വിശ്രുത എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്‌സിന്റെ ഗ്രന്ഥ രചനയുടെ ശേഷിപ്പുകൾ ഓൺലൈനിൽ ലഭ്യമാകും. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ ലിറ്റററി ഡോക്യൂമെന്റേഷൻ സർവീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹാരി റാൻസം സെന്ററാണ് മാർകേസിന്റെ സാഹിത്യ രചനയുടെ ചരിത്രം ആർകൈവ് രൂപത്തിൽ ഓണ്ലൈനിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.  2014 ൽ മാർകേസ് മരണമടഞ്ഞു മാസങ്ങൾക്കു ശേഷമായിരുന്നു 2 .2 മില്യൺ ഡോളർ നൽകി ലിറ്റററി ഡോക്യൂമെന്റേഷൻ സെന്റർ ആർകൈവ് സ്വന്തമാക്കിയത്.

ശേഖരത്തിലെ ചില ഭാഗങ്ങൾ ഇതുവരെ വെളിച്ചം കാണാത്തവയാണ്. അതിലൊന്നാണ് ഓർമ്മകുറിപ്പിന്റെ 32 പേജുകൾ. അദ്ദേഹത്തിന്റെ ഓര്മക്കുറിപ്പുകളുടെ ഈ രണ്ടാം ഭാഗം പൂർത്തിയാകാൻ മാർകേസിനു കഴിഞ്ഞിരുന്നില്ല.

ഭാവനാലോകത്തെ മായികമാക്കാൻ മാർകേസ് ഉപയോഗിച്ച സാങ്കേതങ്ങളെ അടുത്തറിയാൻ അനുവാചകരെ സഹായിക്കുന്നതാണ് ഈ സാഹിത്യ ചരിത്ര ശേഖരങ്ങൾ. അദ്ദേഹത്തിന്റെ ചെറു കുറിപ്പുകൾ,കുത്തിക്കുറിക്കാൻ ഉപയോഗിച്ചിരുന്ന ചെറു പുസ്തകങ്ങൾ, തിരക്കഥ, തിരക്കഥയുടെ ചില ഭാഗങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് ഇതിലുൾപ്പെടുന്നത്.

“പിതാവിന്റെ സാഹിത്യ ലോകത്തെ ബാക്കി ചരിത്രം കഴിയാവുന്നത്ര ജനങ്ങളിലേക്ക് എത്തണമെന്ന ആഗ്രഹമാണ് ആർകൈവ് എന്ന ആശയത്തോട് യോജിച്ചു പ്രവർത്തിക്കാൻ മാതാവിനും തനിക്കും, സഹോദരനും പ്രേരണയായതെന്നു മാർകേസിന്റെ മകൻ റോഡ്രിഗോ ഗാർഷ്യ പ്രസ്താവനയിൽ പറഞ്ഞു. ഈ പദ്ധതി ആഗോളതലത്തിൽ തന്നെ മാർകേസിന്റെ ഭവാനലോകത്തെ അടുത്ത് കണാൻ എല്ലാവര്ക്കും കഴിയുമെന്നും റോഡ്രിഗസ് പ്രത്യാശിച്ചു .

അമ്പതു വർഷത്തെ രചനയുടെ ഈ ചരിത്ര രേഖകൾ മാർകേസിന്റെ ഊർജ്ജത്തെയും, അച്ചടക്കത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നു ഈ പദ്ധതിയുമായി അടുത്തു പ്രവർത്തിച്ചവർ പറഞ്ഞു. മാർകേസിന്റെ അമ്പതു വർഷത്തെ വ്യക്തി ജീവിതത്തിന്റെ ചരിത്രം കൂടിയാണിതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മാർകേസിന്റെ രചനകളുടെ അണിയറയിലേക്കു കൺതുറക്കുന്ന
ആർകൈവ് ഓൺലൈനിലൂടെ സൗജന്യമായി ലഭ്യമാക്കിയത് അസാധാരണമായ നടപടിയാണെന്ന് വിലയിരുത്തപ്പെടുന്നു. കാരണം മാർകേസിന്റെ രചനകളുമായി ബന്ധപ്പെട്ട രേഖകളെല്ലാം തന്നെ കോപ്പി റൈറ്റിന്റെ പരിധിയിൽ വരുന്നതാണ്. 27,000 പേജുകൾ വരുന്ന ആർകൈവ് മുഴുവനായും ഓൺലൈനിലൂടെ ഇംഗ്ലീഷിലും, സ്പാനിഷിലും ലഭ്യമാക്കുമെന്ന് ടെക്സസ് സർവകലാശാല അറിയിച്ചിട്ടുണ്ട്.

കൊളംബിയയുടെ എന്നത്തേയും മഹാനായ എഴുത്തുകാരനായി പ്രസിഡന്റ് ജുവാൻ മാനുവൽ സാൻഡോസ് വിശേഷിപ്പിച്ച മാർകേസ് ലോക സാഹിത്യത്തിലെ അപൂർവ പ്രതിഭയായി വാഴ്ത്തപ്പെടുന്നു. അദ്ദേഹത്തിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ ലോകം മുഴുവൻ കൊണ്ടാടപ്പെട്ട കൃതിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ