‍ കഴിയില്ല.അവയോടൊപ്പം അയാള്‍ ആവശ്യക്കാരുടെ അടുത്തേക്ക് കിലോമീറ്ററുകളോളം നടന്നു.പോത്തുകളോട് മാത്രം സംസാരിച്ചിരുന്ന അയാള്‍ക്ക് താന്‍ നടന്നിടത്തെ ചരിത്രങ്ങളും കഥകളും അദ്ഭുതകരമാം വിധം അറിയാമായിരുന്നു.ഈശ്വരന്‍ നമ്പൂതിരി അയാളെയും കൂട്ടി ശവത്തിനടുത്തേക്ക് നടന്നു.അന്ത്രു തന്‍റെ ഉയരമുള്ള ശരീരം വളച്ച് അതിനെ നോക്കി.ഇതു പോലെ ഒരാളെ അയാള്‍ക്ക്‌ അറിയാമായിരുന്നു.ആദൂരില്‍ അയാളെ കണ്ടിട്ടുണ്ട്.മദദന്ദേശ്വരന്‍റെ അമ്പലത്തില് പൈനാണിയും കൊണ്ടാണ് അയാള്‍ ആദ്യം വന്നത്. പിന്നീട് അവിടം വിട്ട് പോയില്ല. വളയും മാലയും മുക്ക് കമ്മലുകളും ചീര്‍പ്പും കണ്ണാടിയും ഒക്കെയായി ഊര് ചുറ്റി. ബീഡിക്കമ്പിനിയിലെയും,അണ്ടിക്കമ്പിനിയിലെയും പെണ്ണുങ്ങള്‍ അയാളുടെ സാധനങ്ങള്‍ക്ക് വേണ്ടി കാത്തു നിന്നു.അവരുടെ ഒന്നിനും തികയാത്ത ശമ്പളത്തെ കുറിച്ച് സുന്ദരനായ അയാള്‍ പരിതപിച്ചു.ദൂരെ ഏതോ ദേശത്ത് അവരെ കാത്തിരിക്കുന്ന നല്ല പ്രതിഫലം കിട്ടുന്ന ജോലികളെ കുറിച്ച് പറഞ്ഞ് അവരുടെ സ്വപനങ്ങള്‍ക്ക് നിറം കൊടുത്തു.ആദ്യം അയാള്‍ക്കൊപ്പം പോയവള്‍ അടുത്ത കൂട്ടുകാരികള്‍ക്ക് എഴുതി “നല്ല ജോലി നല്ല ശമ്പളം നിങ്ങളും വരൂ” എന്ന്.അങ്ങനെ ഒരോരുത്തരായി ജീവിതത്തിന്‍റെ പച്ചത്തുരുത്തുകള്‍ തേടി നാട് വിട്ടുപോയി.പോയവര്‍ തിരികെ വന്നില്ല.അന്വേഷിച്ചവര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.ശവം ആംബുലന്‍സിലേക്ക് മാറ്റുന്നതിന് കാത്തു നില്‍ക്കുന്നവര്‍ അക്ഷമയോടെ അന്ത്രുവിന്‍റെ മുഖത്തേക്ക് നോക്കി.ഗാളീമുഖക്കാര്‍ക്കിടയില്‍ നാട് വിട്ടുപോയ ആ പെണ്ണുങ്ങള്‍ ഉടുത്തൊരുങ്ങി എണ്ണതേച്ചു മിനുക്കിയ മുടി മെടഞ്ഞുകെട്ടി ചുവന്ന വട്ടപ്പൊട്ട് തൊട്ട് യാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി.

“ഇല്ല സാറേ ഇത് എനക്കറിയുന്ന ആളല്ല”

ആംബുലന്‍സിനൊപ്പം പോലീസ് ജീപ്പും പോയപ്പോള്‍ ഗാളിമുഖ ആരവം ഒഴിഞ്ഞ ഉത്സവപ്പറമ്പു പോലെ ആയി.ആവേശംകെട്ട് ഒരു ദിവസത്തെ പണിയും അതിനൊത്ത കൂലിയും കളഞ്ഞു എന്ന്‍ അജ്ഞാതനായ പരേതനെ പ്രാകിക്കൊണ്ട് ഗാളിമുഖ വീടുകളിലെത്താന്‍ കുന്നുകള്‍ കയറിത്തുടങ്ങി.സ്വതവേ അന്തര്‍മുഖനായ അന്ത്രു തന്‍റെ സംശയം ആരോടും പറയില്ല.ഗാളിമുഖക്കാര്‍ അവരുടെ ഇനിയുള്ള ജീവിതത്തില്‍ ആ ശവത്തെ തങ്ങള്‍ക്കിടയിലെ ആരോ എന്നപോലെ കൊണ്ടു നടക്കുമായിരിക്കും.അവരുടെ കാലഗണന “ഗാളിമുഖത്ത് ഏതോ ഒരാള്‍ വന്നു ഒടുങ്ങിയതിനു” മുന്‍പും ശേഷവും എന്നാകും.അവരില്‍ പലരും തങ്ങള്‍ക്ക് ഏതെങ്കിലും അജ്ഞാത ദേശത്ത് സംഭവിക്കാനിടയുള്ള പെടുമരണത്തെ ഓര്‍ത്ത് പിന്നീടൊരിക്കലും ഗാളിമുഖ വിട്ടുപോകില്ല.തെളിവുകള്‍ ഒന്നുമില്ലെങ്കിലും ചിലപ്പോള്‍ ഐത്തപ്പനും ഫിലിപ്പിനും വര്‍ഷങ്ങളോളം വിചാരണ തടവുകാരായി കഴിയേണ്ടി വന്നേക്കാം.അത് ഗാളിമുഖക്കാര്‍ക്ക് അറിയാത്ത നിയമമാണ്.
പക തീരാത്തതു പോലെ ആകാശം വീണ്ടും ആവനാഴിയില്‍ നിന്നും ശരവര്‍ഷം ഗാളിമുഖയ്ക്ക് മേല്‍ പെയ്തു തുടങ്ങി.

1.ക്രിസ്ത്യാനി
2 നായിന്‍റെമോനേ
3ചിട്ടി
4. ദൈവത്തിന്‍റെ കളി
5.വിഴുങ്ങുക
* കാറ്റിന്റെ മുഖം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook