ചത്തവന്‍റെ വീടുപോലെ ആളുകളെ ആകര്‍ഷിക്കുന്ന ചില കഥകളുണ്ട്. അത്തരത്തില്‍ വായനക്കാരെ കൂട്ടത്തോടെ ആകര്‍ഷിക്കുന്ന ചെറുകഥയാണ് ഫ്രാന്‍സിസ് നൊറോണയുടെ ‘കക്കുകളി.’  ദുഃഖമാണ് മരണവീട്ടിലേയ്ക്കെന്ന പോലെ വായനക്കാരെ ഈ കഥയിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ദുഃഖം ശത്രുവിനെപ്പോലും കിഴ്‌പെടുത്തി  ഇല്ലാതാക്കുന്ന വിശുദ്ധ വികാരമാണ്. ജീവിത ദൈന്യത എന്ന പഴക്കമേറിയ ആകര്‍ഷകപ്പശ തേച്ച് സാധാരണ വായനക്കാരെക്കൂടി കഥയിലേയ്ക്കടുപ്പിക്കാന്‍ കഥാകൃത്തിനു കഴിഞ്ഞിരിക്കുന്നു.

t padmanabhan, and fracis noronha,
മലയാള കഥയിലെ വൈകാരികതയുടെ പിതൃരൂപമാണ് ടി.പദ്മനാഭന്‍. ജനപ്രിയതയുടെ ഈ പിതൃരൂപത്തോടുള്ള ആരാധനയില്‍ നിന്ന് വായനക്കാരനും എഴുത്തുകാരനും വിട്ടുനില്‍ക്കുക എളുപ്പമല്ല. അത്രയേറെ ഹൃദയാവര്‍ജ്ജകമാണ് ആ വൈകാരിക ശൈലി.’കക്കുകളി’ എന്ന കഥയിലും മലയാള കഥയുടെ കുലപതിയോടുള്ള രചനാപരമായ പിന്തുടരൽ ഫ്രാന്‍സിസ് നൊറോണ  മറച്ചു വെയ്ക്കുന്നില്ല. ഗദ്ഗദത്താല്‍ വാചകങ്ങള്‍ പൂര്‍ണ്ണവിരാമത്തില്‍ അവസാനിക്കാതെ കുത്തുകളായി മുറിഞ്ഞു തേങ്ങുന്ന പദ്മനാഭന്‍റെ എഴുത്ത് ശൈലി വളരെ പ്രസിദ്ധമാണല്ലോ. വാക്കുകള്‍ മുറിവുകളായി വായനക്കാരനെ നൊമ്പരപ്പെടുത്തുന്ന ഈ ശൈലി തന്‍റെ കഥയില്‍ സ്വീകരിക്കാന്‍ പുതിയ ഭാവുകത്വത്തിന്‍റെ പ്രതിനിധിയായ നൊറോണയും മടികാട്ടുന്നില്ല. ‘കക്കുകളി’ എന്ന കഥയിലുടനീളം ഒന്നിലധികം കുത്തുകളിട്ട് മുഴുമിപ്പിക്കാത്ത വാചകങ്ങളാണ് കഥാകൃത്ത്‌ ഉപയോഗിച്ചിട്ടുള്ളത്‌. വൈകാരികതയോടുള്ള അമിത വിധേയത്വം പദ്മനാഭനിലും അദ്ദേഹത്തിന്‍റെ അനുകര്‍ത്താക്കളിലും സൗന്ദര്യപരവും രൂപപരവുമായ എല്ലാ പരീക്ഷണങ്ങളോടുമുള്ള വിമുഖതാരോഗമായി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രകൃതി കെട്ടിയൊരുക്കിയ ഭൗതിക രൂപങ്ങള്‍ അഴിഞ്ഞു പോകുന്നതിനെയാണ് നാം മരണം എന്നു വിളിക്കുന്നത്‌. മരണം രൂപത്തെ അപ്രസക്തമാക്കുന്നു. ഒരു കലാസൃഷ്ടിയില്‍ രൂപം അപ്രസക്തമാകുമ്പോള്‍ ആ കലാസൃഷ്ടി മരിച്ചതായി കണക്കാക്കാം. കലയും സാഹിത്യവും മരണത്തെ അതിജീവിക്കുന്നത് പുതിയ രൂപങ്ങള്‍ സ്വീകരിച്ചാണ്. പദ്മനാഭന്‍ കഥകളുടെ വൈകാരികമായ മരണാശ്ലേഷത്തില്‍ നിന്ന് കുതറി മാറാന്‍ നൊറോണയ്ക്ക് കഴിയുന്നുണ്ട് എന്നിടത്താണ് ഈ കഥ ഭാവുകത്വ വിജയം നേടുന്നത്. കഥാകൃത്ത്‌ മരണവുമായി ചതുരംഗം കളിക്കുകയാണ്. രൂപപരമായ അപ്രതീക്ഷിത കരുനീക്കങ്ങളിലൂടെ കഥാകൃത്ത്‌ മരണത്തെ കീഴ്പ്പെടുത്തി കഥയുടെ അതിജീവനം സാധ്യമാക്കുന്നു .

കേവലമായ വൈകാരികതയില്‍ നിന്നുയര്‍ന്നു നില്‍ക്കുന്ന ധ്വനിസൗന്ദര്യവും,  ചിന്താമാനങ്ങളും തന്‍റെ കഥയ്ക്ക്‌ നൊറോണ നല്‍കുന്നത് ചില രൂപകങ്ങളുടെ സ്വീകരണത്തിലൂടെയും, ഗ്രാമ്യഭാഷയും സാഹിത്യ ഭാഷയും ഇടകലര്‍ത്തിയുള്ള ഒരു ഉത്തരാധുനിക മണിപ്രവാള ഭാഷയുടെ ഉപയോഗത്തിലൂടെയുമാണ് .കഥ തന്നെ ഒരു നിഘണ്ടുവായിത്തീരുന്നുണ്ട് . ചിലയിടങ്ങളില്‍ വാക്കുകള്‍ക്കു പകരം പ്രതീകങ്ങള്‍ മധുരക്കനികളായി പഴുത്തു അര്‍ത്ഥങ്ങളുടെ സുഗന്ധം പരത്തുന്നു .

ബൈബിളിലെ ഏറ്റവും മുഴുപ്പുള്ള പ്രതീകമാണ് മത്സ്യം. ഈ മീനോളെന്താ നെലോളിക്കാത്തത് എന്നൊരു കുഞ്ഞു ചോദ്യം ഫ്രാന്‍സിസ് നൊറോണയുടെ കക്കുകളി എന്ന കഥയില്‍ നിന്നുയരുന്നത് ഞാന്‍ കേള്‍ക്കുന്നു. വെള്ളമേത് കണ്ണീരേത് എന്നു തിരിച്ചറിയാനാകാത്ത വണ്ണം ഉപ്പു കലര്‍ന്ന ഒരു സമുദ്രത്തിലാണ് മീനുകള്‍ ജീവിക്കുന്നത്. അതിനാല്‍ കരച്ചില്‍ ഒരു പ്രതിരോധമാണ് എന്ന തിരിച്ചറിവ് അവയ്ക്ക് നഷ്ടപ്പെടുന്നു. കണ്ണീരോളം ആഴമുള്ള ഒരു സമുദ്രവും ഭൂമിയിലില്ല. കൊളുത്തില്‍ പിടയുന്ന മത്സ്യത്തിന്‍റെ മാംസ വേദന ഈ കഥയിലും പ്രതീക രൂപത്തില്‍ വായനക്കാരനെ നൊമ്പരപ്പെടുത്തുകയാണ്.

francis noronha's kakkukali malayalm story review by mk sreekumar,

കരുണയുടെ ജലത്തില്‍ ഇറങ്ങുന്ന പ്രവാചകരുടെ പാദസാമീപ്യത്തിലേക്ക് മീനുകള്‍ വല്ലാത്തൊരു പ്രതീക്ഷയോടെ കൂട്ടത്തോടെ പാഞ്ഞടുക്കും .ക്രിസ്തു മീന്‍ടുപിത്തക്കാരോട് പറഞ്ഞു :”നിങ്ങള്‍ എന്‍റെയൊപ്പം വരുവിന്‍. ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” ഇന്നും ഏറ്റവും നല്ല മീന്‍പിടുത്തക്കാര്‍ ക്രിസ്തീയ സഭയാണല്ലോ. അന്നത്തിനുള്ളില്‍ ചൂണ്ടയൊളിപ്പിച്ച് അവര്‍ ജീവിത ദൈന്യതയുടെ സമുദ്രത്തിലേക്കിടുന്നു. വിശക്കുന്നവന് അപ്പം എത്രമാത്രം വിലപ്പെട്ടതാണെന്നു അവരെക്കാള്‍ നന്നായി അറിയുന്നവര്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമാണ്. വിശക്കുന്നവന് അപ്പം നല്‍കിയ ഒരേയൊരു പ്രത്യയശാസ്ത്രം കമ്യൂണിസമായിരുന്നുവെന്നും നമുക്കറിയാം .എന്നാല്‍ അവിടെയും ദാരുണമായ ചില കൊളുത്തുകള്‍ അപ്പത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നത് അമിതവിശ്വാസികള്‍ക്ക് കാണാന്‍ കഴിയാതെ പോയി. .അതിനു കൊടുക്കേണ്ടി വന്ന ആഗോള വില വളരെ വലുതായിരുന്നു എന്ന് തകര്‍ന്നു പോയ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ ചരിത്രം സാക്ഷ്യം പറയുന്നു .ദൈവങ്ങളുടെ മുന്നില്‍ കൈകൂപ്പുമ്പോള്‍ മനുഷ്യരുടെ കാഴ്ച അടഞ്ഞു പോകുക സ്വാഭാവികം. കണ്ണുകളടച്ച്‌ ഇലയേത് മുള്ളേത് എന്നു തിരിച്ചറിയാതെ വിശ്വാസത്തിന്‍റെ കളിക്കളത്തില്‍ ഒറ്റക്കാലില്‍ ചാടുമ്പോള്‍ കാലുകള്‍ മുള്ളുകളില്‍ തന്നെ കുരുങ്ങി പാവപ്പെട്ടവന്‍ എപ്പോഴും തോറ്റ് കളിക്കളത്തിന് പുറത്തു പോകുന്നു. ജലത്തിലെ മത്സ്യം പോലെയായിരിക്കണം കമ്യൂണിസ്റ്റുകാരന്‍ ജീവിക്കേണ്ടത് എന്ന ധാര്‍മ്മികമായ പെരുമാറ്റചട്ടത്തില്‍ നിന്ന് അകന്നു പോയതാണ് തൊഴിലാളി വര്‍ഗത്തിന്‍റെ പ്രത്യാശാനഷ്ടത്തിനിടയാക്കിയ രാഷ്ട്രീയ സാഹചര്യം. അധികാരത്തിന്‍റെ കഠിന രൂപങ്ങളില്‍ നിന്ന് ജലത്തിന്‍റെ വഴക്കത്തിലേയ്ക്കും കാരുണ്യത്തിലേയ്ക്കും തിരിച്ചു വരിക എന്നത് മാത്രമാണ് ഈ രോഗത്തിനുള്ള ചികിത്സ. അഞ്ചപ്പവും മീനും കൊണ്ട് ക്രിസ്തു അയ്യായിരം പേരെ ഊട്ടിയിട്ടും പിന്നെയും ബാക്കി വന്നു എന്ന ഭക്ഷ്യസുവിശേഷത്തിനു ശേഷവും ലോകത്തില്‍ ബാക്കിയായത് വിശപ്പായിരുന്നു എന്നു നമുക്കറിയാം. അന്നത്തിലൊളിപ്പിച്ച കൊളുത്തു കാണാതെ ആര്‍ത്തികാണിച്ചവയുടെ കരച്ചില്‍ എന്ന നൊറോണയുടെ കഥയിലെ സുവിശേഷവാക്യം നിവര്‍ത്തിയായതിനു ലോകം സാക്ഷ്യം വഹിച്ചു. വിശക്കുന്നവന്‍ ഏതു ഷൂസും തിന്നുമെന്ന് ചാര്‍ളി ചാപ്ലിന്‍ സിനിമയില്‍ കാണിച്ചു തന്നത് നമുക്ക് ഓര്‍മ്മ വരാം. അപ്പം കൊണ്ടു മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത് എന്ന ദര്‍ശനം പറഞ്ഞ്‌ മതം ദരിദ്രനായ കുഞ്ഞിന്‍റെ കയ്യിലെ അവശേഷിക്കുന്ന അപ്പക്കഷണവും റാഞ്ചിയെടുക്കുന്നു. എന്നിട്ടും സ്വപ്നത്തില്‍ കഴിച്ച ഭക്ഷണം നല്‍കിയ വ്യാജതൃപ്തിയില്‍ വിശ്വാസികള്‍ ഏമ്പക്കം വിടുകയാണ് .യാഥാര്‍ത്ഥ്യം കണ്ണടക്കുമ്പോള്‍ ആണ് ദുസ്വപ്നങ്ങള്‍ രാജ്യം ഭരിക്കുക. അപ്പത്തിനു വേണ്ടി ആര്‍ത്തി പിടിച്ചു പുറത്തേയ്ക്കോടുന്നവര്‍ പറുദീസയില്‍ എത്തുകയില്ല എന്നതാണ് ഈ കഥ പാസ്സാക്കിയെടുക്കുന്ന പ്രമേയം. അത് മതത്തിലായാലും കമ്യൂണിസത്തിലായാലും വ്യത്യാസമില്ല എന്ന കാഴ്ചപ്പാടും കഥ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഇത് പ്രത്യയശാസ്ത്രത്തിന്‍റെ പ്രയോഗത്തിലെ പിഴവുകളോടുള്ള അവിശ്വാസപ്രമേയമാകാം.

‘നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ’ എന്ന പ്രാര്‍ത്ഥനയില്‍ നിത്യജീവിതത്തില്‍ നിന്ന് ഉയരത്തില്‍ നിലകൊള്ളുന്ന പറുദീസാ വ്യാമോഹമുണ്ടല്ലോ .രാഷ്ട്രീയ –മത വിശ്വാസങ്ങളോടൊപ്പം പറക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വ്യാമോഹപ്പക്ഷിയാണ് ഈ പറുദീസാ സങ്കല്പം. പരദേശം തന്നെയാണ് ഇവിടെ പറുദീസ. നാം അധിവസിക്കുന്ന കാലമോ ദേശമോ അല്ലയിത് .എത്തിച്ചേരാവുന്ന ഭാവിയില്‍പ്പോലും അതില്ല .മതങ്ങളില്‍ അത് മരണാനന്തര വാഗ്ദാനമാണ്. ഭരണ കൂടം കൊഴിഞ്ഞു പോകുമ്പോള്‍ ലഭ്യമാകുന്ന സ്ഥലമാണ് കമ്യൂണിസം ഭൂമിയിലെ സ്വര്‍ഗം പണിയാന്‍ ഒഴിച്ചിട്ടിരിക്കുന്നത്. ലോട്ടറി വില്‍പ്പനക്കാരന്‍റെ പ്രചരണവാചകമായ നാളെ നാളെ എന്ന വായ്ത്താരിയാണ് കമ്യൂണിസത്തിലെ സ്ഥിതിസമത്വ സങ്കല്‍പ്പത്തിലും മുഴങ്ങി കേള്‍ക്കുന്നത്. പഴയ സോവിയറ്റ് യൂണിയന്‍റെ ഇരുമ്പു മറയ്ക്കുള്ളില്‍ ഒരു സോഷ്യലിസ്റ്റു സ്വര്‍ഗം പുലരുന്നുണ്ട് എന്ന് പുറത്തിരുന്നു സ്വപ്നം കണ്ടവരെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറഞ്ഞത് ഗോര്‍ബച്ചേവാണ്. അദ്ദേഹം കമ്യൂണിസത്തിന്‍റെ ഇരുമ്പു മറ പൊളിച്ച് പകരം ഗ്ലാസ്നോസ്റ്റ് എന്ന സുതാര്യഭിത്തികള്‍ തീര്‍ത്തപ്പോള്‍ ലോകം കണ്ടത് നരക ദൃശ്യങ്ങളായിരുന്നു

മിലാന്‍ കുന്ദേരയുടെ ‘ജീവിതം മറ്റെവിടെയോ ആണ്’’ (Life is elsewhere) എന്ന നോവല്‍ ശീര്‍ഷകം പോലെയൊരു പറുദീസാ വിഭ്രമം നടാലിയയുടെ അമ്മയില്‍ പ്രവര്‍ത്തിക്കുന്നതാണ് കഥയുടെ ചാലക ശക്തിയായി മുന്നോട്ടു നീങ്ങുന്നത്‌ .കമ്യൂണിസത്തിന്‍റെ പ്രത്യയശാസ്ത്രമരണം തൊഴിലാളി വര്‍ഗത്തെ അനാഥത്വത്തിലേക്ക് നയിക്കുമ്പോള്‍ ആ പ്രത്യയശാസ്ത്ര ഒഴിവിലേക്ക് വ്യാജ വാഗ്ദാനങ്ങളുമായി കടന്നു വരുന്നത് മതങ്ങള്‍ ആണെന്ന സാമൂഹികവിമര്‍ശനമാണ് കമ്യൂണിസ്റ്റുകാരനായിരുന്ന അപ്പന്‍ മരിച്ച നടാലിയയുടെ ജീവിത ചിത്രീകരണത്തിലൂടെ കഥാകൃത്ത് നിര്‍വഹിക്കുന്നത് .കര്‍ത്താവിന്‍റെ തിരുമണവാട്ടിയായി മകളെ ഏറ്റെടുക്കുന്ന മഠത്തിലമ്മമാര്‍ അവളുടെ രക്ഷകരല്ലെന്ന തിരിച്ചറിവില്‍ സ്വന്തം പെറ്റമ്മ നടാലിയയെ ജീവിതത്തിലേക്ക് വീണ്ടെടുക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. കഥയിലെ ഈ വീണ്ടെടുപ്പ് കമ്യൂണിസത്തിന്‍റെ പുനരുത്ഥാന സാധ്യതയിലേക്കുള്ള തിരിച്ചു വരവായി കണക്കാക്കാം. കഥയുടെ തുടക്കത്തില്‍ കഥാകൃത്ത്‌ സ്വരൂപിച്ചു വെച്ച ജീവിതദര്‍ശനത്തിലേയ്ക്ക് അമ്മയും മകളും തിരിച്ചു നടക്കുന്നു .”Heaven is within reach of every one of us, and now it is within my reach too; If I choose I could have it tomorrow, real heaven, for all my life”. കഥയുടെ ആരംഭത്തില്‍ ചേര്‍ത്തിരിക്കുന്ന ദസ്തയേവ്സ്കിയുടെ ഈ ഉദ്ധരണി കഥയ്ക്ക് ശക്തമായ ഒരു സൈദ്ധാന്തിക അടിത്തറയായിത്തീരുന്നുണ്ട്. പറുദീസാനേട്ടത്തിന് മതങ്ങളുടെയും പുരോഹിത വര്‍ഗത്തിന്‍റെയും പുറകെ പോകേണ്ടതില്ല . നമ്മള്‍ നില്‍ക്കുന്ന ഇടം തന്നെയാണ് പറുദീസ എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ താല്‍ക്കാലിക വിഭ്രമയാത്രകള്‍ അവസാനിപ്പിച്ച് നാം സ്വന്തം ഇടത്തിലേയ്ക്ക് തിരിച്ചെത്തും എന്ന വചനം കഥയില്‍ യാഥാര്‍ത്ഥ്യമാകുന്നതാണ് കാണുന്നത്. ഇത് തീര്‍ത്തും വ്യക്തിയിലേക്കുള്ള ഒരു മടക്കം ആണെന്ന് തോന്നുന്നില്ല. എല്ലാത്തരം വിധേയത്വങ്ങളും അവസാനിപ്പിച്ച് സ്വന്തം വ്യക്തി- വര്‍ഗ-ദേശ യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചെത്തുമ്പോഴാണ് സ്വര്‍ഗ്ഗലബ്ദിയുണ്ടാകുന്നതെന്ന പ്രത്യയശാസ്ത്ര പാഠമാണോ കഥ പഠിപ്പിക്കുന്നത്? നിങ്ങളുടെ ആന്തരികവിസ്മയങ്ങളിലേയ്ക്കും, നാട്ടുഭാഷാചന്തങ്ങളിലേയ്ക്കും, ദേശജീവിത സൗന്ദര്യങ്ങളിലേയ്ക്കും മടങ്ങുക എന്ന എഴുത്താഹ്വാനം ഈ കഥയിലൂടെ കഥാകൃത്ത്‌ നടത്തുന്നുണ്ട്. ആഖ്യാനങ്ങളിലേയ്ക്ക് ആധുനികതയും ഉത്തരാധുനികതയും ഇറക്കുമതി ചെയ്ത മറുനാടന്‍ശീലങ്ങളെ ഉപേക്ഷിക്കുന്നതിനുള്ള മാതൃകയാവണം കഥ എന്ന് എഴുതിത്തെളിയിക്കുകയാണ് നൊറോണ.

mk sreekumar writes on francis noronha's kakkukali,

മാര്‍ക്സിസം പോലുള്ള ബൃഹദാഖ്യാനങ്ങളെ ഈ കഥ പൂര്‍ണ്ണമായി തിരസ്കരിക്കുന്നില്ല.മാര്‍ക്സിസത്തിന്‍റെ നവോത്ഥാനത്തേയും വീണ്ടെടുപ്പിനെയും ആണ് ഈ കഥ സ്വപ്നം കാണുന്നതെന്ന് വ്യക്തം. എന്നാല്‍ അത് ഒരു പഴയ സ്റ്റാലിനിസ്റ്റ് റഷ്യന്‍ മാതൃകയുടെ വീണ്ടെടുപ്പല്ല. ക്രിസ്തീയ സഭയെ കശാപ്പ് ചെയ്യാന്‍ കല്ലിലുരച്ച കത്തി കമ്യൂണിസത്തിനടുത്തെത്തുമ്പോള്‍ കഥാകൃത്ത്‌ ആദരവോടെ താഴെ വെയ്ക്കുന്നുണ്ടെങ്കിലും ചില കുത്തുവാക്കുകള്‍ കഥയില്‍ ഒളിച്ചു വെച്ചിട്ടില്ലേയെന്നു സംശയം തോന്നാം. കമ്യൂണിസത്തെ വിമര്‍ശിക്കാനാഗ്രഹിക്കുന്ന ഇടങ്ങളില്‍ വ്യാഖ്യാനിക്കാനാകാത്ത ഒരു ഇരുട്ട് കഥയില്‍ ഇടം പിടിക്കുന്നുണ്ട്. കമ്യൂണിസത്തിന് ക്രിസ്തീയ സാദൃശ്യം ഉണ്ട് എന്ന് ചോന്നപുണ്യാളന്മാര്‍ തുടങ്ങിയ ചില വാക്കുകളുടെ കൂട്ടിക്കെട്ടിലൂടെ കഥാകൃത്ത് അടക്കംപറയുന്നു. ഒതളങ്ങ തല്ലിപ്പൊട്ടിച്ചു തിന്ന് സഖാവ് വാസുപിള്ള ആത്മഹത്യ ചെയ്തതെന്തിനാണെന്ന് കഥാകൃത്ത് വ്യക്തമാക്കുന്നില്ല. “കൂജയിലെ വെള്ളം കൈക്കുടന്നയില്‍ എടുത്ത് ആനാംവെള്ളം പോലെ തളിച്ചാലും തൂക്കുമ്പോള്‍ ഒരു പൊടിമറ പാര്‍ട്ടിയാപ്പീസിനെ പൊതിയും” എന്ന ഒരു സദൃശ വാക്യത്തില്‍ വിമര്‍ശനത്തെ ഒളിപ്പിച്ച് തടി കഴിച്ചിലാക്കുന്നുണ്ട് ഒരിടത്ത് കഥാകൃത്ത്‌. മറ്റൊരിടത്ത് “ഇതെന്നാടാ കറുമ്പാ കൊംപ്രേരിപ്പെരുന്നാളാ”എന്ന് പാര്‍ട്ടി സമ്മേളനത്തിനും പള്ളിപ്പെരുന്നാളിനും സാഹോദര്യം കല്‍പ്പിച്ച് രണ്ടും ഒന്ന് തന്നെ എന്ന സൂചനയില്‍ കഥാകൃത്ത്‌ കമ്യൂണിസ്റ്റ് വിമര്‍ശനത്തെ ചുരുക്കിക്കെട്ടുന്നു . വെളുത്ത വാസുസഖാവിരിക്കുന്ന കസേര തുടച്ചു വൃത്തിയാക്കുകയാണ് കറുമ്പനായ അപ്പന്‍ സഖാവിന്‍റെ പണി എന്ന ഒരു കറുത്ത പരിഹാസവും വായനക്കാരന് മണക്കാന്‍ പാകത്തില്‍ കഥാകൃത്ത്‌ ഒളിച്ചു വെക്കുന്നില്ലേ? വാസു സഖാവിന്‍റെ പുരയിടത്തിന് പിന്നിലേത് പോലെയുള്ള വലിയ കുളമാണ് മഠത്തിനു പിന്നിലെ കുളമെന്നും അത്രയും മുഴുപ്പുള്ള കുളത്തിലൊക്കെ ദുഷ്ടാത്മക്കളുണ്ടാവുമെന്നാണ് അമ്മ പറയാറുള്ളതെന്നും കൂടി കഥാകൃത്ത്‌ എഴുതുമ്പോള്‍ ഏതോ ഒരു ഭയം വാക്കുകളെ നിയന്ത്രിക്കുന്നത് അവ്യക്തമായി കാണാം .

Read More: കഥാലോചനത്തിൽ ഇ . സന്തോഷ് കുമാറിൻെറ “പരുന്തി”നെ കുറിച്ച് എഴുതിയത് ഇവിടെവായിക്കാം

‘കൊടിപാറണ പാടത്ത് അപ്പന്‍റെ കറുപ്പിനും കൂട്ടുകാരന്‍റെ വെളുപ്പിനുമിടയില്‍ കാറ്റേറ്റു തുള്ളിയ ചോപ്പുനിറത്തിലൊരു ദണ്ണമെനിക്കിപ്പഴും അപ്പനെയോര്‍ക്കുമ്പോള്‍ നെറയും’ എന്നെഴുതുന്നിടത്തു മോരും മുതിരയും പോലെ തമ്മില്‍ ചേരാതെ നില്‍ക്കുന്ന കറുത്തവനും വെളുത്തവനും തമ്മിലുള്ള അടിമ –ഉടമ ബന്ധം കമ്യൂണിസത്തിലുമുണ്ടെന്ന് കഥാകൃത്ത് മുനവെച്ച് പറയാന്‍ ശ്രമിക്കുന്നതായി സംശയിക്കാം. കറുപ്പ് ഒരു അധസ്ഥിത നിറമാണ്.വര്‍ണ്ണാശ്രമത്തിലെ ശൂദ്രനാണ് കറുപ്പ് .അവനു വിധിച്ചിട്ടുള്ളത് എവിടെയും ദാസ്യ വേല മാത്രം .എത്ര അരികു ചേര്‍ത്തു തുന്നാന്‍ ശ്രമിച്ചാലും വെളുപ്പിന്‍റെ അധീശത്വം ഒരടി അകലം പാലിച്ച് അയിത്തം ആചരിക്കുന്നു. കറുത്തവളായ നടാലിയ കന്യാസ്ത്രീമഠത്തിലെത്തുമ്പോള്‍ സിൻഡ്രലയെപ്പോലെ മഠത്തിലെ രണ്ടാനമ്മമാരുടെ ക്രൂരദാസ്യത്തിന് വിധേയയാകുന്നുണ്ട് കഥയില്‍.

mk sreekumar write about kakkukali short story by francis noronha വിലക്കപ്പെട്ട രതിയുടെ മാംസക്കൊതി നടാലിയയെ പച്ചയ്ക്ക് തിന്നാന്‍ ജാലക സമീപം രാത്രിയുടെ മറപറ്റി വന്നു നില്‍ക്കുന്ന രാത്രി ദൃശ്യവും കഥയില്‍ ഉണ്ട്. കഥയുടെ ആരംഭത്തിലൊരിടത്തു ഈ മാംസക്കൊതിയെ കഥാകൃത്ത്‌ പ്രതീകാത്മകമായ ഒരപശകുനമായി വരച്ചു വെയ്ക്കുന്നതിങ്ങനെയാണ് :”കെട്ടിത്തൂക്കിയ വരാലിന്‍റെ മുള്ളും തലേം കാറ്റിലാടി. പച്ചമീന്‍ തിന്നു വയറുനിറഞ്ഞ നരച്ച കാക്കകളുടെ സ്തുതിപ്പുയര്‍ന്നു “ നരച്ച കാക്കളുടെ സ്തുതിപ്പ് എന്ന വിശേഷണത്തില്‍ സ്തുതിപ്പ് എന്ന പദം, നരച്ച കാക്കകള്‍ എന്ന പദസംയോജനം കന്യാസ്ത്രീകളുടെ ചിത്രസൂചനയാണ് ധ്വനിപ്പിക്കുന്നത്. ചതുരംഗപ്പലകയിലെ കളങ്ങള്‍ പോലെ വേര്‍പിരിഞ്ഞു നില്‍ക്കുന്ന കറുപ്പും വെളുപ്പും കഥയില്‍ ഒരു ആശയ പ്രതീകമായി തുടരുന്നുണ്ട്.

ദസ്തയെവ്സ്കിയുടെ ഉദ്ധരണിയിലൂടെ കഥാകൃത്ത്‌ ചൂണ്ടിക്കാട്ടുന്ന മാതൃക എന്തായിരിക്കാം? തന്‍റെ വിഖ്യാത കൃതിയായ കാരമസോവ്‌ സഹോദരന്മാരില്‍ ദസ്തെയെവ്സ്കി ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും നമ്മുടെ മുന്നിലുണ്ട്. മറ്റെന്നെത്താക്കളുമധികം അവയിന്ന് പ്രസക്തമാണെന്നു തോന്നുന്നു. ക്രൈസ്തവ മത മൂല്യങ്ങളുടെ വിമര്‍ശനത്തോടൊപ്പം ക്രിസ്തുവിന്‍റെ ക്ഷമയുടേയും കരുണയുടെയും സ്വാംശീകരണം കൂടി ഉള്‍ച്ചേരുന്ന ഒരു കമ്യൂണിസ്റ്റ് നവ മാതൃകയാവണമിതെന്ന് എനിക്കു തോന്നുന്നു. മത മൂല്യങ്ങളെ പൂര്‍ണ്ണമായി തിരസ്ക്കരിച്ചു കൊണ്ട് കമ്യൂണിസത്തിന് ഒരു വീണ്ടെടുപ്പ് സാധ്യമാകുകയില്ല. മത മൂല്യങ്ങളെ ഒരു പുതിയ കാഴ്ചപ്പാടിലൂടെ കാണാന്‍ വര്‍ത്തമാനകാലം കമ്യൂണിസ്റ്റുകാരോടാവശ്യപ്പെടുന്നുമുണ്ട്.ബൃഹദാഖ്യാനങ്ങളുടെ പൂര്‍ണ്ണമായ തകര്‍ച്ചയെ സ്വപ്നം കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ നവമുതലാളിത്തത്തിന്‍റെ അപ്പോസ്തലന്മാരാണ്. ആഗോളമുതലാളിത്തത്തിന്‍റെ ദാസ്യപദവിയില്‍ നിന്ന് സാധാരണക്കാരന് മോചനം ലഭിക്കണമെങ്കില്‍ ഒരു നവീകരണവും വീണ്ടെടുപ്പും കമ്യൂണിസം സാധ്യമാക്കേണ്ടതുണ്ട്.

സാഹിത്യത്തിലെ പ്രഭുഭാഷയുടെ അധീശത്വം ഉപരിവര്‍ഗ്ഗ താല്പര്യത്തിന്‍റെ പ്രതിഫലനമാണെന്ന തിരിച്ചറിവാണ് ഗ്രാമ്യ ഭാഷയുടെ വീണ്ടെടുപ്പിന് കഥാകൃത്തിനെ പ്രേരിപ്പിക്കുന്നത് .ഭാഷയുടെ തെരഞ്ഞെടുപ്പില്‍ കഥാകൃത്ത്‌ തന്‍റെ വര്‍ഗതാല്പര്യം പ്രകടമാക്കുകയാണ്.പുറമ്പോക്കുകളിലേയ്ക്ക് അതിര്‍ത്തി കടത്തിയ ജീവിതങ്ങളെ വിസ്മൃതപദങ്ങളുടെ വീണ്ടെടുപ്പിലൂടെ മുഖ്യധാരാ സാഹിത്യത്തിലേയ്ക്ക് പുനരാനയിക്കുന്നു കഥാകൃത്ത്‌ .

കഥയിലെ ആഖ്യാതാവ് ഞാന്‍ ആണ് .ഇവിടെയും ആഖ്യതാവുമായുള്ള താദാത്മ്യത്തിലൂടെ കഥാകൃത്ത്‌ തന്‍റെ വര്‍ഗ പക്ഷപാതിത്വം ആണ് വെളിപ്പെടുത്തുന്നത് . രണ്ട് പ്രമുഖ അന്താരാഷ്ട്ര ടീമുകളെ കഥയുടെ കളിക്കളത്തിലിറക്കി കളിക്കുന്നു കഥാകൃത്ത്‌. കമ്യൂണിസവും ക്രിസ്തീയവിശ്വാസവുമാണ് ഏറ്റുമുട്ടുന്നത് .കളി നിയന്ത്രിക്കുന്നവന്‍റെ നിഷ്പക്ഷവേഷമണിഞ്ഞ് , ഒരേ സമയം ഇരയുടെയും വേട്ടക്കാരന്റെയും ഒപ്പം ഓടാന്‍ താനില്ല എന്നു തന്നെയാണ് കഥാകൃത്ത്‌ പറയുന്നത് .ജീവിത ദൈന്യതയുടെ മുള്ളുകള്‍ ചീകിക്കളഞ്ഞ കൈതോല കൊണ്ട് പ്രത്യാശയുടെ മണവാട്ടിപ്പായകള്‍ നെയ്യുകയാണ് ഒരമ്മ. ആ അമ്മയുടെ മകളാണ് കഥയിലെ കേന്ദ്ര കഥാപാത്രമായ നടാലിയ. അവളുടെ പേരിനു പഴയ സോവിയറ്റ് യൂണിയനോളം വേരുകളുണ്ട് .കമ്യൂണിസ്റ്റുകാരനായിരുന്ന അപ്പന്‍റെ കുഴി മാടത്തില്‍ നട്ട ഒരു ഓര്‍മ്മച്ചെടിപ്പോലെ അത് പ്രതികൂലാവസ്ഥകളെ വളമാക്കിക്കൊണ്ട് കരുത്താര്‍ജിച്ചു വളരുകയാണ് കഥയില്‍ .അപ്പന്‍റെയും സഖാവ് വാസുപിള്ളയുടെയും മരണം ആരൂല്ല എന്ന പ്രത്യയ ശാസ്ത്രപരമായ ഒരനാഥത്വത്തിലേക്ക് നടാലിയെയും അമ്മയെയും എത്തിക്കുന്നുണ്ട്.

Read More: ലാസർ ഷൈൻ എഴുതിയ ഡ്രൈവിങ് സ്കൂളിനെ കുറിച്ചുളള കഥാലോചനം ഇവിടെ വായിക്കാം

അമ്മ നെയ്യുന്ന മണവാട്ടിപ്പായ മകള്‍ക്ക് അന്യമാകുന്നതാണ് കഥയിലെ വൈരുദ്ധ്യമായി തീരുന്നത്. അവള്‍ ക്രിസ്തുവിന്‍റെ തിരുമണവാട്ടിയാകാന്‍ നിര്‍ബന്ധിതയാകുന്നു. ഇതിനിടയില്‍ അമ്മയുടെ ഭര്‍തൃപദവിയുടെ ഒഴിവിലേക്ക് പണം പലിശക്കു നല്‍കി സഹായിക്കുന്ന ഒരാള്‍ കടന്നു വരുന്നു .ഇയാള്‍ക്ക് മൈക്രോ ഫിനാന്‍സുകാരനായ ജാതിരാഷ്ട്രീയക്കാരന്‍റെ മുഖച്ഛായ തോന്നുന്നത് യാദൃച്ചികമായിരിക്കാം.ഇയാള്‍ തന്നെയാണ് തെങ്ങിന്‍റെ മുകളിലിരുന്നു നത്തു നോട്ടമയച്ചിരുന്ന ചെത്തുകാരന്‍. എന്തായാലും കമ്യൂണിസ്റ്റുകാരനായിരുന്ന അപ്പനും ചങ്ങാതിയായിരുന്ന സഖാവ് വാസുപിള്ളയും മരിച്ച ഒഴിവിടത്തിലാണ് ഇവരെല്ലാം കയറി നിരങ്ങുന്നത് .കഥ തൊഴിലാളിവര്‍ഗ്ഗ പ്രത്യയശാസ്ത്ര വീണ്ടെടുപ്പിന്‍റെ രാഷ്ട്രീയ ധ്വനിയായി മാറുന്നു .ഇത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു നമുക്കും ബോധ്യപ്പെടും.

ഇനി നമുക്ക് കക്കുകളി എന്ന കഥയിലെ കളി എന്ന വാക്കിലൂടെ വഴി നടക്കാം.കഥയിലെ എല്ലാ വാക്കുകളും അതിന്‍റെ ആന്തരിക സഞ്ചാരപഥങ്ങളാണ്. കഥയിലെ വിസ്താരഭയം കഥാകൃത്തിനെ വാക്കുകളുടെയും പ്രതീകങ്ങളുടെയും ധ്വനിശേഷിയിലേക്ക് ചുരുങ്ങി നില്‍ക്കാന്‍ നിര്‍ബന്ധിതനാക്കുന്നു .വാക്കുകള്‍ ഒതുങ്ങിക്കളിക്കുന്ന ഒരു കളിക്കളമാണ് കഥ. ഓരോ വാചകങ്ങളും കഥയുടെ ഗതിയും വിധിയും നിര്‍ണ്ണയിക്കുന്ന ലക്ഷ്യബോധമുള്ള പാസ്സുകളായിത്തീരുന്നു .വാക്കുകളുടെയും പ്രതീകങ്ങളുടെയും ഒത്തൊരുമ നിറഞ്ഞ മുന്നേറ്റത്തിലൂടെ മാത്രമേ കഥാകൃത്തിനു പൂര്‍ണ്ണതയിലെത്തി ലക്ഷ്യവല ചലിപ്പിക്കാന്‍ കഴിയുകയുള്ളൂ .കളിക്കളം പോലെ കഥയും എഴുത്തുകാരനെ നിയന്ത്രിക്കുന്ന പരിമിതിയാണെന്ന് സാരം. കഥയുടെ ശീര്‍ഷകം പോലും സദാജാഗരൂകനായ ഗോളിയെപ്പോലെ കഥയില്‍ ഉണര്‍ന്നിരിക്കുന്നു.

francis noronha ,writer,malayalam,

 

സാധാരണക്കാരന്‍റെ കാര്യമാത്ര പ്രസക്തമായ കൃത്യനിര്‍വഹണ സമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് അതേ ജീവിതാവസ്ഥയോട് ഒരെഴുത്തുകാരനുള്ള ആനന്ദദായകമായ കളിമട്ടിലുള്ള(Playfulness) രചനാസമീപനം. ഒരു ദുരന്തമുഹൂര്‍ത്തത്തെപ്പോലും ആനന്ദദായക വസ്തുവായി പരിവര്‍ത്തിപ്പിക്കാനുള്ള ശേഷിയാണ് കലയ്ക്കും സാഹിത്യത്തിനുമുള്ളത്. കഥയുടേയും കളിയുടേയും പ്രാഥമിക ധര്‍മ്മം ആനന്ദത്തിലൂടെ ജീവിതപാഠങ്ങള്‍ നല്‍കുക എന്നതാണ് .ശൈശവ,ബാല്യ,കൗമാര,യൗവനങ്ങളിലെ കളികളിലൂടെ മുതിര്‍ന്നെത്തുന്ന ഒരാള്‍ സാമൂഹിക നിയമങ്ങളുടെ പ്രതികൂല സാഹചര്യങ്ങളോട് കളിമട്ടില്‍ പൊരുതി മുന്നേറാനുള്ള വഴക്കവും നിര്‍വഹണ ശേഷിയും നേടിയിരിക്കും. പങ്കാളിത്ത ജീവിതത്തിന്‍റെ സഹിഷ്ണുതയും, സേവനസന്നദ്ധതയും, അപരത്വത്തെ മനസ്സിലാക്കാനുള്ള കഴിവും ഒരാള്‍ നേടിയെടുക്കുന്നത് ബാല്യകാലകേളികളുടെ പരിശീലനങ്ങളില്‍ കൂടിയാണ്. ഒരാളെ നിയമവഴക്കം ആദ്യമായി പഠിപ്പിക്കുന്നതും കളികളാണ് .കളിതമാശകള്‍ ചിരിച്ചു തള്ളാനുള്ളതല്ല എന്നാണിതിനര്‍ത്ഥം. കളിയില്‍ നിന്ന് കാര്യത്തിലേയ്ക്ക് എന്നതാണ് ജീവിതത്തിന്‍റെ വികാസപരിണാമം .കളികള്‍ ഒരാള്‍ക്ക്‌ ലക്ഷ്യബോധത്തിന്‍റെ വിജയ പ്രതീക്ഷയും, ആത്മവിശ്വാസവും പ്രദാനം ചെയ്യും. ജീവിതപരാജയങ്ങളെ തലകുനിയാതെ, നെഞ്ചു വിരിച്ച് പുഞ്ചിരിയോടെ നേരിടാന്‍ കളികള്‍ നമ്മെ സഹായിക്കുന്നു. കായിക കേളികള്‍ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം നല്‍കുമ്പോള്‍ മാനസിക കേളികള്‍ ഉയര്‍ന്നസര്‍ഗ്ഗശേഷിയിലേക്ക് കൂടിയാണ് മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്നത് . സാഹിത്യം മാനസിക കേളികളാണ്.

ഭൂമിയിലെ ഏറ്റവും ആനന്ദദായകമായ കേളി രതിയാണ്. രതിയുടെ വിലക്കുകളുള്ളിടത്തു ശരീരം തിന്നാന്‍ പറ്റാത്ത ചാവുകനിയായി ഇരുണ്ടു തൂങ്ങി നില്‍ക്കുമെന്ന് പ്രതീകാത്മകമായി സൂചിപ്പിക്കുന്ന ഒരു രംഗമുണ്ട് കഥയില്‍. കൈതയുടെ മുലമുഴുപ്പുള്ള കായയില്‍ തൊട്ട് ഇത് തിന്നുവാന്‍ പറ്റുമോ എന്ന് കൊച്ചുസിസ്റ്റര്‍ നടാലിയയോടു ചോദിക്കുന്ന കഥാസന്ദര്‍ഭത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത് .പൂക്കുമ്പ മണമുണ്ടേലും കായ്ക്കുമ്പ തിന്നാന്‍ പറ്റാതാകുന്നവയാണ് കന്യാസ്ത്രീ മഠങ്ങളിലെത്തുന്ന സ്ത്രീ ശരീരങ്ങള്‍ എന്ന് ധ്വനിപ്പിക്കുന്ന അടിച്ചമര്‍ത്തപ്പെട്ട ആസക്തി തിളങ്ങുന്ന വരികള്‍ നോക്കൂ :”പെരുവിരലില്‍ പൊങ്ങി നിന്ന കൊച്ചു സിസ്റ്റര്‍ തൊട്ട കനിയുടെ ഇരുണ്ട മുഖത്ത് അവരുടെ നീണ്ട വിരലുകളുടെ കൊതിപ്പിക്കുന്ന വെളുപ്പ്‌.”

ബാല്യവും,കൗമാരവും,യൗവനവും അധികോര്‍ജ്ജത്തിന്‍റെ സംഭരണികളാണ്. സര്‍ഗാത്മകമായി ചെലവഴിക്കപ്പെടാത്ത അധികോര്‍ജ്ജം വ്യക്തിക്കും സമൂഹത്തിനും വിനാശകരമാകാവുന്ന തെമ്മാടിപ്രവൃത്തികളിലേയ്ക്ക് കുട്ടികളെ നയിക്കും .കളികളും കലകളും കുട്ടികളില്‍ സംഭരിക്കപ്പെടുന്ന അധികോര്‍ജ്ജത്തെ ആനന്ദകരമായ ശാരീരിക-മാനസിക പ്രവര്‍ത്തനങ്ങളിലേക്ക് സര്‍ഗാത്മകമായി പരിവര്‍ത്തിപ്പിക്കാന്‍ സഹായകമാണ് .അത് കൊണ്ട് തന്നെ കളികളുടെയും,സാഹിത്യ കലാപ്രവര്‍ത്തനങ്ങളുടെയും പ്രസക്തി മാതാപിതാക്കളും, ഭരണകര്‍ത്താക്കളും, ഗുരുക്കന്മാരും, കുട്ടികളും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സാഹിത്യം കുട്ടികളുടെ ജീവിതത്തില്‍ സമയനഷ്ടം ഉണ്ടാക്കുന്ന അനാവശ്യമാണെന്ന തോന്നല്‍ ഇന്ന് വളരെയധികം ബലപ്പെട്ടിട്ടുണ്ട് .സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഇത് സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എത്ര വലുതാണെന്ന് ഈ വൈകിയ വേളയിലെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിച്ച കസുവോ ഇഷിഗുരോയുടെ ‘Never let me go’ എന്ന നോവല്‍ ശീര്‍ഷകം പോലെ എന്നെ ഒരിക്കലും പോകാന്‍ അനുവദിക്കല്ലേയെന്ന് സാഹിത്യം പുതിയ തലമുറയോടു കേഴുകയാണ്. ആരും ഇതു കേള്‍ക്കുന്നില്ലല്ലോ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് കഥയിലെ നടാലിയ എന്ന പെണ്‍കുട്ടി അകപ്പെട്ടു പോയ കുരുക്കില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നത് കളിയുടെ പ്രതിരോധശേഷിയിലൂടെയാണ്. കബഡി കബഡി എന്ന വായ്ത്താരിയിലൂടെ പ്രതികൂല സാഹചര്യങ്ങളെ വെട്ടിച്ചു മുന്നേറാനും അവയെ കീഴ്പ്പെടുത്താനും കളിയോളം നല്ല അംഗസംരക്ഷകന്‍ വേറെയില്ല എന്ന് നടാലിയയുടെ അനുഭവം വര്‍ത്തമാന കാലത്തോടു സാക്ഷ്യം പറയുന്നു. കഥയും ഒരു കളിയാണെന്ന് കക്കുകളി എന്ന കഥയിലൂടെ ഫ്രാന്‍സിസ് നൊറോണ നമ്മോടു പറയുകയാണ് .അതിനാല്‍ ഇനി നമുക്ക് കഥയുടെ ഭഗ്നഭവനങ്ങളിലേയ്ക്ക് മടങ്ങാം .

കദനത്തെ ജയിക്കുന്ന മികച്ച കഥനമാണ് ‘കക്കുകളി.’ കഥ പറയുമ്പോള്‍ സംഭവിക്കുന്നതെന്തെന്ന് ‘കഥനം’ എന്ന കവിതയില്‍ കെ.ജി.എസ് ഇങ്ങനെ എഴുതുന്നു:

കഥകൊണ്ട് നാമാടി പല ജന്മമൊന്നില്‍

കഥകൊണ്ട് കാലമോ നക്ഷത്രകോടി.

കഥ കൊണ്ട് നാം നെയ്തു സ്വര്‍ഗനരകങ്ങള്‍

പല ലോകവിസ്തൃതികളു-

മോരേ വസുധയില്‍.

പ്രിയകഥകളി-

ല്ലിന്നു പറയുവാന്‍,നമ്മില്‍നി-

ന്നകലുന്നു കുട്ടികള്‍

അകലുന്നു പൂവികര്‍

അകലുന്നു നമ്മളും,നമ്മില്‍നി-

ന്നകലുന്നു മണ്ണിലെ മര്‍ത്യസത്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ